ഒഴിഞ്ഞ കൂട്ടിൽ സന്തോഷമായി കഴിയൽ
“എത്ര തയ്യാറെടുത്താലും ശരി, അവസാനത്തെ വേർപാട് ഞങ്ങളിൽ പലർക്കും ഒരു ഇടിത്തീയാണ്” എന്ന് ഒരു മാതാവ് സമ്മതിച്ചുപറഞ്ഞു. അതേ, മകനോ മകളോ വീട്ടിൽനിന്നുപോകുന്നത് എത്ര ഒഴിച്ചുകൂടാൻ വയ്യാത്ത സംഗതിയായിരുന്നേക്കാമെങ്കിലും അത് യഥാർഥത്തിൽ സംഭവിക്കുമ്പോൾ സഹിക്കുക അത്ര എളുപ്പമായിരിക്കില്ല. മകനെ യാത്രയയച്ചു കഴിഞ്ഞപ്പോഴത്തെ തന്റെ പ്രതികരണത്തെക്കുറിച്ച് ഒരു പിതാവ് പറയുന്നു: “ജീവിതത്തിലാദ്യമായി . . . , ഞാൻ കരഞ്ഞു, വീണ്ടും വീണ്ടും കരഞ്ഞു.”
മക്കൾ വീട്ടിൽനിന്നുപോകുമ്പോൾ പല മാതാപിതാക്കൾക്കും വലിയ ശൂന്യതാബോധം അനുഭവപ്പെടുന്നു. ഉണങ്ങാത്ത മുറിവുപോലെയാണത്. എന്നും കണ്ടുകൊണ്ടിരുന്ന മക്കളെ കാണാൻ പറ്റാതെ വരുമ്പോൾ കടുത്ത ഏകാന്തതയും ദുഃഖവും നഷ്ടബോധവും ചിലരെ വേട്ടയാടുന്നു. പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ടുന്നത് മാതാപിതാക്കൾ മാത്രമായിരിക്കില്ല. ദമ്പതികളായ എഡ്വേർഡും ആവ്റിലും നമ്മെ ഇങ്ങനെ ഓർമപ്പെടുത്തുന്നു: “വീട്ടിൽ മറ്റു കുട്ടികളുണ്ടെങ്കിൽ അവർക്കും നഷ്ടബോധം അനുഭവപ്പെടും.” ഈ ദമ്പതികളുടെ ഉപദേശമെന്താണ്? “അവരോടൊത്തു സമയം ചെലവിടുക. അവരെ മനസ്സിലാക്കുക. ഇത് സാഹചര്യവുമായി ഇണങ്ങിച്ചേരാൻ അവരെ സഹായിക്കും.”
അതേ, ജീവിതമാകുന്ന യാത്രയിൽ ഇനിയും പിന്നിടാൻ ദൂരം ബാക്കിയുണ്ട്. വീട്ടിലുള്ള ശേഷം കുട്ടികളുടെ കാര്യം നോക്കാനുണ്ടെങ്കിൽ—അതുകൂടാതെ ജോലിയോ വീട്ടുജോലികളോ ഉണ്ടെങ്കിൽ—വ്യസനത്തിന്റെ നിലയില്ലാക്കയത്തിൽ നിങ്ങൾക്ക് ആഴ്ന്നുപോകാനാവില്ല. അതുകൊണ്ട്, മക്കൾ വീട്ടിൽനിന്നുപോകുമ്പോൾ സന്തോഷം കണ്ടെത്താനുള്ള ചില വഴികളെക്കുറിച്ച് നമുക്ക് പരിചിന്തിക്കാം.
നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
നിങ്ങൾക്ക് ദുഃഖമോ ഏകാന്തതയോ അനുഭവപ്പെടുകയും ഒന്നു കരയണമെന്നോ മനസ്സിലുള്ളതൊക്കെ സഹാനുഭൂതിയുള്ള ഒരു സുഹൃത്തിനോട് പറയണമെന്നോ തോന്നുകയും ചെയ്യുന്നെങ്കിൽ തീർച്ചയായും അങ്ങനെ ചെയ്യുക. ബൈബിൾ ഇങ്ങനെ പറയുന്നു: “മനോവ്യസനം ഹേതുവായി മമനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 12:25) ചിലപ്പോൾ, കാര്യങ്ങളെ ഒരു പുതിയ വീക്ഷണകോണിലൂടെ കാണാൻ മറ്റുള്ളവർക്കു നിങ്ങളെ സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്, ദമ്പതികളായ വാൽഡെമാറും മാരിയാനയും പിൻവരുന്ന ഉപദേശം നൽകുന്നു: “മക്കളെ നഷ്ടമായല്ലോ എന്നു വിചാരിക്കുന്നതിനു പകരം ഒരു ലക്ഷ്യത്തിൽ വിജയകരമായി എത്തിച്ചേരാൻ കഴിഞ്ഞല്ലോ എന്നോർത്തു സമാധാനിക്കുക.” എന്തൊരു ക്രിയാത്മകമായ വീക്ഷണഗതി! “ഞങ്ങളുടെ ആൺമക്കളെ ചുമതലാബോധമുള്ള മുതിർന്നവരാക്കി വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്” എന്ന് ദമ്പതികളായ റൂഡൊൾഫും ഹിൽഡെയും പറയുന്നു.
കുട്ടിയെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” വളർത്തിക്കൊണ്ടുവരാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? (എഫെസ്യർ 6:4) എങ്കിൽപ്പോലും, അവനോ അവളോ വീട്ടിൽനിന്നുപോകുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഉത്കണ്ഠയുണ്ടായിരുന്നേക്കാം. എന്നാൽ കുട്ടിയെ ഇപ്രകാരം പരിശീലിപ്പിക്കുന്നവർക്ക് ബൈബിൾ ഇങ്ങനെ ഉറപ്പുകൊടുക്കുന്നു: “അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സദൃശവാക്യങ്ങൾ 22:6) കുട്ടി നിങ്ങളുടെ പരിശീലനത്തോട് അനുകൂലമായി പ്രതികരിച്ചിരിക്കുന്നതു കാണുന്നത് നിങ്ങൾക്കു വലിയ സംതൃപ്തി കൈവരുത്തുന്നില്ലേ? അപ്പോസ്തലനായ യോഹന്നാൻ തന്റെ ആത്മീയ കുടുംബത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹന്നാൻ 4) ഒരുപക്ഷേ നിങ്ങളുടെ കുട്ടിയെക്കുറിച്ച് സമാനമായ വികാരങ്ങൾ നിങ്ങൾക്കുണ്ടായിരിക്കാൻ കഴിയും.
എല്ലാ കുട്ടികളും ക്രിസ്തീയ പരിശീലനത്തോടു പ്രതികരിക്കുന്നില്ലെന്നതു ശരിതന്നെ. പ്രായപൂർത്തിയായ നിങ്ങളുടെ കുട്ടിയുടെ കാര്യത്തിൽ ഇത് സത്യമാണെങ്കിൽ നിങ്ങൾ ഒരു നല്ല മാതാവോ പിതാവോ അല്ലെന്ന് അതിനർഥമില്ല. അവനെ ദൈവികവിധത്തിൽ വളർത്തിക്കൊണ്ടുവരുന്നതിന് നിങ്ങൾ കഴിവിന്റെ പരമാവധി ശ്രമിച്ചിരിക്കുന്നെങ്കിൽ അനാവശ്യമായി നിങ്ങളെത്തന്നെ പഴിക്കേണ്ട. മുതിർന്നയാളെന്ന നിലയിൽ നിങ്ങളുടെ കുട്ടി ദൈവമുമ്പാകെ ഉത്തരവാദിത്വത്തിന്റെ സ്വന്തം ചുമട് വഹിക്കുന്നുവെന്നു മനസ്സിലാക്കുക. (ഗലാത്യർ 6:5) ഒരുപക്ഷേ കാലക്രമത്തിൽ അവൻ തന്റെ തിരഞ്ഞെടുപ്പുകൾ പുനഃപരിശോധിക്കുകയും ഒടുവിൽ ‘അസ്ത്രം’ ഉന്നംവെച്ചിടത്തുതന്നെ ചെന്നു കൊള്ളുകയും ചെയ്യുമെന്നുള്ള പ്രത്യാശ നിലനിർത്തുക.—സങ്കീർത്തനം 127:4.
