ഒച്ച—അതു സംബന്ധിച്ചു നിങ്ങൾക്കു ചെയ്യാവുന്നത്
പകലത്തെ അധ്വാനത്തിനു ശേഷം നിങ്ങൾ ഗാഢനിദ്രയിലാണ്. പെട്ടെന്ന് അയലത്തെ പട്ടികളുടെ കുര കേട്ട് നിങ്ങൾ ഞെട്ടിയുണരുന്നു. സ്വൈരംകെടുത്തുന്ന ആ ശബ്ദം ഉടനെ നിലയ്ക്കുമെന്ന പ്രതീക്ഷയോടെ നിങ്ങൾ കിടക്കയിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുന്നു. എന്നാൽ അത് നിലയ്ക്കുന്ന ലക്ഷണമില്ല. പട്ടികൾ കുരയോടു കുരയാണ്. ഉറങ്ങാൻ പറ്റാത്തതിൽ ദേഷ്യവും നിരാശയും തോന്നി ഉണർന്നുകിടക്കുന്ന നിങ്ങൾ, അയൽക്കാർ ഈ കോലാഹലം എങ്ങനെ സഹിക്കുന്നുവെന്ന് അതിശയിക്കുന്നു.
ഒച്ചപ്പാടു സഹിക്കുന്ന കാര്യത്തിൽ ആളുകൾ വളരെ വ്യത്യസ്തരാണ്. വിമാനങ്ങളുടെ ഒച്ച, റൺവേക്കടുത്തു താമസിക്കുന്ന വിമാനത്താവള ജോലിക്കാർക്ക് വിമാനങ്ങളുമായി ബന്ധമില്ലാത്ത ജോലിയിലേർപ്പെട്ടിരിക്കുന്നവരെക്കാൾ വളരെ കുറച്ചേ ശല്യമുണ്ടാക്കുന്നുള്ളൂ. ഒരു മിക്സി ഉപയോഗിക്കുന്ന വീട്ടമ്മ, അടുത്ത മുറിയിലിരുന്ന് പുസ്തകം വായിക്കാനോ ടിവി കാണാനോ ശ്രമിക്കുന്ന ആളെക്കാളും വളരെ നന്നായി അതിന്റെ ഒച്ച സഹിക്കുന്നു.
എന്താണ് ശബ്ദമലിനീകരണം?
ശബ്ദമലിനീകരണത്തെ പല രാജ്യങ്ങളും പല വിധത്തിലാണു നിർവചിക്കുന്നത്. “ആളുകൾക്ക് ശല്യമോ ഹാനികരമോ ആയ ഏത് അനിഷ്ട ശബ്ദവും” മെക്സിക്കോയിൽ ഒച്ചപ്പാടാണ്. ശബ്ദം “ഏതൊരു വ്യക്തിയുടെയും സമാധാനത്തെയും സ്വസ്ഥതയെയും സൗകര്യത്തെയും അന്യായമായി ഭഞ്ജിക്കുന്ന തരത്തിലുള്ളതാ”കുമ്പോൾ ന്യൂസിലൻഡുകാർ അതിനെ അമിതമായി കണക്കാക്കുന്നു.
ശബ്ദത്തിന്റെ അളക്കലുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്ന പ്രശസ്തരായ രണ്ടു ശാസ്ത്രജ്ഞന്മാരാണ് ടെലഫോണിന്റെ ഉപജ്ഞാതാവായ അലക്സാണ്ടർ ഗ്രഹാം ബെലും ജർമൻ ഭൗതികജ്ഞനായ ഹൈന്റിച്ച് ഹെർട്ട്സും. ആപേക്ഷിക ഉച്ചത അളക്കുന്നതിന് ബെൽ അഥവാ കൂടുതൽ സാധാരണമായി ഡെസിബെൽ (ഒരു ബെലിന്റെ പത്തിലൊന്ന്) എന്ന ഏകകമാണ് ഉപയോഗിക്കുന്നത്. അതേസമയം, ശബ്ദത്തിന്റെ സ്ഥായി അഥവാ ആവൃത്തി അളക്കുന്നത് ഹെർട്ട്സിലാണ്. ഒച്ചയുടെ അളവിനെക്കുറിച്ചു പറയുമ്പോൾ റിപ്പോർട്ടുകൾ സാധാരണമായി പരാമർശിക്കുന്നത് ശബ്ദത്തിന്റെ ഡെസിബെൽ നിലയെക്കുറിച്ചാണ്.a
എന്നാൽ ഒരു ശബ്ദം എത്രമാത്രം അസ്വാസ്ഥ്യം ജനിപ്പിക്കുന്നുണ്ടെന്ന് ആരാണ് നിർണയിക്കുക? അതു ശ്രോതാവായ നിങ്ങൾതന്നെയാണ്! “ഉപദ്രവകരമായ ശബ്ദം ഏതെന്ന് നിർണയിക്കുന്നതിന് ഏറ്റവും പറ്റിയ ഉപകരണം മനുഷ്യന്റെ ചെവിയാണ്” എന്ന് ലണ്ടനിലെ ദി ഇൻഡിപെൻഡൻറ് അഭിപ്രായപ്പെടുന്നു.
