വില്യം ഷേക്സ്പിയറിനെ കുറിച്ചുള്ള നിഗൂഢത
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
വില്യം ഷേക്സ്പിയർ. ലോക ചരിത്രത്തിലെ നാടക സമ്രാട്ട് ആയി അദ്ദേഹം പ്രകീർത്തിക്കപ്പെടുന്നു. “അനേകരുടെയും കണ്ണുകളിൽ അദ്ദേഹം ലോകോത്തര നാടകകൃത്താണ്. അദ്ദേഹത്തിന്റെ നാടകങ്ങൾ . . . ഇന്ന് മറ്റേതൊരു നാടകകൃത്തിന്റെയും നാടകങ്ങളെക്കാൾ കൂടുതൽ തവണ, കൂടുതൽ രാജ്യങ്ങളിൽ അരങ്ങേറുന്നു” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു. അവ 70-ലധികം ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നു.
അദ്ദേഹത്തിന്റെ പേരിൽ പുറത്തിറങ്ങിയ വമ്പിച്ച നാടക സമാഹാരത്തിന്റെ ഗ്രന്ഥകർത്തൃത്വത്തെ കുറിച്ച് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “ഈ നാടകങ്ങളും കവിതകളും ഷേക്സ്പിയറാണ് രചിച്ചത് എന്ന കാര്യത്തിൽ പ്രമുഖ ഷേക്സ്പിയർ പണ്ഡിതന്മാരിൽ ആർക്കും തെല്ലും സംശയമില്ല.” എന്നാൽ മറ്റു ചിലർ അതിനെ എതിർക്കുന്നു. എന്തുകൊണ്ട്?
1564-ൽ സ്ട്രാറ്റ്ഫോർഡ് ഓൺ ആവണിലായിരുന്നു ഷേക്സ്പിയറിന്റെ ജനനം. 1616-ൽ 52-ാം വയസ്സിൽ അദ്ദേഹം അവിടെവെച്ചു മരിച്ചു. രസകരമായ ഒരു പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിൽ വർഷങ്ങളോളം നീണ്ടുനിന്ന ക്ഷമാപൂർവകമായ ഗവേഷണത്തിനു ശേഷം അദ്ദേഹത്തെ കുറിച്ച് എഴുതിയ പുസ്തകങ്ങൾക്ക് കയ്യും കണക്കുമില്ല. ആ ചോദ്യമിതാണ്: വില്യം ഷേക്സ്പിയറിന്റെ പേരിൽ അറിയപ്പെടുന്ന സാഹിത്യരചനകൾ വാസ്തവത്തിൽ അദ്ദേഹം തന്നെയാണോ രചിച്ചത്?
അടിസ്ഥാന പ്രശ്നങ്ങൾ
അസാധാരണമായ ലോക പരിചയമുള്ള വ്യക്തിയായിരുന്നു ഷേക്സ്പിയർ എന്ന് അദ്ദേഹത്തിന്റെ നാടകങ്ങൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, നിയമ കാര്യങ്ങൾ നല്ല വശമായിരുന്നതിനാൽ അദ്ദേഹം മതിപ്പുളവാക്കുന്ന വിധത്തിൽ നിയമ ഭാഷയും മുൻവഴക്കങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. ഷേക്സ്പിയറിന് വൈദ്യ ശാസ്ത്രത്തിൽ അഗാധമായ അവഗാഹമുണ്ടായിരുന്നു എന്ന് 1860-ൽ, ഷേക്സ്പിയറിന്റെ വൈദ്യശാസ്ത്ര വിജ്ഞാനം എന്ന ഗ്രന്ഥത്തിൽ സർ ജോൺ ബക്നിൽ സൂചിപ്പിക്കുകയുണ്ടായി. നായാട്ടിലും പ്രാപ്പിടിയന്മാരെ കൊണ്ടുള്ള വേട്ടയിലും മറ്റു വിനോദങ്ങളിലും രാജകീയ ആചാരമര്യാദകളിലും അദ്ദേഹത്തിനു നല്ല പാടവമുണ്ടായിരുന്നു. ചരിത്രകാരനായ ജോൺ മൈക്കിൾ, ഷേക്സ്പിയറിനെ “സർവജ്ഞാനിയായ എഴുത്തുകാരൻ” എന്നാണു വിശേഷിപ്പിക്കുന്നത്.
