“പതിവുകാർ പറയുന്നതാണ് എല്ലായ്പോഴും ശരി”
വൈചുങ് ചിൻ പറഞ്ഞപ്രകാരം
“വാതിലിൽ മുട്ടിവിളിക്കുന്ന ആ മതക്കാരു”മായി യാതൊരു ഇടപാടും വേണ്ടെന്ന് ഭർത്താവ് എന്നോടു പറയാറുണ്ടായിരുന്നു. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ വീട്ടിൽ വരുമ്പോഴെല്ലാം ഞങ്ങൾക്ക് ഇതിലൊന്നും താത്പര്യമില്ലെന്നു ഞാൻ പറയുമായിരുന്നു. എന്നാൽ റെസ്റ്ററൻറിന്റെ കാര്യത്തിലാണെങ്കിൽ “പതിവുകാർ പറയുന്നതാണ് എല്ലായ്പോഴും ശരി” എന്നും അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് റെഡ് ഡ്രാഗൺ എന്ന ഞങ്ങളുടെ റെസ്റ്ററൻറിൽ വന്ന് ഒരു സാക്ഷി തന്റെ മതത്തെക്കുറിച്ച് എന്നോട് പറയാൻ ആഗ്രഹിച്ചപ്പോൾ അതു കേൾക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
എന്റെ ഭർത്താവ് ടോങ് വൈ. ഒഹായോയിലെ ക്ലീവ്ലൻഡിലുള്ള സെൻറ് ക്ലെയർ അവന്യുവിൽ റെഡ് ഡ്രാഗൺ എന്ന പേരിൽ ഒരു ചൈനീസ് റെസ്റ്ററൻറ് നടത്തിയിരുന്നു. അവിടെവെച്ച്, ഞങ്ങളുടെ വിവാഹത്തിനുശേഷം “പതിവുകാർ പറയുന്നതാണ് എല്ലായ്പോഴും ശരി” എന്ന ആപ്തവാക്യം അദ്ദേഹം എന്നെ പഠിപ്പിച്ചു.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പഠിക്കാനായിരുന്നു ടി.വൈ. അമേരിക്കയിലേക്കു വന്നത്. 1927-ൽ ബിരുദമെടുത്തശേഷം അദ്ദേഹം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലുള്ള ഒരു റെസ്റ്ററൻറിൽ ജോലി നോക്കി. അവിടെ മരുന്നും ഭക്ഷണം, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയ സാധനങ്ങളും വിൽക്കുന്ന കടകളിലെ കൗണ്ടറുകളിൽനിന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നത് അദ്ദേഹം കണ്ടു. അത്തരം കടകളിൽ പാചകസൗകര്യങ്ങൾ പരിമിതമായിരുന്നു. അതുകൊണ്ട് ആളുകൾക്ക് ചൂടുള്ള ചൗ മെയിൻ വിൽക്കുക എന്ന ഒരാശയം അദ്ദേഹത്തിന്റെ മനസ്സിലുദിച്ചു.
താമസിയാതെ, ഗ്രീനിച്ച് വില്ലേജിൽ അദ്ദേഹം തുറന്ന ആ കൊച്ചു റെസ്റ്ററൻറ് ലാഭം കൊയ്യാൻ തുടങ്ങി. 1932-ൽ അദ്ദേഹം തന്റെ സംരംഭം ഒഹായോയിലെ ക്ലീവ്ലൻഡിലേക്കു മാറ്റി. അവിടെ അദ്ദേഹം 200 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള റെഡ് ഡ്രാഗൺ തുറന്നു. 1932-ൽ ഒരു ക്ലീവ്ലൻഡ് വർത്തമാനപത്രം റിപ്പോർട്ടു ചെയ്തു: “പൗരസ്ത്യദേശത്തുടനീളമുള്ള ജനലക്ഷങ്ങളുടെ അഭിരുചിയെ തൃപ്തിപ്പെടുത്തിക്കൊണ്ട് ടോങ് വൈ. ചിൻ ഗ്രേറ്റ് ലേക്ക്സ് പ്രദേശം വെട്ടിപ്പിടിച്ചിരിക്കുന്നു. അഞ്ചു വർഷംകൊണ്ട്, പ്രതിവർഷം പത്തു ലക്ഷം ഡോളർ ലഭിക്കുന്ന ഒരു ബിസിനസായി വളർത്തിയെടുത്തിരിക്കുന്ന തന്റെ പുത്തൻ ചൗ മെയിൻ വ്യവസായത്തിന്റെ ആദ്യത്തെ മധ്യപശ്ചിമ ശാഖ അദ്ദേഹം ക്ലീവ്ലൻഡിലേക്ക് കൊണ്ടുവന്നിരിക്കുന്നു.”
ഞാനും ടി.വൈ.-യും കണ്ടുമുട്ടിയതെങ്ങനെയെന്നു വിവരിക്കുന്നതിനുമുമ്പ് ചൈനയിൽ ഞാൻ വളർന്നുവന്ന സാഹചര്യത്തെക്കുറിച്ചു പറയാം.
