യുവജനങ്ങൾ ചോദിക്കുന്നു. . .
സ്ക്കൂൾ വഴക്കാളികളെ സംബന്ധിച്ച് എനിക്ക് എന്തു ചെയ്യാൻ കഴിയും?
റ്യാൻ അക്രമത്തെക്കുറിച്ച് കേട്ടുകേൾവിപോലുമില്ലാഞ്ഞ ഒരു ചെറിയ ഗ്രാമീണ സ്ക്കൂളിൽ പഠിച്ചിരുന്നു. എന്നാൽ അയാൾ വലുതും കൂടുതൽ ദുഷ്കരവുമായ ഒരു ഹൈസ്ക്കൂളിലേക്ക് മാററപ്പെട്ടു—പെട്ടെന്ന് സ്ക്കൂളിലെ വഴക്കാളികളുടെ ലക്ഷ്യവുമായിത്തീർന്നു. റ്യാൻ ഇപ്രകാരം പറയുന്നു: ‘15-മിനിററ് ബസ്സ്യാത്ര, എന്റെ പീഡകർ വാക്കേററത്തിൽനിന്ന് ദേഹോപദ്രവങ്ങളിലേക്ക് മാറിയപ്പോൾ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്നതായി തോന്നിയ ഒരു ദണ്ഡനമായിത്തീർന്നു. അവർ ഒരു പേപ്പർക്ലിപ്പ് ഒരു സ്വസ്തികയുടെ ആകൃതിയിൽ വളച്ച് ഒരു സിഗറററ് ലൈററർകൊണ്ട് ചുട്ടുപഴുപ്പിച്ച് പാത്തുപതുങ്ങി വന്ന് അത് എന്റെ കൈമേൽവെച്ചു പൊള്ളിച്ചു. ഞാൻ പൊട്ടിക്കരഞ്ഞു.’
എലിസബത്ത് പല വർഷങ്ങൾക്കു മുമ്പ് സ്ക്കൂൾപഠനം പൂർത്തിയാക്കിയിരുന്നു. എന്നാൽ അവൾ തന്റെ സ്ക്കൂൾദിനങ്ങളെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും അവളുടെ കണ്ണുകൾ സജലങ്ങളാകുന്നു. “എന്റെ അമ്മ മറെറാരു വർഗ്ഗത്തിൽ പെട്ടവളായിരുന്നതുകൊണ്ട് ഞാൻ മററു കുട്ടികളിൽനിന്ന് വ്യത്യസ്തയായിരുന്നു. അതുകൊണ്ട് രണ്ടാം ഗ്രേഡു മുതൽ ഹൈസ്ക്കൂൾ വരെ ഞാൻ നിരന്തരം കളിയാക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്തിരുന്നു. ‘ഞാൻ എലിസബേത്തിനെ വെറുക്കുന്നു’ എന്ന പേരിൽ ഒരു ക്ലബ്ബ് ഉണ്ടായിരുന്നതുപോലെ തോന്നി. പിൽക്കാലവർഷങ്ങളിൽപ്പോലും തങ്ങളുടെ ശത്രുക്കളുടെ തല കക്കൂസിൽ താക്കുമെന്ന മററു ചില പെൺകുട്ടികളുടെ ഭീഷണിയുടെ ലക്ഷ്യമാകാതിരിക്കാൻ ഞാൻ സ്ക്കൂളിലെ റസ്ററ്റൂമുകളിൽ പോകാതിരുന്നു. ഞാൻ ഒരു മുഖ്യലക്ഷമായിരുന്നു എന്ന് ഞാൻ വിചാരിച്ചു” എന്ന് അവൾ വിശദീകരിക്കുന്നു.
