ലോകത്തെ വീക്ഷിക്കൽ
നിരാശയിലാണ്ട തലമുറ
15-നും 24-നും ഇടയ്ക്കു പ്രായമുള്ള ഇന്നത്തെ ചെറുപ്പക്കാരുടെ മനോഭാവങ്ങളെ രണ്ടു തലമുറകൾ മുമ്പത്തെ ചെറുപ്പക്കാരുടെ മനോഭാവങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടു നടത്തിയ പഠനങ്ങൾ മയക്കുമരുന്നു ദുരുപയോഗം, അക്രമ നിരക്ക്, ആത്മഹത്യകൾ എന്നിവ വർധിച്ചിരിക്കുന്നതായി വെളിപ്പെടുത്തിയെന്ന് ദി ഓസ്ട്രേലിയൻ റിപ്പോർട്ടു ചെയ്യുന്നു. രാഷ്ട്രതന്ത്ര നിരൂപകനും ശാസ്ത്ര ലേഖകനുമായ റിച്ചാർഡ് എക്കെർസ്ലീ ഇന്നത്തെ പല യുവജനങ്ങളുടെയും വികാരങ്ങൾ സംഗ്രഹിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ജീവിതം ആവേശജനകവും രസമുള്ളതുമായിരിക്കണമെന്നും തങ്ങൾക്കു സ്വന്തം കാലിൽ നിൽക്കാൻ സാധിക്കണമെന്നും ഏതു ജീവിതരീതി വേണമെന്നു തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരിക്കണമെന്നും സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവൺമെൻറുകൾക്ക് അസാധ്യമാണെന്നും സാമൂഹിക അവസ്ഥകൾക്കു മാറ്റം വരുത്താൻ തങ്ങൾ സ്വയം അശക്തരാണെന്നും യുവജനങ്ങൾ കരുതുന്നു.” ഷാനൂ എന്നു പേരുള്ള ഒരു പതിനഞ്ചുകാരി ഇങ്ങനെ പറഞ്ഞു: “ജനസംഖ്യ വർധിച്ചുകൊണ്ടേയിരിക്കുകയാണ്, അതുകൊണ്ടുതന്നെ നമുക്കു ചുരുങ്ങിയ തൊഴിലവസരങ്ങൾക്കും ഭവനങ്ങൾക്കും മറ്റെല്ലാറ്റിനുംവേണ്ടി മത്സരിക്കേണ്ടിവരുന്നു.”
ബഹിരാകാശനിലയത്തിലെ പാഴ്വസ്തുക്കൾ
റഷ്യൻ ബഹിരാകാശനിലയമായ മിർ ഉപയോഗിക്കുന്നവർ 11 വർഷത്തിനുശേഷം, മിക്ക ഭൗമനിവാസികളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം തരണം ചെയ്യാൻ പഠിച്ചു വരുകയാണ്—കുന്നുകൂടുന്ന പാഴ്വസ്തുക്കളെന്തു ചെയ്യണമെന്നത്. ബഹിരാകാശത്തിലെ ഭാരമില്ലാത്ത അവസ്ഥയിൽ, അവശ്യവസ്തുക്കളായ സ്പേസ് സ്യൂട്ടുകൾ, കമ്പ്യൂട്ടർ കേബിളുകൾ, ഭക്ഷണപ്പൊതികൾ, ഉപകരണങ്ങൾ, സ്പെയർ പാർട്ടുകൾ തുടങ്ങിയവ തറയിലോ മച്ചിലോ ചുവരുകളിലോ ഘടിപ്പിച്ചുവെക്കേണ്ടതുണ്ട്. പക്ഷേ, ഇത്തരം വസ്തുക്കൾ അങ്ങിങ്ങായി ഏകദേശം 30 സെൻറിമീറ്റർ ഉയരത്തിൽ കൂമ്പാരം കൂട്ടിയതു നിമിത്തം മിറിന്റെ ചുവരുകൾ അടുത്തുവരുകയാണ്. പുതിയ അന്താരാഷ്ട്ര ബഹിരാകാശനിലയം അയയ്ക്കുമ്പോൾ ബഹിരാകാശ സഞ്ചാരികളും റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞരും അതിനകത്ത് ചപ്പുചവറുകൾ ശേഖരിക്കാനുള്ള സംവിധാനംകൂടി ഉണ്ടാക്കാൻ ഇടയുണ്ട്. അതു വളരെയേറെ വിലമതിക്കപ്പെടുമെന്നതിനു സംശയമില്ല. കാരണം, ഇതുവരെ മിറിലെ താമസക്കാർക്ക് ആഹാരം കഴിച്ചുകഴിഞ്ഞാൽ കാലി ടിന്നുകൾ ചളുക്കിക്കൂട്ടി തിരികെ ഭക്ഷണപ്പെട്ടികളിൽത്തന്നെ നിക്ഷേപിച്ച് അവ വീണ്ടും ചുവരുകളിൽ ഘടിപ്പിക്കേണ്ടിവന്നിരുന്നു.
