ലോകത്തെ വീക്ഷിക്കൽ
ലോകാരോഗ്യ പ്രശ്നങ്ങൾ
“നാം 21-ാം നൂറ്റാണ്ടിലേക്കു കാലെടുത്തു വെക്കവേ, ഇപ്പോഴും ലോകമൊട്ടാകെയുള്ള മരണങ്ങളുടെ 33%-ത്തിനും കാരണം സാംക്രമിക രോഗങ്ങളാണെന്നു കാണുന്നു,” ലോകാരോഗ്യ സംഘടനയിലെ ഡോ. ഡേവിഡ് ഹേമാൻ പറയുന്നു. പ്രശ്നത്തിനു നിദാനമായ ഒട്ടേറെ ഘടകങ്ങളുണ്ട്. ജനസംഖ്യാ വർധനവ്, രോഗപ്രതിരോധ നടപടികളുടെ പരാജയം, ജനപ്പെരുപ്പം, പാരിസ്ഥിതിക വ്യതിയാനങ്ങൾ, ആഗോള പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അപക്ഷയം എന്നിവയെല്ലാം ഇതിന് ഇടയാക്കുന്നുവെന്ന് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു. നിർബന്ധിത കുടിയേറ്റം, അഭയാർഥികൾ, ഗോള വ്യാപകമായുള്ള യാത്രക്കാരുടെ വർധനവ് തുടങ്ങിയവയാണ് മറ്റു ഘടകങ്ങൾ—ഇവയെല്ലാം സാംക്രമിക രോഗങ്ങൾ പടരുന്നതിന് ഇടയാക്കിയിരിക്കുന്നു. “വാസ്തവത്തിൽ ഇത് തടയാവുന്നതേയുള്ളൂ, കാരണം ഈ രോഗങ്ങളെ ചെറുക്കാനോ തുടച്ചു നീക്കാനോ ഉള്ള മാർഗങ്ങൾ ലഭ്യമാണ്” എന്ന് ഡോ. ഹേമാൻ പറയുന്നു.
മോർമൻകാരും രാഷ്ട്രീയവും
യേശുക്രിസ്തുവിന്റെ പിൽക്കാല വിശുദ്ധന്മാരുടെ സഭ (മോർമൻ സഭ), ഐക്യനാടുകളിലുള്ള അതിന്റെ അംഗങ്ങളെ കുറച്ചുകൂടെ സജീവമായി രാഷ്ട്രീയത്തിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിച്ചിരിക്കുന്നതായി ക്രിസ്റ്റ്യൻ സെഞ്ച്വറി മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. മോർമൻകാരുടെ പരമോന്നത സമിതി, അതായത് പ്രഥമ അധ്യക്ഷ സമിതി അടുത്ത കാലത്ത് ഒരു കത്ത് പുറത്തിറക്കുകയുണ്ടായി. അതിൽ, അംഗങ്ങളെ “സ്കൂൾ കൗൺസിൽ, നഗര മേഖല ഭരണസഭ, കമ്മീഷൻ, സംസ്ഥാന നിയമസഭ തുടങ്ങിയ ഉന്നത പദവികളിൽ—തിരഞ്ഞെടുക്കപ്പെടുന്നതോ നേരിട്ട് നിയമിക്കുന്നതോ ആയാലും—സേവിക്കാനും ഇഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടികളിൽ ചേരാനും സന്നദ്ധരാ”കണമെന്ന് പ്രോത്സാഹിപ്പിച്ചിരുന്നു. ഏതെങ്കിലുമൊരു സ്ഥാനാർഥിയെയോ പ്രത്യേക രാഷ്ട്രീയ പാർട്ടിയെയോ സഭ ശുപാർശ ചെയ്യുന്നില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു. ഈ മതവിഭാഗം രൂപംകൊണ്ട കാലത്ത് “മോർമൻകാർ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുനിന്നിരുന്നുവെന്നും യുട്ടാ എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലത്തെ ആസ്ഥാനമാക്കി തങ്ങളുടെ സ്വന്തം ദിവ്യാധിപത്യ ഭരണക്രമം സ്ഥാപിച്ചിരുന്നുവെന്നും” ആ മാഗസിൻ പറയുന്നു.
