ഞങ്ങളുടെ വായനക്കാരിൽനിന്ന്
ശസ്ത്രക്രിയ “കത്തികൂടാതെ ഒരു ശസ്ത്രക്രിയ” (ഫെബ്രുവരി 22, 1998) എന്ന ലേഖനത്തിന് ഞാനും ഭർത്താവും യഹോവയ്ക്ക് ഹൃദയത്തിൽനിന്നു നന്ദി പറയുന്നു. ആർട്ടെറിയോവെനസ് മാൽഫോർമേഷൻ ഉണ്ടായിരുന്നതുകൊണ്ട് എന്റെ ഭർത്താവ് സാധാരണ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ആ ലേഖനം ഞങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരമായിരുന്നു. എന്റെ ഭർത്താവിന് ലേഖനത്തിൽ പ്രതിപാദിച്ചിരുന്ന പടികൾ ഉൾപ്പെടുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ഇപ്പോൾ യാതൊരു കുഴപ്പവുമില്ല.
എൽ. ജെ., ഐക്യനാടുകൾ
റഷ്യൻ പത്രങ്ങൾ “റഷ്യൻ പത്രങ്ങൾ യഹോവയുടെ സാക്ഷികളെ പ്രശംസിക്കുന്നു” (ഫെബ്രുവരി 22, 1998) എന്ന ലേഖനത്തിന് ആയിരം നന്ദി. നിങ്ങളുടെ വിശിഷ്ടമായ ലേഖനങ്ങൾ ഇതിനു മുമ്പും എന്റെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്. മുഴു ഭൂമിയും ഒരു ദിവസം സോൾനെച്ച്നോയിയിലെ യഹോവയുടെ സാക്ഷികളുടെ പുതിയ ബ്രാഞ്ചു പോലെ മനോഹരമായി തീരുമെന്ന് അറിയുന്നത് സന്തോഷകരമാണ്.
ഐ. സി. എസ്. എ., ബ്രസീൽ
അവിശ്വാസിയായ പിതാവിന് മാറ്റം വരുന്നു “അത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു” (ഫെബ്രുവരി 22, 1998) എന്ന ലേഖനം വായിച്ചപ്പോൾ എന്റെ കുടുംബത്തെയാണ് ഓർമ വന്നത്. എന്റെ ഭർത്താവും ഒരു അവിശ്വാസിയാണ്. ഒരിക്കൽ സത്യം അദ്ദേഹത്തിന്റെ ഹൃദയത്തെയും സ്പർശിക്കുമെന്ന പ്രത്യാശ ആ ലേഖനം എനിക്കു നൽകി.
എസ്. എം., ഐക്യനാടുകൾ
കുടുംബം നാസികളെ ചെറുത്തുനിൽക്കുന്നു “ദൈവത്തോടുള്ള എന്റെ കുടുംബത്തിന്റെ വിശ്വസ്തതയാൽ പ്രചോദിപ്പിക്കപ്പെട്ടു” (ഫെബ്രുവരി 22, 1998) എന്ന ഹോസ്റ്റ് ഹെൻഷലിന്റെ അനുഭവത്തെക്കാൾ വിശിഷ്ടമായ ഒന്ന് ഞാൻ ഇതുവരെ വായിച്ചിട്ടില്ല. ഓരോ ഖണ്ഡിക കഴിയുമ്പോഴും കരച്ചിലടക്കാൻ എനിക്കു വായന നിറുത്തേണ്ടി വന്നു. സമ്മർദത്തിൻ കീഴിൽ പിടിച്ചുനിന്ന വ്യക്തികളിൽ ഒരാൾ എന്ന നിലയിൽ ഹോസ്റ്റിന്റെ പിതാവിന്റെ മാതൃക എപ്പോഴും ഞാൻ മനസ്സിൽ പിടിക്കും.
എ. കെ., ഐക്യനാടുകൾ
ഹൃദയസ്പൃക്കായ ഒരു അനുഭവമായിരുന്നു ഹോസ്റ്റ് ഹെൻഷലിന്റേത്. അദ്ദേഹത്തിന്റെ ധൈര്യവും യഹോവയോടുള്ള സ്നേഹവും എന്നെ പ്രചോദിപ്പിച്ചു. തടവിലായിരിക്കേ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച “ദേഹത്തെ കൊല്ലുന്നോരെ പേടിക്കാതെ” എന്ന ആ വാക്കുകൾ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
ജെ. വി. എസ്., ബ്രസീൽ
നിക്കു പത്തു വയസ്സുണ്ട്. യഹോവയുടെ സാക്ഷികളുടെ അന്നത്തെ ജീവിതത്തെ കുറിച്ച് അറിയാൻ കഴിഞ്ഞത് വളരെ പ്രോത്സാഹജനകമായിരുന്നു. “ഹെയ്ൽ ഹിറ്റ്ലർ!” എന്നു പറയാഞ്ഞാൽ തങ്ങളുടെ ജീവൻ നഷ്ടമാകും എന്ന് അറിയാമായിരുന്നിട്ടു പോലും സാക്ഷികൾ ബലിഷ്ഠരായി നിലകൊണ്ടു. അവർ അങ്ങനെ പറഞ്ഞില്ല.
