ഡെംഗി—കൊതുകിലൂടെ പകരുന്ന പനി
ഫിലിപ്പീൻസിലെ ഉണരുക! ലേഖകൻ
കൈത്തണ്ടയിൽ കൊതുകു വന്നിരുന്നത് പെൺകുട്ടി അറിഞ്ഞിട്ടില്ല. അത് നിമിഷംകൊണ്ട് അവളുടെ ചർമം തുളച്ച് രക്തം കുടിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് പെൺകുട്ടിയുടെ അമ്മ അത് ശ്രദ്ധിച്ചത്. ഒറ്റയടി, അതിന്റെ കഥ കഴിഞ്ഞു. പക്ഷേ അതോടെ എല്ലാം തീർന്നോ? ഇല്ലായിരിക്കാം. കൊതുക് ചത്തെങ്കിലും രക്തം കുടിക്കുന്നതിനിടെ അത് രോഗകാരിയായ അണുക്കളെ അവളുടെ രക്തത്തിലേക്കു കടത്തി വിട്ടിരിക്കാം.
രണ്ട് ആഴ്ചയ്ക്കകം കുട്ടിക്ക് വിറയൽ, തലവേദന, കണ്ണിനു പുറകിലായി വേദന, തീവ്രമായ സന്ധി വേദന, കടുത്ത പനി എന്നിവയെല്ലാം ഉണ്ടാകുന്നു. രോഗം മൂർച്ഛിക്കുന്തോറും അവളുടെ ശരീരം ചുവന്നു തടിക്കുന്നു, അവൾ തീർത്തും പരിക്ഷീണയാകുന്നു. അവൾക്ക് കൊതുകിലൂടെ പകരുന്ന ഡെംഗിപ്പനി പിടിപെട്ടിരിക്കുന്നു.
എന്നാൽ, വിശേഷിച്ചും ആ കുട്ടിക്ക് മുമ്പ് ഡെംഗി പിടിപെട്ടിട്ടുണ്ടെങ്കിൽ ഈ രോഗത്തിന്റെ കൂടുതൽ ഗുരുതരമായ വകഭേദം, അതായത് ഡെംഗി രക്തസ്രാവപ്പനി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതു പിടിപെട്ടാൽ ലോമികകൾ പൊട്ടുകയും തത്ഫലമായി ത്വക്കിൽ രക്തസ്രാവമുണ്ടാകുകയും ചെയ്യും. ആന്തര രക്തസ്രാവവുമുണ്ടായേക്കാം. ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം രോഗിക്ക് കടുത്ത ആഘാതമുണ്ടാകുകയും അയാളുടെ രക്തചംക്രമണം തകരാറിലാകുകയും ചെയ്തേക്കാം. അത് പെട്ടെന്നുള്ള മരണത്തിന് ഇടയാക്കും.
ഡെംഗി കൃത്യമായും എന്താണ്? അത് നിങ്ങൾക്കു പിടിപെടുമോ? നിങ്ങൾക്ക് നിങ്ങളെത്തന്നെയും കുടുംബത്തെയും എങ്ങനെ സംരക്ഷിക്കാൻ കഴിയും? നമുക്ക് ഇത് സൂക്ഷ്മമായി പരിശോധിക്കാം.
എന്താണ് ഡെംഗി?
അസ്ഥികളെ നുറുക്കുന്ന പനി എന്നും അറിയപ്പെടുന്ന ഡെംഗി, കൊതുക് പരത്തുന്ന അസംഖ്യം രോഗങ്ങളിൽ ഒന്നു മാത്രമാണ്. യഥാർഥ രോഗകാരി ഒരു വൈറസാണ്. രോഗാണുവാഹിയായ കൊതുക് (അതായത്, രോഗം പിടിപെട്ട ഒരു വ്യക്തിയെ കടിച്ച കൊതുക്) അതിന്റെ ഉമിനീർ ഗ്രന്ഥികളിലാണ് വൈറസിനെ വഹിക്കുന്നത്. ഒരു വ്യക്തിയുടെ ശരീരത്തിൽനിന്നു രക്തം കുടിക്കുന്നതിനിടെ അതു വൈറസിനെ അയാളുടെ ശരീരത്തിലേക്കു പ്രവേശിപ്പിക്കുന്നു.
