എല്ലാ ദൃഷ്ടികളും നിങ്ങളുടെമേൽ പതിയുന്നതായിതോന്നുമ്പോൾ
“പീഡനം,” ജെറി അതിനെ അങ്ങനെയാണ് വർണിക്കുന്നത്. അവൻ ഇങ്ങനെ പറയുന്നു: “ഓരോ തവണ ക്ലാസ്സ്മുറിയിലേക്കു നടന്നു കയറുമ്പോഴും ഞാനാകെ വിയർത്തു കുളിക്കും. വായ്ക്കുള്ളിൽ പഞ്ഞി കുത്തിനിറച്ചിരിക്കുന്നതു പോലെയുള്ള അനുഭവം. സംസാരിക്കാതിരുന്നാൽ ജീവൻ പോകുമെന്നായാൽ പോലും എന്തെങ്കിലും ഉരിയാടാൻ കഴിയാത്ത ഒരവസ്ഥ. പിന്നെ എന്റെ കൈകാലുകളിലും മുഖത്തും ചൂട് പടർന്നു കയറുകയും ലജ്ജകൊണ്ടെന്നപോലെ ശരീരം മൊത്തം ചുവന്നു തുടുക്കുകയും ചെയ്യും.”
ജെറി സാമൂഹിക ഫോബിയ ഉള്ള ആളാണ്. മറ്റുള്ളവർ തന്നെ സൂക്ഷ്മ നിരീക്ഷണം നടത്തുമെന്നോ പൊതുജന സമക്ഷം ലജ്ജിതനാകേണ്ടി വരുമെന്നോ ഉള്ള ശക്തമായ ഭയമാണ് അതിന്റെ പ്രത്യേകത. “എല്ലാ ദൃഷ്ടികളും തന്റെമേൽ പതിയുന്നുവെന്ന് സാമൂഹിക ഫോബിയ ഉള്ളയാൾക്കു തോന്നുന്നു” എന്ന് അമേരിക്കയിലെ ഉത്കണ്ഠാ രോഗ സമിതി പ്രസിദ്ധീകരിച്ച ഒരു ചെറുപുസ്തകം പറയുന്നു. “ഉത്കണ്ഠ അതിയായ നെഞ്ചിടിപ്പ്, ബോധക്ഷയം, കിതപ്പ്, അമിതമായ വിയർക്കൽ എന്നീ ലക്ഷണങ്ങൾ സഹിതം വിഭ്രാന്തിബാധയോടു സമാനമായ അവസ്ഥകൾക്കിടയാക്കിയേക്കാം.”
സാമൂഹിക ഫോബിയ ഉള്ളവർ തങ്ങളുടെ ലജ്ജാശീലത്തെ വകവെക്കാതെ “ആളുകളുമായി ഇടപഴകാൻ” കഠിന ശ്രമം ചെയ്യേണ്ടതാണെന്നു പറഞ്ഞുകൊണ്ട് ചിലർ അതുമായി ബന്ധപ്പെട്ട ഭയങ്ങളെ തള്ളിക്കളയുന്നു. സാമൂഹിക ഫോബിയയെ ചെറുത്തു നിൽക്കുന്നതിൽ നിങ്ങൾ നിങ്ങളുടെ ഭയങ്ങളെ നേരിടുന്നത് ഉൾപ്പെടുന്നു എന്നതു സത്യംതന്നെ. എന്നാൽ, ലജ്ജയും സാമൂഹിക ഫോബിയയും തമ്മിൽ വളരെ അന്തരമുണ്ട്. “സാധാരണ ലജ്ജാശീലത്തിൽനിന്നു വ്യത്യസ്തമായി, സാമൂഹിക ഫോബിയ ജോലി സ്ഥലത്തെയും സ്കൂളിലെയും ദൈനംദിന പ്രവർത്തനങ്ങൾക്കും മിക്കവാറുമെല്ലാ വ്യക്തിബന്ധങ്ങൾക്കും പ്രതിബന്ധം സൃഷ്ടിക്കുന്ന അളവോളം തീവ്രമാണ്” എന്ന് ജെറിലിൻ റോസ് പറയുന്നു.
