ഭാഗ്യക്കുറികൾ ഇത്രയധികം ജനപ്രീതി എന്തുകൊണ്ട്?
“ആളുകൾ എന്തുകൊണ്ട് ഭാഗ്യക്കുറി കളിക്കുന്നു?” “അതു രസകരമാണ്, അതു തമാശയാണ്” എന്ന് ഭാഗ്യക്കുറി-ബോർഡിന്റെ ഒരു വനിതാവക്താവ് പറയുന്നു. അങ്ങനെയായിരിക്കാം. എന്നാൽ അതിന്റെ പ്രധാന ആകർഷണം തീർച്ചയായും സമ്മാനമാണ്. ഏതായാലും ആർക്കും അല്പം അധികം പണം ഉപയോഗിക്കാൻ കഴിഞ്ഞേക്കാം. ഭാഗ്യക്കുറികൾ ധാരാളം പണം വാഗ്ദാനം ചെയ്യുന്നു. കുതിച്ചുയരുന്ന വിലകൾ, സ്റേറാക്ക് മാർക്കററ് തകർച്ചകൾ, തൊഴിൽസാദ്ധ്യതയില്ലായ്മ ഇവയുടെ ഈ അനിശ്ചിതമായ ലോകത്തിൽ ഒരു ഭാഗ്യക്കുറിയിൽ ജയിക്കുകമാത്രമാണ് അവിശ്വസനീയമാം വിധം ധനികനാകാൻ വിഭാവനം ചെയ്യാവുന്ന ഏക മാർഗ്ഗം.
ഭാഗ്യക്കുറികൾ, സങ്കീർണ്ണമല്ലാത്തതും കളിക്കാൻ എളുപ്പവും ആണെന്നുള്ളത് ആകർഷണം വർദ്ധിപ്പിക്കുന്നു. ലോട്ടോ, സംഖ്യകൾ (കുറികൾ), മറഞ്ഞിരിക്കുന്ന സംഖ്യകൾ വെളിപ്പെടുത്താൻ നിങ്ങൾ കടലാസുകീറി നോക്കുന്ന കളി ഇങ്ങനെ അനേകം വ്യത്യസ്തതകൾ ഉണ്ടെന്നിരിക്കെ, ഇവക്കെല്ലാററിനും രണ്ടു പ്രത്യേകതകൾ ഉണ്ട്. ഒന്നാമതായി, സംഘാടകർ നറുക്കെടുക്കുന്ന സംഖ്യകളോട് തങ്ങളുടെ ടിക്കററിലെ നമ്പറുകൾ ഒത്തുവരുമ്പോൾ കളിക്കാർ ജയിക്കുന്നു. രണ്ടാമതായി ചൂതാട്ടത്തിന്റെ മററു രൂപങ്ങളിലെപ്പോലെ ജയിക്കുന്നതിന് യാതൊരു പ്രത്യേക വൈദഗ്ദ്ധ്യമോ അറിവോ ആവശ്യമില്ല. ജയിക്കുന്നതോ തോൽക്കുന്നതോ തനി തിരഞ്ഞെടുപ്പിന്റെ ഒരു സംഗതിയാണ്.
ടിക്കററുകൾ വാങ്ങുന്നത് എളപ്പമായതുകൊണ്ടും ആളുകൾ ഭാഗ്യക്കുറി കളിക്കുന്നു. അനേകം അമേരിക്കക്കാർക്കും പ്രാദേശിക പലചരക്കു കടയിൽ നിന്നും അവ വാങ്ങാം. മററു ചില സ്ഥലങ്ങളിൽ ഒരു ഭാഗ്യക്കുറിബൂത്ത് സമീപത്തല്ലെങ്കിൽ കളിക്കാർക്കും തപാൽ, ടെലഫോൺ, ടെലക്സ്, ഫാക്സ് എന്നീ വിധങ്ങളിലൂടെ പന്തയം വെക്കാം.