ഒച്ചയുടെ ഫലങ്ങൾ
ഒച്ച “നിർണയിക്കുന്നതിന് ഏറ്റവും പറ്റിയ ഉപകരണം” ചെവിയായതുകൊണ്ട് അതുമൂലം ഹാനിതട്ടാൻ ഏറ്റവും സാധ്യതയുള്ളതും ആ അവയവത്തിനാണ് എന്നതു സ്പഷ്ടമാണ്. നിങ്ങളുടെ ആന്തരകർണത്തിലെ സംവേദനക്ഷമതയുള്ള നാഡീ കോശങ്ങൾക്കുണ്ടാകുന്ന ക്ഷതം സ്ഥിരമായ കേൾവിനഷ്ടത്തിന് ഇടയാക്കുന്നു. ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള ആളുകളുടെ പ്രതികരണം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതു സത്യംതന്നെ. എന്നാൽ 80-90 ഡെസിബെലിനു മുകളിലുള്ള ശബ്ദങ്ങൾ ആവർത്തിച്ചു കേൾക്കുന്നത് കേൾവി ക്രമേണ നഷ്ടപ്പെടുന്നതിനിടയാക്കിയേക്കാം. വാസ്തവത്തിൽ, ഒച്ചയുടെ അളവ് കൂടുന്നതനുസരിച്ച് കേൾവിത്തകരാറ് ഉണ്ടാകാതെ പ്രസ്തുത ചുറ്റുപാടിൽ ദിവസേന ചെലവഴിക്കാൻ കഴിയുന്ന സമയത്തിന്റെ അളവ് കുറഞ്ഞിരിക്കും.
ഫ്രാൻസിൽ വിൽക്കപ്പെടുന്ന പല പേഴ്സണൽ സ്റ്റീരിയോകൾക്കും പരമാവധി 113 ഡെസിബെൽ ശബ്ദം പുറപ്പെടുവിക്കാൻ കഴിയുമെന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. “പേഴ്സണൽ കോംപാക്റ്റ് ഡിസ്ക് പ്ലെയറുകളിൽ പൂർണ തീവ്രതയിൽ ഒരു മണിക്കൂർ നീണ്ടുനിന്ന റോക്ക് സംഗീതം മിക്ക സമയങ്ങളിലും 100 ഡെസിബെൽ കവിഞ്ഞെന്നും ഏതാണ്ട് 127 ഡെസിബെൽവരെ എത്തിച്ചേർന്നെന്നും” ഒരു പഠനത്തെക്കുറിച്ചു ഉദ്ധരിച്ചുകൊണ്ട് അത് അഭിപ്രായപ്പെട്ടു. സംഗീതക്കച്ചേരികളിൽനിന്നുയരുന്ന ഒച്ച ഇതിലും ഗുരുതരമായ ഫലം ഉളവാക്കുന്നു. അറിയാതെതന്നെ ആളുകൾ ഉച്ചഭാഷിണി അടുക്കിവെച്ചിരിക്കുന്നതിനു സമീപം തിങ്ങിക്കൂടുന്നതായി ഒരു അന്വേഷകൻ കണ്ടെത്തി. “എന്റെ കാഴ്ച മങ്ങുകയും ശരീരത്തിലെ ദരങ്ങൾ (body cavities) ഗംഭീര താളമടികൾക്കനുസരിച്ച് പ്രകമ്പനം കൊള്ളുകയും ഒച്ച എന്റെ കാതുകളെ വേദനിപ്പിക്കുകയും ചെയ്തു,” അദ്ദേഹം വിവരിക്കുന്നു.
ഒച്ചയ്ക്ക് നിങ്ങളുടെമേൽ എന്തു ഫലങ്ങൾ ഉളവാക്കാൻ കഴിയും? ഒരു ആധികാരിക ഗ്രന്ഥം ഇങ്ങനെ പ്രസ്താവിക്കുന്നു: “മിതമായ അളവിലുള്ളതുമുതൽ ഉയർന്ന അളവിലുള്ളതുവരെയുള്ള ഒച്ചകൾ തുടർച്ചയായി കേൾക്കുന്നത് സമ്മർദവും ക്ഷീണവും അസ്വസ്ഥതയുമുളവാക്കുന്നു.” “ഒച്ച ജീവിതത്തിൽനിന്ന് സന്തോഷം എടുത്തുകളയുന്നുവെന്നു മാത്രമല്ല, അതിന് ഒരു മനുഷ്യനെ ശാരീരികവും വൈകാരികവുമായി തളർത്താനും കഴിയു”മെന്ന് ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഗിസനിലെ പ്രൊഫസർ ജേറാൾറ്റ് ഫ്ളൈഷർ പറയുന്നു. സമ്മർദപൂരിതമായ മറ്റ് അവസ്ഥകളോടൊപ്പം ഒച്ചയും കൂടെയാകുമ്പോൾ അത് വിഷാദത്തിനും ശാരീരിക രോഗങ്ങൾക്കും ഇടയാക്കുന്നു.
