ലോകത്തെ വീക്ഷിക്കൽ
സ്തനാർബുദം നേരത്തേ കണ്ടുപിടിക്കൽ
ബ്രസീലിലെ ഓരോ 12 സ്ത്രീകളിലും ഒരാളെ വീതം ബാധിക്കുന്ന, ഏറ്റവും സാധാരണമായ മാരകവ്യാധിയാണ് സ്തനാർബുദം എന്ന് ബ്രസീലിലെ പത്രികയായ മെഡിസീന കോൺസെല്യോ ഫെഡറൽ റിപ്പോർട്ടു ചെയ്യുന്നു. ഈ പത്രിക 25 വയസ്സിനു മീതെയുള്ള എല്ലാ സ്ത്രീകൾക്കുമായി ക്രമമായ സ്വയ-സ്തന പരിശോധന നിർദേശിക്കുന്നു. സ്ത്രീകൾ 35 വയസ്സിനും 40 വയസ്സിനും ഇടയ്ക്ക് തങ്ങളുടെ ആദ്യത്തെ എക്സ്റേ സ്തന പരിശോധന നടത്താനും തുടർന്ന്, 40 വയസ്സുമുതൽ 50 വയസ്സുവരെ രണ്ടു വർഷത്തിൽ ഒരിക്കൽവീതവും അതിനുശേഷം വർഷത്തിലൊരിക്കൽവീതവും അതു നടത്താനും മെഡിസീന ശുപാർശചെയ്യുന്നു. പൂരിത കൊഴുപ്പു നിറഞ്ഞ ആഹാരക്രമമുള്ള സ്ത്രീകൾക്കും തങ്ങളുടെ കുടുംബാംഗങ്ങൾക്കു സ്തനാർബുദമുള്ള സ്ത്രീകൾക്കും അപകട സാധ്യത ഏറെയാണെങ്കിലും സ്തനാർബുദ രോഗികളിൽ 70 ശതമാനവും ഉയർന്ന സ്തനാർബുദ അപകടമുള്ളവരുടെ കൂട്ടത്തിൽപ്പെടുന്നില്ല. ഈ വസ്തുത, “അത് നേരത്തേ കണ്ടുപിടിക്കുകയെന്ന ഒരു നയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന”തായി മെഡിസീന റിപ്പോർട്ടു ചെയ്യുന്നു.—1994 ഏപ്രിൽ 8-ലെ ഉണരുക! കാണുക.
കുറിപ്പടി വേണ്ടാത്ത മരുന്നുകളുടെ ആസക്തർ
ഉത്തര അയർലണ്ടിൽ, കുറിപ്പടി വേണ്ടാത്ത മരുന്നുകളോടുള്ള ആസക്തി വർധിക്കുകയാണെന്ന് ദി ഐറിഷ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. മറ്റനവധി രാജ്യങ്ങളിലേതുപോലെ ഉത്തര അയർലണ്ടിലും, കോഡിൻ അല്ലെങ്കിൽ ആസക്തിയുളവാക്കിയേക്കാവുന്ന മറ്റു മയക്കുമരുന്നുകൾ അടങ്ങിയ വേദനാ സംഹാരികളും ചുമയ്ക്കുള്ള ഔഷധങ്ങളും മറ്റും ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെതന്നെ ലഭ്യമാണ്. അറിയാതെതന്നെ ആസക്തരായിത്തീർന്ന ചിലർ തങ്ങളുടെ ഈ ശീലം നിലനിർത്താനായി പാടുപെടുന്നു. കാരണം, അതിന്റെ ഉപയോഗം നിർത്തുന്നത് മനംപിരട്ടലും വിഷാദവും സഹിതം വേദനാജനകമായിരുന്നേക്കാം. ഒരാഴ്ചയിൽ 70 കുപ്പി മരുന്നു വീതം കഴിക്കാനുള്ള തന്റെ ആസക്തിയെ തൃപ്തിപ്പെടുത്താനായി ഒരുവൻ തന്റെ സ്വത്ത് കളഞ്ഞുകുളിച്ചു, വീടുവിറ്റു, 29,000 ഡോളർ കടത്തിലാകുകയും ചെയ്തു. കുറിപ്പടി ഇല്ലാതെ ലഭിക്കുന്ന മരുന്നു ദുരുപയോഗം ചെയ്യുന്നവരിൽ മിക്കവരും തങ്ങൾ ആസക്തരാണെന്നു സമ്മതിക്കാൻ വിമുഖരാണെന്നും തങ്ങൾ സ്വയം ഉപദ്രവം വരുത്തിവെക്കുകയാണെന്നുള്ള തോന്നൽപോലും അവർക്കില്ലെന്നും ബെൽഫാസ്റ്റ് റിസേർച്ച് ഓൺ കെമിക്കൽ ഡിപെൻഡൻസി ഗ്രൂപ്പിലെ ഫ്രാങ്ക് മ്ഗോൾഡ്രിക്ക് പറയുന്നു. “അവർ നിയമം ലംഘിക്കുന്നില്ല. തങ്ങൾ ദുരുപയോക്താക്കളാണെന്നു മിക്കവരും തിരിച്ചറിയുന്നതുപോലുമില്ല,” എന്ന് മ്ഗോൾഡ്രിക്ക് സൂചിപ്പിക്കുന്നു.