സ്ക്കൂളിലെ ഭീകരത ഭയാനകമാംവിധം വലിയൊരു ശതമാനം സ്ക്കൂൾയുവാക്കളുടെ അനുദിന അനുഭവമാണ്. അവർക്ക് നിരന്തരം വാഗ്രൂപേണയും ലിഖിതവുമായ ഭീഷണികൾ ലഭിക്കുന്നു, അവർ ലോക്കർറൂമുകളിൽ ഉപദ്രവിക്കപ്പെടുന്നു. തങ്ങളുടെ ഉച്ചഭക്ഷണത്തിനുള്ള പണം ക്രമമായി വിട്ടുകൊടുക്കാൻ ഭീഷണിപ്പെടുത്തപ്പെടുന്നു—ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ ഉള്ള സമ്മർദ്ദത്തിനുപോലും വിധേയരാക്കപ്പെടുന്നു—എല്ലാം സ്ക്കൂളിലെ വഴക്കാളികളാൽത്തന്നെ.a നിങ്ങൾ ഈ ഇരകളിൽ പെട്ട ഒരാളാണെങ്കിൽ നിങ്ങൾക്കു മറെറാന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തവിധം ഇത് നിങ്ങളുടെ ജീവിതത്തിലെ വളരെ വലിയ ഒരു പ്രശ്നമായിരിക്കാം. എന്നാൽ അതുസംബന്ധിച്ച് ചിലതു ചെയ്യാൻ കഴിയുമെന്നുള്ളത് സന്തോഷകരംതന്നെ! എന്നാൽ നിങ്ങൾ ആദ്യമായി പ്രശ്നം മനസ്സിലാക്കണം.
ഒരു വഴക്കാളി ആരാണ?
യാതൊരുത്തരും ഒരു വഴക്കാളിയായി ജനിക്കുന്നില്ലെന്നുള്ളതിനോട് ഗവേഷകർ പൊതുവേ യോജിക്കുന്നു. “സ്ക്കൂളിലെ ഒരു വഴക്കാളി വീട്ടിലെ ഒരു ബലിയാടാണ്” എന്ന് മനഃശാസ്ത്രജ്ഞനായ നഥനയേൽ ഫ്ളോയ്ഡ് അവകാശപ്പെടുന്നു. അങ്ങനെ വഴക്കാളി തനിക്കു വീട്ടിൽ അനുഭവപ്പെടുന്ന പെരുമാററം കൈമാറുകയായിരിക്കാം.—സഭാപ്രസംഗി 7:7 താരതമ്യപ്പെടുത്തുക.
മററു വിദഗ്ദ്ധൻമാർ “ടെലിവിഷനിൽ വളരെയധികം അക്രമം വീക്ഷിക്കുന്നതും” “വളരെക്കുറച്ചു സ്നേഹവും കരുതലും കുട്ടിക്കാലത്തെ വളരെയധികമായ സ്വാതന്ത്ര്യവും” മററും പ്രേരകഘടകങ്ങളെന്ന നിലയിൽ എടുത്തുപറയുന്നു. സാധാരണഗതിയിൽ ആക്രമണപ്രിയരല്ലാത്ത ചില യുവജനങ്ങൾപോലും ചിലപ്പോൾ ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കാനുള്ള ആഗ്രഹത്തിൽനിന്ന് അല്ലെങ്കിൽ തങ്ങളിൽനിന്നുതന്നെ ശ്രദ്ധ മാററിയെടുക്കുന്നതിന് വഴക്കിലേക്ക് ആകർഷിക്കപ്പെടുന്നു.
ഒരു ഇരയുടെ ചരിത്രം
ഒരു ശാരീരിക വൈരൂപ്യമൊ ന്യൂനതയൊ അല്ലെങ്കിൽ സ്ക്കൂളിലേക്ക് പുതുതായി വരുന്ന ഒരാളോ പോലെ വ്യത്യസ്തമെന്ന് പരിഗണിക്കപ്പെടുന്ന എന്തിനും ഒരു വഴക്കാളിയുടെ ആക്രമണത്തെ പ്രചോദിപ്പിക്കാൻ കഴിയും. എന്നിരുന്നാലും വഴക്കാളികളുടെ അനേകം ഇരകളിൽ ഒരു പ്രത്യേക സവിശേഷത കാണപ്പെടുന്നു. നേരത്തെ ഉദ്ധരിച്ച എലിസബത്ത് അതിലേക്കു വിരൽചൂണ്ടുന്നു: “ഞാൻ എല്ലായ്പ്പോഴും എളുപ്പത്തിൽ കരഞ്ഞുപോകുമായിരുന്നു, തന്നിമിത്തം എനിക്ക് ഭയമുണ്ടെന്നോ ഞാൻ വ്രണിതയാണെന്നോ മററുള്ളവർക്ക് ഉടൻതന്നെ പറയാൻ കഴിയുമായിരുന്നു.”
