ദന്തഋജൂകരണശാസ്ത്രം—എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
നിങ്ങളുടെ പല്ലുകൾ പ്രധാനപ്പെട്ടതാണ്! ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനും അവ ആവശ്യമാണ്. പ്രസന്നമായി മന്ദസ്മിതം തൂകുന്നതിനും പുഞ്ചിരിക്കുന്നതിനും അവ കൂടിയേതീരൂ.
കോന്ത്രപ്പല്ലുകളുപയോഗിച്ച് ഭക്ഷണം ചവയ്ക്കുന്നത് പ്രയാസകരമായിരിക്കും. മോണരോഗത്തിനും സംസാര വൈകല്യത്തിനും അതു കാരണമായേക്കാം. ചിലരെ സംബന്ധിച്ചിടത്തോളം കോന്ത്രപ്പല്ലുകൾ ഒരു സാമൂഹിക പ്രതിബന്ധമായേക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തെന്നാൽ, അതു നിമിത്തം തങ്ങളുടെ പുഞ്ചിരി വികലമാണെന്നു കരുതുന്നതിനാൽ മറ്റുള്ളവരുമായി ഇടപഴകുന്നതിൽ അവർക്ക് അപകർഷതാബോധം തോന്നിയേക്കാം.
നിങ്ങളുടെ പല്ലുകൾ വരിയൊത്തതല്ലെങ്കിൽ എന്തുചെയ്യാവുന്നതാണ്? നിങ്ങളെ സഹായിക്കാൻ ആർക്കു സാധിക്കും? ഏതു പ്രായത്തിൽ? ഏതുതരം ചികിത്സാരീതി പ്രയോഗിക്കാവുന്നതാണ്? അത് വേദനാകരമായിരിക്കുമോ? എല്ലായ്പോഴും അതിന്റെ ആവശ്യമുണ്ടോ?
ഒരു ദന്തവൈദ്യശാസ്ത്ര ശാഖ
ഇത്തരം പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന ഒരു ദന്തവൈദ്യശാസ്ത്ര ശാഖയാണ് ദന്തഋജൂകരണശാസ്ത്രം. ഈ ശാസ്ത്രശാഖ ദന്തസംബന്ധമായ ക്രമക്കേടുകൾ നേരെയാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദന്തഋജൂകരണശാസ്ത്രത്തിന്റെ പ്രധാന ധർമങ്ങൾ ഏവയാണ്? സൂക്ഷ്മപരിശോധന നടത്തി, കുഴപ്പങ്ങൾ തടയുകയും അതുപോലെതന്നെ അതിനുവേണ്ട ഉപകരണങ്ങൾ നിർമിക്കുകയും ചെയ്യുക എന്നതാണ്.
തിങ്ങിഞെരുങ്ങിയതും വരിതെറ്റിയതും ഉന്തിനിൽക്കുന്നതുമായ പല്ലുകൾ പുരാതനകാലത്തുപോലും ഒരു പ്രശ്നമായിരുന്നു. പൊ.യു.മു. എട്ടാം നൂറ്റാണ്ടുമുതൽതന്നെ അതിനുള്ള ചികിത്സാശ്രമങ്ങൾ ആരംഭിച്ചിരുന്നു. അത്ഭുതകരമെന്നുപറയട്ടെ, ഗ്രീസിലും ഇട്രൂറിയയിലും നടത്തിയ പുരാവസ്തു ഗവേഷണങ്ങളിൽ സ്ഥാനംതെറ്റി വളരുന്ന പല്ലുകൾ നേരെയാക്കാൻ വിദഗ്ധമായി രൂപകൽപ്പന ചെയ്തിരുന്ന പ്രാചീന ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന്, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ദന്തഋജൂകരണവിദഗ്ധർ എന്നറിയപ്പെടുന്ന പ്രത്യേക ദന്തവൈദ്യൻമാർ കോന്ത്രപ്പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നു. പല്ല്, താടി, അവയുടെ ചുറ്റുമുള്ള പേശികൾ, കലകൾ എന്നിവയുടെ വളർച്ചയും വികാസവും സംബന്ധിച്ച് അവർക്കു നല്ല അറിവുണ്ടായിരിക്കേണ്ടതുണ്ട്.