നാലു തരം ഡെംഗി വൈറസുകളുണ്ട്. അതിൽ ഒരു തരം വൈറസ് ബാധിച്ചാൽ മറ്റു മൂന്നു തരം വൈറസിൽനിന്നും പ്രതിരോധശക്തി നൽകുകയില്ല. ഒരിക്കൽ ഈ രോഗബാധ ഉണ്ടായ ഒരു വ്യക്തിക്ക് ഇതിന്റെ മറ്റൊരു തരം വൈറസിനെ വഹിക്കുന്ന കൊതുകിന്റെ കടിയേറ്റാൽ രക്തസ്രാവപ്പനി ആയിരിക്കും ഫലം.
“ലോക ജനസംഖ്യയുടെ അഞ്ചിൽ രണ്ടു ഭാഗം അപകടത്തിൽ”
ലോകാരോഗ്യ സംഘടന പറയുന്നത് അനുസരിച്ച് 250 കോടി ആളുകൾ, അതായത് “ലോക ജനസംഖ്യയുടെ അഞ്ചിൽ രണ്ടു ഭാഗം” ഡെംഗി ഭീഷണിയിൻ കീഴിലാണ്. ഏഷ്യാവീക്ക് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “100-ലധികം ഉഷ്ണമേഖല, ഉപോഷ്ണ മേഖല രാജ്യങ്ങളിൽ ഡെംഗി പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വർഷംതോറും കോടിക്കണക്കിന് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നു. രോഗബാധിതരിൽ 95% കുട്ടികളാണ്.”
ലോകത്തിൽ ഡെംഗി ആദ്യമായി കണ്ടെത്തപ്പെട്ടത് എപ്പോഴാണെന്നു വ്യക്തമല്ല. 1779-ൽ കെയ്റോയിൽ റിപ്പോർട്ടു ചെയ്യപ്പെട്ട “മുട്ടുപനി” വാസ്തവത്തിൽ ഡെംഗിയെ പരാമർശിച്ചുള്ളതായിരിക്കാൻ സാധ്യതയുണ്ട്. അക്കാലം മുതൽ ലോകവ്യാപകമായി ഡെംഗി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വിശേഷിച്ചും രണ്ടാം ലോകമഹായുദ്ധം മുതൽ ഡെംഗി മനുഷ്യരുടെ ആരോഗ്യത്തെ ശ്രദ്ധേയമായ വിധത്തിൽ ബാധിച്ചിട്ടുണ്ട്. തെക്കു കിഴക്കൻ ഏഷ്യയിലാണ് ഇത് ആരംഭം കുറിച്ചത്. ഇതിന്റെ വിവിധ തരത്തിലുള്ള വൈറസുകൾ പരക്കാൻ തുടങ്ങുകയും അങ്ങനെ ഇത് കൂടുതൽ അപകടകരമായ രക്തസ്രാവപ്പനികൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ ഒരു പ്രസിദ്ധീകരണം ഇങ്ങനെ പറയുന്നു: “ഏഷ്യയിൽ ആദ്യമായി രക്തസ്രാവപ്പനി വാസ്തവത്തിൽ പൊട്ടിപ്പുറപ്പെട്ടത് 1954-ൽ മനിലയിലാണ്.” തുടർന്ന് മറ്റ് രാജ്യങ്ങളിലുമുണ്ടായി. ഇതിൽ ശ്രദ്ധേയമായത് തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും അവയുടെ അയൽപ്രദേശങ്ങളുമാണ്. തെക്കു കിഴക്കൻ ഏഷ്യയിലെ ആദ്യകാല ഡെംഗി ആക്രമണത്തിന്റെ ഫലമായുണ്ടായ മരണനിരക്ക് 10 മുതൽ 50 വരെ ശതമാനമായിരുന്നു. എന്നാൽ ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിവായപ്പോൾ ഈ നിരക്കുകൾ കുറഞ്ഞു.
1960-കൾ മുതൽ വൈറസ് വാഹകരായ കൊതുകുകളെ നിയന്ത്രിക്കാനുള്ള പരിപാടികളിലുള്ള അശ്രദ്ധ ഡെംഗിയുടെ സ്ഫോടനാത്മകമായ വർധനവിന് ഇടയാക്കിയിരിക്കുന്നു. ഡെംഗിയെപോലെ ഡെംഗി രക്തസ്രാവപ്പനിയും പടർന്നു പിടിച്ചിരിക്കുന്നു. 1970-നു മുമ്പ് 9 രാജ്യങ്ങളിൽ മാത്രമേ ഈ സാംക്രമിക രോഗം ഉണ്ടായിരുന്നുള്ളൂ. എന്നാൽ 1995-ഓടെ ആ എണ്ണം 41 ആയി വർധിച്ചിരിക്കുന്നു. വർഷംതോറും ഡെംഗി രക്തസ്രാവപ്പനി പിടിപെടുന്നവരിൽ 5,00,000 പേരെ ആശുപത്രിയിലാക്കേണ്ടി വരുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.
