ആവർത്തന ആയാസ ക്ഷതങ്ങൾ—നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ബ്രസീലിലെ ഉണരുക! ലേഖകൻ
ഇരുപത്തിനാലുകാരനായ മാർസെലൂ ബ്രസീലിൽ താമസിക്കുന്ന ഒരു പെയിന്ററാണ്. രാവിലെ അദ്ദേഹം പതിവുപോലെ വാച്ചെടുത്ത് കയ്യിൽ കെട്ടാൻ തുടങ്ങി. എത്ര ശ്രമിച്ചിട്ടും വാച്ചിന്റെ സ്ട്രാപ് കെട്ടാൻ അദ്ദേഹത്തിനു സാധിച്ചില്ല. കയ്യിലേക്കു നോക്കിയപ്പോഴാണു പ്രശ്നം മനസ്സിലായത്. കൈക്കുഴ നീരുവെച്ചു വീർത്തിരിക്കുന്നു. അതുകൊണ്ടാണ് സ്ട്രാപ് കെട്ടാൻ പറ്റാതെ പോയത്.
ക്രമേണ, ചീപ്പോ പല്ലുതേക്കുന്ന ബ്രഷോ പിടിച്ചാൽ പോലും കൈ വേദനിക്കുന്ന അവസ്ഥയിലെത്തി. അതുകൊണ്ട് മാർസെലൂ ഒരു ഡോക്ടറെ കണ്ടു. അദ്ദേഹം മാർസെലൂവിനെ പരിശോധിച്ചു. രണ്ടു വർഷമായി അദ്ദേഹം ഭിത്തികളിലെ പെയിന്റ് ചുരണ്ടിക്കളയുകയും സിമന്റു തേക്കുകയും പെയിന്റടിക്കുകയുമൊക്കെ ചെയ്തുവരികയാണ് എന്നു മനസ്സിലാക്കിയ ഡോക്ടർ അദ്ദേഹത്തോടു പറഞ്ഞു: “തൊഴിൽ സംബന്ധമായ വേദനയാണ് നിങ്ങളുടേത്. നിങ്ങൾക്ക് ആവർത്തന ആയാസ ക്ഷതം (repetitive strain injury [RSI]) ഉണ്ട്.”
ഒരു പുതിയ രോഗമോ?
ഡോക്ടറിൽനിന്നു മാർസെലൂവിനു ലഭിച്ച അതേ മറുപടിതന്നെ പരിശോധനയ്ക്കു ശേഷം പല ഫാക്ടറി-ഓഫീസ് ജോലിക്കാർക്കും ലഭിക്കുന്നുണ്ട്. ആർഎസ്ഐ അതിവേഗത്തിൽ വ്യാപിക്കുകയാണ്. അതുകൊണ്ട്, “ഈ നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലെ തൊഴിൽ സംബന്ധ രോഗങ്ങളിൽ ഏറ്റവും മുഖ്യം” എന്ന് ഫോല്യാ ദെ എസ്. പൗലോ പത്രം അതിനെ വിളിച്ചിരിക്കുന്നു. ആർഎസ്ഐ ഒരു ആധുനികകാല രോഗമായിരിക്കാം എന്ന് പലയാളുകളും നിഗമനം ചെയ്തിരിക്കുന്നതിൽ തെല്ലും അതിശയമില്ല! എന്നാൽ അത് അങ്ങനെയാണോ?