ഷേക്സ്പിയറുടെ നാടകങ്ങളിൽ കപ്പൽച്ചേതങ്ങളെ അഞ്ചു തവണ വിശേഷവത്കരിക്കുന്നുണ്ട്. നാവിക പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്ന വിധത്തിൽനിന്ന് അദ്ദേഹം അനുഭവപരിചയമുള്ള സമുദ്രസഞ്ചാരി ആയിരുന്നുവെന്നു വ്യക്തമാണ്. ഷേക്സ്പിയർ വിദേശ യാത്രകൾ നടത്തിയോ? നാവിക സേവനത്തിൽ ചേരാൻ നിർബന്ധിതനായോ? 1588-ൽ സ്പാനീഷ് അർമേഡയെ പരാജയപ്പെടുത്തുന്നതിൽ അദ്ദേഹത്തിനു പങ്കുണ്ടായിരുന്നോ? ഈ പറഞ്ഞ കാര്യങ്ങളോരോന്നും ഷേക്സ്പിയറുടെ ഗ്രന്ഥകർത്തൃത്വത്തെ സ്ഥിരീകരിക്കുന്നു എന്നുവരാം. എന്നാൽ അവ ഉപോദ്ബലകമായ തെളിവു പ്രദാനം ചെയ്യാൻ അപര്യാപ്തമാണ്. അതുപോലെ, സൈനിക കാര്യാദികളും കാലാൾ ഭടന്മാരുടെ ഭാഷാ പ്രയോഗങ്ങളും അദ്ദേഹത്തിനു വശമായിരുന്നു.
ഷേക്സ്പിയർ കൃതികളിൽ ഉടനീളം ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചിരിക്കുന്നതു കാണാം. അദ്ദേഹം അവ തന്റെ അമ്മയിൽനിന്നു പഠിച്ചതായിരിക്കണം. എന്നാൽ അമ്മയ്ക്ക് അക്ഷരാഭ്യാസം ഉണ്ടായിരുന്നു എന്നതിന് തെളിവൊന്നുമില്ല. ബൈബിളിനെ കുറിച്ചുള്ള ഷേക്സ്പിയറിന്റെ അറിവ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം സംബന്ധിച്ചു ചോദ്യങ്ങൾ ഉയർത്തുന്നു.
വിദ്യാസമ്പന്നനായ വ്യക്തിയോ?
വില്യമിന്റെ പിതാവായിരുന്ന ജോൺ കയ്യുറകൾ, കമ്പിളിനൂൽ തുടങ്ങിയവ വ്യാപാരം ചെയ്തിരുന്നു. അദ്ദേഹം കശാപ്പുകാരൻ ആയിരുന്നിരിക്കാനും സാധ്യതയുണ്ട്. പഠിപ്പില്ലായിരുന്നെങ്കിലും അദ്ദേഹം ജനസമ്മതനായ വ്യക്തിയായിരുന്നു. സ്ട്രാറ്റ്ഫോർഡിലെ പ്രാഥമിക വിദ്യാലയത്തിൽ പഠിച്ച കുട്ടികളുടെ ലിസ്റ്റ് ലഭ്യമല്ലെങ്കിലും ബാലനായിരുന്ന വില്യം ആ സ്കൂളിൽ പഠിച്ചിരുന്നു എന്നാണ് അനേകരുടെയും അഭിപ്രായം. വർഷങ്ങൾക്കു ശേഷം വില്യമിന്റെ സുഹൃത്തും നാടകകൃത്തും ആയിരുന്ന ബെൻ ജോൺസൻ, വില്യമിന് “കുറച്ചു ലത്തീനും അൽപ്പസ്വൽപ്പം ഗ്രീക്കും” അറിയാമായിരുന്നതായി അഭിപ്രായപ്പെട്ടു. ഒരുപക്ഷേ, വില്യമിനു പ്രാഥമിക വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ എന്ന് അതു സൂചിപ്പിച്ചേക്കാം.