ഭാഗ്യക്കുറികളെ സംബന്ധിച്ച് എന്താണ് പുതുതായുള്ളത്?
ഭാഗ്യക്കുറികൾ പുതിയവയാണോ? അല്ലേയല്ല. പുരാതന റോമിലെ ഉത്സവമേളങ്ങളിൽ ചക്രവർത്തിമാരായ നീറോയും അഗസ്ററസും സമ്മാനങ്ങളെന്ന നിലക്ക് അടിമകളെയും വസ്തുവകകളെയും കൊടുത്തിരുന്നു. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യത്തെ പണസമ്മാനങ്ങളിൽ ഒരെണ്ണം സാധ്യതയനുസരിച്ച് ഇററലിയിലെ ഫ്ളോറൻസിലുള്ള ഒരു ഭാഗ്യക്കുറിയാൽ 1530-ൽ നൽകപ്പെട്ടു. തുടർന്നു വന്ന നൂററാണ്ടുകളിൽ യൂറോപ്പിൽ ഭാഗ്യക്കുറികൾ പടർന്നു പന്തലിച്ചു. ആദിമ അമേരിക്കയിലും; ജെയിംസ്ടൗണിന്റെയും ഭൂഖണ്ഡത്തിലെ സൈന്യത്തിന്റെയും; ഹാർവാർഡ്, ഡാട്ട്മൗത്ത്, യേയ്ൽ, കൊളംബിയ തുടങ്ങിയ സർവകലാശാലകളുടെ അന്തസ്സുററ കെട്ടിടങ്ങളുടെയും ധനശേഖരണാർത്ഥം ഭാഗ്യക്കുറികൾ തഴച്ചുവളർന്നു.
എന്നിരുന്നാലും 19-ാം നൂററാണ്ടിൽ ബിസിനസ് കുഴപ്പത്തിലായി. എതിരാളികൾ സംഘടിത ചൂതാട്ടത്തെ ഭർത്സിക്കുകയും നേടിയ പണം ദുർവ്യയം ചെയ്തതായി ആരോപിക്കുകയും ചെയ്തു. കൈക്കൂലി, അഴിമതി, കുററകൃത്യത്തിലുൾപ്പെടൽ എന്നിവയാൽ ഭാഗ്യക്കുറികൾ ജീർണ്ണിച്ചിരുന്നു. സ്വകാര്യ നടത്തിപ്പുകാർ ഭീമമായ ലാഭം കൊയ്തുകൂട്ടി. തത്ഫലമായി ഐക്യനാടുകൾ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ ഭാഗ്യക്കുറികൾ നിരോധിക്കപ്പെട്ടു.
കഥ തീർന്നോ? സ്പഷ്ടമായും ഇല്ല. ഭാഗ്യക്കുറികൾ മററുള്ളിടങ്ങളിൽ അനുസ്യൂതം തഴച്ചുവളർന്നു—ദൃഷ്ടാന്തത്തിന് ഇററലിയിലും ഓസ്ട്രേലിയായിലും സ്പെയിനിലും കാർലോസ് മൂന്നാമൻ 1763-ൽ ഒരു ഭാഗ്യക്കുറി സൃഷ്ടിച്ചു. അതിന്റെ ആധുനിക രൂപം 1812-ൽ നിയമപ്രകാരം സ്ഥാപിക്കപ്പെട്ടു. ഒന്നിനു പുറകേ മറെറാന്നായി രാജ്യങ്ങൾ ഭാഗ്യക്കുറിപ്രസ്ഥാനത്തിലേക്ക് എടുത്തുചാടി. 1933-ൽ ഫ്രാൻസ് അതിന്റെ നിരോധനം നീക്കി, ‘ലൊട്ടേറിയ നാഷനലേ’ സ്ഥാപിച്ചു. 1930കളിൽ അയർലണ്ടും അതിന്റെ കീർത്തികേട്ട ഐറിഷ് ഹോസ്പിററൽസ് സ്വീപ് സ്റെറയ്ക് സ്ഥാപിച്ചു. ജപ്പാന്റെ തകാറാകൂജി 1945ൽ ആരംഭിച്ചു. ബ്രിട്ടന്റെ ഓകേയ്ഡ് ഫുട്ബോൾ പൂളുകളും പ്രീമിയം ബോണ്ട് ഡ്രോയിംഗ്സും പേരിൽ അല്ലെങ്കിലും യഥാർത്ഥത്തിൽ ഭാഗ്യക്കുറികളാണ്. 1964ൽ ഐക്യനാടുകൾ ഭാഗ്യക്കുറി വ്യാപാരത്തിലേക്ക് തിരിച്ചുവന്നു.
