കൺപീലികളുള്ള പക്ഷിയെ പരിചയപ്പെടൂ
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
“നിങ്ങൾ ഒരുപക്ഷേ ഞങ്ങളെ കണ്ടിട്ടുണ്ടാവില്ല. ഞങ്ങൾ പക്ഷികളാണ്. ആഫ്രിക്കൻ നിലവേഴാമ്പലുകൾ എന്ന പേരിലാണ് മിക്കയാളുകളും ഞങ്ങളെ അറിയുന്നത്.
“ഞങ്ങളെ കാണാൻ നല്ല രസമാണ്. എന്നാൽ, ഞങ്ങളെപ്പറ്റി കൗതുകകരമായ മറ്റുചില വസ്തുതകളുമുണ്ട്. അത് നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒന്നാമതായി, ഞങ്ങളുടെ പേരു സൂചിപ്പിക്കുന്നതുപോലെ ഞങ്ങൾ കൂടുതൽ സമയവും നിലത്താണു കഴിച്ചുകൂട്ടുന്നത്. ഞങ്ങൾക്ക് ഏകദേശം ടർക്കിക്കോഴിയുടെയത്രയും വലുപ്പം വരും. ടർക്കിക്കോഴിയെപ്പോലെതന്നെ ഞങ്ങളും അധികമൊന്നും പറക്കാറില്ല.
“ഞങ്ങളുടെ നടപ്പിന് ഒരു പ്രത്യേകതയുണ്ട്. വളരെ പതുക്കെ കുണുങ്ങി കുണുങ്ങിയാണു ഞങ്ങളുടെ നടത്തം. അങ്ങനെ ഞങ്ങൾ ആഫ്രിക്കയുടെ മധ്യഭാഗത്തും തെക്കുകിഴക്കു ഭാഗത്തും ചുറ്റിയടിക്കാറുണ്ട്. നമ്മളെന്നെങ്കിലും കണ്ടുമുട്ടിയാൽ, ഞങ്ങളുടെ കടുംചുവപ്പു നിറത്തിലുള്ള കണ്ഠസഞ്ചികളും കണ്ണുകൾക്കു ചുറ്റുമുള്ള പാടുകളും പിന്നെ അതിശയംതോന്നിക്കുമാറുള്ള നീണ്ട കൺപീലികളും ഒക്കെ കാണുമ്പോൾ നിങ്ങൾക്കു ഞങ്ങളെ മനസ്സിലാകാതെ പോകില്ല!
“ഞങ്ങൾ നിലവേഴാമ്പലുകൾ പ്രജനനത്തിന്റെ കാര്യത്തിൽ പിന്നിലാണ്. അതായത് ഓരോ ആറു വർഷത്തിലും ശരാശരി ഒരു കുഞ്ഞിനെ മാത്രമേ ഞങ്ങൾ വളർത്തിക്കൊണ്ടുവരുന്നുള്ളൂ. പ്രജനന കാലത്ത് ഞങ്ങളുടെ കൂട്ടത്തിലുള്ള ആണുങ്ങൾ കൂടിനകത്തുവെക്കാൻ ധാരാളം കരിയിലകൾ കൊണ്ടുവരും. മരപ്പോടുകളിലോ പാറയിലെ പൊത്തുകളിലോ ആണ് സാധാരണഗതിയിൽ ഞങ്ങൾ കൂടുകെട്ടാറ്. പെൺപക്ഷികൾ മുട്ടകളെ 40 ദിവസം സശ്രദ്ധം പരിപാലിക്കുന്നു. അപ്പോൾ ഞങ്ങളും ഞങ്ങളുടെ കുടുംബത്തിലെ മറ്റംഗങ്ങളും അടയിരിക്കുന്ന തള്ളപ്പക്ഷിക്ക് പുഴുക്കളും ലാർവകളും മറ്റു വിശിഷ്ടഭോജ്യങ്ങളും മുറയ്ക്കെത്തിച്ചുകൊടുക്കാനായി തിരക്കിട്ട് ഓടിനടക്കുന്നു. മുട്ടവിരിഞ്ഞ് മൂന്നു മാസത്തിനുശേഷം നവാഗതർ കൂടുവിട്ട് ബാക്കി കുടുംബാംഗങ്ങളോടു ചേരുമ്പോൾ ഞങ്ങൾക്കൊക്കെ എത്ര സന്തോഷമാണെന്നോ.