മാർസെലൂ 18-ാം നൂറ്റാണ്ടിന്റെ ആരംഭദശയിൽ യൂറോപ്പിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു എങ്കിൽ സാധ്യത അനുസരിച്ച് ഒരു ഡോക്ടർ അദ്ദേഹത്തിന്റെ രോഗലക്ഷണങ്ങൾ തിരിച്ചറിയുമായിരുന്നു. അത് ഇന്നത്തെ പേരിൽ അല്ല അന്ന് അറിയപ്പെട്ടിരുന്നത് എന്നു മാത്രം. ഇറ്റലിയിലെ ഒരു ഡോക്ടറായ ബേർനാർഡിനോ രാമാറ്റ്സിനി അതിനെ മണിബന്ധ റ്റെനോസിനോവൈറ്റിസ് (കണ്ഡരകളുടെയും [tendons] അവയെ ആവരണം ചെയ്യുന്ന ഉറകളുടെയും വീക്കം) എന്നു വർണിക്കുകയും “പകർപ്പെഴുത്തുകാരുടെയും നിയമപരമായ രേഖകളും മറ്റും സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയും” രോഗം എന്നു വിളിക്കുകയും ചെയ്തു. ഇത്തരം തൊഴിലുകൾ ആവർത്തിച്ചുള്ള ചലനങ്ങൾ ആവശ്യമാക്കിത്തീർത്തു. ഇത് ഗുമസ്തന്മാർക്ക് 18-ാം നൂറ്റാണ്ടിൽ ആർഎസ്ഐ-യുടെ ഒരു വകഭേദം സമ്മാനിച്ചു. എന്നാൽ ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ആർഎസ്ഐ ഉള്ള ജോലിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. എന്തായിരുന്നു കാരണം?
ആർഎസ്ഐ-യുടെ കുറയലും കൂടലും
രാമാറ്റ്സിനിയുടെ കാലം ആളുകൾ യന്ത്രങ്ങളുടെ സഹായം കൂടാതെ ദീർഘനേരം പണിയെടുത്തിരുന്ന വ്യവസായപൂർവ യുഗമായിരുന്നു. അക്കാലത്ത്, ഓഫീസ് ഗുമസ്തന്മാരുടെയും മറ്റും ജോലി ആവർത്തിച്ചുള്ള ചലനങ്ങളും നിരന്തര ശ്രദ്ധയും ആവശ്യമാക്കിത്തീർത്തു. ഇത് ആർഎസ്ഐ പോലെയുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കി.
എന്നാൽ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പ് വ്യവസായവത്കൃതമായി. മനുഷ്യരുടെ സ്ഥാനം യന്ത്രങ്ങൾ കയ്യടക്കുകയായിരുന്നു. ആവർത്തിച്ചു ചെയ്യേണ്ടി വരുന്ന ജോലികൾ മനുഷ്യർ യന്ത്രങ്ങളെക്കൊണ്ട് ചെയ്യിക്കുവാൻ തുടങ്ങി. തൊഴിലാളികൾക്ക് ഇടയിൽ ആർഎസ്ഐ-യുടെ നിരക്കു കുറയാൻ ഇടയാക്കിയത് ഈ മാറ്റം ആയിരിക്കാം എന്ന് ആർഎസ്ഐ-യുടെ ചരിത്രം പഠിച്ചിട്ടുള്ള ഒരു ഡോക്ടർ നിഗമനം ചെയ്യുന്നു.
വ്യവസായ യുഗത്തിൽ തൊഴിൽ അപകടങ്ങളും ഫാക്ടറി തൊഴിലാളികളുടെ ഇടയിലെ തൊഴിൽ സംബന്ധ രോഗങ്ങളും വർധിച്ചു എന്നതു ശരിതന്നെ. എന്നിരുന്നാലും, ആ കാലത്തെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ, ചില പ്രത്യേക വിഭാഗം ആളുകൾക്കു മാത്രം ആർഎസ്ഐ ഉണ്ടായിരുന്നതായി പറയുന്നു. ഉദാഹരണത്തിന്, 19-ാം നൂറ്റാണ്ടിലെ പിയാനോ-വയലിൻ വായനക്കാർക്ക് ഭുജങ്ങളിൽ കണ്ഡരവീക്കം ബാധിച്ചിരുന്നു. കൂടാതെ ടെന്നിസ് കളിക്കാരുടെ കൈമുട്ടുകളിലെ കണ്ഡരകൾക്കു വീക്കം ഉണ്ടായി, അത് ടെന്നിസ് എൽബോ എന്ന് അറിയപ്പെട്ടു.