വഴക്കാളികളുടെ ബലിയാടുകളിൽ പൊതുവേയുണ്ടായിരുന്ന പിൻവരുന്ന സ്വഭാവങ്ങൾ പേരൻറസ മാസിക പട്ടികപ്പെടുത്തി: “ഉൽക്കണ്ഠ, ലജ്ജ, ജാഗ്രത, സംവേദകത്വം, ആത്മാഭിമാനക്കുറവ്” എന്നിവയും ആക്രമിക്കപ്പെടുമ്പോൾ കരയാനോ ഓടാനോ ഉള്ള പ്രവണതയും.” (ഇററാലിക്സ് ഞങ്ങളുടേത്) അല്ല, തങ്ങളുടെ കഷ്ടപ്പാടിന് ബലിയാടുകളെ കുററപ്പെടുത്തണമെന്നല്ല. എന്നിരുന്നാലും വഴക്കാളികൾ നിസ്സഹായതയിലേക്ക് ആകർഷിക്കപ്പെടുമെന്നുള്ള അറിവിന് അവയെ കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ കഴിയും.
ഉറപ്പിച്ചുപറയുക, ആക്രമണകാരിയായിരിക്കരുത
ആദ്യംതന്നേ ഒരു വഴക്കാളിക്കിട്ട് തിരിച്ചടിക്കാൻ പ്രലോഭിതരാകരുത്. ‘തിൻമക്കു പകരം തിൻമചെയ്യുന്നത്’ തെററാണെന്നുമാത്രമല്ല അതിന് നിങ്ങളെ നിങ്ങൾ അർഹിക്കാത്ത കുഴപ്പത്തിൽ ചാടിക്കാനും കഴിയും. അത് പ്രശ്നത്തെ കേവലം രൂക്ഷമാക്കുകയേയുള്ളു. (റോമർ 12:17) ആക്രമണകാരിയാകുന്നത് ബുദ്ധിശൂന്യമായിരിക്കെ, കാര്യം ഉറപ്പിച്ചുപറയുന്നത സഹായകമെന്നു തെളിഞ്ഞേക്കാം. “വഴക്കാളിയോട് കേവലം നിർത്താൻ പറയുകയും അയാൾ ചെയ്യുന്നത് തനിക്കിഷ്ടമില്ലെന്ന് വിശദീകരിക്കുകയുംചെയ്തുകൊണ്ട് നടന്നുമാറുന്നത് ഭാവിയിൽ വഴക്കിനുള്ള സാധ്യതയെ കാര്യമായി കുറക്കുമെന്ന്” പേരൻറസ മാസിക ശുപാർശചെയ്തു. അല്ലെങ്കിൽ ഒരു മനഃശാസ്ത്രജ്ഞൻ പ്രസ്താവിച്ചതുപോലെ ‘ഒരു ഉറച്ച നില സ്വീകരിച്ചുകൊണ്ട് മാന്യമായി വിട്ടുമാറുക.’
മറെറാരു സമീപനം (ഉചിതമായ ഒരു സമയത്തും സ്ഥലത്തും) വഴക്കാളിയോട് ശാന്തമായി ന്യായവാദം ചെയ്യാൻ ശ്രമിക്കുകയാണ്. ‘അയാളോട ന്യായവാദം ചെയ്യുകയോ?,’ നിങ്ങൾ ചോദിച്ചേക്കാം. ഉവ്വ്, നിങ്ങളെക്കുറിച്ച് നീരസം ഉളവാകത്തക്കവണ്ണം നിങ്ങൾ എന്തെങ്കിലും ചിന്തകൂടാതെ ചെയ്തുവെന്ന തെററിദ്ധാരണ അയാളുടെ ഭാഗത്ത് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. എങ്ങനെയായാലും, വഴക്കാളിയെ ധീരമായും ശാന്തമായും സമീപിക്കുന്നത് നിങ്ങൾ ഒരു നിസ്സഹായ ഇരയാകാൻ വിസമ്മതിക്കുന്നു എന്ന സന്ദേശം പരത്തിയേക്കാം. “വഴക്കാളികൾ നിഷ്ക്രിയമായ സമ്മതവും കണ്ണുനീരുമാണ് കാണാൻ ആഗ്രഹിക്കുന്നത്” എന്ന് ഡോ. കെന്നത്ത് ഡോഡ്ജ് വിശദീകരിക്കുന്നു. “ആഗ്രഹിച്ചതുപോലെ പ്രതികരിക്കാത്ത ഒരു കുട്ടി വീണ്ടും ഇരയാക്കപ്പെടാൻ സാധ്യതയില്ല.” “മനുഷ്യരുടെ മുമ്പാകെ വിറക്കുന്നതാണ് ഒരു കെണി” എന്ന് സദൃശവാക്യം നന്നായിത്തന്നെ പറയുന്നു.—സദൃശവാക്യങ്ങൾ 29:25.
