ലോകത്തെ വീക്ഷിക്കൽ
യൂറോപ്യൻ കോടതി ഗ്രീക്കിലെ സാക്ഷിൾക്ക് അനുകൂലമായി തീരുമാനമെടുക്കുന്നു
ഫ്രാൻസിലെ സ്ട്രാസ്ബർഗ് ആസ്ഥാനമായി കൂടിവരുന്ന യൂറോപ്യൻ മനുഷ്യാവകാശക്കോടതി 1993 മേയ് 25-നു കൈക്കൊണ്ട ഒരു തീരുമാനത്തിൽ യഹോവയുടെ സാക്ഷികൾക്ക് ഒരു വൻ നിയമവിജയം ലഭിച്ചു. ഈ കേസിൽ ഉൾപ്പെട്ടിരുന്നതു നിയമവിരുദ്ധ മതപരിവർത്തനത്തിനു കുററം ചുമത്തപ്പെട്ട 83 വയസ്സുള്ള മിനോസ് കൊക്കിനാക്കിസ് എന്ന ഒരു സാക്ഷിയായിരുന്നു. ക്രേത്തയിലെ ലസിത്തിയിലുള്ള ക്രിമിനൽ കോടതി 1986 മാർച്ച് 20-ന് അദ്ദേഹത്തിനു നാലു മാസത്തെ തടവുശിക്ഷ വിധിച്ചു. എന്നാൽ മൂന്നിനെതിരെ ആറു ജഡ്ജിമാർ എടുത്ത യൂറോപ്യൻ കോടതി തീർപ്പ് അദ്ദേഹത്തിന്റെ ശിക്ഷാവിധി റദ്ദാക്കി. പതിററാണ്ടുകളായി ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ശക്തമായ സ്വാധീനമുള്ള ഗ്രീസ് ഗവൺമെൻറ് ആയിരക്കണക്കിനു യഹോവയുടെ സാക്ഷികളെ നിയമവിരുദ്ധ മതപരിവർത്തനത്തിന്റെ പേരിൽ അറസ്ററു ചെയ്യാൻ ഇടയാക്കി. ഈ കേസിൽ “മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യൂറോപ്യൻ കൺവെൻഷ”ന്റെ അനുശാസനപ്രകാരം മിസ്ററർ കൊക്കിനാക്കിസിനുള്ള അവകാശങ്ങളെ ഗ്രീക്കു ഗവൺമെൻറ് ലംഘിച്ചതായി യൂറോപ്യൻ കോടതി കണ്ടെത്തി. ഈ തീർപ്പ് തങ്ങളുടെ പീഡനത്തിനറുതി വരുത്തുമെന്നും തങ്ങളുടെ നിയമാനുസൃത ശുശ്രൂഷ സമാധാനത്തിൽ നിർവഹിക്കാൻ തങ്ങളെ അനുവദിക്കുമെന്നും ഗ്രീസിലുള്ള 26,000-ത്തിലധികം സാക്ഷികൾ പ്രതീക്ഷിക്കുന്നു. (g93 8/22)
ഉറക്കക്കടം
“ഉറക്കം കുറവുള്ള ആളുകൾക്കു മറേറതൊരാളെയുംപോലെ നടക്കാനും കേൾക്കാനും കാണാനും കഴിയും. എന്നാൽ, ന്യായവാദം ചെയ്യാനുള്ള കഴിവും, തീരുമാനങ്ങളെടുക്കാനും ജാഗരൂകമായി നിലകൊള്ളാനും മററുമുള്ള പ്രാപ്തി ദുർബലമാകുന്നു” എന്നു ദ വഷാ മാഗസിൻ പറയുന്നു. വേണ്ടത്ര ഉറക്കം കിട്ടാത്തതിന്റെ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്ന വിദഗ്ധരെ ഈ ലേഖനം ഉദ്ധരിക്കുന്നു. ഉറക്കത്തിനു വേണ്ടിയുള്ള ബ്രസീലിയൻ സൊസൈററിയുടെ പ്രസിഡൻറായ ഡോ. ഡെനിസ് മാർട്ടിനസ് നടത്തിയ ഒരു സർവേ “ഓരോ പത്തു തൊഴിലപകടങ്ങളിൽ രണ്ടെണ്ണം രാത്രിയിൽ വേണ്ടത്ര ഉറക്കം കിട്ടാത്തതുകൊണ്ട് ഉണ്ടാകുന്നതാണെന്നു” പ്രകടമാക്കുന്നു. “ദൃഷ്ടാന്തത്തിന്,” കുറച്ചുറങ്ങുകയും “മൂന്നു വ്യത്യസ്ത ജോലികളിലേർപ്പെടുകയും ചെയ്യുന്നവർ തൊഴിൽ കമ്പോളത്തിൽ തങ്ങളുടെ ആരോഗ്യം വിൽക്കുക”യാണെന്നു ഡോ. മാർട്ടിനസ് മുന്നറിയിപ്പു നൽകുന്നു. (g93 8/22)