ആർ. ബി., ഐക്യനാടുകൾ
വർഗാഭിമാനം “യുവജനങ്ങൾ ചോദിക്കുന്നു . . . വർഗാഭിമാനം സംബന്ധിച്ചെന്ത്?” (ഫെബ്രുവരി 22, 1998) എന്ന ലേഖനം വായിച്ചപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി. “നിങ്ങൾ ഏതു ദേശക്കാരിയാണ്?” എന്ന് എന്നോടു പലരും ചോദിച്ചിട്ടുണ്ട്. എന്റെ കുടുംബപാരമ്പര്യം അറിയാത്തതുകൊണ്ട് ഞാൻ കളിയായി പറയും, “ഞാൻ സങ്കര വർഗത്തിൽപ്പെട്ടതാണ്!” ഒരു സഞ്ചാര ശുശ്രൂഷകൻ, “നീ ഏതു വർഗത്തിൽപ്പെട്ടവളാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ, ‘ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്’ എന്നു പറഞ്ഞാൽ മതി” എന്ന് എനിക്കു പറഞ്ഞുതന്നു. എല്ലാ വർഗക്കാരെയും ഒരുപോലെ കാണുന്ന ഒരു സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
ഡി. എച്ച്., ഐക്യനാടുകൾ
എനിക്കു 14 വയസ്സുണ്ട്. ഈ ലേഖനത്തിനായി നിങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വർഗത്തെക്കുറിച്ചുള്ള എന്റെ അഭിമാനം വർഗീയവാദത്തിന്റെ രൂപം കൈക്കൊണ്ടിരുന്നു. യഹോവയുടെ കണ്ണിൽ നാം എല്ലാം ഒരുപോലെയാണെന്ന് ആ ലേഖനം എനിക്കു മനസ്സിലാക്കിത്തന്നു.
ഐ. പി., ഇറ്റലി
ഞാൻ കൊച്ചു കുട്ടിയായിരുന്നപ്പോൾ എന്റെ സഹപാഠികളിൽ പലരും തങ്ങളുടെ വർഗത്തെയും നിറത്തെയും കുറിച്ച് അഭിമാനം കൊണ്ടിരുന്നതായി ഞാൻ ഓർക്കുന്നു. തങ്ങൾ സ്പാനിഷ് പാരമ്പര്യമുള്ളവരാണെന്ന് അവർ പറയുമായിരുന്നു. എന്നാൽ ഞാൻ ഒരു ന്യൂനപക്ഷ സമുദായത്തിൽ പെട്ടവളായിരുന്നു. അപകർഷതാബോധവും ആത്മാഭിമാനം ഇല്ലായ്മയും എന്നിൽ വളർന്നുവന്നു. ‘ഞാൻ എന്റെ നിറത്തെ വെറുക്കുന്നു!’ എന്നു ഞാൻ ചിലപ്പോൾ മനസ്സിൽ പറഞ്ഞിട്ടുണ്ട്. ഈ ലേഖനത്തിലെ ബുദ്ധ്യുപദേശം ആത്മാഭിമാനം വീണ്ടെടുക്കാനും യഹോവ എനിക്കു നൽകിയിരിക്കുന്ന കാര്യങ്ങളിൽ സംതൃപ്തിയുള്ളവൾ ആയിരിക്കാനും എന്നെ സഹായിച്ചു.
എ. ജി., ഫിലിപ്പീൻസ്
തികച്ചും വികലമായ ഒരു വീക്ഷണമായിരുന്നു എന്റേത്. സമ്പന്ന രാഷ്ട്രങ്ങളിൽ പിറന്നവരാണ് ശ്രേഷ്ഠർ എന്നു ഞാൻ കരുതിയിരുന്നു. വാസ്തവത്തിൽ ഒരേ ഒരു വർഗം—മനുഷ്യവർഗം—മാത്രമേ ഉള്ളുവെന്നു മനസ്സിലാക്കാൻ നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചു.
എൽ. ജി., ബ്രസീൽ