ഒച്ച ദീർഘനാൾ കേട്ടുകൊണ്ടിരിക്കുന്നത് നിങ്ങളുടെ വ്യക്തിത്വത്തെയും ബാധിക്കും. ബ്രിട്ടീഷ് ഗവൺമെൻറ് ഗവേഷകർ ശബ്ദമലിനീകരണത്തിന്റെ ഇരകളോട് അതിന് ഉത്തരവാദികളായവരെക്കുറിച്ച് എന്തു തോന്നുന്നുവെന്നു ചോദിച്ചപ്പോൾ തങ്ങൾക്ക് വിദ്വേഷവും പ്രതികാരവാഞ്ഛയും അനുഭവപ്പെടുന്നുവെന്നും അവരെ കൊല്ലാൻപോലും തോന്നാറുണ്ടെന്നും അവർ പറയുകയുണ്ടായി. നേരേമറിച്ച്, തുടരെത്തുടരെ പരാതികൾക്ക് ഇരയാകുമ്പോൾ ഒച്ചപ്പാടുണ്ടാക്കുന്നവർ പലപ്പോഴും അക്രമാസക്തരായിത്തീരാറുണ്ട്. “ഒച്ച ആളുകളുടെ പരോപകാരശീലം കുറച്ചുകളയുകയും അവരിൽ അക്രമവാസനയും ശത്രുതയും ജനിപ്പിക്കുകയും ചെയ്യുന്നു”വെന്ന് ഒരു ശബ്ദമലിനീകരണവിരുദ്ധ പ്രചാരകൻ അവകാശപ്പെടുന്നു.
ശബ്ദമലിനീകരണത്തിന്റെ ദൂഷ്യഫലം അനുഭവിച്ചിട്ടുള്ള മിക്കവരും അസ്വസ്ഥതകളോടുള്ള തങ്ങളുടെ പ്രതിരോധശേഷി ക്രമേണ കുറഞ്ഞുവരുന്നതായി തിരിച്ചറിയുന്നു. എപ്പോഴും ഉച്ചത്തിൽ പാട്ടു വെക്കുന്ന അയൽക്കാരുള്ള ഒരു സ്ത്രീയുടെ വീക്ഷണംതന്നെയാണ് അവർക്കുമുള്ളത്: “ആഗ്രഹിക്കാത്ത ഒരു കാര്യം കേൾക്കാൻ ഒരുവൻ നിർബന്ധിതനാകുമ്പോൾ അത് അയാളുടെ ശരീരത്തിന് ഹാനിവരുത്തുന്നു. . . . ഒച്ചപ്പാട് നിലച്ചാലും അതു വീണ്ടും തുടങ്ങുമെന്നു ഞങ്ങൾക്കറിയാമായിരുന്നു.”
അപ്പോൾ ശബ്ദമലിനീകരണത്തെ കൈകാര്യം ചെയ്യാൻ മാർഗമൊന്നുമില്ലേ?
നിങ്ങൾക്കു ചെയ്യാവുന്നത്
ഒച്ച സർവവ്യാപിയായതുകൊണ്ട് തങ്ങൾ മറ്റുള്ളവർക്ക് എപ്പോഴാണ് ശല്യം ഉണ്ടാക്കുന്നതെന്ന് പലരും മനസ്സിലാക്കുന്നേയില്ല. അത് അറിയുന്നപക്ഷം അവരിൽ ചിലരെങ്കിലും ഉപദ്രവകരമായ പ്രവർത്തനം നിർത്തുമെന്നതിനു സംശയമില്ല. അതുകൊണ്ടാണ് ഒച്ചപ്പാടുണ്ടാക്കുന്ന ഒരു അയൽക്കാരനോടുള്ള സൗഹൃദ സമീപനം പ്രായോഗികമാണെന്നു പറയുന്നത്. ഒരു വ്യക്തി, താൻ ഒച്ചപ്പാടുണ്ടാക്കുന്നെന്നു പറഞ്ഞ് അയൽക്കാർ തനിക്കെതിരെ ഔദ്യോഗിക പരാതിനൽകിയപ്പോൾ കോപിഷ്ഠനായിത്തീർന്നു. അദ്ദേഹം പറഞ്ഞു: “ഒച്ച പ്രശ്നമാകുന്നുണ്ടെങ്കിൽ അവർ എന്നോടു നേരിട്ടു വന്നു പറയുമെന്നാണ് ഞാൻ വിചാരിച്ചത്.” ഒച്ചപ്പാടു സംബന്ധിച്ച പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഉദ്യോഗസ്ഥൻ വന്നപ്പോൾ കുറെ കൊച്ചുകുട്ടികൾക്കുവേണ്ടി ഒരു പാർട്ടി സംഘടിപ്പിച്ച ഒരു മാതാവ് അത്ഭുതം പ്രകടിപ്പിച്ചു. “പരാതി കൊടുത്ത ആളുകൾ എന്റെ വാതിലിൽ മുട്ടി തങ്ങൾക്കിഷ്ടമില്ലെന്ന കാര്യം എന്നോടൊന്നു പറഞ്ഞിരുന്നെങ്കിലെന്നു ഞാൻ ആശിക്കുന്നു,” അവർ പ്രസ്താവിച്ചു. ഗാർഹിക ഒച്ചപ്പാടിനെക്കുറിച്ച് പരാതിപ്പെടുന്ന 80 ശതമാനം പേരും ഒച്ച കുറയ്ക്കാമോയെന്ന് അയൽക്കാരോട് ഒരിക്കലും ചോദിക്കാഞ്ഞതായി കണ്ടെത്തിയപ്പോൾ ഒരു ബ്രിട്ടീഷ് പാരിസ്ഥിതിക ആരോഗ്യ ഓഫീസർ അത്ഭുതപ്പെട്ടതിൽ അപ്പോൾ അതിശയിക്കാനില്ല.