നിങ്ങളിപ്പോഴും മാതാവോ പിതാവോ ആണ്!
നിങ്ങളുടെ കുട്ടി വീട്ടിൽനിന്നുപോകുന്നത് സാരമായ മാറ്റത്തിനിടയാക്കുന്നുവെങ്കിലും മാതാവോ പിതാവോ എന്ന നിലയിലുള്ള നിങ്ങളുടെ ജോലി തീർന്നുവെന്ന് അതിനർഥമില്ല. മാനസികാരോഗ്യവിദഗ്ധനായ ഹൗവർഡ് ഹാൽപെൺ പറയുന്നു: “നിങ്ങൾ മരിക്കുംവരെ മാതാവോ പിതാവോ ആണ്. എന്നാൽ, കൊടുക്കലിനും പരിപാലനത്തിനും ഒരു പുതിയ നിർവചനം നൽകേണ്ടിയിരിക്കുന്നുവെന്നു മാത്രം.”
മക്കൾ വളർന്നുവെന്ന ഒറ്റക്കാരണത്താൽ മക്കളെ വളർത്തൽ അവസാനിക്കുന്നില്ലെന്ന് ബൈബിൾ ദീർഘനാൾ മുമ്പേ പ്രസ്താവിച്ചിരുന്നു. സദൃശവാക്യങ്ങൾ 23:22 ഇങ്ങനെ പറയുന്നു: “നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.” അതേ, മാതാപിതാക്കൾ ‘വൃദ്ധരും’ കുട്ടികൾ പ്രായപൂർത്തിയായവരും ആയിരിക്കുമ്പോൾപോലും മാതാപിതാക്കൾക്ക് മക്കളുടെ ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയും. തീർച്ചയായും, ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടത് ആവശ്യമാണ്. വാസ്തവത്തിൽ, ഏതൊരു ബന്ധവും പുതുമയുള്ളതും സംതൃപ്തിദായകവുമാക്കി നിർത്തുന്നതിന് അവയിൽ ഇടയ്ക്കിടയ്ക്ക് പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ കുട്ടികൾ വളർന്നിരിക്കുന്ന സ്ഥിതിക്ക് അവരുമായുള്ള ബന്ധത്തെ കുറെക്കൂടി മുതിർന്നവരുമായുള്ള ബന്ധത്തിന്റെ തലത്തിൽ കൊണ്ടുവരാൻ ശ്രമിക്കുക. രസകരമെന്നു പറയട്ടെ, മക്കൾ വീട്ടിൽനിന്നു പോയിക്കഴിയുമ്പോൾ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം മിക്കപ്പോഴും മെച്ചപ്പെടുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു! യഥാർഥ ലോകത്തിലെ സമ്മർദങ്ങളെ മുഖാമുഖം നേരിടുമ്പോൾ പലപ്പോഴും അവർ തങ്ങളുടെ മാതാപിതാക്കളെ ഒരു പുതിയ കാഴ്ചപ്പാടിൽ കണ്ടു തുടങ്ങുന്നു. ഹാർട്ട്മൂട്ട് എന്നു പേരുള്ള ഒരു ജർമൻകാരൻ ഇങ്ങനെ പറയുന്നു: “എനിക്കിപ്പോൾ മാതാപിതാക്കളെ കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിയുന്നു. അവർ അങ്ങനെയൊക്കെ ചെയ്തതെന്തുകൊണ്ടാണെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്.”