“ഞങ്ങളുടെ വളർച്ച പതുക്കെയാണ്—പൂർണവളർച്ചയെത്താൻ ആറു വർഷമെങ്കിലും വേണ്ടിവരും. സ്വന്തമായി ഒരു കുടുംബമൊക്കെ ആയിവരാനാണെങ്കിൽ അതിലുമേറെ സമയമെടുത്തേക്കാം. എങ്കിലും, ഞങ്ങൾക്ക് ദീർഘായുസ്സുള്ളതുകൊണ്ട് (ഞങ്ങളിൽ പലരും 30 വർഷം ജീവിച്ചിരിക്കുന്നു) മറ്റു തലമുറകളിലേക്ക് ജീനുകൾ കൈമാറാൻ ധാരാളം സമയം ലഭിക്കുന്നു.
“നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ കുടുംബം ഒത്തൊരുമിച്ചു കഴിയാനാണു ഞങ്ങൾക്കിഷ്ടം. ഞങ്ങൾ എട്ടു പേരിൽ കവിയാത്ത കൂട്ടങ്ങളായി ഒരുമിച്ചു താമസിക്കുകയും പണിയെടുക്കുകയും ചെയ്യുന്നു. ആഫ്രിക്കയിലെ സാവന്നാ പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും പുൽപ്രദേശങ്ങളിലും ഓരോ കുടുംബത്തിന്റെയും വിഹാരമണ്ഡലം ഏതാണ്ട് 100 ചതുരശ്ര കിലോമീറ്ററാണ്. ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള ചില പ്രദേശങ്ങളിൽ ഞങ്ങൾക്ക് 70 ശതമാനംവരെ ആവാസം നഷ്ടമായിരിക്കുകയാണ്. കൃഷിചെയ്യാനും വീടുവെക്കാനുമൊക്കെയായി മനുഷ്യർ അത് കയ്യേറിയിരിക്കുന്നു.
“ഞങ്ങളുടെ പ്രദേശത്തിന്റെ സംരക്ഷണത്തിൽ ഞങ്ങൾ വളരെ ശ്രദ്ധയുള്ളവരാണ്. ഞങ്ങൾ അതിർത്തികളിലൂടെ പതിവായി റോന്തുചുറ്റുന്നു. ഞങ്ങളുടെ ആഹാരം—പാമ്പുകൾ, ലാർവകൾ, കരയാമകൾ, ഷഡ്പദങ്ങൾ എന്നിവ—മറ്റുള്ളവരുമായി, മറ്റു കുടുംബങ്ങളിൽനിന്നുള്ള വേഴാമ്പലുകളുമായിപോലും, പങ്കുവെക്കുന്നത് ഞങ്ങൾക്കിഷ്ടമല്ല. നുഴഞ്ഞുകയറ്റക്കാരെ അകറ്റിയോടിക്കുന്നതിലുള്ള വീറ് നിമിത്തം ചിലപ്പോൾ ഞങ്ങൾ വിഡ്ഢിത്തങ്ങളും കാട്ടിക്കൂട്ടാറുണ്ട്. എങ്ങനെയെന്നല്ലേ? ജനൽച്ചില്ലിൽ സ്വന്തം പ്രതിബിംബം കാണുമ്പോൾ അത് ഏതോ നുഴഞ്ഞുകയറ്റക്കാരനാണെന്നു കരുതി ഞങ്ങൾ പലപ്പോഴും ജനലിന്റെ അടുത്തേക്കു പാഞ്ഞുചെല്ലുന്നു. നീണ്ടതും ഉറപ്പുള്ളതുമായ കൊക്കുകൊണ്ട് ആഞ്ഞുകൊത്തുമ്പോൾ ജനൽച്ചില്ല് തീർച്ചയായും പൊട്ടിത്തകരും. ഇങ്ങനെ ജനലുകൾ പലതു പൊട്ടിയതിന്റെ ഫലമായി ചിലയാളുകൾ ജനലുകൾക്കു വെളിയിൽ കമ്പിവല പിടിപ്പിച്ചിട്ടുണ്ട്. അതിനു ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്!