പ്രായം കൂടിപ്പോയിട്ടില്ല
‘പഠിക്കാൻ പററാത്തവണ്ണം നിങ്ങൾക്കു പ്രായം കൂടിപ്പോയിട്ടില്ല.’ ഈ ചൊല്ലിനെ ദൃഷ്ടാന്തീകരിക്കാനെന്നപോലെ ബർണാബ അവാൻഹലിസ്ററ എന്ന ഊർജസ്വലനായ 93 വയസ്സുകാരൻ രണ്ടു വർഷംകൊണ്ടു തന്റെ യൂണിവേഴ്സിററി പഠനം പൂർത്തിയാക്കാൻ കാത്തിരിക്കുന്നു. സ്പെയ്നിലെ വലെൻഷ്യ സർവകലാശാലയിൽ അദ്ദേഹം ശാസ്ത്രേതരവിഷയങ്ങൾ പഠിക്കുകയാണ്. പഠനത്തിനുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം സമുന്നത കലാലയ നേട്ടത്തിനുള്ള ഒരു സമ്മാനം ഇതിനോടകം അദ്ദേഹത്തിനു നേടിക്കൊടുത്തിരിക്കുന്നു. ദിവസവും രാവിലെ എട്ടു മണിക്കു യൂണിവേഴ്സിററിയിൽ എത്തുകയും മിക്കപ്പോഴും രാത്രി ഒമ്പതുവരെയിരുന്നു തന്റെ സായാഹ്ന പാഠങ്ങൾ പഠിക്കുകയും ചെയ്യുന്ന ബർണാബ വിശദീകരിക്കുന്നു: “പഠനം ആണ് അതിമനോജ്ഞമായ കാര്യം.” പ്രായമേറിയ ആളുകൾക്കു പഠിക്കാനുള്ള ഒരു സുവർണാവസരമാണുള്ളത് എന്നു ബർണാബ വിശ്വസിക്കുന്നു. “അതു ചെയ്യാൻ ജീവിതത്തിൽ നിങ്ങൾക്കു സമയം കിട്ടുന്ന കാലം അതാണ്,” അദ്ദേഹം പറയുന്നു. ഊർജസ്വലനായി കഴിയുന്നതു ജീവിതത്തിൽ അദ്ദേഹത്തിന് ഒരു ഉദ്ദേശ്യം ഉണ്ടാക്കിക്കൊടുക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ കൂട്ടിച്ചേർക്കുന്നു. (g93 8/22)
ഉദ്യോഗസ്ഥകൾക്കു നേരെയുള്ള ഉപദ്രവം
കാനഡയിലെ ടൊറാന്റോയിലുള്ള ടൊറാന്റോ ആശുപത്രിയിൽ നടത്തിയ അടുത്ത കാലത്തെ ഒരു സർവേ അവിടത്തെ 70 ശതമാനം ഉദ്യോഗസ്ഥകളും ജോലിയിലായിരിക്കെ ലൈംഗിക ശല്യത്തിനു വിധേയമാകുന്നതായി പരാതിപ്പെടുന്നുവെന്നു വെളിപ്പെടുത്തി. ദ ടൊറാന്റോ സ്ററാർ പറയുന്നതനുസരിച്ച് ലൈംഗികമായി ആക്രമിക്കപ്പെട്ടതായി 2 ശതമാനം സ്ത്രീകളും ലൈംഗികതാത്പര്യങ്ങൾക്കായി ഭീഷണിപ്പെടുത്തപ്പെട്ടതായി ഒരു ശതമാനം സ്ത്രീകളും റിപ്പോർട്ടു ചെയ്യുന്നു. അവർ “ആദരവില്ലാത്തതോ യോഗ്യമല്ലാത്ത അടുപ്പം കാണിക്കുന്ന വിധത്തിലോ തങ്ങളെ വിളിച്ചതായി” സ്ത്രീകളിൽ പലരും പറയുന്നു. വലിയൊരു ശതമാനം പേർ “ലൈംഗികധ്വനിയുള്ള തമാശകളെക്കുറിച്ചു പരാതിപ്പെട്ടു.” ഏതാണ്ട് 60 ശതമാനം ഉദ്യോഗസ്ഥകൾക്ക് ആശുപത്രിയുടെ “ചില ഭാഗങ്ങൾ ചില നേരങ്ങളിൽ സുരക്ഷിതമല്ലെന്നു തോന്നിയതായി” സ്ററാർ റിപ്പോർട്ടു ചെയ്യുന്നു. (g93 9/8)
