പരിചരണമേകുന്ന വ്യക്തിയോടു കരുതൽ പ്രകടമാക്കൽ മറ്റുള്ളവർക്കു സഹായിക്കാനാകുന്ന വിധം
“ലോറീയും ഞാനും വിവാഹിതരായിട്ട് 55 വർഷമായി. ഒരു ദീർഘ കാലഘട്ടം. എത്ര സന്തോഷകരമായ വർഷങ്ങളായിരുന്നെന്നോ അത്! അദ്ദേഹത്തെ വീട്ടിൽത്തന്നെ നിറുത്താൻ സാധിക്കുമായിരുന്നെങ്കിൽ ഞാൻ അതു ചെയ്യുമായിരുന്നു. പക്ഷേ എന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. ഒടുവിൽ അദ്ദേഹത്തെ ഒരു ആതുരാലയത്തിലേക്കു പറഞ്ഞയയ്ക്കാൻ വേണ്ട ഏർപ്പാടുകൾ എനിക്കു ചെയ്യേണ്ടതായി വന്നു. ഇതു വിവരിക്കുമ്പോഴത്തെ വൈകാരിക വേദന എനിക്കു സഹിക്കാവുന്നതിലപ്പുറമാണ്. ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു, ആഴമായി ബഹുമാനിക്കുന്നു. എന്നാലാകും വിധം കൂടെക്കൂടെ അദ്ദേഹത്തെ ഞാൻ സന്ദർശിക്കുന്നുണ്ട്. ശാരീരികമായി, എനിക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയില്ല.”—78 വയസ്സുള്ള അന്ന. അൽഷൈമേഴ്സ് രോഗമുള്ള ഭർത്താവിനെ പത്തു വർഷത്തിലേറെയും ഡൗൺസ് സിൻഡ്രോമുള്ള മകളെ കഴിഞ്ഞ 40 വർഷത്തോളവും അവർ പരിചരിച്ചിട്ടുണ്ട്.a
അന്നയുടേത് ഒരസാധാരണ സംഭവമല്ല. “ചില പ്രായപരിധികളിൽപ്പെട്ട (40-കളിലും 50-കളിലും) മൊത്തം സ്ത്രീകളിൽ രണ്ടിലൊരാൾ വീതം പരിചരണമേകുന്നവരാണ്” എന്ന് ബ്രിട്ടീഷ് ദ്വീപുകളിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. മുമ്പ് ചർച്ച ചെയ്തതുപോലെ പരിചരണമേകുന്നവർ നേരിടുന്ന വൈകാരിക പ്രക്ഷുബ്ധതയും പ്രശ്നങ്ങളും ചിലപ്പോൾ താങ്ങാവുന്നതിലുമപ്പുറമാണെന്നു തോന്നിയേക്കാം.
“പരിചരണമേകുന്നവരിൽ ഏതാണ്ട് 50 ശതമാനത്തിനെങ്കിലും പരിചരണത്തിന്റെ ആദ്യത്തെ വർഷം വിഷാദം അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്നു ഞാൻ കരുതുന്നു,” അമേരിക്കൻ ജെറിയാട്രിക്സ് സൊസൈറ്റിയിലെ ഡോ. ഫ്രെഡ്രിക് ഷർമൻ പറയുന്നു. അന്നയെപ്പോലെ പ്രായമേറിയവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കുറഞ്ഞുവരുന്ന ശക്തിയും ക്ഷയിച്ചുവരുന്ന ആരോഗ്യവും സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതു വളരെയധികം പ്രയാസകരമാക്കിയേക്കാം.
തങ്ങളുടെ ഉത്തരവാദിത്വങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുന്നതിനു പരിചരണമേകുന്നവരെ സഹായിക്കാൻ നാം അവരുടെ ആവശ്യങ്ങളെക്കുറിച്ചു ബോധമുള്ളവരായിരിക്കണം. ആ ആവശ്യങ്ങൾ എന്തൊക്കെയാണ്? നമുക്ക് അവയോട് എങ്ങനെ പ്രതികരിക്കാൻ കഴിയും?