സമരോത്സുകരായ ബബൂൺ കുരങ്ങന്മാർ
ദക്ഷിണാഫ്രിക്കയിലെ തിരക്കേറിയ ദേശീയപാതകളിലൊന്നിലൂടെ വാഹനമോടിക്കുന്നവർ ഈ വർഷമാദ്യം അസാധാരണമായ ഒരു വിപത്ത് നേരിട്ടു—ഒരു സംഘം ബബൂണുകൾ നടത്തിയ ശക്തമായ കല്ലേറ്. ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നതനുസരിച്ച്, ബബൂണുകൾ കേപ്ടൗണിനും ജോഹാന്നസ്ബർഗിനും ഇടയ്ക്കുള്ള റോഡിലെ ചുരത്തിൽ പതിയിരുന്നാണ് വാഹനയാത്രക്കാരെ ആക്രമിച്ചത്. ആർക്കെങ്കിലും പരിക്കേറ്റതായോ വാഹനങ്ങൾ തകർന്നതായോ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ദേശീയപാതയിൽനിന്നും ആ ജീവികളെ ഓടിക്കാനുള്ള ശ്രമത്തിൽ ട്രാഫിക് പൊലീസിന് കല്ലുകളെ കല്ലുകൾകൊണ്ടുതന്നെ നേരിടേണ്ടിവന്നു. പൊലീസും ബബൂണുകളും തമ്മിലുള്ള ഈ കല്ലേറു യുദ്ധത്തിൽ ആർക്കാണു ജയമുണ്ടായത് എന്നതിനെക്കുറിച്ചു വ്യക്തമായ റിപ്പോർട്ടുകളൊന്നുമില്ല.
ഏഷ്യയിലെ പുകവലിക്കാർ
വിയറ്റ്നാമിലെ പുരുഷന്മാരിൽ 73 ശതമാനവും പുകവലിക്കാരാണെന്നു കണക്കാക്കപ്പെടുന്നു. “ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ ഇടയിലെ ഏറ്റവും ഉയർന്ന പുകവലി നിരക്ക്” ഇതാണെന്ന് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച ഒരു പഠനം റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ, വിയറ്റ്നാമിലെ സ്ത്രീകളിൽ 4 ശതമാനത്തിലധികം മാത്രമേ പുകവലിക്കുന്നുള്ളൂ. പസഫിക്ക് തീരത്തുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിലും സമാനമായ നിരക്കുകളാണുള്ളത്. ഉദാഹരണമായി, ഇന്തോനേഷ്യയിൽ 53 ശതമാനം പുരുഷന്മാരും 4 ശതമാനം സ്ത്രീകളും പുകവലിക്കുന്നു; അതേസമയം ചൈനയിൽ 61 ശതമാനം പുരുഷന്മാരും 7 ശതമാനം സ്ത്രീകളും പുകവലിക്കാരാണ്.