ദന്തഋജൂകരണശാസ്ത്രത്തിന്റെ ധർമം
“വളരുന്നതും വളർന്നതുമായ ദന്ത, മുഖ ഭാഗങ്ങളുടെ നിരീക്ഷണം, പരിപാലനം, വൈകല്യങ്ങൾ നേരെയാക്കൽ എന്നിവയുമായി ബന്ധപ്പെട്ട ദന്തവൈദ്യശാസ്ത്ര രംഗം” എന്ന് ദന്തഋജൂകരണശാസ്ത്രത്തെ നിർവചിക്കാവുന്നതാണ്. “പല്ലുകൾക്കിടയിലും പല്ലുകളും മുഖാസ്ഥികളും തമ്മിലുമുള്ള ബന്ധത്തിലും പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നത്” അതിലുൾപ്പെടുന്നു. “ബലംപ്രയോഗിച്ചോ തലയോട്ടിയിലും മുഖത്തുമുള്ള അടിസ്ഥാന ബലങ്ങൾ ഉത്തേജിപ്പിച്ചോ അല്ലെങ്കിൽ ഇവ രണ്ടും ചെയ്തുകൊണ്ടോ ആ ബലങ്ങളെ തിരിച്ചുവിട്ടുകൊണ്ടോ ഇതു ചെയ്യാവുന്നതാണ്.” ഇതൊരു സാങ്കേതിക നിർവചനമാണെങ്കിലും വളരെ കൃത്യമാണ്.
അങ്ങനെ, ദന്തഋജൂകരണശാസ്ത്രത്തിൽ പല്ലുകളിലോ പല്ലുകൾക്കു ചുറ്റുമുള്ള ഭാഗങ്ങളിലോ ആണ് ബലം പ്രയോഗിക്കുന്നത്. പല്ലുകളെയും എല്ലുകളെയും ശരിയായ സ്ഥാനത്തേക്കു തള്ളിമാറ്റിക്കൊണ്ട്, ഓരോ രോഗിയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്ന, പ്രത്യേകമായി തയ്യാറാക്കുന്ന ഉപകരണങ്ങളുടെ സഹായത്താലാണ് ഇതു സാധ്യമാകുന്നത്.
പല്ലിനു ചുറ്റുമുള്ള അസ്ഥികളിൽ ഓസ്റ്റിയോബ്ലാസ്റ്റ്, ഓസ്റ്റിയോക്ലാസ്റ്റ് എന്നീ കോശങ്ങളുണ്ട്. കമ്പിയിടുന്നതു മൂലമുണ്ടാകുന്ന ബലത്തിന്റെ ഫലമായി മർദമുള്ള ഭാഗത്ത് ഓസ്റ്റിയോക്ലാസ്റ്റുകൾ പ്രവർത്തിക്കാൻ തുടങ്ങുന്നു. അങ്ങനെ അസ്ഥികല വലിച്ചെടുക്കപ്പെടുന്നു. വലിച്ചെടുക്കപ്പെടുന്ന ഭാഗത്തുണ്ടാകുന്ന ശൂന്യസ്ഥലം ഓസ്റ്റിയോബ്ലാസ്റ്റുകൾ ചേർന്നുണ്ടായ പുതിയ അസ്ഥി നികത്തുന്നു. ഇപ്രകാരം പല്ലുകൾ സാവധാനം നീങ്ങുന്നു.
ചെറിയ കമ്പിയും റെസിനും ഉപയോഗിച്ചുണ്ടാക്കിയതും ചിലപ്പോൾ ഇലാസ്തികതയുള്ളതുമായ അന്യവസ്തുക്കൾ മാസങ്ങളോളം വായിൽ കൊണ്ടുനടക്കുന്നത് ബുദ്ധിമുട്ടല്ലേ? അവ വായിൽ ഉറപ്പിക്കുകയോ ക്രമപ്പെടുത്തുകയോ ചെയ്യുമ്പോൾ കുറച്ചൊക്കെ ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാൽ കുറച്ചുകാലം കഴിയുമ്പോൾ അതൊരു പ്രശ്നമല്ലാതാകുന്നു. തത്ത്വത്തിൽ, പല്ലിന് കമ്പിയിടുന്നതുമായി ആർക്കുവേണമെങ്കിലും ഇണങ്ങിപ്പോകാവുന്നതാണ്.