പരിചരണമേകുന്നവർ സംസാരിക്കേണ്ട ആവശ്യമുണ്ട്
“എനിക്കെന്റെ ചുമടൊന്ന് ഇറക്കി വെക്കേണ്ട ആവശ്യമുണ്ടായിരുന്നു,” മരിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയെ പരിചരിച്ചിരുന്ന ഒരു സ്ത്രീ പറഞ്ഞു. മുൻ ലേഖനത്തിൽ കാണിച്ചിരുന്നതുപോലെ സഹാനുഭൂതിയുള്ള ഒരു സുഹൃത്തിനോടു പ്രശ്നങ്ങളെക്കുറിച്ചു പറയാൻ സാധിക്കുന്നെങ്കിൽ അവയെ നേരിടാനും കൈകാര്യം ചെയ്യാനും എളുപ്പമായിരിക്കും. തങ്ങളുടെ സാഹചര്യങ്ങളിൽ കുടുങ്ങിപ്പോയതായി തോന്നുന്ന, പരിചരണമേകുന്ന അനേകരും തങ്ങളുടെ സ്ഥിതിയെക്കുറിച്ചു തുറന്നു പറയുന്നത്, തങ്ങളുടെ വികാരങ്ങളെ വ്യക്തമാക്കുന്നതിനും ഉള്ളിൽ കെട്ടിക്കിടക്കുന്ന സമ്മർദത്തിന് അയവുവരുത്തുന്നതിനും സഹായിക്കുന്നതായി കണ്ടെത്തുന്നു.
“ഞങ്ങൾ ഇരുവർക്കും ധാർമിക പിന്തുണ ആവശ്യമാണെന്നു സുഹൃത്തുക്കൾ തിരിച്ചറിഞ്ഞപ്പോൾ ഞാൻ അതു വിലമതിച്ചു,” ഭർത്താവിനെ പരിചരിച്ചിരുന്ന സമയത്തെക്കുറിച്ചു ജിനി അനുസ്മരിക്കുന്നു. പരിചരിക്കുന്നവർക്കു പ്രോത്സാഹനവും കരയുമ്പോൾ താങ്ങാൻ ഒരു ചുമലും ആവശ്യമാണെന്ന് അവർ വിശദമാക്കുന്നു. രോഗിയായ അളിയനെ ശുശ്രൂഷിക്കുന്നതിൽ സഹായിച്ചിരുന്ന യാൽമർ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ഞാൻ ഭയപ്പെടുന്ന കാര്യങ്ങളെയും പ്രശ്നങ്ങളെയും കുറിച്ചു കേൾക്കാൻ കഴിയുന്ന, എന്റെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ആരെയെങ്കിലും എനിക്കു വേണമായിരുന്നു.” അടുത്ത ഒരു സുഹൃത്തിനെക്കുറിച്ചു യാൽമർ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “വെറും അരമണിക്കൂർ നേരത്തേക്കാണെങ്കിലും അദ്ദേഹത്തെ സന്ദർശിക്കുന്നതു വളരെ ഉന്മേഷദായകമായിരുന്നു. ഞാൻ പറയുന്നത് അദ്ദേഹം ശ്രദ്ധിച്ചുകേൾക്കും. അദ്ദേഹം ശരിക്കും കരുതലുള്ളവനായിരുന്നു. അതിനുശേഷം എനിക്ക് ഉന്മേഷം കൈവരുമായിരുന്നു.”
പരിചരണമേകുന്നവർക്ക്, തങ്ങളെ മനസ്സിലാക്കാൻ കഴിവുള്ള, തങ്ങൾ പറയുന്നതു ശ്രദ്ധിക്കുന്ന ഒരു വ്യക്തിയിൽനിന്നു വളരെയധികം പ്രോത്സാഹനം കൈവരിക്കാൻ സാധിക്കും. “കേൾപ്പാൻ വേഗതയും പറവാൻ താമസവും ഉള്ളവർ ആയിരി”ക്കാൻ ബൈബിൾ ബുദ്ധിപൂർവം ഉപദേശിക്കുന്നു. (യാക്കോബ് 1:19) “യഥാർഥ ആശ്വാസം പ്രദാനം ചെയ്യാൻ, പിന്തുണ ലഭ്യമാണെന്ന് അറിയുന്നതു മാത്രം മതിയാകും” എന്ന് ദ ജേർണൽസ് ഓഫ് ജെറന്റോളജിയിലെ ഒരു റിപ്പോർട്ടു വെളിപ്പെടുത്തി.