വേണ്ടാത്ത കാര്യങ്ങളിൽ തലയിടുന്നത് ഒഴിവാക്കുക
എന്നാൽ, നിങ്ങൾ പ്രായപൂർത്തിയായ കുട്ടിയുടെ സ്വകാര്യ ജീവിതത്തിൽ തലയിടുന്നെങ്കിൽ അത് വളരെയധികം ദോഷം വരുത്തും. (1 തിമൊഥെയൊസ് 5:13 താരതമ്യം ചെയ്യുക.) അമ്മായിയപ്പന്റെയും അമ്മായിയമ്മയുടെയും പെരുമാറ്റം മൂലം വളരെയധികം പിരിമുറുക്കം അനുഭവിക്കുന്ന ഒരു സ്ത്രീ ഇങ്ങനെ വിലപിക്കുന്നു: “ഞങ്ങൾ അവരെ സ്നേഹിക്കുന്നു, എന്നാൽ സ്വന്തമായ ഒരു ജീവിതം ഉണ്ടായിരിക്കാനും സ്വന്തമായി തീരുമാനങ്ങളെടുക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.” തീർച്ചയായും, പ്രായപൂർത്തിയായ ഒരു മകനോ മകളോ ആപത്തിലേക്ക് കൂപ്പുകുത്തുമ്പോൾ സ്നേഹമുള്ള ഒരു മാതാവും പിതാവും അതു കയ്യുംകെട്ടി നോക്കിനിൽക്കില്ല. എങ്കിലും സാധാരണഗതിയിൽ, മാതാപിതാക്കളുടെ ബുദ്ധ്യുപദേശം എത്രകണ്ട് ജ്ഞാനപൂർവകമോ സദുദ്ദേശ്യത്തോടുകൂടിയതോ ആയിരുന്നാലും മക്കൾ ആവശ്യപ്പെടാതെ അവർക്കു ബുദ്ധ്യുപദേശം കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ചും, മക്കൾ വിവാഹിതരായിക്കഴിയുമ്പോൾ.
1983-ൽ ഉണരുക! (ഇംഗ്ലീഷ്) ഈ ബുദ്ധ്യുപദേശം നൽകി: “നിങ്ങളുടെ റോൾ മാറ്റം അംഗീകരിക്കുക. കുഞ്ഞ് പിച്ചവെക്കാൻ തുടങ്ങുമ്പോൾ മുലയൂട്ടിക്കൊണ്ടിരുന്നപ്പോഴത്തെപ്പോലെ നിങ്ങൾ അവനോട് ഇടപെടുന്നില്ല. സമാനമായി, പരിപാലനദാത്രി എന്ന ഇഷ്ടപ്പെട്ട സ്ഥാനത്തിനു പകരം നിങ്ങളിപ്പോൾ ഉപദേഷ്ട്രി എന്ന സ്ഥാനം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ പ്രായത്തിൽ നിങ്ങളുടെ കുട്ടിക്കുവേണ്ടി തീരുമാനങ്ങളെടുക്കുന്നത് അവനെ തോളത്തു കിടത്തിയിട്ട് അവന്റെ പുറത്തു തട്ടി വായു കളയുന്നതുപോലെയോ മുലയൂട്ടുന്നതുപോലെയോതന്നെ അനുചിതമാണ്. ഉപദേശം നൽകുന്നയാളെന്ന നിലയിൽ, നിങ്ങൾക്ക് നിശ്ചിത പരിമിതികളുണ്ട്. മാതാവോ പിതാവോ എന്ന നിലയിലുള്ള നിങ്ങളുടെ അധികാരത്തിലേക്കു (‘ഞാനാ പറയുന്നത്, നീ അത് ചെയ്യ്,’ എന്നവണ്ണം) വിരൽചൂണ്ടുന്നതുകൊണ്ട് മേലാൽ ഫലമില്ല. മുതിർന്നയാളെന്ന നിലയിലുള്ള കുട്ടിയുടെ സ്ഥാനത്തെ ആദരിക്കണം.”a
