വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
◼ആദായം ഒരു ധർമ്മസ്ഥാപനത്തിനാണ് ലഭിക്കുന്നതെങ്കിൽ ഒരു ക്രിസ്ത്യാനി വെറും വിനോദത്തിനായി ലോട്ടറിററിക്കററുകൾ വാങ്ങുന്നത ഉചിതമാണോ?
ബൈബിൾ തീർച്ചയായും ഉചിതമായ വിനോദത്തെ നിരുൽസാഹപ്പെടുത്തുന്നില്ല, എന്തുകൊണ്ടെന്നാൽ യഹോവ “സന്തുഷ്ടനായ ദൈവ”മാകുന്നു. (1 തിമൊഥെയോസ് 1:11) അവന്റെ ജനത്തിന് സംഗീതവും വിനീതമായ നൃത്തവും മിതമായ തീററിയും അല്ലെങ്കിൽ കുടിയും സന്തുലിതമായ സ്പോർട്ട്സും ഗെയിംസും ആസ്വദിക്കാൻകഴിയും. (സങ്കീർത്തനം 150:4; സഭാപ്രസംഗി 2:24) എന്നിരുന്നാലും, ചൂതാട്ടം വ്യക്തമായും ദൈവത്തിന്റെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശത്തിനു വിരുദ്ധമാണ്, ഇത് ലോട്ടറികളിലെ പങ്കുപററലിനെസംബന്ധിച്ച് സത്യമാണ്.
കൃത്യമായി എന്താണ് ലോട്ടറി? അതിൽ സമ്മാനങ്ങൾ നേടുന്നതിനുള്ള അവസരം കിട്ടുന്നതിന് ററിക്കററുകൾ വാങ്ങുന്നതുൾപ്പെട്ടിരിക്കുന്നു. വിജയികളെ നിശ്ചയിക്കുന്നത് ഒരു നമ്പർ എടുക്കുന്നതിനാലോ ഒരു നമ്പർ തെരഞ്ഞെടുക്കുന്നതിനുള്ള ഏതെങ്കിലും ആകസ്മികരീതിയാലോ ആണ്.a മിക്കപ്പോഴും ഒരു വമ്പിച്ച സമ്മാനമുണ്ടായിരിക്കും, ഒരുപക്ഷേ ദശലക്ഷക്കണക്കിന് രൂപയോ ഡോളറോ പവനോ ആയിരിക്കാം. അത്ര വമ്പിച്ച സമ്മാനത്തിന്റെ ആകർഷണം വളരെ വലുതായതിനാൽ ലോട്ടറികൾ “ഏററം വിപുലവ്യാപകമായ ചൂതാട്ട”രീതിയായിത്തീർന്നിരിക്കുന്നു. (ദിവേൾഡ ബുക്ക എൻസൈക്ലോപ്പീഡിയാ) ലോട്ടറികൾമുഖേന ദശലക്ഷക്കണക്കിനാളുകൾ ചൂതാട്ടത്തിലേർപ്പെടുന്നു.
ഒരു ററിക്കററിന്റെ വില (അവസരം) തുച്ഛമായിരിക്കാവുന്നതുകൊണ്ടും പങ്കുപററുന്നവർ സ്വമേധയാ അങ്ങനെ ചെയ്യുന്നതുകൊണ്ടും ആദായത്തിൽ കുറെ ദരിദ്രരെ സഹായിക്കുന്നതുപോലെ ദാനധർമ്മപരമായ ഉദ്ദേശ്യത്തിൽ ഉപയോഗിച്ചേക്കാമെന്നതുകൊണ്ടും ഒരു ലോട്ടറിയിൽ ഉൾപ്പെടുന്നത് തെറേറാ മോശമോ അല്ലെന്ന് ചിലർ ന്യായവാദംചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ന്യായവാദം എത്ര പ്രബലമാണ്?