എങ്കിലും, കേൾക്കാൻ ഒരുക്കമുള്ള ചെവിക്കും ധാർമിക പിന്തുണയ്ക്കും പുറമേ രോഗികളെ പരിചരിക്കുന്നവർക്ക് എന്താണ് ആവശ്യമായിരിക്കുന്നത്?
പ്രായോഗിക സഹായം പ്രദാനം ചെയ്യൽ
“സ്നേഹവും പ്രോത്സാഹനവും ഏതു മാധ്യമത്തിലൂടെ പ്രകടിപ്പിച്ചാലും രോഗിയും കുടുംബവും അതിൽനിന്നു പ്രയോജനം അനുഭവിക്കും,” ഡോ. എർണസ്റ്റ് റോസൻബാവും പറയുന്നു. തുടക്കത്തിൽ അത്തരം “സ്നേഹവും പ്രോത്സാഹനവും” വ്യക്തിപരമായ സന്ദർശനത്തിലൂടെയോ ഫോണിലൂടെയോ ഹ്രസ്വമായ ഒരു കുറിപ്പിലൂടെയോ (സാധിക്കുമെങ്കിൽ അതോടൊപ്പം പുഷ്പങ്ങളോ മറ്റ് സമ്മാനങ്ങളോ നൽകാം) പ്രകടമാക്കാവുന്നതാണ്.
“ഞങ്ങളുടെ സുഹൃത്തുക്കളുടെ ഹ്രസ്വ സന്ദർശനങ്ങൾ ആശ്വാസദായകമായിരുന്നു.” ഹോഡ്ജ്കിൻസ് രോഗം മൂലം പിതാവ് മരിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ കുടുംബത്തിനു ലഭിച്ച പിന്തുണയെക്കുറിച്ചു സൂ അനുസ്മരിക്കുന്നു. “എന്റെ സുഹൃത്തുക്കളിലൊരാൾ ഫോൺ വിളികൾക്കു മറുപടി നൽകുകയും ഞങ്ങളുടെയെല്ലാം വസ്ത്രങ്ങൾ അലക്കിത്തേക്കാൻ സഹായിക്കുകയും ചെയ്തു.”
പരിചരണമേകുന്നവർക്കുള്ള പിന്തുണയിൽ നിശ്ചിതവും വാസ്തവികവുമായ പിന്തുണ ഉൾപ്പെടുത്താൻ കഴിയും, അതു ചെയ്യേണ്ടതാണുതാനും. എൽസ അനുസ്മരിക്കുന്നു: “സുഹൃത്തുക്കൾ പ്രായോഗിക പിന്തുണ വാഗ്ദാനം ചെയ്തതു സഹായകമായി ഞാൻ കണ്ടെത്തി. ‘ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ എന്നെ അറിയിക്കുക’ എന്നു വെറുതെ പറയുകയല്ല അവർ ചെയ്തത്. മറിച്ച്, അവർ പറഞ്ഞത് ഇങ്ങനെയാണ്: ‘ഞാൻ ഷോപ്പിങ്ങിനു പോകുകയാണ്. ഞാൻ എന്താണു കൊണ്ടുവരേണ്ടത്?’ ‘ഞാൻ നിന്റെ പൂന്തോട്ടം പരിപാലിച്ചോട്ടെ?’ ‘രോഗിയുടെ കൂടെ ഇരിക്കാനും അവരെ പുസ്തകം വായിച്ചുകേൾപ്പിക്കാനും എനിക്കിപ്പോൾ കഴിയും.’ രോഗിണിയായ സുഹൃത്ത് ക്ഷീണിച്ചിരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്ന സമയത്തു സന്ദർശകരെക്കൊണ്ട് ഒരു നോട്ടുപുസ്തകത്തിൽ സന്ദേശം എഴുതിക്കാൻ വേണ്ട ഏർപ്പാടു ചെയ്തതും പ്രായോഗികമായ ഒരു സംഗതിയാണെന്നു ഞങ്ങൾ കണ്ടെത്തി. അതു ഞങ്ങൾക്കെല്ലാം വളരെ ആനന്ദമേകി.”