സാമൂഹിക ഫോബിയ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.a ദുർബലമാക്കുന്ന ഈ അവസ്ഥയുമായി ബന്ധപ്പെട്ട ചില ഭയങ്ങളെക്കുറിച്ചു നമുക്കു പരിചിന്തിക്കാം.
സാമൂഹിക ഫോബിയ ഉണ്ടാകുന്ന സാഹചര്യങ്ങൾ
പരസ്യമായി പ്രസംഗിക്കുമ്പോൾ. നാട്ടുകാരായ ഒരു കൂട്ടം ആളുകളുടെ മുമ്പാകെ ഒരു ഹ്രസ്വ പ്രസംഗം നടത്തവേ വിഭ്രാന്തി തന്നെ പിടികൂടിയത് ഡഗ് ഓർമിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “പെട്ടെന്ന് ഞാൻ വിയർത്തു കുളിക്കുകയും എന്റെ ശരീരം ആകെ തണുക്കുകയും ചെയ്തു. എന്റെ ഹൃദയമിടിപ്പ് വർധിച്ചു. എന്നെ കിടുകിടാ വിറയ്ക്കാനും തുടങ്ങി. തൊണ്ട അടയുന്നതുപോലെ തോന്നി, വാക്കുകൾ ഉച്ചരിക്കാൻ വിഷമം നേരിട്ടു.” സദസ്സിനു മുമ്പാകെ നിൽക്കുമ്പോൾ മിക്കവർക്കും പരിഭ്രമം തോന്നാറുണ്ട് എന്നതു ശരിതന്നെ. എന്നാൽ സാമൂഹിക ഫോബിയ ഉള്ളയാൾക്ക് ഉഗ്രഭയം തോന്നുന്നു, അത് അയാളെ വിടാതെ പിടികൂടുന്നു. പരിശീലനം കൊണ്ടൊന്നും അത് കുറയുന്നില്ല. വാസ്തവത്തിൽ, പ്രസംഗിക്കേണ്ടിവരുന്ന തീരെ ചെറിയ ഒരു അവസരം പോലും ജീവനൊരു ഭീഷണിയായി ഡഗ് കണക്കാക്കി.
മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ഭക്ഷണം കഴിക്കുമ്പോൾ. മറ്റുള്ളവർ തങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുകയാണെന്ന് സാമൂഹിക ഫോബിയ ഉള്ളവർ കരുതുന്നതുകൊണ്ട് മറ്റുള്ളവരുടെ സാന്നിധ്യത്തിലിരുന്ന് ലഘുഭക്ഷണം കഴിക്കുന്നതുപോലും അവർക്ക് ഒരു പേടിസ്വപ്നം ആയിരുന്നേക്കാം. കൈ വിറയ്ക്കുമെന്നോ ഭക്ഷണം താഴെ വീഴുമെന്നോ ഭക്ഷണം വായ്ക്കുള്ളിലാക്കാൻ പറ്റാതെ വരുമെന്നോ രോഗം പിടിപെടുമെന്നോ ഒക്കെ അവർ ഭയപ്പെടുന്നു. പേടികൊണ്ടുതന്നെ അങ്ങനെയൊക്കെ സംഭവിച്ചെന്നും വരാം. ലജ്ജയാൽ മരിക്കുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ലജ്ജാകരമായ എന്തെങ്കിലും ചെയ്യുന്നതിനുള്ള സാധ്യതയെക്കുറിച്ച് നിങ്ങൾ എത്രയധികം വേവലാതിപ്പെടുന്നുവോ അത്രയധികം ഉത്കണ്ഠയും നിങ്ങൾക്കു തോന്നുന്നു. നിങ്ങൾ എത്രയധികം ഉത്കണ്ഠപ്പെടുന്നുവോ, വിറയ്ക്കുന്നതിനും ധൃതിയിൽ അവലക്ഷണമായി പെരുമാറുന്നതിനുമുള്ള സാധ്യതയും അത്രയധികം വർധിക്കുന്നു. താഴെ കളയാതെ എന്തെങ്കിലും കുടിക്കാനോ തിന്നാനോ ബുദ്ധിമുട്ടായിത്തീരുന്ന അളവോളം ഈ പ്രശ്നം രൂക്ഷമായേക്കാം.”