സ്കൂൾ വിദ്യാർഥിനികളുടെ സ്വാധീനം
ഹൈസ്കൂൾ വിദ്യാർഥിനികളാണ് ജപ്പാനിലെ ഉപഭോക്തൃ പ്രവണതകൾ തുടങ്ങിവെക്കുന്നത് എന്ന് ദ ഡെയ്ലി യോമിയൂരി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രസ്താവിക്കുന്നു. 1,000-ത്തിലേറെ പരിചയക്കാരുൾപ്പെട്ടേക്കാവുന്ന അവരുടെ സംസാര ശൃംഖലയിലൂടെ ഭ്രമം അതിവേഗം വ്യാപിക്കുന്നു. മാതാപിതാക്കളിലൂടെയും കൂടപ്പിറപ്പുകളിലൂടെയും അവരുടെ സ്വാധീനം മറ്റുപ്രായക്കാരിലേക്കും വ്യാപിക്കുന്നു. “പണം, പുതിയ വസ്തുക്കളോടുള്ള ആഭിമുഖ്യം, ധാരാളം സമയം എന്നിങ്ങനെ ഒരു നല്ല ഉപഭോക്താവിന്റേതായ ഗുണങ്ങളാൽ പെൺകുട്ടികൾ അനുഗൃഹീതരാണ്.” ജപ്പാനിലെ കൗമാരക്കാരിൽ ഏകദേശം 68 ശതമാനത്തിനും ഒരു മാസം ശരാശരി 220 ഡോളർ അലവൻസ് ലഭിക്കുന്നു. കൂടാതെ മറ്റനേകർ മുത്തശ്ശീമുത്തശ്ശൻമാരോടു സ്നേഹംനടിച്ചും അംശകാല ജോലിചെയ്തുമൊക്കെ പണം സമ്പാദിക്കുന്നു. പെൺകുട്ടികളുടെ ഈ ഗെൻസൈ ഷികോ അഥവാ ഇന്നേക്കുവേണ്ടി ജീവിക്കുക എന്ന മനോഭാവവും അർഥവത്തായ വ്യക്തിഗത ലാക്കുകളില്ലായ്മയും സംബന്ധിച്ച് സാമൂഹിക ശാസ്ത്രജ്ഞൻമാർ ഉത്കണ്ഠാകുലരാണ്. അടുത്തകാലത്തു നടത്തിയ ഒരു പഠനം, ഇന്നത്തെ ഹൈസ്കൂൾ വിദ്യാർഥിനികൾ “തങ്ങൾക്കു വേണ്ടതെല്ലാം മെയ്യനങ്ങാതെ ലഭിക്കുന്നതിന്റെ മുഷിപ്പുനിമിത്തം ദുരിതമനുഭവിക്കു”ന്നെന്നു നിഗമനം ചെയ്യുകയുണ്ടായി.
ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി മരിക്കുന്നു
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായ ഷാൻ ലൂയിസ് കാൽമെൻ 1997 ആഗസ്റ്റ് 4-ന് തന്റെ 122-ാം വയസ്സിൽ മരണമടഞ്ഞെന്ന് ഫ്രഞ്ച് ദിനപ്പത്രമായ ല ഫിഗാറോ റിപ്പോർട്ടു ചെയ്യുന്നു. ലൈറ്റ് ബൾബ്, ഗ്രാമഫോൺ, മോട്ടോർ വാഹനങ്ങൾ എന്നിവ കണ്ടുപിടിക്കുന്നതിനു മുമ്പ് 1875 ഫെബ്രുവരി 21-ന് ദക്ഷിണ പൂർവ ഫ്രാൻസിലെ ആർലിലായിരുന്നു ഷാൻ ജനിച്ചത്. 1896-ൽ വിവാഹിതയായ അവർ തന്റെ മകളെക്കാൾ 63 വർഷം കൂടുതൽ ജീവിച്ചിരുന്നു. അവരുടെ കൊച്ചുമകൻ 1963-ൽ മരിച്ചു. 1888-ൽ വിൻസെന്റെ വാൻ ഗോഗ് എന്ന ചിത്രകാരനെ കണ്ടത് അവർ അനുസ്മരിച്ചു. അപ്പോൾ അവരൊരു കൗമാരപ്രായക്കാരിയായിരുന്നു. 1904-ൽ നോബൽസമ്മാനം നേടിയ ഫ്രഡറിക് മിസ്ട്രൽ എന്ന കവിയുടെ ഒരു സുഹൃത്തുമായിരുന്നു അവർ. ചിരി, ഉത്സാഹം, “ഒട്ടകപ്പക്ഷിയുടേതുപോലുള്ള ഒരു വയർ” എന്നിങ്ങനെയുള്ള ഘടകങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഷാൻ ദീർഘായുസ്സിന്റെ ധാരാളം നർമരഹസ്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.
ദ്വിഭാഷികളായ കുട്ടികൾ
ഒരു ശിശു തന്റെ മാതൃഭാഷ പഠിക്കുമ്പോൾ, സംസാരപ്രാപ്തിയിലധികവും തലച്ചോറിലെ ബ്രോക്കസ് ഏരിയ എന്നറിയപ്പെടുന്ന ഒരു മേഖലയിലാണ് കേന്ദ്രീകരിക്കപ്പെടുന്നത്. അടുത്തകാലത്ത്, ദ്വിഭാഷികളായ വ്യക്തികൾ ഏതെങ്കിലുമൊരു ഭാഷ ഉപയോഗിക്കുമ്പോൾ തലച്ചോറിന്റെ ഏതു ഭാഗമാണു സജീവമാകുന്നതെന്നു നിർണയിക്കാൻ ന്യൂയോർക്കിലുള്ള മെമ്മോറിയൽ സ്ലോവൻ കെറ്ററിങ് കാൻസർ സെന്ററിലെ ഗവേഷകർ ഫങ്ഷണൽ മാഗ്നറ്റിക് റെസണൻസ് ഇമേജിങ് ഉപയോഗിക്കുകയുണ്ടായി. ഒരു കൊച്ചു കുട്ടിയെപ്പോലെ ഒരു വ്യക്തി രണ്ടു ഭാഷകൾ ഒരേ സമയം പഠിക്കുമ്പോൾ ഇവ രണ്ടും ബ്രോക്കസ് ഏരിയയിലെ ഒരേ ഭാഗത്ത് സൂക്ഷിക്കപ്പെടുന്നുവെന്ന് അവർ കണ്ടെത്തി. എന്നാൽ, കൗമാരപ്രായത്തിലോ അതിനുശേഷമോ രണ്ടാമതൊരു ഭാഷ പഠിക്കുമ്പോൾ, അത് ആദ്യം പഠിച്ച ഭാഷയുമായി കൂടിക്കലരാതെ അതിന്റെ അടുത്തായി കേന്ദ്രീകരിക്കപ്പെടുന്നെന്ന് തോന്നുന്നു. ദ ടൈംസ് എന്ന ലണ്ടൻ വർത്തമാനപ്പത്രം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഇത് ആദ്യ ഭാഷാപഠനം ബ്രോക്കസ് ഏരിയ കൈയടക്കിയിരിക്കേ ഉപഭാഷ മറ്റെവിടെയെങ്കിലും സംഭരിക്കപ്പെടേണ്ടതുപോലെയാണ്.” പ്രായം കൂടിയശേഷം രണ്ടാമതൊരു ഭാഷ പഠിക്കുന്നത് ആയാസകരമായിരിക്കുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കാൻ ഇതു സഹായിച്ചേക്കാമെന്ന് ഗവേഷകർക്കു തോന്നുന്നു.
