പരിചരണമേകുന്നതിലെ വെല്ലുവിളി
“ഈ സാഹചര്യത്തിൽനിന്ന് ഓടിയൊളിക്കാനായിരുന്നെങ്കിൽ എന്നു ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ മുമ്പെന്നത്തെക്കാളധികം അദ്ദേഹത്തിന് എന്റെ ആവശ്യമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ എനിക്കു കടുത്ത ഏകാന്തത അനുഭവപ്പെട്ടിട്ടുണ്ട്.”—മസ്തിഷ്ക ട്യൂമർ നിമിത്തം മരണമടഞ്ഞ, 29 വയസ്സുണ്ടായിരുന്ന ഭർത്താവിനെ 18 മാസത്തോളം പരിചരിച്ച ജിനി.a
“എനിക്കു മമ്മിയോടു ദേഷ്യം തോന്നുന്ന സന്ദർഭങ്ങളുണ്ട്. പിന്നെ എനിക്ക് എന്നോടുതന്നെ വെറുപ്പുതോന്നും. സാഹചര്യത്തെ വിജയകരമായി കൈകാര്യംചെയ്യാൻ സാധിക്കാതെ വരുമ്പോൾ പരാജയമടഞ്ഞെന്ന തോന്നലാണെനിക്ക്.”—90 വയസ്സുണ്ടായിരുന്ന, രോഗശയ്യയിലായിരുന്ന അമ്മയെ പരിചരിച്ച 59 വയസ്സുകാരി റോസ്.
മാരകമായതോ വിട്ടുമാറാത്തതോ ആയ രോഗങ്ങളെക്കുറിച്ചുള്ള വാർത്തകൾ കുടുംബത്തെയും സുഹൃത്തുക്കളെയും ആകെ തളർത്തിയേക്കാം. “രോഗനിർണയത്തിന്റെ സമയത്ത് എല്ലാ കുടുംബങ്ങൾക്കും തങ്ങൾ തനിച്ചാണെന്നു തോന്നും. ഈ പ്രശ്നം ഉണ്ടായിരുന്ന മറ്റാരെയെങ്കിലും കുറിച്ച് അവർക്ക് അറിയില്ലായിരിക്കാം,” കാൻസറുള്ള കുട്ടികൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ജിൻ മുൻ ബ്രാക്കൻ പറയുന്നു. കൂടാതെ, തന്റെ അടുത്ത സുഹൃത്തായ 36 വയസ്സുള്ള ബെറ്റിക്ക് കാൻസറാണെന്നു കണ്ടെത്തിയ എൽസയുടെ കാര്യത്തിലെന്നപോലെ, അവർ മിക്കപ്പോഴും “വിശ്വസിക്കാനാവാതെ സ്തബ്ധരായി നിന്നുപോകും.” സൂവിന്റെ പിതാവ് രോഗബാധിതനായി. അദ്ദേഹം കാൻസർ നിമിത്തം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒടുവിൽ മനസ്സിലാക്കിയപ്പോൾ സൂ “ഞെട്ടിപ്പോയി.”
കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊടുന്നനെ, രോഗിയുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾ നിറവേറ്റുന്ന പരിപാലകരുടെ ധർമം ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നു. പോഷകസമ്പന്നമായ ഭക്ഷണം തയ്യാറാക്കൽ, മരുന്നുകളുടെ കാര്യം നോക്കൽ, ഡോക്ടറുടെ അടുക്കൽ പോകാൻ വണ്ടി ഏർപ്പാടു ചെയ്യൽ, രോഗിയെ കാണാൻ വരുന്നവരെ സത്കരിക്കൽ, രോഗിക്കുവേണ്ടി കത്തെഴുതൽ അങ്ങനെ പലപല കാര്യങ്ങൾ അവർക്കു ചെയ്യേണ്ടതുണ്ടായിരിക്കാം. മിക്കപ്പോഴും അത്തരം കാര്യങ്ങൾ തിരക്കേറിയ പട്ടികയിലേക്കു തിരുകിക്കയറ്റേണ്ടതായി വരുന്നു.