ദാരിദ്ര്യത്തിന്റെ ഗന്ധമുള്ള പശ്ചാത്തലം
ഞാൻ കുട്ടിയായിരുന്നപ്പോൾ ആഹാരവും തേടി അമ്മ ചൈന വൻകരയിലുള്ള ഞങ്ങളുടെ കൊച്ചു ഗ്രാമം വിട്ടുപോകുന്നത് എനിക്കോർമയുണ്ട്. എന്റെ മാതാപിതാക്കൾ വളരെ ദരിദ്രരായിരുന്നു. അതുകൊണ്ട് മക്കളിൽ ചിലരെ അവർക്ക് ദത്തു കൊടുക്കേണ്ടി വന്നു. എനിക്ക് വെറും രണ്ടോ മൂന്നോ വയസ്സ് പ്രായമുള്ള കാലം. ഒരു ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഡാഡിയുടെ മുഖഭാവം ആകെ മാറിയിരുന്നു. ‘എനിക്കെന്തോ കുഴപ്പം വരാൻ പോകുകയാണ്’ എന്ന് എനിക്കു തോന്നി.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്റെ കൈയും പിടിച്ച് നടക്കാൻ തുടങ്ങി. ഒരു നെൽപ്പാടത്തിന്റെ വീതി കുറഞ്ഞ വരമ്പിലൂടെ ഞങ്ങൾ നടന്നു. ഇരുവശത്തുമുള്ള വെള്ളത്തിലേക്ക് വീഴാതിരിക്കാൻ സൂക്ഷിച്ചായിരുന്നു നടത്തം. ഒരു വീടിനുമുമ്പിലെത്തിയപ്പോൾ ഞങ്ങൾ നടത്തം നിർത്തി. അവിടെ പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു പെൺകുട്ടിയോട് അമ്മ സംസാരിച്ചു. പിന്നെ മറ്റൊരു വീട്ടിലേക്കു പോയി. അവിടത്തെ പെൺകുട്ടിയുടെ മുഖം പ്രസന്നമല്ലായിരുന്നു. ഇവരെ മുമ്പു കണ്ടിട്ടുള്ളതായി ഞാൻ ഓർക്കുന്നില്ല. അവർ എന്റെ ചേച്ചിമാരായിരുന്നു. അവരോടു വിട പറഞ്ഞപ്പോൾ ഇനിയൊരിക്കലും ഞങ്ങൾ പരസ്പരം കാണില്ലെന്ന് ഞാൻ ഊഹിച്ചു.
നടക്കുന്നതിനിടയ്ക്ക് അമ്മ വളച്ചുകെട്ടില്ലാതെ എന്നോടു കാര്യങ്ങൾ പറഞ്ഞു, തന്നെക്കുറിച്ചും ഡാഡിയെക്കുറിച്ചും എന്റെ സഹോദരീസഹോദരന്മാരെക്കുറിച്ചും അമ്മ എന്നോടു സംസാരിച്ചു. അമ്മയുടെ ദയാവായ്പുള്ള, വിഷാദം തളംകെട്ടിനിൽക്കുന്ന ആ കണ്ണുകൾ എനിക്കിന്നും ഓർമയുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നപ്പോൾ എന്തോ പന്തികേടുള്ളതുപോലെ എനിക്കു തോന്നി. ഭീതിദമായ, ശോകമൂകമായ ഒരന്തരീക്ഷമായിരുന്നു ആ വീട്ടിൽ. അതായിരുന്നു എന്റെ പുതിയ വീട്. ഉറങ്ങാൻ ഇഷ്ടമില്ലായിരുന്നിട്ടും അമ്മയും ദത്തുമാതാപിതാക്കളും ചേർന്ന് എന്നെ ഉറക്കാൻ കിടത്തി. താമസിയാതെ ഞാൻ ഉറക്കത്തിലേക്കു വഴുതിവീണു. ഉണർന്നപ്പോഴേക്കും അമ്മ പൊയ്ക്കഴിഞ്ഞിരുന്നു. പിന്നീടൊരിക്കലും ഞാൻ അമ്മയെ കണ്ടിട്ടില്ല.
ദുഃഖപൂർണമായ ബാല്യകാലം
ഇപ്പോൾ കഴിക്കാൻ വേണ്ടുവോളം ആഹാരമൊക്കെ ഉണ്ടായിരുന്നെങ്കിലും സ്നേഹം തീരെ കുറവായിരുന്നു. എന്റെ മനസ്സ് തേങ്ങുകയായിരുന്നു. ദിവസവും രാവിലെ ഞാൻ എഴുന്നേൽക്കുന്നതു കരഞ്ഞുകൊണ്ടായിരുന്നു. അമ്മയുടെയും അമ്മയോടൊപ്പമുണ്ടായിരുന്ന എന്റെ മൂത്ത ആങ്ങളയുടെയും അഭാവം എനിക്കനുഭവപ്പെട്ടു. പലപ്പോഴും ഞാൻ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു. സ്കൂളിൽ പോകാൻ പ്രായമായപ്പോൾ അതിനായി ഞാൻ ആഗ്രഹിച്ചെങ്കിലും ദത്തുമാതാപിതാക്കൾ പണിയെടുപ്പിക്കാൻ എന്നെ വീട്ടിൽ നിർത്തി.
എനിക്ക് ഒമ്പതു വയസ്സുള്ളപ്പോൾ ഞങ്ങൾ ദൂരെ ഷാങ്ഗായിലേക്കു താമസം മാറി. “കടയിൽ പോകാനും പാചകം ചെയ്യാനുമൊക്കെ നിനക്കിപ്പോൾ പ്രായമായി,” ദത്തുമാതാപിതാക്കൾ എന്നോടു പറഞ്ഞു. അങ്ങനെ എന്റെ പതിവു വീട്ടുജോലികളുടെ പട്ടികയിൽ അതും സ്ഥാനംപിടിച്ചു. ദിവസവും മൂന്നു നേരത്തേക്കുള്ള ആഹാരസാധനങ്ങൾ വാങ്ങാൻ വേണ്ട പണം ദത്തുമാതാപിതാക്കൾ എനിക്കു തരും. ചന്തയ്ക്കു പോകുന്ന വഴിക്ക് വിശന്നുപൊരിഞ്ഞിരിക്കുന്ന യാചകരെ കാണുമ്പോൾ എനിക്കു സഹതാപം തോന്നും. അവർക്ക് ഒന്നോ രണ്ടോ നാണയത്തുട്ട് നൽകും. എങ്കിലും ഭക്ഷണം വാങ്ങാൻ വേണ്ട പണം ബാക്കിയുണ്ടാകും.
