ഞങ്ങളുടെ വായനക്കാരിൽ നിന്ന്
മൃഗങ്ങളോടുള്ള ക്രൂരത “ബൈബിളിന്റെ വീക്ഷണം: മൃഗങ്ങളോടുള്ള ക്രൂരത—അതു തെറ്റാണോ?” (നവംബർ 8, 1998) എന്ന നിങ്ങളുടെ ലേഖനം എത്ര ഉത്കൃഷ്ടമായിരുന്നു എന്ന് അറിയിക്കാനാണു ഞാൻ ഇത് എഴുതുന്നത്. ആളുകൾ—പ്രത്യേകിച്ചും ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവർ—മൃഗങ്ങളോടു കാട്ടുന്ന ക്രൂരത ദൈവം അംഗീകരിക്കുന്നില്ല എന്നു നിങ്ങൾ വ്യക്തമാക്കിയതു പ്രശംസാർഹംതന്നെ.
ജെ. എൽ. സി., ഐക്യനാടുകൾ
മാതാപിതാക്കൾ ഇല്ലാത്ത യുവജനങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . അച്ഛനും അമ്മയും ഇല്ലാതെ ഞാൻ എന്തിനു ജീവിക്കണം?” (നവംബർ 22, 1998) എന്ന ലേഖനത്തിനു നിങ്ങൾക്ക് അകമഴിഞ്ഞ നന്ദി. എനിക്കിപ്പോൾ 39 വയസ്സുണ്ട്. എന്നാൽ, എനിക്കു 11 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു, അച്ഛൻ വീടുവിട്ടു പോയി. എന്റെയും സഹോദരന്മാരുടെയും യാതനാനിർഭരമായ ജീവിതത്തെ കുറിച്ച് ആളുകൾക്കു മനസ്സിലാക്കിക്കൊടുക്കാൻ ഇന്നോളം എനിക്കു സാധിച്ചിട്ടില്ല. എന്നാൽ, മറ്റുള്ളവർ ഞങ്ങളെ മനസ്സിലാക്കുന്നുണ്ട് എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. നന്ദി.
കെ. വൈ., ജപ്പാൻ
എനിക്കു വെറും ഒമ്പതു മാസം പ്രായമുള്ളപ്പോൾ അച്ഛനും 12 വയസ്സാകുന്നതിനു മുമ്പ് അമ്മയും മരിച്ചു. നിങ്ങളുടെ ലേഖനം വളരെ സാന്ത്വനദായകം ആയിരുന്നു, അനാഥരുടെ വികാരങ്ങൾ അതേപടി അത് എടുത്തു കാട്ടി. മരിച്ച പ്രിയപ്പെട്ടവരെ യഹോവ ജീവനിലേക്കു തിരികെ വരുത്തും എന്നറിയുന്നത് എത്ര ആശ്വാസപ്രദമാണ്!
എം. എസ്. എസ്., ബ്രസീൽ
എനിക്കു 40 വയസ്സുണ്ട്. ഞാൻ ആ ലേഖനം പലവട്ടം വായിച്ചു. നിറമിഴികളോടെയാണു ഞാൻ അത് ആദ്യന്തം വായിച്ചത്. കാരണം, രണ്ടു വയസ്സുള്ളപ്പോൾ ഞാൻ അനാഥനായി. മമ്മിയുടെയും ഡാഡിയുടെയും ഫോട്ടോ കാണുമ്പോൾ എനിക്ക് ഇപ്പോഴും കരച്ചിൽ വരും. അത്തരം ലേഖനങ്ങൾക്കു നന്ദി!
ജെ. സി. വി., ഫ്രാൻസ്
എന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിലും, ഞാൻ ഒരു കടുത്ത വിഷാദോന്മാദ രോഗിയാണ്. ദുഷ്കരമായ സാഹചര്യങ്ങളെ തരണം ചെയ്യുന്നതു സംബന്ധിച്ച ലേഖനങ്ങൾ വായിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. “യുവജനങ്ങൾ ചോദിക്കുന്നു . . . ” പരമ്പരയിലെ യഥാർഥ ജീവിതാനുഭവങ്ങളും ബൈബിളധിഷ്ഠിത ബുദ്ധിയുപദേശവും എനിക്കു വളരെ ഇഷ്ടമാണ് എന്നു നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു.