സെമിനാരി ലൈംഗികത സംബന്ധിച്ച നയത്തിൽ അയവുവരുത്തുന്നു
വിർജീനിയയിലെ ഒരു എപ്പിസ്കോപ്പൽ സഭാ സെമിനാരി “വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും, അവിഹിത ലൈംഗികതയും സ്വവർഗസംഭോഗ സ്വഭാവവും സംബന്ധിച്ച് വിലക്ക് ഏർപ്പെടുത്തിയിരുന്നതിന്റെ കാര്യത്തിൽ 25 വർഷമായി തുടർന്നുവന്ന അതിന്റെ നിലപാടിൽ അയവുവരുത്തിയിരിക്കുന്നു,” ദ ക്രിസ്റ്റ്യൻ സെഞ്ച്വറി മാസിക റിപ്പോർട്ടു ചെയ്യുന്നു. ബോർഡിന്റെ അധ്യക്ഷനായ പീറ്റർ ജെ. ലീ ഇങ്ങനെ പറഞ്ഞു: “സെമിനാരിയിലെ അംഗങ്ങൾ മിക്കവരും തങ്ങളുടെ 30-കളിലും 40-കളിലുമാണ് എന്ന വസ്തുത നാം അംഗീകരിച്ചേ മതിയാകൂ. ഇനിമുതൽ മദർസുപ്പീരിയർമാരോ രാത്രിയിൽ ആൾ സ്ഥലത്തുണ്ടോ എന്നു പരിശോധിക്കുന്നവരോ ഉണ്ടായിരിക്കുകയില്ല.” കഴിഞ്ഞ 11 വർഷംകൊണ്ട്, സെമിനാരിയിൽ പുതുതായി ചേരുന്നവരുടെ സംഖ്യ 33 ശതമാനം കുറഞ്ഞു. കൂടാതെ, കഴിഞ്ഞ 25 വർഷംകൊണ്ട് പുതുതായി സെമിനാരിയിൽ ചേരുന്നവരുടെ ശരാശരി പ്രായം 27-ൽനിന്ന് 40 ആയി ഉയർന്നിട്ടുണ്ട്. “ഏതെങ്കിലുമൊരു 28-കാരന് അയാൾ തന്റെ ഭാവിവധുവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നു എന്നതിന്റെ പേരിൽ പ്രവേശനം നിഷേധിക്കരുത്. അതാണ് ബോർഡിന്റെ അധ്യക്ഷനെന്ന നിലയിൽ ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്,” ലീ പറഞ്ഞു.
ലഘുഭക്ഷണം കഴിക്കലും ദന്തക്ഷയവും
ഇടനേരങ്ങളിലെ ലഘുഭക്ഷണം കഴിക്കൽ കുറയ്ക്കുന്നത് ദന്തക്ഷയം വരാതിരിക്കാൻ സഹായകമാണ് എന്നതു വളരെക്കാലം മുമ്പേ അറിവുള്ള സംഗതിയാണ്. എങ്കിലും, എപ്പോൾ, എത്ര കൂടെക്കൂടെയാണ് നിങ്ങൾ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് എന്നു ശ്രദ്ധിക്കുന്നത് പരമപ്രധാനമാണെന്ന് നിങ്ങളുടെ കുടുംബത്തെ പുഞ്ചിരിച്ചുകൊണ്ടിരിക്കാൻ സഹായിക്കുന്ന വിധം (ഇംഗ്ലീഷ്) എന്ന ഒരു ദന്തചികിത്സാ സഹായി റിപ്പോർട്ട് ചെയ്യുന്നു. മധുരപലഹാരങ്ങളോ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളോ പല്ലിന്റെ പ്ലാക്കുമായി സമ്പർക്കത്തിൽ വരുമ്പോൾ അമ്ലം ഉത്പാദിതമാകുന്നു. ഈ അമ്ലം നിങ്ങളുടെ പല്ലിന്റെ ഇനാമലിനെ 20 മിനിറ്റോളം ആക്രമിക്കുന്നുവെന്ന് പ്രസ്തുത ലഘുപത്രിക പറയുന്നു. ഈ സമയത്ത് പോടുകളുണ്ടാകാൻ ആരംഭിച്ചേക്കാം. തന്നെയുമല്ല, “നിങ്ങൾ മധുരപലഹാരമോ അന്നജംനിറഞ്ഞ ലഘുഭക്ഷണമോ കഴിക്കുന്ന ഓരോ അവസരത്തിലും ഇതുതന്നെയാണ് നടക്കാൻപോകുന്നത്.” അതുകൊണ്ട് നിങ്ങൾ എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാൻ പോകുകയാണെങ്കിൽ “മുഴുവനും ഒറ്റയടിക്കു കഴിക്കുന്നതാണു നല്ലത്.” അപ്പോൾ നിങ്ങളുടെ പല്ല് അമ്ലവുമായി ഒരിക്കൽ മാത്രമേ സമ്പർക്കത്തിൽ വരുകയുള്ളൂ. ഒരേ ലഘുഭക്ഷണംതന്നെ കുറേശ്ശെവീതം ഒരുപാടു സമയമെടുത്തു കഴിക്കുകയാണെങ്കിൽ അമ്ലത്തിന്റെ ആക്രമണത്തിനും ദൈർഘ്യംകൂടും. പല്ലുകൾ ദ്രവിക്കുന്നതു തടയാൻ ദിവസം രണ്ടു തവണയെങ്കിലും പല്ലുതേക്കാൻ ദന്ത ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. ഉച്ഛിഷ്ടം നീക്കംചെയ്യുന്ന ചെറിയ നാര് (dental floss) ഉപയോഗിച്ച് ദിവസവും പല്ലിട വൃത്തിയാക്കാനും മറക്കരുത്.