എന്നാൽ, നമ്മുടെ നൂറ്റാണ്ടിൽ തൊഴിൽ സംബന്ധമായ ആർഎസ്ഐ ഒരു തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. എന്തുകൊണ്ട്? ഒരു കാരണം, എന്തു ചെയ്യണമെന്നും എത്ര വേഗത്തിൽ ചെയ്യണമെന്നും കൂടുതൽ പ്രവർത്തനക്ഷമമായ യന്ത്രങ്ങൾ പലപ്പോഴും മനുഷ്യരോടു കൽപ്പിക്കുന്നു. ഈ മാറ്റം ജോലിക്കാർക്ക് അസംതൃപ്തിയും ആരോഗ്യപ്രശ്നങ്ങളും ഉളവാക്കിയിരിക്കുന്നു. മിക്കപ്പോഴും ആവർത്തിച്ചുള്ള ചലനങ്ങളും നിരന്തര ശ്രദ്ധയും ആവശ്യമാക്കിത്തീർക്കുന്ന ജോലികളിൽ തൊഴിലാളികൾ ദീർഘനേരം ഏർപ്പെടുന്നു. ഫലമോ? ആർഎസ്ഐ ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. ഐക്യനാടുകളുടെയും ബ്രസീലിന്റെയും മാത്രം കാര്യമെടുത്താൽ തൊഴിലാളികളുടെ ഇടയിലെ തൊഴിൽ സംബന്ധ രോഗങ്ങളുടെ 50-ലധികം ശതമാനത്തിനു കാരണം ഇപ്പോൾ ആർഎസ്ഐ ആണ്.
ആർഎസ്ഐ-യുടെ കാരണങ്ങളും അതിന് ഇടയാക്കുന്ന ജോലികളും
മിക്ക ജോലികളും ആവശ്യമാക്കിത്തീർക്കുന്ന ആവർത്തിച്ചുള്ള ദ്രുത ചലനങ്ങളാണ് ആർഎസ്ഐ-യുടെ മുഖ്യ കാരണം. എന്നാൽ, സങ്കടകരമെന്നു പറയട്ടെ, തൊഴിലാളികൾക്കു പലപ്പോഴും തങ്ങളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്ന ആ ജോലിതന്നെ ചെയ്യാതെ വേറെ നിവൃത്തിയില്ല. മോട്ടോർവാഹന നിർമാണശാലയിൽ ജോലി ചെയ്തിരുന്ന ബ്രസീലുകാരിയോട് മിക്ക ജോലിക്കാർക്കും സഹതാപം തോന്നും. ഒരു മിനിറ്റിൽ കുറഞ്ഞ സമയംകൊണ്ട് അവർക്ക് ഒരു റേഡിയോയുടെ ഭാഗങ്ങൾ കൂട്ടിയിണക്കേണ്ടത് ഉണ്ടായിരുന്നു. ഫോല്യാ ദെ എസ്. പൗലോ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നത് അനുസരിച്ച്, മറ്റൊരു ജോലിക്കാരിക്ക് ഒരു മണിക്കൂറുകൊണ്ട് 63 ഉപകരണങ്ങളിൽ റബർ ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു പരിശോധിക്കുന്ന ജോലിയായിരുന്നു. രണ്ടു സ്ത്രീകൾക്കും ഭുജങ്ങളിൽ വേദന തുടങ്ങി. പിന്നീട് അവർക്കു ജോലി നഷ്ടമായി. കാരണമോ, ആർഎസ്ഐ വരുത്തിവെച്ച ശേഷിക്കുറവ്.
കൂടാതെ, പേശികൾക്കും സന്ധികൾക്കും അമിതായാസം ഉളവാക്കുന്ന ജോലികളും (ഭാരമുള്ള ചാക്കുകൾ ചുമക്കുന്നതും മറ്റും) സ്ഥിതിക ശ്രമങ്ങളും (ശരീര ഭാഗങ്ങൾ ഒരു നിശ്ചിത നിലയിൽ നിർത്തുന്നതിനു പേശികൾ നടത്തുന്ന ശ്രമങ്ങൾ) ആർഎസ്ഐ-ക്ക് ഇടയാക്കുന്നു. അസുഖകരമായ നിലയിൽ ജോലി ചെയ്യുമ്പോൾ പ്രസ്തുത പ്രവർത്തനങ്ങൾ പ്രത്യേകിച്ചും ക്ഷതങ്ങൾ ഉളവാക്കിയേക്കാം.