സ്കൂളിൽ പോയി പഠിക്കാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ! “ആറു മാസത്തിനുള്ളിൽ നിന്നെ സ്കൂളിൽ ചേർത്തേക്കാം,” ദത്തുമാതാപിതാക്കൾ വാക്കുതന്നു. കാലാവധി തീർന്നപ്പോൾ അവർ വീണ്ടും പറഞ്ഞു: “ഇന്നേക്ക് ആറു മാസത്തിനുള്ളിൽ.” അവർ എന്നെ ഒരിക്കലും സ്കൂളിൽ വിടാൻ പോകുന്നില്ലെന്ന് ഒടുവിൽ എനിക്കു മനസ്സിലായി. എന്റെ ഹൃദയം തകർന്നു. വീട്ടിലുള്ള എല്ലാവരെയും ഞാൻ വെറുക്കാൻ തുടങ്ങി. പലപ്പോഴും കുളിമുറിയിൽ കയറി വാതിൽ അടച്ചിട്ട് ഞാൻ പ്രാർഥിക്കുമായിരുന്നു. ഞങ്ങൾ പല ദൈവങ്ങളിൽ വിശ്വസിച്ചിരുന്നെങ്കിലും മറ്റു ദൈവങ്ങളെക്കാൾ ശക്തനായ ഒരു മുഖ്യ ദൈവമുണ്ടെന്ന് എങ്ങനെയോ എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ അവനോടു പ്രാർഥിച്ചു: “ഇത്ര വേദനയും ദുഃഖവുമൊക്കെ ഉള്ളത് എന്തുകൊണ്ടാണ്?” വർഷങ്ങളോളം ഇതുതന്നെയായിരുന്നു എന്റെ പ്രാർഥന.
വിവാഹം എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു
അക്കാലത്ത് ചൈനയിൽ വിവാഹങ്ങൾ വീട്ടുകാർ നിശ്ചയിച്ചുറപ്പിക്കുന്ന സമ്പ്രദായമാണുണ്ടായിരുന്നത്. ചൈനയിലേക്കു മടങ്ങിപ്പോയ ടി.വൈ.-യുടെ കലാലയ സുഹൃത്തുക്കളിലൊരാൾ ഒരിക്കൽ അദ്ദേഹത്തിന് എഴുതി: “വയസ്സു 30 കഴിഞ്ഞിട്ടും നിനക്ക് വിവാഹമൊന്നുമായില്ലല്ലോ.” എന്നിട്ട് എന്നെക്കുറിച്ചു പറഞ്ഞശേഷം അദ്ദേഹം കൂട്ടിച്ചേർത്തു: “അവൾക്കു വയസ്സ് 18. കാണാൻ സുന്ദരി. സദ്സ്വഭാവിയും. . . . നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചേനേ.” കൂട്ടത്തിൽ എന്റെ ഒരു ഫോട്ടോയും സുഹൃത്ത് അദ്ദേഹത്തിന് അയച്ചുകൊടുത്തു.
ടി.വൈ. എന്റെ ദത്തുമാതാപിതാക്കൾക്ക് എഴുതി: “നിങ്ങളുടെ മകളുടെ ഫോട്ടോ ഞാൻ കണ്ടു. തമ്മിൽ കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ ഞാൻ അവളെ വിവാഹം കഴിക്കാം.” ടി.വൈ. ഷാങ്ഗായിലേക്ക് വന്നു, ഞങ്ങൾ പരസ്പരം കണ്ടു. എന്നെ അപേക്ഷിച്ച് അദ്ദേഹത്തിന് അൽപ്പം പ്രായക്കൂടുതൽ തോന്നിച്ചുവെങ്കിലും വിവാഹം കഴിഞ്ഞാലെങ്കിലും വീട്ടിൽനിന്നു പുറത്തു കടക്കാമല്ലോ എന്നു ഞാൻ കരുതി. അങ്ങനെ 1935-ൽ ഞങ്ങൾ വിവാഹിതരായി, ഉടനെ അമേരിക്കയിലേക്കു യാത്രയുമായി. അങ്ങനെയാണ് ഞാൻ ക്ലീവ്ലൻഡിൽ എത്തിയത്.
സമ്പത്തുണ്ടായിരുന്നിട്ടും ഗുരുതരമായ പ്രശ്നങ്ങൾ
എനിക്കും ഭർത്താവിനും ആശയവിനിമയ പ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേഹം കാന്റോണീസ് എന്ന ഒരു ചൈനീസ് ഉപഭാഷയാണ് സംസാരിച്ചിരുന്നത്. ഞാനാകട്ടെ, ഷാങ്ഗായീസ് എന്ന മറ്റൊന്നും. ഞങ്ങൾ രണ്ടു വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നതുപോലിരുന്നു. എനിക്ക് ഇംഗ്ലീഷ് ഭാഷയും പുതിയ സംസ്കാരവും പഠിക്കേണ്ടതുണ്ടായിരുന്നു. എന്റെ പുതിയ തൊഴിലോ? പതിവുകാരെ എപ്പോഴും പ്രീതിപ്പെടുത്തുന്ന, സുസ്മേരവദനയായ പ്രസരിപ്പുള്ള ഒരു റെസ്റ്ററൻറ് ഹോസ്റ്റസ് ആയിരിക്കണമായിരുന്നു ഞാൻ. “പതിവുകാർ പറയുന്നതാണ് എല്ലായ്പോഴും ശരി” എന്നു ഞാൻ ഓർക്കണമായിരുന്നു.
ഭർത്താവിനോടൊപ്പം ദിവസവും 16 മണിക്കൂറിലധികം ഞാൻ കഠിനമായി അധ്വാനിച്ചു. മിക്കവാറും എല്ലാ വർഷവും ഞാൻ ഗർഭിണിയുമായിരുന്നു. 1936-ൽ ഞങ്ങളുടെ മൂത്ത മകൾ ഗ്ലോറിയ പിറന്നു. അതിനുശേഷം ഒമ്പതു വർഷത്തിനുള്ളിൽ ഞാൻ ആറു മക്കൾക്കു ജന്മം നൽകി. മൂന്ന് ആണും ഗ്ലോറിയയെ കൂടാതെ മൂന്നു പെൺകുട്ടികളും പിറന്നു. അവരിലൊരാൾ ഒരു വയസ്സുള്ളപ്പോൾ മരണമടഞ്ഞു.
