വികാരങ്ങളെ കൈകാര്യം ചെയ്യാവുന്ന വിധം
ഗുരുതരാവസ്ഥയിലുള്ള പ്രിയപ്പെട്ട ഒരാളെ നിങ്ങൾ പരിചരിച്ചുകൊണ്ടിരിക്കുകയാണോ? ആണെങ്കിൽ, ആശയക്കുഴപ്പമുണ്ടാക്കുന്നതും പേടിപ്പെടുത്തുന്നതുമായ ചില വികാരങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടായിരിക്കും. നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? പരിചരണമേകുന്നവരിൽ ചിലർ മല്ലടിക്കുന്ന വികാരങ്ങളെയും അവയെ വിജയകരമായി കൈകാര്യം ചെയ്യാൻ അവരെ സഹായിച്ചിരിക്കുന്ന പ്രായോഗിക നിർദേശങ്ങളെയും കുറിച്ചു പരിചിന്തിക്കുക.
നാണക്കേട്. ചിലപ്പോൾ, രോഗിയായ ഒരു വ്യക്തിയുടെ പെരുമാറ്റം മറ്റുള്ളവരുടെ മുമ്പിൽവെച്ചു നിങ്ങൾക്കു നാണക്കേടുണ്ടാക്കിയേക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ആളുടെ രോഗത്തെക്കുറിച്ച് സുഹൃത്തുക്കളോടും അയൽക്കാരോടും വിവരിക്കുന്നതു കാര്യം മനസ്സിലാക്കാൻ അവരെ സഹായിക്കുമെന്നു മാത്രമല്ല, “സഹതാപവും” ക്ഷമയും കാട്ടാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. (1 പത്രൊസ് 3:8) സാധിക്കുമെങ്കിൽ, നിങ്ങളുടെ അതേ സാഹചര്യത്തിലുള്ള മറ്റു കുടുംബങ്ങളോടു കാര്യങ്ങൾ സംസാരിക്കുക. അനുഭവങ്ങൾ കൈമാറുമ്പോൾ നാണക്കേടു കുറയും. തന്നെ സഹായിച്ചത് എന്താണെന്നു സൂ വിവരിക്കുന്നു: “എന്റെ പിതാവിനോട് എനിക്കു സഹതാപം തോന്നി—നാണക്കേടിന്റേതായ ഏതു തോന്നലുകളെയും അതു മായ്ച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ നർമരസവും സഹായകമായിരുന്നു.” അതേ, രോഗിയുടെയും അയാളെ പരിചരിക്കുന്നവരുടെയും പക്ഷത്തെ നർമരസം, പിരിമുറുക്കം കുറയ്ക്കുന്നതിനു നല്ലൊരു ഉപാധിയാണ്.—സഭാപ്രസംഗി 3:4 താരതമ്യം ചെയ്യുക.
ഭയം. രോഗത്തെക്കുറിച്ചുള്ള അജ്ഞത കടുത്ത ഭയം ഉളവാക്കിയേക്കാം. സാധ്യമെങ്കിൽ, രോഗം മൂർച്ഛിക്കുമ്പോൾ എന്തു സംഭവിക്കുമെന്നതു സംബന്ധിച്ച് വിദഗ്ധ ഉപദേശം തേടുക. അത്തരം സാഹചര്യങ്ങളിൻ കീഴിൽ എങ്ങനെ പരിചരണമേകാമെന്നു പഠിക്കുക. എൽസയെ സംബന്ധിച്ചിടത്തോളം, രോഗിയുടെ നില വഷളായിക്കൊണ്ടിരിക്കെ എന്തെല്ലാം സംഭവിക്കാമെന്നതിനെക്കുറിച്ചു മറ്റു രോഗികളെ പരിചരിക്കുന്നവരോടും ആശുപത്രികളിലെ നഴ്സുമാരോടും ചോദിക്കുന്നത് ഭയത്തെ തരണം ചെയ്യാൻ സഹായിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നായിരുന്നു. ജിനി ഉപദേശിക്കുന്നു: “നിങ്ങളുടെ ഭയത്തെ നേരിട്ട്, അതിനെ നിയന്ത്രിക്കുക. മിക്കപ്പോഴും യാഥാർഥ്യത്തെക്കാൾ കഷ്ടം, എന്തു സംഭവിച്ചേക്കാമെന്ന പേടിയാണ്.” പേടിയുണ്ടാകാനുള്ള കാരണം എന്തുതന്നെയായിക്കൊള്ളട്ടെ “അതുണ്ടാകുമ്പോൾ പുറത്തുപറയണം” എന്ന് ഡോ. എർണസ്റ്റ് റോസൻബാവും നിർദേശിക്കുന്നു.—സദൃശവാക്യങ്ങൾ 15:22 താരതമ്യം ചെയ്യുക.