ഉഷ്ണമേഖല പ്രദേശങ്ങൾക്കു വെളിയിലുള്ള സ്ഥലങ്ങളിൽ രോഗം അത്ര അറിയപ്പെടുന്നില്ലെങ്കിലും അത് പിടിപെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തവർക്ക് അതു പിടിപെടുകയും അങ്ങനെ അവർ ആ രോഗം തങ്ങളുടെ നാട്ടിലേക്കു കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, 1996-ന്റെ അവസാനത്തോടെ ഐക്യനാടുകളിൽ—മസാച്ചുസെറ്റ്സ്, ന്യൂയോർക്ക്, ഓറിഗൺ, ടെക്സാസ് എന്നിവിടങ്ങളിൽ—ഡെംഗി ഉള്ളതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു.
രക്തസ്രാവപ്പനികൊണ്ടുള്ള അപകടങ്ങൾ
മുമ്പു പറഞ്ഞതുപോലെ ജീവൻ അപകടത്തിലാക്കുന്ന ഡെംഗിയുടെ ഒരു വകഭേദമാണ് ഡെംഗി രക്തസ്രാവപ്പനി. ഡെംഗി രക്തസ്രാവപ്പനിയുടെ ഒരു അപകടം, അത് അത്രയ്ക്കു ഗുരുതരമല്ല എന്ന് കരുതാൻ തക്കവണ്ണം ആളുകൾ കബളിപ്പിക്കപ്പെടുന്നു എന്നതാണ്. പലരും അത് ഫ്ളൂ ആയി തെറ്റിദ്ധരിക്കുന്നു. എന്നാൽ ചികിത്സ നീട്ടിവെക്കുന്നതു മൂലം രോഗം മൂർച്ഛിക്കുകയും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം തീരെ കുറയുകയും ചെയ്യുന്നു. അങ്ങനെ രക്തസ്രാവം (ആന്തരികമായോ മോണയിലൂടെയോ മൂക്കിലൂടെയോ ത്വക്കിലൂടെയോ) ഉണ്ടാകുകയും രക്തസമ്മർദം കുറയുകയും ചെയ്യുന്നു. രോഗി കുഴഞ്ഞു വീണേക്കാം. രോഗിയുടെ നില ഗുരുതരമാണെന്നു വീട്ടുകാർ തിരിച്ചറിയുമ്പോഴേക്കും അയാൾ ആഘാതത്തിന് ഇരയാകുകയായിരിക്കും. അവർ അയാളെ ഉടനടി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു. അയാളുടെ രക്തചംക്രമണം നിലച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ കണ്ടെത്തുന്നു. നിർണായക സാഹചര്യമായതുകൊണ്ട് ഡ്രിപ്പ് കൊടുക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു.
നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൽ
ഈ രോഗത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ എന്തു ചെയ്യാൻ കഴിയും? ഡെംഗി രോഗഭീഷണി നിലനിൽക്കുന്ന പ്രദേശത്താണ് നിങ്ങളുടെ കുടുംബം താമസിക്കുന്നതെന്നിരിക്കട്ടെ. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും പനി പിടിപെടുകയും അത് ഒരു ദിവസത്തിലുമധികം നീണ്ടു നിൽക്കുകയുമാണെങ്കിൽ ഡോക്ടറെ ചെന്നു കാണുന്നതു നന്നായിരിക്കും. രോഗിക്ക് ഡെംഗിയുടെ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, അതായത് ശരീരം ചുവന്നു തടിക്കുകയും പേശികളിലോ സന്ധികളിലോ കണ്ണിനു പുറകിലോ വേദന ഉണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഇതു വിശേഷിച്ചും പ്രധാനമാണ്.