ഒച്ചപ്പാടുണ്ടാക്കുന്ന അയൽക്കാരോടു സംസാരിക്കാനുള്ള ആളുകളുടെ മടി പരസ്പര ബഹുമാനത്തിന്റെ അഭാവത്തെയാണു സൂചിപ്പിക്കുന്നത്. ‘എനിക്ക് പാട്ടുവെക്കണമെന്നു തോന്നുമ്പോൾ ഞാൻ വെക്കും. അതിനുള്ള അവകാശം എനിക്കുണ്ട്!’ അവർ പ്രതീക്ഷിക്കുന്നതും പലപ്പോഴും അവർക്കു കിട്ടുന്നതും ഈ പ്രതികരണമാണ്. ശബ്ദം കുറയ്ക്കാമോയെന്ന് ദയാപൂർവം ചോദിച്ചാൽ പരാതിപ്പെട്ടത് മര്യാദയായില്ലെന്നു പറഞ്ഞ്, ഒച്ചപ്പാടുണ്ടാക്കുന്ന അയൽക്കാർ പ്രശ്നമുണ്ടാക്കിയേക്കാമെന്ന് അവർ ഭയപ്പെടുന്നു. ഇത് ഏതൽക്കാല സമൂഹത്തിന്റെ എന്തൊരു സങ്കടകരമായ പ്രതിഫലനമാണ്! ഈ “ദുർഘടസമയങ്ങ”ളിൽ ആളുകൾ പൊതുവേ ‘സ്വസ്നേഹികളും അഹങ്കാരികളും ഉഗ്രന്മാരും ധാർഷ്ട്യക്കാരും’ ആയിരിക്കുമെന്നുള്ള ബൈബിളിന്റെ പ്രസ്താവനയോട് ഇത് എത്ര സമാനമാണ്!—2 തിമൊഥെയൊസ് 3:1-4.
ഒച്ചപ്പാടിന് ഇരയാകുന്നവരുടെ സമീപനവും ഒരു പ്രധാന പങ്കു വഹിക്കുന്നു. ഒച്ചപ്പാടുണ്ടാക്കിയ ആളെ വിഷമിപ്പിച്ച, ക്രോധാവേശത്തോടെയുള്ള ഒരു പരാതിക്കു ശേഷമുള്ള പിരിമുറുക്കം നിറഞ്ഞ സാഹചര്യത്തെ അയവുള്ളതാക്കുന്നതിനായി വുമൻസ് വീക്ക്ലി മാഗസിൻ പിൻവരുന്ന മാർഗം നിർദേശിക്കുന്നു: “‘ദേഷ്യപ്പെട്ടതിന് ഞാൻ ക്ഷമ ചോദിക്കുന്നു. എങ്കിലും ഉറങ്ങാൻ കഴിയാതെ വരുമ്പോൾ എനിക്കു വല്ലാത്ത ക്ഷീണം തോന്നുന്നു’ എന്ന് ഊഷ്മളവും സഹാനുഭൂതി നിറഞ്ഞതുമായ വിധത്തിൽ പറയാൻ കഴിയും. ഒരുപക്ഷേ [എതിർപ്പുള്ള അയൽക്കാരുമായി] അനുരഞ്ജനത്തിലെത്താൻ അതു മാത്രം മതിയാകും.” അവർ സന്തോഷത്തോടുകൂടിത്തന്നെ ശബ്ദവർധിനി നിങ്ങളുടെ വീടിനോട് തൊട്ടിരിക്കുന്ന ഭിത്തിയിൽനിന്ന് മാറ്റുകയോ അതിന്റെ ശബ്ദം കുറച്ചുവെക്കുകയോ ചെയ്തേക്കാം.
