ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഷേക്സ്പിയർ വിവാദം “വില്യം ഷേക്സ്പിയറിനെ കുറിച്ചുള്ള നിഗൂഢത” (ആഗസ്റ്റ് 8, 1998) എന്ന ലേഖനം, ഷേക്സ്പിയറിനെ പറ്റി കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്താൻ എനിക്കു പ്രചോദനം നൽകി. എറിക് സാംസ് രചിച്ച ദ റിയൽ ഷേക്സ്പിയർ: റിട്രീവിങ് ദി എർളി ഇയേഴ്സ് എന്ന പുസ്തകം രസകരമായ നിരവധി ആശയങ്ങൾ പ്രതിപാദിച്ചിരുന്നു. ഉദാഹരണത്തിന്, പ്രൊട്ടസ്റ്റന്റ് രാജ്യമായ ഇംഗ്ലണ്ടിൽ ഷേക്സ്പിയർ ഒരു കത്തോലിക്കനായിരുന്നിരിക്കാം എന്ന സംഗതി മനസ്സിലാക്കുക വഴി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയും. മതപീഡനങ്ങൾ നിമിത്തം പലായനം ചെയ്തതുകൊണ്ടായിരിക്കാം കുറെ വർഷങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചു യാതൊരു വിവരവും ലഭ്യമല്ലാത്തത്. മാത്രമല്ല, ഷേക്സ്പിയറിന്റേതെന്നു കരുതപ്പെടുന്ന കൃതികളിൽ അദ്ദേഹത്തിന്റെ മുൻകാല ജീവിതത്തെ കുറിച്ചുള്ള ഒട്ടേറെ സൂചനകൾ കാണാവുന്നതാണ്. അദ്ദേഹത്തിന്റെ രചനകളിലെ ചില കഥാപാത്രങ്ങളുടെ പേരുകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആയിരുന്നു. ഹാംലെറ്റ് എന്നത് അദ്ദേഹത്തിന്റെ മകന്റെ പേരായിരുന്നു. ഇറച്ചിവെട്ട് ഉൾപ്പെടെ, സ്വന്തം അനുഭവത്തിൽ നിന്നെടുത്ത ഒട്ടേറെ കാര്യങ്ങളും അദ്ദേഹത്തിന്റെ നാടകങ്ങളിലുണ്ട്.
ജെ. എ., ഐക്യനാടുകൾ
ഈ കവിയെ കുറിച്ചുള്ള വിവാദം അടുത്തെങ്ങും കെട്ടടങ്ങുമെന്നു തോന്നുന്നില്ല. എങ്കിലും നൽകിയ വിവരങ്ങൾ ഞങ്ങൾ വിലമതിക്കുന്നു.—പത്രാധിപർ.
പക്ഷി സ്നേഹികൾ “കോക്ക്-ഓഫ്-ദ-റോക്ക്—ആമസോൺ വനത്തിലെ സുന്ദരനായ പക്ഷി” എന്ന ലേഖനത്തിലെ, യഹോവയുടെ അത്ഭുതകരമായ സൃഷ്ടിപ്പുകളിൽ ഒന്നിനെ കുറിച്ചുള്ള രസകരമായ വർണനയ്ക്കു നന്ദി. (സെപ്റ്റംബർ 22, 1998) നിങ്ങളുടെ ആ ലേഖനം നൊടിയിടയ്ക്കുള്ളിൽ എന്നെ ആമസോൺ വനത്തിൽ എത്തിച്ചു.
ഇ. എൽ. വി., ബ്രസീൽ
എങ്ങനെയോ ഈ ലേഖനം എന്റെ ശ്രദ്ധ ആകർഷിച്ചത് തികച്ചും പുതിയ ഒരു വിധത്തിലായിരുന്നു. വളരെയധികം പ്രയോജനകരമായ വിധത്തിലാണ് അത് അവതരിപ്പിച്ചത്. നമ്മുടെ ആസ്വാദനത്തിനു വേണ്ടിയാണു യഹോവ ഈ ജീവികളെ എല്ലാം ഉണ്ടാക്കിയതെന്ന് ആ ലേഖനത്തിൽ ഊന്നിപ്പറഞ്ഞിരുന്നു!
എൽ. എച്ച്., ബാർബഡൊസ്
“പക്ഷിനിരീക്ഷണം—ഏവർക്കും രസകരമായ ഒരു ഹോബിയോ?” (ജൂലൈ 8, 1998) എന്ന ലേഖനം ഞാൻ വളരെയധികം ആസ്വദിച്ചു. എന്നാൽ “വടക്കേ/മധ്യ അമേരിക്ക”യിൽനിന്നുള്ള പക്ഷിയായി നിങ്ങൾ പരാമർശിച്ചിരുന്ന മൂളിപ്പക്ഷിയെ തെക്കേ അമേരിക്കയിലും കാണാവുന്നതാണ്.