നിങ്ങളുടെ കുട്ടിയും അവന്റെ അല്ലെങ്കിൽ അവളുടെ ഇണയും എടുക്കുന്ന എല്ലാ തീരുമാനങ്ങളോടും നിങ്ങൾ യോജിച്ചെന്നു വരില്ല. എന്നാൽ വിവാഹത്തിന്റെ പവിത്രതയോടുള്ള ആദരവ് ഉത്കണ്ഠയെ ശമിപ്പിക്കാനും അനാവശ്യ കാര്യങ്ങളിൽ തലയിടുന്നത് ഒഴിവാക്കാനും നിങ്ങളെ സഹായിക്കും. സാധാരണഗതിയിൽ യുവദമ്പതികൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ അവർ തനിയെ പരിഹരിക്കാൻ അനുവദിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലാത്തപക്ഷം, മകനോ മരുമകളോ ഗുണദോഷത്തോട് വളരെ സംവേദകത്വമുള്ളവരായിരുന്നേക്കാവുന്ന വിവാഹത്തിലെ ഒരു ദുർബല ഘട്ടത്തിൽ അവർ ആവശ്യപ്പെടാതെ അവർക്ക് ബുദ്ധ്യുപദേശം കൊടുക്കുമ്പോൾ അനാവശ്യമായ ഏറ്റുമുട്ടലുണ്ടാകാൻ സാധ്യതയുണ്ട്. മേൽ പരാമർശിച്ച ഉണരുക! ലേഖനം കൂടുതലായ ഈ ഉപദേശം നൽകി: “ആവശ്യപ്പെടാതെ എപ്പോഴും നിർദേശങ്ങൾ കൊടുക്കുന്നതിനുള്ള പ്രലോഭനത്തെ അടിച്ചമർത്തുക. അത് മരുമകനെയോ മരുമകളെയോ നിങ്ങളുടെ ശത്രുവാക്കിത്തീർത്തേക്കാം.” തന്ത്രപൂർവം കാര്യം സാധിക്കുന്നവരായിരിക്കുന്നതിനു പകരം പിന്തുണ നൽകുന്നവരായിരിക്കുക. ഒരു നല്ല ബന്ധം നിലനിർത്തുന്നത്, ബുദ്ധ്യുപദേശം യഥാർഥത്തിൽ ആവശ്യമുള്ളപ്പോൾ നിങ്ങളെ സമീപിക്കുന്നത് കുട്ടിക്ക് കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു.
ദാമ്പത്യബന്ധം പുതുക്കുക
പല ദമ്പതികളുടെയും കാര്യത്തിൽ, ഒഴിഞ്ഞ കൂട് ദാമ്പത്യ സന്തുഷ്ടി വർധിപ്പിക്കുന്നതിനുള്ള അവസരം പ്രദാനംചെയ്തേക്കാം. കുട്ടികളെ വിജയപ്രദമായി വളർത്തിക്കൊണ്ടുവരുന്നതിന് വളരെയധികം സമയവും ശ്രമവും ആവശ്യമായതിനാൽ ദമ്പതികൾ സ്വന്തം ബന്ധത്തിന്റെ കാര്യം അവഗണിച്ചുകളഞ്ഞെന്നുവരാം. ഒരു ഭാര്യ ഇങ്ങനെ പറയുന്നു: “ഇപ്പോൾ മക്കളെല്ലാവരും പോയ സ്ഥിതിക്ക് ഞാനും കൊൺറാഡും ഒരിക്കൽക്കൂടി പരസ്പരം അറിയാൻ ശ്രമിക്കുകയാണ്.”
കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിന്റെ ദൈനംദിന ഉത്തരവാദിത്വങ്ങളിൽനിന്നു സ്വതന്ത്രരായതിനാൽ നിങ്ങൾക്കിപ്പോൾ അന്യോന്യം ചെലവിടാൻ കൂടുതൽ സമയമുണ്ടായിരുന്നേക്കാം. ഒരു മാതാവ് ഇങ്ങനെ പറഞ്ഞു: “പുതുതായി ലഭിച്ച ഈ ഒഴിവു സമയം . . . ഞങ്ങളുടെ വ്യക്തിത്വത്തിൽ കൂടുതൽ ശ്രദ്ധിക്കാനും ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങാനും ഞങ്ങളെ അനുവദിക്കുന്നു.” അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇത് പുതിയ കാര്യങ്ങൾ പഠിക്കാനും അവിശ്വസനീയമാംവണ്ണം വളരാനുമുള്ള സമയമാണ്. ആ നാളുകൾ അസ്വസ്ഥതയുളവാക്കുന്നവയായിരുന്നേക്കാമെങ്കിലും പുളകംകൊള്ളിക്കുന്നവയുമാണ്.”