നിങ്ങളുടെ മാതാപിതാക്കളോടു പറയുക!
വഴക്കുനിർത്തുന്നില്ലെങ്കിലോ? നിങ്ങൾ പ്രശ്നത്തെക്കുറിച്ച് നിങ്ങളുടെ മാതാപിതാക്കളോട് പറയേണ്ടതുണ്ടെന്ന് വിദ്യാഭ്യാസപ്രവർത്തകരും ഗവേഷകരും അനായാസം സമ്മതിക്കുന്നു. നിങ്ങളുടെ മാതാപിതാക്കൻമാർക്ക് കാര്യം മനസ്സിലാകുകയില്ലെന്ന് നിങ്ങൾ വിചാരിച്ചേക്കാമെന്നതു സത്യം തന്നെ. വഴക്കാളിയെക്കുറിച്ച് മററുള്ളവരോടു പറഞ്ഞാൽ നിങ്ങളെ കൂടുതലായി ഉപദ്രവിക്കുമെന്ന് ഭീഷണിയുണ്ടായേക്കാം. എന്നാൽ സ്ക്കൂളിൽ നിങ്ങൾക്ക് എന്തു സംഭവിക്കുന്നുവെന്ന് അറിയാൻ നിങ്ങളുടെ മാതാപിതാക്കൾക്ക് അവകാശമുണ്ട്, ഇല്ലയോ?
നിങ്ങളുടെ മാതാപിതാക്കൾ വഴക്കാളിയുമായി നേരിട്ടു സംസാരിക്കണമെന്ന് ഇതിന് അർത്ഥമില്ല. എന്നാൽ നിങ്ങൾക്ക് പ്രോത്സാഹനം നൽകാനും അങ്ങനെ നിങ്ങളുടെ കുറഞ്ഞുവരുന്ന ആത്മധൈര്യത്തെയും ദൈവികതത്വങ്ങളനുസരിച്ച് ജീവിക്കാനുള്ള ഉറപ്പിനെയും പരിപുഷ്ടിപ്പെടുത്താനും അവർക്കു കഴിയും. നിങ്ങൾക്കു പ്രായോഗികബുദ്ധിയുപദേശം നൽകാനും അവർക്കു കഴിയും. ദൃഷ്ടാന്തത്തിന് നിങ്ങൾ വഴക്കിനെക്കുറിച്ച് ഒരു സ്ക്കൂൾ ഉദ്യോഗസ്ഥനോട് സംസാരിക്കാൻ അവർ നിർദ്ദേശിച്ചേക്കാം. സ്ക്കൂൾ അദ്ധ്യാപകനായ ജറാൾഡ് ഹോഫ് ഇങ്ങനെ നിർദ്ദേശിക്കുന്നു: “വിശേഷാൽ നിങ്ങളുടെ മാതാപിതാക്കളുടെ പിൻതുണ നിങ്ങൾക്കുള്ളപ്പോൾ ആദ്യം തന്നെ ഗൈഡൻസ് കൗൺസലറുടെ അടുക്കലേക്ക് പോകാൻ ശ്രമിക്കുക, എന്നാൽ സാധ്യമെങ്കിൽ നിങ്ങൾ അതുചെയ്യുന്നുണ്ടെന്ന് മററു വിദ്യാർത്ഥികളെ അറിയിക്കരുത്. വഴക്കാളിയോട് നന്നായി സംസാരിക്കാൻ കൗൺസലർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്, എന്നാൽ സംഗതി കൂടുതൽ വഷളാവുകയാണെങ്കിൽ വിവരം പ്രിൻസിപ്പലിനെ അറിയിക്കാൻ അയാൾക്കു കടമയുണ്ട്.”