കുട്ടികളെ വളർത്തുന്നതിൽ ചൈനാക്കാർക്കുള്ള അനിശ്ചിതത്വം
ചൈനീസ് സാമൂഹ്യ ശാസ്ത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ അടുത്തകാലത്ത്, മാതാപിതാക്കളും മക്കളുമായുള്ള ബന്ധത്തെപ്പറ്റി വിപുലമായ ഒരു പഠനം നടത്തിയതായി ചൈനാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ഇന്നത്തെ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതു സംബന്ധിച്ച് അനേകം മാതാപിതാക്കൾക്കുമുള്ള അനിശ്ചിതത്വം ഈ പഠനം വെളിപ്പെടുത്തി. ചൈനാ ടുഡേ പറയുന്നതനുസരിച്ച്, “തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് എന്താണെന്നതു സംബന്ധിച്ച് ചിലർ പൂർണമായും അനിശ്ചിതത്വത്തിലാണ്—സത്യസന്ധത, വിനയം, സഹിഷ്ണുത, കരുതൽ എന്നിങ്ങനെയുള്ള പരമ്പരാഗത ചൈനീസ് ധാർമികതയാണോ പഠിപ്പിക്കേണ്ടത് അതോ ആധുനിക നാളിലെ ആളുകളുടെ സ്വഭാവവിശേഷമായിരിക്കുന്ന മത്സരമോ?” കുട്ടികളുടെമേൽ ടിവി-ക്കുള്ള നിഷേധാത്മകമായ സ്വാധീനത്തെപ്രതി 60 ശതമാനത്തോളം മാതാപിതാക്കളും ഉത്കണ്ഠാകുലരാണ്. ഒരു കുട്ടി വീക്ഷിക്കുന്ന പരിപാടികൾ അവന്റെയോ അവളുടെയോ പ്രായത്തിനും വ്യക്തിത്വത്തിനും അനുസൃതമായി നിയന്ത്രിക്കാനും കുട്ടിയോടൊപ്പം പരിപാടി വീക്ഷിച്ച്, ചർച്ചചെയ്യാനും കൂടുതൽ സമയം ടിവി കാണാൻ കുട്ടിയെ അനുവദിക്കാതിരിക്കാനും വാർത്താ ഗവേഷകനായ ബു വാ മാതാപിതാക്കളെ ഉപദേശിച്ചു.
സ്രാവിന്റെ മുഖ്യശത്രു?
സ്രാവുകൾ പൊതുവേ മനുഷ്യരിൽ ഭയമുണർത്തുന്നു. എന്നാൽ സ്രാവുകൾക്ക് മനുഷ്യനെ ഭയപ്പെടാൻ കൂടുതൽ കാരണമുള്ളതുപോലെ തോന്നുന്നു. ഓരോ വർഷവും സ്രാവുകളുടെ ആക്രമണത്താൽ “ഏതാനും ഡസൻ” ആളുകൾ മരിക്കുന്നു. അതേസമയം കണക്കാക്കപ്പെട്ടതനുസരിച്ച്, വർഷത്തിൽ 10,00,00,000 സ്രാവുകളെ മീൻപിടുത്തക്കാർ കൊല്ലുന്നതായി ഫ്രഞ്ച് വർത്തമാനപ്പത്രമായ ലെ മോൺട് റിപ്പോർട്ടു ചെയ്യുന്നു. ഈ വസ്തുത നിരവധി സമുദ്രജീവിശാസ്ത്രജ്ഞൻമാരെ ഉത്കണ്ഠാകുലരാക്കുന്നു. സ്രാവുകളെ കൊല്ലുന്നത് തുടരുന്നപക്ഷം, സമുദ്രത്തിലെ സ്വാഭാവിക സന്തുലിതാവസ്ഥ തകർന്നേക്കാമെന്ന് അവർ ഭയപ്പെടുന്നു. സമുദ്രജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ സ്രാവുകൾ മർമപ്രധാനമായ ഒരു പങ്ക് വഹിക്കുന്നു. സ്രാവുകൾ പുനരുത്പാദനപ്രാപ്തിയിലെത്തുന്നതിന് കൂടുതൽ സമയമെടുക്കുന്നതിനാലും ദീർഘമായ ഗർഭാവസ്ഥയ്ക്കുശേഷം ഏതാനും കുഞ്ഞുങ്ങളെ മാത്രം പ്രസവിക്കുന്നതിനാലും അമിത മത്സ്യബന്ധനംമൂലം ചിലയിനം സ്രാവുകൾക്കു വംശനാശ ഭീഷണിയുണ്ട്. സമുദ്ര വിദഗ്ധർ വിശേഷിച്ചും അപലപിക്കുന്ന ഒരു മത്സ്യബന്ധന രീതിയാണ് ആഹാരത്തിനായി ചിറകുകൾ മുറിച്ചെടുത്തിട്ട് ചാകാനായി സ്രാവുകളെ തിരികെ സമുദ്രത്തിലേക്ക് വിടുന്ന “ഫിന്നിങ്”.
ആകാശത്തുനിന്ന് നയിക്കൽ
തങ്ങളുടെ ആടുമാടുകളുടെ വലിയ കൂട്ടങ്ങളെ നയിക്കാനായി ഓസ്ട്രേലിയയിലെ ചില കാലിവളർത്തലുകാർ ഇപ്പോൾ അൾട്രാലൈറ്റ്സ് എന്നു വിളിക്കുന്ന മെല്ലെപ്പറക്കുന്ന വിമാനങ്ങൾ ഉപയോഗിച്ചു വരുകയാണെന്ന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ നിന്നുള്ള ദ സൺഡേ മെയിൽ എന്ന വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. ആട്ടിൻകൂട്ടത്തെ ഓരോ തവണ നയിച്ചപ്പോഴും തന്റെ അൾട്രാലൈറ്റ് നിരവധി പണിക്കാർക്കു രണ്ടാഴ്ചത്തേക്കുവേണ്ട കൂലി ലാഭിച്ചെന്നു ക്വീൻസ്ലാൻഡിലുള്ള ഒരു കാലിവളർത്തലുകാരൻ പറയുന്നു. “മോട്ടോർസൈക്കിൾ കുതിരകളുടെ സ്ഥാനം കൈയടക്കി, ഇപ്പോഴിതാ അൾട്രാലൈറ്റ് മോട്ടോർസൈക്കിളിന്റെ സ്ഥാനം കൈയടക്കുന്നു,” അദ്ദേഹം പറയുന്നു. ഭാരംകുറഞ്ഞ ഈ വിമാനങ്ങളിൽ ശക്തിയേറിയ ടേപ്പ്റെക്കോർഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. അത് പട്ടികുരയ്ക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നു. ഇതുകേൾക്കുമ്പോൾ, “പേടിച്ചുനിൽക്കുന്ന ആടുമാടുകൾ പായാൻ തുടങ്ങുന്നു. അങ്ങനെ അവയെ ഏറ്റവും അടുത്തുള്ള കൂട്ടിലേക്കു നയിക്കുന്നു” എന്ന് ഇതേ ലേഖനം പ്രസ്താവിക്കുന്നു.