ജാപ്പനീസ് സർവകലാശാലയിൽ ബൈബിൾ ക്ലാസ്സുകൾ
ജപ്പാന്റെ വിഖ്യാതമായ വസെദാ സർവകലാശാലയിലെ സാഹിത്യ വിഭാഗത്തിലുള്ള കുട്ടികൾക്കിടയിൽ നടത്തിയ അടുത്ത കാലത്തെ ഒരു സർവേ “പല വിദ്യാർഥികളും പുരാതന സാഹിത്യകൃതികളെക്കുറിച്ച്, വിശേഷാൽ വിദേശ സംസ്കാരങ്ങൾ പഠിക്കാൻ പരമപ്രധാനമെന്നു കരുതപ്പെടുന്ന ബൈബിളിനെക്കുറിച്ചു പഠിക്കാൻ ആവേശം പൂണ്ടവരായിരുന്നു” എന്നു വെളിപ്പെടുത്തിയതായി ദ ഡെയ്ലി യുമിയുറി റിപ്പോർട്ടു ചെയ്യുന്നു. സാഹിത്യരംഗത്ത് ഇപ്പോൾത്തന്നെ ബഹുമതി നേടിക്കഴിഞ്ഞ ഈ സർവകലാശാല 1993-ലെ വസന്തകാല അർധവാർഷിക പഠനകാലം മുതൽ ബൈബിൾ ക്ലാസ്സുകളും അതിന്റെ വിഷയങ്ങളോടു ചേർത്തു. രണ്ടു വർഷം മുമ്പു ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം സർവകാലശാലകൾക്കു അവയുടെ പാഠ്യപരിപാടികൾ ക്രമപ്പെടുത്താൻ കൂടുതൽ സ്വാതന്ത്ര്യം നൽകിയതുമുതൽ ഒരു സ്കൂളിന്റെ പാഠ്യപദ്ധതി രൂപവത്കരിക്കുന്നതിൽ പങ്കെടുക്കാൻ വിദ്യാർഥികൾ അനുവദിക്കപ്പെടുന്ന ആദ്യത്തെ സംഭവമാണ് ഇത്. (g93 9/8)
എയ്ഡ്സ് നിയന്ത്രണാതീതമോ?
എയ്ഡ്സിന്റെ ലോകമൊട്ടുക്കുമുള്ള വ്യാപനം ഇപ്പോൾ നിയന്ത്രണാതീതമാണോ? അങ്ങനെയായിരുന്നേക്കാം എന്ന് ഐക്യനാടുകളിലെ ഹാർവാർഡ് യൂണിവേഴ്സിററി കേന്ദ്രമായുള്ള ഗ്ലോബൽ എയ്ഡ്സ് പോളിസി കൊയലിഷൻ സമാഹരിച്ച 1,000 പേജുള്ള ഒരു റിപ്പോർട്ടു പ്രസ്താവിക്കുന്നു. ദ ഗാർഡിയൻ വീക്കിലി പറയുന്നതനുസരിച്ച് ഒരു രാജ്യവും എയ്ഡ്സിന്റെ വ്യാപനം തടയാൻ പ്രാപ്തമായിരുന്നിട്ടില്ലെന്നും ഈ രോഗം യൂറോപ്പിൽ അത്യുച്ചനിലയിൽ എത്തിയെന്നു പറയുന്നവർക്കു തെററു പററിയിരിക്കാം എന്നും റിപ്പോർട്ടു പ്രകടമാക്കുന്നു. റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “എച്ച്ഐവി⁄എയ്ഡ്സ് പകർച്ചവ്യാധി കൂടുതൽ അപകടകരമായ ഒരു പുതിയ ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. ആഗോള ഭീഷണി വർധിക്കുന്നതോടെ കൂടിവരുന്ന അലസഭാവത്തിന്റെയും സ്ഥായിയായ നിഷേധത്തിന്റെയും വീണ്ടും പ്രത്യക്ഷപ്പെടുന്ന വിവേചനത്തിന്റെയും ലക്ഷണങ്ങൾ നിരവധിയാണ്.” (g93 9/8)