ശാസ്ത്രജ്ഞരുടെ ദൈവവിശ്വാസം
1916-ൽ അമേരിക്കൻ മനശ്ശാസ്ത്രജ്ഞനായ ജെയിംസ് ലുബ, പ്രത്യേക മാനദണ്ഡമൊന്നും കൂടാതെ തെരഞ്ഞെടുത്ത 1,000 ശാസ്ത്രജ്ഞന്മാരോട് ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോയെന്നു ചോദിച്ചു. ഉത്തരമോ? മറുപടി പറഞ്ഞ ശാസ്ത്രജ്ഞന്മാരിൽ 42 ശതമാനത്തിന് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. വിദ്യാഭ്യാസം വ്യാപകമാകുന്നതനുസരിച്ച് ദൈവവിശ്വാസം കുറഞ്ഞുവരുമെന്ന് ലുബ പ്രവചിച്ചു. ഇന്ന്, 80 വർഷത്തിനു ശേഷം ജോർജിയ സർവകലാശാലയിലെ എഡ്വേഡ് ലാർസൺ ലുബയുടെ പ്രശസ്തമായ സർവേ ആവർത്തിച്ചു. അതേ തരത്തിലുള്ള ചോദ്യങ്ങളും രീതികളും ഉപയോഗിച്ച് ലാർസൺ ജീവശാസ്ത്രജ്ഞരോടും ഭൗതികശാസ്ത്രജ്ഞരോടും ഗണിതശാസ്ത്രജ്ഞരോടും, മാനവജാതിയുമായി നിരന്തരം ആശയവിനിയമം പുലർത്തുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിച്ചു. ഏകദേശം തുല്യ സംഖ്യവരുന്ന ശാസ്ത്രജ്ഞന്മാർതന്നെ—40 ശതമാനം—ദൈവവിശ്വാസം പ്രകടിപ്പിച്ചു എന്നു ഫലങ്ങൾ കാണിക്കുന്നു. ഡോ. ലാർസൺ പറഞ്ഞതനുസരിച്ച് “ലുബ ഒന്നുകിൽ മാനുഷ ചിന്താഗതിയെ അല്ലെങ്കിൽ മനുഷ്യാവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശാസ്ത്രത്തിന്റെ കഴിവിനെ തെറ്റിദ്ധരിച്ചു.”
ലോക സഞ്ചാരികളായ വൈറസുകൾ
വിമാനങ്ങളിലെ മാലിന്യസംഭരണികളിൽ സാധാരണമായി വൈറസ് നാശിനികളായ രാസവസ്തുക്കൾ അടങ്ങിയിരിക്കും. എങ്കിലും ചില വൈറസുകൾ, ഇത്തരം രാസവസ്തുക്കളുമായി സമ്പർക്കത്തിൽ വന്നാൽപ്പോലും അതിജീവിക്കുന്നുവെന്ന് ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. നോർത്ത് കാരലീന സർവകലാശാലയിലെ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനായ മാർക്ക് സോബ്സി ഐക്യനാടുകളിൽ ഇറങ്ങുന്ന അന്താരാഷ്ട്ര വിമാനങ്ങളിൽനിന്നെടുത്ത മാലിന്യങ്ങൾ പരീക്ഷണവിധേയമാക്കിയപ്പോൾ അവയിൽ പകുതിയിലേറെ സാമ്പിളുകളിലും ജീവനുള്ള വൈറസുകളുണ്ടായിരുന്നെന്നു കണ്ടെത്തി. ഐക്യനാടുകളിൽ, വിമാനങ്ങളിൽനിന്നു പുറന്തള്ളപ്പെടുന്ന പാഴ്വസ്തുക്കൾ സാധാരണമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പൊതു സ്ഥലങ്ങളിൽവെച്ച് സംസ്കരിച്ച് പരിസ്ഥിതിയിലേക്കു പുറന്തള്ളുകയാണു ചെയ്യുന്നത്. ഈ വൈറസുകളിൽ ചിലത് ഹെപ്പറ്റൈറ്റിസ് എ, ഇ; മസ്തിഷ്കചർമവീക്കം, പോളിയോ തുടങ്ങിയ രോഗങ്ങൾ പരത്തിയേക്കാമെന്ന അപകടവും സ്ഥിതിചെയ്യുന്നു. സോബ്സി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ലോകത്തിലെ വിമാനക്കമ്പനികൾ പരത്തിയേക്കാവുന്ന രോഗങ്ങളുടെ വ്യാപ്തി തികച്ചും ആകുലതയുളവാക്കുന്നതാണ്.”