അയൽക്കാരുമായി നല്ല ബന്ധങ്ങൾ നിലനിർത്തുന്നത് വാസ്തവത്തിൽ പ്രയോജനകരമാണ്. ചില പ്രാദേശിക ഗവൺമെൻറ് അധികാരികൾ യോജിപ്പിലല്ലാത്ത അയൽക്കാരെ അനുനയിപ്പിക്കുന്നതിന് മധ്യസ്ഥരായി സേവിക്കാറുണ്ട്. ഔദ്യോഗിക പരാതികൾ ഉണർത്തിവിടുന്ന കടുത്ത വികാരങ്ങൾ പരിചിന്തിക്കുമ്പോൾ ഗവൺമെൻറ് അധികാരികളെ വിളിക്കുന്നതിനെ “അറ്റ കയ്യായേ” കണക്കാക്കാവൂ.
നിങ്ങൾ ഒരു പുതിയ വീട്ടിലേക്ക് താമസം മാറ്റാൻ പോകുകയാണെങ്കിൽ കരാറിൽ ഒപ്പിടുന്നതിനു മുമ്പ് ഒച്ചയുണ്ടാകാൻ സാധ്യതയുള്ള ഉറവിടങ്ങൾ പരിശോധിക്കുന്നത് ബുദ്ധിയായിരിക്കുമെന്നു നിങ്ങൾ കണ്ടെത്തും. ഒച്ചപ്പാട് ഉണ്ടോയെന്നു പരിശോധിക്കാനായി നിങ്ങൾ മാറിത്താമസിക്കാൻ പോകുന്ന വീട് വ്യത്യസ്ത സമയങ്ങളിൽ സന്ദർശിക്കാൻ വസ്തുവക ദല്ലാളന്മാർ ശുപാർശ ചെയ്യുന്നു. അയൽക്കാരോട് അവരുടെ അഭിപ്രായങ്ങൾ ആരായാൻ കഴിയും. പുതിയ വീട്ടിലേക്ക് താമസം മാറിക്കഴിഞ്ഞ് പ്രശ്നങ്ങളുണ്ടാകുന്നപക്ഷം അവ സൗഹാർദപരമായ രീതിയിൽ പരിഹരിക്കാൻ ശ്രമിക്കുക. കേസിനൊക്കെ പോകുന്നത് സാധാരണഗതിയിൽ ശത്രുതയ്ക്കിടയാക്കുകയേ ഉള്ളൂ.
എന്നാൽ ഒച്ചപ്പാടുണ്ടാക്കുന്ന അയൽക്കാരുള്ളിടത്ത് പാർക്കുന്ന നിങ്ങൾക്ക് മറ്റെവിടേക്കെങ്കിലും താമസം മാറാൻ നിർവാഹമില്ലെങ്കിലോ? നിങ്ങൾ എന്നും ഒച്ച സഹിച്ച് കഴിയണമോ? നിർബന്ധമില്ല.
ഒച്ചയിൽനിന്ന് സംരക്ഷണം നേടാവുന്ന വിധം
പുറത്തെ ഒച്ച നിങ്ങളുടെ വീടിനകത്തേക്കു പ്രവേശിക്കാതിരിക്കാനായി എന്തു ചെയ്യാൻ കഴിയുമെന്നു നോക്കുക. ഭിത്തികളിലും തറകളിലും അടയ്ക്കാൻ കഴിയുന്ന പൊത്തുകൾ വല്ലതും ഉണ്ടോയെന്നു പരിശോധിക്കുക. വൈദ്യുത സോക്കറ്റുകൾ ഇരിക്കുന്നിടം പ്രത്യേകം ശ്രദ്ധിക്കുക. അവ ഭദ്രമാണോ?
ഒച്ച പലപ്പോഴും വീടിനുള്ളിൽ പ്രവേശിക്കുന്നത് വാതിലുകളിലൂടെയും ജനലുകളിലൂടെയുമാണ്. ജനലുകളിൽ രണ്ടാമതൊരു പാളി ചില്ലുകൂടി വെച്ചുപിടിപ്പിക്കുന്നത് (ഇരട്ടച്ചില്ല് പിടിപ്പിക്കൽ) ഒച്ച കുറയ്ക്കാൻ സഹായിക്കും. കട്ടിളയിൽ ഫോം റബറിന്റെ ഒരു കനംകുറഞ്ഞ നാട വെച്ചുപിടിപ്പിക്കുന്നത് കതക് ഇറുകി അടയുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഒരുപക്ഷേ ഒരു വരാന്ത പണിതിട്ട് അതിനു കതകു പിടിപ്പിക്കുന്നത് വാഹനങ്ങളുടെ അലോസരപ്പെടുത്തുന്ന ശബ്ദം വീടിനകത്തേക്കു കടന്നുവരാതെ സംരക്ഷിച്ചേക്കാം.
