ഞങ്ങളുടെ വായനക്കാരിൽ നിന്ന്
പരിചരണം—വെല്ലുവിളിയെ നേരിടൽ ഹൃദയസ്പർശിയായ ഈ ലേഖന പരമ്പര (ഫെബ്രുവരി 8, 1997) എനിക്കു വളരെയേറെ പ്രോത്സാഹനം നൽകി. എനിക്കു 17 വയസ്സുണ്ട്. മസ്തിഷ്കാഘാതം നിമിത്തം തളർന്നു കിടപ്പിലായ എന്റെ മുത്തച്ഛനെയും നാഡീക്ഷയം ബാധിച്ച അമ്മയെയും ഞാനാണു ശുശ്രൂഷിക്കുന്നത്. രോഗികളോടു ചിലപ്പോഴൊക്കെ നീരസം തോന്നുന്നതും ‘എനിക്കിങ്ങനെ വന്നതെന്തുകൊണ്ടാണ്?’ എന്നു ചിന്തിക്കുന്നതും സ്വാഭാവികമാണെന്നു മനസ്സിലാക്കിയത് എന്നെ വളരെയേറെ സമാശ്വസിപ്പിച്ചു. പരിചരണമേകുന്നവരെ സഹായിക്കാൻ കഴിയുന്ന പ്രായോഗിക വിധങ്ങളെക്കുറിച്ചുള്ള ലേഖനവും ഞാൻ വിലമതിച്ചു.
പി. റ്റി., ഇറ്റലി
രോഗികളായ പ്രിയപ്പെട്ടവരെ ശുശ്രൂഷിക്കുന്ന ആളുകളുടെ വികാരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിവരണം വസ്തുനിഷ്ഠവും നല്ല ഗ്രാഹ്യത്തോടുകൂടിയതുമായിരുന്നു. രസകരമായ ഈ ലേഖനങ്ങളെഴുതാൻ നിങ്ങളെ പ്രചോദിപ്പിച്ചതിനു ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു. അതുപോലുള്ള ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്ന നമ്മിലോരോരുത്തരെയും അതുമായി പൊരുത്തപ്പെടുന്നതിനും സന്തോഷത്തോടെയും തീക്ഷ്ണതയോടെയും യഹോവയെ സേവിക്കുന്നതിൽ തുടരുന്നതിനും അവ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ബി. വി., ചെക്ക് റിപ്പബ്ലിക്ക്
അടുത്തയിടെ വിവാഹമോചനം ചെയ്യപ്പെട്ട എനിക്ക് കൗമാരപ്രായക്കാരായ രണ്ടു കുട്ടികളുണ്ട്. എന്റെ മകന് ഗുരുതരമാംവിധം ശ്രദ്ധക്കുറവ് അമിത ചുറുചുറുക്ക് ക്രമക്കേട് (എഡിഎച്ച്ഡി) ഉണ്ട്. ഭാരിച്ച ഉത്തരവാദിത്വത്തിൽ ഉൾപ്പെട്ടിരിക്കുന്ന സമ്മർദം കടുത്തതാണ്. പരിചരണമേകുന്നതിനെ സംബന്ധിച്ച് അടുത്തയിടെ വന്ന ലേഖനങ്ങളിലൂടെ എനിക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്ന നിരാശ, ദേഷ്യം, വിഷാദം, നിസ്സഹായത തുടങ്ങിയ വികാരങ്ങളുടെ കാരണത്തെക്കുറിച്ചു മനസ്സിലാക്കാൻ എനിക്കു സാധിച്ചു. പ്രോത്സാഹജനകമായ ഒരു സംഗതിയും കൂട്ടത്തിൽ പറയട്ടെ, സഭയിലെ പ്രായമേറിയ സഹോദരന്മാർ എന്റെ മകന്റെ പരിപാലനത്തിൽ ഒരു വലിയ സഹായമായി വർത്തിച്ചു. സ്നേഹം പ്രാവർത്തികമാക്കുന്നതു കാണുന്നത് എത്ര ആനന്ദദായകമാണ്!
സി. സി., ഐക്യനാടുകൾ
എന്റെ ഭർത്താവിനു ചിത്തഭ്രമമാണ്. അദ്ദേഹം എന്റെ പരിപാലനത്തെ ആശ്രയിച്ചാണു കഴിയുന്നത്. ആ സാഹചര്യത്തെ വേണ്ടപോലെ കൈകാര്യംചെയ്യാൻ എനിക്കാകുമോ എന്ന ഭയമെനിക്കുണ്ടായിരുന്നു. ലേഖനങ്ങളിൽ ഉദ്ധരിച്ചിരിക്കുന്ന “മിക്കപ്പോഴും യാഥാർഥ്യത്തെക്കാൾ കഷ്ടം എന്തു സംഭവിച്ചേക്കാമെന്ന പേടിയാണ്” എന്ന ജിനിയുടെ വാക്കുകൾ എനിക്കു വളരെയേറെ ധൈര്യം പകർന്നു.