ബാലികാ വ്യഭിചാരം ഏഷ്യയിൽ തഴച്ചുവളരുന്നു
“പത്തു വയസ്സിൽ നിങ്ങൾ ഒരു മുതിർന്ന യുവതിയാണ്, ഇരുപതാകുമ്പോൾ നിങ്ങൾ ഒരു വയസ്സിയാണ്, മുപ്പതാകുമ്പോൾ നിങ്ങൾ മരിച്ചുകഴിഞ്ഞെന്ന പോലെയും ആണ്.” നാഷണൽ ജിയോഗ്രഫിക് ട്രാവലർ മാഗസിൻ പറയുന്നതനുസരിച്ച് അതാണു തായ്ലൻഡിലെ ബാങ്കോക്കിലുള്ള ബാല വേശ്യകളെക്കുറിച്ചുള്ള പൊതുവായ ചൊല്ല്. ഏഷ്യയിൽ ഏതാണ്ടു പത്തുലക്ഷം ബാലവേശ്യകളുണ്ട്, അവരിൽ മിക്കവരും പത്തു വയസ്സിൽത്താഴെ പ്രായമുള്ളവരാണ്. നിയമവിരുദ്ധമായി തഴച്ചുവളരുന്ന ഈ വ്യവസായത്തെ വിനോദവികസന പരിപാടികൾ പോഷിപ്പിക്കുകയാണെന്ന് ഈ മാഗസിൻ പറയുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ആസ്ട്രേലിയയിലെയും ജപ്പാനിലെയും ഐക്യനാടുകളിലെയും പശ്ചിമ യൂറോപ്പിലെയും പല സംഘടനകളും ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ‘ലൈംഗിക യാത്രകളെ’ പ്രോത്സാഹിപ്പിക്കുന്നു. ഇൻഡ്യയിലെ ബോംബെയിലുള്ള വേശ്യാലയങ്ങളിൽ വേശ്യാവൃത്തി ചെയ്യാൻ ഓരോ വർഷവും ഏതാണ്ട് 5,000 പെൺകുട്ടികൾ നേപ്പാൾ മലനിരകളിൽനിന്ന് “തിരഞ്ഞെടുത്തയയ്ക്കപ്പെടുന്ന”തായി ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്തു. ഇപ്പോൾ അവിടെ ഏകദേശം 2,00,000 പേരുണ്ട്, അവരിൽ ഏതാണ്ട് പകുതിപ്പേരും എയ്ഡ്സ് ഉണ്ടാക്കുന്ന വൈറസായ എച്ച്ഐവി ബാധിച്ചവരാണ്. വളരെ സംഘടിതമായ ഒരു ബിസിനസ് പശ്ചിമ യൂറോപ്പിലേക്കും ഐക്യനാടുകളിലേക്കും പെൺകുട്ടികളെ കയററി അയയ്ക്കുന്നു. (g93 9/8)
തകൃതിയായ ആരാധന
“പള്ളിശുശ്രൂഷ രാവിലെ 11-ന് ആരംഭിച്ച് ഒരു മണിക്കൂറോ അതിലധികമോ എന്തിനു നീണ്ടുനിൽക്കണം?” യു.എസ്.എ, ഫ്ളോറിഡായിലെ ഒരു ബാപ്ററിസ്ററ് ശുശ്രൂഷകൻ ഈയടുത്ത കാലത്തു ചോദിച്ച ആ ചോദ്യം ടൈംസ്-വെസ്ററ് വിർജിനിയനിൽ വന്ന അസോഷിയേററഡ് പ്രസ്സ് റിപ്പോർട്ടനുസരിച്ചു പ്രവചനീയമായ ഒരു പരിഹാരത്തിലേക്കു നയിച്ചിരിക്കുന്നു. പുരോഹിതൻ “22 മിനിററ് നേരത്തെ ഹ്രസ്വമായ ഒരു ആരാധനാകർമം” നിർവഹിക്കുന്നു, “പ്രസംഗം നടത്താനും കീർത്തനാലാപനത്തിൽ നേതൃത്വം വഹിക്കാനും വിശുദ്ധലിഖിതങ്ങൾ വായിക്കാനും പ്രാർഥിക്കാനും പള്ളിവിട്ടു പോകാനും” ഇതു തനിക്കു സമയം അനുവദിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അസോഷിയേററഡ് പ്രസ്സ് പറയുന്നതനുസരിച്ചു പ്രസംഗം എട്ടു മിനിററായി പരിമിതപ്പെട്ടിരിക്കും, ഇത് “ഭക്ഷണകാര്യത്തിൽ മാക്ഡൊണാൾഡിന്റെ ഫാസ്ററ് ഫുഡ് റെസ്റററൻറ് എന്തു ചെയ്തുവോ അതു പള്ളിക്കാര്യത്തിൽ ചെയ്യാൻ ശുശ്രൂഷകനെ അനുവദിക്കുന്നു.” എന്നിരുന്നാലും, “പണപ്പിരിവു പാത്രം കൈമാറാൻ ധാരാളം സമയം അനുവദിച്ചിരിക്കും” എന്നു റിപ്പോർട്ടു കൂട്ടിച്ചേർക്കുന്നു. (g93 9/8)
മൃഗങ്ങൾക്കു കുർബാന
അടുത്ത കാലത്തെ ഇററാലിയൻ പുരോഹിതൻമാരിൽനിന്നു മൃഗങ്ങൾക്കു സവിശേഷ ശ്രദ്ധ ലഭിക്കുന്നതായി തോന്നുന്നു. മൃഗങ്ങൾ “സ്നേഹിക്കാൻ പ്രാപ്തരല്ല” എന്നു പറഞ്ഞതു നിമിത്തം ഫ്രാൻസിസ്കൻമാരുടെ മതവിഭാഗം അടുത്ത കാലത്തു ജെസ്യൂട്ടുകളെ “പാഷണ്ഡികളും സൃഷ്ടിയുടെ ശത്രുക്കളും” ആയി കുററപ്പെടുത്തി. കത്തോലിക്കാ ബിഷപ്പായ മാരിയോ കാൻസിയാനി സഭയുടെ വീക്ഷണത്തെ ഈ വിധം വിവരിക്കുന്നു: “[കത്തോലിക്കാ] സഭ ജീവനുള്ള എല്ലാ സൃഷ്ടികൾക്കും വേണ്ടി തുറന്നു കിടക്കുന്നു.” അതുകൊണ്ട് ഇററാലിയൻ പത്രമായ ലാ റിപ്പബ്ലിക്ക പറയുന്നപ്രകാരം, റോമിലെ പള്ളീൽപോക്കുകാർ തങ്ങളുടെ “ഭവനത്തിലെ കൊച്ചു സ്നേഹിതർ”ക്കുവേണ്ടി അനുഗ്രഹങ്ങൾ നേടാൻ പ്രാപ്തരായിരുന്നിട്ടുണ്ട്. “കൂടുതൽ ഉചിതമായി ക്രിസ്ത്യാനികൾ എന്നു വർണിക്കാൻ കഴിയുന്നവരോടൊപ്പം ഒരനുഗ്രഹം കിട്ടാൻ ആഗ്രഹിക്കുന്ന പൂച്ചകൾക്കും പട്ടികൾക്കും തത്തകൾക്കും മുയലുകൾക്കും എല്ലാ പ്രാണിജാലങ്ങൾക്കും കുർബാനയിൽ സംബന്ധിക്കാവുന്നതാണ്” എന്ന് അത്തരമൊരു അവസരത്തെക്കുറിച്ച് അറിയിപ്പു നൽകിക്കൊണ്ടു പത്രം വിശദീകരിക്കുന്നു. (g93 8/22)
കണ്ണിന്റെ ആയാസം കുറയ്ക്കൽ
ടെലിവിഷന്റെയോ കമ്പ്യൂട്ടറിന്റെയോ സ്ക്രീനിൽ നോക്കിയിരിക്കുന്നതു നിമിത്തം നിങ്ങളുടെ കണ്ണിന് ആയാസം അനുഭവപ്പെടുന്നെങ്കിൽ അതു കുറെക്കൂടി താഴെ വച്ചിട്ട് മുകളിലേക്കു തിരിച്ചുവച്ചുകൊണ്ടു നിങ്ങൾക്ക് ആശ്വാസം കണ്ടെത്താവുന്നതാണ്. താഴേക്കു നോക്കുമ്പോഴത്തേതിനെക്കാൾ തിരശ്ചീനമായി നോക്കുമ്പോൾ ആളുകൾ തങ്ങളുടെ കണ്ണുകൾ കുറച്ചുമാത്രം അടയ്ക്കുകയും കണ്ണുകൾ കൂടുതൽ വിസ്താരത്തിൽ തുറക്കുകയും ചെയ്യുന്നു എന്ന നിഗമനത്തിൽ അടിസ്ഥാനപ്പെടുത്തിയ ഈ ശുപാർശ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ നിന്നുള്ളതാണ്. കുറച്ചു പ്രാവശ്യം ചിമ്മുമ്പോൾ കണ്ണിനു കുറച്ചു മാത്രം നനവേ കിട്ടുന്നുള്ളു. കൂടുതൽ വിസ്താരത്തിൽ തുറക്കുന്നതു കണ്ണിന്റെ ദ്രവപാളിയുടെ ബാഷ്പീകരണം വർധിപ്പിക്കുന്നു. (g93 9/8)