വാഹനങ്ങളുടെ ഒച്ച ഞെട്ടിക്കുന്ന അളവിൽ വർധിച്ചുകൊണ്ടിക്കുകയാണെങ്കിലും മോട്ടോർവാഹന നിർമാതാക്കൾ വാഹനത്തിനുള്ളിലെ ശബ്ദം കുറയ്ക്കുന്നതിനായി പുതിയ സാധനങ്ങളും സമ്പ്രദായങ്ങളും നിരന്തരം വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. വാഹനത്തിന് ഒച്ച കുറഞ്ഞ ടയറുകളുള്ളതും സഹായകമാണ്. വ്യത്യസ്ത തരത്തിലുള്ള റോഡ് പ്രതലങ്ങളെക്കുറിച്ച് പല രാജ്യങ്ങളിലും നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി “വിസ്പർ കോൺക്രീറ്റ്” പോലുള്ള ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ കുറച്ചു ചരൽ പുറത്തേക്കു തള്ളി നിൽക്കുന്നു. അതിന്റെ ഫലമായി ഇടയ്ക്കിടയ്ക്കു മാത്രമേ ടയർ ചരലിൽ ഉരസുന്നുള്ളൂ. ഈ പ്രതലം ഉപയോഗിക്കുമ്പോൾ ഭാരംകുറഞ്ഞ വാഹനങ്ങളുടെ ശബ്ദം രണ്ടു ഡെസിബെലും ഭാരംകൂടിയ ട്രക്കുകളുടെ ശബ്ദം ഒരു ഡെസിബെലും കുറയുന്നതായി റിപ്പോർട്ടുചെയ്യപ്പെടുന്നു. ഇത് ഒരു വലിയ അളവായി തോന്നുകയില്ലായിരിക്കാമെങ്കിലും ശരാശരി മൂന്നു ഡെസിബെൽ കുറയുന്നത് വാഹനങ്ങളുടെ ഒച്ച പകുതിയായി കുറയുന്നതിനു തുല്യമാണ്!
റോഡ് പണിക്കാർ ഇപ്പോൾ ഹൈവേ പണിയുമ്പോൾ അതിന്റെ ഇരുവശത്തും മറകളോ മൺതിട്ടകളോ ഉണ്ടാക്കുന്നു. ഇത് ഒച്ച കുറയ്ക്കുന്നതിൽ ഫലപ്രദമാണ്. ഇതു നിർമിക്കാൻമാത്രം ഇടയില്ലാത്ത റോഡുകളിൽ പ്രത്യേകമായി രൂപസംവിധാനം ചെയ്ത വേലികൾ—മെടഞ്ഞെടുത്ത അരളിത്തണ്ടുകളും നിത്യഹരിത സസ്യങ്ങളും ഉപയോഗിച്ച് കിഴക്കൻ ലണ്ടനിൽ നിർമിച്ചിരിക്കുന്നതു പോലുള്ളവ—ഹൈവേക്ക് സമീപം താമസിക്കുന്ന ആളുകളെ അനാവശ്യ ശബ്ദത്തിൽനിന്നു സംരക്ഷിക്കുന്നു.
ധവള ശബ്ദം—ഉദാഹരണം, സ്റ്റാറ്റിക്ക് അല്ലെങ്കിൽ വായു നിർഗമിക്കുന്ന ശബ്ദം—എന്നു വിളിക്കപ്പെടുന്നതുപയോഗിച്ച് ശ്രദ്ധാശൈഥില്യമുളവാക്കുന്ന ശബ്ദങ്ങൾ മറയ്ക്കുന്നത് ഓഫീസുകളിലും മറ്റും ഉപയോഗപ്രദമാണ്.b സൈലൻസർ പിടിപ്പിച്ച പിയാനോകൾ ജപ്പാനിലെ വിപണിയിലെത്തിയിട്ടുണ്ട്. ചുറ്റിക, കമ്പികളിൽ തട്ടുന്നതിനു പകരം ഒരു വൈദ്യുത സർക്യൂട്ടിനെ പ്രവർത്തിപ്പിക്കുകയും അത് വായനക്കാരന്റെ ഇയർഫോണുകളിൽ സ്വരങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ശാസ്ത്രജ്ഞന്മാർ, രവരോധി എന്ന് അവർ വിളിക്കുന്നതിന്റെ ഉത്പാദനത്തെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ട് ഇപ്പോൾത്തന്നെ വളരെയധികം സമയം ചെലവഴിച്ചിരിക്കുന്നു. മറ്റൊരു ശബ്ദസ്രോതസ്സ് ഉപയോഗിച്ച് ഒച്ചയുടെ ഫലങ്ങളെ നിർവീര്യമാക്കുന്ന കമ്പനങ്ങൾ പുറപ്പെടുവിക്കുന്നതാണ് അടിസ്ഥാനപരമായി ഇതിലുൾപ്പെട്ടിരിക്കുന്നത്. തീർച്ചയായും, ഇതിന് കൂടുതൽ സജ്ജീകരണങ്ങൾ ആവശ്യമാണ്, കൂടുതൽ ചെലവുമുണ്ട്. അത് യഥാർഥത്തിൽ പ്രശ്നത്തിന്റെ മൂലകാരണത്തെ നീക്കം ചെയ്യുന്നുമില്ല. “ആളുകൾ ഒച്ചയെ ശബ്ദമാലിന്യമായി കാണാൻ തുടങ്ങുന്നതുവരെ രവരോധി ക്ഷണനേരത്തേക്കെങ്കിലും നിശബ്ദത കൈവരിക്കുന്നതിനുള്ള ഒരേയൊരു മാർഗമായിരുന്നേക്കാം” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. ഒരുപക്ഷേ അത് ശരിയായിരുന്നേക്കാം. എന്നാൽ നിശബ്ദതയാണോ ശബ്ദമലിനീകരണത്തിനുള്ള മറുമരുന്ന്?