സമ്മർദം കാർ അപകടങ്ങൾ വർധിപ്പിക്കുന്നു
ജോലിയോടുള്ള ഒരു വ്യക്തിയുടെ മനോഭാവം, വാഹനം ഓടിക്കുമ്പോഴുള്ള അയാളുടെ പെരുമാറ്റത്തെ ഗണ്യമായ വിധത്തിൽ ബാധിക്കുന്നതായി ജർമനിയിലെ പ്രൊഫഷണൽ അസോസിയേഷൻ ഫോർ ഹെൽത്ത് സർവീസ് ആൻഡ് സോഷ്യൽ വെൽഫെയർ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. ജോലിയിൽനിന്നു സമ്മർദം അനുഭവിക്കുന്നവർക്ക് റോഡപകടങ്ങൾ സംഭവിക്കാൻ കൂടുതൽ സാധ്യത ഉണ്ടെന്ന് സ്യൂററ്ഡോയിച്ച് റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്തു. മേലധികാരിയെയോ സഹപ്രവർത്തകരെയോ കുറിച്ച് മനസ്സിൽ അമർഷം കെട്ടിക്കിടക്കുന്നെങ്കിൽ വാഹനം ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല” എന്ന് ആ റിപ്പോർട്ട് പറയുന്നു. പ്രസ്തുത പഠനത്തിൽ, ജോലിക്കു പോകുമ്പോഴോ ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോഴോ അപകടങ്ങളിൽ പെട്ടിട്ടുള്ളവരിൽ 75 ശതമാനം പേർ കാരണമായി പറഞ്ഞത് “ശ്രദ്ധക്കുറവ്, വെപ്രാളം, സമയത്തിന് എത്താനുള്ള വെമ്പൽ, അല്ലെങ്കിൽ സമ്മർദം” എന്നിവയാണ്. സമ്മർദത്തിൻ കീഴിലായിരിക്കുമ്പോൾ അത്യാഹിതം ഉണ്ടാകാൻ കൂടുതൽ സാധ്യതയുള്ളത് പുരുഷന്മാർക്ക് ആണെന്ന് പറയപ്പെട്ടിട്ടുണ്ടെങ്കിലും, കൊച്ചു കുട്ടികളുള്ള അമ്മമാരും വിശേഷാൽ അപകടത്തിൽ പെടാൻ സാധ്യതയുണ്ടെന്ന് ആ പഠനം കണ്ടെത്തി. പത്രം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മക്കളെ നേഴ്സറിയിൽനിന്ന് സമയത്തിന് കൊണ്ടുവരുകയോ ഉച്ചഭക്ഷണം തയ്യാറാക്കുകയോ ചെയ്യേണ്ടിയിരുന്നതു നിമിത്തം അവർ മിക്കപ്പോഴും വളരെ സമ്മർദത്തിൻ കീഴിലായിരുന്നു.”