രോഗിയുടെ നില വഷളാകവെ പരിചരണമേകൽ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിത്തീരുന്നു. ഇതിൽ എന്തെല്ലാം ഉൾപ്പെട്ടേക്കാം? “എല്ലാം!” കിടപ്പിലായ തന്റെ സുഹൃത്തിനെക്കുറിച്ച് എൽസ പറയുന്നു. “അവളെ കുളിപ്പിക്കുക, ആഹാരം വാരിക്കൊടുക്കുക, ഛർദിക്കുമ്പോൾ സഹായിക്കുക, മൂത്രം എടുത്തുകളയുക തുടങ്ങി എല്ലാം.” ഒരു മുഴുസമയ ജോലിക്കിടയിലും കാത്തീക്ക് രോഗിണിയായ അമ്മയെ പരിപാലിക്കേണ്ടതുണ്ടായിരുന്നു. മുമ്പു പറഞ്ഞ സൂ, “എല്ലാ അരമണിക്കൂറിലും [പിതാവിന്റെ] പനി നോക്കി രേഖപ്പെടുത്തുക, പനി കൂടുമ്പോൾ അദ്ദേഹത്തിന്റെ ശരീരം തുണി നനച്ചു തുടയ്ക്കുക, മണിക്കൂറുകൾ ഇടവിട്ട് കിടക്കവിരി മാറ്റുക” എന്നീ കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ചു പറയുന്നു.
രോഗിക്കു ലഭിക്കുന്ന പരിചരണത്തിന്റെ ഗുണമേന്മ വലിയൊരളവോളം പരിചരിക്കുന്ന ആളിന്റെ ക്ഷേമത്തെ ആശ്രയിച്ചിരിക്കും. എങ്കിലും, രോഗിയെ ശുശ്രൂഷിക്കുന്ന ആളിന്റെ വികാരങ്ങളും ആവശ്യങ്ങളും മിക്കപ്പോഴും അവഗണിക്കപ്പെടുന്നു. പരിചരണമേകൽക്കൊണ്ടു ശാരീരിക ക്ലേശങ്ങൾ മാത്രമാണു ഫലമെങ്കിൽ അതു വളരെയധികം ബുദ്ധിമുട്ടുളവാക്കും. എങ്കിലും, പരിചരണമേകുന്ന മിക്കയാളുകളും തറപ്പിച്ചുപറയുന്നതുപോലെ, വൈകാരികമായി വലിയ വിലയൊടുക്കിക്കൊണ്ടാണ് അവർ അതു ചെയ്യുന്നത്.
“അതു വല്ലാത്ത നാണക്കേടുണ്ടാക്കി”
“[രോഗിയുടെ] ബുദ്ധിസ്ഥിരതയില്ലായ്മ, നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം, ചീത്തവിളികൾ എന്നിവയിൽനിന്നുളവാകുന്ന വിഷമങ്ങളെക്കുറിച്ചു പഠനങ്ങൾ കൂടെക്കൂടെ വിവരിക്കുന്നു,” ദ ജേർണൽസ് ഓഫ് ജെറോന്റോളജി റിപ്പോർട്ടു ചെയ്യുന്നു. ഉദാഹരണത്തിന്, തന്റെ അമ്മയെ സന്ദർശിക്കാൻ ഒരു ക്രിസ്തീയ യോഗത്തിൽവെച്ച് ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൂട്ടുകാരി വന്നപ്പോഴത്തെ അനുഭവം ഗില്യൻ വിവരിക്കുന്നു. “മിഴിച്ചുനോക്കിയതല്ലാതെ അമ്മയിൽനിന്നു പ്രതികരണമൊന്നുമുണ്ടായില്ല,” ഗില്യൻ ദുഃഖത്തോടെ അനുസ്മരിക്കുന്നു. “അതു വല്ലാത്ത നാണക്കേടുണ്ടാക്കി, എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.”
“സഹിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്നാണത്,” ജോൺ പറയുന്നു. അവരുടെ ഭർത്താവിനു ചിത്തഭ്രമമാണ്. “ഇതു മൂലം അദ്ദേഹത്തിന് ആചാരമര്യാദകൾ അൽപ്പം കുറവാണ്,” അവർ വിവരിക്കുന്നു. “ഞങ്ങൾ മറ്റുള്ളവരോടൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചിലപ്പോഴൊക്കെ അദ്ദേഹം മറ്റു മേശകൾക്കരികിൽ ചെന്ന് ജാം രുചിച്ചു നോക്കും, എന്നിട്ട് ആ ഉപയോഗിച്ച സ്പൂൺ വീണ്ടും ജാമിന്റെ പാത്രത്തിൽത്തന്നെയിടും. ഞങ്ങൾ അയൽക്കാരെ സന്ദർശിക്കുമ്പോൾ, അദ്ദേഹം പൂന്തോട്ടത്തിന്റെ നടപ്പാതയിൽ തുപ്പും. മറ്റുള്ളവർ ഈ സ്വഭാവരീതികളെക്കുറിച്ചു പറയുന്നുണ്ടാവുമല്ലോ, തീരെ മര്യാദയില്ലാത്ത ഒരാളായി അദ്ദേഹത്തെ വീക്ഷിക്കുന്നുണ്ടാകുമല്ലോ എന്നൊക്കെയുള്ള ചിന്തകൾ പിഴുതെറിയുക വളരെ ദുഷ്കരമാണ്. എല്ലാം ഉള്ളിലൊതുക്കാൻ ഞാൻ ആഗ്രഹിച്ചു.”
“ഞങ്ങൾ അശ്രദ്ധ കാട്ടിയാൽ . . . ഞാൻ ഭയന്നു”
ഗുരുതരാവസ്ഥയിൽ കഴിയുന്ന പ്രിയപ്പെട്ട ഒരാളെ പരിചരിക്കുന്നത് ഏറെ ഭീതിജനകമായ ഒരനുഭവമായേക്കാം. രോഗം മൂർച്ഛിക്കുമ്പോൾ എന്തു പറ്റുമെന്നു പരിചരണമേകുന്ന ആൾ ഭയപ്പെട്ടേക്കാം—ഒരുപക്ഷേ പ്രിയപ്പെട്ട വ്യക്തി മരിക്കുമോ എന്നുപോലും. രോഗിയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശക്തിയോ പ്രാപ്തിയോ തനിക്കില്ലെന്നും അയാൾ ഭയപ്പെട്ടേക്കാം.
തന്റെ ഭയത്തിന്റെ കാരണം എൽസ വിവരിക്കുന്നത് ഇങ്ങനെയാണ്: “ഞാൻ ശാരീരികമായി ബെറ്റിയെ മുറിപ്പെടുത്തുമോയെന്ന്, അങ്ങനെ അവളുടെ കഷ്ടപ്പാട് വർധിപ്പിക്കുമോയെന്ന് അല്ലെങ്കിൽ അവളുടെ ആയുസ്സു കുറയ്ക്കുന്ന എന്തെങ്കിലുമൊക്കെ ചെയ്യുമോ എന്നു ഞാൻ ഭയന്നു.”
ചിലപ്പോൾ രോഗിയുടെ ഭയം പരിചരണമേകുന്ന വ്യക്തിയുടെ ഭയമായി മാറുന്നു. “ശ്വാസംമുട്ടലുണ്ടാകുമോ എന്ന് എന്റെ പിതാവിന് ആകെ ഭയമായിരുന്നു, ചിലപ്പോൾ അദ്ദേഹം പരിഭ്രാന്തനാകും,” സൂ പറഞ്ഞു. “ഞങ്ങൾ അശ്രദ്ധ കാട്ടിയാൽ അദ്ദേഹത്തിന് ശ്വാസംമുട്ടലുണ്ടാകുമെന്നും അങ്ങനെ അദ്ദേഹം ഏറ്റവുമധികം ഭയപ്പെടുന്ന ആ സംഗതി അദ്ദേഹത്തിന് അനുഭവപ്പെടുമെന്നും ഞാൻ ഭയന്നു.”
“അവർ എങ്ങനെയിരുന്നവരായിരുന്നു എന്നോർത്ത് നിങ്ങൾ ദുഃഖിച്ചേക്കാം”
“വിട്ടുമാറാത്ത അസുഖമുള്ള പ്രിയപ്പെട്ട ഒരാളെ പരിചരിക്കുന്ന ഒരു വ്യക്തിക്കു ദുഃഖം അനുഭവപ്പെടുക സ്വാഭാവികമാണ്,” ചിത്തഭ്രമമുള്ള ഒരു വ്യക്തിയെ പരിചരിക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “രോഗിയുടെ രോഗം മൂർച്ഛിക്കവേ നിങ്ങൾക്ക് ഒരു സുഹൃത്ത്, വിലപ്പെട്ടതായിരുന്ന ഒരു ബന്ധം നഷ്ടപ്പെട്ടതായി തോന്നിയേക്കാം. അവർ എങ്ങനെയിരുന്നവരായിരുന്നു എന്നോർത്ത് നിങ്ങൾ ദുഃഖിച്ചേക്കാം.”
