ഭാഗ്യക്കുറിജ്വരം ലോകത്തിന്റെ ചൂതാട്ടം
“ആകെ നിങ്ങൾക്കു വേണ്ടത് ഒരു ഡോളറും ഒരു സ്വപ്നവും ആണ്.” ആ സ്വപ്നം 4.5 കോടി ഡോളറിന്റെ ന്യൂയോർക്ക് ലോട്ടറി ജാക്ക്പോട്ടിൽ വിജയിക്കുക എന്നതായിരുന്നു. ഒരു ഡോളറിന് ജയിക്കുന്നതിനുള്ള ഒരു കുറി വിററിരുന്നു. ദശലക്ഷക്കണക്കിന് സ്വപ്നക്കാർ എത്തി. തങ്ങളുടെ ടിക്കററുകൾ വാങ്ങാൻ നിരയിൽ നിൽക്കവേ, സമ്മാനത്തുക നേടിയാൽ തങ്ങൾ വാങ്ങിയേക്കാവുന്ന വിലാസനൗകകൾ, രോമക്കുപ്പായങ്ങൾ, ബംഗ്ലാവുകൾ തുടങ്ങിയ വസ്തുക്കളെക്കുറിച്ച് അവർ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ രാജ്യത്തൊട്ടാകെ മിനിററിൽ 28,000 എന്ന നിരക്കിൽ അവർ ടിക്കററുകൾ അടിച്ചെടുത്തു. നറുക്കെടുപ്പിനു മുമ്പുള്ള അവസാന മൂന്നു ദിവസങ്ങളിൽ അവർ 3 കോടി 74 ലക്ഷം ടിക്കററുകൾ വാങ്ങി.
ജപ്പാനിൽ വർഷാവസാന ജംബോ തകാറാകൂജി (ഭാഗ്യക്കുറി)യിലേക്കുള്ള ടിക്കററുകൾ വാങ്ങാൻ ആളുകൾ തടിച്ചുകൂടുന്ന 10,000 ഔദ്യോഗിക ഭാഗ്യക്കുറി ബൂത്തുകളിൽ എല്ലായ്പ്പോഴും തകൃതിയായി വ്യാപാരം നടക്കുന്നു. മുൻവർഷങ്ങളിൽ 5 ഒന്നാം നമ്പർ ടിക്കററുകൾ വിററതായി റിപ്പോർട്ടുചെയ്യപ്പെടുന്ന ടോക്കിയോയിലെ ഒരു ബൂത്തിൽ വ്യാപാരത്തിനായി ബൂത്ത് തുറന്നപ്പോൾ തന്നെ ഏതാണ്ട് 300 ആളുകൾ നിരയിൽ നിൽക്കുന്നുണ്ടായിരുന്നു. ‘ആദ്യം എത്തുന്ന പക്ഷി’യെയാണ് ഭാഗ്യം തുണയ്ക്കുന്നതെന്നു വിശ്വസിച്ച ഒരു യുവതി പുലർച്ചെ 1 മണി മുതൽ കാത്തു നിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ മോഹനമായ ജാക്ക്പോട്ട് 10 കോടി യെൻ (7,14,285 യു. എസ്സ്. ഡോളർ) എന്ന റെക്കോഡ് ആയിരുന്നു.
‘ലോട്ടോ കോളേജ് ഏരിയ’ എന്ന് തദ്ദേശവാസികൾ വിളിക്കുന്ന ഒരു സ്ഥലം ടിക്കററ് വാങ്ങാനും ഭാവി നമ്പറുകൾ ഊഹിച്ചെടുക്കാനും വന്നിട്ടുള്ള ആളുകളെക്കൊണ്ട് എപ്പോഴും തിങ്ങിനിറഞ്ഞിരിക്കുന്നു. കഴിഞ്ഞകാലത്ത് ജയിച്ചിട്ടുള്ള നമ്പറുകളിൽ നിന്ന് ഭാവിയിലെ നമ്പറുകളിലേക്കുള്ള ചില സൂചനകൾ കണ്ടെത്താം എന്ന് പ്രത്യാശിക്കുന്നവർക്കായി കഴിഞ്ഞകാലത്ത് വിജയിച്ചിട്ടുള്ള നമ്പറുകളുടെ നീണ്ട പട്ടികകൾ വിൽക്കപ്പെടുന്നു. പ്രകൃത്യാതീത ജ്ഞാനത്തിൽ വിശ്വസിക്കുന്നവർക്കായി ഒരു ഫീസ് ഈടാക്കിക്കൊണ്ട് വാതുവെക്കേണ്ട നമ്പറുകൾ പ്രവചിച്ചു പറയുന്നതിന് പ്രവചിക്കുന്നവരായ ലോട്ടോ പ്രവാചകൻമാർ ലഭ്യരാണ്.
