ലോകത്തെ വീക്ഷിക്കൽ
മനുഷ്യ കണ്ടുപിടുത്തത്തെക്കാൾ ശ്രേഷ്ഠം
1987-ൽ ഒരു കൊടുങ്കാറ്റ് ഇംഗ്ലണ്ടിലെ 1.5 കോടി മരങ്ങൾ കടപുഴക്കി പത്തു വർഷം കഴിഞ്ഞപ്പോൾ മനുഷ്യസ്പർശം ഏൽക്കാത്ത വനങ്ങൾ ഏറ്റവും സമൃദ്ധമായി വീണ്ടും വളർന്നുവെന്ന് ദ ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. മരങ്ങൾ കടപുഴകിയ സ്ഥലത്ത് കൂടുതൽ സൂര്യപ്രകാശമെത്തി. ആറു മീറ്റർ ഉയരത്തിൽ വൃക്ഷത്തൈകളും കുറ്റിച്ചെടികളും വളരുന്നതിന് ഇതു കാരണമായി. കൂടാതെ, ജന്തുജാലങ്ങളും സസ്യങ്ങളും പെരുകി. വീണുപോയ അനേകം ഓക്കു മരങ്ങളും യൂ വൃക്ഷങ്ങളും പ്രതീക്ഷിച്ചതുപോലെ അഴുകിപ്പോയില്ല. ഇപ്പോൾ പാകംവന്നിരിക്കുന്ന അവയുടെ തടിയുടെ വില മൂന്നിരട്ടി വർധിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണവാദിയായ പീറ്റർ റെയ്ൻ ഇങ്ങനെ പറയുന്നു: “സദുദ്ദേശ്യപൂർവം [മനുഷ്യർ] നടത്തിയ ശുചീകരണ പ്രവർത്തനം കൊടുങ്കാറ്റിനെക്കാൾ വിനാശകരം ആയിത്തീർന്നു. ആ ശരത്കാലത്ത് നട്ട പല വൃക്ഷങ്ങളും ധൃതിപിടിച്ചാണ് വെച്ചുപിടിപ്പിച്ചത്, വേണ്ട രീതിയിൽ അല്ലായിരുന്നുതാനും. അവ നശിച്ചുപോയി.”
ജോലി, സമ്മർദം, ഹൃദയാഘാതങ്ങൾ
ഹൃദയ-രക്തചംക്രമണ സംബന്ധമായ ഏറ്റവും വലിയ അപകട കാരണത്തിൽ രണ്ടാമത്തേത് ജോലിസമയത്തെ മാനസിക പിരിമുറുക്കമാണെന്ന്—ഒന്നാമത്തേത് പുകവലി—ഫ്രങ്ക്ഫർട്ടർ റുണ്ട്ഷാവു റിപ്പോർട്ടു ചെയ്യുന്നു. തൊഴിൽ സുരക്ഷയും ആരോഗ്യവും കൈകാര്യം ചെയ്യുന്ന ജർമനിയിലെ ബർലിനിലുള്ള ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവേയുടെ സംക്ഷിപ്ത വിവരങ്ങൾ നൽകിക്കൊണ്ട് ആ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ഏറ്റവും അപകടത്തിലായിരിക്കുന്നത് തീരുമാനശേഷി വളരെ പരിമിതപ്പെട്ടിരിക്കുന്ന, വൈവിധ്യ സ്വഭാവം കുറഞ്ഞ ജോലിയുള്ളവരാണ്. സ്വന്തമായി വീടു പണിയുന്നതോ രോഗിയായ ഒരു ബന്ധുവിനെ പരിചരിക്കുന്നതോ പോലുള്ള സമ്മർദങ്ങൾ ജോലി ചെയ്യാത്ത സമയത്തും അവർക്കുണ്ടെങ്കിൽ, ഹൃദയാഘാത സാധ്യത ഒമ്പതു മടങ്ങായി വർധിക്കുന്നു.” തീരുമാനമെടുക്കുന്ന കാര്യത്തിൽ ജോലിക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകണമെന്ന് ഒരു വിദഗ്ധൻ പ്രോത്സാഹിപ്പിക്കുന്നു. “ഒരു ഡിപ്പാർട്ട്മെൻറിലുള്ള ജോലിക്കാർക്കിടയിൽ മാസത്തിലൊരിക്കൽ നടത്തുന്ന ഒരു ചർച്ച കാര്യങ്ങൾ മെച്ചപ്പെടുത്തിയേക്കാം.”