ഗവേഷകർ പറയുന്നത് അനുസരിച്ച് ആർഎസ്ഐ ഉണ്ടാകാൻ പ്രത്യേകിച്ചും സാധ്യതയുള്ളത് പിൻവരുന്നതരം ജോലിക്കാർക്കാണ്: ലോഹസംസ്കരണം നടത്തുന്നവർ, ബാങ്ക് ക്ലാർക്കുമാർ, കീബോർഡ് പ്രവർത്തിപ്പിക്കുന്നവർ, ടെലഫോൺ ഓപ്പറേറ്റർമാർ, സൂപ്പർമാർക്കറ്റിലെ കാഷ്യർമാർ, വെയ്റ്റർമാർ, പെയിന്റർമാർ, കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ കൂട്ടിയിണക്കുന്നവർ, തുന്നൽക്കാരികൾ, മുടിവെട്ടുകാർ, നെയ്ത്തുകാർ, കരിമ്പു മുറിക്കുന്നവർ, കൈകൊണ്ട് അധ്വാനിക്കുന്ന മറ്റു ജോലിക്കാർ.
ചലനങ്ങൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്
ആർഎസ്ഐ-യുടെ ഏക കാരണം ആവർത്തിച്ചുള്ള ചലനങ്ങൾ ആവശ്യമാക്കിത്തീർക്കുന്ന ജോലികളാണെന്ന് മിക്കയാളുകളും വിചാരിക്കുന്നെങ്കിലും അത്തരം ചലനങ്ങൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത് എന്ന് ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ നടന്ന ആദ്യത്തെ ആർഎസ്ഐ ദേശീയ സെമിനാറിൽ പങ്കെടുത്ത വിദഗ്ധർ ഊന്നിപ്പറഞ്ഞു.
ബ്രസീലിയ സർവകലാശാലയിലെ മാനസികാരോഗ്യ-തൊഴിൽ ഉപദേശകനായ ഡോ. വാൻഡെർലേ കോഡൂ ഇപ്രകാരം വിശദീകരിച്ചു: “തൊഴിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന വിധം—ജോലികൾ, മാനേജ്മെന്റും തൊഴിലാളികളും തമ്മിലുള്ള ബന്ധം, ജോലിസ്ഥലത്തെ യഥാർഥ അന്തരീക്ഷം, തൊഴിലാളികളെക്കൊണ്ടു ചെയ്യിക്കുന്ന ജോലിയുടെ അളവ്, ജോലിയുടെ പതിവുക്രമം—[ആർഎസ്ഐ]-യുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.”
ആർഎസ്ഐ സെമിനാറിൽ പങ്കെടുത്ത, വൈദ്യരംഗത്തു പ്രവർത്തിക്കുന്ന മറ്റു വിദഗ്ധരും ആർഎസ്ഐ-യും ജോലിസ്ഥലത്തെ സംഘാടനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളുടെ ഒരു ദോഷവശം, തൊഴിലാളിക്കു തൊഴിലിന്റെമേലുള്ള മുഴു നിയന്ത്രണവും നഷ്ടപ്പെടുന്ന തരത്തിലുള്ള തൊഴിൽ സംഘാടനാ രീതികൾക്ക് അവ ഇടയാക്കിയിരിക്കുന്നു എന്നതാണെന്ന് അവർ പറഞ്ഞു—ഇത് ആർഎസ്ഐ-ക്ക് ഇടയാക്കുന്ന ഒരു ഘടകമാണ്.
മുൻ ദശകങ്ങളിലെ ചില തൊഴിലാളികൾക്ക് ആവർത്തിച്ചുള്ള ചലനങ്ങൾ ആവശ്യമായ ജോലികൾ ചെയ്തിട്ടും ആർഎസ്ഐ പിടിപെട്ടില്ല. ഇതു കാണിക്കുന്നത് ജോലി സംഘടിപ്പിക്കപ്പെടുന്ന രീതിയും നിർവഹിക്കപ്പെടുന്ന വിധവും ആർഎസ്ഐ-യോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ചില വിദഗ്ധരുടെ നിഗമനം അതാണ്.