ചില ദമ്പതികൾക്ക് സാമ്പത്തികമായും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു. വളരെക്കാലമായി നിർത്തിവെച്ചിരുന്ന ഹോബികളിലും പ്രവർത്തനങ്ങളിലും അവർക്കിപ്പോൾ ഏർപ്പെടാൻ കഴിയും. യഹോവയുടെ സാക്ഷികളായ പല ദമ്പതികളും പുതുതായി കിട്ടിയ സ്വാതന്ത്ര്യം ആത്മീയ താത്പര്യങ്ങൾ പിന്തുടരുന്നതിന് ഉപയോഗിക്കുന്നു. മക്കൾ പോയ ഉടൻതന്നെ താനും ഭാര്യയും മുഴുസമയ ശുശ്രൂഷ പുനരാരംഭിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചുവെന്ന് ഹെർമാൻ എന്നു പേരുള്ള ഒരു പിതാവ് വിശദീകരിക്കുന്നു.
ഒറ്റയ്ക്കുള്ള മാതാപിതാക്കൾ മക്കളെ സ്വതന്ത്രരായി വിടുന്നു
ശൂന്യമായ കൂടിനോട് ഇണങ്ങിച്ചേരാൻ ഒറ്റയ്ക്കുള്ള മാതാപിതാക്കൾക്ക് പ്രത്യേകിച്ചും ബുദ്ധിമുട്ടായിരുന്നേക്കാം. രണ്ടു കുട്ടികളുള്ള, റിബെക്ക എന്ന ഏകാകിനിയായ മാതാവ് വിശദീകരിക്കുന്നു: “കുട്ടികൾ വീട്ടിൽനിന്നു പോയിക്കഴിഞ്ഞാൽ സ്നേഹം നൽകാനും കൂട്ടിനും ഒന്നും ഞങ്ങൾക്ക് ഭർത്താവില്ല.” ഒറ്റയ്ക്കുള്ള ഒരു മാതാവോ പിതാവോ കുട്ടികളെ വൈകാരിക പിന്തുണയുടെ ഒരു ഉറവായി കണ്ടിരിക്കാം. അവർ വീട്ടുചെലവിൽ സഹായിച്ചുകൊണ്ടിരുന്നവരാണെങ്കിൽ അവർ വീട്ടിൽനിന്നുപോകുന്നത് സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിച്ചേക്കാം.
ചിലർ, തൊഴിൽ പരിശീലന പരിപാടികളിലോ ഹ്രസ്വകാല കോഴ്സുകളിലോ ചേർന്നുകൊണ്ട് തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ ഒരുവൻ ഏകാന്തതയെ എങ്ങനെയാണു തരണംചെയ്യുക? ഏകാകിനിയായ ഒരു മാതാവ് ഇങ്ങനെ പറയുന്നു: “തിരക്കുള്ളവളായിരിക്കുന്നതാണ് എന്റെ കാര്യത്തിൽ ഫലപ്രദം. അത് ബൈബിൾ വായിക്കുന്നതോ വീടു വൃത്തിയാക്കുന്നതോ നടക്കാനോ ഓടാനോ പോകുന്നതോ ഒക്കെയാകാം. എന്നാൽ, എന്റെ കാര്യത്തിൽ ഏകാന്തത തരണംചെയ്യാനുള്ള ഏറ്റവും ഫലവത്തായ മാർഗം ഒരു ആത്മീയ സുഹൃത്തിനോടു സംസാരിക്കുന്നതാണ്.” അതേ, “വിശാലതയുള്ളവരായിരിപ്പിൻ,” സംതൃപ്തിദായകമായ പുതിയ സുഹൃദ്ബന്ധങ്ങൾ നട്ടുവളർത്തുക. (2 കൊരിന്ത്യർ 6:13) വ്യസനത്തിന്റെ കരകാണാക്കടലിൽ മുങ്ങിപ്പോകുന്നതായി നിങ്ങൾക്കു തോന്നുമ്പോൾ “യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കു”ക. (1 തിമൊഥെയൊസ് 5:5) പൊരുത്തപ്പെടലിന്റെ ഈ വിഷമഘട്ടത്തിലുടനീളം യഹോവ നിങ്ങളെ ബലപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഉറപ്പുള്ളവരായിരിക്കുക.