തുടർന്ന് 1970കളിലെ രണ്ടു വികാസങ്ങൾ ഭാഗ്യക്കുറി നടത്തിപ്പിനെ മാററിമറിച്ചു. ആദ്യത്തേത് റിട്ടെയിൽ റെറർമിനലുകളോടു ബന്ധിപ്പിച്ച കമ്പ്യൂട്ടറുകളുടെ ആഗമനം ആയിരുന്നു. കളിക്കാർക്കും തങ്ങളുടെ സ്വന്തം നമ്പറുകൾ തെരഞ്ഞെടുക്കാൻ കഴിയുന്ന ഉയർന്ന വ്യാപ്തിയിലും ഉയർന്ന ആവൃത്തിയിലുമുള്ള കളികൾ സംഘടിപ്പിക്കുക ഇപ്പോൾ സാദ്ധ്യമായിരുന്നു. തങ്ങൾ ജയിക്കുമോ എന്നു കാണുന്നതിന് ആഴ്ചകളോ മാസങ്ങളോ മേലാൽ കാത്തിരിക്കേണ്ടതില്ല. കളിക്കാർക്ക് ദിവസങ്ങൾക്കോ മണിക്കൂറുകൾക്കോ നിമിഷങ്ങൾക്കോ അകം അത് കണ്ടെത്താൻ കഴിയും.
രണ്ടാമത്തെ വികാസം ഉയർന്ന വിജയ സാദ്ധ്യതയുള്ള ഒരു പന്തയം ആയ ലോട്ടോയുടെ രംഗപ്രവേശം ആണ്. ലോട്ടോയിൽ, ജാക്ക്പോട്ട്, ജയിക്കാത്തപ്പോൾ അത് തുടർന്നുള്ള പന്തയങ്ങളിലേക്ക് ചേർക്കപ്പെടുന്നു. അനന്തരഫലമെന്ന നിലയിൽ സമ്മാനത്തുക ദശലക്ഷക്കണക്കിനു ഡോളറുകളായി വളരാൻ കഴിയും. ലോട്ടോ വന്നതോടെ വിൽപ്പന തകൃതിയാവുകയും വ്യാപാരം വമ്പിച്ചത്, യഥാർത്ഥത്തിൽ വമ്പിച്ചത് ആയിത്തീരുകയും ചെയ്തു.