ദുഃഖം. ദുഃഖം സഹിക്കുക എളുപ്പമല്ല, വിശേഷിച്ച്, രോഗിയെ പരിചരിക്കുന്ന സാഹചര്യത്തിൽ. സുഹൃദ്ബന്ധം നഷ്ടമായതിൽ നിങ്ങൾ ദുഃഖിച്ചേക്കാം. പ്രത്യേകിച്ച്, രോഗാവസ്ഥയിലായ പ്രിയപ്പെട്ട ആൾക്ക് മേലാൽ നടക്കാനോ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനോ നിങ്ങളെ തിരിച്ചറിയാനോ സാധിക്കില്ലെങ്കിൽ. അത്തരം വികാരങ്ങൾ മറ്റുള്ളവർക്ക് അത്ര പെട്ടെന്നു മനസ്സിലാകുകയില്ലായിരിക്കാം. ക്ഷമയോടും ശ്രദ്ധയോടുംകൂടെ കേൾക്കുന്ന, നിങ്ങളെ മനസ്സിലാക്കാൻ കഴിവുള്ള ഒരു സുഹൃത്തിനോടു നിങ്ങളുടെ ദുഃഖത്തെക്കുറിച്ചു പറയുന്നതു വലിയ ആശ്വാസം കൈവരുത്തും.—സദൃശവാക്യങ്ങൾ 17:17.
ദേഷ്യവും നിരാശയും. ചില സമയങ്ങളിൽ ബുദ്ധിമുട്ടുളവാക്കുന്ന വിധത്തിൽ പെരുമാറുന്ന, ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ പരിചരിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് ഇവ. (എഫെസ്യർ 4:26 താരതമ്യം ചെയ്യുക.) ബുദ്ധിമുട്ടുളവാക്കുന്ന പെരുമാറ്റരീതികൾക്കു കാരണം മിക്കപ്പോഴും അസുഖമാണ്, അല്ലാതെ രോഗിയല്ല എന്നുള്ളതു തിരിച്ചറിയുക. ലൂസി അനുസ്മരിക്കുന്നു: “എനിക്കു ശരിക്കും ദേഷ്യം വന്നാൽ ഞാൻ കരയും. അപ്പോൾ രോഗിയുടെ നിലയെക്കുറിച്ചും അസുഖത്തെക്കുറിച്ചും ഞാൻ സ്വയം ഓർമിപ്പിക്കാൻ ശ്രമിക്കും. രോഗിക്ക് എന്റെ സഹായം ആവശ്യമാണെന്ന് എനിക്കറിയാമായിരുന്നു. എന്റെ കർത്തവ്യങ്ങളിൽ തുടരാൻ അതെന്നെ സഹായിക്കും.” അത്തരത്തിലുള്ള ഉൾക്കാഴ്ച, ‘ദീർഘക്ഷമ കാട്ടാൻ’ സഹായിച്ചേക്കാം.—സദൃശവാക്യങ്ങൾ 14:29; 19:11.
കുറ്റബോധം. പരിചരണമേകുന്ന ആളുകൾക്കിടയിൽ കുറ്റബോധം സർവസാധാരണമാണ്. എങ്കിലും, അനിവാര്യവും എന്നാൽ വളരെ ബുദ്ധിമുട്ടുള്ളതുമായ ഒരു ജോലിയാണു നിങ്ങൾ ചെയ്യുന്നതെന്ന് ഉറപ്പുണ്ടായിരിക്കുക. വാക്കിലും പ്രവൃത്തിയിലും നിങ്ങൾ എപ്പോഴും തികഞ്ഞവനായിരിക്കുകയില്ലെന്ന യാഥാർഥ്യം അംഗീകരിക്കുക. ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു: “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.” (യാക്കോബ് 3:2; റോമർ 3:23) ഇപ്പോൾ ക്രിയാത്മകമായ നടപടി എടുക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ കുറ്റബോധത്തെ അനുവദിക്കരുത്. നിങ്ങൾ പറഞ്ഞതോ പ്രവർത്തിച്ചതോ ആയ എന്തെങ്കിലും സംഗതി നിങ്ങളെ അസ്വസ്ഥനാക്കുന്നുവെങ്കിൽ, “എന്നോടു ക്ഷമിക്കണം” എന്നു പറയുന്നതു നിങ്ങൾക്കും രോഗിക്കും ആശ്വാസം നൽകുന്നതായി കണ്ടെത്താൻ വളരെയധികം സാധ്യതയുണ്ട്. രോഗിയായ ബന്ധുവിനെ പരിചരിച്ച ഒരു മനുഷ്യൻ ഇങ്ങനെ ഉപദേശിക്കുന്നു: “അത്തരം സാഹചര്യങ്ങളിൽ നിങ്ങളാലാവുന്നതു ചെയ്യുക.”