നാൾക്കുനാൾ വഷളായിക്കൊണ്ടിരുന്ന അമ്മയുടെ ആരോഗ്യസ്ഥിതി തന്റെ കുടുംബത്തെ ബാധിച്ച വിധം ജെനിഫർ വിവരിക്കുന്നു: “ഞങ്ങളെ അതു മുറിപ്പെടുത്തി. അവരുടെ പ്രസരിപ്പുള്ള സംഭാഷണം ഞങ്ങൾക്കു നഷ്ടമായി. ഞങ്ങൾ അതീവ ദുഃഖിതരായി.” ഗില്യൻ വിവരിക്കുന്നു: “അമ്മ മരിക്കരുതെന്നായിരുന്നു എന്റെ ആഗ്രഹം. അവർ കഷ്ടപ്പെടരുതെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാൻ കുറേ കരഞ്ഞു.”
“പുറന്തള്ളപ്പെട്ടതുപോലെ എനിക്കു തോന്നി, ഒപ്പം ദേഷ്യവും”
പരിചരണമേകുന്ന ആൾ ചിന്തിച്ചേക്കാം: ‘എന്തുകൊണ്ട് എനിക്കിതു സംഭവിച്ചു? മറ്റുള്ളവർ എന്താണു സഹായിക്കാത്തത്? എനിക്കിതു ശരിക്കു കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെന്ന് അവർക്കു കാണാൻ കഴിയുന്നില്ലേ? രോഗിക്കു കുറച്ചുകൂടെ സഹകരിക്കാൻ പാടില്ലേ? രോഗിയുടെയും കുടുംബാംഗങ്ങളുടെയും കൂടിക്കൂടിവരുന്ന അന്യായമായ ആവശ്യപ്പെടലുകൾ കൂടെയാകുമ്പോൾ പരിചരണമേകുന്ന വ്യക്തിക്കു ചിലപ്പോഴൊക്കെ വളരെ ദേഷ്യം തോന്നിയേക്കാം. തുടക്കത്തിൽ പരാമർശിച്ച റോസ് പറയുന്നു: “എനിക്കു മിക്കപ്പോഴും ദേഷ്യം എന്നോടുതന്നെയാണ്—അതും ഉള്ളിൽമാത്രം. എന്നാൽ, അതെന്റെ മുഖത്തു പ്രതിഫലിക്കുന്നുണ്ടെന്ന് മമ്മി പറയുന്നു.”
രോഗിയുടെ നിരാശയും ദേഷ്യവും പരിചരിക്കുന്ന ആൾ സഹിക്കേണ്ടതായി വന്നേക്കാം. കാൻസറുമായുള്ള ജീവിതം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ, ഡോ. എർണസ്റ്റ് റോസൻബാവും വിവരിക്കുന്നു: ചില രോഗികൾ “ചിലപ്പോഴെല്ലാം തങ്ങളുടെ ദേഷ്യവും സങ്കടവും ഏറ്റവും അടുത്തുള്ള ആളുടെ നേർക്കു തൊടുത്തുവിട്ടേക്കാം . . . സാധാരണഗതിയിൽ രോഗി ശ്രദ്ധിക്കുകപോലും ചെയ്യുകയില്ലാത്ത നിസ്സാര കാര്യങ്ങളെച്ചൊല്ലിയുള്ള അസ്വാരസ്യമായിരിക്കാം മിക്കപ്പോഴും ദേഷ്യമായി പുറത്തുവരുന്നത്.” ഇതു രോഗിയെ തങ്ങളാലാവുന്ന വിധത്തിൽ പരിചരിക്കുന്ന പ്രിയപ്പെട്ടവരുടെ തലവേദന വർധിപ്പിച്ചേക്കാം എന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ.
