ഞങ്ങളുടെ വായനക്കാരിൽനിന്ന്
ആമസോൺ മഴക്കാട് “ആമസോൺ മഴക്കാടുകൾ—കെട്ടുകഥകളും യാഥാർഥ്യങ്ങളും” (മാർച്ച് 22, 1997) എന്ന ലേഖനപരമ്പര എന്നെ വളരെയേറെ ആകർഷിച്ചു. യു.എസ്. ഫോറസ്റ്റ് സർവീസിലെ ഒരു സസ്യപരിസ്ഥിതി ഗവേഷകനെന്നനിലയിൽ, പരിസ്ഥിതിയെക്കുറിച്ച് എനിക്കു വളരെയധികം പഠിക്കേണ്ടതുണ്ട്. എന്നാൽ, ഈ വിഷയത്തെക്കുറിച്ച് ഞാൻ വായിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും മികച്ചത് നിങ്ങളുടെ ലേഖനമാണെന്നാണ് എന്റെ അഭിപ്രായം. വളരെ നന്നായി ഗവേഷണംചെയ്തു തയ്യാറാക്കിയതും പ്രബോധനാത്മകവും നൂതനവുമായിരുന്നു അത്. വായിക്കാനാകട്ടെ തികച്ചും രസകരവും. ജൈവവൈവിധ്യം, വനോത്പന്നങ്ങളെ ഉപയോഗപ്പെടുത്തൽ, സസ്യമൃഗാദികളെ ചെറിയൊരു വനദ്വീപിലായി ഒറ്റപ്പെടുത്തൽ, ആവാസവ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ സാർവദേശീയമായി വിതരണം ചെയ്യപ്പെടുന്ന ഒരു മാസികയിൽ പ്രത്യക്ഷപ്പെട്ടത് എന്നെ സംബന്ധിച്ചിടത്തോളം പ്രോത്സാഹജനകമായിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ ഇതു തീർച്ചയായും സഹായിക്കും.
ഡി. എസ്., ഐക്യനാടുകൾ
എനിക്ക് 12 വയസ്സുണ്ട്. പ്രസ്തുത ലേഖനങ്ങൾക്കായി നിങ്ങളോട് ഹൃദയംഗമമായ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മാസിക ലഭിച്ച അന്നു വൈകുന്നേരംതന്നെ ഞാനതു വായിക്കുകയുണ്ടായി! സ്കൂളിൽ ഭൂമിശാസ്ത്ര ക്ലാസ്സിൽ ഞങ്ങൾ ഈ വിഷയം പഠിക്കുന്നതുകൊണ്ട്, അടുത്ത ദിവസംതന്നെ ഞാനെന്റെ ഭൂമിശാസ്ത്ര അധ്യാപികയ്ക്ക് അതിന്റെ ഒരു പ്രതി നൽകി. തീർച്ചയായും, ക്ലാസ്സിലെ കുട്ടികളിൽ അത് ജിജ്ഞാസയുണർത്തി. കുറച്ച് മാസികകൾ അവർക്കും സമർപ്പിക്കാമെന്നാണ് എന്റെ പ്രതീക്ഷ.
റ്റി. ഇ., ജർമനി
ആ ലേഖനങ്ങൾ ശരിക്കും ആകർഷകമായിരുന്നു. വനത്തിലെ ഇലകൾക്കടിയിൽ സ്വന്തം ചുമതലകളുംപേറി ജീവിക്കുന്ന വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട അനേകം പ്രാണികളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അവിടെ ജീവിക്കുന്ന എല്ലാത്തിനും തീറ്റ ലഭിക്കുന്നുണ്ടെന്നു യഹോവ ഉറപ്പുവരുത്തുന്നു. അവൻ, “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കാൻ പോകുന്നതെന്തുകൊണ്ടെന്ന് എനിക്കു മനസ്സിലാക്കാൻ കഴിയുന്നു.—വെളിപ്പാടു 11:18.
ഡി. കെ. എച്ച്., ഐക്യനാടുകൾ
മുട്ടാളത്തം—എന്താണ് അതിന്റെ ദോഷം? “യുവജനങ്ങൾ ചോദിക്കുന്നു . . . മുട്ടാളത്തം—എന്താണതിന്റെ ദോഷം?” (മാർച്ച് 22, 1997) എന്ന ലേഖനത്തിനു നന്ദി. സ്കൂളിൽ ഏറ്റവും ദുർബലനെ മറ്റെല്ലാവരുംകൂടി അപമാനിക്കുക പതിവാണ്. അങ്ങനെ ചെയ്യാൻ ഞാനും പ്രേരിപ്പിക്കപ്പെട്ടു. എന്നാൽ ഈ ലേഖനത്തിലൂടെ പ്രദാനംചെയ്ത, ഇരയാകുന്ന വ്യക്തിയുടെ സ്ഥാനത്തുനിന്നുകൊണ്ട് കാര്യാദികളെ വീക്ഷിക്കാനുള്ള ബുദ്ധ്യുപദേശം മുട്ടാളത്തത്തിലേർപ്പെടുന്നതിൽനിന്നു പിന്തിരിയാൻ എന്നെ വളരെ സഹായിച്ചു. ഒരിക്കൽക്കൂടി നിങ്ങൾക്കു നന്ദി.