സഹായം വാഗ്ദാനം ചെയ്യുന്നതിൽ അനേകം ഗൃഹജോലികളിൽ ഏതെങ്കിലും ഒന്ന് ഉൾപ്പെടുത്താവുന്നതാണ്. റോസ് വിവരിക്കുന്നു: “കിടക്ക വിരിക്കുക, രോഗിക്കുവേണ്ടി എഴുത്തുകൾ എഴുതുക, രോഗിയുടെ സന്ദർശകരെ സത്കരിക്കുക, മരുന്നു വാങ്ങുക, രോഗിയുടെ മുടി കഴുകി അതു കെട്ടിക്കൊടുക്കുക, പാത്രങ്ങൾ കഴുകുക എന്നിങ്ങനെയുള്ള കാര്യങ്ങളിലൊക്കെയുള്ള സഹായം ഞാൻ വിലമതിച്ചു.” മാറിമാറി രോഗിക്കു ഭക്ഷണം പാകംചെയ്തുകൊണ്ടും കുടുംബത്തിനും സുഹൃത്തുക്കൾക്കും പരിചരണമേകുന്ന വ്യക്തിയെ സഹായിക്കാവുന്നതാണ്.
ഉചിതമായ സന്ദർഭങ്ങളിൽ ശുശ്രൂഷയുടെ അടിസ്ഥാന വശങ്ങളിൽ സഹായിക്കുന്നതും പ്രായോഗികമാണ്. ഉദാഹരണത്തിന്, രോഗിയെ ഊട്ടുന്നതിലും കുളിപ്പിക്കുന്നതിലും പരിചരണമേകുന്ന വ്യക്തിക്കു സഹായം ആവശ്യമായിരിക്കാം.
ബന്ധപ്പെട്ട കുടുംബാംഗങ്ങളും സുഹൃത്തുക്കളും അസുഖത്തിന്റെ ആരംഭത്തിൽ പ്രായോഗിക സഹായങ്ങൾ നൽകിയേക്കാം. എന്നാൽ രോഗം നീണ്ടുനിൽക്കുന്നെങ്കിലോ? നമ്മുടെ തിരക്കേറിയ പട്ടികയിൽ മുഴുകിയിരുന്നാൽ നടക്കുന്നതെന്താണെന്നു നാം എളുപ്പം മറന്നുപോയേക്കാമെന്നു മാത്രമല്ല, രോഗിയെ പരിചരിക്കുന്ന ആൾ നേരിടുന്ന, നിലയ്ക്കാത്ത—ഒരുപക്ഷേ കുന്നുകൂടിയേക്കാവുന്ന—സമ്മർദത്തെ വർധിപ്പിക്കുകയും ചെയ്തേക്കാം. അനിവാര്യമായ പിന്തുണ കുറഞ്ഞുപോകുന്നത് എത്ര ദുഃഖകരമായിരിക്കും!
അങ്ങനെ സംഭവിക്കുന്നെങ്കിൽ പരിചരണമേകുന്ന വ്യക്തി, രോഗിയുടെ പരിചരണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ഒരു കുടുംബയോഗം വിളിച്ചുകൂട്ടുന്നത് ഉചിതമായിരിക്കും. പിന്തുണയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ച സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം തേടാൻ മിക്കപ്പോഴും സാധിക്കും. സൂവും കുടുംബവും ചെയ്തത് അതുതന്നെയായിരുന്നു. “ആവശ്യം വന്നപ്പോൾ, സഹായിക്കാമെന്നു വാഗ്ദാനം ചെയ്തവരെ ഓർമിച്ച്, ഞങ്ങൾ അവർക്കു ഫോൺ ചെയ്തു. അവരോടു സഹായം ആവശ്യപ്പെടാമെന്നു ഞങ്ങൾക്കു തോന്നി,” അവൾ പറയുന്നു.