ചിലപ്പോൾ നിങ്ങൾക്കുവേണ്ടി സ്ക്കൂൾ ഉദ്യോഗസ്ഥൻമാരോടു സംസാരിക്കാൻ മാതാപിതാക്കൾ തീരുമാനിക്കുന്നു. ഈ വിധത്തിൽ അവർ ഇടപെടുന്നതിനോട് നിങ്ങൾക്ക് വൈമനസ്യം ഉണ്ടായിരിക്കാമെന്നത് മനസ്സിലാക്കാവുന്നതാണ്. തുടക്കത്തിൽ പറഞ്ഞ റ്യാൻ ഇങ്ങനെ ഓർമ്മിക്കുന്നു: “എന്റെ നേരെ കൂട്ടംചേർന്നുള്ള നടപടിയുണ്ടാകുമെന്നുള്ള ഭയത്താൽ ഇതിലുൾപ്പെടാതിരിക്കാൻ എന്റെ മമ്മിയോടും ഡാഡിയോടും ഞാൻ അഭ്യർത്ഥിച്ചു, ഓരോ ദിവസവും കാര്യം മെച്ചപ്പെടുമെന്നും ഞാൻ ആശിച്ചു.” എന്നാൽ പൊള്ളിക്കൽ സംഭവത്തിനുശേഷം അവന്റെ പിതാവ് സ്ക്കൂൾ അധികൃതരെ സമീപിക്കുന്നതിൽ നിർബന്ധം പിടിച്ചു. ഫലമെന്തായിരുന്നു? അവനുവേണ്ടി വിവേകപൂർവമായ നടപടികൾ സ്വീകരിക്കപ്പെട്ടു. “ആവശ്യത്തിലധികം എന്നെ പരാമർശിക്കാതെ കർശനമായ ഇരിപ്പിടക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. കുററക്കാരായ വിദ്യാർത്ഥികൾ സൂക്ഷ്മനിരീക്ഷണത്തിനു വിധേയരാക്കപ്പെട്ടു” എന്ന് റ്യാൻ അനുസ്മരിക്കുന്നു. പിന്നെയും ആശ്വാസം ഉണ്ടാകുന്നില്ലെങ്കിൽ കുററക്കാരനെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കണമൊ എന്ന് നിങ്ങളുടെ മാതാപിതാക്കൾക്ക് തീരുമാനിക്കാവുന്നതാണ്.
നിവാരണനടപടികൾ
എന്നിരുന്നാലും ഒന്നാമതുതന്നെ ഉപദ്രവം ഒഴിവാക്കുന്നതാണ് ഏററവും നല്ലത്. എങ്ങനെ? ക്ലാസ്സിനകത്തും പുറത്തും മററുള്ളവരോട് കേവലം സംഭാഷണം നടത്തുന്ന സ്വഭാവത്തിന് വഴക്കാളികൾ ആകർഷിക്കപ്പെടുന്നതായി തോന്നുന്ന ഏകാകിയുടെ പ്രതിച്ഛായ ഒഴിവാക്കാൻ സഹായിക്കും. അദ്ധ്യാപകരോടും ബസ്സ്ഡ്രൈവർമാരോടും സൗഹൃദമുള്ളവരായിരിക്കുകയും ഒന്നു പുഞ്ചിരിക്കുന്നതും സന്തോഷപൂർവകമായി ഹലോ പറയുന്നതുംപോലും അവരുടെ അനുകൂലമായ ശ്രദ്ധ നേടാനും അങ്ങനെ ഒരളവിൽ സംരക്ഷണം കിട്ടാനും സാധ്യതയുണ്ട്. കുഴപ്പം ഉണ്ടാകാൻ ഇടയുള്ള സമയങ്ങളൊ സ്ഥലങ്ങളൊ ഒഴിവാക്കാനും നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്.—സദൃശവാക്യങ്ങൾ 22:3.