സന്തോഷത്തോടെ പറഞ്ഞയയ്ക്കൽ
നിങ്ങളുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും മക്കൾ വീട്ടിൽനിന്നുപോകുന്നതോടെ ജീവിതം അവസാനിക്കുന്നില്ലെന്നു മനസ്സിലാക്കുക. കുടുംബബന്ധങ്ങൾ അറ്റുപോകുന്നുമില്ല. ബൈബിളിൽ വർണിച്ചിരിക്കുന്ന ആരോഗ്യാവഹമായ സ്നേഹം ആളുകൾ വളരെ അകലെയായിരിക്കുമ്പോൾപ്പോലും അവരെ ഒരുമിച്ചു നിർത്താൻ തക്കവണ്ണം ശക്തമാണ്. സ്നേഹം “എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല” എന്ന് അപ്പോസ്തലനായ പൗലൊസ് നമ്മെ അനുസ്മരിപ്പിക്കുന്നു. (1 കൊരിന്ത്യർ 13:7, 8) കുടുംബത്തിനുള്ളിൽ നിങ്ങൾ നട്ടുവളർത്തിയിരിക്കുന്ന നിസ്വാർഥ സ്നേഹം മക്കൾ വീട്ടിൽനിന്നുപോകുന്നതുകൊണ്ടു മാത്രം ഇല്ലാതാകുകയില്ല.
രസാവഹമെന്നു പറയട്ടെ, തങ്ങൾക്കു വേർപാടിന്റെ വേദനയും ഗൃഹാതുരത്വവും അനുഭവപ്പെട്ടു തുടങ്ങുമ്പോഴോ സാമ്പത്തിക ബുദ്ധിമുട്ടു നേരിടുമ്പോഴോ മക്കൾതന്നെയായിരിക്കും പലപ്പോഴും നിങ്ങളുമായുള്ള ബന്ധം ആദ്യം പുതുക്കുന്നത്. ഹാൻസും ഇങ്ഗ്രിറ്റും പിൻവരുന്ന ഉപദേശം നൽകുന്നു: “നിങ്ങളുടെ വാതിൽ എല്ലായ്പോഴും മക്കൾക്കായി തുറന്നുകിടക്കുന്നുവെന്ന് അവരറിയട്ടെ.” ക്രമമായ സന്ദർശനങ്ങളോ കത്തുകളോ ഇടയ്ക്കിടയ്ക്കുള്ള ഫോൺ വിളികളോ അവരുമായി സമ്പർക്കത്തിലായിരിക്കാൻ നിങ്ങളെ സഹായിക്കും. “അവരുടെ കാര്യാദികളിൽ തലയിടാതെ അവർ ചെയ്യുന്നതിൽ താത്പര്യമെടുക്കുക” എന്നാണ് ജാക്കും നോറയും പറഞ്ഞത്.