കുട്ടികളുടെ പേക്കിനാവുകൾ സാധാരണം
മിക്കവാറും എല്ലാ കുട്ടികളും പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണാറുണ്ട്. ജർമനിയിലെ മാൻഹെയിമിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻറൽ ഹെൽത്ത് പറയുന്നതനുസരിച്ച് 10-ൽ 9 കുട്ടികൾ വീതം സ്വപ്നം കണ്ട് ഞെട്ടിയുണർന്നതായി ഓർമിക്കുന്നു. ആരോ പിന്തുടരുന്നതോ ഉയരത്തിൽനിന്നു താഴേക്കു വീഴുന്നതോ യുദ്ധത്തിൽ അല്ലെങ്കിൽ പ്രകൃതി വിപത്തിൽ അകപ്പെടുന്നതോ ഒക്കെയാണ് അവർ സാധാരണ കാണാറുള്ള പേക്കിനാവുകൾ. മിക്കപ്പോഴും അത്തരം സ്വപ്നങ്ങൾ മിഥ്യാസങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളും കൂടിച്ചേർന്നതാണ്. ആൺകുട്ടികൾ പൊതുവേ തങ്ങൾ കണ്ട സ്വപ്നങ്ങൾ മറക്കുന്നു. എന്നാൽ പെൺകുട്ടികൾ മിക്കപ്പോഴും അതേക്കുറിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നു. പേക്കിനാവു മൂലം ഉണ്ടായ ഉത്കണ്ഠയിൽനിന്നു മുക്തി നേടാൻ കുട്ടികൾ സ്വപ്നത്തിൽ കണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയോ അവ പേപ്പറിൽ വരയ്ക്കുകയോ അതിലെ ഒരു ഭാഗം അഭിനയിച്ചു കാണിക്കുയോ ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നതായി ബെർലീനൽ റ്റ്സൈറ്റുൻ റിപ്പോർട്ടു ചെയ്യുന്നു. ഈ നിർദേശങ്ങൾ പിൻപറ്റുകയാണെങ്കിൽ ഏതാനും ആഴ്ചകൾ കൊണ്ട് സ്വപ്നം കാണുന്നതും അതുമൂലം ഉണ്ടാകുന്ന പേടിയും കുറയും.
മയക്കുമരുന്ന് ആസക്തരായ ഡോക്ടർമാർ
ബ്രിട്ടനിലെ വൈദ്യശാസ്ത്ര അധികൃതർ പറയുന്നത് അനുസരിച്ച്, “15 ഡോക്ടർമാരിൽ ഒരാൾ വീതം മദ്യത്തിനോ മയക്കുമരുന്നിനോ അടിമയാണ്,” എന്ന് കാനഡയിലെ ദ മെഡിക്കൽ പോസ്റ്റ് ഓഫ് കാനഡ റിപ്പോർട്ടു ചെയ്യുന്നു. പ്രശ്നത്തെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി, മയക്കുമരുന്നോ മദ്യമോ ദുരുപയോഗം ചെയ്യുന്ന ഡോക്ടർമാരെ കണ്ടെത്തുന്നതിന് ഒരു പരിശോധനാ രീതി ആവിഷ്കരിക്കാൻ ബ്രിട്ടീഷ് മെഡിക്കൽ സംഘടനകൾ ആഗ്രഹിക്കുന്നു. ബ്രിട്ടനിലെ ഡോക്ടർമാരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 9,000-ത്തിൽ അധികം പേർ മദ്യമോ മയക്കുമരുന്നോ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ചില ഡോക്ടർമാർ, “ലഭ്യമായ സേവനങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് സഹായം തേടാത്തത്” എന്നത് അതിശയകരമാണെന്ന് ആ മാഗസിൻ പറയുന്നു.