ചികിത്സതേടേണ്ടതെപ്പോൾ?
കുട്ടികളിൽ, വായടയ്ക്കുമ്പോൾ മേലണയിലെയും കീഴണയിലെയും പല്ലുകൾ തമ്മിൽ ചേരാതിരിക്കൽ, ചവയ്ക്കുന്നതുമായി ബന്ധപ്പെട്ട കുഴപ്പങ്ങൾ തുടങ്ങിയ ചില പ്രശ്നങ്ങൾ പ്രായപൂർത്തിയാകുമ്പോൾ സ്വതവേ പരിഹരിക്കപ്പെടും. പല്ലുകളുടെ സ്ഥാനസംബന്ധമായ ചിലതരം പ്രശ്നങ്ങളും തനിയെ നേരെയാകുന്നവയാണ്. പറിഞ്ഞുപോകുന്ന പാൽപ്പല്ലുകൾക്കു പകരം മുളയ്ക്കുന്ന സ്ഥിരദന്തങ്ങൾ വായുടെ മുൻഭാഗത്തായി മിക്കപ്പോഴും തിങ്ങിഞെരുങ്ങാനിടയുണ്ട്. കാരണം ഈ പല്ലുകൾ പറിഞ്ഞുപോയ പല്ലുകളെക്കാൾ വലിപ്പംകൂടിയതാണ്.
എന്നിരുന്നാലും, പറിഞ്ഞുപോകുന്ന ചർവണദന്തങ്ങൾക്കുപകരം ഇരട്ടമുനയുള്ള സ്ഥിരദന്തങ്ങൾ കിളിർക്കുന്നതോടെ പല്ലുകളുടെ സ്ഥാനത്തിൽ വ്യത്യാസമുണ്ടാകുന്നു. എന്നാൽ ഉപയോഗത്തിലൂടെയും പേശീഘടനയുടെ സ്വാധീനത്താലും പല്ലുകൾ തനിയേ നേരേയായിക്കൊള്ളും. അതുകൊണ്ട്, മാതാപിതാക്കളെന്ന നിലയിൽ, നിങ്ങളുടെ കുട്ടിയുടെ സ്ഥിരദന്തങ്ങൾ ആദ്യം സ്ഥാനംതെറ്റി വളരുന്നതായി കാണുന്നെങ്കിൽ പരിഭ്രമിക്കേണ്ടതില്ല. എന്തെങ്കിലും ചെയ്യേണ്ടതുണ്ടോയെന്നു നിർണയിക്കാൻ ഒരു ദന്തഋജൂകരണവിദഗ്ധനു സാധിക്കും.
യുവപ്രായത്തിലുള്ള രോഗികളെ ചികിത്സിക്കേണ്ടതെപ്പോഴാണെന്നതിൽ ദന്തഋജൂകരണ വിദഗ്ധർക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ചിലർ പറയുന്നത് വളരെ ഇളംപ്രായത്തിൽ (4-6 വയസ്സ്) ചികിത്സിക്കാമെന്നാണ്. മറ്റുചിലരുടെ അഭിപ്രായമാകട്ടെ, കുറച്ചുകൂടിക്കഴിഞ്ഞ് താരുണ്യത്തിലെത്തുമ്പോൾ (12-15 വയസ്സ്) ചികിത്സ മതിയെന്നാണ്. എന്നാൽ, ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കുള്ള ഘട്ടത്തിൽ ചികിത്സിക്കുന്നതിനോടു യോജിക്കുന്നവരുമുണ്ട്.
കുട്ടികൾക്കു മാത്രമുള്ളതല്ല
എന്നുവരികിലും, ദന്തഋജൂകരണശാസ്ത്രം കുട്ടികൾക്കു മാത്രമുള്ളതല്ല. പ്രായപൂർത്തിയായശേഷവും കോന്ത്രപ്പല്ലുകൾ ധാരാളം പ്രശ്നങ്ങൾക്കു കാരണമാകുന്നു. പല്ലും മോണയുമൊക്കെ ആരോഗ്യമുള്ളതാണെങ്കിൽ ചിരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏതു പ്രായത്തിലും പരിഹരിക്കാവുന്നതാണ്.