നിങ്ങളുടെ വീട്ടിലും അയലത്തും ശാന്തതയും സ്വസ്ഥതയും ഉണ്ടാകുമെന്ന് യഥാർഥത്തിൽ പ്രതീക്ഷിക്കാൻ കഴിയുമോ? ഞങ്ങളുടെ അടുത്ത ലേഖനം ഒരു യഥാർഥ പ്രത്യാശ വാഗ്ദാനം ചെയ്യുന്നു.
[അടിക്കുറിപ്പുകൾ]
a ശബ്ദത്തെ ഡെസിബെലിൽ അളക്കുന്ന ഒരു മീറ്റർ ഉപയോഗിച്ചാണ് ഒച്ചയുടെ അളവു സാധാരണമായി നിർണയിക്കുന്നത്. ചെവി ചില ആവൃത്തികൾ കൂടുതൽ സൂക്ഷ്മമായി കേൾക്കുന്നതിനാൽ സമാനമായി പ്രതികരിക്കത്തക്കവിധമാണ് ആ മീറ്റർ രൂപസംവിധാനം ചെയ്തിരിക്കുന്നത്.
b ധവള പ്രകാശം, പ്രകാശ സ്പെക്ട്രത്തിലെ എല്ലാ ആവൃത്തികളുടെയും ഒരു മിശ്രിതമായിരിക്കുന്നതുപോലെ ധവള ശബ്ദം ശ്രവണ പരിധിക്കുള്ളിലെ എല്ലാ ആവൃത്തികളും ഉൾക്കൊള്ളുന്ന ശബ്ദമാണ്, ഈ ശബ്ദങ്ങളുടെ ഉച്ചത ഏതാണ്ട് ഒരുപോലെയിരിക്കും.
[6-ാം പേജിലെ ചതുരം]
ഒച്ചപ്പാടുണ്ടാക്കുന്ന ഒരു അയൽക്കാരനായിരിക്കുന്നത് ഒഴിവാക്കാവുന്ന വിധം
● ഒച്ചയുണ്ടാക്കുന്ന ഏതെങ്കിലും പ്രവൃത്തിയിലേർപ്പെടുമ്പോൾ അയൽക്കാരെ പരിഗണിക്കുക, അതു സംബന്ധിച്ച് അവരെ നേരത്തേതന്നെ അറിയിക്കുക.
● ഒച്ച കുറയ്ക്കാൻ അയൽക്കാരൻ നിങ്ങളോട് ആവശ്യപ്പെടുമ്പോൾ സഹകരിക്കുക.
● നിങ്ങളുടെ ഉല്ലാസം അയൽക്കാർക്ക് തലവേദനയായിത്തീരരുതെന്നു മനസ്സിലാക്കുക.
● ഒച്ചയും കമ്പനവും ഹാളുകളിലൂടെയും തറയിലൂടെയും അനായാസം പ്രേഷണം ചെയ്യപ്പെടുന്നുവെന്ന് ഓർമിക്കുക.
● ഒച്ചയുണ്ടാക്കുന്ന ഗൃഹോപകരണങ്ങൾ പാഡിന്മേൽ വെക്കുക.
● വീട്ടിലെയോ കാറിലെയോ അനാവശ്യ അലാറങ്ങൾ കൈകാര്യം ചെയ്യാൻ ആരെങ്കിലുമുണ്ടെന്ന് ഉറപ്പുവരുത്തുക.
● രാത്രി വൈകിയ നേരത്ത് ഒച്ചയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ഒച്ചയുണ്ടാക്കുന്ന ഗൃഹോപകരണങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുത്.
● അയൽക്കാർക്ക് ശല്യമാകുന്നത്ര ഉച്ചത്തിൽ സംഗീതം വെക്കരുത്.
● നായ്ക്കളെ ദീർഘനേരം ഒറ്റയ്ക്കിട്ടിട്ടു പോകരുത്.
● തറയിൽ ചാടിമറിയാനും അങ്ങനെ താഴത്തെ നിലയിൽ താമസിക്കുന്നവരെ ശല്യപ്പെടുത്താനും കുട്ടികളെ അനുവദിക്കരുത്.
● രാത്രിയിൽ കാർ ഹോൺ മുഴക്കുകയോ കതകു വലിച്ചടയ്ക്കുകയോ എഞ്ചിൻ ഇരപ്പിക്കുകയോ ചെയ്യരുത്.