ഭക്ഷണം വീണ്ടും ചൂടാക്കുന്നത് വിഷവസ്തുക്കളെ ഇല്ലാതാക്കില്ല
മാംസം വേവിച്ച ശേഷം രണ്ടു മണിക്കൂറിനകം ഫ്രിഡ്ജിൽ എടുത്തു വെക്കുന്നില്ലെങ്കിൽ അതു പിന്നീട് ഭക്ഷിക്കരുതെന്ന് ടഫ്റ്റ്സ് യൂണിവേഴ്സിറ്റി ഹെൽത്ത് & ന്യുട്രീഷൻ ലെറ്റർ പറയുന്നു. എന്നാൽ അത് വീണ്ടും ചൂടാക്കുകയാണെങ്കിൽ ഉപദ്രവകാരികളായ ബാക്ടീരിയകൾ നശിച്ചുപോകില്ലേ? “വീണ്ടും ചൂടാക്കുന്നതു മൂലം മാംസത്തിന്റെ പുറമേ വളരുന്ന ബാക്ടീരിയ നശിച്ചു പോയേക്കാം. എന്നാൽ ബാക്ടീരിയയുടെ ചില വകഭേദങ്ങൾ ഉത്പാദിപ്പിച്ച, രോഗം ഉണ്ടാക്കുന്ന വിഷവസ്തുക്കൾ നശിപ്പിക്കപ്പെടുന്നില്ല” എന്ന് ന്യുട്രീഷൻ ലെറ്റർ പറയുന്നു. സ്റ്റാഫിലോകോക്കസ് എന്ന സാധാരണ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തു വയറുവേദന, അതിസാരം, മനംപിരട്ടൽ, വിറയൽ, പനി, തലവേദന എന്നിവ ഉണ്ടാക്കിയേക്കാം. “ഭക്ഷ്യവസ്തുക്കൾ ഉയർന്ന താപനിലയിൽ ചൂടാക്കിയാൽപ്പോലും ഈ വിഷവസ്തുക്കൾ നശിക്കുന്നില്ല.”
ബ്രസീലിലെ കാർണിവൽ ആഘോഷം
“കാർണിവൽ ആഘോഷം റിയോ ഡി ജനിറോയെ പ്രശസ്തമാക്കിയിരിക്കാം, എന്നാൽ കൂടുതൽ കൂടുതൽ ബ്രസീലുകാർക്ക് അതിൽ താത്പര്യം ഇല്ലാതാകുകയാണ്,” നാൻഡോനെറ്റ് റിപ്പോർട്ടു ചെയ്യുന്നു. ലോകമൊട്ടാകെ പല ആളുകളും ധരിച്ചു വെച്ചിരിക്കുന്നത് ബ്രസീലുകാർ ഈ വാർഷിക ആഘോഷത്തിനായി നോക്കിപ്പാർത്തിരിക്കുന്നു എന്നാണ്. എന്നാൽ ബ്രസീലിലെ സാമൂഹിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനം മറ്റൊരു ചിത്രമാണ് നൽകുന്നത്. ബ്രസീലുകാരിൽ 63 ശതമാനം ഈ ആഘോഷത്തിൽ പങ്കെടുക്കുന്നില്ലെന്നും 44 ശതമാനത്തിന് “അതിൽ അൽപ്പം പോലും താത്പര്യമില്ല” എന്നും 19 ശതമാനം “കാർണിവെൽ ആഘോഷം വെറുക്കുന്നു” എന്നും ആ പഠനം കണ്ടെത്തി. പ്രമുഖ ദേശീയ ടിവി നെറ്റ്വർക്ക് ചാനലുകൾ ഈ വർഷം സാമ്പാ നൃത്തമത്സരങ്ങൾ പോലും പ്രക്ഷേപണം ചെയ്യുകയുണ്ടായില്ലെന്ന് ഷൊർണൽ ഡോ ബ്രാസിൽ എന്ന പത്രം റിപ്പോർട്ടു ചെയ്തു. എന്നിരുന്നാലും, ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ഈ ആഘോഷം കാണാൻ ബ്രസീലിലേക്കു പ്രവഹിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള സ്ഥലങ്ങളിൽ ഒന്ന് ബ്രസീൽ ആയതിനാൽ കാർണിവൽ ആഘോഷകാലത്ത് ആരോഗ്യ മന്ത്രാലയം ദശലക്ഷക്കണക്കിനു ഗർഭനിരോധന ഉറകൾ സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി.