ഇതിനിടെ ടി.വൈ. പല റെസ്റ്ററൻറുകളും നിശാശാലകളും തുറന്നു. പ്രശസ്തരായിത്തീർന്ന കേ ലൂക്ക്, ജാക്ക് സൂ, കേ ബാല്ലർഡ് എന്നിവരെപ്പോലുള്ളവർ തങ്ങളുടെ തൊഴിൽ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത് ഇവിടെയാണ്. മാത്രമല്ല ഞങ്ങളുടെ ചൈനീസ് ഭക്ഷ്യോത്പന്നങ്ങൾ പരക്കെ വിൽക്കപ്പെടുകയും പേരെടുക്കുകയും ചെയ്തു.
1930-കളുടെ മധ്യത്തോടെ ടി.വൈ., ചൗ മെയിൻ രാജാവ് എന്നറിയപ്പെടാൻ തുടങ്ങി. ചൈനീസ് വ്യാപാരി സംഘടനയുടെ പ്രസിഡൻറും ചൈനയെപറ്റി പ്രഭാഷണങ്ങൾ നടത്തുന്ന ഒരുവനുമായിരുന്നു അദ്ദേഹം. വിവിധതരം ധർമപ്രവർത്തനങ്ങളിലും സാമൂഹിക, പൗര, സാമുദായിക കാര്യാദികളിലും ഞാൻ മുഴുകി. പൊതുവേദികളിൽ പ്രത്യക്ഷപ്പെടലും പരേഡുകളിൽ മാർച്ച് ചെയ്യലുമെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. ഞങ്ങളുടെ പടങ്ങളും പേരുകളും ക്ലീവ്ലൻഡ് വർത്തമാന പത്രങ്ങളിൽ സാധാരണമായിരുന്നു. ഞങ്ങൾ ചെയ്യുന്നതോ പറയുന്നതോ എന്തും—ബിസിനസ് സംരംഭങ്ങൾ തുടങ്ങി അവധിക്കാലങ്ങൾവരെ എന്തിന് എന്റെ ഷൂസിന്റെ വലുപ്പംവരെ—റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു!
1941-ൽ ജാപ്പനീസ് വ്യോമസേന പേൾ ഹാർബറിൽ ബോംബിട്ടപ്പോൾ ഐക്യനാടുകൾ ജപ്പാനുമായി യുദ്ധത്തിനൊരുങ്ങി. പൗരസ്ത്യദേശക്കാരായിരുന്നതിനാൽ ഞങ്ങൾക്ക് മുൻവിധി നേരിടേണ്ടി വന്നു. യുദ്ധത്തിനുമുമ്പുതന്നെ, നല്ലൊരു ചുറ്റുപാടിൽ വലിയ ഒരു വീട് പണിതുകൊണ്ടിരുന്ന അവസരത്തിൽ, കൊന്നുകളയുമെന്നു പറഞ്ഞുകൊണ്ടുള്ള ഭീഷണിക്കത്തുകൾ ഞങ്ങൾക്കു ലഭിച്ചിരുന്നു. എങ്കിലും വീടിന്റെ പണി പൂർത്തിയായി. മക്കളെ വളർത്തിക്കൊണ്ടുവന്നത് അവിടെയാണ്.
അങ്ങനെ എനിക്ക് മനോഹരമായ ഒരു വലിയ വീടും ആദരണീയനായ ഒരു ഭർത്താവും കുടുംബവും മനോഹരമായ ഉടയാടകളും ആഭരണങ്ങളും എല്ലാം ഉണ്ടായിരുന്നു. എങ്കിലും സന്തോഷം എനിക്കൊരു മരീചികയായിരുന്നു. കാരണം, കുടുംബമെന്ന നിലയിൽ ഞങ്ങൾ ഒത്തൊരുമിക്കുന്ന സമയം ഇല്ലായിരുന്നെന്നുതന്നെ പറയാം. എല്ലാ ദിവസവും മക്കളെ സ്കൂളിൽ പറഞ്ഞയയ്ക്കാനായി ഞാൻ നേരത്തേ എഴുന്നേൽക്കുമായിരുന്നെങ്കിലും സാധാരണ അവർ കിടന്നശേഷവും ഞങ്ങൾ ജോലിചെയ്യുകയായിരിക്കും. അവരുടെ ദൈനംദിനാവശ്യങ്ങൾ നോക്കാൻ വീട്ടിൽ ഒരു ആയയുണ്ടായിരുന്നു.
ഞങ്ങൾ ബുദ്ധമതക്കാരായിരുന്നു. എങ്കിലും ഞങ്ങളുടെ മതത്തിലെ ദൈവങ്ങൾ എനിക്ക് ആശ്വാസമേകിയില്ല. ടി.വൈ.-യും മൂത്ത മകനുംകൂടെ വീട്ടിൽ ചുറ്റിനടന്ന് മെഴുകുതിരി കത്തിക്കുകയും ദൈവങ്ങൾക്കു ഭക്ഷിക്കാൻ വിഗ്രഹങ്ങൾക്കു മുമ്പിൽ ഭക്ഷണം വെക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരിക്കലും അവയതു കഴിച്ചില്ല. അതുകൊണ്ട് കുട്ടികൾതന്നെ പിന്നീട് അതു തിന്നുതീർക്കും.
