ഞങ്ങളുടെ വായനക്കാരിൽനിന്ന്
പ്രാപഞ്ചിക വിപത്തോ? എനിക്കു പത്തു വയസ്സുണ്ട്. “ബൈബിളിന്റെ വീക്ഷണം: ഭൂലോകം ഒരു പ്രാപഞ്ചിക വിപത്തിനാൽ നശിപ്പിക്കപ്പെടുമോ?” (ഡിസംബർ 8, 1998) എന്ന ലേഖനം എനിക്കു വളരെ ഇഷ്ടമായി. നാം പറുദീസാ ഭൂമിയിൽ ജീവിക്കാൻ യഹോവ ആഗ്രഹിക്കുന്നതു കൊണ്ട് നമ്മുടെ ഗ്രഹം ഒരു പ്രാപഞ്ചിക വിപത്തിനാൽ നശിപ്പിക്കപ്പെടുകയില്ല എന്നു മനസ്സിലാക്കാൻ അത് എന്നെ സഹായിച്ചു.
ജെ. പി., ഐക്യനാടുകൾ
രക്തരഹിത ശസ്ത്രക്രിയ “രക്തരഹിത ശസ്ത്രക്രിയ സംബന്ധിച്ചു ഡോക്ടർമാർ പുതിയ സമീപനം സ്വീകരിക്കുന്നു” (ഡിസംബർ 8, 1998) എന്ന ലേഖനത്തിനു നിങ്ങൾക്കു നന്ദി. വളരെ ആവേശത്തോടെയാണു ഞാൻ അതു വായിച്ചത്. കാരണം, അത്തരം ചികിത്സാരീതിയിലൂടെ ഞാൻ സമ്പൂർണ ഇടുപ്പെല്ലു മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. അത് അങ്ങേയറ്റം വിജയപ്രദമായിരുന്നു. ഇടുപ്പെല്ലു മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മറ്റൊരു വ്യക്തിയും എന്നോടൊപ്പം ആശുപത്രി മുറിയിൽ ഉണ്ടായിരുന്നു. അയാൾ രക്തം സ്വീകരിച്ചു. ഒരാഴ്ചയ്ക്കകം എനിക്ക് ആശുപത്രി വിടാൻ കഴിഞ്ഞു. എന്നാൽ, വൈറസ് ബാധയുണ്ടായതിനാൽ അയാൾക്കു ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു.
എൻ. എച്ച്., ഐക്യനാടുകൾ
പുകവലി ഉപേക്ഷിക്കൽ! “നിങ്ങൾക്ക് പുകവലി ഉപേക്ഷിക്കാൻ കഴിയും—ഞങ്ങൾക്ക് അതിനു കഴിഞ്ഞു!” (ഡിസംബർ 8, 1998) എന്ന ലേഖനം എന്നെ സംബന്ധിച്ചിടത്തോളം വിശേഷപ്പെട്ട ഒന്നായിരുന്നു. ഒരു പുകവലിക്കാരിയുമൊത്തുള്ള എന്റെ ബൈബിൾ അധ്യയനം തീർന്നിട്ട് അധികമായില്ല. അവർ യോഗങ്ങൾക്കെല്ലാം ഹാജരാകുന്നുണ്ടെങ്കിലും പുകവലി ആസക്തി നിമിത്തം ആത്മീയമായി പുരോഗമിക്കാൻ കഴിയുന്നില്ല. പുകവലി നിർത്തുന്നതിനെ കുറിച്ചുള്ള മറ്റു ലേഖനങ്ങൾ ഞാൻ അവർക്കു കൊടുത്തിട്ടുണ്ട്. എന്നാൽ, ഈ ലേഖനം പ്രശ്നത്തെ മറികടക്കാൻ അവരെ തീർച്ചയായും സഹായിക്കുമെന്നാണ് എന്റെ പ്രത്യാശ.
ഇ. സി., ഐക്യനാടുകൾ
രാസവസ്തുക്കളും ആരോഗ്യവും ഈയിടെയാണു ഞാൻ ഒരു രസതന്ത്ര കോഴ്സിനു ചേർന്നത്. 1998 ഡിസംബർ 22 ലക്കം ഉണരുക! ആദ്യ കാഴ്ചയിൽത്തന്നെ എന്റെ ശ്രദ്ധയാകർഷിച്ചു. എന്നത്തെയും പോലെ, ബുദ്ധിമുട്ടുള്ള ഒരു വിഷയം സകലർക്കും മനസ്സിലാകുന്ന വിധത്തിൽ നിങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. മാലിന്യകാരികൾക്കും രാസവസ്തുക്കൾക്കും ദേശീയ അതിർവരമ്പുകൾ ഇല്ലാത്തതിനാൽ മലിനീകരണ പ്രശ്നങ്ങൾ എന്നെന്നേക്കുമായി പരിഹരിക്കുന്നതിനു സാർവദേശീയ കരാറുകൾ ആവിഷ്കരിക്കേണ്ടത് ആവശ്യമാണ്. പക്ഷേ, മനുഷ്യന്റെ സ്വാർഥതയും അത്യാഗ്രഹവും അതിൽ നിന്ന് അവനെ തടയുന്നു. എങ്കിലും, പ്രസ്തുത പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് യഹോവയ്ക്ക് അറിയാം എന്നത് ആശ്വാസപ്രദമാണ്.