ഒരു ലോട്ടറിററിക്കററു വാങ്ങുന്നത് ലളിതവും ചെലവുകുറഞ്ഞതുമായ ഒരു വിനോദമാണെന്ന് ചിലർ അവകാശവാദംചെയ്യുന്നുവെന്നിരിക്കെ, അത്യാഗ്രഹത്തിന്റെ വസ്തുതയെ നിഷേധിക്കാനാവില്ല. ധാരാളം പണം കിട്ടാനാഗ്രഹിച്ചുകൊണ്ടാണ് ആളുകൾ ലോട്ടറിററിക്കററുകൾ വാങ്ങുന്നത്. ഇത് തീർച്ചയായും അത്യാഗ്രഹത്തിനെതിരായ ദിവ്യബുദ്ധിയുപദേശത്തിനു വിരുദ്ധമാണ്, അത്യാഗ്രഹം ഒരു വ്യക്തിയെ ‘ദൈവരാജ്യം അവകാശപ്പെടുത്തുന്ന’തിൽനിന്ന് തടയാൻകഴിയുന്ന ഒരു ഗുരുതരമായ ദുർഗ്ഗുണമായിരിക്കാൻ കഴിയും. അതുകൊണ്ട്, ഒരു ക്രിസ്ത്യാനി ചൂതാട്ടത്താൽ തുടർച്ചയായ അത്യാഗ്രഹം പ്രകടമാക്കുന്നുവെങ്കിൽ, അയാളെ സഭയിൽനിന്ന് പുറന്തള്ളാവുന്നതാണ്. (1 കൊരിന്ത്യർ 5:11; 6:10) ബൈബിൾ ഇങ്ങനെ പറയുന്നു: “ആദ്യം ഒരു അവകാശം അത്യാഗ്രഹത്താൽ ലഭിക്കുന്നു, എന്നാൽ അതിന്റെ സ്വന്തം ഭാവി അനുഗൃഹീതമായിരിക്കുകയില്ല.” (സദൃശവാക്യങ്ങൾ 20:21) ഒരു ലോട്ടറിയിൽ ഒരു ഭാഗ്യപരീക്ഷണം നടത്താനുള്ള ഒരു പ്രചോദനം ഒരു ക്രിസ്ത്യാനിക്കു തോന്നുന്നുവെങ്കിൽ, ലോട്ടറിയുടെ അടിസ്ഥാനമായ അത്യാഗ്രഹത്തെക്കുറിച്ച് അയാൾ സഗൗരവം ചിന്തിക്കണം. ‘നമ്മുടെ ഇടയിൽ അത്യാഗ്രഹം പറയപ്പെടുകപോലുമരുത്’എന്ന് എഫേസ്യർ 5:3 പറയുന്നു, ഒരു ക്രിസ്ത്യാനി അതിനു വഴങ്ങുന്ന കാര്യം പറകയേ വേണ്ട.
ലോട്ടറിയിൽ പങ്കെടുക്കുന്നവരുടെ ഏറിയ പങ്കും സാധാരണയായി ദരിദ്രസമൂഹങ്ങളിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് ഒരു ററിക്കററിന്റെ വില തുച്ഛമാണെങ്കിൽപോലും, യഥാർത്ഥ കുടുംബാവശ്യത്തിന്—കൂടുതൽ ഭക്ഷണത്തിനും വേണ്ടത്ര വസ്ത്രത്തിനും മെച്ചച്ചെട്ട വൈദ്യപരിചരണത്തിനും—ഉതകേണ്ട പണം തിരിച്ചുവിടപ്പെടുന്നു. ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുകയും അങ്ങനെയുള്ള കുടുംബാവശ്യങ്ങളെ അവഗണിക്കുകയുംചെയ്യുന്ന ഒരാൾ “വിശ്വാസമില്ലാത്ത ഒരാളെക്കാൾ മോശമാണ്.”—1 തിമൊഥെയോസ് 5:8.
ഒരു ലോട്ടറിററിക്കററിന്റെ വില ഒരുവന്റെ വ്യക്തിപരമൊ കുടുംബപരമോ ആയ സാമ്പത്തികനിലയെ ഗണ്യമായി ദ്രോഹിക്കുകയില്ലെങ്കിൽ പോലും മററുള്ളവർ ഉപദ്രവിക്കപ്പെടുന്നില്ലെന്ന് അതിന് അർത്ഥമില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഒരു ലോട്ടറിററിക്കററ് വാങ്ങുന്ന ഏവനും വിജയിക്കാനാഗ്രഹിക്കും. അയാളുടെ സമ്മാനത്തുക എവിടെ നിന്നാണുണ്ടാകുന്നത്? അയാളുടെ ടിക്കററിന്റെ വില പത്തു രൂപയും സമ്മാനത്തുക ഒരു ദശലക്ഷം രൂപയുമാണെങ്കിൽ അയാൾ മററുള്ള ഒരു ലക്ഷംപേരുടെ ടിക്കററുപണം സ്വീകരിക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം. അത് മററുള്ളവരുടെ വിലയുള്ള വസ്തുക്കൾ മോഹിക്കരുത് എന്നുള്ള ദൈവിക ബുദ്ധിയുപദേശത്തോട് പൊരുത്തപ്പെടുന്നുണ്ടോ? (ആവർത്തനം 5:21) യഥാർത്ഥത്തിൽ അയാളുടെ സമ്മാനത്തിൽ വേറെ ഒട്ടേറെപ്പേരിൽനിന്നും എടുത്ത പണം ഉൾപ്പെടും, എന്തുകൊണ്ടെന്നാൽ ഒരു ലക്ഷത്തേക്കാൾ വളരെയധികം ടിക്കററുകൾ വിൽക്കേണ്ടതുണ്ട്. ടിക്കററുപണത്തിന്റെ ഒരു നല്ല തുക ഭരണപരമായ ചെലവുകൾക്ക് വിനിയോഗിക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ ലോട്ടറിയുടെ സദുദ്ദേശ്യമായി കൊട്ടിഘോഷിക്കപ്പെടുന്ന ദാനധർമ്മോദ്ദേശ്യത്തിനായി കുറെ പണവും ചെലവഴിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്റെ സ്വന്തം ടിക്കററിന്റെ പത്തുരൂപ ഒരാൾക്ക് വഹിക്കാൻ കഴിയുമെങ്കിലും മററു നിരവധിയാളുകളെ സംബന്ധിച്ചെന്ത്? മാത്രവുമല്ല, നിർവാഹമില്ലെങ്കിൽപോലും ലോട്ടറിയിൽ ചേരാനോ കൂടുതൽ ടിക്കററുകൾ വാങ്ങാനോ അനേകരെ പ്രേരിപ്പിച്ചുകൊണ്ട് അയാളുടെ വിജയം പ്രസിദ്ധമാക്കാനിടയുണ്ട്.