ഉദാഹരണത്തിന്, മരിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയെ പ്രശംസനീയമായ വിധത്തിലാണു മരിയ ശുശ്രൂഷിച്ചത്. എങ്കിലും, അവളുടെ കൂട്ടുകാരി കൂടെക്കൂടെ അമിത മനഃക്ഷോഭംപൂണ്ട് തെറ്റായ നിഗമനങ്ങളിലേക്ക് എടുത്തുചാടിയിരുന്നു. “പ്രിയപ്പെട്ടവർക്ക് ബുദ്ധിമുട്ടുളവാക്കുന്നവിധം മുറിപ്പെടുത്തുന്ന രീതിയിൽ അവൾ സംസാരിക്കുമായിരുന്നു,” മരിയ വിവരിക്കുന്നു. ഇതു മരിയയെ ബാധിച്ചത് ഏതു തരത്തിലായിരുന്നു? “ആ സമയത്ത് ഒരാൾ രോഗിയെ ‘മനസ്സിലാക്കു’ന്നതുപോലെ കാണപ്പെടുന്നു. പക്ഷേ, അതിനെക്കുറിച്ചു പിന്നീടു ചിന്തിച്ചപ്പോൾ പുറന്തള്ളപ്പെട്ടതുപോലെ എനിക്കു തോന്നി, ഒപ്പം ദേഷ്യവും അനിശ്ചിതത്വബോധവും—ആവശ്യമായ സ്നേഹം കാണിക്കേണ്ടതില്ലെന്നും എനിക്കു തോന്നി.”
ദ ജേർണൽസ് ഓഫ് ജെറോന്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അഭിപ്രായപ്പെട്ടു: “രോഗിയെ പരിചരിക്കുന്ന സാഹചര്യങ്ങളിൽ കോപം ആർത്തിരമ്പാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ അത് അക്രമത്തിന്റെ രൂപം കൈക്കൊള്ളുന്നു അല്ലെങ്കിൽ ആക്രമിക്കാനുള്ള ചിന്ത മനസ്സിൽ കടന്നുകൂടുന്നു.” പരിചരണമേകുന്നവരിൽ മിക്കവാറും 5-ൽ ഒരാൾ വീതം താൻ അക്രമാസക്തനാകുമെന്നു ഭയപ്പെടുന്നതായി ഗവേഷകർ കണ്ടെത്തി. 20-ൽ ഒന്നിലധികം പേർ വീതം വാസ്തവത്തിൽ അക്രമാസക്തരാകുകതന്നെ ചെയ്തത്രേ.
“എനിക്കു കുറ്റബോധം തോന്നുന്നു”
പരിചരണമേകുന്ന പലരേയും കുറ്റബോധം പിടികൂടുന്നു. ചിലപ്പോൾ ദേഷ്യത്തെ തുടർന്നായിരിക്കും കുറ്റബോധം ഉണ്ടാകുന്നത്. അതായത്, ചിലപ്പോഴെല്ലാം ദേഷ്യം തോന്നുന്നതുകൊണ്ടാണ് അവർക്കു കുറ്റബോധം ഉണ്ടാകുന്നത്. അത്തരം വികാരങ്ങൾ, തങ്ങൾക്ക് ഇനി ഇതു തുടരാനാവില്ലെന്നു വിചാരിക്കുന്നതിലേക്ക് അവരെ കൊണ്ടെത്തിച്ചേക്കാം.
ചില സാഹചര്യങ്ങളിൽ, രോഗിയെ പരിചരിക്കാൻ ഒരു സ്ഥാപനത്തിൽ അല്ലെങ്കിൽ ആശുപത്രിയിൽ കൊണ്ടാക്കുകയല്ലാതെ വേറൊരു പോംവഴിയുമുണ്ടാകുകയില്ല. പരിചരണമേകുന്ന വ്യക്തിക്കു വളരെയധികം വൈകാരികക്ഷതമേൽപ്പിക്കുന്ന വേദനാജനകമായ ഒരു തീരുമാനമായിരിക്കും ഇത്. “ഒടുവിൽ, അമ്മയെ ആതുരാലയത്തിൽ കൊണ്ടാക്കുകയല്ലാതെ വേറൊരു പോംവഴിയുമില്ലെന്നായപ്പോൾ ഞാൻ അവരെ ചതിക്കുകയാണെന്ന്, ഉപേക്ഷിക്കുകയാണെന്ന് എനിക്കു തോന്നി,” ജിൻ പറയുന്നു.