“ഭാഗ്യക്കുറി വൃക്ഷം”
തായ്ലൻഡിലെ ബാങ്കോക്കിന് അടുത്തുള്ള ഗ്രാമത്തിലെ രോഷാകുലരായ നിവാസികൾ, അവരുടെ “ഭാഗ്യക്കുറി വൃക്ഷം” തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചതായി സംശയിക്കപ്പെടുന്ന പുസ്തക നിർമാതാക്കളെ ഉപദ്രവിക്കുമെന്നു ഭീഷണി മുഴക്കിയിരിക്കുന്നു എന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ലോട്ടറി അടിക്കാനുള്ള ഉപദേശം നൽകുകവഴി “ഭാഗ്യക്കുറി വൃക്ഷം” ദേശീയ തലത്തിൽ അംഗീകാരം നേടിയിരിക്കുന്നു. അതുകൊണ്ട്, ഈ വൃക്ഷത്തിനു തീവെച്ചതായി മനസ്സിലാക്കിയപ്പോൾ സ്ഥലത്തെ ഗ്രാമവാസികൾ രോഷംകൊണ്ടു. “അടക്കാനാവാത്ത ദേഷ്യമുണ്ട് എനിക്ക്,” ഡൊങ്മേലി പറഞ്ഞു. “ആ വൃക്ഷംകൊണ്ട് ഞാൻ പണം ഉണ്ടാക്കിയിട്ടുണ്ട്. വൃക്ഷം നൽകുന്ന ഉപദേശം വായിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും ഞാൻ പണം ഉണ്ടാക്കിയിട്ടുണ്ട്.” വൃക്ഷത്തെ ആക്രമിച്ചതു മുതൽ അതിന്റെ ആത്മാവ് ആകെ ദേഷ്യത്തിലാണത്രെ. ആത്മാവ് ഇപ്പോൾ ഭാഗ്യക്കുറി നേടാൻ വേണ്ട ഉപദേശം നൽകുന്നില്ലെന്നും ഗ്രാമവാസികൾ പറയുന്നു. വീണ്ടും ഭാഗ്യക്കുറി നേടാനുള്ള വഴികൾ പറഞ്ഞുതരാനായി ആത്മാവിനെ പ്രീണിപ്പിക്കുന്നതിന് ബുദ്ധ സന്ന്യാസികളെ കൊണ്ടുവരാൻ ഗ്രാമവാസികൾ പരിപാടിയിട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ടിവി-കാഴ്ച കൂടുന്തോറും വായന കുറയുന്നു
ഗ്രീസിലെ ഓഡിയോവിഷ്വൽ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവേ പറയുന്നതനുസരിച്ച്, രാജ്യത്തെ 35 ലക്ഷം കുടുംബങ്ങൾക്ക് 38 ലക്ഷം ടിവി സെറ്റുകൾ ഉണ്ട്; കൂടാതെ 3 കുടുംബങ്ങളിൽ 1-നു വീതം വിസിആർ-ഉം ഉണ്ട്. 1996-ൽ ഒരു ഗ്രീക്കുകാരൻ ദിവസവും ശരാശരി നാലു മണിക്കൂർ വീതം ടിവി-യുടെ മുമ്പിൽ ചെലവഴിച്ചുവെന്നും എന്നാൽ 1990-ൽ ഇത് രണ്ടര മണിക്കൂറിൽ താഴെയായിരുന്നെന്നും ടൊ വിമ റിപ്പോർട്ടു ചെയ്തു. വായന ഗണ്യമാംവിധം കുറഞ്ഞു പോയതിൽ അതിശയിക്കാനില്ലല്ലോ. 1989-ൽ ഒരു ഗ്രീക്കുകാരൻ ശരാശരി 42.2 പത്രങ്ങൾ വായിച്ചിരുന്നെന്നും എന്നാൽ 1995-ൽ അത് 28.3 ആയി കുറഞ്ഞെന്നും സർവേ വെളിപ്പെടുത്തി. സമാനമായി, അതേ കാലയളവിൽ മാസികാ വായനയിലും 10 ശതമാനം കുറവുണ്ടായി.