എ. പി., സ്ലൊവാക്യ
ഒരു സമയത്ത് ഞാനും പരിചരണക്കാരിയായിരുന്നു. ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്ന വികാരങ്ങളിൽ മിക്കതും അന്നാളുകളിൽ എനിക്കനുഭവപ്പെട്ടു. മിക്കപ്പോഴും എനിക്കനുഭവപ്പെട്ട ഇച്ഛാഭംഗത്തെയും കുറ്റബോധത്തെയും കുറിച്ചു മറ്റുള്ളവരോടു പറയാൻ എനിക്കു സാധിച്ചില്ല. ഈ ലേഖനങ്ങൾ എന്റെ വികാരങ്ങളെക്കുറിച്ചു ചർച്ചചെയ്യാൻ എന്നെ പ്രാപ്തയാക്കി.
എഫ്. എഫ്., നൈജീരിയ
ഇത്തരം പ്രത്യേക ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുമെന്നു ഞാൻ വിചാരിച്ചതേയില്ല. 1989 മുതൽ എന്റെ അമ്മ കിടപ്പിലാണ്. കൂടപ്പിറപ്പുകളോ അച്ഛനോ ഇല്ലാത്ത ഒറ്റമകനായതിനാൽ അമ്മയ്ക്കുവേണ്ടി കരുതുക എന്നത് എന്റെ ചുമതലയായിത്തീർന്നു. ലേഖന പരമ്പരയുടെ അവസാനത്തെ ഖണ്ഡികയോട്—യഹോവയും യേശുക്രിസ്തുവുമാണ് അനുകമ്പയോടെ പരിചരണമേകുന്നതിന്റെ മകുടോദാഹരണങ്ങൾ എന്നതിനോട്—ഞാൻ തികച്ചും യോജിക്കുന്നു. വളരെ നിരാശാജനകമായ, പിടിച്ചുനിൽക്കാനാവില്ല എന്നു തോന്നിയ അനേകം സാഹചര്യങ്ങളിൽ, ഞാൻ യഹോവയെ പ്രാർഥനയിൽ സമീപിക്കുകയും എന്നെ സഹായിക്കാൻ അപേക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവൻ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായപ്പോൾ ചോർന്നുപോയ ശക്തി മടങ്ങിവരുന്നതുപോലെ എനിക്കു തോന്നി.
എം. എ. എം., പെറു
എന്റെ ഭർത്താവ് ഒരു രോഗിയാണ്. മാസികയിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള വികാരങ്ങളെല്ലാംതന്നെ എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്. സഹോദരീസഹോദരന്മാർ എന്റെ ഭർത്താവിന്റെ രോഗവിവരത്തെക്കുറിച്ച് അന്വേഷിച്ച അനേകം സന്ദർഭങ്ങൾ ഞാനോർമിക്കുന്നു. ‘എന്തുകൊണ്ടാണ് അവരെപ്പോഴും അദ്ദേഹത്തെക്കുറിച്ചു മാത്രം ചോദിക്കുന്നത്? എന്റെ കാര്യം ഒരിക്കലും അന്വേഷിക്കാത്തതെന്തുകൊണ്ട്?’ എന്നൊക്കെ ചിന്തിച്ച്, ചിലപ്പോഴൊക്കെ ഞാൻ അസ്വസ്ഥയാകാറുണ്ട്. അത്തരം വികാരങ്ങൾ സ്വാഭാവികമാണെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.
എം. എ. ഐ. ഐ., സ്പെയിൻ
പഠന തകരാറുകൾ കടുത്ത എഡിഎച്ച്ഡി തകരാറുള്ള ഒരു പത്തുവയസ്സുകാരന്റെ അമ്മയാണു ഞാൻ. “പഠനവൈകല്യങ്ങളുള്ള കുട്ടികൾക്കു സഹായം” (ഫെബ്രുവരി 22, 1997) എന്ന ലേഖന പരമ്പര പ്രസിദ്ധീകരിച്ച ശേഷം അനേകം സുഹൃത്തുക്കൾ, തങ്ങൾ ആ തകരാറിനെക്കുറിച്ചു മനസ്സിലാക്കാനും എന്നെ സഹായിക്കാനും ശ്രമിച്ചിട്ടുണ്ടെങ്കിലും എനിക്കും മകനും അനുഭവപ്പെട്ടതെന്തായിരുന്നുവെന്ന് തങ്ങളൊരിക്കലും പൂർണമായി മനസ്സിലാക്കിയിരുന്നില്ല എന്നു പറഞ്ഞുവെന്നു നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മിക്കവരും തങ്ങൾ ഇനിമേൽ സഹായിക്കാൻ കൂടുതൽ മനസ്സൊരുക്കമുള്ളവരായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. സഭയിലെ ഒരു സഹോദരി എന്റെ മകനോടൊത്ത് ആ ലേഖനം പുനഃപരിശോധിക്കുന്നതിനും അവനെ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി സമയം ചെലവഴിച്ചു. പിന്നീട് എന്റെ മകൻ ആ മാസിക വീണ്ടും വായിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എന്റെ അടുക്കൽ വന്നു.
എൽ. എ. ഡി., ഐക്യനാടുകൾ