നടത്തിപ്പുകാരുടെ ആകർഷണം
ഗവൺമെൻറുകൾ ചൂതാട്ടത്തെ ഉന്നമിപ്പിക്കുന്നതെന്തുകൊണ്ട്? എന്തെന്നാൽ അത് നികുതികൾ ഉയർത്താതെ പണം സ്വരൂപിക്കുന്നതിനുള്ള ഒരു എളുപ്പവഴിയാണ്. സ്ലോട്ടുമെഷീനുകളും (ദ്വാരത്തിലൂടെ നാണയം ഇട്ടു പ്രവർത്തിപ്പിച്ച് ഭാഗ്യം പരീക്ഷിക്കുന്ന യന്ത്രങ്ങൾ) റൂലെററുകളും (ഉണ്ടയുരുട്ടിയുള്ള ഒരിനം ചൂതു കളിക്കുള്ള ഉപകരണങ്ങൾ) അവ നേടുന്നതിന്റെ 95 ശതമാനത്തോളം സമ്മാനപ്പണമായി മടക്കിക്കൊടുക്കുമ്പോൾ ഭാഗ്യക്കുറികൾ 50 ശതമാനത്തിൽ കുറവു മാത്രമെ മടക്കിക്കൊടുക്കുന്നുള്ളു. ഉദാഹരണത്തിന് 1988ൽ ഐക്യനാടുകളിൽ ഓരോ ഡോളറിലും 48 സെൻറ് സമ്മാനങ്ങളായി മടക്കിക്കൊടുത്തപ്പോൾ 15 സെൻറ് ഭാഗ്യക്കുറി ഉന്നമനത്തിനും വിൽപ്പനക്കും നടത്തിപ്പിനും ഉതകി. ശേഷിച്ച 37 സെൻറ് പൊതുജനസേവനങ്ങൾക്കും വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, വയോജന സഹായം എന്നിവക്കും ഉപയോഗിച്ചു. രാജ്യത്തൊട്ടുക്കും അത് 720 കോടി ഡോളറായിരുന്നു.
എന്നാൽ ഗവൺമെൻറുകൾ കേവലം പണം ഉണ്ടാക്കാൻ വേണ്ടി മാത്രമല്ല ഭാഗ്യക്കുറികൾ സംഘടിപ്പിക്കുന്നത്. അവർ ബിസിനസ്സിൽ ഉൾപ്പെട്ടില്ലെങ്കിൽ അവർക്കും പണം നഷ്ടമായേക്കാം. അവരുടെ പൗരൻമാർ മറെറവിടെയെങ്കിലും കളിച്ചേക്കാം. അതുകൊണ്ട് ഒരു രാജ്യമോ സംസ്ഥാനമോ ഒരു ഭാഗ്യക്കുറി ആരംഭിക്കുമ്പോൾ അതിന്റെ അയൽക്കാരും അതുതന്നെ ചെയ്യുന്നതിനുള്ള സമ്മർദ്ദത്തിൻ കീഴിൽ വരുന്നു. ഈ ത്വരിതഗതിയിലുള്ള ഫലം ഐക്യനാടുകളിൽ പ്രകടമാണ്. 1964-ൽ ഒരു സംസ്ഥാനഭാഗ്യക്കുറിയെ ഉണ്ടായിരുന്നുള്ളു, എന്നാൽ 1989-ൽ 30 ഉണ്ടായിരുന്നു.
ധനത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ
നിശ്ചയമായും ഉപഭോക്തൃധനത്തിന്റെ ഒരംശം പിടിച്ചു പററാൻ ശ്രമിക്കുന്ന ധാരാളം ആളുകളുണ്ട്. അതുകൊണ്ട് ഭാഗ്യക്കുറികളിൽ പണം മുടക്കാൻ നടത്തിപ്പുകാർ എങ്ങനെയാണ് പൊതു ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്? പരസ്യകലയിലൂടെ! പ്രേരണാകലയിലെ വിദഗ്ദ്ധരെ ക്ഷണിച്ചുവരുത്തുന്നതിനാൽ!