മറ്റുള്ളവരുടെ മുന്നിൽവെച്ച് എഴുതുമ്പോൾ. മറ്റുള്ളവരുടെ മുന്നിൽ വെച്ച് ചെക്ക് ഒപ്പിടേണ്ടി വരുമ്പോഴോ മറ്റെന്തെങ്കിലും എഴുതേണ്ടി വരുമ്പോഴോ, കൈ വിറയ്ക്കുമെന്നോ തന്റെ മോശമായ കൈപ്പട മറ്റുള്ളവർ കാണുമെന്നോ പേടിച്ച് സാമൂഹിക ഫോബിയ ഉള്ള പലരും പരിഭ്രാന്തരായിത്തീരുന്നു. ഉദാഹരണത്തിന്, സാമിന്റെ കാര്യമെടുക്കാം. ഓരോ ദിവസവും ജോലി തുടങ്ങുന്നതിനു മുമ്പ് ഒരു സെക്യൂരിറ്റി ഗാർഡിന്റെ മുന്നിൽ വെച്ച് ഒരു റെക്കോർഡ് ബുക്കിൽ ഒപ്പുവെക്കണമെന്ന് തൊഴിലുടമ ആവശ്യപ്പെട്ടപ്പോൾ അയാളാകെ സ്തംഭിച്ചുപോയി. “എനിക്ക് അതിനായില്ല. എന്റെ കൈ വല്ലാതെ വിറച്ചതുകൊണ്ട് എഴുത്ത് വരിയിൽനിന്ന് മാറിപ്പോകാതിരിക്കാനായി മറ്റേ കൈകൊണ്ട് വിറയ്ക്കുന്ന കൈയിൽ പിടിക്കേണ്ടിവന്നു. ഇനി, ഞാൻ എഴുതിയതാകട്ടെ ആർക്കും വായിക്കാനും കഴിയില്ലായിരുന്നു,” സാം പറയുന്നു.
ടെലഫോൺ ഉപയോഗിക്കുമ്പോൾ. ടെലഫോണിന്റെ ഉപയോഗം തങ്ങൾ കഴിയുന്നിടത്തോളം ഒഴിവാക്കുന്നതായി തന്റെ രോഗികളിൽ പലരും സമ്മതിച്ചു പറഞ്ഞെന്ന് ഡോ. ജോൺ ആർ. മാർഷൽ പറയുന്നു. അദ്ദേഹം പറയുന്നു: “തങ്ങൾക്ക് ശരിയായ രീതിയിൽ സംസാരിക്കാൻ കഴിയാതെവരുമെന്ന് അവർ വേവലാതിപ്പെട്ടു. എന്തു പറയണമെന്ന് അറിയാതെ വരുന്നതുമൂലം അനവസരത്തിൽ മൗനം അവലംബിക്കേണ്ടി വരുമെന്നും സംഭാഷണം തെറ്റിപ്പോകുമ്പോൾ ഉത്കണ്ഠ കാരണം ശബ്ദം മാറുകയോ വിറയ്ക്കുകയോ പതറുകയോ ചെയ്യുമെന്നും മറ്റു ചിലർ ഭയപ്പെട്ടു. തങ്ങൾ മുക്കിയും മൂളിയും സംസാരിക്കുകയോ വിക്കുകയോ മറ്റോ ചെയ്തേക്കാമെന്നും അല്ലെങ്കിൽ ഉള്ളിലെ വിഷമം ലജ്ജാവഹമായ മറ്റേതെങ്കിലും വിധത്തിൽ പുറത്തുവരുമെന്നും അവർ ഭയപ്പെട്ടു.”