ആർഎസ്ഐ-യെ തിരിച്ചറിയൽ
ആർഎസ്ഐ കേവലം ഒരു രോഗത്തെ അല്ല, ഒരു കൂട്ടം രോഗങ്ങളെ പരാമർശിക്കുന്നു എന്ന സംഗതി മനസ്സിൽ പിടിക്കുക. അത്തരം രോഗങ്ങളെല്ലാം പേശികളെയും കണ്ഡരകളെയും സന്ധികളെയും സ്നായുക്കളെയും ബാധിക്കുന്നവയാണ്, പ്രത്യേകിച്ചും കൈകളിലെ. ആർഎസ്ഐ-യിൽ ഒന്നിലധികം രോഗങ്ങൾ ഉൾപ്പെടുന്നതുകൊണ്ട് അത് വ്യത്യസ്ത രോഗലക്ഷണങ്ങൾ ഉളവാക്കുന്നു. ഈ ലക്ഷണങ്ങൾ നേരിയ തോതിൽ ആയിരിക്കും പ്രത്യക്ഷപ്പെടുക. കാരണങ്ങളും ലക്ഷണങ്ങളും തമ്മിലുള്ള ബന്ധം പെട്ടെന്നൊന്നും നിർണയിക്കാനും കഴിഞ്ഞെന്നു വരില്ല. പിൻവരുന്ന പ്രമുഖ ലക്ഷണങ്ങൾ പരിചിന്തിക്കുക.
ആർഎസ്ഐ ബാധിച്ച ശരീര ഭാഗത്ത് (ഉദാഹരണത്തിന്, തോളിലോ കയ്യിലോ അല്ലെങ്കിൽ രണ്ടിലും) ഭാരവും അസ്വാസ്ഥ്യവും തോന്നുന്നതാണ് ഒരു ലക്ഷണം. പിന്നീട് അത് വിട്ടുമാറാത്ത വേദനയും തരിപ്പും ആയി മാറുന്നു. കൂടാതെ, പർവകങ്ങൾ (nodules) അഥവാ ചെറു മുഴകൾ ത്വക്കിന് അടിയിൽ പ്രത്യക്ഷപ്പെട്ടേക്കാം. ആർഎസ്ഐ കൂടുതൽ വഷളാകുമ്പോൾ നീരും വേദനയും വളരെയധികം വർധിച്ചിട്ട് മുടി ചീകാനോ പല്ലു തേക്കാനോ പോലും കഴിയാത്ത അവസ്ഥയിൽ എത്തിച്ചേർന്നേക്കാം. ചികിത്സിക്കാത്തപക്ഷം ആർഎസ്ഐ മൂലം രൂപവൈകൃതവും ശേഷിക്കുറവും പോലും ഉണ്ടായേക്കാം.
ആർഎസ്ഐ-യുമായി പോരാടൽ
നിങ്ങളുടെ ഇപ്പോഴത്തെ ജോലിയിൽ ആവർത്തിച്ചുള്ള ചലനങ്ങൾ ആവശ്യമായിരിക്കുകയും ആർഎസ്ഐ-യുടെ ലക്ഷണങ്ങൾ ഇതിനോടകം തന്നെ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരിക്കുകയും ചെയ്യുന്ന പക്ഷം കമ്പനിയുടെ ചികിത്സാസേവനം പ്രയോജനപ്പെടുത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അതു സാധ്യമല്ലെങ്കിൽ, ഒരു ആശുപത്രിയിൽ പോയി അസ്ഥി-പേശീ രോഗവിദഗ്ധനെ കാണുക. അദ്ദേഹത്തിനു നിങ്ങളുടെ പ്രശ്നം വിലയിരുത്താനും നിങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കഴിയും. ആരംഭ ഘട്ടത്തിൽത്തന്നെ ആർഎസ്ഐ-ക്ക് വേണ്ട ശ്രദ്ധ കൊടുക്കുന്ന പക്ഷം അതു ഭേദപ്പെടുന്നതിനുള്ള സാധ്യത വളരെ അധികമാണ്.