എങ്കിലും ആ നാടകകൃത്തിന് ഗ്രീക്ക്, റോമൻ സാഹിത്യത്തിൽ നല്ല അറിവുണ്ടായിരുന്നു. അതുപോലെതന്നെ, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലെ സാഹിത്യവും സാധ്യതയനുസരിച്ച് ഭാഷയും അദ്ദേഹത്തിനു വശമായിരുന്നു. വിപുലമായ പദസമ്പത്ത് അദ്ദേഹത്തിനു കൈമുതലായി ഉണ്ടായിരുന്നു. അഭ്യസ്തവിദ്യനായ ഒരു വ്യക്തി ഇന്ന് സംഭാഷണത്തിൽ 4,000-ത്തിലധികം പദങ്ങൾ ഉപയോഗിക്കാറില്ല. 17-ാം നൂറ്റാണ്ടിലെ ആംഗലേയ കവിയായ ജോൺ മിൽട്ടൺ തന്റെ കൃതികളിൽ 8,000-ത്തോളം പദങ്ങളേ ഉപയോഗിച്ചിട്ടുള്ളൂ. എന്നാൽ ഷേക്സ്പിയർ 21,000-ത്തിൽ കുറയാതെ പദങ്ങൾ ഉപയോഗിച്ചതായി ഒരു പ്രമാണഗ്രന്ഥം പറയുന്നു!
പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും
മൂന്നു പേജുള്ള വിൽപ്പത്രത്തിൽ ഷേക്സ്പിയർ തന്റെ മുഴു സ്വത്തുക്കളെയും കുറിച്ചു പ്രതിപാദിച്ചു. എന്നാൽ, അതിൽ പുസ്തകങ്ങളെയോ കയ്യെഴുത്തുപ്രതികളെയോ കുറിച്ച് യാതൊന്നും പരാമർശിക്കുന്നില്ല. അവ മൂത്ത മകളായ സൂസന്നയ്ക്കു കൊടുത്തതാകുമോ? അങ്ങനെയെങ്കിൽ, അത് തീർച്ചയായും അവളുടെ സന്തതി പരമ്പരകളുടെ ഇടയിൽ വിതരണം ചെയ്തിരിക്കേണ്ടതാണ്. ഈ നിഗൂഢതയിൽ ആകൃഷ്ടനായി 18-ാം നൂറ്റാണ്ടിലെ ഒരു വൈദികൻ സ്ട്രാറ്റ്ഫോർഡ് ഓൺ ആവണിലെ 80 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ഗ്രന്ഥശാലകളും ചികഞ്ഞുപെറുക്കി. എന്നാൽ ഷേക്സ്പിയറിന്റേതായ ഒറ്റ വാല്യം പോലും കണ്ടെത്താനായില്ല.
നാടകങ്ങളുടെ കയ്യെഴുത്തുപ്രതികളുമായി ബന്ധപ്പെട്ട മറ്റൊരു വലിയ പ്രശ്നമുണ്ട്—മൂലകൃതികൾ ഒന്നും അവശേഷിക്കുന്നതായി അറിവില്ല. ഷേക്സ്പിയർ മരിച്ച് ഏഴു വർഷത്തിനു ശേഷം, 1623-ൽ, പുറത്തിറക്കിയ ഫസ്റ്റ് ഫോളിയോ എന്ന പതിപ്പിൽ മുപ്പത്താറു നാടകങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആളുകൾ സാഹിത്യചോരണം നടത്തി പല പതിപ്പുകൾ പുറത്തിറക്കി. എങ്കിലും, കുശാഗ്രബുദ്ധിയായ ബിസിനസുകാരനായിരുന്ന ഷേക്സ്പിയർ അവയുടെ പ്രസിദ്ധീകരണം തടയുന്നതിന് നിയമപരമായ യാതൊരു നടപടിയും കൈക്കൊണ്ടില്ല.