എം. എൻ., ഫ്രാൻസ്
എനിക്ക് 17 വയസ്സുണ്ട്. ഈ ലേഖനത്തിന് നിങ്ങൾക്കു വളരെ നന്ദി. എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമാണിത്. വാസ്തവമായും അതെന്നെ പ്രോത്സാഹിപ്പിച്ചു. യഹോവ മുട്ടാളത്തത്തെ വെറുക്കുന്നെന്ന് മനസ്സിലാക്കിയത് പെരുമാറ്റത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ എന്നെ വളരെയേറെ സഹായിച്ചിരിക്കുന്നു. സുവർണനിയമവും യേശുവിന്റെ മാതൃകയും എന്നിൽ മതിപ്പുളവാക്കിയിരിക്കുന്നു. ശരിയായി പെരുമാറാൻ അവയെന്നെ സഹായിക്കുന്നു.
വി. റ്റി., ഇറ്റലി
അടുത്തകാലത്ത്, ഒരു കാത്തിരിപ്പുമുറിയിൽവെച്ച് ഉണരുക! വായിക്കവേ, ഞാൻ ഈ നല്ല ലേഖനം കണ്ടെത്തി. മുട്ടാളത്തത്തിന്റെ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങൾ എനിക്കു ശരിക്കും അറിയാം. എന്റെ ആങ്ങള എന്നെ അധിക്ഷേപിക്കുകയും വൈകാരികവും ശാരീരികവുമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. എതിർക്കുന്നപക്ഷം, തോളുകുലുക്കി ഇതൊക്കെയൊരു തമാശയല്ലേയെന്നു പറഞ്ഞു ചിരിച്ചുതള്ളുമായിരുന്നു. എനിക്കു നർമബോധമില്ലാത്തതാണ് കുഴപ്പമെന്ന് അവൻ പറയുമായിരുന്നു! എനിക്ക് 13-ഉം അവന് 15-ഉം വയസ്സുള്ളപ്പോൾ ലൈംഗികോപദ്രവത്തിനു മുതിർന്നുകൊണ്ട് അവനെന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. അവനോടുള്ള കൊടുംഭീതിയിലാണ് ഞാൻ കഴിഞ്ഞുകൂടിയത്. കാരണം, അവനെന്റെ മൂത്തതാണ്, എന്നെക്കാൾ വലുതാണ്, ആരോഗ്യത്തിന്റെ കാര്യമൊട്ടു പറയുകയും വേണ്ട! മാതാപിതാക്കളെന്നെ സംരക്ഷിച്ചതേയില്ല. ജീവിതത്തിലെ ഗുരുതരമായ ഇത്തരം പ്രശ്നങ്ങൾ പ്രതിപാദിക്കുന്നതിന് ഉണരുക!യ്ക്കു നന്ദി. അതിന് ധൈര്യംവേണമെന്ന് എനിക്കറിയാം. പ്രസ്തുത ലേഖനംകൊണ്ട് നിങ്ങൾ അനേകം ഹൃദയങ്ങളിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചിരിക്കുന്നെന്ന് എനിക്കുറപ്പുണ്ട്.
ബി. എസ്. എം., ഐക്യനാടുകൾ
തോട്ടക്കാരായ ഉറുമ്പുകൾ “ഒരു വിദഗ്ധ തോട്ടക്കാരൻ” (മാർച്ച് 22, 1997) എന്ന ലേഖനം വായിച്ചശേഷം, ഒരു എക്സിബിഷൻ സന്ദർശിക്കുന്നതിനും നിങ്ങൾ വിവരിച്ച പ്രവർത്തനം നേരിട്ടുകാണുന്നതിനും എനിക്കു സാധിച്ചു. മച്ചിൽകെട്ടിയ ഒരു കയറിലൂടെ ഇലകൾ നീങ്ങുന്നതുപോലെ തോന്നി. എന്നാൽ, ഉറുമ്പുകളായിരുന്നു ഇതിന്റെ പിന്നിൽ. തൊട്ടടുത്തായി ഒരു കുമിൾത്തോട്ടം നട്ടുപിടിപ്പിക്കുന്നതിൽ അവർ തിരക്കോടെ ഏർപ്പെടുകയായിരുന്നു. നിങ്ങൾ വിവരിച്ചത് എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടപ്പോൾ ഞാൻ തികച്ചും അമ്പരന്നുപോയി. അത് എന്നെയും എന്റെ ചെറിയ രണ്ടു പെൺമക്കളെയും നമ്മുടെ സ്വർഗീയ പിതാവും സ്നേഹവാനുമായ യഹോവയോട് കൂടുതൽ അടുപ്പിച്ചു.
പി. എഫ്., സ്കോട്ട്ലൻഡ്