“ദുഃഖകരമെന്നു പറയട്ടെ, ഞങ്ങൾ മാരകമായ ഭീഷണികളെ നേരിടുന്നു. അവയെക്കുറിച്ചോർക്കുമ്പോൾ ഞങ്ങൾക്ക് ആധിയാണ്. ചിലയാളുകൾ ഞങ്ങളുടെ ആവാസത്തുനിന്നു ഞങ്ങളെ പുറത്തുചാടിക്കുന്നു. മറ്റുചിലരാകട്ടെ, ഞങ്ങളുടെ നേരെ നിറയൊഴിക്കുന്നു. കുറുനരികളെയും ഉപദ്രവകാരികളായ മറ്റു ജന്തുക്കളെയും പിടിക്കാനായി കർഷകർ പലപ്പോഴും വിഷംകലർത്തിയ സാധനങ്ങൾ വെക്കാറുണ്ട്. എന്നാൽ അതിൽ വിഷംകലർത്തിയതാണെന്ന് ഞങ്ങളെങ്ങനെയാ അറിയുക? ഞങ്ങളുടെ സംരക്ഷണത്തിനാണെന്നു തോന്നുന്നു, കർഷകർ ചിലപ്പോൾ വിഷപദാർഥങ്ങൾ കുഴിച്ചിടാറുണ്ട്. എന്നാൽ, ഞങ്ങൾ സാധാരണഗതിയിൽ ഇരപിടിക്കുന്നത് നീണ്ട കൊക്കുകൾകൊണ്ട് മണ്ണു കുഴിച്ചാണ്. അതുകൊണ്ട്, വിഷം കലർന്ന ആഹാരപദാർഥങ്ങൾ കുഴിച്ചെടുത്ത് അകത്താക്കുമ്പോൾ ഒരർഥത്തിൽ പറഞ്ഞാൽ, ഞങ്ങൾ സ്വന്തം ശവക്കുഴി തോണ്ടുകയാണു ചെയ്യുന്നത്.
“ഈ അപകടങ്ങളിൽനിന്നു ഞങ്ങളെ സംരക്ഷിക്കാനായി ചിലയാളുകൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. സഹ പക്ഷിയായ ഡോഡോയുടെ ഗതി—വംശനാശം—ഞങ്ങൾക്കു വരില്ലെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. നിങ്ങൾ ഞങ്ങളുടെ പ്രദേശത്ത് എപ്പോൾ വന്നാലും ഡൂ-ഡൂ-ഡൂഡൂഡൂ ഡൂ-ഡൂ-ഡൂഡൂഡൂ എന്ന മുഴക്കത്തിലുള്ള ഞങ്ങളുടെ വിളി കേൾക്കുമ്പോൾ ഞങ്ങളുടെ അടുത്തൊന്നു കയറിയിട്ടേ പോകാവൂ. അപ്പോൾ ഞങ്ങൾ ഞങ്ങളുടെ നീളമുള്ള കൺപീലികൾ ചലിപ്പിച്ച് നിലവേഴാമ്പലിന്റെ പ്രദേശത്തേക്കു നിങ്ങളെ സ്വാഗതം ചെയ്യും.”