ഒടുവിൽ, എല്ലാംകൊണ്ടും വശംകെട്ടപ്പോൾ ഞാനില്ലാതിരിക്കുന്നതാണ് കുടുംബത്തിനു നല്ലതെന്ന് ഞാൻ ന്യായവാദം ചെയ്തു. ആകെ തകർന്നുപോയ ഞാൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്നാൽ ഉടനടി ആശുപത്രിയിലെത്തിച്ചതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.
എന്റെ പ്രാർഥനകൾക്ക് ഉത്തരം
കുറച്ചു നാൾ കഴിഞ്ഞ്, 1950-ൽ, മനോഹരമായ വെള്ളത്തലമുടിയുള്ള ഒരു സ്ത്രീ അവരുടെ ഭർത്താവുമൊത്ത് റെസ്റ്ററൻറിൽ വന്നു. ഞാൻ അവരെ സ്വീകരിച്ചിരുത്തി. അവർ എന്നോട് ദൈവത്തെക്കുറിച്ചു സംസാരിച്ചു. എനിക്ക് അതിൽ താത്പര്യമൊന്നുമുണ്ടായിരുന്നില്ല. യഹോവയുടെ സാക്ഷികൾ ഞങ്ങളുടെ വീടു സന്ദർശിച്ച് എന്നോടു സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും എപ്പോഴും ഞാൻ അവരെ ഒട്ടും മര്യാദയില്ലാതെ വീട്ടിൽനിന്നിറക്കി വിട്ടിരുന്നു. എങ്കിലും റെസ്റ്ററൻറിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു—“പതിവുകാർ പറയുന്നതാണ് എല്ലായ്പോഴും ശരി!”
ഹെലൻ വിന്റേഴ്സ് എന്നു പേരുള്ള ആ സ്ത്രീ ബൈബിളിൽ വിശ്വാസമുണ്ടോയെന്ന് എന്നോടു ചോദിച്ചു. “ഏതു ബൈബിൾ?” ഞാൻ തിരിച്ചുചോദിച്ചു. “കുറേ ബൈബിളുകളുണ്ടല്ലോ!” ഓരോ പ്രാവശ്യം അവർ മടങ്ങി വരുമ്പോഴും ഞാൻ വിചാരിക്കും ‘അതാ, ശല്യം വീണ്ടും വരുന്നുണ്ട്!’ എന്നാൽ അവർ ദയാവായ്പുള്ള, സ്ഥിരോത്സാഹിയായ ഒരു സ്ത്രീയായിരുന്നു. വേദനയോ കഷ്ടപ്പാടോ ഉണ്ടാകുകയില്ലാത്ത ഒരു പറുദീസാ ഭൂമിയെക്കുറിച്ച് അവർ പറഞ്ഞ കാര്യം എന്നെ ഹഠാദാകർഷിച്ചു.—2 പത്രൊസ് 3:13; വെളിപ്പാടു 21:3, 4.
ഒരു സന്ദർശനത്തിനിടയ്ക്ക് രാജ്യഹാളിലെ യോഗങ്ങൾക്കു ഹാജരാകാനുള്ള ഒരു ക്ഷണക്കത്ത് അവർ എനിക്കു നൽകി. അതിന്റെ മറുവശത്തുള്ള, ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങളെ വർണിക്കുന്ന ഒരു ഹ്രസ്വ സന്ദേശവും അവർ ചൂണ്ടിക്കാട്ടി. പിന്നീട് അതെടുത്തുനോക്കി ‘ഇതു സത്യമായിരുന്നെങ്കിൽ!’ എന്നു ചിന്തിച്ചത് ഞാൻ ഓർക്കുന്നു. അവർ എനിക്കൊരു ഭവനബൈബിളധ്യയനം വാഗ്ദാനം ചെയ്തു. ഒടുവിൽ ഞാൻ സമ്മതിച്ചു.
എല്ലാ ആഴ്ചയും ഞങ്ങളുടെ മേശയ്ക്കു ചുറ്റും അധ്യയനത്തിനായി ഞങ്ങൾ കൂടിവരും—ഞാനും ഹെലനും 5 മുതൽ 14 വരെ വയസ്സുള്ള എന്റെ ആറ് മക്കളും. പലപ്പോഴും എനിക്കവരോടു സഹതാപം തോന്നിയിട്ടുണ്ട്. കാരണം അധ്യയനസമയത്ത് ചിലപ്പോഴൊക്കെ കുട്ടികൾക്ക് താത്പര്യം നഷ്ടപ്പെടുമായിരുന്നു. 1951-ൽ ഞങ്ങൾ രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. പഠിച്ചിരുന്ന കാര്യങ്ങൾ എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായിരുന്നെന്ന് ഞാൻ താമസിയാതെ മനസ്സിലാക്കി. അതുകൊണ്ട് വാസ്തവമായും ഇംഗ്ലീഷ് നന്നായി വായിക്കാൻ പഠിക്കണമെന്നു ഞാൻ തീരുമാനിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രയാസകരമായ വെല്ലുവിളിയായിരുന്നു.
യഥാർഥ സന്തോഷം തിരിച്ചറിയുന്നു
താമസിയാതെ ഞാൻ പരിജ്ഞാനസംബന്ധമായി വേഗത്തിൽ പുരോഗതി പ്രാപിക്കാൻ തുടങ്ങി. ഞാൻ എന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു. 1951 ഒക്ടോബർ 13-ന് വാഷിങ്ടൺ ഡി.സി.-യിൽ നടന്ന ഒരു വലിയ കൺവെൻഷനിൽവെച്ച് ഞാനും മൂത്ത രണ്ടു മക്കളും, ഗ്ലോറിയയും ടോമും, സ്നാപനമേറ്റു. ആദ്യമായി എന്റെ ജീവിതത്തിന് അർഥം കൈവന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷപൂർണമായ വർഷങ്ങളുടെ തുടക്കമായിരുന്നു അത്.