[7-ാം പേജിലെ ചതുരം]
ഒച്ചയും നിങ്ങളും
“ഒച്ച ഇന്ന് ബ്രിട്ടനിലെ ഏറ്റവും വ്യാപകമായ വ്യാവസായിക വിപത്താണെന്നും ബധിരത അതിന്റെ സാധാരണ ഭവിഷ്യത്താണെന്നും” ദ ടൈംസ് അഭിപ്രായപ്പെടുന്നു. 85 ഡെസിബെലിലധികമുള്ള ശബ്ദം ഗർഭസ്ഥശിശുവിന് ഹാനി വരുത്തുമെന്ന് ചില തൊഴിൽ-ആരോഗ്യ പഠനങ്ങൾ സൂചിപ്പിക്കുന്നു. ശിശുവിന് കേൾവിത്തകരാറുണ്ടാകുന്നു, അതുപോലെതന്നെ അതിന് ഹോർമോൺ തകരാറുകളും ജനന വൈകല്യങ്ങളും ഉണ്ടായേക്കാം.
ഉച്ചത്തിലുള്ള ശബ്ദം രക്തക്കുഴലുകൾ സങ്കോചിക്കുന്നതിനും അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനും ഇടയാക്കുന്നു. അപ്പോൾ ശരീരം രക്തസമ്മർദവും ഹൃദയസ്പന്ദനവും വർധിപ്പിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിച്ചുകൊണ്ട് പ്രതികരിക്കുന്നു. അതു ചിലപ്പോൾ നെഞ്ചിടിപ്പോ ശക്തിയായ നെഞ്ചുവേദനയോപോലും ഉണ്ടാകുന്നതിനിടയാക്കുന്നു.
ഒച്ച നിങ്ങളുടെ ചര്യയെ തടസ്സപ്പെടുത്തുമ്പോൾ മറ്റു പ്രശ്നങ്ങളും ഉണ്ടാകുന്നു. നിദ്രാഭംഗം നിങ്ങളുടെ പകലത്തെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നു. ഒച്ച ജോലിയിലെ നിങ്ങളുടെ ആകമാന വേഗതയെ വ്യത്യാസപ്പെടുത്തുകയില്ലായിരിക്കാം. എന്നാൽ നിങ്ങൾ വരുത്തുന്ന തെറ്റുകളുടെ എണ്ണത്തെ അതു സ്വാധീനിച്ചേക്കാം.
[9-ാം പേജിലെ ചതുരം]
ജോലിസ്ഥലത്തെ സംരക്ഷണം
ജോലിസ്ഥലത്തെ ഒച്ച ഒരു പ്രശ്നമാണെന്നു കാണുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള കർണ സംരക്ഷണോപാധി ധരിക്കുന്ന കാര്യം പരിചിന്തിക്കുക.* ഇയർമഫുകൾ ഹെഡ്ഫോണുകൾപോലെ തലയിൽ പിടിപ്പിക്കാവുന്നതാണ്. ശബ്ദത്തിന്റെ അളവ് ഉയർന്നിരിക്കുന്നിടങ്ങളിൽ അത് സാധാരണഗതിയിൽ ഫലപ്രദമാണ്. അതു വെച്ചാലും നിങ്ങൾക്ക് സംസാരവും യന്ത്രങ്ങളുടെ മുന്നറിയിപ്പിൻ സൂചനകളും കേൾക്കാൻ കഴിയും എന്നതാണ് അതിന്റെ മെച്ചം. എങ്കിലും അവ വെക്കുമ്പോൾ ശബ്ദം എവിടെനിന്നാണ് വരുന്നതെന്നു മനസ്സിലാക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. ഇയർപ്ലഗുകൾ നിങ്ങളുടെ പാകത്തിനുള്ളതായിരിക്കേണ്ടതുണ്ട്. കർണരോഗമോ കർണനാളിയിൽ അസ്വാസ്ഥ്യമോ ഉണ്ടെങ്കിൽ അവ അനുയോജ്യമല്ലതാനും.
യന്ത്രങ്ങൾ ശരിയായി പരിപാലിക്കുന്നപക്ഷം അവയുടെ കമ്പനം കുറയ്ക്കാൻ കഴിയും. ഉപകരണങ്ങൾ റബർകൊണ്ടുള്ള സ്റ്റാൻഡിൽ കയറ്റിവെക്കുന്നതും ഒച്ചപ്പാടുളവാക്കുന്ന യന്ത്രസാമഗ്രികൾ വേറിട്ടൊരു സ്ഥലത്തു സ്ഥാപിക്കുന്നതും ശബ്ദമലിനീകരണം കുറയ്ക്കാൻ സഹായിക്കും.
*തൊഴിലാളികൾ വേണ്ട കർണ സംരക്ഷണോപാധികൾ ധരിക്കുന്നുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പുവരുത്തണമെന്ന് പല രാജ്യങ്ങളിലും നിയമം നിഷ്കർഷിക്കുന്നു.
[8-ാം പേജിലെ ചിത്രം]
വാഹനങ്ങൾ ഉപയോഗിക്കുന്ന ഒരു സമൂഹത്തിൽ ഉണ്ടാകുന്ന ഒച്ചയിൽനിന്ന് നിങ്ങൾക്ക് എങ്ങനെ സംരക്ഷണം നേടാൻ കഴിയും?