കൂടുതൽ അയവും സമനിലയുമുള്ള പ്രകൃതം പ്രകടമാക്കാൻ ശ്രമിക്കുക. ഇതും നിങ്ങളെ അധികമായി വഴക്കാളികളുടെ ഒരു ഇരയാക്കാതിരുന്നേക്കാം. “ദൈവം നമുക്ക് ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, പിന്നെയോ ബലത്തിന്റെയും സ്നേഹത്തിന്റേയും സുബോധത്തിന്റെയും ആത്മാവിനെയാണ് നൽകിയത്” എന്നു ബൈബിൾ പറയുന്നു. (2 തിമൊഥെയോസ് 1:7) “ആരെങ്കിലും ദൈവത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനെ ദൈവം അറിയുന്നു” എന്ന വസ്തുതയെക്കുറിച്ച് വിചിന്തനം ചെയ്യുന്നതിനാൽ ആ ധൈര്യമുള്ള ആത്മാവിനെ നിങ്ങൾക്കു ബലിഷ്ഠമാക്കാൻ കഴിയും. (1 കൊരിന്ത്യർ 8:3) നിങ്ങളുടെ പ്രശ്നം ദൈവത്തിനറിയാമെന്നും അവൻ യഥാർത്ഥത്തിൽ കരുതുന്നുവെന്നുമുള്ള അറിവിന് അതിനെ നേരിടാൻ നിങ്ങളെ സഹായിക്കുന്നതിന് വളരെയധികം ചെയ്യാൻ കഴിയും.
റ്യാൻ ഇങ്ങനെ അനുസ്മരിക്കുന്നു: “ഈ കാലത്തെല്ലാം ഞാൻ വളരെയധികം പ്രാർത്ഥിച്ചു. തൽഫലമായി എനിക്ക് യഹോവയോട് കൂടുതൽ അടുപ്പം തോന്നുന്നു. ഞാൻ കൂടുതൽ ആത്മനിയന്ത്രണം നേടിയിരിക്കുന്നു. എല്ലാററിനുമുപരിയായി ‘നിങ്ങൾക്കു സഹിക്കാൻ കഴിയുന്നതിനതീതമായി നിങ്ങൾ പരീക്ഷിക്കപ്പെടാൻ അനുവദിക്കയില്ല’ എന്ന് യഹോവ പറയുമ്പോൾ എനിക്കതിൽ കൂടുതൽ വിശ്വാസവുമുണ്ടായിരിക്കുന്നു.” (1 കൊരിന്ത്യർ 10:13) നിങ്ങളുടെ പ്രശ്നങ്ങളെ—ഭീരുവായ ഒരു വഴക്കാളിയെപ്പോലെ ഉപദ്രവകരമായ ഒന്നുപോലും—കൈകാര്യംചെയ്യാൻ നിങ്ങളെയും ദൈവത്തിനു സഹായിക്കാൻ കഴിയും. (g89 8/8)
[അടിക്കുറിപ്പുകൾ]
a ഒരു പഠനത്തിൽ യു. എസ്സ്. ജൂണിയർ ഹൈസ്ക്കൂൾ വിദ്യാർത്ഥികളിൽ 25 ശതമാനംപേർ “വഴക്കാളികളും ശിഥിലീകരണപെരുമാററങ്ങളും” തങ്ങളുടെ മുഖ്യമായ ഉപദ്രവമായി പട്ടികപ്പെടുത്തി. ഗ്രേററ്ബ്രിട്ടനിലും പശ്ചിമജർമ്മനിയിലും വിദ്യാഭ്യാസപ്രവർത്തകർ സമാനമായി വഴക്കുണ്ടാക്കൽ സംഭവിക്കുന്നതിന്റെ തോതിലും ഗൗരവതയിലും വർദ്ധിച്ചിരിക്കുന്നതിൽ ഉത്ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.
[18-ാം പേജിലെ ചിത്രം]
വഴക്കാളികൾ ചെറിയ ദുർബലരായ എതിരാളികളെ ശല്യപ്പെടുത്തുന്നതിൽ സന്തോഷിക്കുന്നു
[19-ാം പേജിലെ ചിത്രം]
സാഹചര്യം നിങ്ങൾക്കു കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൻമാരോടു പറയുക