കോന്ത്രപ്പല്ലുകൾ മൂലമുള്ള പ്രശ്നങ്ങൾ ഏവയാണ്? കുറഞ്ഞപക്ഷം മൂന്നുതരത്തിലുള്ളവ: (1) രൂപഭംഗിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ; (2) താടി ചലിപ്പിക്കാൻ ബുദ്ധിമുട്ട് (വേദനയും പേശികളുടെ ഏകോപനമില്ലായ്മയും), ചവയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വ്യക്തമായി ഉച്ചരിക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള പ്രയാസം എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ; (3) പല്ലു മുന്നോട്ടു തള്ളിനിൽക്കുന്നതിനാൽ ക്ഷതമേൽക്കാനുള്ള വർധിച്ച സാധ്യത, പെരിയോഡോണ്ടൽ രോഗത്തിനും (മോണരോഗം) പല്ലു ദ്രവിക്കുന്നതിനും അതുപോലെതന്നെ തമ്മിൽ ചേരാത്തതു മൂലമുള്ള ദന്തക്ഷയത്തിനും തേയ്മാനത്തിനുമുള്ള കൂടിയ സാധ്യത.
കൂടാതെ, നട്ടെല്ലിന്റെ സ്ഥാനം (വിശേഷിച്ചും കഴുത്തിൽ) സംബന്ധിച്ച പ്രശ്നങ്ങളും ശരീരത്തിന്റെ ഇതര ഭാഗങ്ങളിലുള്ള പേശീ പ്രവർത്തനങ്ങളിലെ കുഴപ്പങ്ങളും പല്ലുകൾ തമ്മിൽ ചേരാതിരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചില വിദഗ്ധർ പറയുന്നു. എന്നാൽ ഇതിനു ചികിത്സിക്കേണ്ടതെങ്ങനെയാണ്? എത്ര നാൾ ചികിത്സിക്കണം?
ചികിത്സാരീതികളും കാലയളവും
നിങ്ങൾക്കോ കുട്ടികൾക്കോ ഒരു ദന്തഋജൂകരണ വിദഗ്ധന്റെ സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്കു വിശ്വാസമർപ്പിക്കാൻ കഴിയുന്ന ഒരാളെവേണം തിരഞ്ഞെടുക്കാൻ. ചികിത്സാകാലയളവ് രോഗത്തിന്റെ കാഠിന്യത്തെയും ചികിത്സാരീതികളെയും ആശ്രയിച്ചിരിക്കുന്നു. എന്നാൽ മിക്കപ്പോഴും അതിന് അനേകം മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ എടുത്തേക്കാം.
പെട്ടെന്നു മനസ്സിലാക്കാനായി, ചികിത്സോപകരണങ്ങളെ രണ്ടായി തിരിക്കാം: എടുത്തുമാറ്റാൻ സാധിക്കുന്നവയും സാധിക്കാത്തവയും. ആദ്യത്തെ വിഭാഗത്തിൽ പെട്ടവ രോഗിക്ക് എടുത്തുമാറ്റാനും തിരികെവെക്കാനും സാധിക്കും. അതേസമയം, എടുത്തുമാറ്റാൻ സാധിക്കാത്തവ പല്ലുമായി കൂട്ടിയോജിപ്പിച്ചിരിക്കുകയാണ്. അതു കൂടുതൽ സങ്കീർണമായ ചലനങ്ങൾ ഉളവാക്കുന്നു.
സൗന്ദര്യശാസ്ത്ര രംഗത്തെ ഗവേഷണത്തിന്റെ ഫലമായി ധാരാളം പുരോഗതി കൈവരിച്ചിട്ടുണ്ട്. തത്ഫലമായി ഇന്ന്, കൂടുതൽ ‘സ്വാഭാവികതയുള്ള’ ഉപകരണങ്ങൾ ലഭ്യമാണ്. പല്ലിന്റെ അതേ നിറമായതിനാൽ അവയിൽ ചിലതു തിരിച്ചറിയാൻ സാധിക്കുകയില്ല. മറ്റുചിലവയാകട്ടെ, നാക്കിനോടു ചേർന്ന് പല്ലിന്റെ ഉൾവശത്തായി പിടിപ്പിക്കുന്നതിനാൽ ദൃശ്യമല്ല. ഇത്തരം വിദ്യകൾ അദൃശ്യ ദന്തഋജൂകരണശാസ്ത്രം എന്നറിയപ്പെടുന്നു.
