ഫോബിയകളുടെ നീരാളിപ്പിടിത്തത്തിൽ
“ഫോബിയകൾ പലപ്പോഴും ഒരു പരിഹാസവിഷയം ആണ്. എന്നാൽ തീർച്ചയായും അവ ചിരിച്ചു തള്ളേണ്ട ഒരു കാര്യമല്ല.”—ഉത്കണ്ഠാ രോഗ ചികിത്സാകേന്ദ്രത്തിന്റെ ഡയറക്ടറായ ജെറിലിൻ റോസ്
ഒരു വസ്തുവിനോടോ സംഭവത്തോടോ വികാരത്തോടോ ഉള്ള അയഥാർഥമായ, തീവ്രഭയത്തെയാണ് “ഫോബിയ” എന്ന പദം കൊണ്ട് അർഥമാക്കുന്നത്. എന്നാൽ ഫോബിയ ഉളവാക്കുന്ന കൊടുംഭീതിയെയും നിസ്സഹായതയെയും ഒരു നിർവചനത്തിൽ ഒതുക്കാനാവില്ല. ഫോബിയകളെ രണ്ടു പതിറ്റാണ്ടിലധികം ചികിത്സിച്ചിട്ടുള്ള റേയാൻ ഡൂമോണ്ട് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഫോബിയ ഉള്ളവർ ഒട്ടനവധി സാഹചര്യങ്ങൾ ഒഴിവാക്കുന്നതു നിമിത്തം അവർക്ക് വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടേണ്ടി വരുന്നു, അല്ലെങ്കിൽ അവർ വിട്ടുമാറാത്ത, ഭയങ്കരമായ ഉത്കണ്ഠയുമായി കഴിഞ്ഞുകൂടുന്നു. അതുമല്ലെങ്കിൽ അവർ ഉത്കണ്ഠ ശമിപ്പിക്കാൻ മദ്യത്തെ അഭയം പ്രാപിക്കുന്നു. എന്നാൽ അത് കൂടുതലായ പ്രശ്നങ്ങളിലേക്കു നയിക്കുന്നു.”
ഫോബിയകളെ ഉത്കണ്ഠാ രോഗങ്ങൾ എന്നു വിളിക്കപ്പെടുന്നവയുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.a ഐക്യനാടുകളിലെ പ്രായപൂർത്തിയായവരുടെ 12 ശതമാനവും ജീവിതത്തിൽ ഏതെങ്കിലുമൊരു സമയത്ത് ഫോബിയ ഉള്ളവരായിത്തീരുന്നതായി കണക്കാക്കപ്പെടുന്നു. അവരിൽ പലരും വർഷങ്ങളോളം അത് ആരോടും പറയാതെ കൊണ്ടുനടക്കുന്നു. “സങ്കടകരമെന്നു പറയട്ടെ, ഫോബിയ ഉള്ളവരുടെ ഏതാണ്ട് എഴുപത്തഞ്ചു ശതമാനവും ഒരിക്കലും സഹായം തേടുന്നില്ല. ഫോബിയ ഉള്ള പലരും ജാള്യം നിമിത്തം സഹായം തേടാൻ മടിക്കുന്നു. മറ്റു ചിലർക്കാണെങ്കിൽ തങ്ങളുടെ കുഴപ്പം എന്താണെന്നു മനസ്സിലാകുന്നില്ല, അല്ലെങ്കിൽ സഹായത്തിനായി ആരെ സമീപിക്കണമെന്ന് അവർക്ക് അറിയില്ല. ഇനിയും വേറെ ചിലർ ചികിത്സയെ തന്നെ ഭയപ്പെടുന്നു” എന്ന് അമേരിക്കയിലെ ഉത്കണ്ഠാ രോഗസമിതി റിപ്പോർട്ടു ചെയ്യുന്നു.
അറിയപ്പെടുന്ന നൂറു കണക്കിനു ഫോബിയകളുണ്ട്. എങ്കിലും വിദഗ്ധർ സാധാരണ ഗതിയിൽ അവയെ മൂന്നു ഗണങ്ങളിലാണ് പെടുത്താറ്. ലഘുവായ ഫോബിയ പ്രാണികൾ, ജന്തുക്കൾ, പറക്കൽ, അടഞ്ഞ സ്ഥലങ്ങളിൽ ആയിരിക്കൽ എന്നിങ്ങനെ ഏതെങ്കിലും വസ്തുവിനോടോ അവസ്ഥയോടോ തോന്നുന്ന അതിഭയമാണ്. ആഗൊരഫോബിയ വിഭ്രാന്തിബാധയോട് അനുബന്ധിച്ചാണ് സാധാരണ ഗതിയിൽ ഉണ്ടാകുന്നത്. ഇത് ഉള്ളയാൾ മുമ്പ് തനിക്ക് വിഭ്രാന്തിബാധയുണ്ടായിട്ടുള്ള എല്ലാ സ്ഥലങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുന്ന അളവോളം വിഭ്രാന്തിബാധയെ ഭയപ്പെടുന്നു. സാമൂഹിക ഫോബിയ പൊതു സ്ഥലങ്ങളിൽ ലജ്ജിതനാകുമെന്ന ഭയമാണ്. ഒരു സദസ്സിനു മുമ്പാകെ പ്രസംഗിക്കുന്നതിനുള്ള ഭയം ഇതിന് ഉദാഹരണമാണ്.
ഈ മൂന്നിനം ഫോബിയകളിൽ ഒരെണ്ണത്തിന്റെ കാര്യമെടുക്കാം—സാമൂഹിക ഫോബിയ. ദ വാഷിങ്ടോണിയൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ലഘുവായ ഫോബിയകൾ—പാമ്പുകളോടും പറക്കലിനോടും മറ്റും ഉള്ള ഭയം—എല്ലാം കൂട്ടിച്ചേർത്താലും അവ സാമൂഹിക ഫോബിയയുടെ അത്രയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല.” അതു ശരിയാണോ? ആണെങ്കിൽ എന്തുകൊണ്ട്? നമുക്കു നോക്കാം.
[അടിക്കുറിപ്പ്]
a വിഭ്രാന്തി രോഗം, അനിയന്ത്രിത ചിന്താ-പ്രവർത്തന തകരാറ്, മാനസികാഘാതാനന്തര സമ്മർദ ക്രമക്കേട്, സാമാന്യ ഉത്കണ്ഠാ രോഗം എന്നിവയാണ് മറ്റുചില ഉത്കണ്ഠാ രോഗങ്ങൾ. കൂടുതൽ വിവരങ്ങൾക്കായി ഉണരുക!യുടെ 1996 ഫെബ്രുവരി 8 ലക്കത്തിലെ “അനിയന്ത്രിത പെരുമാറ്റം—അതു നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?” എന്ന ലേഖനവും 1996 ജൂൺ 8 ലക്കത്തിലെ “വിഭ്രാന്തിബാധയെ തരണംചെയ്യൽ” എന്ന ലേഖനവും കാണുക.