സി. വി., കാനഡ
മാതാപിതാക്കൾ നഷ്ടപ്പെടൽ “യുവജനങ്ങൾ ചോദിക്കുന്നു . . . മാതാപിതാക്കൾ ഇല്ലെങ്കിൽ എനിക്ക് എങ്ങനെ ജീവിക്കാനാകും?” (ഡിസംബർ 22, 1998) എന്ന ഹൃദ്യമായ ലേഖനത്തിനു നന്ദി. മാതാപിതാക്കൾ നഷ്ടപ്പെട്ടാലും ഞങ്ങളെ പോലുള്ള യുവജനങ്ങളെ സംരക്ഷിക്കാൻ യഹോവയ്ക്കു കഴിയും എന്ന ബോധ്യത്തെ അരക്കിട്ടുറപ്പിക്കാൻ അത് എന്നെ സഹായിച്ചു. എന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. എങ്കിലും, അവർ മരിച്ചുപോകുന്നെങ്കിൽ എന്റെ അവസ്ഥ എന്താകുമെന്നു ചിന്തിച്ചു ഞാൻ പലപ്പോഴും വേവലാതിപ്പെടാറുണ്ട്. ഒറാസ്യോയുടെ ഉത്തമ ദൃഷ്ടാന്തം എനിക്കു വളരെ പ്രോത്സാഹനമേകി.
എം. ജെ., ട്രിനിഡാഡ്
ആവർത്തന ആയാസ ക്ഷതങ്ങൾ ഒരുവന്റെ അതേ പ്രശ്നത്തെ കുറിച്ചു ചർച്ച ചെയ്യുന്ന ലേഖനങ്ങൾ ലഭിക്കുമ്പോൾ ഉണ്ടാകുന്ന വികാരങ്ങൾ എഴുതി ഫലിപ്പിക്കുക പ്രയാസകരമാണ്. “ആവർത്തന ആയാസ ക്ഷതങ്ങൾ—നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്” (ഡിസംബർ 22, 1998) എന്ന ലേഖനം ലഭിച്ചപ്പോഴും അതാണു സംഭവിച്ചത്. എനിക്ക് കൈക്കുഴയിൽ ഇത്തരത്തിലുള്ള ക്ഷതങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അതിന്റെ കാരണം എന്താണെന്ന് ഇപ്പോഴാണ് എനിക്കു മനസ്സിലാകുന്നത്. ഈ പ്രശ്നത്തെ തരണം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ എന്നെ വളരെയധികം സഹായിച്ചിരിക്കുന്നു.
എസ്. റ്റി., യൂഗോസ്ലാവിയ
ആവർത്തന ആയാസ ക്ഷതങ്ങൾ (ആർഎസ്ഐ) ഉണ്ടാകാതെ ജോലിക്കാർക്കു സംരക്ഷണമേകുന്ന ഉപകരണങ്ങൾ നിർമിക്കുന്ന ഒരു കമ്പനിയിലാണു ഞാൻ ജോലി ചെയ്യുന്നത്. ആർഎസ്ഐ ജിജ്ഞാസയോടൊപ്പം തർക്കങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളുടെ ലേഖനം ഉഗ്രൻ ആയിരുന്നു. അത് ആ വിഷയത്തെ കുറിച്ചു നിഷ്പക്ഷമായി ചർച്ച ചെയ്തിരിക്കുന്നു. ഞങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അതു വളരെ മതിപ്പുളവാക്കി. തന്മൂലം, ബ്രസീലിൽ ഉടനീളമുള്ള ഞങ്ങളുടെ പ്രതിനിധികൾക്ക് അതിന്റെ പ്രതികൾ അയയ്ക്കാൻ ഡയറക്ടർമാർ നിർദേശിച്ചു.
ജെ. പി. എം., ബ്രസീൽ
കുടുംബിനിയായ ഞാൻ ജോലിക്കും പോകുന്നുണ്ട്. ഭാരമുള്ള തടിപ്പെട്ടികൾ കയറ്റുന്നതാണ് എന്റെ ജോലി. തുടക്കം മുതലേ എന്റെ നടുവിനും കൈകൾക്കും കൈക്കുഴയ്ക്കും ക്ഷതങ്ങൾ ഏറ്റിരുന്നു. ഏകദേശം രണ്ടു വർഷം മുമ്പു മുതൽ രാവിലെ കിടക്കയിൽ കിടന്നുകൊണ്ടുതന്നെ 10 മിനിട്ടു നേരം ഞാൻ പേശികൾക്കു വലിവു ലഭിക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യാൻ തുടങ്ങി. ആ വ്യായാമങ്ങൾ സഹായകമാകും എന്നാണു ഞാൻ കരുതിയത്. എന്നാൽ, പ്രശ്നത്തെ നേരിടുന്നതിന് അവയെക്കാൾ വളരെയേറെ സഹായകമായ വിധങ്ങൾ നിങ്ങളുടെ ലേഖനം കാട്ടിത്തന്നു. സഹപ്രവർത്തകർക്കും ഞാൻ ഈ മാസികയുടെ പ്രതികൾ നൽകാൻ ഉദ്ദേശിക്കുകയാണ്.
കെ. വൈ., ജപ്പാൻ