ആളുകളുമായി ഇടപഴകുമ്പോൾ. സാമൂഹിക ഫോബിയ ഉള്ള ചിലർ മറ്റുള്ളവരുമായി ഇടപഴകേണ്ടിവരുന്ന ഏതു സാഹചര്യത്തെയും ഭയപ്പെടുന്നു. ദൃഷ്ടിസമ്പർക്കം പുലർത്താൻ അവർക്കു വിശേഷാൽ ഭയമാണ്. “ഗുരുതരമായ സാമൂഹിക ഫോബിയ ഉള്ളവരെ മറ്റാരെങ്കിലും നോക്കുമ്പോൾ പലപ്പോഴും അവർക്ക് എവിടെ നോക്കണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ സംബന്ധിച്ച് ഉത്കണ്ഠയോടുകൂടിയ അനിശ്ചിതത്വം തോന്നുന്നു” എന്ന് ദ ഹാർവാർഡ് മെന്റൽ ഹെൽത്ത് ലെറ്റർ പറയുന്നു. “എപ്പോൾ നോക്കണമെന്നും എപ്പോൾ കണ്ണെടുക്കണമെന്നും തങ്ങൾക്ക് അറിയില്ലെന്ന് കരുതുന്നതുകൊണ്ട് അവർ ദൃഷ്ടിസമ്പർക്കം ഒഴിവാക്കുന്നു. മറ്റുള്ളവർ തങ്ങളുടെ നോട്ടത്തെ തെറ്റായി വ്യാഖ്യാനിക്കുമെന്ന് അവർ വിചാരിക്കുന്നു.”
സാമൂഹിക ഫോബിയ ഉണ്ടാകുന്ന മറ്റു സാഹചര്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, പലരും പൊതു വിശ്രമ മുറികൾ ഉപയോഗിക്കാൻ ഭയപ്പെടുന്നു. മറ്റു ചിലർ കടക്കാരൻ നോക്കിനിൽക്കുമ്പോൾ ഷോപ്പിങ് നടത്താൻ ഭയപ്പെടുന്നു. ഒരു സ്ത്രീ ഇങ്ങനെ പറയുന്നു: “മറ്റുള്ളവർ എന്നെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന അസ്വസ്ഥമാക്കുന്ന ചിന്ത നിമിത്തം പലപ്പോഴും ഞാൻ ഒരു സാധനം കാണുന്നുവെങ്കിലും അത് എന്താണെന്ന് തിരിച്ചറിയുന്നില്ല. സമയം കളയാതെ ആവശ്യമുള്ള സാധനങ്ങൾ ഏതെന്നു പറയാൻ കൗണ്ടറിലിരിക്കുന്ന ആൾ എന്നോട് ആവശ്യപ്പെടുമെന്ന് ഞാൻ എല്ലായ്പോഴും പ്രതീക്ഷിക്കുന്നു അല്ലെങ്കിൽ അങ്ങനെ സങ്കൽപ്പിക്കുന്നു.”
അവർ ഭയത്തെ തരണം ചെയ്യാൻ ശ്രമിക്കുന്നത് എങ്ങനെ?
സാമൂഹിക ഫോബിയ ഇല്ലാത്തവർക്ക് അത് ഉളവാക്കുന്ന വിഷമം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. “അങ്ങേയറ്റം ലജ്ജാവഹമായ ഒന്ന്!” എന്നാണ് അതുള്ള ഒരാൾ തന്റെ അനുഭവത്തെ വർണിച്ചത്. മറ്റൊരാൾ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “എനിക്ക് എപ്പോഴും ആത്മഹത്യ ചെയ്യണമെന്ന ഒരേ ഒരു വിചാരമേ ഉള്ളൂ.”