ആർജ്ജിക്കുന്ന പണത്തിന്റെ ഒരു പങ്ക് വിദ്യാഭ്യാസ ഫണ്ടിനെ സഹായിക്കുമെന്നോ വയോജന സംരക്ഷണത്തിന് പ്രദാനംചെയ്യുമെന്നോ ഈ പരസ്യങ്ങൾ ഊന്നിപ്പറയുമോ? തികച്ചും വിഭിന്നം! അത് അപൂർവമായേ സൂചിപ്പിക്കപെടുന്നുള്ളു. പകരം, പരസ്യങ്ങൾ ദശലക്ഷക്കണക്കിന് ഡോളറുകൾ നേടുന്നത് എത്ര രസമാണ് എന്നതിന് ഊന്നൽ കൊടുക്കുന്നു. ഇതാ ചില ഉദാഹരണങ്ങൾ:
□ “കാനഡായുടെ മഹത്തായ ബഹുദശലക്ഷം ഡോളറിന്റെ ലോട്ടോ 6⁄49ൽ കളിക്കുമ്പോൾ . . . ധനികരുടെയും പ്രശസ്തരുടെയും അതിമഹത്തായ ജീവിതശൈലി ഇതാ സത്വരം നിങ്ങളുടേതാണ്.”
□ “ഫ്ളോറിഡാ ഭാഗ്യക്കുറി . . . അമേരിക്കയിലെ ഏററവും വലിയ ഭാഗ്യക്കുറിയിൽ ധനികരാകുക.”
□ “ജർമ്മനിയിൽ ഉണ്ടാക്കപ്പെട്ട പണം.
□ പെട്ടെന്നു ധനം നേടുകയും ഒററരാത്രികൊണ്ട് ലക്ഷാധിപതിയായിത്തീരുകയും ചെയ്യുക
വില്പനയില്ലേ? നിശ്ചയമായും! പരസ്യത്തിന്റെ സ്വരം താഴ്ത്തുന്നതിന് ശ്രമിച്ചാൽ സാധാരണയായി അതു ടിക്കററുകൾ വിൽക്കാതിരിക്കുന്നതിൽ കലാശിക്കുന്നു. യഥാർത്ഥത്തിൽ നടത്തിപ്പുകാർ പുതിയ കളിക്കാരെ വ്യാമോഹിപ്പിക്കുന്നതിനും പഴയവരെ തൽപ്പരരാക്കി നിർത്തുന്നതിനും ഏറെ തീവ്രമായ പന്തയക്കളികളിലേക്കും വിപണനങ്ങളിലേക്കും തിരിഞ്ഞിരിക്കുന്നു. നടത്തിപ്പുകാർ പുതുമയായി കാണപ്പെടുന്ന എന്തെങ്കിലും സ്ഥിരമായി വാഗ്ദാനം ചെയ്തുകൊണ്ടിരിക്കേണ്ടതുണ്ട്. ഓറിഗോണിന്റെ ലോട്ടറി ഡയറക്ടർ ജയിംസ് ഡേവി, “ഞങ്ങൾക്ക് ചൂതാട്ടത്തിന് വിഷയങ്ങൾ ഉണ്ട്. ഒളിമ്പിക്സിന് ഞങ്ങൾ അതേപ്പററി പറയുന്നു. ക്രിസ്മസ്സിന് ഞങ്ങൾ വിശുദ്ധ ദിനത്തിനുവേണ്ടിയുള്ള പണത്തെപ്പററി പറയുന്നു. ഭാഗ്യനക്ഷത്രങ്ങളോടൊപ്പം ഞങ്ങൾ ആളുകളുടെ ജ്യോതിഷ ചിഹ്നങ്ങളിൽ കളി നടത്തുന്നു. നിങ്ങൾ രണ്ടോ മൂന്നോ നാലോ അഞ്ചോ കളികൾ ഒരേ സമയത്ത് നടത്തുകയാണെങ്കിൽ അധികം ടിക്കററുകൾ വിററഴിക്കുന്നതായി ഞങ്ങൾ കണ്ടെത്തുന്നു” എന്നു പറയുകയുണ്ടായി.