ഡോക്ടർ രക്തം പരിശോധിക്കാൻ നിർദേശിച്ചേക്കാം. രക്തസ്രാവമില്ലാത്ത ഡെംഗിപ്പനിക്ക് നിസ്സാര ചികിത്സ മതിയാകും. എന്നാൽ പരിശോധനയിൽ രോഗം ഡെംഗി രക്തസ്രാവപ്പനി ആണെന്നു തെളിഞ്ഞാൽ നിർജലീകരണം തടയാനായി ലായനികൾ നൽകാൻ ഡോക്ടർ നിർദേശിച്ചേക്കാം. ഇതിൽ അതിസാരത്തിന് നൽകുന്ന അധര പുനർജലീകരണ ലായനികൾ ഉൾപ്പെട്ടേക്കാം. കൂടുതൽ ഗുരുതരമായ സാഹചര്യങ്ങളിൽ റിങ്ങേഴ്സ് ലായനികളും ലവണ ലായനികളും മറ്റും സിരകളിലൂടെ കുത്തിവെക്കുന്നു. ആഘാതം ഉണ്ടായ കേസുകളിൽ രക്തസമ്മർദം കൂട്ടാനും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം പുനഃസ്ഥാപിക്കാനും സഹായിക്കുന്ന ചില മരുന്നുകൾ ഡോക്ടർ കുറിച്ചു കൊടുത്തേക്കാം.
കഠിനമായ രക്തസ്രാവമുണ്ടെങ്കിൽ രക്തപ്പകർച്ച നിർദേശിക്കാൻ ഡോക്ടർമാർ ചായ്വു കാട്ടിയേക്കാം. ചിലർ പകര ചികിത്സാരീതികൾ പരിഗണിക്കാതെ തിടുക്കത്തിലായിരിക്കും ഇത് നിർദേശിക്കുന്നത്. എന്നാൽ രക്തപ്പകർച്ച ദൈവനിയമത്തിന് എതിരാണെന്നു മാത്രമല്ല സാധാരണ ഗതിയിൽ അനാവശ്യവുമാണ്. (പ്രവൃത്തികൾ 15:28) രോഗത്തിന്റെ ആരംഭത്തിൽതന്നെ പര്യയന ലായനികൾ ശ്രദ്ധാപൂർവം നൽകുന്നത് ചികിത്സയിലെ ഏറ്റവും പ്രധാന ഘടകമാണെന്ന് അനുഭവങ്ങൾ തെളിയിച്ചിരിക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള സഹകരണം രക്തപ്പകർച്ചയുടെ കാര്യത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായകമാണ്. ഒരു വ്യക്തിക്ക് ഡെംഗി രക്തസ്രാവപ്പനി ആണോയെന്നു സംശയമുണ്ടെങ്കിൽ സത്വര നടപടി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇവയെല്ലാം എടുത്തു കാട്ടുന്നത്.—“രോഗലക്ഷണങ്ങൾ എന്തെല്ലാം?” എന്നുള്ള ചതുരം കാണുക.
പ്രതിരോധ നടപടികൾ
പ്രധാന ഡെംഗി വൈറസ് വാഹകരിൽ ഒന്നാണ് എയിഡിസ് എയിജിപ്തി കൊതുക്. ലോകത്തിനു ചുറ്റുമുള്ള ഉഷ്ണമേഖല, ഉപോഷ്ണമേഖല പ്രദേശങ്ങളിലാണ് ഈ ഇനത്തെ സാധാരണമായി കാണുന്നത്. (കൂടെ കൊടുത്തിരിക്കുന്ന ഭൂപടം കാണുക.) ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണ് എയിഡിസ് എയിജിപ്തി കൊതുകുകളുടെ ഈറ്റില്ലം. രോഗം നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗം കൊതുകു നിയന്ത്രണമാണ്.
ലോകവ്യാപകമായി കൊതുകുകളെ നിയന്ത്രിക്കുന്നത് എളുപ്പമല്ല. എങ്കിലും അപകടം കുറയ്ക്കാൻ തക്കവണ്ണം നിങ്ങളുടെ വീടിന്റെ പരിസരത്തു ചെയ്യാൻ കഴിയുന്ന ചില സംഗതികൾ ഉണ്ട്. പെൺകൊതുക് വെള്ളത്തിലാണ് മുട്ടയിടുന്നത്. ഉപേക്ഷിക്കപ്പെട്ട ടയറുകൾ, കന്നാസുകൾ, കുപ്പികൾ, അല്ലെങ്കിൽ ചിരട്ടകൾ തുടങ്ങി ഒരാഴ്ചയിൽ അധികം വെള്ളം കെട്ടിക്കിടക്കുന്ന എവിടെയും ലാർവയ്ക്ക് വളരാൻ കഴിയും. അത്തരം വസ്തുക്കൾ നീക്കം ചെയ്യുന്നത് കൊതുകുകൾക്ക് മുട്ടയിട്ടു പെരുകാൻ കഴിയുന്ന സ്ഥലങ്ങൾ ഇല്ലാതാക്കും. ഇതിനു പുറമേ ബക്കറ്റുകളോ വഞ്ചികളോ കമിഴ്ത്തി വെക്കണമെന്നും നിർദേശിക്കപ്പെട്ടിരിക്കുന്നു. പാത്തികളിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്നതും സഹായകമായിരിക്കും. 1997/98 സ്കൂൾ വർഷാരംഭത്തിൽ ഫിലിപ്പീൻസിലെ ആരോഗ്യ വകുപ്പ് ഇക്കാരണത്താൽ ക്ലാസ്സ് മുറികളിൽ പൂച്ചട്ടികൾ വെക്കുന്നതു നിരുത്സാഹപ്പെടുത്തുകയുണ്ടായി.