ദുഃഖകരമെന്നു പറയട്ടെ, സാമൂഹിക ഫോബിയ ഉള്ള പലരും തങ്ങളുടെ ഉത്കണ്ഠ ശമിപ്പിക്കാൻ മദ്യത്തെ അഭയം പ്രാപിക്കുന്നു.b അത് തത്കാലത്തേക്ക് ആശ്വാസം പ്രദാനം ചെയ്തേക്കാമെങ്കിലും ദീർഘകാലം കഴിയുമ്പോൾ മദ്യത്തിന്റെ ദുരുപയോഗം രോഗിയുടെ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുകയേയുള്ളൂ. ഡോ. ജോൺ ആർ. മാർഷൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “സാമൂഹിക കൂടിവരവുകളിൽവെച്ച് മദ്യം കഴിച്ചു ശീലമില്ലാത്ത എന്റെ രോഗികളിൽ ചിലർ ശാന്തത കൈവരിക്കുന്നതിനായി സാമൂഹിക ചടങ്ങിനു മുമ്പോ ചടങ്ങിന്റെ സമയത്തോ കുടിച്ചു മത്തരായി. എന്നാൽ അങ്ങനെ ചെയ്യുകവഴി അവർ മറ്റുള്ളവരുടെ മുമ്പാകെ ഒന്നുകൂടി നാണം കെടുകയേ ചെയ്തുള്ളൂ.”
സാമൂഹിക ഫോബിയ ഉള്ളവരിൽ പലരും പ്രശ്നത്തെ തരണം ചെയ്യുന്നതിന് അവലംബിക്കുന്ന ഏറ്റവും സാധാരണമായ മാർഗം ഒരുപക്ഷേ അത് ഉണ്ടാകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുന്നതായിരിക്കാം. അതേ, പലരും തങ്ങൾ ഭയപ്പെടുന്ന സാഹചര്യങ്ങളിൽനിന്ന് അകന്നു നിൽക്കുന്നു. “ഞാൻ കഴിയുന്നിടത്തോളം സാഹചര്യങ്ങൾ ഒഴിവാക്കി, ടെലഫോണിൽ സംസാരിക്കുന്നതു പോലും” എന്ന് സാമൂഹിക ഫോബിയ ഉള്ള ലൊറെയ്ൻ പറയുന്നു. എന്നാൽ, സാഹചര്യങ്ങളെ ഒഴിവാക്കുന്നത് ഒരു സംരക്ഷണമായിരിക്കുന്നതിനു പകരം തങ്ങളെ തളച്ചിടുന്നതായി ഈ പ്രശ്നമുള്ള പലരും ക്രമേണ കണ്ടെത്തുന്നു. “കുറെ കഴിയുമ്പോൾ എനിക്ക് വല്ലാത്ത ഏകാന്തതയും വിരസതയും അനുഭവപ്പെടും,” ലൊറെയ്ൻ പറയുന്നു.