രോഗിയെ ആശുപത്രിയിലാക്കിയാലും ഇല്ലെങ്കിലും അയാളുടെ പ്രിയപ്പെട്ടവർക്ക്, തങ്ങൾ അയാൾക്കു വേണ്ടുന്നതു ചെയ്യുന്നില്ലെന്ന കുറ്റബോധം തോന്നിയേക്കാം. എൽസ പറഞ്ഞു: “സമയം തീരെ പരിമിതമാണല്ലോ എന്നോർത്ത് എനിക്കു മിക്കപ്പോഴും വിഷമം തോന്നി. ചിലപ്പോൾ എന്റെ കൂട്ടുകാരി എന്നെ പോകാൻ അനുവദിക്കില്ല.” മറ്റു കുടുംബ ഉത്തരവാദിത്വങ്ങൾ അവഗണിക്കുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയും പരിചരണമേകുന്ന വ്യക്തിക്ക് ഉണ്ടായിരിക്കും. ആശുപത്രിയിൽ ഏറെ സമയം ചെലവഴിക്കുകയോ രോഗിയുടെ ചികിത്സയുടെ വർധിച്ചുവരുന്ന ചെലവു വഹിക്കാൻ ദീർഘനേരം ജോലി ചെയ്യുകയോ ചെയ്യേണ്ടതുണ്ടെങ്കിൽ പ്രത്യേകിച്ചും. “ചെലവുകൾ വഹിക്കാൻ എനിക്കു ജോലി ചെയ്യണം,” ഒരമ്മ പരിതപിക്കുന്നു. “എങ്കിലും എനിക്കു കുറ്റബോധം തോന്നുന്നു. കാരണം എന്റെ കുട്ടികളെ ശ്രദ്ധിക്കാൻ എനിക്കു കഴിയുന്നില്ല.”
പരിചരണമേകുന്ന വ്യക്തിക്കു വളരെയധികം സഹായം ആവശ്യമാണെന്നതു വ്യക്തമാണ്, വിശേഷിച്ച് അയാൾ പരിചരിച്ചിരുന്ന രോഗിയുടെ മരണശേഷം. “[രോഗിയുടെ മരണശേഷം] എന്റെ ഏറ്റവും പ്രയാസകരമായ ഉത്തരവാദിത്വം . . . രോഗിയെ പരിചരിച്ചിരുന്ന വ്യക്തിയുടെ കുറ്റബോധം നീക്കം ചെയ്യുക എന്നതാണ്. മിക്കപ്പോഴും രോഗിയെ പരിചരിക്കുന്നവർ അതിനെക്കുറിച്ചു പുറത്തുപറയാറില്ല,” ന്യൂയോർക്കിലെ ഹണ്ടിങ്ടണിലുള്ള ഡോ. ഫ്രെഡ്രിക് ഷർമൻ പറയുന്നു.
ഈ തോന്നലുകൾ പുറത്തുപറയാതിരുന്നാൽ അതു പരിചരണമേകുന്ന വ്യക്തിക്കും രോഗിക്കും ദോഷം ചെയ്തെന്നുവരാം. അപ്പോൾ, ഈ തോന്നലുകളെ വിജയകരമായി കൈകാര്യം ചെയ്യാൻ തക്കവണ്ണം പരിചരണമേകുന്ന വ്യക്തിക്ക് എന്തു ചെയ്യാനാകും? മറ്റുള്ളവർക്ക്—കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും—അവരെ സഹായിക്കാൻ തക്കവണ്ണം എന്തു ചെയ്യാനാകും?
[അടിക്കുറിപ്പ്]
a ചില പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
[5-ാം പേജിലെ ചതുരം]
അവരെ നിസ്സാരരായി കാണരുത്!
“ഭവനങ്ങളിൽ പ്രായംചെന്നവരെ പരിചരിക്കുന്നവരിൽ 80 ശതമാനവും സ്ത്രീകളാണെന്നു ഞങ്ങൾക്കറിയാം,” ന്യൂയോർക്കിലുള്ള മൗണ്ട് സൈനായ് മെഡിക്കൽ സ്കൂളിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹപ്രൊഫസറായ മിർന ലൂയിസ് പറയുന്നു.