ഇതെല്ലാം ഒററപ്പെട്ട സംഭവങ്ങളാണോ? ഒരു വിധത്തിലുമല്ല. ഭാഗ്യക്കുറിജ്വരം ഒരു സമസ്തവ്യാപകവ്യാധിയാണ്. അത് സകല ഭൂഖണ്ഡങ്ങളിലും ജ്വലിക്കുകയാണ്. ധനിക രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും അത് ആളിക്കത്തുന്നു. സകല സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ തലങ്ങളിലുള്ള ആബാലവൃദ്ധം പേരെയും അത് ആവേശം കൊള്ളിക്കുന്നു.
അതേ, ഭാഗ്യക്കുറികൾ വൻ വ്യാപാരമാണ്. വ്യാപാരം കുതിച്ചുയരുകയുമാണ്. ഐക്യനാടുകളിൽ തന്നെ 1989-ൽ സംസ്ഥാന ഭാഗ്യക്കുറികൾ 1,850 കോടി ഡോളർ നേടി. കേവലം 27 വർഷങ്ങൾക്കു മുമ്പ് ആ സംഖ്യ പൂജ്യം ആയിരുന്നു. എന്നാൽ ഇപ്പോൾ ഭാഗ്യക്കുറികൾ ഐക്യനാടുകളിലെ ചൂതാട്ട രീതികളിൽ രണ്ടാമത്തേതും കമ്പ്യൂട്ടർ വ്യവസായത്തോടൊപ്പം ഓരോ വർഷവും 17.5% കണ്ട് സത്വരം വളരുന്നതുമായ ഒരു വ്യവസായമാണ്.
ഗെയിമിങ്ങ് ആൻറ് വേഗറിങ്ങ് ബിസിനസ് എന്ന മാസികയിലെ ലഭ്യമായ പുതിയ അക്കങ്ങളനുസരിച്ച് 1988-ലെ ലോകവിസ്തൃത ഭാഗ്യക്കുറി വില്പന 5,638 കോടി ഡോളറെന്ന ഒരു ഭീമമായ സംഖ്യയാണ്. അത് ഭൂമിയിലുള്ള ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും 10 ഡോളറിലധികം വരുന്നു! അതും ഒരൊററ വർഷത്തിനകം!
ഭാഗ്യക്കുറികൾ അഭിവൃദ്ധിപ്പെടുകയാണ് എന്നത് ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നിരിക്കേ അനേകർ അതിനെതിരെ ശക്തമായി വാദിക്കുന്നു. അടുത്ത രണ്ടു ലേഖനങ്ങൾ ഭാഗ്യക്കുറികളുടെ വളർന്നുവരുന്ന ജനപ്രീതിയെയും അവക്കു പിന്നിലെ വിവാദത്തെയും പരിശോധിക്കുന്നു. വസ്തുതകൾ പരിഗണിക്കുമ്പോൾ ഭാഗ്യക്കുറികൾ നിങ്ങൾക്കുള്ളതാണോ എന്നു തീരുമാനിക്കുന്നതിന് നിങ്ങൾ പ്രാപ്തരാകും. അതിൽ പങ്കെടുക്കുന്നത് ബുദ്ധിപൂർവകമാണോ? അതു ജയിക്കുക എന്നത് എത്ര എളുപ്പമാണ്? നിങ്ങൾക്ക് പണത്തേക്കാളധികം നഷ്ടപ്പെടാൻ കഴിയുമോ? (g91 5/8)