വിൽക്കാനുണ്ട് പള്ളികൾ
ഇററലിയിലുള്ള റോമൻ കത്തോലിക്കാ സഭയ്ക്കു മതപരമായ എത്ര കെട്ടിടങ്ങൾ അതിനുണ്ടെന്നു കൃത്യമായി അറിയില്ല, എന്നാൽ ഒരു കാര്യം ഉറപ്പാണ്: അവയെയെല്ലാം നിലനിർത്താൻ അതിനു കഴിയില്ല. സാവധാനം നശിച്ചുകൊണ്ടിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട പള്ളിക്കെട്ടിടങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നു. അതുകൊണ്ട് മേലാൽ മതപരമായ ഉദ്ദേശ്യങ്ങൾക്ക് ഉപയോഗിക്കാത്ത ചില കെട്ടിടങ്ങൾ വിൽക്കണമോ എന്നു സഭ തീരുമാനിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇററാലിയൻ സഭയുടെ സാംസ്കാരിക പൈതൃകത്തിനു വേണ്ടിയുള്ള കൗൺസിലിന്റെ പ്രസിഡൻറ് പിയട്രോ ആന്റോണിയോ ഗാർലോട്ടോ പറഞ്ഞു. എത്ര പള്ളികൾ വിൽക്കുമായിരിക്കും? “കൃത്യമല്ലാത്ത ഒരു പ്രാഥമിക നിർണയം” സൂചിപ്പിക്കുന്നത് ഇററലിയിലുള്ള 95,000-ത്തിലധികം പള്ളികളുടെ “10 ശതമാനം എന്ന ഒരു കണക്കാണ്” എന്ന് എൽ മെസാജെറോയിൽ ബിഷപ്പ് വിശദീകരിച്ചു. (g93 9/8)
മന്ദമായ ഓട്ടത്തിന്റെ ആയാസം
ജർമനിയിലെ ബർലിനിലുള്ള ഓർത്തോപീഡിക് സർവകലാശാലയിൽനിന്നുള്ള ഒരു പഠനം അനുസരിച്ചു മന്ദമായ ഓട്ടം സൈക്കിൾ ഓടിക്കുന്നതിനെക്കാൾ ശരീരത്തിന്റെ സന്ധികൾക്കു പത്തിരട്ടി ആയാസം വരുത്തുന്നു. പ്രത്യേകം രൂപകല്പന ചെയ്തുണ്ടാക്കിയ ഒരു കൃത്രിമ ഇടുപ്പ് ഉപയോഗിച്ചുകൊണ്ടു വ്യത്യസ്ത പ്രവർത്തനങ്ങളുടെ സമയത്ത് ഓരോ സന്ധികളിലും ഉണ്ടാകുന്ന ആയാസം അളക്കുന്നതിൽ ഈ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഇദംപ്രഥമമായി വിജയിച്ചു. “മന്ദമായി ഓടുന്നവർ സൈക്കിൾ ഓടിക്കുന്നവരെക്കാൾ തങ്ങളുടെ കുതിഞരമ്പുകളെയും സന്ധികളെയും കൂടുതൽ ആയാസപ്പെടുത്തുന്നു എന്നു പൊതുവെ അറിയാമായിരുന്നുവെങ്കിലും ഇത്ര വലിയ ഒരു വ്യത്യാസം കണ്ടതിൽ ഗവേഷകർപോലും അമ്പരന്നുപോയി” എന്നു സ്യൂഡോയിക്ക സീററംങ് റിപ്പോർട്ടു ചെയ്യുന്നു. (g93 9/8)