അതുവരെയുള്ള എന്റെ ജീവിതം മുഴുവൻ ഞാൻ മറ്റു മനുഷ്യരെ സേവിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ, ഞാൻ നമ്മുടെ സ്രഷ്ടാവിനെ സേവിക്കാൻ തീരുമാനിച്ചു! ശ്രദ്ധിക്കുന്ന ഏവരുമായും ഞാൻ രാജ്യസന്ദേശം പങ്കിടാൻ തുടങ്ങി. ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകേണ്ടതിന്റെ ആവശ്യകതയും ദൈവവചനത്തിലെ അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു പറയേണ്ടതിന്റെ പ്രാധാന്യവും മക്കളുടെ മനസ്സിൽ പതിപ്പിക്കാനും ഞാൻ ശ്രമിച്ചു.
1953-ൽ സഭാപുസ്തകാധ്യയനം ഞങ്ങളുടെ വീട്ടിൽവെച്ചു നടത്താൻ തുടങ്ങി. ഏതാണ്ട് 45 വർഷത്തിനുശേഷം ഇപ്പോഴും ഇവിടെ അധ്യയനം നടത്തുന്നുണ്ട്. വർഷങ്ങളിലുടനീളം ഇത് ഞങ്ങളുടെ ഭവനത്തിന് ആത്മീയമായി വളരെയേറെ സഹായകമായിരുന്നിട്ടുണ്ട്.
ആത്മീയമായി പ്രവർത്തനനിരതരായിരിക്കുന്നതും അതോടൊപ്പം റെസ്റ്ററൻറ് നടത്തിക്കൊണ്ടുപോകുന്നതും ഒരു യഥാർഥ വെല്ലുവിളിതന്നെയായിരുന്നു. എങ്കിലും ഒട്ടേറെ ആളുകളുമൊത്ത് ബൈബിളധ്യയനം നടത്താൻ എനിക്കു കഴിഞ്ഞു. ഇവരിൽ ചിലർ ബൈബിൾ സത്യം സ്വീകരിക്കുകയും പിന്നീട് പയനിയർമാർ—മുഴുസമയ ശുശ്രൂഷകരെ വിളിക്കുന്നത് അങ്ങനെയാണ്—ആകുകയും ചെയ്തു. 1950-കളിൽ ഇളയ നാലു മക്കളും തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിച്ച് സ്നാപനമേറ്റു. ടി.വൈ.-യ്ക്ക് ബൈബിളിൽ താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം ഞങ്ങളെ യോഗങ്ങൾക്കും തിരിച്ചു വീട്ടിലേക്കും വണ്ടിയിൽ കൊണ്ടുവിടുമായിരുന്നു. അദ്ദേഹത്തോട് നേരിട്ടു സംസാരിക്കുന്നതിനുപകരം വീട്ടിലേക്കു മടങ്ങവേ യോഗത്തിൽവെച്ച് ഞങ്ങൾ ആസ്വദിച്ച ഒന്നോ രണ്ടോ ആശയങ്ങളെക്കുറിച്ചു പരസ്പരം ചർച്ച ചെയ്യാമെന്നു ഞങ്ങൾ തീരുമാനിച്ചു.
അക്കാലത്ത് ടി.വൈ. കൂടെക്കൂടെ ഐക്യനാടുകളിലെ നഗരങ്ങളിലുടനീളം ബിസിനസ് ആവശ്യങ്ങൾക്കായി സഞ്ചരിക്കുമായിരുന്നു. ഞാൻ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള വാച്ച്ടവർ സൊസൈറ്റിയുടെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് ഫോൺ ചെയ്ത് ഞങ്ങളുടെ സാഹചര്യം വിവരിച്ചു. സൊസൈറ്റിയുടെ അന്നത്തെ സെക്രട്ടറി-ട്രഷററായിരുന്ന ഗ്രാൻ സ്യൂട്ടർ ഞങ്ങൾ ന്യൂയോർക്കിലായിരുന്നപ്പോൾ ഹെഡ്ക്വാർട്ടേഴ്സ് ചുറ്റിനടന്നു കാണുന്നതിന് ഞങ്ങളെ ക്ഷണിച്ചു. ടി.വൈ.-യ്ക്ക് വളരെ മതിപ്പു തോന്നി, പ്രത്യേകിച്ച് ഏതാണ്ട് 500 പേർക്കു ഭക്ഷണം പാകം ചെയ്തിരുന്ന അവിടുത്തെ അടുക്കളയിലെ വൃത്തിയും വെടിപ്പും കണ്ടപ്പോൾ.
സന്ദർശന സമയത്ത് ഞങ്ങൾ റസൽ കർസനെ കണ്ടുമുട്ടി. അദ്ദേഹം പിന്നീട് ടി.വൈ.-ക്ക് തപാൽവഴി ഒരു ബൈബിൾ അയച്ചുകൊടുത്തു. എല്ലാ രാത്രിയും ടി.വൈ. അതു വായിക്കുമായിരുന്നു, ഒടുവിൽ അദ്ദേഹം അതു വായിച്ചുതീർത്തു. പിന്നീട്, 1958-ൽ ന്യൂയോർക്കിൽവെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ സാർവദേശീയ കൺവെൻഷനിൽ എന്റെ ഭർത്താവ് സ്നാപനമേറ്റു! ഇതിനോടകം ഹെഡ്ക്വാർട്ടേഴ്സിലെ ബെഥേൽകുടുംബത്തിൽ സേവിച്ചിരുന്ന ഞങ്ങളുടെ മൂത്ത മകൻ പരിപാടിയിൽ ഒരു ചെറിയ ഭാഗം അവതരിപ്പിച്ചത് ഞങ്ങളെ വിസ്മയിപ്പിച്ചു.