വീട്ടിൽ ആർക്കെങ്കിലും ഡെംഗി പിടിപെട്ടാൽ കൊതുകുകൾ അയാളെ കടിക്കാതിരിക്കാനുള്ള മാർഗങ്ങൾ നോക്കണം. കാരണം അവ മറ്റുള്ളവരിലേക്കു രോഗം പകർത്തിയേക്കാം. കൊതുകുകൾ കടക്കാതിരിക്കാനുള്ള സംവിധാനമുള്ളതോ ശീതീകരിച്ചതോ ആയ മുറി നല്ല ഒരു സംരക്ഷണമായിരിക്കാം.
പ്രതിരോധ കുത്തിവെപ്പിന്റെ കാര്യമോ? ഉചിതമായ പ്രതിരോധ കുത്തിവെപ്പുകൾ ഇപ്പോൾ ലഭ്യമല്ല, ഒരെണ്ണം വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ നാലു തരം ഡെംഗിപ്പനികൾക്കും പ്രതിരോധ കുത്തിവെപ്പുകൾ നടത്തിയാലേ സമ്പൂർണ സംരക്ഷണം ലഭിക്കൂ എന്ന വസ്തുത ഇതിനെ കൂടുതൽ സങ്കീർണമാക്കുന്നു. ഒന്നിനു മാത്രമുള്ള പ്രതിരോധ കുത്തിവെപ്പ് വാസ്തവത്തിൽ ഡെംഗി രക്തസ്രാവപ്പനിക്കുള്ള സാധ്യത വർധിപ്പിച്ചേക്കാം. അഞ്ചു മുതൽ പത്തു വരെ വർഷത്തിനുള്ളിൽ ഫലപ്രദമായ പ്രതിരോധ മരുന്ന് ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് ഗവേഷകർ.
മറ്റു ഗവേഷകർ വേറൊരു സമീപനം പരീക്ഷിച്ചു നോക്കുകയാണ്. ജനിതക എഞ്ചിനീയറിങ് ഉപയോഗിച്ച് കൊതുകിന്റെ ഉമിനീരിൽ ഡെംഗി വൈറസ് പെരുകുന്നത് തടയാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഇത് വിജയിച്ചാൽ ജനിതക എഞ്ചിനീയറിങ്ങിനു വിധേയമാക്കിയ അത്തരം കൊതുകുകൾ അവയുടെ സന്താനങ്ങളിലേക്ക് ഡെംഗിക്കെതിരെയുള്ള ചെറുത്തുനിൽപ്പുശേഷി കൈമാറും. ചില പുരോഗതികൾ കൈവരിച്ചിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം വിജയപ്രദമായിരിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
ഇപ്പോഴത്തെ അവസ്ഥയിൽ, ഡെംഗിപ്പനി പൂർണമായി ഇല്ലാതാക്കുന്നത് സാധ്യമാണെന്നു തോന്നുന്നില്ല. എന്നാൽ പ്രായോഗികമായ മുൻകരുതലുകൾ എടുക്കുന്നത് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കൊതുകിലൂടെ പകരുന്ന ഡെംഗിപ്പനിയുടെ അപകടകരമായ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും.
[22-ാം പേജിലെ ചതുരം]
രോഗലക്ഷണങ്ങൾ എന്തെല്ലാം?