ലണ്ടനിലേക്ക്—ഒപ്പം യശസ്സും
എലിസബീഥൻ കാലങ്ങളിൽ അഭിനേതാക്കളുടെ കൂട്ടങ്ങൾ ഊരുചുറ്റുക പതിവായിരുന്നു. അവരിൽ ചിലർ 1587-ൽ സ്ട്രാറ്റ്ഫോർഡ് ഓൺ ആവണിലെത്തി. അവരോടൊപ്പം പോയെങ്കിൽ ഷേക്സ്പിയർ ആ വർഷത്തെ ശരത്കാലത്ത് ലണ്ടനിൽ എത്തിയിട്ടുണ്ടാകണം. അദ്ദേഹം ലണ്ടനിലെ പ്രസിദ്ധിയാർജിച്ച ലോർഡ് ചേംബർലെയ്ൻ മെൻ എന്ന നാടക കമ്പനിയിൽ ചേർന്ന കാര്യം നമുക്കറിയാം. ആ കമ്പനി പിന്നീട് കിങ്സ് മെൻ എന്ന പേരിലാണ് അറിയപ്പെട്ടത്. തലസ്ഥാന നഗരിയിൽ എത്തിയതോടെ അദ്ദേഹത്തിന്റെ ഭാഗ്യം തെളിഞ്ഞു. വർഷങ്ങൾകൊണ്ട് അദ്ദേഹം ലണ്ടനിലും സ്ട്രാറ്റ്ഫോർഡ് ഓൺ ആവണിലും വസ്തുവകകൾ സമ്പാദിച്ചു. എന്നാൽ 1583 മുതൽ 1592 വരെയുള്ള കാലഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചു വ്യക്തമായ യാതൊരു വിവരവുമില്ല. അത് മർമപ്രധാനമായ “നഷ്ട വർഷങ്ങ”ളായി അവശേഷിക്കുന്നു.
1599-ൽ സൗത്ത്വർക്കിൽ ഗ്ലോബ് നാടകശാല നിർമിക്കപ്പെട്ടു. അതിനു മുമ്പുതന്നെ ഷേക്സ്പിയറിന്റെ പേരിലുള്ള നാടകങ്ങൾ ലണ്ടനിൽ വിഖ്യാതമായിരുന്നു. എങ്കിലും അവയുടെ രചയിതാവ് എന്ന നിലയിൽ അദ്ദേഹം ഒരിക്കലും വിശ്രുതനായില്ല. മരിച്ചപ്പോൾ അദ്ദേഹത്തിന്, ബെൻ ജോൺസൻ, ഫ്രാൻസിസ് ബോമാന്റ് തുടങ്ങിയ നാടകകൃത്തുക്കൾക്കു ലഭിച്ച അത്രയും ഗംഭീരമായ ശവസംസ്കാരം ലഭിച്ചില്ല. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ആബിയിൽ വലിയ ചടങ്ങുകളോടെ ആയിരുന്നു അവർ ഇരുവരുടെയും ശവസംസ്കാരം.
രചയിതാക്കളായിരിക്കാൻ സാധ്യതയുള്ളവർ
ഷേക്സ്പിയർ എന്ന പേര് യഥാർഥ ഗ്രന്ഥകർത്താവിന്റെ—ഗ്രന്ഥകർത്താക്കളുടെ പോലും—പേർ മറച്ചുവെക്കാൻ ഉപയോഗിച്ചിരുന്നതാണോ? 60-ലധികം സാധ്യതകൾ ആളുകൾ നിരത്തിയിട്ടുണ്ട്. അതിൽ ക്രിസ്റ്റഫർ മാർലോa എന്ന നാടകകൃത്തിന്റെയും ഒട്ടും പ്രതീക്ഷിക്കാതിരുന്ന കർദിനാൾ വൂൾസി, സർ വാൾട്ടർ റോളി, എലിസബത്ത് I രാജ്ഞി എന്നിവരുടെയും പേരുകൾ ഉൾപ്പെടുന്നു. ഇവരിൽ ആരുടെ പേരാണ് ഏറ്റവുമധികം പരിചിന്തനം അർഹിക്കുന്നതായി സൈദ്ധാന്തികർ അവകാശപ്പെടുന്നത്?
