ഞങ്ങളുടെ വായനക്കാരിൽനിന്ന്
യുദ്ധവും കുട്ടികളും “യുദ്ധം കുട്ടികളോടു ചെയ്യുന്നത്” (ഒക്ടോബർ 22, 1997) എന്ന ലേഖന പരമ്പര വായിച്ചപ്പോൾ എനിക്കു വളരെയധികം ദുഃഖം തോന്നി. കുട്ടിക്കാലത്ത് ഞാനും യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഞാൻ ജപ്പാനിലെ എങ്ഗാവി തടങ്കൽപ്പാളയത്തിലും ബാൻഡുങ് തടങ്കൽപ്പാളയത്തിലും നാലര വർഷം കഴിച്ചുകൂട്ടി. പത്തു വയസ്സുള്ളപ്പോൾ കുടുംബത്തിൽനിന്നു വേർപെടുത്തപ്പെട്ട ഞാൻ ഉഷ്ണമേഖലയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ആഴ്ചയിൽ ഏഴു ദിവസവും പണിയെടുത്തു—എനിക്ക് വേണ്ടത്ര പോഷണം ലഭിച്ചിരുന്നില്ലെന്നു മാത്രമല്ല, ബെറിബെറിയും അതിസാരവും പിടിപെടുകയും ചെയ്തു. എങ്കിലും, ദശലക്ഷക്കണക്കിനു കുട്ടികൾ ഇന്ന് അനുഭവിക്കുന്ന വർണനാതീതമായ ക്രൂരതയോടുള്ള താരതമ്യത്തിൽ എന്റെ അനുഭവങ്ങൾ നിസ്സാരമായി തോന്നുന്നു. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കുട്ടികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾ തന്റെ ആശ്വാസകരമായ വാഗ്ദാനങ്ങളെക്കുറിച്ച് അറിയാനിടയാകുന്നതിനായി യഹോവ സമയം അനുവദിച്ചിരിക്കുന്നതിൽ നമുക്ക് ഒരിക്കലും നിരുത്സാഹം തോന്നാതിരിക്കാം!
ആർ. ബി., ഐക്യനാടുകൾ
ഒരു ഭരണി കൊഴുപ്പ് എനിക്കു വളരെയധികം ദുഃഖം തോന്നി, ഒപ്പം എന്നോടുതന്നെ സഹതാപവും. എന്തെന്നാൽ, ക്രിസ്ത്യാനിയായ ഒരു ഭാര്യയെ തനിക്കു വേണ്ടെന്ന് ഒരു വർഷം മുമ്പ് എന്റെ ഭർത്താവു തീരുമാനിച്ചു. എനിക്കു വേണ്ടി വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞ മനോഹരമായ വീട്ടിൽനിന്ന് എന്നെയും മകനെയും അദ്ദേഹം പുറത്താക്കി. ഞാൻ പട്ടിണിയിലായി. എന്റെ ജീവിതം ആശയറ്റതായി തോന്നി. സഹായത്തിനായി ഞാൻ യഹോവയോട് അപേക്ഷിച്ചു. “ഒരു ഭരണി കൊഴുപ്പിൽനിന്ന് ഒരു പാഠം” (ഒക്ടോബർ 22, 1997) എന്ന ലേഖനത്തിൽനിന്ന് എനിക്ക് ഒരു പാഠം പഠിക്കാൻ സാധിച്ചു. ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ അതുകൊണ്ടു തൃപ്തിപ്പെടാനും രാജ്യ താത്പര്യങ്ങൾ ഒന്നാമതു വെക്കാനും അതെന്നെ ഓർമിപ്പിച്ചു.
കെ. പി., ഐക്യനാടുകൾ
കൂടപ്പിറപ്പുകളുടെ പ്രശ്നങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . മുഴു ശ്രദ്ധയും എന്റെ സഹോദരനു ലഭിക്കുന്നതെന്തുകൊണ്ട്?” (ഒക്ടോബർ 22, 1997) എന്ന ലേഖനം ഞങ്ങൾക്ക് ആവശ്യമായിരുന്ന സമയത്തു തന്നെയാണ് കിട്ടിയത്. വ്യത്യസ്ത രീതിയിലുള്ള പെരുമാറ്റം അനീതി ആയിരിക്കണമെന്നില്ല എന്നു മനസ്സിലാക്കാൻ അതു ഞങ്ങളെ സഹായിച്ചു. ഞങ്ങളുടെ കൂടപ്പിറപ്പുകൾക്ക് കൂടുതലായ ശ്രദ്ധ നൽകുന്നതിന് മാതാപിതാക്കൾക്ക് നല്ല കാരണമുണ്ടെന്ന് ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങൾ ആ ലേഖനത്തോടു വാസ്തവമായും യോജിക്കുന്നു.
