ഞങ്ങളുടെ വായനക്കാരിൽനിന്ന്
മാർക്കു മെച്ചപ്പെടുത്തൽ ഞാൻ ഒരു സ്കൂൾ വിദ്യാർഥിനിയാണ്. “യുവജനങ്ങൾ ചോദിക്കുന്നു . . . സ്കൂൾപഠനത്തിൽ എനിക്കു മെച്ചപ്പെടാൻ കഴിയുമോ?” (മാർച്ച് 22, 1998) എന്ന ലേഖനത്തിനു നന്ദി. എനിക്ക് എല്ലായ്പോഴും ശരാശരിയിലും കവിഞ്ഞ് മാർക്ക് ലഭിച്ചിരുന്നെങ്കിലും കൂടുതലായ ശ്രമം ചെലുത്തേണ്ടതിന്റെ ആവശ്യമൊന്നും ഒരിക്കലും തോന്നിയിരുന്നില്ല. എന്നാൽ താത്പര്യജനകവും പ്രചോദനദായകവുമായ ആ ലേഖനം വായിച്ചപ്പോൾ ന്യായമായ ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് എനിക്ക് ശരിക്കും മനസ്സിലായി.
ബി. ആർ., ഐക്യനാടുകൾ
എനിക്ക് 14 വയസ്സുണ്ട്. എങ്ങനെയാണ് പഠിക്കേണ്ടത് എന്ന് എനിക്കു നല്ല തിട്ടമില്ലായിരുന്നു. ചില കാര്യങ്ങൾ ഭാവിയിൽ യാതൊരു പ്രയോജനവും ചെയ്യാൻ പോകുന്നില്ലെന്നും അതുകൊണ്ട് അവ പഠിക്കുന്നതിൽ അർഥമില്ലെന്നും ആയിരുന്നു ഞാൻ ധരിച്ചിരുന്നത്. എന്നാൽ നിങ്ങളുടെ ലേഖനം വായിച്ചതോടെ എന്റെ ആ മനോഭാവത്തിനു മാറ്റം വന്നു. കൂടാതെ, പഠിക്കേണ്ടത് എങ്ങനെ ആണെന്ന് വളരെ പ്രായോഗികമായ വിധത്തിൽ വിശദീകരിച്ചു തന്നതിനും നന്ദിയുണ്ട്!
കെ. എഫ്., ജപ്പാൻ
പല്ലിറുമ്മൽ “നിങ്ങൾ പല്ലിറുമ്മാറുണ്ടോ?” (മാർച്ച് 22, 1998) എന്ന ലേഖനം എന്റെ ആവശ്യങ്ങൾക്കു യോജിച്ച ഒന്നായിരുന്നു. എനിക്ക് ഈ പ്രശ്നം ഉള്ളതുകൊണ്ട് അത് വളരെ വിജ്ഞാനപ്രദവും പ്രോത്സാഹനദായകവും ആയി ഞാൻ കണ്ടെത്തി. ഈ വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. വൈവിധ്യമാർന്ന ഇത്തരം വിവരങ്ങൾ പ്രദാനം ചെയ്തുകൊണ്ട് നിങ്ങൾ ഓരോ വായനക്കാരനെയും സ്പർശിക്കുന്നു.
എ. എം. എൻ. സി. ബ്രസീൽ
സ്ത്രീകൾ ഉണരുക!-യുടെ 1998 ഏപ്രിൽ 8 ലക്കത്തിൽ വന്ന “സ്ത്രീകൾ—ഭാവി അവർക്ക് എന്തു കൈവരുത്തും?” എന്ന ലേഖന പരമ്പര വായിച്ചു തുടങ്ങിയപ്പോൾ എന്റെ കണ്ണിൽനിന്ന് കണ്ണുനീർ അണപൊട്ടി ഒഴുകി. ഞാൻ മുമ്പൊരിക്കലും ഇത്രമാത്രം വികാരതരളിത ആയിട്ടില്ല. ക്രൂരമായ പെരുമാറ്റം അവസാനിക്കുന്ന ആ ഭാവിയിലേക്ക് നോക്കിപ്പാർത്തിരിക്കുന്നതിനുള്ള നിങ്ങളുടെ പ്രോത്സാഹനത്തിനു വളരെ നന്ദി.
സി. ജെ., ഐക്യനാടുകൾ
ലോകമെമ്പാടുമുള്ള പല സ്ത്രീകളുടെയും ദുരിതപൂർണമായ ജീവിതരീതികളെ കുറിച്ചുള്ള വിവരണം എന്റെ ഹൃദയത്തെ സ്പർശിച്ചു. അവർക്ക് എന്തെല്ലാം ജോലികളാണ് ചെയ്യേണ്ടിയിരിക്കുന്നത് എന്നോർത്തപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു—പലപ്പോഴും അവർ തനിച്ചാണു ഭാരങ്ങൾ പേറുന്നത്. ഞാൻ രണ്ടു കുട്ടികളുള്ള ഒരു മാതാവാണ്. എന്റെ കഷ്ടപ്പാടുകളെക്കുറിച്ച് ഓർത്ത് ഞാൻ പലപ്പോഴും കരയാറുണ്ട്. എന്നാൽ എന്റെ അവസ്ഥ മറ്റു പലരുടേതിനെക്കാളും മെച്ചമാണെന്നു കാണാൻ ആ ലേഖനം എന്നെ സഹായിച്ചു.