ഒന്നാമത്തെയാൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നേടിയ ഫ്രാൻസിസ് ബേക്കനാണ്. അദ്ദേഹത്തിനു ഷേക്സ്പിയറിനെക്കാൾ മൂന്നു വയസ്സു കൂടുതലുണ്ട്. വിഖ്യാതനായ അഭിഭാഷകനും കൊട്ടാര ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹം അനവധി സാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്. ഷേക്സ്പിയറിന്റെ കൃതികൾ ബേക്കനാണ് എഴുതിയതെന്ന വാദം ആദ്യമായി ഉയർന്നുവന്നത് 1769-ലാണ്. എന്നാൽ 80 വർഷത്തോളം ആരും അത് കാര്യമായെടുത്തില്ല. ആ വാദഗതിക്ക് ആക്കം കൂട്ടാൻ 1885-ൽ ബേക്കൻ സൊസൈറ്റി രൂപീകൃതമായി. പ്രസ്തുത വാദഗതിയെ പിന്താങ്ങാനായി നിരവധി വസ്തുതകളും നിരത്തുകയുണ്ടായി. ഉദാഹരണത്തിന്, ബേക്കൻ താമസിച്ചിരുന്നത് ലണ്ടന് 20 മൈൽ വടക്കുള്ള സെന്റ് അലബാൻസ് പട്ടണത്തിന് അടുത്താണ്. ഷേക്സ്പിയറിന്റെ കൃതികളിൽ ആ പട്ടണത്തിന്റെ പേര് 15 തവണ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഷേക്സ്പിയറിന്റെ ജന്മനാടായ സ്ട്രാറ്റ്ഫോർഡ് ഓൺ ആവണിനെ കുറിച്ച് യാതൊരു പരാമർശവുമില്ല.
റുട്ട്ലണ്ടിലെ അഞ്ചാമത്തെ പ്രഭുവായ റോജർ മാനേഴ്സ്, ഡെർബിയിലെ ആറാമത്തെ പ്രഭുവായ വില്യം സ്റ്റാൻലി എന്നിവരുടെയും പേരുകൾ നിർദേശിക്കുന്നവരുണ്ട്. നല്ല വിദ്യാഭ്യാസവും കോടതി കാര്യങ്ങളിൽ വളരെയധികം അനുഭവപരിചയവും ഉണ്ടായിരുന്നവരാണ് അവർ. എന്നാൽ അവർ തങ്ങളുടെ തൊഴിൽ എന്തിനു മറച്ചുപിടിക്കണം? റൂട്ട്ലണ്ടിനുവേണ്ടി വാദിച്ചുകൊണ്ട് 1939-ൽ പ്രൊഫസർ എസ്. പോറോഹൊഫ്ഷികൊഫ് ഇങ്ങനെ പറഞ്ഞു: “അദ്ദേഹത്തിന്റെ ആദ്യ കൃതികൾ പേരുവെക്കാതെയാണ് അച്ചടിച്ചത്. മറ്റു കൃതികൾ തൂലികാ നാമത്തിലും. കാരണം ലളിതമാണ്, സാധാരണ ജനങ്ങളുടെ നാടകശാലകൾക്കു വേണ്ടി ഒരു പ്രഭു നാടകം രചിക്കുന്നത് അനുചിതമായിരുന്നു.”