വിഷാദം. ഗുരുതരമായ അസുഖത്തോടു മല്ലടിക്കുന്ന കുടുംബങ്ങളിൽ വിഷാദം സർവസാധാരണമാണ്. അതു മനസ്സിലാക്കാവുന്നതേയുള്ളൂ. (1 തെസ്സലൊനീക്യർ 5:14 താരതമ്യം ചെയ്യുക.) പരിചരണമേകുന്ന വിഷാദഗ്രസ്തയായ ഒരു സ്ത്രീ തന്നെ സഹായിച്ചതെന്താണെന്നു വിവരിക്കുന്നു: “രോഗിയെ പരിചരിക്കുന്നതിനു പലരും നമ്മോടു നന്ദി പറയും. നിങ്ങൾ അവശരാകുമ്പോൾ അല്ലെങ്കിൽ വിഷാദചിത്തരാകുമ്പോൾ പ്രോത്സാഹനത്തിന്റേതായ ഏതാനും വാക്കുകൾ കർത്തവ്യത്തിൽ തുടരാൻ നിങ്ങളെ സഹായിക്കും.” ബൈബിൾ പറയുന്നു: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 12:25) പ്രോത്സാഹനത്തിനുവേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം മറ്റുള്ളവർ എപ്പോഴും മനസ്സിലാക്കിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ചിലപ്പോൾ, പ്രോത്സാഹനത്തിന്റേതായ ‘നല്ല വാക്ക്’ ലഭിക്കാൻ തക്കവണ്ണം ആദ്യം നിങ്ങൾ ‘മനോവ്യസനം’ തുറന്നു പറയേണ്ടതുണ്ടായിരിക്കാം. എന്നിട്ടും വിഷാദം വിട്ടുമാറാതിരിക്കുകയോ അല്ലെങ്കിൽ കൂടുതലാകുകയോ ചെയ്യുന്നെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.
നിസ്സഹായത. ശക്തിക്ഷയം വരുത്തുന്ന ഒരു അസുഖമുള്ളപ്പോൾ, നിസ്സഹായരാകുന്നതുപോലെ നിങ്ങൾക്കു തോന്നിയേക്കാം. നിങ്ങളുടെ സാഹചര്യത്തിന്റെ യാഥാർഥ്യത്തെ അംഗീകരിക്കുക. നിങ്ങളുടെ പരിമിതികൾ മനസ്സിലാക്കുക—രോഗിയുടെ ആരോഗ്യനില നിങ്ങൾക്കു നിയന്ത്രിക്കാവുന്നതല്ല, എന്നാൽ നിങ്ങൾക്ക് അനുകമ്പാപൂർവം പരിചരണമേകാൻ കഴിയും. നിങ്ങളിൽനിന്നോ രോഗിയിൽനിന്നോ നിങ്ങളെ പിന്തുണയ്ക്കുന്നവരിൽനിന്നോ പൂർണത പ്രതീക്ഷിക്കരുത്. സമനിലയോടു കൂടിയ സമീപനം നിസ്സഹായബോധം മാത്രമല്ല, ജോലിയുടെ ഭാരവും കുറയ്ക്കും. പ്രിയപ്പെട്ട ഒരാളെ പരിചരിച്ചിട്ടുള്ള പലരും ഇങ്ങനെ ഉപദേശിക്കുന്നു: അന്നന്നത്തെ പ്രശ്നങ്ങളെ അന്നന്ന് അഭിമുഖീകരിക്കാൻ പഠിക്കുക.—മത്തായി 6:34.
