ചോദ്യം 5
സ്‌കൂളിലെ ചട്ടമ്പിയെ എങ്ങനെ ‘നേരിടാം?’
നിങ്ങൾ എന്തു ചെയ്‌തേനേ?
ഈ രംഗമൊന്നു സങ്കൽപ്പിക്കുക: തോമസിന് ഇന്നു സ്കൂളിൽ പോകാൻ തോന്നുന്നില്ല. നാളെയും അവൻ പോകുന്നില്ല. ഇനി ഒരിക്കലും പോയില്ലെന്നും വരാം. മൂന്നു മാസം മുമ്പാണു പ്രശ്നങ്ങളുടെ തുടക്കം. തോമസിന്റെ സ്‌കൂളിലെ കൂട്ടുകാർ അവനെക്കുറിച്ച് ചില നുണക്കഥകൾ പറഞ്ഞുപരത്തി. പുറകേ ഇരട്ടപ്പേരുകളുടെ പ്രവാഹമായിരുന്നു. ചിലപ്പോൾ ആരെങ്കിലും തോമസിന്റെ കൈയിൽനിന്ന് പുസ്തകങ്ങൾ തട്ടി താഴെയിടും, എന്നിട്ട് ഒന്നും അറിയാത്ത മട്ടിൽ നിൽക്കും. മറ്റു ചിലപ്പോൾ ഒരാൾ അവനെ പുറകിൽനിന്ന് തോണ്ടും. പാവം തോമസ് തിരിഞ്ഞുനോക്കുമ്പോൾ ആരാണെന്ന് അറിയാനും പറ്റില്ല. ഇന്നലെ, ചട്ടമ്പിത്തരം അൽപ്പം അതിരുകടന്നു, തോമസിന് ഒരു ഓൺലൈൻ ഭീഷണി വന്നു . . .
തോമസിന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്‌തേനേ?
ഒരു നിമിഷം ചിന്തിക്കുക!
നിങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല എന്നു കരുതേണ്ടാ! ബലപ്രയോഗം കൂടാതെതന്നെ നിങ്ങൾക്ക് ഒരു ചട്ടമ്പിയെ നേരിടാം. എങ്ങനെ?
ആത്മനിയന്ത്രണം പാലിക്കുക. ബൈബിൾ പറയുന്നു: “മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 29:11) കഴിയുന്നത്ര ശാന്തരായിരിക്കുക—കുറഞ്ഞതു പുറമേയെങ്കിലും. നിങ്ങൾ ശാന്തനാണെങ്കിൽ ചട്ടമ്പിയുടെ ആവേശം തണുത്തേക്കാം.
പകരത്തിനു പകരം പാടില്ല. ബൈബിൾ പറയുന്നു: “ആർക്കും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്.” (റോമർ 12:17) പകരം ചെയ്യുന്നതു സാഹചര്യം വഷളാക്കുകയേ ഉള്ളൂ.
പ്രശ്നത്തിലേക്കു ചെന്ന് ചാടരുത്. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 22:3) കഴിയുന്നിടത്തോളം കുഴപ്പക്കാരായ ആളുകളിൽനിന്ന് ഒഴിഞ്ഞുമാറുക, പ്രശ്നസാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
തീരെ പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുക. ബൈബിൾ പറയുന്നു: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 15:1) വേണമെങ്കിൽ അൽപ്പം നർമം പരീക്ഷിച്ചുനോക്കാം. ഉദാഹരണത്തിന്, ‘നീ ഒരു പൊണ്ണത്തടിയനാടാ’ എന്ന് ഒരു ചട്ടമ്പി പറയുന്നെന്നിരിക്കട്ടെ. ഒരു നിസ്സാരമട്ടിൽ തോളൊന്നു ചലിപ്പിച്ച് നിങ്ങൾക്ക് ഇങ്ങനെ പറയാം: “ശരി, കുറച്ച് തൂക്കം കുറയ്ക്കാമോ എന്നു ഞാൻ ഒന്നു നോക്കട്ടെ.”
സ്ഥലം വിടുക. 19-കാരിയായ നോറ പറയുന്നു: “മൗനം പാലിക്കാൻ കഴിയുന്നതു നിങ്ങൾക്കു പക്വതയുണ്ടെന്നും, ശല്യപ്പെടുത്തുന്ന വ്യക്തിയെക്കാൾ നിങ്ങൾ ശക്തനാണെന്നും കാണിക്കുന്നു. അതു നിങ്ങളുടെ ആത്മനിയന്ത്രണത്തിന്റെ തെളിവാണ്, ചട്ടമ്പിക്ക് അതൊട്ട് ഇല്ലതാനും.”—2 തിമൊഥെയൊസ് 2:24.
നല്ല ആത്മവിശ്വാസം വേണം. ഒരാൾക്ക് ആത്മവിശ്വാസമില്ലെങ്കിൽ ചട്ടമ്പികൾക്ക് അതു പെട്ടെന്നു മനസ്സിലാകും. അയാൾ എതിർക്കാൻ സാധ്യതയില്ലെന്ന ഉറപ്പോടെ ചട്ടമ്പികൾ പെരുമാറും. നേരെ മറിച്ച്, നിങ്ങൾ വഴങ്ങിക്കൊടുക്കുന്നവരല്ലെന്നു കണ്ടാൽ മിക്ക ചട്ടമ്പികളും പിന്മാറാനാണു സാധ്യത.
ആരോടെങ്കിലും കാര്യം പറയുക. ഒരു മുൻ സ്കൂൾടീച്ചർ പറയുന്നു: “ചട്ടമ്പിത്തരത്തിന് ഇരയാകുന്ന എല്ലാവരും അക്കാര്യം പുറത്ത് പറയാൻ തന്റേടം കാണിക്കണം. അതാണു വേണ്ടത്. മറ്റാരെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ അകപ്പെടാതിരിക്കാൻ അതു സഹായിക്കും.”
ആത്മവിശ്വാസമുണ്ടെങ്കിൽ ചട്ടമ്പിക്കില്ലാത്ത ഒരുതരം ശക്തി നിങ്ങൾക്ക് അനുഭവപ്പെടും