മരിച്ചു എന്നാൽ മരിച്ചു എന്നർഥം
“ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ. ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.”—സഭാപ്രസംഗി 9:4, 5.
മരണാനന്തരം ആത്മാവ് തുടർന്നു ജീവിക്കുന്നതിനെ കുറിച്ചോ ജന്മജന്മാന്തരങ്ങളിലൂടെയുള്ള അതിന്റെ കൂടുമാറ്റത്തെ കുറിച്ചോ പലരും അവ്യക്തമായ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നു. മരണത്തിന്റെ വക്കത്തെത്തിയ ഒരു അവസ്ഥയിൽനിന്നും ഒരുവനു ജീവനിലേക്കു തിരിച്ചു വരാനാകും എന്നുപോലും ചിലർ വിശ്വസിക്കുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് ശേഷക്രിയാ നിർവാഹകനായ തോമസ് ലിഞ്ചിനോട് ഈയിടെ ചോദിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “വെളിച്ചത്തിന്റെ തുരങ്കങ്ങളും മറ്റും കാണുന്നവർ മരണത്തിൽനിന്ന് തിരിച്ചു വന്നതല്ല—അവരുടെ ജീവന്റെ തുടിപ്പുകൾ അളക്കാൻ നമുക്കു കഴിയുന്നതിന് അപ്പുറത്തുള്ള ഒരു അവസ്ഥയിലേക്ക് അവർ പോയെന്നു മാത്രം. കാരണം ‘മരിച്ചാൽ’ പിന്നെ നിങ്ങൾ തിരിച്ചുവരില്ല.”—ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ.
ഈ വസ്തുത സഹസ്രാബ്ദങ്ങൾക്കു മുമ്പേ ബൈബിൾ പറഞ്ഞിട്ടുള്ളതാണ്. “ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ. ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.” (സഭാപ്രസംഗി 9:4, 5) ഏതെങ്കിലുമൊരു പഴയ ശ്മശാനത്തിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തിയാൽ ഈ സത്യം സ്ഥിരീകരിക്കപ്പെടും.
മരിച്ചവർക്ക് യാതൊരു പ്രതീക്ഷയുമില്ല എന്നാണോ അതിനർഥം? മരണത്തെ അതിജീവിക്കുന്ന ഒരു അമർത്യ ആത്മാവിനെക്കുറിച്ചുള്ള വിശ്വാസത്തിന് ബൈബിൾ തീർച്ചയായും യാതൊരു അടിസ്ഥാനവും നൽകുന്നില്ല. (ഉല്പത്തി 2:7; യെഹെസ്കേൽ 18:4, 20) എന്നാൽ പുനഃസ്ഥാപിക്കപ്പെട്ട പറുദീസാ ഭൂമിയിലെ ജീവനിലേക്കുള്ള പുനരുത്ഥാനത്തെക്കുറിച്ച് യേശുക്രിസ്തു പ്രസംഗിച്ചു. അവന്റെ യഹൂദ അനുഗാമിയായ മാർത്ത—അവളുടെ സഹോദരനായ ലാസർ അപ്പോൾ മരിച്ചതേ ഉണ്ടായിരുന്നുള്ളൂ—പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നു. കാരണം അവൾ ലാസറിനെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു: “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു.” (യോഹന്നാൻ 11:24) അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു: ‘ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ?’ (യോഹന്നാൻ 11:25, 26) മുമ്പ് അവൻ ഇങ്ങനെ പറഞ്ഞിരുന്നു: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നൻമ ചെയ്തവർ ജീവന്നായും തിൻമ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.” എന്നാൽ യേശു അമർത്യ ആത്മാവിനെക്കുറിച്ചുള്ള യാതൊരു പരാമർശവും നടത്തിയില്ലെന്നു ശ്രദ്ധിക്കുക!—യോഹന്നാൻ 5:28, 29; ലൂക്കൊസ് 23:43.
[31-ാം പേജിലെ ആകർഷകവാക്യം]
“‘മരിച്ചാൽ’ പിന്നെ നിങ്ങൾ തിരിച്ചുവരില്ല.” തോമസ് ലിഞ്ച്, ശേഷക്രിയാ നിർവാഹകൻ.