അവർക്കു വിശ്രമം നൽകൂ
“അത് തികച്ചും അനിവാര്യമാണ്. അതായത്, വിട്ടുമാറാത്ത അസുഖമുള്ള ഒരു രോഗിയെ ഇരുപത്തിനാലു മണിക്കൂറും പരിചരിക്കുന്നതിൽനിന്നു ‘വിട്ടുനിൽക്കു’വാൻ സാധിക്കുന്നത്, ഇരുവർക്കും [പരിചരണമേകുന്ന ആൾക്കും] [രോഗിക്കും] അനിവാര്യമാണ്. . . . ആരെയെങ്കിലും തുടർന്നും പരിചരിക്കാൻ സാധിക്കേണ്ടതിന് ചെയ്യാൻ കഴിയുന്ന പ്രധാന സംഗതികളിലൊന്നാണു [രോഗിയെ] പരിചരിക്കുന്നതിൽനിന്നു വിട്ടുനിൽക്കുന്നത്” എന്ന് 36-മണിക്കൂറുള്ള ദിവസം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. പരിചരണമേകുന്നവർ ഇതിനോടു യോജിക്കുന്നുണ്ടോ?
“തീർച്ചയായും,” കാൻസർനിമിത്തം മരിച്ചുകൊണ്ടിരുന്ന അടുത്ത സുഹൃത്തിനെ പരിചരിക്കുന്നതിൽ സഹായിച്ചിരുന്ന മരിയ പ്രതിവചിക്കുന്നു. “സമയാസമയം എനിക്കൊരു ‘ഇടവേള ആവശ്യമായിരുന്നു.’ പരിചരണം കുറച്ചുസമയത്തേക്കു മറ്റാരെങ്കിലും ഏറ്റെടുക്കേണ്ടതും ആവശ്യമായിരുന്നു.” അൽഷൈമേഴ്സ് രോഗമുള്ള ഭർത്താവിനെ പരിചരിച്ചിരുന്ന ജോണിനും ഇതേ അഭിപ്രായംതന്നെയാണ്. “ഇടയ്ക്കിടെ ഇടവേള വേണമെന്നുള്ളതാണു ഞങ്ങളുടെ ഏറ്റവും വലിയ ആവശ്യം.”
എങ്കിലും, തങ്ങളുടെ ഉത്തരവാദിത്വത്തിന്റെ സമ്മർദങ്ങളിൽനിന്ന് അവർക്കൊരു ഇടവേള എങ്ങനെ ലഭിക്കും? പ്രായമായ മാതാപിതാക്കളെ പരിചരിച്ചിരുന്ന ജെനിഫർ തനിക്ക് എങ്ങനെയാണ് ആശ്വാസം ലഭിച്ചതെന്നു സൂചിപ്പിക്കുന്നു: “കുടുംബസുഹൃത്ത് ചിലപ്പോഴൊക്കെ ഞങ്ങൾക്കു വിശ്രമം നൽകാനായി ഒരു ദിവസത്തേക്ക് അമ്മയെ കൊണ്ടുപോകുമായിരുന്നു.”
പ്രായോഗികമാണെങ്കിൽ രോഗിയെ കുറച്ചുകാലത്തേക്കു നിങ്ങളുടെകൂടെ കൊണ്ടുപോയാൽ പരിചരിക്കുന്ന ആൾക്ക് അൽപ്പം വിശ്രമമേകാൻ നിങ്ങൾക്കു കഴിയും. ജോൺ പറയുന്നു: “ഇടയ്ക്കെല്ലാം എനിക്കു തനിച്ചായിരിക്കാൻ കഴിയുംവിധം ആരെങ്കിലും എന്റെ ഭർത്താവിനെ പുറത്തേക്കു കൊണ്ടുപോകുന്നത് ഉന്മേഷദായകമായി എനിക്കു തോന്നുന്നു. കാരണം എനിക്ക് എപ്പോഴെങ്കിലുമൊക്കെ വെറുതെയിരിക്കാമല്ലോ.” അല്ലെങ്കിൽ, രോഗിയോടൊപ്പം അയാളുടെ വീട്ടിൽ സമയം ചെലവഴിക്കാൻ സാധിക്കും. ഏതെങ്കിലും രീതിയിൽ, രോഗിയെ പരിചരിക്കുന്ന വ്യക്തിക്ക് അനിവാര്യമായ വിശ്രമം ലഭിക്കാൻ അവസരമൊരുക്കുക.