ആർഎസ്ഐ-യുമായി പോരാടുന്നതിനുള്ള മറ്റൊരു പ്രധാന മാർഗം എർഗൊണോമിക്സിനെക്കുറിച്ചു പരിചിന്തിക്കുന്നതാണ്. എന്താണ് എർഗൊണോമിക്സ്? “ആളുകളും അവർ ഉപയോഗിക്കുന്ന വസ്തുക്കളും ഏറ്റവും ഫലപ്രദമായും സുരക്ഷിതമായും പ്രതിപ്രവർത്തിക്കത്തക്ക രീതിയിൽ ആ വസ്തുക്കൾ രൂപകൽപ്പന ചെയ്യുന്നതും ക്രമീകരിക്കുന്നതും ആയി ബന്ധപ്പെട്ട ഒരു പ്രയുക്ത ശാസ്ത്രം” എന്ന് അത് നിർവചിക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ട്, മനുഷ്യനെ ജോലിസ്ഥലവുമായും ജോലിസ്ഥലത്തെ മനുഷ്യനുമായും അനുരൂപപ്പെടുത്തുന്നത് എർഗൊണോമിക്സിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ, കീബോർഡിന്റെയോ ചുറ്റികയുടെയോ ആകൃതി മെച്ചപ്പെടുത്തുന്നതിലും അധികം അതിൽ ഉൾപ്പെട്ടിരിക്കുന്നു. ജോലിക്കാരന്റെ മാനസികവും വൈകാരികവുമായ ആവശ്യങ്ങൾ കണക്കിലെടുക്കുന്നതും അതിൽ ഉൾപ്പെടുന്നു. അതിനുവേണ്ടി, എർഗൊണോമിക്സ് “ബന്ധപ്പെട്ട എല്ലാ മേഖലകളിൽനിന്നുമുള്ള ഡേറ്റാ, വിവരങ്ങൾ, വിജ്ഞാനം എന്നിവ പ്രയോജനപ്പെടുത്തി മനുഷ്യനെയും ജോലിയെയും സംബന്ധിച്ച് പുതിയതും സമഗ്രവുമായ പരിജ്ഞാനം സമ്പാദിക്കാൻ ശ്രമിക്കുന്നു” എന്ന് എർഗൊണോമിസ്റ്റായ ഡോ. ഇങ്ങെബോർഗ് സെൽ പറയുന്നു.
ജോലിസ്ഥലത്തിന്റെ എർഗൊണോമിക്സിനു മാറ്റം വരുത്തുക എന്നത് മിക്ക ജോലിക്കാരുടെയും സ്വാധീനത്തിന് അതീതമാണ് എന്നതു ശരിതന്നെ. എന്നാൽ “ജോലിക്കാരെക്കൂടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എർഗൊണോമിക്സ്” അങ്ങനെ അല്ല എന്ന് ബ്രസീലിയയിലെ ആർഎസ്ഐ സെമിനാറിൽ പങ്കെടുത്ത വൈദ്യ വിദഗ്ധർ വിശദീകരിച്ചു. എന്നാൽ ജോലിക്കാരെകൂടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എർഗൊണോമിക്സ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
ജോലിസ്ഥലത്ത് അത്തരം എർഗൊണോമിക്സിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു തൊഴിലുടമ ജോലിക്കാരന്റെ അഭിപ്രായം കൂടെ കണക്കിലെടുക്കുന്നു. ജോലിക്കാരൻ ജോലിചെയ്യുന്ന ഇടം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്നു കണ്ടെത്തുന്നതിൽ അദ്ദേഹം അയാളെ കൂടെ ഉൾപ്പെടുത്തുന്നു. കൂടാതെ, മാനേജ്മെന്റും തൊഴിലാളികളും ഉൾപ്പെട്ട ഒരു ആർഎസ്ഐ കമ്മിറ്റി സ്ഥാപനത്തിന് അകത്തുതന്നെ ഉണ്ടായിരിക്കുന്നതിനെ ആ തൊഴിലുടമ അനുകൂലിക്കും. ജോലിസ്ഥലത്ത്, ജോലിചെയ്യുന്നതിനു പറ്റിയ സുരക്ഷിതവും സുഖദായകവുമായ ഒരു അന്തരീക്ഷം നിലനിർത്തുന്നതിന് ഈ സംഘം ദത്തശ്രദ്ധ ചെലുത്തും. അവർ ആർഎസ്ഐ-യുടെ കാരണങ്ങൾ പരിഹരിക്കുകയും അതിനെ പ്രതിരോധിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുകയും സ്ഥാപനത്തിനുള്ളിൽ ആർഎസ്ഐ-യുടെ നിരക്ക് നിയന്ത്രിക്കുന്നതിലും അതിനെ ഇല്ലാതാക്കുന്നതിലും തൊഴിലുടമയ്ക്കും തൊഴിലാളികൾക്കും ഉള്ള ഉത്തരവാദിത്വങ്ങൾ ഏവയാണെന്നു നിർവചിക്കുകയും ചെയ്യുന്നു.