കെ. എസ്., ഐക്യനാടുകൾ
വൈധവ്യത്തെ നേരിടൽ “‘കൂരിരുൾതാഴ്വരയിൽ’ സാന്ത്വനം കണ്ടെത്തുന്നു” (ഏപ്രിൽ 8, 1998) എന്ന ബാർബ്ര ഷ്വൈറ്റ്സറിന്റെ ജീവിത കഥയ്ക്ക് ഞാൻ ആത്മാർഥമായ വിലമതിപ്പു പ്രകടമാക്കുന്നു. എനിക്കു ഭർത്താവിനെ നഷ്ടമായിട്ടില്ല. എന്നാൽ മൂന്നു വർഷത്തിനുള്ളിൽ എനിക്കു മാതാപിതാക്കളെയും ജ്യേഷ്ഠനെയും നഷ്ടപ്പെട്ടു. തന്നെ സംബന്ധിച്ചിടത്തോളം “ദു:ഖം വന്നുംപോയുമിരിക്കുന്ന ഒന്നാണ്” എന്ന് ബാർബ്ര ഷ്വൈറ്റ്സർ പറയുകയുണ്ടായി. എന്റെ വികാരങ്ങൾ പങ്കിടുന്ന വേറൊരാളും കൂടെ ഉണ്ടെന്നറിഞ്ഞപ്പോൾ എനിക്കു വളരെ ആശ്വാസം തോന്നി.
എച്ച്. റ്റി., ഹവായി
ഞാൻ 17 വയസ്സുള്ള ഒരു മുഴുസമയ സുവിശേഷകയാണ്. വളരെ വലിയ പ്രശ്നങ്ങളൊന്നും ഞാൻ നേരിടുന്നില്ല എങ്കിലും സന്തോഷത്തോടും നിശ്ചയദാർഢ്യത്തോടും കൂടിയ ഒരു മനോഭാവം ഉണ്ടായിരിക്കാൻ ആ ജീവിതകഥ എന്നെ പ്രോത്സാഹിപ്പിച്ചു. യഹോവ എന്നെ പിന്തുണയ്ക്കുന്നുവെന്നും അവൻ ഒരിക്കലും എന്നെ ഉപേക്ഷിക്കുകയില്ലെന്നും മനസ്സിലാക്കാൻ ആ ലേഖനം എന്നെ സഹായിച്ചു.
റ്റി. സി., ഇറ്റലി
ദന്തഋജൂകരണശാസ്ത്രം 1998, ഏപ്രിൽ 8 ലക്കത്തിൽ വന്ന “ദന്തഋജൂകരണശാസ്ത്രം—എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?” എന്ന ലേഖനത്തിനു നന്ദി. എനിക്ക് 12 വയസ്സുണ്ട്. അടുത്തയിടെ എന്റെ പല്ലിനു കമ്പിയിട്ടു. എനിക്ക് അക്കാര്യത്തിൽ വലിയ താത്പര്യം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അത് എന്നെ ഏതു വിധത്തിൽ സഹായിക്കുന്നുവെന്നും എന്നെപ്പോലെതന്നെ പല്ലിനു കമ്പിയിട്ടിട്ടുള്ള മറ്റനേകരും ഉണ്ടെന്നും നിങ്ങളുടെ ലേഖനം വിശദീകരിച്ചു തന്നു. അതേക്കുറിച്ചു നാണം തോന്നേണ്ട കാര്യമില്ലെന്ന് എനിക്കു മനസ്സിലായി.
ജെ. എൽ., കാനഡ
ദന്തഋജൂകരണശാസ്ത്രത്തെ കുറിച്ചുള്ള ലേഖനം വായിച്ചപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി! ഭംഗിയുള്ള പല്ലുകൾ ഉണ്ടായിരിക്കുക എന്നത് കുട്ടിക്കാലം മുതലേയുള്ള എന്റെ ഒരു സ്വപ്നമായിരുന്നു. അടുത്തയിടെ, എന്റെ മുൻനിരയിലെ ഒരു പല്ല് പൊട്ടിപ്പോയി. അതുകൊണ്ട് എനിക്ക് ഒരു മകുടം വെക്കേണ്ടിവന്നു. അതിന് നല്ല പണച്ചെലവുണ്ട്. ഇവിടെ യൂഗോസ്ലാവിയയിൽ പല ദന്തഡോക്ടർമാരുടെയും പക്കൽ ചികിത്സയ്ക്ക് ആവശ്യമായ സാധനങ്ങളില്ല. സ്വകാര്യ ചികിത്സ നടത്തുന്ന ദന്തഡോക്ടർമാരുടെ അടുത്തു പോയാലുള്ള ചികിത്സാച്ചെലവ് ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ടവർക്ക് താങ്ങാനും ആവില്ല. നമുക്കെല്ലാവർക്കും യാതൊരു കുഴപ്പവുമില്ലാത്ത പല്ലുകൾ ഉണ്ടായിരിക്കുന്ന ആ വരുംകാലത്തിനായി ഞാൻ അക്ഷമയായി കാത്തിരിക്കുകയാണ്!
ബി. ഇ., യൂഗോസ്ലാവിയ