എന്നിരുന്നാലും, പരിചരണമേകുന്ന ആളുകൾക്കു വിശ്രമിക്കാൻ എപ്പോഴും എളുപ്പത്തിൽ സാധിക്കില്ല എന്നതു മനസ്സിൽ പിടിക്കുക. പ്രിയപ്പെട്ട ആളിന്റെ അരികിൽനിന്നു മാറിപ്പോകുന്നതിൽ അവർക്കു കുറ്റബോധം തോന്നിയേക്കാം. “സാഹചര്യത്തിൽനിന്നു വിട്ടുമാറി വിനോദത്തിലേർപ്പെടാനോ വിശ്രമിക്കാനോ എളുപ്പമല്ല,” യാൽമർ സമ്മതിക്കുന്നു. “എപ്പോഴും ഞാനവിടെ ഉണ്ടായിരിക്കണമെന്ന് എനിക്കു തോന്നി.” അളിയന് അധികം ശ്രദ്ധ നൽകേണ്ടതില്ലാഞ്ഞ സാഹചര്യങ്ങളിൽ വിട്ടുനിന്നപ്പോൾ യാൽമറിനു വലിയ മനസ്സമാധാനം അനുഭവപ്പെട്ടു. മറ്റുചിലർ തങ്ങളുടെ പ്രിയപ്പെട്ട ആളെ ഏതാനും മണിക്കൂറുകൾ മുതിർന്നവർക്കായുള്ള പകൽ-പരിചരണ കേന്ദ്രത്തിൽ നോക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.
എല്ലാ രോഗങ്ങളുടെയും അന്തം
ഗുരുതരമായ രോഗം ബാധിച്ച പ്രിയപ്പെട്ട ഒരാളെ പരിചരിക്കുന്നത് തീർച്ചയായും വലിയ ഒരു ഉത്തരവാദിത്വമാണ്. എങ്കിലും, പ്രിയപ്പെട്ട ഒരാളെ പരിചരിക്കുന്നത് അർഥവത്തും സംതൃപ്തിദായകവുമായ ഒരു സംഗതിയാണ്. ഇതു മൂലം കുടുംബവും സുഹൃത്തുക്കളുമായുള്ള ഒരു ശക്തമായ ബന്ധം വികാസം പ്രാപിക്കുന്നതായി ഗവേഷകരും അതുപോലെതന്നെ രോഗിയെ പരിചരിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു. പരിചരണമേകുന്നവർ ഒട്ടുമിക്കപ്പോഴും പുതിയ ഗുണങ്ങളും കഴിവുകളും പഠിക്കുന്നു. അതുപോലെതന്നെ, പലരും ആത്മീയ പ്രയോജനങ്ങളും അനുഭവിക്കുന്നു.
സർവ പ്രധാനമായി, യഹോവയും അവന്റെ പുത്രനായ യേശുക്രിസ്തുവും അനുകമ്പയോടെ പരിചരണമേകുന്നതിന്റെ മകുടോദാഹരണങ്ങളാണ്. എല്ലാ രോഗങ്ങളുടെയും കഷ്ടപ്പാടുകളുടെയും മരണത്തിന്റെയും അന്ത്യം വളരെ അടുത്താണെന്ന് ബൈബിൾ പ്രവചനം ഉറപ്പേകുന്നു. താമസിയാതെ, മനുഷ്യന്റെ കരുതലുള്ളവനായ സ്രഷ്ടാവ് ഭൂമിയിലെ നീതിമാന്മാരായ നിവാസികളെ പൂർണ സന്തോഷമുള്ള, ആരോഗ്യമുള്ള ഒരു പുതിയ ലോകത്തിൽ നിത്യജീവൻ നൽകി അനുഗ്രഹിക്കും. അവിടെ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24; വെളിപ്പാടു 21:4.