പ്രതിരോധം—വീട്ടിലും ജോലിസ്ഥലത്തും
ആർഎസ്ഐ-ക്ക് എതിരെയുള്ള ചെറുത്തുനിൽപ്പ് വീട്ടിൽത്തന്നെ ആരംഭിക്കുന്നു. നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ഉണർന്ന് എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ വീട്ടിലുള്ള പട്ടിയെയോ പൂച്ചയെയോ അനുകരിക്കുക. നിങ്ങളുടെ ഓമനമൃഗം ദിവസം ആരംഭിക്കുന്നതിനു മുമ്പായി മൂരി നിവർത്തി പേശികൾക്കു വ്യായാമം കൊടുക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക. അതുതന്നെ ചെയ്യുക. ദിവസത്തിൽ ഏതാനും തവണ ഇത് ആവർത്തിക്കുക. അസ്ഥികളും പേശികളും ആരോഗ്യം ഉള്ളവയായി നിലനിർത്തുന്നതിന് ഇത് അനിവാര്യമാണ്. പേശികളെ സജ്ജമാക്കുന്ന തരത്തിലുള്ള ചില വ്യായാമങ്ങൾ ചെയ്യുക. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും പേശികൾക്ക് അവയുടെ ധർമം നിർവഹിക്കുന്നതിനായി കൂടുതൽ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യും. തണുപ്പുള്ള കാലാവസ്ഥയിലും സ്പോർട്സിൽ പങ്കെടുക്കുന്നതിനു മുമ്പും ഇപ്രകാരം ചെയ്യുന്നത് ഏറെ പ്രധാനമാണ്. നിങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേശികളെ ബലപ്പെടുത്തുന്ന തരത്തിലുള്ള ചില വ്യായാമങ്ങൾ ചെയ്യുക. ആവശ്യമായ ജോലികൾ ചെയ്യുന്നതിന് ബലിഷ്ഠമായ പേശികൾ നിങ്ങളെ സഹായിക്കും.
വീട്ടിൽ മാത്രമല്ല, ജോലിസ്ഥലത്തും പ്രതിരോധ നടപടികളുടെ ആവശ്യമുണ്ട്. തൊഴിലാളികൾക്ക് ഇടവേളകളോ ഒരു മാറ്റമോ പ്രദാനം ചെയ്യുന്ന തരത്തിലുള്ള പട്ടിക തയ്യാറാക്കിക്കൊണ്ടും തൊഴിലാളികളെക്കൊണ്ട് വ്യത്യസ്ത തരത്തിലുള്ള ജോലികൾ മാറി മാറി ചെയ്യിച്ചുകൊണ്ടും അവർക്ക് ആർഎസ്ഐ ഉണ്ടാകുന്നതു തടയുന്നതിനു തൊഴിലുടമ ക്രമീകരണം ചെയ്തേക്കാം.
ആർഎസ്ഐ ഉണ്ടാകുന്നതു തടയുന്നതിനുള്ള മറ്റൊരു മാർഗം ജോലിക്കാർക്ക് ശരിയായ തരത്തിലുള്ള ഉപകരണങ്ങൾ കൊടുക്കുന്നതാണ്. കൃത്യമായ ഉയരത്തിലുള്ള മേശയും കസേരയും, കൈമുട്ടുകൾക്ക് ആവശ്യമായ പാഡുകൾ, കൈകൊണ്ട് അധികം ബലം പ്രയോഗിക്കേണ്ടതില്ലാത്ത ഡ്രില്ലിങ് യന്ത്രങ്ങളും പ്ലയറുകളും, നന്നായി രൂപകൽപ്പനചെയ്തതും ഉപയോഗിക്കാൻ സൗകര്യപ്രദവുമായ കീബോർഡുകൾ, അമിതമായ കമ്പനം ഉണ്ടാകാതിരിക്കാനായി ഷോക്ക് അബ്സോർബറുകൾ ഘടിപ്പിച്ച ഭാരമുള്ള ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.