ഡെംഗിപ്പനിയുടെയും ഡെംഗി രക്തസ്രാവപ്പനിയുടെയും ലക്ഷണങ്ങൾ
• പെട്ടെന്നുള്ള കടുത്ത പനി
• കടുത്ത തലവേദന
• കണ്ണിനു പുറകിലായി വേദന
• സന്ധികളിലും പേശികളിലും വേദന
• ലസികാപർവങ്ങൾക്ക് നീരുവെക്കുന്നു
• ചുവന്നു തടിക്കൽ
• വല്ലാത്ത ക്ഷീണം
രക്തസ്രാവപ്പനിയുടെ സവിശേഷ ലക്ഷണങ്ങൾ
• പെട്ടെന്ന് കുഴഞ്ഞുവീഴുക
• ത്വക്കിൽ രക്തസ്രാവമുണ്ടാകുക
• ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും രക്തസ്രാവമുണ്ടാകുക
• ത്വക്ക് തണുത്ത് ഒട്ടുക
• അസ്വസ്ഥത
• നാഡിമിടിപ്പ് കുറയുന്നു, ആഘാതമുണ്ടാകുന്നു (ഡെംഗി ഷോക്ക് സിൻഡ്രോം)
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഡോക്ടറെ കാണാൻ താമസിക്കരുത്. വിശേഷിച്ചും കുട്ടികളാണ് അപകടത്തിൽ
[അടിക്കുറിപ്പ്]
ആസ്പിരിൻ രക്തസ്രാവം വർധിപ്പിക്കുമെന്നതിനാൽ അത് കഴിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു
[23-ാം പേജിലെ ചതുരം]
യാത്രക്കാർക്കുള്ള നിർദേശങ്ങൾ
ചിലപ്പോൾ ഉഷ്ണമേഖല പ്രദേശങ്ങളിലേക്കു യാത്ര ചെയ്യുന്നവർക്ക് ഡെംഗിപ്പനി പിടിപെടാറുണ്ട്. എന്നാൽ ഡെംഗി രക്തസ്രാവപ്പനി വിരളമായേ ഉണ്ടാകൂ. കാരണം സാധാരണ ഗതിയിൽ രണ്ടാമത് ഡെംഗി പിടിപെട്ടാൽ മാത്രമേ കൂടുതൽ ഗുരുതരമായ ഈ വകഭേദം ഉണ്ടാകാൻ സാധ്യതയുള്ളൂ. യാത്രക്കാർക്കായി ഏതാനും സുരക്ഷാ നിർദേശങ്ങൾ ഇതാ:
• നീളൻ-കയ്യൻ ഷർട്ടും ഇറക്കമുള്ള പാന്റ്സും ധരിക്കുക
• കൊതുകു പ്രതിരോധകം ഉപയോഗിക്കുക
• ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽനിന്ന് അകന്നു നിൽക്കുക
• ജനാലകൾ അടച്ചിട്ട് കൊതുകുകളെ അകറ്റിനിർത്താൻ കഴിയുന്ന മുറികളിൽ താമസിക്കുക
•വീട്ടിൽ തിരിച്ചെത്തിയശേഷം പനിയുണ്ടായാൽ നിങ്ങൾ പോയ സ്ഥലം ഏതാണെന്നു ഡോക്ടറോടു പറയുക
[23-ാം പേജിലെ ഭൂപടം/ചിത്രം]
അടുത്തയിടെ ഡെംഗിപ്പനി പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങൾ
ഡെംഗിപ്പനി പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ
ഡെംഗിവാഹിയായ “എയിഡിസ് എയിജിപ്തി” കൊതുകിന്റെ വിഹാരസ്ഥലം
[കടപ്പാട്]
ഉറവിടം: രോഗനിയന്ത്രണ-പ്രതിരോധ കേന്ദ്രങ്ങൾ, 1997
© Dr. Leonard E. Munstermann/Fran Heyl Associates, NYC
[24-ാം പേജിലെ ചിത്രങ്ങൾ]
കൊതുകുകൾ പെരുകാൻ ഇടയുള്ള സ്ഥലങ്ങൾ (1) ഉപേക്ഷിക്കപ്പെട്ട ടയറുകൾ, (2) മഴവെള്ളം കെട്ടിക്കിടക്കുന്ന പാത്തികൾ, (3) പൂച്ചട്ടികൾ, (4) ബക്കറ്റുകളും മറ്റു പാത്രങ്ങളും, (5) ഉപേക്ഷിക്കപ്പെട്ട ടിന്നുകൾ, (6) വീപ്പകൾ
[21-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
© Dr. Leonard E. Munstermann/Fran Heyl Associates, NYC