എസ്. എച്ച്., കാനഡ
മരപ്പണി ദശകങ്ങളായി ഞാൻ ഈ പത്രിക വായിക്കുന്നു. അതിന്റെ ഉള്ളടക്കവും രചനാശൈലിയും പ്രതിപാദ്യ വിഷയങ്ങളും നിരന്തരം മെച്ചപ്പെട്ടുവരുന്നതായി കാണുന്നു. എങ്കിലും, “തടിയുടെ യുഗപ്പഴക്കമുള്ള സൗന്ദര്യം ആരാഞ്ഞറിയൽ” (നവംബർ 8, 1998) എന്ന ലേഖനത്തെ കുറിച്ച് ഒരു അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വേല ചെയ്യാൻ താത്പര്യം കാട്ടിയേക്കാവുന്ന വായനക്കാർക്ക്, വാച്ചി അങ്ങേയറ്റം അപകടകരമായ ഒരു ഉപകരണമാണ് എന്നു ദയവായി മുന്നറിയിപ്പു നൽകുക. 1920-കളിൽ, എന്റെ ചെറുപ്പകാലത്ത്, അത് ഉപയോഗത്തിൽ ഉണ്ടായിരുന്നു. പാദവാച്ചി എന്നാണ് അന്നതു പൊതുവെ അറിയപ്പെട്ടിരുന്നത്. നിങ്ങളുടെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ, തടി പാദങ്ങളുടെ ഇടയിലാണു പിടിച്ചിരുന്നത്. ആ ഉപകരണത്തിന് അപാര മൂർച്ച ആണ്. അത് ഉപയോഗിച്ചിരുന്നവരുടെ പാദങ്ങൾക്കു പലപ്പോഴും പരിക്കുകൾ സംഭവിച്ചിരുന്നതുകൊണ്ട് അതിനെ ‘പാദദ്രോഹി’ എന്നും വിളിച്ചിരുന്നു. പരിശീലനമില്ലാത്ത ആരെങ്കിലും അത് ഉപയോഗിക്കുന്നതു വളരെ അപകടകരമാണെന്ന് എനിക്കു തോന്നുന്നു.
ഡബ്ലിയു. ജി., ഐക്യനാടുകൾ
മുന്നറിയിപ്പിന്റെ രൂപത്തിലുള്ള ഈ ഓർമപ്പെടുത്തൽ ഞങ്ങൾ വിലമതിക്കുന്നു.—പ്രസാധകർ
വിവേകമതിയായ രാജ്ഞി കാതറിൻ പാറിനെ കുറിച്ചുള്ള ഹൃദയഹാരിയായ നിങ്ങളുടെ ലേഖനം (“തന്ത്രശാലിയായ ഒരു ബിഷപ്പിനെ പരാജയപ്പെടുത്തിയ വിവേകമതിയായ രാജ്ഞി,” നവംബർ 8, 1998) വായിച്ചപ്പോൾ എസ്ഥേർ രാജ്ഞിയെ കുറിച്ചുള്ള ബൈബിൾ വൃത്താന്തമാണ് എനിക്ക് ഓർമ വന്നത്. അപാര ജ്ഞാനമാണ് ആ സ്ത്രീകൾ പ്രകടിപ്പിച്ചത്! ഞാൻ ഒരു യഹോവയുടെ സാക്ഷി അല്ലെങ്കിലും ഉണരുക!യുടെ എല്ലാ ലക്കങ്ങളും മുടങ്ങാതെ വായിക്കാറുണ്ട്. ഞാൻ ഇഷ്ടപ്പെടുന്നതുപോലെ മറ്റുള്ളവർ നിങ്ങളുടെ സാഹിത്യം ഇഷ്ടപ്പെടാത്തത് എന്തുകൊണ്ടാണെന്നു ഞാൻ മിക്കപ്പോഴും ചിന്തിക്കാറുണ്ട്.
എം. ഡി. എസ്. എഫ്., ബ്രസീൽ
ഹെന്റി എട്ടാമനെയും അദ്ദേഹത്തിന്റെ പത്നിയായിരുന്ന കാതറിൻ പാറിനെയും കുറിച്ചുള്ള ചരിത്ര വിവരണം വളരെ രസകരമായി എനിക്കു തോന്നി. അഭിനന്ദനങ്ങൾ. ആ ലേഖനം നന്നായി ഗവേഷണം ചെയ്യപ്പെട്ടതും സംക്ഷിപ്തവും സുവ്യക്തവും ആയിരുന്നു.
സി. ജി., ഇറ്റലി.
ലേഖനത്തിലെ വിവരങ്ങൾ വായിച്ചപ്പോൾ കാതറിൻ രാജ്ഞിയോടൊപ്പം ഓരോ നിമിഷവും ചെലവഴിക്കുന്നതു പോലെ ഞങ്ങൾക്കു തോന്നി. ഇത്തരം ലേഖനങ്ങൾ അച്ചടിക്കുന്നതിനു നന്ദി. ഞങ്ങളെ പോലുള്ളവർക്ക് ലോകത്തിന്റെ വിദൂര ഭാഗത്തുള്ള സംസ്കാരങ്ങളെ കുറിച്ച് അറിയാൻ അതിലൂടെ സാധിക്കുന്നു.
എൽ. ജി. & എൽ. ജി., വെനെസ്വേല