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഗംഗ
കോടിക്കണക്കിനു ഹൈന്ദവർ ഗംഗാനദിയെ പുണ്യനദിയായിട്ടാണു കണക്കാക്കുന്നത്. തന്നെയുമല്ല ഗംഗ അതിന്റെ സഞ്ചാരപഥ തീരങ്ങളിലെ കൃഷിയുടെ ജീവനാഡിയുമാണ്. പക്ഷേ ഇപ്പോൾ നദിയുടെയും അതിന്റെ മുൻതീരപ്രദേശങ്ങളുടെയും ഇടയ്ക്ക് വളരെയേറെ സ്ഥലം തരിശായിത്തീരാൻ ഇടവരുത്തിക്കൊണ്ട് അതിലെ വെള്ളം പെട്ടെന്നു വറ്റിപ്പോകുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. വേണ്ടത്ര മഴയില്ലാത്തതിനാലും ഉള്ള നദീജലം ജലസേചനാവശ്യങ്ങൾക്കായി തിരിച്ചുവിടുന്നതിനാലുമാണ് ഒഴുക്കു തീരെ കുറഞ്ഞുപോയിരിക്കുന്നത്. ഇതു നിമിത്തം ആ പ്രദേശത്തെ കൃഷി മാത്രമല്ല ഭീഷണിയിലായിരിക്കുന്നത്, വെള്ളം കുറയുന്നതു മൂലമുണ്ടാകുന്ന ചെളി കൽക്കത്താ തുറമുഖത്തെ ഗതാഗതയോഗ്യമല്ലാതാക്കിത്തീർത്തേക്കാമെന്നും റിപ്പോർട്ട് പറയുന്നു.
കടൽക്കൊള്ള പെരുകുന്നു
കടൽക്കൊള്ളയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർധിച്ചുകൊണ്ടിരിക്കുന്നതായി അന്താരാഷ്ട്ര നാവിക ബ്യൂറോ പറയുന്നു—1994-ൽ 90 ആയിരുന്നത് വെറും രണ്ടു വർഷത്തിനുശേഷം 226 ആയി വർധിച്ചിരിക്കുന്നു. ഈ വളർച്ച വാണിജ്യ നാവിക ഉദ്യോഗസ്ഥരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകുലപ്പെടുത്തുന്നു. എന്നാൽ, യഥാർഥ സംഖ്യ ഇതിന്റെ രണ്ടിരട്ടിയിലും അധികമായിരിക്കാം. കാരണം, “അത്തരം സംഭവങ്ങളെ തുടർന്നുണ്ടാകുന്ന അന്വേഷണങ്ങൾ വരുത്തുന്ന കാലതാമസം വളരെയേറെ നഷ്ടമുണ്ടാക്കുമെന്നതിനാൽ മിക്ക കപ്പലുടമകളും അവ റിപ്പോർട്ടു ചെയ്യാൻ മടിക്കുന്നു” എന്ന് ലണ്ടനിലെ ദ സൺഡേ ടെലഗ്രാഫ് പറയുന്നു. അടുത്ത നാളുകളിൽ ഏറ്റവും അപകടം പിടിച്ച മേഖലകൾ അൽബേനിയയുടെയും ലിബിയയുടെയും മെഡിറ്ററേനിയൻ കടൽപ്രദേശവും ദക്ഷിണ ചൈനാ കടലുമാണ്. ഒരു ബ്രിട്ടീഷ് മർച്ചൻറ് നേവി ഉദ്യോഗസ്ഥൻ, കടൽക്കൊള്ളക്കാരോടു പോരാടാനുള്ള യുഎൻ അന്താരാഷ്ട്ര ദൗത്യസേനയ്ക്കു ബ്രിട്ടൻ നേതൃത്വം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. എങ്കിലും, “മിക്ക ആക്രമണങ്ങളും പ്രത്യേക രാജ്യങ്ങളുടെ അധികാരപരിധിയിലുള്ള സമുദ്രഭാഗങ്ങളിൽ നടക്കുന്നുവെന്നതിനാൽ യുഎൻ ദൗത്യസേനയ്ക്ക് ഈ പ്രശ്നം സംബന്ധിച്ച് എന്തെങ്കിലും ചെയ്യാനാകുമെന്ന് തനിക്കു തോന്നുന്നില്ലെന്ന്” കപ്പലുടമകളുടെ ഒരു പ്രതിനിധി പറഞ്ഞതായി പത്രം റിപ്പോർട്ടു ചെയ്തു.