വികലപോഷിതരായ വൃദ്ധർ
“പ്രായമായവർ മിക്കപ്പോഴും ആവശ്യത്തിന് ആഹാരം കഴിക്കുകയില്ല, അതുകൊണ്ടുതന്നെ അവർക്കു രോഗം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്” എന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്നുള്ള നാസൊയിഷെ നോയിയെ പ്രെസെ റിപ്പോർട്ടു ചെയ്യുന്നു. പത്തു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 70-നു മീതെ പ്രായമുള്ള 2,500 സ്ത്രീപുരുഷന്മാരിൽ ഒരു സർവേ നടത്തിയതിനെ തുടർന്നാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. പ്രായമായവർക്ക് അധികം ആഹാരത്തിന്റെ ആവശ്യമില്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ കലോറി വളരെയധികം കുറഞ്ഞുപോകുന്നത് പ്രതിരോധശേഷിയെ ദുർബലമാക്കിയേക്കാം. തന്നെയുമല്ല, പ്രായമായവർ കഴിക്കുന്ന ഭക്ഷണം മിക്കപ്പോഴും അത്രയ്ക്ക് പോഷകസമൃദ്ധവും ആയിരിക്കില്ല. കാരണം, കഴിക്കുന്നതിനു വളരെ മുമ്പുതന്നെ അവർ ഭക്ഷണം പാകം ചെയ്തു വെക്കുന്നു. അതിനു പുറമേ പലരും തീരെ കുറച്ചു പഴങ്ങളും പച്ചക്കറികളും മാത്രമേ കഴിക്കാറുള്ളൂ, പ്രത്യേകിച്ചും അവയുടെ സീസൺ അല്ലാത്തപ്പോൾ. പഠനത്തിന്റെ ഉപസംഹാരത്തിൽ, പ്രായമായ രോഗികളെ “ക്രമമായി, നന്നായി ഭക്ഷണം കഴിക്കാൻ” ചികിത്സകർ ഓർമിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കായികാധ്വാനം വിശപ്പ് വർധിപ്പിക്കും എന്നതിനാൽ പ്രായമായവരെ കൂടുതൽ വ്യായാമം ചെയ്യാൻ പരിശീലിപ്പിക്കണമെന്നും അതു നിർദേശിക്കുന്നു.
ബൈബിൾ 2,197 ഭാഷകളിൽ ലഭ്യം
“കഴിഞ്ഞ വർഷം ബൈബിൾ ഭാഗങ്ങൾ 30 ഭാഷകളിലേക്കു കൂടെ വിവർത്തനം ചെയ്യപ്പെട്ടു, അങ്ങനെ തിരുവെഴുത്തുകൾ ഇപ്പോൾ മൊത്തം 2,197 ഭാഷകളിൽ ലഭ്യമാണ്” എന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽനിന്നുള്ള ഇഎൻഐ ബുള്ളറ്റിൻ റിപ്പോർട്ടു ചെയ്യുന്നു. എസ്പെറാന്റോ പോലുള്ള നിർമിച്ചെടുത്ത ഭാഷകൾ ഉൾപ്പെടെ 363 ഭാഷകളിൽ സമ്പൂർണ ബൈബിൾ ഇപ്പോൾ ലഭ്യമാണ്. യുണൈറ്റഡ് ബൈബിൾ സൊസൈറ്റികൾ, ചുരുങ്ങിയത് ബൈബിളിന്റെ ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഭാഷകളുടെ കണക്കുകൾ സൂക്ഷിക്കുന്നു. “ദൈവവചനം ആളുകളുടെ മാതൃഭാഷയിൽ ലഭ്യമാക്കുക”യാണ് ലക്ഷ്യമെന്ന് അതിന്റെ ജനറൽ സെക്രട്ടറിയായ ഫർഗസ് മാക്ഡൊണാൾഡ് പറയുന്നു.