‘ലോകത്തിലെ ഏറ്റവും മികച്ച യാത്രാസംവിധാനം’
ഒരു നഗരത്തിൽ എട്ടു കിലോമീറ്ററിൽ കുറഞ്ഞ ദൂരം യാത്ര ചെയ്യേണ്ടതുള്ളപ്പോൾ, കാറിനെക്കാൾ വേഗതയുള്ളത് സൈക്കിളിന് ആയിരിക്കാമെന്ന് ശ്രീലങ്കയിലെ കൊളംബോയിൽനിന്നുള്ള ദി ഐലൻഡ് റിപ്പോർട്ടു ചെയ്യുന്നു. ഭൂമിയുടെ സ്നേഹിതർ (Friends of the Earth) എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടന സൈക്കിളിനെ വിളിക്കുന്നത് “ഭൂമിയിലെ ഏറ്റവും മികച്ച യാത്രാസംവിധാനം” എന്നാണ്. 4.5 ലിറ്റർ പെട്രോളിൽനിന്നു ലഭിക്കുന്ന ഊർജത്തിനു തുല്യമായ ഭക്ഷ്യോർജംകൊണ്ട് മലിനീകരണം ഇല്ലാതെ 2,400 കിലോമീറ്റർ താണ്ടാൻ സൈക്കിളിനു കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നതായി ആ റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. സൈക്കിളിന്റെ ഉപയോഗം ആരോഗ്യത്തിനും നല്ലതാണെന്ന് അതു കൂട്ടിച്ചേർക്കുന്നു.
മുഷ്കരന്മാർ പെരുകുന്നു
അപമാനിക്കൽ, ദ്രോഹിക്കൽ, ചെറിയ മോഷണങ്ങൾ, ശാരീരിക ആക്രമണം, ഭീഷണി എന്നിങ്ങനെയുള്ള മുഷ്കര പെരുമാറ്റത്തെ അനേകം വിദ്യാർഥികളും അഭിമുഖീകരിക്കുന്നതായി റോമിലെ ലാ സാപ്പിയെൻസാ യൂണിവേഴ്സിറ്റി നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു. അത്തരത്തിലുള്ള ദ്രോഹം ഏറ്റവും ശ്രദ്ധേയമായി വ്യാപകമായിരുന്നത് റോമിലായിരുന്നു. അവിടത്തെ 50 ശതമാനത്തിലധികം ആൺകുട്ടികളും പെൺകുട്ടികളും മൂന്നു മാസ കാലയളവിനുള്ളിൽത്തന്നെ അത്തരത്തിലുള്ള മുഷ്കര പെരുമാറ്റം അനുഭവിക്കുകയുണ്ടായി. “ഉറ്റ സംഭാഷണം നടത്തിയപ്പോൾ, . . . തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലാതിരുന്ന ഏറെ ഗുരുതരമായ ദ്രോഹത്തെക്കുറിച്ചു പല പെൺകുട്ടികളും പറയുകയുണ്ടായി. അവർ അവ വെളിപ്പെടുത്താതിരുന്നതിനു കാരണം . . . ഭയവും ചില തരത്തിലുള്ള പെരുമാറ്റങ്ങൾ സാധാരണമാണെന്ന ധാരണയുമായിരുന്നു”വെന്ന് ഗവേഷകയായ ആനാ കോസ്റ്റാൻസാ ബൊൾഡ്രി വിശദീകരിച്ചതായി ലാ റിപ്പൂബ്ലിക്കാ എന്ന പത്രം പറയുന്നു.