മക്കൾ പോകുമ്പോൾ നിങ്ങളുടെ ജീവിതത്തിനു മാറ്റംവരുന്നു. എന്നാൽ ഒഴിഞ്ഞ കൂട്ടിലെ ജീവിതം തിരക്കുപിടിച്ചതും പ്രവർത്തനനിരതവും സംതൃപ്തിദായകവും ആയിരിക്കാൻ കഴിയും. മക്കളോടുള്ള നിങ്ങളുടെ ബന്ധത്തിനും മാറ്റംവരുന്നു. എങ്കിലും, അപ്പോഴും അത് സന്തോഷപ്രദവും ചാരിതാർഥ്യജനകവും ആയിരിക്കാൻ കഴിയും. “മാതാപിതാക്കളിൽനിന്നു സ്വതന്ത്രരായി എന്നുവെച്ച് . . . അവരോടുള്ള സ്നേഹവും വിശ്വസ്തതയും ആദരവും നഷ്ടമാകുന്നില്ല. . . . വാസ്തവത്തിൽ, ശക്തമായ കുടുംബബന്ധങ്ങൾ മിക്കപ്പോഴും ജീവിതചക്രത്തിലുടനീളം നിലനിൽക്കുന്നു,” എന്ന് പ്രൊഫസർമാരായ ജെഫ്രി ലീയും ഗാരി പീറ്റർസനും പറയുന്നു. അതേ, നിങ്ങൾ മക്കളെ സ്നേഹിക്കുന്നത് ഒരിക്കലും നിർത്തുന്നില്ല, നിങ്ങളൊരിക്കലും ഒരു മാതാവോ പിതാവോ അല്ലാതായിത്തീരുന്നില്ല. മക്കളെ സ്വതന്ത്രരാകാൻ അനുവദിക്കത്തക്ക അളവോളം സ്നേഹിച്ചിരിക്കുന്നതിനാൽ നിങ്ങൾക്ക് അവരെ യഥാർഥത്തിൽ നഷ്ടമായിട്ടില്ല.
[അടിക്കുറിപ്പ്]
a 1983 ഫെബ്രുവരി 8 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) “നിങ്ങൾ ഒരിക്കലും ഒരു മാതാവോ പിതാവോ അല്ലാതായിത്തീരുന്നില്ല” എന്ന ലേഖനം കാണുക.
[12-ാം പേജിലെ ആകർഷകവാക്യം]
“ജീവിതത്തിലാദ്യമായി . . . , ഞാൻ കരഞ്ഞു, വീണ്ടും വീണ്ടും കരഞ്ഞു”
[10-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പ്രായപൂർത്തിയായ മക്കളോട് ഒരു വാക്ക്—മക്കൾ കൈവിട്ടുപോകുന്നതിനെ തരണംചെയ്യാൻ മാതാപിതാക്കളെ സഹായിക്കുക
സാധാരണഗതിയിൽ വേർപിരിഞ്ഞുപോകുന്ന മക്കളെക്കാളും വേദനയനുഭവിക്കുന്നത് വീട്ടിലായിരിക്കുന്ന മാതാപിതാക്കളാണ്. അതുകൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യത്തിലും മുതിർന്നയാളായിത്തീർന്നിരിക്കുന്നു എന്നതിലും സന്തോഷിക്കുമ്പോൾത്തന്നെ മാതാപിതാക്കൾക്ക് പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നെങ്കിൽ അവരോട് ദയയും സഹാനുഭൂതിയും പ്രകടമാക്കുക. നിങ്ങൾക്ക് അവരോട് ഇപ്പോഴും സ്നേഹവും ആർദ്രപ്രിയവും ഉണ്ടെന്ന് ഉറപ്പുകൊടുക്കുക. ഒരു ചെറിയ കത്തോ അപ്രതീക്ഷിതമായ ഒരു സമ്മാനമോ സൗഹൃദപൂർവമുള്ള ഒരു ഫോൺവിളിയോ വിഷാദമഗ്നരായ മാതാപിതാക്കളെ വളരെയധികം ആഹ്ലാദിപ്പിച്ചേക്കാം! നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ച് അവരെ അറിയിച്ചുകൊണ്ടിരിക്കുക. കുടുംബബന്ധങ്ങൾ ഇപ്പോഴും ശക്തമാണെന്നുള്ള ബോധം അതവരിൽ ജനിപ്പിക്കുന്നു.
പ്രായപൂർത്തിയായ ആളെന്ന നിലയിൽ ജീവിത സമ്മർദങ്ങളെ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾക്കുവേണ്ടി കരുതുന്നതിൽ മാതാപിതാക്കൾ എത്രമാത്രം കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് എന്നത്തെക്കാളും അധികമായി മനസ്സിലാകും. ഒരുപക്ഷേ ഇത്, മാതാപിതാക്കളോട് ഇങ്ങനെ പറയാൻ നിങ്ങളെ പ്രേരിപ്പിക്കും: “എനിക്കുവേണ്ടി ചെയ്തിരിക്കുന്ന സകലത്തിനും നന്ദി!”