ഒഴിവാക്കൽ “ഒരു സ്വദൃഢീകരണ കെണി” ആയിത്തീരാവുന്നതാണെന്ന് ജെറിലിൻ റോസ് മുന്നറിയിപ്പു നൽകുന്നു. “അതായത് സാഹചര്യങ്ങളെ ഓരോ തവണ ഒഴിവാക്കുമ്പോഴും അടുത്ത തവണ ആ കെണി പിടിമുറുക്കുന്നതിനുള്ള സാധ്യത ഏറുന്നു—അങ്ങനെ ഒടുവിൽ നാം അറിയാതെതന്നെ സാഹചര്യങ്ങളെ ഒഴിവാക്കിപ്പോകുന്നു” എന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഫോബിയ ഉള്ള ചിലർ വിരുന്നിനോ ആളുകളുമായി ഇടപഴകേണ്ടിവരുന്ന തരം ജോലിക്കോ ഉള്ള ക്ഷണങ്ങൾ നിരസിക്കുന്നു. തത്ഫലമായി അവർ ഒരിക്കലും തങ്ങളുടെ ഭയത്തെ ചെറുത്തു തോൽപ്പിക്കാൻ പഠിക്കുന്നില്ല. ഡോ. റിച്ചാർഡ് ഹൈംബർഗ് വിശദീകരിക്കുന്നതുപോലെ, “അവരുടെ ജീവിതം ഒരിക്കലും സംഭവിക്കാഞ്ഞ സാങ്കൽപ്പിക നിരസനങ്ങളും ജോലി സ്വീകരിക്കാഞ്ഞതു നിമിത്തം ഒരിക്കലും യാഥാർഥ്യമാകാഞ്ഞ ജോലിസ്ഥലത്തെ സാങ്കൽപ്പിക പരാജയങ്ങളും നിറഞ്ഞതാണ്.”
എങ്കിലും, സാമൂഹിക ഫോബിയയെക്കുറിച്ച് ഒരു സദ്വാർത്തയുണ്ട്: അതിനു ചികിത്സയുണ്ട്. എല്ലാത്തരം ഉത്കണ്ഠകളും നീക്കം ചെയ്യാൻ സാധ്യമല്ല, അങ്ങനെ ചെയ്യുന്നത് അഭിലഷണീയവുമല്ല. എങ്കിലും, സാമൂഹിക ഫോബിയ ഉള്ളവർക്ക് തങ്ങളുടെ ഭയങ്ങളെ നിയന്ത്രിക്കാൻ പഠിക്കാവുന്നതാണ്. ഇക്കാര്യത്തിൽ ബൈബിളിലെ പ്രായോഗിക ബുദ്ധ്യുപദേശങ്ങൾ സഹായകമാണ്.
[അടിക്കുറിപ്പുകൾ]
a മിക്കവരും തന്നെ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക ഭീതികൾ ഉള്ളവരാണെന്നതു ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ഒരു സദസ്സിനു മുമ്പാകെ പ്രസംഗിക്കുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ പലയാളുകളും ഉത്കണ്ഠാകുലരായിത്തീരുന്നു. എന്നാൽ, ആളുകളുടെ ഭയങ്ങൾ അവരുടെ സാധാരണ പ്രവർത്തനങ്ങളെ ഗണ്യമായ അളവിൽ തടസ്സപ്പെടുത്തുന്ന ഘട്ടത്തോളം പോകുമ്പോൾ മാത്രമേ സാധാരണ ഗതിയിൽ അവർക്ക് സാമൂഹിക ഫോബിയ ഉള്ളതായി കണക്കാക്കുന്നുള്ളൂ.
b സാമൂഹിക ഫോബിയ ഉള്ളവരുടെ ഒരു ഉയർന്ന ശതമാനം മദ്യാസക്തരാണെന്നും മദ്യാസക്തരുടെ ഒരു ഉയർന്ന ശതമാനം സാമൂഹിക ഫോബിയ ഉള്ളവരാണെന്നും പഠനങ്ങൾ കാണിക്കുന്നു. ഏതാണ് ആദ്യം ഉണ്ടാകുന്നത്? മദ്യാസക്തരുടെ മൂന്നിലൊന്നിന് മദ്യപാനം തുടങ്ങുന്നതിനു മുമ്പായി വിഭ്രാന്തി രോഗമോ ഏതെങ്കിലും രൂപത്തിലുള്ള സാമൂഹിക ഫോബിയയോ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
[5-ാം പേജിലെ ചിത്രങ്ങൾ]
സാമൂഹിക ഫോബിയ ഉള്ള ആൾക്ക് മറ്റുള്ളവരുമായി സാധാരണരീതിയിൽ ഇടപെടുന്നത് ഒരു പേടിസ്വപ്നം ആണ്