കറുത്ത മരണം ലോകത്തിന്റെ അവസാനമായിരുന്നില്ല
ആയിരത്തിമുന്നൂറ്റിനാൽപ്പത്തേഴ് ഒക്ടോബർ. പൗരസ്ത്യദേശത്തുനിന്നുള്ള വാണിജ്യ കപ്പലുകൾ സിസിലിയിലെ മെസീനയുടെ തുറമുഖത്തു വന്നണഞ്ഞു. അമരത്ത് രോഗബാധിതരായ, മരിച്ചുകൊണ്ടിരിക്കുന്ന പുരുഷന്മാർ. അവരുടെ ശരീരത്തിലെ, മുട്ടയുടെ വലുപ്പത്തിലുള്ള ഇരുണ്ട മുഴകളിൽനിന്ന് രക്തവും ചലവും ഒലിക്കുന്നു. ഒപ്പം കടുത്ത വേദനയും. രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ പ്രകടമായി ഏതാനും ദിവസങ്ങൾക്കകം അവർ മരിച്ചു.
പ്രദേശത്തുള്ള മറ്റു കരണ്ടുതീനികളോടൊപ്പം ചേരാൻ കപ്പലിലുള്ള എലികൾ പുറത്തേക്കു ചാടി. മനുഷ്യ ജീവനു ഭീഷണിയുയർത്തുന്ന ഒരുതരം രോഗാണുക്കൾ ബാധിച്ചിരുന്ന ചെള്ളുകളുടെ വാഹകരായിരുന്നു ഈ എലികൾ. അങ്ങനെ പ്ലേഗ് എന്നറിയപ്പെടുന്ന പകർച്ചവ്യാധി—അതായത്, കറുത്ത മരണം—പടർന്നുപിടിച്ചു. യൂറോപ്പിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിലേക്കുംവെച്ച് ഏറ്റവും വിപത്കരമായ പകർച്ചവ്യാധിയായിരുന്നു അത്.
രണ്ടിനം പ്ലേഗ് ഉണ്ടായിരുന്നു. രോഗാണു ബാധിച്ചിരുന്ന ചെള്ളിന്റെ കടിയിലൂടെ പകർന്ന് രക്തത്തിൽ വ്യാപിച്ച്, മുഴകളും ആന്തര രക്തസ്രാവവും ഉളവാക്കിയിരുന്നു ഒരിനം. മറ്റൊന്ന് ശ്വാസകോശത്തെ ബാധിക്കുന്നതായിരുന്നു. ചുമയിലൂടെയോ തുമ്മലിലൂടെയോ ആണ് അതു മറ്റുള്ളവരിലേക്കു പകർന്നിരുന്നത്. പ്ലേഗിന്റെ രണ്ടിനവും നിലവിലുണ്ടായിരുന്നതിനാൽ രോഗം ശീഘ്രഗതിയിൽ, ഭീതിദമാംവിധം പടർന്നുപിടിച്ചു. വെറും മൂന്നു വർഷംകൊണ്ട് അത് യൂറോപ്പിലെ ജനസംഖ്യയുടെ കാൽഭാഗത്തെ തുടച്ചുനീക്കി; 2.5 കോടി ആളുകളെങ്കിലും മരിച്ചുപോയിരിക്കാം.
രോഗം പകരുന്നത് എങ്ങനെയെന്ന് അക്കാലത്ത് ആർക്കും അറിയില്ലായിരുന്നു. ഒരു ഭൂകമ്പമോ ഗ്രഹനിലയിൽ വന്ന അസാധാരണ മാറ്റമോ ഹേതുവായി വായു വിഷലിപ്തമായിരിക്കാമെന്നു ചിലർ വിശ്വസിച്ചു. മറ്റു ചിലരാകട്ടെ, രോഗബാധിതനായ ഒരു വ്യക്തിയെ നോക്കിയാൽ മതി രോഗം പിടിപെടാൻ എന്നു കരുതി. അഭിപ്രായങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും രോഗം അങ്ങേയറ്റം സാംക്രമികമായിരുന്നെന്നു വ്യക്തം. രോഗിയായ ഒരു വ്യക്തിയിൽനിന്ന് “മുഴുലോകത്തിനും രോഗം പിടിപെടാ”മെന്ന പോലെ കാണപ്പെട്ടതായി ഫ്രഞ്ചുകാരനായ ഒരു ഡോക്ടർ അഭിപ്രായപ്പെട്ടു.
ആളുകൾക്ക് രോഗപ്രതിരോധത്തിനോ രോഗനിവാരണത്തിനോ ഉള്ള മാർഗങ്ങളൊന്നും അറിയില്ലായിരുന്നു. പലരും അന്ത്യകാലത്ത് പകർച്ചവ്യാധികളുണ്ടാകുമെന്നു മുൻകൂട്ടിപ്പറഞ്ഞ, ലൂക്കൊസ് 21:11-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലുള്ള ബൈബിൾ പ്രവചനങ്ങൾ ഓർത്തു. പള്ളികളിലേക്കു പണം ഒഴുകിയെങ്കിലും പ്ലേഗ് അതിന്റെ സംഹാരതാണ്ഡവം തുടർന്നു. അക്കാലത്ത് ഒരു ഇറ്റലിക്കാരൻ എഴുതി: “ആരെങ്കിലും മരിച്ചാൽ, അയാളുടെ നഷ്ടം എത്ര വലുതായിരുന്നാലും, പള്ളിമണികൾ മുഴങ്ങുകയോ ആരെങ്കിലും അയാളെച്ചൊല്ലി വിലപിക്കുകയോ ചെയ്തില്ല. കാരണം എല്ലാവരുംതന്നെ മരണം പ്രതീക്ഷിച്ചിരുന്നു . . . ‘ഇത് ലോകാവസാനമാണ്’ എന്ന് ആളുകൾ പറയുകയും വിശ്വസിക്കുകയും ചെയ്തു.”
എന്നാൽ അത് അവസാനമായിരുന്നില്ല. 14-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്ലേഗ് അപ്രത്യക്ഷമായി. ലോകം പിന്നെയും മുമ്പോട്ടു പോയി.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Archive Photos