തിരക്കുപിടിച്ച കാനഡക്കാർ
കാനഡക്കാർ കൂടുതൽ മണിക്കൂർ ജോലി ചെയ്യുകയും അതിന്റെ ഫലങ്ങൾ നിമിത്തം കഷ്ടപ്പെടുകയും ചെയ്യുന്നുവെന്നു വർത്തമാനപ്പത്രമായ ദ ഗ്ലോബ് ആൻഡ് മെയിൽ പറയുന്നു. സാമ്പത്തിക ഉത്കണ്ഠകൾ ചെറിയ കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടെ സ്ത്രീകളെയും പുരുഷൻമാരെയും ദീർഘസമയം കഠിനമായി ജോലിചെയ്യാനുള്ള സമ്മർദത്തിലാക്കിയിരിക്കുന്നു. 20,00,000-ത്തോളം കാനഡക്കാർ ആഴ്ചയിൽ ശരാശരി ഒമ്പതു മണിക്കൂറിലധികം ഓവർടൈം ജോലിചെയ്യുന്നു. 7,00,000-ത്തോളം പേർ സാധാരണ ജോലിക്കുപുറമേ കുറഞ്ഞപക്ഷം ഒരു ജോലിയെങ്കിലും കൂടുതലായി ചെയ്യുന്നു. ഉത്കണ്ഠയുടെ അളവ്, വിശേഷിച്ചും വെള്ളക്കോളർ ജീവനക്കാരുടെ ഇടയിൽ, കുതിച്ചുയർന്നിരിക്കുന്നെന്നു ചില ഗവേഷകർ പറയുന്നു. ഈ പ്രവണതയ്ക്ക് തങ്ങളുടെ മാതാപിതാക്കളെ വളരെക്കുറച്ചു സമയം മാത്രം കാണുന്ന കുട്ടികളുടെമേലുള്ള ഫലങ്ങൾ സംബന്ധിച്ച് വിദഗ്ധർ ആശങ്കാകുലരാണ്. ഒൺടേറിയോ ഗ്വൾഫ് യൂണിവേഴ്സിറ്റിയിലെ കുടുംബ പഠന വിഭാഗത്തിലെ ഡോ. കെറീ ഡാലി പിൻവരുന്നപ്രകാരം അഭിപ്രായപ്പെടുന്നു: “തങ്ങളുടെ ജീവിതം യഥാർഥത്തിൽ സ്വന്തം വരുതിയിൽനിന്നു ചാടിപ്പോകുന്നെന്ന ബോധം ആളുകൾക്കുണ്ട്. തിരക്കുപിടിച്ച ഈ ജീവിത രീതിയിൽനിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന് അവർക്കു തീർച്ചയില്ല.”
തൊഴിലില്ലായ്മയുടെ സമ്മർദം
ജർമൻ വർത്തമാനപ്പത്രമായ സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങിൽ പരാമർശിച്ച പഠനങ്ങൾ അനുസരിച്ച്, തൊഴിലില്ലായ്മ നിമിത്തമുള്ള വൈകാരികവും ശാരീരികവുമായ സമ്മർദത്തിന് ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കാനാകും. അത്തരം സമ്മർദത്താൽ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ ബലഹീനമാക്കപ്പെടുന്നെന്നു പറയപ്പെടുന്നു. ഉയർന്ന രക്തസമ്മർദവും ഹൃദയസ്തംഭനവും ഉണ്ടാകാനുള്ള സാധ്യത തൊഴിലില്ലാത്തവർക്കു തൊഴിലുള്ളവരെക്കാൾ കൂടുതലാണ്. “ദീർഘകാല തൊഴിൽരഹിതർ സഹിക്കേണ്ടതായ സമ്മർദം തൊഴിലുള്ളവരുടേതിനെക്കാൾ വളരെ ശോചനീയവും കൂടുതൽ ഭവിഷ്യത്തുകൾ നിറഞ്ഞതുമാണ്” എന്ന് ജർമനിയിലുള്ള ഹാന്നോവർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ തോമാസ് കീസെൽബാച്ച് പ്രസ്താവിക്കുന്നു. “തൊഴിൽരഹിതരായ എല്ലാവരുംതന്നെ മാനസിക വിഷാദത്തിന്റെ ക്രമക്കേടുകളിൽനിന്ന് ഏതെങ്കിലുമൊരു വിധത്തിൽ യാതന അനുഭവിക്കുന്നു.” യൂറോപ്യൻ യൂണിയനിലുള്ള തൊഴിൽരഹിതരുടെ എണ്ണം ഡെൻമാർക്കിലും ഫിൻലൻഡിലും സ്വീഡനിലുമുള്ള ജനസംഖ്യയുടെ ആകെത്തുകയുടെയത്രയും വരുമെന്നു പറയപ്പെടുന്നു.