ദ ജേർണൽസ് ഓഫ് ജെറോന്റോളജിയിൽb പ്രസിദ്ധീകരിച്ചിരുന്ന, പരിചരണമേകുന്ന സ്ത്രീകളെപ്പറ്റിയുള്ള ഒരു പഠനം, ആ സ്ത്രീകളിൽ 61 ശതമാനം കുടുംബത്തിൽനിന്നോ സുഹൃത്തുക്കളിൽനിന്നോ സഹായമൊന്നും ലഭിക്കുന്നില്ലെന്നു റിപ്പോർട്ടു ചെയ്തതായി കാണിച്ചു. കൂടാതെ, പകുതിയിലേറെ (57.6 ശതമാനം) പേർ, തങ്ങൾക്കു ഭർത്താക്കന്മാരിൽനിന്നു മതിയായ വൈകാരിക പിന്തുണ ലഭിച്ചില്ലെന്നു പറഞ്ഞു. പരിചരണത്തിലധികവും മാതാവ് ഏറ്റെടുക്കുമ്പോൾ “പിതാവ് തന്റെ ജോലിയിൽ വ്യാപൃതനായേക്കാം” എന്ന് കാൻസറുള്ള കുട്ടികൾ എന്ന പുസ്തകത്തിൽ ജിൻ മുൻ ബ്രാക്കൻ ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും, രോഗികളെ പരിചരിക്കുന്നതിൽ പുരുഷന്മാർ നല്ലൊരു പങ്കു വഹിക്കുന്നുണ്ടെന്ന് ഡോ. ലൂയിസ് പറയുന്നു. ഉദാഹരണത്തിന്, ഭാര്യമാർക്ക് അൽഷൈമേഴ്സ് രോഗമുള്ള ഒട്ടേറെ ഭർത്താക്കന്മാരുണ്ട്. രോഗിയായ പ്രിയപ്പെട്ട ഒരാളെ പരിചരിക്കുന്നതിലെ പിരിമുറുക്കങ്ങളിൽനിന്ന് അവർ തീർച്ചയായും ഒഴിവുള്ളവരല്ല. “ഇത്തരം ആളുകളായിരിക്കാം മറ്റുള്ളവരെക്കാൾ ബുദ്ധിമുട്ടു സഹിക്കുന്നത്,” ലൂയിസ് തുടരുന്നു, “കാരണം, അവർ സാധാരണഗതിയിൽ ഭാര്യമാരെക്കാൾ പ്രായമുള്ളവരും മോശമായ ആരോഗ്യസ്ഥിതിയുള്ളവരും ആയിരുന്നേക്കാം. . . . അവരിൽ ഒട്ടുമിക്കവരും പരിചരണമേകുന്നതിന്റെ പ്രായോഗിക വശങ്ങളിൽ പരിശീലനം സിദ്ധിച്ചവരായിരിക്കില്ല.”
വെല്ലുവിളിയെ നന്നായി കൈകാര്യം ചെയ്യുന്ന ഒരു കുടുംബാംഗത്തിന്റെമേൽ ഭാരം കെട്ടിവെക്കാനുള്ള പ്രവണതയ്ക്കെതിരെ കുടുംബങ്ങൾ ജാഗ്രത പുലർത്തണം. “മിക്കപ്പോഴും, ഒരു പ്രത്യേക കുടുംബാംഗമാണ് പരിചരിക്കുന്ന ജോലി ഏറ്റെടുക്കുന്നത്. ചിലപ്പോൾ നിരവധി പേരെപോലും ആ വ്യക്തിക്കു പരിചരിക്കേണ്ടതായി വരുന്നു,” പരിചരണമേകുന്ന വ്യക്തിക്കു ശ്രദ്ധനൽകൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “ഇവരിൽ ഒരു വലിയ ഭാഗം, പ്രായംചെന്നുകൊണ്ടിരിക്കുന്ന സ്ത്രീകളാണ്. . . . മിക്കപ്പോഴും സ്ത്രീകളെ ‘സ്വാഭാവിക’ പരിചരണക്കാരായിട്ടാണു കണക്കാക്കുന്നത് . . . എന്നാൽ കുടുംബങ്ങളും സുഹൃത്തുക്കളും ഇതൊരിക്കലും നിസ്സാരമായി കാണരുത്.”
[അടിക്കുറിപ്പ്]
b “വാർധക്യം പ്രാപിക്കുന്നതിനെയും വാർധക്യസഹജമായ പ്രശ്നങ്ങളെയും കുറിച്ചുള്ള വിജ്ഞാനം” എന്നു ജെറോന്റോളജി നിർവചിക്കപ്പെട്ടിരിക്കുന്നു.
[6-ാം പേജിലെ ചിത്രം]
കുറ്റബോധവും ദേഷ്യവും തരണം ചെയ്യാൻ പരിചരണമേകുന്നവർക്കു പിന്തുണ ആവശ്യമാണ്