ഷേക്സ്പിയറിന്റെ നാടകങ്ങൾ പല ഗ്രന്ഥകർത്താക്കന്മാർ തങ്ങളുടെ വൈദഗ്ധ്യം സംഭാവന ചെയ്തുകൊണ്ട് രചിച്ച കൃതികളുടെ സമാഹാരമാണെന്നു ചിലർ അവകാശപ്പെടുന്നു. നേരേമറിച്ച്, വിദഗ്ധനായ നടൻ എന്ന നിലയിൽ ഷേക്സ്പിയർ മറ്റുള്ളവരുടെ നാടകങ്ങൾ തിരുത്തി വേദിയിൽ അവതരിപ്പിക്കുകയായിരുന്നോ? തന്റെ കയ്യെഴുത്തുപ്രതിയിൽ ഒരിക്കലും ‘ഒരു വരി പോലും മായ്ച്ചു കളഞ്ഞിരുന്നില്ല’ എന്ന് അദ്ദേഹത്തെ കുറിച്ചു പറയപ്പെടുന്നു. അദ്ദേഹം തിരുത്തലുകൾ വരുത്തിയിരുന്നത് തന്നെ ഏൽപ്പിച്ച മറ്റു നാടകകൃത്തുക്കളുടെ രചനകളിലായിരുന്നു എങ്കിൽ ആ പ്രസ്താവനയിൽ കഴമ്പുണ്ടെന്നു പറയാൻ സാധിക്കും.
രചയിതാവ് ഷേക്സ്പിയർ ആയിരുന്നോ എന്നു ചിലർ സംശയിക്കുന്നതിന്റെ മുഖ്യ കാരണമെന്താണ്? “സ്ട്രാറ്റ്ഫോർഡ് ഓൺ ആവണിൽ നിന്നുള്ള ഒരു നടൻ അവ രചിച്ചെന്നു വിശ്വസിക്കാൻ ആളുകൾ ഒരുക്കമായിരുന്നില്ല. ഷേക്സ്പിയറിന്റെ വെറും സാധാരണമായ നാട്ടുംപുറ പശ്ചാത്തലം ആ നാടകങ്ങൾ രചിച്ച പ്രതിഭാശാലിയുടെ പ്രതിച്ഛായയ്ക്കു ചേർന്നതല്ല” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ അഭിപ്രായപ്പെടുന്നു. ഗ്രന്ഥകർത്താക്കളായി നിർദേശിക്കപ്പെട്ട മിക്കവരും “പ്രഭുക്കന്മാരോ ഉന്നത കുലജാതരോ ആയിരുന്നു” എന്ന് അതു കൂട്ടിച്ചേർക്കുന്നു. അതുകൊണ്ട്, “വിദ്യാസമ്പന്നനും സമൂഹത്തിന്റെ മേൽത്തട്ടിലുള്ള ഉന്നത ചിന്താഗതിക്കാരനുമായ ഒരാൾക്കേ ആ നാടകങ്ങൾ എഴുതാൻ കഴിയുമായിരുന്നുള്ളൂ” എന്ന് ഷേക്സ്പിയറിന്റെ ഗ്രന്ഥകർത്തൃത്വത്തിൽ സംശയമുന്നയിക്കുന്ന അനേകരും വിശ്വസിക്കുന്നു. എങ്കിലും, ഈ ലേഖനത്തിന്റെ ആരംഭത്തിൽ പരാമർശിച്ച പ്രകാരം നിരവധി ഷേക്സ്പിയർ പണ്ഡിതന്മാരും ഷേക്സ്പിയറാണ് രചയിതാവ് എന്നു വിശ്വസിക്കുന്നു.
ഈ വിവാദത്തിന് താമസിയാതെ പരിഹാരം ഉണ്ടാകുമോ? അതിനു സാധ്യതയില്ല. മൂലകൃതികളോ വിട്ടുപോയ വർഷങ്ങൾ സംബന്ധിച്ച പുതിയ തെളിവുകളോ ലഭിക്കാതെ വില്യം ഷേക്സ്പിയർ എന്ന “ഈ നിസ്തുല പ്രതിഭാശാലി”യെ കുറിച്ചുള്ള കൗതുകമുണർത്തുന്ന നിഗൂഢത ചുരുളഴിയാതെ കിടക്കും.
