അരക്ഷിതാവസ്ഥ ഒരു ആഗോള വ്യാധി
നിങ്ങളുടെ ജീവിതവും ജീവിതരീതിയും അരക്ഷിതത്വത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പിടിയിൽ അമരുന്നതായി ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നാറുണ്ടോ? നിങ്ങൾക്കു മാത്രമല്ല, ദശലക്ഷക്കണക്കിന് ആളുകൾക്ക് അങ്ങനെ തോന്നുന്നു. ദേശീയമോ മതപരമോ സാമൂഹികമോ ആയ അതിർ വരമ്പുകളെല്ലാം ഭേദിച്ച് അരക്ഷിതാവസ്ഥ ഒരു പകർച്ച വ്യാധി പോലെ ലോകമെമ്പാടും ഉള്ള ആളുകളെ ബാധിക്കുന്നു.
ജീവിതം അരക്ഷിതാവസ്ഥയിൽ ആയിരിക്കുമ്പോൾ, ഒരു നിഘണ്ടു പറയുന്നതു പോലെ, നമ്മെ “ഭയവും ഉത്കണ്ഠയും ഗ്രസിക്കുന്നു.” സമ്മർദം ഉളവാക്കുന്ന ഒരു വൈകാരിക ഭാരമാണ് ഉത്കണ്ഠ. അതു നമ്മുടെ ആരോഗ്യത്തെ ക്ഷയിപ്പിച്ചേക്കാം. എന്നാൽ, നമുക്ക് ഉത്കണ്ഠയും അരക്ഷിതത്വവും തോന്നാൻ കാരണം എന്താണ്?
യൂറോപ്പിലെ ഉത്കണ്ഠകൾ
യൂറോപ്യൻ യൂണിയനിൻ (ഇയു) 6-ൽ ഒരാൾ വീതം ദാരിദ്ര്യ രേഖയ്ക്കു താഴെയാണു ജീവിക്കുന്നത്. 1.8 കോടി ആളുകൾ തൊഴിൽരഹിതർ ആണ്. അസംഖ്യം ആളുകൾ തൊഴിൽ നഷ്ടപ്പെടുമെന്ന ഭയത്തിൽ കഴിയുന്നു. നിരവധി ഇയു ദേശങ്ങളിൽ ബാലരതിപ്രിയർ മൂലം മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ കുറിച്ചു ഭയചിത്തരാണ്. ഒരു ഇയു രാജ്യത്ത് 3-ൽ 2 പേർ വീതം കുറ്റകൃത്യ ഭീഷണി നിമിത്തം ഉത്കണ്ഠാകുലരാണ്. റൗഡിത്തരം, ഭീകരപ്രവർത്തനം, മലിനീകരണം എന്നിവ മൂലം മറ്റ് ഇയു ദേശനിവാസികളും പൂർവാധികം പരിഭ്രാന്തരാണ്.
ജീവിതവും ഉപജീവനമാർഗവും പ്രതിസന്ധിയിൽ ആയിരിക്കുന്നതിന് അത്തരം സാമൂഹിക ധർമഭ്രംശങ്ങൾക്കു മാത്രമല്ല ഉത്തരവാദിത്വം ഉള്ളത്, പ്രകൃതി ദുരന്തങ്ങൾക്കും അതിൽ പങ്കുണ്ട്. ഉദാഹരണത്തിന്, 1997-ലും 1998-ലും പേമാരിയും മണ്ണിടിച്ചിലും ചുഴലിക്കാറ്റും ഐക്യനാടുകളുടെ ചില ഭാഗങ്ങളെ തകർത്തു തരിപ്പണമാക്കി. 1997-ൽ ഓഡെർ, നൈസ എന്നീ നദികൾ കരകവിഞ്ഞ് ഒഴുകിയതിന്റെ ഫലമായി മധ്യ യൂറോപ്പ് പ്രളയത്തിലായി. പോളണ്ടിലെ വാരികയായ പോളിറ്റിക്കാ പറയുന്ന പ്രകാരം, വിശാലമായ കൃഷിയിടങ്ങളും 86 നഗരങ്ങളും പട്ടണങ്ങളും ഏതാണ്ട് 900 ഗ്രാമങ്ങളും വെള്ളത്തിന് അടിയിലായി. 50,000-ത്തോളം കുടുംബങ്ങൾക്ക് വിളകൾ നഷ്ടമായി. ഏകദേശം 50 പേർക്ക് ജീവഹാനി സംഭവിച്ചു. 1998-ന്റെ തുടക്കത്തിൽ ദക്ഷിണ ഇറ്റലിയിൽ ഉണ്ടായ ഉരുൾപൊട്ടലുകളിൽ ബഹുദശം ആളുകൾ കൊല്ലപ്പെടുകയുണ്ടായി.
വ്യക്തിപരമായ സുരക്ഷിതത്വം
എന്നാൽ, പത്തു വർഷം മുമ്പത്തെക്കാൾ ജീവിതം ഇപ്പോൾ കൂടുതൽ സുരക്ഷിതം ആണെന്നു നമുക്ക് ഉറപ്പു ലഭിക്കുന്നില്ലേ? ശീതസമരത്തിന്റെ അവസാനത്തോടെ സൈനിക ശക്തി വെട്ടിക്കുറയ്ക്കപ്പെട്ടിട്ടില്ലേ? ഉവ്വ്, ദേശീയ സുരക്ഷിതത്വം മെച്ചപ്പെട്ടിരിക്കാം. എന്നാൽ, ഭവനത്തിനുള്ളിലും തെരുവിലും നടക്കുന്ന സംഗതികൾ വ്യക്തിപരമായ സുരക്ഷിതത്വത്തെ ബാധിക്കുന്നു. തൊഴിൽ നഷ്ടപ്പെടുകയോ വീടിനു വെളിയിൽ ഒരു മോഷ്ടാവോ ബാലരതിപ്രിയനോ മറഞ്ഞിരിക്കുന്നു എന്ന തോന്നൽ ഉണ്ടാകുകയോ ചെയ്യുന്നപക്ഷം, എത്ര തന്നെ ആയുധങ്ങൾ വെട്ടിക്കുറച്ചാലും നമുക്ക് ഉത്കണ്ഠയും അരക്ഷിതത്വവും തോന്നും.
ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയെ ചിലർ തരണം ചെയ്യുന്നത് എങ്ങനെയാണ്? അതിലും പ്രധാനമായി, സകലരുടെയും—നിങ്ങളുടെ ഉൾപ്പെടെ—ജീവിതം സ്ഥായിയായി സുരക്ഷിതം ആക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? തുടർന്നുള്ള രണ്ടു ലേഖനങ്ങൾ ഈ ആശയങ്ങൾ പരിചിന്തിക്കുന്നതാണ്.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
UN PHOTO 186705/J. Isaac
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
FAO photo/B. Imevbore