മരണത്തോളം വിശ്വസ്തൻ
മിക്കപ്പോഴും ടി.വൈ.-യും ഞാനും ഒരുമിച്ച് വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ കാഴ്ച മങ്ങിത്തുടങ്ങിയപ്പോൾ ഞങ്ങൾ ക്രമമായി തെരുവു സാക്ഷീകരണത്തിൽ ഏർപ്പെട്ടു. “റെഡ് ഡ്രാഗണിൽ മതപരിവർത്തനം” ദ ക്ലീവ്ലൻഡ് പ്രസ്സിൽ പ്രത്യക്ഷപ്പെട്ട തലക്കെട്ടായിരുന്നു അത്, കൂട്ടത്തിൽ വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിച്ചുകൊണ്ടുനിൽക്കുന്ന ഞങ്ങളുടെ ഫോട്ടോയും. ഞങ്ങൾ സാക്ഷികളായത് എങ്ങനെയെന്നും അതിൽ വിവരിച്ചിരുന്നു. പിന്നൊരു കാര്യം. ഞങ്ങൾ റെഡ് ഡ്രാഗണിന്റെ പേരു മാറ്റി ചിൻസ് റെസ്റ്ററൻറ് എന്നാക്കിയിരുന്നു.
വർഷങ്ങളിലൂടെ ഞാനും ഭർത്താവും ലോകമെമ്പാടുനിന്നുമുള്ള ഒട്ടേറെ ക്രിസ്തീയ സഹോദരീസഹോദരന്മാരെ ഞങ്ങളുടെ റെസ്റ്ററൻറിൽ സത്കരിച്ചിട്ടുണ്ട്. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ പ്രസിഡൻറായി സേവിച്ചിരുന്ന ഫ്രെഡ് ഫ്രാൻസ് സഹോദരന്റെ ഉപദേശം ഞങ്ങൾക്ക് നല്ല ഓർമയുണ്ടായിരുന്നു. സന്ദർശനസമയത്ത് അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചത് ഇങ്ങനെയാണ്: “വിശ്വസ്തരായിരിക്കുക, യഹോവയുടെ സ്ഥാപനത്തോടു പറ്റിനിൽക്കുക.”
1970-കളുടെ ആരംഭത്തിൽ ടി.വൈ.-യ്ക്ക് പലതവണ ഗുരുതരമായ മസ്തിഷ്കാഘാതമുണ്ടായി. 1975 ആഗസ്റ്റ് 20-ന് അദ്ദേഹം മരണമടഞ്ഞു. ഒരു പ്രാദേശിക വർത്തമാനപത്രം ഒരു നീണ്ട ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചു, ഒപ്പം വീക്ഷാഗോപുരം സമർപ്പിച്ചുകൊണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ ഒരു ഫോട്ടോയും. ഞങ്ങളൊന്നിച്ചു കഴിഞ്ഞ ആ അവസാനവർഷങ്ങളായിരുന്നു ഏറ്റവും ധന്യമായവ. 60-ലധികം വർഷത്തെ പ്രവർത്തനത്തിനുശേഷം 1995 ഏപ്രിലിൽ ചിൻസ് റെസ്റ്ററൻറ് അടച്ചുപൂട്ടി. ചിലർക്ക് അതൊരു യുഗാന്ത്യമായി തോന്നി.
ആത്മീയ ലാക്കുകൾ നിലനിർത്തൽ
ഞങ്ങളുടെ മൂന്ന് ആൺമക്കളും കുടുംബ ബിസിനസ് ഏറ്റെടുത്തു നടത്തണമെന്ന് ഒരിക്കൽ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ ആഗ്രഹം മാറി; യേശുവിന്റെ കാലടികളെ പിന്തുടർന്ന് അവർ മുഴുസമയ ശുശ്രൂഷകരാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഹോങ്കോംഗിൽ പയനിയറിങ് നടത്തി അവർ പഠിച്ച കാര്യങ്ങൾ പഠിക്കാൻ ചൈനക്കാരായ മറ്റ് ആളുകളെ സഹായിക്കാൻ ആഗ്രഹിക്കുന്നോയെന്ന് ഞങ്ങൾ മക്കളോരോരുത്തരോടും ചോദിച്ചു. അതിനായി ഞങ്ങൾ അവർക്ക് സാമ്പത്തിക സഹായം നൽകി. അവർക്കാർക്കും ചൈനീസ് ഒഴുക്കോടെ സംസാരിക്കാനറിയില്ലായിരുന്നെങ്കിലും വിൻഫ്രെഡും വിക്ടോറിയയും റിച്ചാർഡും ഹോങ്കോംഗിലേക്ക് മാറാൻ തീരുമാനിച്ചു.
ഞങ്ങളുടെ മകൾ വിൻഫ്രെഡ് 34-ലധികം വർഷം അവിടെ പയനിയറിങ് ചെയ്തിരിക്കുന്നു! വിക്ടോറിയ മാർക്കസ് ഗമിനെ വിവാഹം കഴിച്ചു. ഒടുവിൽ അവർ ഐക്യനാടുകളിലേക്കു തിരിച്ചുപോന്നു. അവർക്ക് മൂന്നു മക്കളാണ്. സ്റ്റെഫനിയും സറേയയും ക്ലീവ്ലൻഡിൽ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നു, സിമയൊൺ ഭാര്യയായ മൊർഫിഡുമൊത്ത് ന്യൂയോർക്കിലെ വാൾക്കിലിലുള്ള വാച്ച്ടവർ കൃഷിയിടത്തിൽ സേവനമനുഷ്ഠിക്കുന്നു. വിക്ടോറിയയും മാർക്കസും ഇപ്പോൾ ഇവിടെ അടുത്താണ് താമസിക്കുന്നത്. എന്റെ കാര്യങ്ങൾ നോക്കുന്നത് അവരാണ്. മാർക്കസ് ക്ലീവ്ലൻഡിലെ കൊവെൻട്രി സഭയുടെ അധ്യക്ഷ മേൽവിചാരകനാണ്.