[24-ാം പേജിലെ ചതുരം]
[അടിക്കുറിപ്പ്]
a ക്രിസ്റ്റഫർ മാർലോയുടെ സ്വാധീനം ആദിമ ഷേക്സ്പിയർ നാടകങ്ങളിൽ വ്യക്തമാണ്. എന്നാൽ, അദ്ദേഹം 1593-ൽ 29-ാം വയസ്സിൽ മൃതിയടഞ്ഞു. ഒരു മദ്യശാലയിലുണ്ടായ വഴക്കിൽ കൊല്ലപ്പെട്ടു എന്നതു വസ്തുത മറച്ചുപിടിക്കാനുള്ള ശ്രമഫലമായിരുന്നെന്നും അദ്ദേഹം ഇറ്റലിയിലേക്കു പോയി തന്റെ രചന തുടർന്നുവെന്നുമാണ് ചിലരുടെ മതം. അദ്ദേഹത്തിന്റെ ശവസംസ്കാര ശുശ്രൂഷയെ കുറിച്ചോ ശവമടക്കിനെ കുറിച്ചോ യാതൊരു രേഖയുമില്ല.
സാക്ഷരതയും യശസ്സും
ലഭ്യമായ നാലു രേഖകളിൽ വില്യം ഷേക്സ്പിയർ സാധ്യതയനുസരിച്ച് ആറു തവണ ഒപ്പിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് അതിൽ അത്ര വ്യക്തമല്ല, പല പദവിന്യാസങ്ങളാണ് പേരിൽ ഉപയോഗിച്ചിരിക്കുന്നത്. അഭിഭാഷകർ ഷേക്സ്പിയറിനു വേണ്ടി വിൽപ്പത്രത്തിൽ ഒപ്പിട്ടിരിക്കാം എന്നാണു ചില വിദഗ്ധരുടെ അഭിപ്രായം. എന്നാൽ അതു ശ്രദ്ധേയമായ ഒരു ചോദ്യം ഉന്നയിക്കുന്നു: വില്യം ഷേക്സ്പിയറിന് അക്ഷരാഭ്യാസം ഉണ്ടായിരുന്നോ? അദ്ദേഹമെഴുതിയ ഒറ്റ കയ്യെഴുത്തുപ്രതിയും ലഭ്യമല്ല. അദ്ദേഹത്തിന്റെ പുത്രിയായ സൂസന്നയ്ക്ക് ഒപ്പിടാൻ അറിയാമായിരുന്നു എന്നതിൽ കവിഞ്ഞ് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നതായി യാതൊരു തെളിവുമില്ല. ഷേക്സ്പിയറിന്റെ മറ്റൊരു മകളായിരുന്ന ജൂഡിത്ത് പിതാവുമായി വലിയ അടുപ്പം പുലർത്തിയിരുന്നു. അവളുടെ ഒപ്പ് വെറുമൊരു അടയാളമായിരുന്നു. അവൾക്കു തെല്ലും അക്ഷരാഭ്യാസമില്ലായിരുന്നു. തന്റെ മക്കൾ സാഹിത്യത്തിന്റെ അമൂല്യ പ്രയോജനങ്ങൾ ആസ്വദിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ ഷേക്സ്പിയർ പരാജയമടഞ്ഞതിന്റെ കാരണം ആർക്കും അറിഞ്ഞുകൂടാ.
[23-ാം പേജിലെ ചിത്രങ്ങൾ]
ഷേക്സ്പിയർ എങ്ങനെയിരുന്നുവെന്ന് ഉറപ്പു പറയാനാവില്ലെങ്കിലും, അദ്ദേഹത്തിന്റെ ചില മുൻകാല ചിത്രങ്ങൾ
[കടപ്പാട്]
Encyclopædia Britannica/11th Edition (1911)
Culver Pictures