[8-ാം പേജിലെ ആകർഷകവാക്യം]
“നിങ്ങളുടെ ഭയത്തെ നേരിട്ട്, അതിനെ നിയന്ത്രിക്കുക. യാഥാർഥ്യത്തെക്കാൾ കഷ്ടം എന്തു സംഭവിച്ചേക്കും എന്ന ഭയമാണ്”
[7-ാം പേജിലെ ചതുരം]
പരിചരണമേകുന്നവരിൽനിന്നുള്ള പ്രോത്സാഹന വാക്കുകൾ
“നിങ്ങളെക്കുറിച്ചുതന്നെയുള്ള നിഷേധാത്മക ചിന്തകളാൽ ദുഃഖിക്കരുത്. അത്തരം സാഹചര്യങ്ങളിൻകീഴിൽ അതു സാധാരണമാണ്. തീർച്ചയായും, നിങ്ങളുടെ വികാരങ്ങളെ അടക്കിവെക്കരുത്. വിശ്വാസമർപ്പിക്കാവുന്ന ആരോടെങ്കിലും നിങ്ങളുടെ തോന്നലുകളെക്കുറിച്ചു തുറന്നുപറയുക. സാധിക്കുമെങ്കിൽ, നവോന്മേഷം ലഭിക്കാൻ വിശ്രമമെടുക്കുക, കുറച്ചുനാൾ വിട്ടുനിൽക്കുക.”—ഒരു ക്ലിനിക്കിൽ ജോലിചെയ്തിരുന്ന ലൂസി. പരിചരണമേകുന്ന പലരെയും അതുപോലെ രോഗികളെയും സഹായിക്കുന്നത് അവരുടെ ജോലിയിൽ ഉൾപ്പെട്ടിരുന്നു.
“സഹായിക്കാൻ സാധിക്കുന്നവരും സന്നദ്ധരുമായ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ അവർ സഹായിക്കട്ടെ. നിങ്ങൾ മറ്റുള്ളവരുമായി ഭാരം പങ്കിടുന്നതു മർമപ്രധാനമാണ്.—തന്റെ പിതാവിനെ ശുശ്രൂഷിച്ചിരുന്ന സൂ. ഹോഡ്ജ്കിൻസ് രോഗം മൂലമാണ് അദ്ദേഹം മരിച്ചത്.
“നർമരസം നട്ടുവളർത്താൻ പഠിക്കുക.”—കാൻസർ നിമിത്തം മരണമടഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരിയെ പരിചരിക്കുന്നതിൽ സഹായിച്ചിരുന്ന മരിയ.
“ആത്മീയമായി ബലിഷ്ഠരായിരിക്കുക. യഹോവയോടടുത്തുചെല്ലുക, ഇടവിടാതെ പ്രാർഥിക്കുക. (1 തെസ്സലൊനീക്യർ 5:17, 18; യാക്കോബ് 4:8) തന്റെ ആത്മാവ്, വചനം, ഭൗമിക ദാസന്മാർ, വാഗ്ദത്തങ്ങൾ എന്നിവ മുഖാന്തരം അവൻ നമുക്ക് സഹായവും ആശ്വാസവും പ്രദാനം ചെയ്യുന്നു. കഴിയുന്നത്രയും സംഘടിതരായിരിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്, മരുന്നുകൾക്കായുള്ള പട്ടികയും സഹായികൾക്കായുള്ള ജോലിസമയവിവരപ്പട്ടികയും തയ്യാറാക്കാൻ അതു സഹായിക്കും.”—മരിച്ചുകൊണ്ടിരുന്ന അളിയനെ പരിചരിച്ചിരുന്ന യാൽമർ.
“നിങ്ങളുടെ രോഗിയുടെ അസുഖത്തെക്കുറിച്ച് സാധിക്കുന്നിടത്തോളം വിവരങ്ങൾ മനസ്സിലാക്കുക. രോഗിയിൽനിന്നും നിങ്ങളിൽനിന്നും എന്തു പ്രതീക്ഷിക്കണമെന്നതും രോഗിയെ എങ്ങനെ പരിചരിക്കണമെന്നതും സംബന്ധിച്ച് അറിയാൻ അതു നിങ്ങളെ സഹായിക്കും.”—ജോൺ. അവരുടെ ഭർത്താവിന് അൽഷൈമേഴ്സ് രോഗമുണ്ട്.
“നിങ്ങൾക്കുമുമ്പ് മറ്റുള്ളവരും ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും എന്തു സംഭവിച്ചാലും അതിനെ തരണം ചെയ്യാൻ സാധിക്കത്തക്കവിധം യഹോവയ്ക്കു നിങ്ങളെ സഹായിക്കാൻ കഴിയുമെന്നും മനസ്സിലാക്കുക.”—ഭർത്താവു മരിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ പരിചരിച്ചിരുന്ന ജിനി.
[8-ാം പേജിലെ ചിത്രം]
നിങ്ങളുടെ ഭയത്തെ ശമിപ്പിക്കാൻ അസുഖത്തെക്കുറിച്ചു സാധ്യമാകുന്നിടത്തോളം വിവരങ്ങൾ നേടുക
[9-ാം പേജിലെ ചിത്രം]
സഹാനുഭൂതിയുള്ള ഒരു സുഹൃത്തിനോടു സംസാരിക്കുന്നതു വളരെ ആശ്വാസം കൈവരുത്തും