ജെ. പി., അർജന്റീന
ഞങ്ങളുടെ ചിത്രക്കുറിപ്പിൽ ഒരു പിശകുണ്ടായിരുന്നു. തെറ്റു തിരുത്തിത്തന്നതു ഞങ്ങൾ വിലമതിക്കുന്നു.—പത്രാധിപർ.
മനസ്സ് കേന്ദ്രീകരിക്കൽ ടീച്ചർ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ എനിക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. എന്നാൽ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും?” (സെപ്റ്റംബർ 22, 1998) എന്ന ലേഖനം ക്ലാസ്സിലെ എന്റെ ശീലങ്ങൾക്കു മാറ്റം വരുത്താൻ എന്നെ സഹായിച്ചു. നിങ്ങളുടെ ലേഖനം വായിച്ചതിൽ പിന്നെ ഈ പ്രശ്നത്തെ മറികടക്കാൻ എനിക്കു സാധിച്ചിരിക്കുന്നു. ഇപ്പോൾ ഞാൻ കൂടുതൽ അച്ചടക്കമുള്ളവളാണ്.
എം. എ. എം., ബ്രസീൽ
ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ എനിക്കു പ്രശ്നങ്ങളുണ്ട്. ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരൽപ്പം ആഗ്രഹവും ആത്മശിക്ഷണവും മാത്രം മതിയെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനു കഠിന ശ്രമം ആവശ്യമാണെങ്കിലും എനിക്ക് അതിനു സാധിക്കുമെന്നു തോന്നുന്നു!
ഡി. ആർ. എ., ഐക്യനാടുകൾ
എന്നെപ്പോലെയുള്ള യുവജനങ്ങൾക്കു വളരെ താത്പര്യജനകമായ ഒട്ടേറെ വിവരങ്ങൾ ഉണരുക!-യിൽ ഉണ്ട്. ഞാൻ ഈ ലേഖനത്തിൽനിന്നു പ്രയോജനം അനുഭവിച്ചു. കാരണം ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. വളരെ വളരെ നന്ദി.
എം. എൻ., ഇറ്റലി
തീവണ്ടികൾ “ഇരുമ്പു പാത നിലനിൽക്കുമോ?” (ഒക്ടോബർ 8, 1998) എന്ന ലേഖനം എനിക്കു വളരെ ഇഷ്ടമായി. കൊച്ചു കുട്ടിയായിരുന്നപ്പോൾ മുതൽ തീവണ്ടി എന്നിൽ താത്പര്യം ഉണർത്തിയിട്ടുണ്ട്. 1800-കളുടെ ആരംഭം മുതൽ ഇന്നു വരെയുള്ള റെയിൽ സാങ്കേതികവിദ്യയുടെ ചരിത്രത്തെ കുറിച്ചു നിങ്ങൾ നൽകിയ വിവരങ്ങൾ വളരെ കൃത്യമായിരുന്നു. രസകരമായ ഈ ലേഖനത്തിനു നന്ദി.
എൽ. എം., ഐക്യനാടുകൾ
ലോകത്തിൽ വെച്ച് ഏറ്റവും മികച്ച ട്രെയിൻ ഫാക്ടറികളിൽ ഒന്നിലാണു ഞാൻ ജോലി ചെയ്യുന്നത്. വിശിഷ്ടമായ ഈ ലേഖനം എഴുതിയതിന് നിങ്ങളെ ഞാൻ അനുമോദിക്കുന്നു. തെളിവുകൾ സഹിതം വസ്തുനിഷ്ഠമായിട്ടാണു നിങ്ങൾ വിവരങ്ങൾ അവതരിപ്പിച്ചത്. ഒരു കാര്യം പ്രതിപാദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിവേഗത്തിൽ ഓടുന്ന ചില ട്രെയിനുകൾ സ്റ്റെയിൻലെസ് സ്റ്റീലിനു പകരം അലൂമിനിയം പോലുള്ള ലോഹങ്ങൾ ഉപയോഗിക്കുന്നു. ജർമനിയിൽ അടുത്തയിടെ ഉണ്ടായ ഒരു ട്രെയിൻ അപകടം വെളിപ്പെടുത്തുന്നതുപോലെ ട്രെയിനുകളുടെ അമിതവേഗത്തിനു വിലയായി സുരക്ഷിതത്വം ഒടുക്കേണ്ടി വന്നേക്കാം.
ഐ. ഡി. സി., പോർച്ചുഗൽ