എന്നാൽ ഏററവും വലിയ ആകർഷണം ഒരു അതിഭീമമായ ജാക്ക്പോട്ട് ആണ്. ലോട്ടോയിൽ സമ്മാനപ്പണം കുമിഞ്ഞു കയറുമ്പോൾ, 1989ൽ പെൻസിൽവേനിയായിൽ 11.5 കോടി ഡോളറിലെത്തിയപ്പോൾ സംഭവിച്ചതുപോലെ, അത് വലിയ വാർത്തയായിത്തീരുന്നു. ഒരു “ചൂതാട്ടക്കാരന്റെ എരിയുന്ന ഉൻമാദം” എന്ന് ഒരെഴുത്തുകാരൻ വിളിച്ചതിൽ ടിക്കററുകൾ വാങ്ങാൻ ആളുകൾ ഭ്രാന്തമായി പരക്കം പായുന്നു. ഈ അപസ്മാരത്തിൻമദ്ധ്യേ സാധാരണയായി ഭാഗ്യക്കുറി കളിക്കാത്തവർപോലും അവരുടെ പണവുമായി എത്തിച്ചേരുന്നു. (g91 5/8)
[6-ാം പേജിലെ ചതുരം]
ചൂതാട്ടജ്വരവുംമതവും
“കത്തോലിക്കാസഭ എന്നെ ചൂതാട്ടം പഠിപ്പിച്ചിരിക്കുന്നു. ബിംഗോയും റാഫിളുകളും (ഭാഗ്യ പരീക്ഷണങ്ങൾ) ഭാഗ്യക്കുറിയിൽ നിന്നു തീർത്തും വിഭിന്നമല്ല. കത്തോലിക്കാ സഭ നേതൃത്വമെടുത്ത് എല്ലാ ചൂതാട്ടങ്ങളും അവസാനിപ്പിക്കുമെങ്കിൽ ഞാൻ ഭാഗ്യക്കുറി കളിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്ന ആശയം പുനഃപരിഗണിക്കാം. ഞാൻ അത്യാഗ്രഹിയാണെങ്കിൽ അത് സഭയുടെ ഒരു കൂദാശ ആയതുകൊണ്ടുമാത്രമാണ്.”—യു.എസ്സ്. കാത്തലിക്ക് മാസികക്ക് വായനക്കാരൻ എഴുതിയത്.
“നോട്ടർഡാം യൂണിവേഴ്സിററി, കത്തോലിക്കാ ഇടവകകളിൽ നടത്തിയ ഒരു സർവേ പ്രകാരം ഞായറാഴ്ചത്തെ കുർബ്ബാനക്കുശേഷം കത്തോലിക്കാ പള്ളികളിൽ ഏററവുമധികം ആളുകൾ സംബന്ധിക്കുന്ന രണ്ടാമത്തെ ചടങ്ങ് വാരംതോറുമുള്ള ബിംകോ പന്തയങ്ങൾ ആണ്.” എന്നുവരികിലും ബിംകോ പന്തയങ്ങളിൽ സംബന്ധിക്കുന്നവരിൽ അധികവും പള്ളിയിൽ പോകുന്നില്ലെന്ന് നിരവധി പുരോഹിതൻമാർ ഉറപ്പിച്ചു പറയുന്നു—ദി സൺഡേ സ്ററാർ ലെഡ്ജർ, ന്യൂ ജേഴ്സി, യു.എസ്സ്.എ.
സ്പാനിഷ് വാരികയായ എബിസിയുടെ, അന്തർദ്ദേശീയ പതിപ്പിലെ തലക്കെട്ട് “വിശുദ്ധ പാൻക്രാസ് മാഡ്രിഡിന് ഭാഗ്യം കൈവരുത്തി” എന്നതായിരുന്നു. “മാഡ്രിഡിൽ വിതരണം ചെയ്യപ്പെട്ടിരുന്ന 25 കോടി (പെസ്ററാ; അഥവാ ഇന്ന് 25,00,000 യു.എസ്സ്. ഡോളർ) യുടെ ഗോർഡോ (വമ്പൻ) 21515 എന്ന ഒരേയൊരു സീരീസ് വിററ ഭാഗ്യക്കുറിക്കടയിലെ രണ്ടു തൊഴിലാളികൾ ‘അത് വിശുദ്ധ പാൻക്രാസ് ആയിരുന്നു’ എന്ന് വീണ്ടും വീണ്ടും ആശ്ചര്യപ്പെട്ടു. തങ്ങളുടെ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനായിരുന്ന വിശുദ്ധന്റെ പ്രതിമയിൽ അയമോദകചില്ലകൊണ്ടുള്ള അലങ്കാരം ചാർത്തിയശേഷം ക്രിസ്മസ്സ് ഗോർഡോ വിൽക്കാനുള്ള നല്ല ഭാഗ്യം ഉണ്ടാകുവാൻവേണ്ടി അവർ വിശുദ്ധനോട് പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു എന്ന് ഏററുപറഞ്ഞു” എന്ന് മാസിക തുടർന്നു.
“തങ്ങളുടെ ഭാഗ്യം വിശദമാക്കാനുള്ള വഴികൾ കണ്ടെത്താൻ പരിശ്രമിക്കവേ, പഴയ വിജയികൾ, ദൈവവും വിധിയും പണം നേടുന്നതിന് തങ്ങളെ വേർതിരിച്ചിരുന്നു എന്ന് വിശ്വസിക്കുന്നതിന് ചായ്വ് കാട്ടി. . . . ‘ഭാഗ്യദൗർഭാഗ്യങ്ങൾ ഒരു യാദൃച്ഛികതയല്ല, പ്രത്യുത എന്തിലെങ്കിലും അർപ്പിതമാണ് എന്ന് നാം വിശ്വസിക്കേണ്ടതുണ്ട്, ദൈവത്തിനല്ലാതെ മററാരിലാണ് അത് അർപ്പിക്കാൻ കഴിയുക?’ എന്ന് മിയാമി സർവകലാശാലയിലെ ഒരു മനശ്ശാസ്ത്രപ്രൊഫസ്സറായ ഡോ. ജാക്. എ. കാപ്ചൻ പറഞ്ഞു.”—ദി ന്യൂയോർക്ക് ടൈംസ്.
ഭാഗ്യത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു? അവിശ്വസ്ത ഇസ്രയേലിനോട് യഹോവ പറഞ്ഞു: “നിങ്ങൾ യഹോവയെ ഉപേക്ഷിക്കുന്നവരാണ്. എന്റെ വിശുദ്ധ പർവ്വതത്തെ വെറുക്കുന്നവർ, ഭാഗ്യദൈവത്തിന് ഒരു മേശ ഒരുക്കുകയും വിധിദൈവത്തിന് വീഞ്ഞുകലർത്തി നിറച്ചു വെക്കുന്നവരും തന്നെ.”—യെശയ്യാവ് 65:11,NW.
ആപേക്ഷികമായി ചുരുങ്ങിയ വിജയികളിൽ തങ്ങളുടെ ഒററപ്പെട്ട ഭാഗ്യം തോററ ദശലക്ഷങ്ങളുടെ ഭാഗ്യക്കേടിലധിഷ്ഠതമാണെന്ന് നിന്നു ചിന്തിക്കുന്നവർ എത്രപേർ ഉണ്ട്? ചൂതാട്ടം ഏതെങ്കിലും വിധത്തിൽ അയൽസ്നേഹം പ്രതിഫലിപ്പിക്കുന്നുണ്ടോ? പ്രപഞ്ചത്തിന്റെ പരമാധീശ കർത്താവ്, ചൂതാട്ടം പോലുള്ള സ്വാർത്ഥദുരുപായങ്ങളിൽ തന്നെത്തന്നെ ഉൾപ്പെടുത്തേണ്ടതാണെന്നു ചിന്തിക്കുന്നത് ന്യായയുക്തമോ ബൈബിൾപരമോ ആണോ?—മത്തായി 22:39.