[അടിക്കുറിപ്പ്]
a ഈ ലേഖനത്തിലുള്ള ചില പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
[11-ാം പേജിലെ ആകർഷകവാക്യം]
രോഗിയുടെ ക്ഷേമം നിങ്ങളുടെ ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു
[12-ാം പേജിലെ ആകർഷകവാക്യം]
നല്ല സുഹൃത്തുക്കളുടെ പിന്തുണ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനു നിങ്ങളെ സഹായിക്കും
[12-ാം പേജിലെ ചതുരം]
പരിചരണമേകൽ പ്രതിഫലദായകമായിരിക്കാൻ കഴിയും
‘പ്രതിഫലദായകമോ?’ ചിലർ അത്ഭുതംകൂറിയേക്കാം. ‘അതെങ്ങനെ?’ പരിചരണമേകുന്ന പിൻവരുന്ന വ്യക്തികൾ ഉണരുക!യോടു പറഞ്ഞത് എന്തെന്നു ശ്രദ്ധിക്കുക:
“ഒരുവന്റെ അനുധാവനങ്ങളും അഭിലാഷങ്ങളും ത്യജിക്കുന്നതു സന്തോഷം കുറയ്ക്കുമെന്ന് അർഥമാക്കുന്നില്ല. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം [“സന്തോഷം,” NW].’ (പ്രവൃത്തികൾ 20:35) നിങ്ങൾ സ്നേഹിക്കുന്ന ആരെയെങ്കിലും പരിചരിക്കുന്നതു വളരെ സംതൃപ്തികരമായിരിക്കും.”—ജോൺ.
“യഥാർഥ ആവശ്യത്തിന്റെ സമയത്ത്—അവർക്ക് തിരിച്ചൊന്നും ചെയ്യാൻ സാധിക്കാതിരുന്നപ്പോൾ—എന്റെ പെങ്ങളെയും അളിയനെയും സഹായിക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതജ്ഞനാണ്. അതു ഞങ്ങളെ പരസ്പരം അടുപ്പിച്ചു. ഞാൻ സമ്പാദിച്ചിട്ടുള്ള ഈ അനുഭവപരിചയംവെച്ച് ഇതേ സാഹചര്യത്തിലുള്ള മറ്റാരെയെങ്കിലും ഒരിക്കലെനിക്കു സഹായിക്കാനാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.”—യാൽമർ.
“രോഗിണിയായ എന്റെ കൂട്ടുകാരി ബെറ്റിയോടു ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതുപോലെ, ഞാൻ നൽകിയിട്ടുള്ളതിനെക്കാൾ വളരെയധികം എനിക്കു ലഭിച്ചു. സമാനുഭാവവും ക്ഷമയും ഞാൻ പഠിച്ചു. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും ഒരു ക്രിയാത്മക മനോഭാവം നിലനിർത്താൻ സാധിക്കുമെന്നു ഞാൻ പഠിച്ചു.”—എൽസ.
“ഞാൻ ശക്തയായിത്തീർന്നു. യഹോവയാം ദൈവത്തെ നിത്യേന ആശ്രയിച്ച് എന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുക എന്നു പറഞ്ഞാൽ എന്താണെന്ന് എനിക്കു പൂർണമായി മനസ്സിലാക്കാൻ സാധിച്ചു.”—ജിനി.
[13-ാം പേജിലെ ചതുരം]
പരിചരണമേകുന്ന ഒരാളെ സന്ദർശിക്കുമ്പോൾ
•സമാനുഭാവത്തോടെ ശ്രദ്ധിക്കുക
• ഹൃദയംഗമമായ പ്രശംസ നൽകുക
• നിശ്ചിത സഹായം വാഗ്ദാനം ചെയ്യുക
[10-ാം പേജിലെ ചിത്രങ്ങൾ]
സാധനങ്ങൾ വാങ്ങിക്കൊടുത്തുകൊണ്ടും ഭക്ഷണം പാകംചെയ്തുകൊണ്ടും അല്ലെങ്കിൽ രോഗിയെ ശുശ്രൂഷിക്കുന്നതിൽ സഹായിച്ചുകൊണ്ടും രോഗിയെ പരിചരിക്കുന്ന ആളെ സഹായിക്കുക