മുഷ്കര പെരുമാറ്റം കുട്ടികളുടെ ഇടയിൽ മാത്രമല്ല ഉള്ളത്. പല മുതിർന്നവർക്കും ജോലിസ്ഥലത്തുവെച്ചു തങ്ങളുടെ മേലധികാരികളിൽനിന്നുള്ള മുഷ്കര പെരുമാറ്റത്തെ നേരിടേണ്ടതായി വരുന്നുണ്ടെന്ന് ദി ഐറിഷ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “വാക്കാലുള്ള ദ്രോഹം, ആളുകളുടെ ജോലിയെ വിമർശിക്കൽ, അവരെക്കുറിച്ചു കിംവദന്തികൾ പരത്തൽ തുടങ്ങിയവ ജോലിസ്ഥലത്തെ മുഷ്കര പെരുമാറ്റത്തിന്റെ പ്രിയങ്കര രൂപങ്ങളാണ്,” അതു പറഞ്ഞു. “തരംതാഴ്ത്തലും അവാസ്തവിക തൊഴിൽ ലാക്കുകൾ വെക്കാൻ പ്രേരിപ്പിക്കലും സാധാരണമായിരുന്നു.” മുഷ്കര പെരുമാറ്റം “ഉത്കണ്ഠ, അസ്വസ്ഥത, വിഷാദം, ചിത്തഭ്രമം, സമ്മർദം, ആത്മവിശ്വാസനഷ്ടം, ആത്മാഭിമാനക്കുറവ്, അന്തർമുഖത്വം” എന്നിവ ഉൾപ്പെടുന്ന മാനസിക പ്രശ്നങ്ങൾക്കു കാരണമാണെന്ന് ടൈംസ് പറയുന്നു. അതിരു കവിഞ്ഞാൽ ഇത്തരത്തിലുള്ള മുഷ്കര പെരുമാറ്റത്തിന് “മാനസിക തകർച്ചയിലേക്കോ ആത്മഹത്യയിലേക്കു പോലുമോ” നയിക്കാൻ കഴിയും.
സിസേറിയനോ സ്വാഭാവിക പ്രസവമോ?
ബ്രസീലിലെ ഡോക്ടർമാരും മാതാക്കളും മിക്കപ്പോഴും സ്വാഭാവിക പ്രസവത്തെക്കാൾ സിസേറിയനാണ് ഇഷ്ടപ്പെടുന്നത്. “കൂടുതൽ പ്രസവങ്ങൾ തനിക്കു കൈകാര്യം ചെയ്യാൻ കഴിയുമെന്നും അങ്ങനെ ഓഫീസിലിരുന്നുകൊണ്ടുതന്നെ കൂടുതൽ പണം സമ്പാദിക്കാൻ കഴിയുമെന്നും വാരാന്തത്തിൽ ജോലി ചെയ്യേണ്ട ആവശ്യം വരുന്നില്ലെന്നും” ഡോക്ടർ മനസ്സിലാക്കുന്നുവെന്ന് വേഴാ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. മാതാക്കൾ “വേദന ഒഴിവാക്കാൻ വേണ്ടി സ്വാഭാവിക പ്രസവങ്ങൾ ഒഴിവാക്കുന്നു (എന്നിരുന്നാലും, സിസേറിയനുശേഷം സുഖം പ്രാപിക്കുന്നതിൽ കൂടുതൽ വേദന ഉൾപ്പെട്ടിരിക്കുന്നു). മാത്രമല്ല, സിസേറിയൻ ശാരീരിക സൗന്ദര്യത്തിനു പ്രയോജനം ചെയ്തേക്കാമെന്നും അവർ വിശ്വസിക്കുന്നു (എന്നാൽ അതു വാസ്തവമല്ല).” ഗവൺമെൻറ് ആശുപത്രികളിൽ നടക്കുന്ന ജനനങ്ങളിൽ മൂന്നിലൊന്നും സിസേറിയൻ വഴിയാണ്. ചില സ്വകാര്യ ആശുപത്രികളിൽ അത് 80 ശതമാനത്തോളം