കൂടുതൽ സങ്കീർണമായ കേസുകളിൽ, കമ്പിയിടുന്നതിലൂടെ വേണ്ടത്ര ഫലം ലഭിക്കുന്നില്ലെങ്കിൽ, ദന്തഋജൂകരണ വിദഗ്ധൻ വായുടെയും മുഖത്തിന്റെയും ചികിത്സയിൽ പ്രാഗത്ഭ്യമുള്ള ഒരു ശസ്ത്രക്രിയാവിദഗ്ധന്റെ സഹായം തേടിയേക്കാം. അദ്ദേഹത്തിന്, മുഖാസ്ഥികളുടെ സ്ഥാനത്തിൽ മാറ്റംവരുത്തുന്ന ഒരു ശസ്ത്രക്രിയ നടത്താനാകും.
ഇന്ന്, തങ്ങളുടെ പല്ലിനെക്കുറിച്ചുള്ള അപകർഷതാബോധം കൂടാതെ പുഞ്ചിരിക്കാൻ ആഗ്രഹിക്കുന്നവരുടേത് ഉൾപ്പെടെ പല്ലിനും താടിക്കും വൈകല്യമുള്ളവരുടെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ ദന്തഋജൂകരണശാസ്ത്രത്തിനാകും. തീർച്ചയായും, ദന്തഋജൂകരണശാസ്ത്രത്തിന്റെ സഹായം തേടണമോ വേണ്ടയോ എന്നത് വ്യക്തിപരമായ ഒരു തീരുമാനമാണ്.
ഇപ്പോൾ മനുഷ്യവർഗത്തിന് ശാരീരിക അപൂർണത സഹിച്ചുകഴിയേണ്ടതുണ്ട്. പരിഹാര മാർഗങ്ങളിലൂടെ അവയിൽ ചിലത് ലഘൂകരിക്കാനാകും. എന്നുവരികിലും, ദൈവം വായുടെ വൈകല്യങ്ങളുൾപ്പെടെ അപൂർണതയുടെ സമസ്ത ദുരിതങ്ങളും പൂർണമായും ശാശ്വതമായും നീക്കംചെയ്യുന്ന അവന്റെ പുതിയ ലോകത്തിനായി നമുക്കു കാത്തിരിക്കാം. അന്ന്, സമ്പൂർണ ആരോഗ്യം കളിയാടുന്ന ആ പുതിയ വ്യവസ്ഥിതിയിൽ, കണ്ടുമുട്ടുന്ന ഏവർക്കും ആത്മവിശ്വാസത്തോടെ ഊഷ്മളവും സൗഹാർദപരവുമായ ഒരു പുഞ്ചിരി സമ്മാനിക്കാൻ നമുക്കോരോരുത്തർക്കും സാധിക്കും.
ആ കാലത്തെക്കുറിച്ച് ബൈബിൾ പിൻവരുന്നപ്രകാരം മുൻകൂട്ടിപ്പറയുന്നു: “സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു.” (യെശയ്യാവു 14:7) മനോഹരമായ പുഞ്ചിരി അത്തരം സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും മുഖമുദ്രയായിരിക്കും!
[25-ാം പേജിലെ ചിത്രം]
(1)ചർവണദന്തങ്ങളെ പിന്നോട്ടു തള്ളാനും (2) താടിയെല്ലിന്റെ വളർച്ച ഉത്തേജിപ്പിക്കാനുമായി രൂപകൽപ്പന ചെയ്ത കമ്പികൾ
1
2
[26-ാം പേജിലെ ചിത്രം]
പല്ലുകൾ നന്നായി ചേർന്നുവരാൻ രൂപകൽപ്പന ചെയ്ത കമ്പികൾ