1955-ൽ പിള്ളവാതം പിടിപെട്ടശേഷം ഞങ്ങളുടെ മൂത്ത മകൾ ഗ്ലോറിയ പൂർണമായും വീൽച്ചെയറിനെ ആശ്രയിച്ചാണു കഴിയുന്നത്. അവളും ഭർത്താവ് ബെന്നും കാലിഫോർണിയയിലെ എസ്കോൺഡിഡോയിലാണു താമസം. അവിടെ അവൾ പ്രസംഗവേലയിൽ ക്രമമായി പങ്കുപറ്റുന്നു. ടോം 22 വർഷത്തിലേറെയായി മുഴുസമയ ശുശ്രൂഷകനാണ്. അവനും ഭാര്യ എസ്തറും ഇപ്പോൾ ന്യൂയോർക്കിലെ പാറ്റേഴ്സണിൽ വാച്ച്ടവർ വിദ്യാഭ്യാസകേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്നു. റിച്ചാർഡും ഭാര്യ എമിയും ടി.വൈ.-യെ മരണത്തിനു മുമ്പ് പരിചരിക്കുന്നതിൽ സഹായിക്കാൻ ഹോങ്കോംഗിൽനിന്നു തിരിച്ചുവന്നു. അവരും ഇപ്പോൾ പാറ്റേഴ്സണിൽ സേവിക്കുന്നു. ഞങ്ങളുടെ ഇളയമകനായ വോൾഡൻ 30 വർഷത്തിലധികമായി മുഴുസമയ ശുശ്രൂഷയിലാണ്. കഴിഞ്ഞ 22 വർഷമായി അവനും ഭാര്യ മേരി ലൂയും സർക്കിട്ട്, ഡിസ്ട്രിക്റ്റ് പ്രവർത്തനങ്ങളിൽ ഐക്യനാടുകളിലെ സഭകളിൽ സേവനമനുഷ്ഠിക്കുന്നു.
ഞങ്ങളുടെ മക്കൾ പ്രശ്നമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നു വിചാരിക്കരുത്. കൗമാരപ്രായത്തിലായിരിക്കുമ്പോൾ ഒരാൾ വീട്ടിൽനിന്ന് ഒളിച്ചോടി. മൂന്നു മാസത്തേക്ക് വിവരമൊന്നും ഇല്ലായിരുന്നു. മറ്റൊരുത്തന് കുറച്ചു കാലം ആത്മീയകാര്യങ്ങളിലുള്ളതിനെക്കാൾ സ്പോർട്സിലായിരുന്നു താത്പര്യം. മത്സരങ്ങളിൽ പങ്കെടുക്കാൻ അവൻ ഞങ്ങളുടെ പ്രതിവാര ബൈബിളധ്യയനം ഉപേക്ഷിക്കുമായിരുന്നു. കായിക സ്കോളർഷിപ്പുകൾക്കുള്ള വാഗ്ദാനങ്ങൾപോലും അവനു ലഭിച്ചു. കലാലയ സ്കോളർഷിപ്പുകളിലൊന്ന് സ്വീകരിക്കുന്നതിനുപകരം അവൻ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കാൻ തീരുമാനിച്ചപ്പോൾ ചുമലിൽനിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെയായിരുന്നു എനിക്ക്!
ചെവികൊടുത്തതിൽ ഞാൻ സന്തുഷ്ട
എന്റെ മക്കൾ അക്ഷരാർഥത്തിൽ ലോകത്തെമ്പാടും ചിതറിത്താമസിക്കുകയാണെങ്കിലും അവർ വിശ്വസ്തതയോടെ യഹോവയെ സേവിക്കുകയാണെന്ന അറിവ് എന്റെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്നു. എനിക്കിപ്പോൾ 81 വയസ്സുണ്ട്. വാതവും മറ്റ് അസുഖങ്ങളും കാരണം എനിക്കിപ്പോൾ പണ്ടത്തെപ്പോലെയൊന്നും ചെയ്യാൻ പറ്റുന്നില്ലെങ്കിലും യഹോവയോടുള്ള എന്റെ തീക്ഷ്ണതയ്ക്ക് തെല്ലും കുറവു സംഭവിച്ചിട്ടില്ല. എന്നെ നോക്കാൻ മക്കളാരും മുഴുസമയ ശുശ്രൂഷ ഉപേക്ഷിക്കാതിരിക്കേണ്ടതിന് ഞാൻ തന്നെത്താൻ എന്റെ കാര്യങ്ങൾ നോക്കിനടത്തുന്നു.
ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ സാക്ഷാത്കരിക്കപ്പെടുന്ന, എന്റെ ഭർത്താവും എനിക്കു ജന്മം നൽകിയ മാതാപിതാക്കളും ഞങ്ങളോടൊത്ത് അധ്യയനം നടത്തിയ ഹെലൻ വിന്റേഴ്സും ഉൾപ്പെടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ കഴിയുന്ന ആ കാലത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) 46 വർഷം മുമ്പ്, സുന്ദരിയായ ആ വെള്ളത്തലമുടിക്കാരിക്കു ചെവികൊടുത്തതിൽ ഞാൻ എത്ര സന്തോഷമുള്ളവളാണെന്നോ! തീർച്ചയായും, ആ പതിവുകാരി പറഞ്ഞത് ശരിയായിരുന്നു!
[21-ാം പേജിലെ ചിത്രം]
ഞങ്ങൾ വിവാഹിതരായപ്പോൾ
[23-ാം പേജിലെ ചിത്രം]
1961-ൽ ഞങ്ങളുടെ കുടുംബം. ഇടതുനിന്നു വലത്തോട്ട്: വിക്ടോറിയ, വൈ, റിച്ചാർഡ്, വോൾഡൻ, ടോം, ടി.വൈ., വിൻഫ്രെഡ്, മുമ്പിൽ ഗ്ലോറിയ
[24-ാം പേജിലെ ചിത്രം]
വൈ ചിൻ ഇന്ന്