ഉയർന്നിരിക്കുന്നു. “പ്രസവം ഒരു വാണിജ്യ പരിപാടിയായി മാറിയിരിക്കുന്നു” എന്ന് കാമ്പിനസ് യൂണിവേഴ്സിറ്റിയിലെ പ്രസവ ശുശ്രൂഷാ വിഭാഗത്തിന്റെ തലവനായ ഷ്വാവുൺ ലൂയിഷ് കാർവാല്യൂ പിൻറൂ എ സിൽവ പറയുന്നു. “സ്വാഭാവിക പ്രസവത്തിൽനിന്നു വ്യത്യസ്തമായി സിസേറിയൻ ഒരു ശസ്ത്രക്രിയയാണെന്ന് മിക്കവരും മറക്കുന്നു. രക്തനഷ്ടം കൂടുതലാണ്, ബോധം കെടുത്തിയിട്ടിരിക്കുന്ന സമയം കൂടുതലാണ്. രോഗബാധയ്ക്കുള്ള സാധ്യതയും വർധിക്കുന്നു.” ആ ഡോക്ടറുടെ അഭിപ്രായത്തിൽ “മൂന്നു കേസുകളിൽ മാത്രമേ സിസേറിയൻ നടത്താവൂ: രോഗിയുടെയോ ശിശുവിന്റെയോ ജീവൻ അപകടത്തിലായിരിക്കുമ്പോൾ, പ്രസവം താമസിക്കുമ്പോൾ, അല്ലെങ്കിൽ പെട്ടെന്ന് സങ്കീർണമായ കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ,” വേഴാ പറയുന്നു.
ഗ്രീസിൽ മതഭക്തി കുറയുന്നു
ഗ്രീസിലെ മതത്തെക്കുറിച്ച് 1963-ൽ നടത്തിയതിനു സമാനമായ ഒരു സർവേ ഏഥൻസിലെ പത്രമായ താ നിയാ അടുത്തകാലത്തു പ്രസിദ്ധീകരിച്ചു. രാജ്യത്ത് മതഭക്തിയിൽ ഇടിവു സംഭവിച്ചിരിക്കുന്നതായി ഫലങ്ങൾ പ്രകടമാക്കുന്നു. ഒരു തലമുറ മുമ്പ്, 66 ശതമാനം പേർ പറഞ്ഞത് ചുരുങ്ങിയത് മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം തങ്ങൾ പള്ളിയിൽ പോകുന്നുവെന്നാണ്. എന്നാൽ അതിനോടുള്ള താരതമ്യത്തിൽ ഇന്ന് ആ ശതമാനം 30 ആണ്. ഗ്രേറ്റർ ഏഥൻസ് പ്രദേശത്ത് സർവേ ചെയ്യപ്പെട്ട പ്രായപൂർത്തിയായ 965 പേരിൽ മൂന്നിൽ രണ്ടു ഭാഗത്തിലധികവും പറഞ്ഞത് സഭയെക്കൊണ്ട് സമൂഹത്തിന് “അൽപ്പമാത്രമായ” പ്രയോജനമേയുള്ളൂ, അല്ലെങ്കിൽ “ഒട്ടുംതന്നെയില്ല” എന്നാണെന്ന് റോയിറ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. താ നിയായിൽ എഴുതിയ സമാദരണീയ ഗ്രീക്ക് അഭിപ്രായ വോട്ടെടുപ്പുകാരൻ ഇലിയാസ് നിക്കൊളാക്കൊപൂലൊസ് “ഗ്രീക്കു ജനതയുടെ ക്രമേണയുള്ള ലൗകികവത്കരണ”ത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ആളുകൾക്ക് ഗ്രീസ്സിലെ സഭയോട് “അമർഷവും നീരസവും” ഉള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പാഴ് തപാലുരുപ്പടികൾ തക്കാളിക്കു നൽകുക