പണിയെടുക്കാതെ പണം നേടുന്നതിനെക്കുറിച്ചുള്ള സ്വപ്നവും ലോട്ടറിയോട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതും നിഷേധിക്കാനാവില്ല. അതെ, ലോട്ടറി അലസതയെ പ്രോത്സാഹിപ്പിക്കുകയോ അതിനെ ആകർഷകമാക്കുകയോ ചെയ്യുന്നു. എന്നിരുന്നാലും ദൈവത്തിന്റെ ജനം മിതവ്യയം ചെയ്യുന്നവരും കർമ്മോത്സുകരും കഠിനാദ്ധ്വാനികളുമായിരിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. ‘മുടക്കില്ലാതെ എന്തെങ്കിലും നേടുക’ എന്ന ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം “ആരെങ്കിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവൻ തിന്നുകയും വേണ്ട” എന്ന് അത് ബുദ്ധിയുപദേശിക്കുന്നു.—2 തെസ്സലോനിക്യർ 3:10; സദൃശവാക്യങ്ങൾ 13:4; 20:4; 21:25; 1 തെസ്സലോനിക്യർ 4:9-12.
മററുള്ളവർ സ്വന്ത ഇഷ്ടപ്രകാരം ഒരു ലോട്ടറിയിൽ ചേരുന്നതും അത് നിയമാധിഷ്ഠിതമാണെന്നുള്ളതും ക്രിസ്ത്യാനികൾ അതിൽ ചേരുന്നതിനെ ന്യായീകരിക്കുന്നില്ല. ചില ഗവൺമെൻറുകൾ മററു രൂപങ്ങളിലുള്ള ചൂതാട്ടവും അതുപോലെതന്നെ വ്യഭിചാരവും ബഹുഭാര്യാത്വവും നിയമാധിഷ്ഠിതമാക്കുന്നു. അങ്ങനെയുള്ളവ നിയമാധിഷ്ഠിതം ആയിരിക്കയും അനേകർ മനസ്സോടെ അവയിൽ ഉൾപ്പെടുകയും ചെയ്യുന്നുവെങ്കിലും അങ്ങനെയുള്ള പ്രവർത്തനങ്ങൾ ദൈവത്തിന്റെ ദൃഷ്ടിയിൽ ഉചിതമാണെന്ന് അതിനർത്ഥമില്ല. പകരം ക്രിസ്ത്യാനികൾ ദാവീദിന്റെ വീക്ഷണം പ്രതിഫലിപ്പിക്കാൻ കഠിനശ്രമം ചെയ്യുന്നു: “യഹോവേ നിന്റെ സ്വന്തം വഴികൾ എന്നെ അറിയിക്കേണമേ; നിന്റെ സ്വന്തം പാതകൾ എന്നെ പഠിപ്പിക്കേണമേ. നിന്റെ സത്യത്തിൽ എന്നെ നടത്തുകയും എന്നെ പഠിപ്പിക്കുകയും ചെയ്യേണമേ, എന്തുകൊണ്ടെന്നാൽ നീ എന്റെ രക്ഷയുടെ ദൈവമാകുന്നു.”—സങ്കീർത്തനം 25:4, 5.
ഒരു ക്രിസ്ത്യാനി ദരിദ്രരെയോ വികലരെയോ പ്രായാധിക്യമുള്ളവരെയോ യഥാർത്ഥമായി സഹായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾക്ക് തീർച്ചയായും നേരിട്ടൊ ചൂതാട്ടം ഉൾപ്പെടാത്ത ഒരു വിധത്തിലൊ അങ്ങനെ ചെയ്യാൻ കഴിയും. (w89 7/15)
[അടിക്കുറിപ്പ്]
a ലോട്ടറി എന്ന് വിപുലമായി അറിയപ്പെടുന്നുവെങ്കിലും ഇത്തരം ചൂതാട്ടത്തെയും റാഫിൾ എന്നൊ സ്വീപ്സ്റെറയ്ക്സ് എന്നൊ പൂൾ എന്നൊ മറേറതെങ്കിലും സ്ഥലപരമായ പേരൊ വിളിക്കാൻ കഴിയും.