ബി. കെ., എച്ച്. കെ., ജി. യു. ഒ., നൈജീരിയ
ശബ്ദമലിനീകരണം വർഷങ്ങളായി ഒരു വലിയ ഫാക്ടറിയിലാണ് എന്റെ ജോലി. ഫാക്ടറിയിലെ ഉച്ചത്തിലുള്ള ശബ്ദം എനിക്കും എന്റെ ചില സഹപ്രവർത്തകർക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 1997 നവംബർ 8 ലക്കം ഉണരുക! (“ഒച്ച—ഏറ്റവും വലിയ മലിനീകരണകാരിയോ?”) ഞാൻ തൊഴിൽ സ്ഥലത്തു കൊണ്ടുപോയി. തന്മൂലം എല്ലാ തൊഴിലാളികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുകയാണ്.
ആർ. പി., ഇറ്റലി
അയൽവീട്ടിൽ നിന്നുള്ള ഒച്ച എന്നെ പല വർഷങ്ങളായി വിഷമിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ അയൽക്കാരൻ രാത്രി വളരെ വൈകുന്നതുവരെ തന്റെ ബിസിനസ്സ് തുടർന്നുകൊണ്ടുപോകുന്നു. എനിക്കു ചില സമയത്ത് വല്ലാത്ത ദേഷ്യം തോന്നിയിട്ടുണ്ട്. എന്നാൽ, ഒച്ച നിമിത്തം ദുരിതം അനുഭവിക്കുകയും എന്നാൽ ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് ആ അവസ്ഥയോട് പൊരുത്തപ്പെടുകയും ചെയ്യുന്ന വേറെയും ക്രിസ്തീയ സഹോദരീസഹോദരന്മാർ ഉണ്ടെന്ന അറിവ് എനിക്കു ശക്തി പകർന്നു.
റ്റി. ഒ., ജപ്പാൻ
വെളുപ്പാൻ കാലത്ത് ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്ന ഒരു അയൽക്കാരൻ എനിക്കുണ്ട്. ക്രിസ്തീയ രീതിയിൽ രമ്യതയോടെ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും എന്നതു സംബന്ധിച്ച് പ്രസ്തുത ലേഖനങ്ങൾ വളരെ നല്ല നിർദേശങ്ങൾ നൽകി.
ജെ. ആർ., ഇംഗ്ലണ്ട്
മഗല്ലൻ “ലോകത്തിന്റെ പൂട്ടുതുറന്ന മനുഷ്യൻ” (നവംബർ 8, 1997) എന്ന തലക്കെട്ടിൻ കീഴിൽ വന്ന ഫെർഡിനാൻഡ് മഗല്ലനെക്കുറിച്ചുള്ള ലേഖനം ഞാൻ യഥാർഥത്തിൽ വിലമതിക്കുകയും ആസ്വദിക്കുകയും ചെയ്തു. ആ ലേഖനം വന്നപ്പോൾ ഞാൻ അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ അദ്ദേഹത്തെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാമൂഹ്യപാഠ പുസ്തകത്തിൽനിന്ന് അദ്ദേഹത്തെക്കുറിച്ചു പഠിച്ചതിനെക്കാൾ കൂടുതൽ കാര്യങ്ങൾ എനിക്ക് ആ ലേഖനത്തിൽനിന്നു പഠിക്കാൻ കഴിഞ്ഞു. ഞാൻ ആ മാസികയുടെ സ്വന്തം പ്രതി എന്റെ അധ്യാപികയ്ക്കു കൊടുത്തു, അത് അവർക്ക് വളരെയധികം ഇഷ്ടമായി! ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവർ എനിക്ക് ആ മാസിക മടക്കിത്തന്നു. വീണ്ടും നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പും അതോടൊപ്പമുണ്ടായിരുന്നു.
ബി. വി., ഐക്യനാടുകൾ
ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് കൈവരിക്കുന്നതിനുവേണ്ടി, ദൃഢചിത്തനായ ഫെർഡിനാൻഡ് മഗല്ലൻ ശത്രുതയെയും വിവിധ കഷ്ടപ്പാടുകളെയും തരണം ചെയ്ത വിധം ഭാവനയിൽ കാണാൻ കഴിഞ്ഞത് അത്ഭുതകരമായ ഒരു അനുഭവമായിരുന്നു. രസകരമായ ആ വിഷയത്തെക്കുറിച്ച് എഴുതിയതിന് നിങ്ങൾക്കു നന്ദി.
എം. ഇ., ഇറ്റലി