തുടക്കത്തിൽ പ്രതിപാദിച്ച മാർസെലൂ ഈ നിർദേശങ്ങളിൽ പലതും ബാധകമാക്കി. ഒപ്പം വൈദ്യ ചികിത്സയും കൂടെ ആയപ്പോൾ അദ്ദേഹത്തിന്റെ ആർഎസ്ഐ ലക്ഷണങ്ങൾ അപ്രത്യക്ഷമായി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പൂർണ സുഖം പ്രാപിക്കുക സാധ്യമാണ്. ആർഎസ്ഐ-യോടു പോരാടാൻ വ്യക്തിപരമായ ശ്രമവും സംഘാടനാപരമായ മാറ്റങ്ങളും ആവശ്യമാണെന്നതിനു സംശയമില്ല. എങ്കിലും, ആർഎസ്ഐ ഉള്ള ജോലിക്കാരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ ഈ മാറ്റങ്ങൾകൊണ്ടുണ്ടാകുന്ന പ്രയോജനങ്ങൾ അവയ്ക്കു വേണ്ടിവരുന്ന ഏതൊരു ശ്രമത്തെക്കാളും മൂല്യവത്താണെന്നു തെളിയും.
[17-ാം പേജിലെ ചതുരം]
ആർഎസ്ഐ സംഗീതജ്ഞരിൽ
ആവർത്തന ആയാസ ക്ഷതങ്ങൾ സംഗീതം തൊഴിലാക്കിയിരിക്കുന്നവരുടെ ഇടയിൽ സാധാരണമാണ്. 1986-ൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് അനുസരിച്ച്, യൂറോപ്പിലെ എട്ട് ലയവിന്യാസ സംഗീതക്കച്ചേരികളിലെ (symphony orchestras) സംഗീതജ്ഞരിൽ പകുതി പേർക്കും ആർഎസ്ഐ ഉണ്ടായിരുന്നു. 19-ാം നൂറ്റാണ്ടിൽ ആർഎസ്ഐ അറിയപ്പെട്ടിരുന്നത് സംഗീതജ്ഞരുടെ കോച്ചിപ്പിടുത്തം എന്നാണ്. ഇത് ഉള്ളതായി റിപ്പോർട്ടു ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു റോബർട്ട് ഷൂമാൻ. പിയാനോ വായന നിർത്തി സംഗീത രചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആർഎസ്ഐ അദ്ദേഹത്തെ നിർബന്ധിതനാക്കി.
[17-ാം പേജിലെ ചതുരം]
ആർഎസ്ഐ-ക്ക് ഇടയാക്കുന്ന ഘടകങ്ങൾ
1. തെറ്റായ ശരീര നില
2. ദീർഘനേരം ജോലി ചെയ്യുന്നത്
3. ജോലിസ്ഥലത്തെ സമ്മർദം
4. പേശികളിലും കണ്ഡരകളിലും മുമ്പുണ്ടായിട്ടുള്ള ക്ഷതങ്ങൾ
5. ജോലിയിലെ അസംതൃപ്തി
6. തണുപ്പ് ഏൽക്കുന്നത്
[18-ാം പേജിലെ ചതുരം]
ആർഎസ്ഐ-യെ പ്രതിരോധിക്കൽ
ഒഴി വാക്കേണ്ട സംഗതികൾ
1. ഭാരമുള്ള സാധനങ്ങൾ ദീർഘനേരം പിടിച്ചുകൊണ്ടു നിൽക്കുന്നത്
2. സന്ധികളിൽ വളരെയേറെ ഭാരം ചെലുത്തുന്നത്
3. കൈകൾ തലയ്ക്കു മുകളിലായി ദീർഘനേരം ഉയർത്തിപ്പിടിക്കുന്നത്
4. അസുഖകരമായ നിലയിൽ ജോലി ചെയ്യുന്നത്
ചെയ്യേണ്ട സംഗതികൾ
1. ലളിതമായ ജോലികൾ പോലും ചെയ്യുമ്പോൾ രണ്ടു കൈകളും മാറി മാറി ഉപയോഗിക്കുക
2. ദിവസത്തിൽ ഉടനീളം പലതരം ജോലികൾ മാറി മാറി ചെയ്യുക
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
16, 17 പേജുകൾ: The Complete Encyclopedia of Illustration/J. G. Heck