കാറ്റലോഗുകളും മറ്റ് പരസ്യങ്ങളും ഉൾപ്പെടെയുള്ള, ഓരോ മാസവും ലഭിക്കുന്ന എത്തിച്ചു കൊടുക്കാനാകാത്ത 500 ടൺ തപാലുരുപ്പടികൾ ഒരു പോസ്റ്റോഫീസ് എന്തു ചെയ്യും? ടെക്സാസിലുള്ള ഡള്ളാസ്-ഫോർട്ട് വർത്ത് പോസ്റ്റോഫീസ് അവയിലധികവും കമ്പോസ്റ്റാക്കി മാറ്റുന്നതിന് അയച്ചു തുടങ്ങിയിരിക്കുകയാണ്. ആ കമ്പോസ്റ്റാകട്ടെ, തക്കാളിക്കും മാരിഗോൾഡിനും വളമായി ഉപയോഗിക്കുന്നുവെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അതിന്റെ ഫലങ്ങൾ വളരെ ആശാവഹമായിരുന്നു. നുറുക്കിയ ഇവയെ കമ്പോസ്റ്റാക്കി മാറ്റുന്ന ബാക്ടീരിയയ്ക്ക് പഴയ ബിയറും ലഘുപാനീയങ്ങളും നൽകുന്നു. ലഹരിപാനീയ നിർമാതാക്കളുടെ പാഴ് ഉത്പന്നങ്ങളാണ് ഇവ. ബിയറിലും സോഡയിലും പഞ്ചസാര അടങ്ങിയിരിക്കുന്നു, അവയിൽ ബാക്ടീരിയ തഴച്ചുവളരും. പ്രസ്തുത പരീക്ഷണം നടത്തുന്ന കമ്പോസ്റ്റ് നിർമാണക്കമ്പനിയുടെ വൈസ് പ്രസിഡൻറായ ജോയൽ സിംപ്സൺ ഇങ്ങനെ പറയുന്നു: “നമ്മെ കൊഴുപ്പിക്കുന്ന സംഗതികൾതന്നെ ബാക്ടീരിയ പെരുകാനും അവയെ തൃപ്തിപ്പെടുത്താനും ഉതകുന്നു.”
ചർമരോഗികൾക്കു സഹായം
“ചർമരോഗങ്ങളുള്ള പലരും നാണക്കേടു നിമിത്തം ചികിത്സ തേടാറില്ലെന്നും അവർ വർഷങ്ങളോളം അവ ‘നിശ്ശബ്ദം സഹിക്കുന്നു’വെന്നും” ദി ഐറിഷ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അവരുടെ ദുരവസ്ഥയെ എടുത്തുകാട്ടിക്കൊണ്ട് ഡോ. ഗില്യൻ മർഫി ഇങ്ങനെ പറയുന്നു: “ശൽക്ക ചർമമുള്ള രോഗികൾ എന്റെ അടുക്കൽ വരാറുണ്ട്. വസ്ത്രമൂരുമ്പോൾ അവരുടെ ചർമം അക്ഷാരാർഥത്തിൽ കൊഴിഞ്ഞു വീഴുന്നു, തങ്ങൾ അശുദ്ധരാണെന്നു കരുതുന്ന അവർ നാണക്കേടു നിമിത്തം ഹോട്ടലിൽ താമസിക്കുകയോ ക്ഷുരകന്റെ അടുക്കൽ പോകുകയോ ചെയ്യുന്നില്ല.” ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ത്വഗ്രോഗ പ്രൊഫസറായ ബിൽ കൺലിഫ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ചർമരോഗം ആളുകളെ ശാരീരികവും മാനസികവുമായി ബാധിക്കുന്നു. അതു വൃത്തികെട്ടതും പകരുന്നതും ആണെന്ന ധാരണയാണ് ഉള്ളത്. ഒരേ പ്രാപ്തികളുള്ള രണ്ടു പേർ ഒരു ഇൻറർവ്യൂവിന് വന്നാൽ, ചർമരോഗമില്ലാത്ത വ്യക്തിക്കു ജോലി കിട്ടും.” ത്വഗ്രോഗമുള്ളതിനാൽ ആത്മഹത്യയ്ക്കു പോലും മുതിർന്നിട്ടുള്ള പരിഭ്രാന്തരായ ചില രോഗികൾ തന്റെ അടുക്കൽ വന്നിട്ടുള്ളതായി കൺലിഫ് പറയുന്നു. അയർലണ്ടിലെ ഡബ്ലിനിൽ അടുത്തകാലത്തു നടന്ന യൂറോപ്യൻ ചർമ-ഗുഹ്യ രോഗ അക്കാദമിയുടെ ഒരു സമ്മേളനത്തിൽ, ഇത്തരം രോഗങ്ങൾ ആരംഭത്തിൽത്തന്നെ ചികിത്സിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുകയുണ്ടായി. “ചിലരെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നം വളരെ രൂക്ഷമാണ്, . . . എന്നാൽ വളരെ നല്ല ചികിത്സ ലഭ്യമാണെന്ന് ഓർത്തിരിക്കുന്നതു പ്രധാനമാണ്,” ഒരു ഡോക്ടർ പറഞ്ഞു.
മാതൃ-പിതൃ ഭാഷണം—വെറും വാക്കുകളെക്കാളധികം
ശിശുക്കളെ കൊഞ്ചിച്ചുകൊണ്ട് സംസാരിക്കുന്ന മാതാപിതാക്കൾ അവർക്കു പകർന്നുകൊടുക്കുന്നത് വാത്സല്യം കലർന്ന സ്നേഹത്തെക്കാൾ അധികം ആയിരിക്കാം എന്നു ചില ശാസ്ത്രജ്ഞന്മാർ പറയുന്നു. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ പട്രീഷ്യ കൂളും സഹപ്രവർത്തകരും മൂന്നു വ്യത്യസ്ത ഭാഷകളിൽ—റഷ്യനിലും സ്വീഡിഷിലും ഇംഗ്ലീഷിലും—ശിശുക്കളോടു നടത്തുന്ന സംഭാഷണത്തെക്കുറിച്ചു പഠിക്കുകയുണ്ടായി. വളരെ അതിശയോക്തി കലർത്തിയ മാതാപിതാക്കളുടെ സംഭാഷണം ശിശുവിന്റെ ശ്രദ്ധയാകർഷിക്കുക മാത്രമല്ല അത് പ്രസ്തുത ഭാഷ പഠിക്കുന്നതിന് ആ ശിശുവിന് അടിസ്ഥാനമായി വർത്തിക്കുകയും ചെയ്യുന്നു. സയൻസ് മാഗസിൻ ഇങ്ങനെ പറയുന്നു: “ആറു മാസം പ്രായമാകുമ്പോഴേക്കും . . . ശിശുക്കൾ സ്വരാക്ഷര ശബ്ദങ്ങൾ തിരിച്ചറിയാൻ പ്രാപ്തരാകുന്നു. അർഥരഹിത വ്യത്യസ്ത പദങ്ങൾ അവഗണിക്കുമ്പോൾതന്നെ ‘ആ,’ ‘ഇ’ എന്നിവ തമ്മിലുള്ള വ്യത്യാസംപോലെ മാതൃഭാഷയിൽ അർഥവത്തായ വ്യതിരിക്ത പദങ്ങൾക്കു ശ്രദ്ധ നൽകുന്നതിനാൽ ശിശുക്കൾ സ്വരാക്ഷര ശബ്ദങ്ങൾ തിരിച്ചറിയുന്നു.”