ബൈബിളിന്റെ വീക്ഷ ണം
ഏകാന്തതയുടെ മൂല്യം
ഒരു സന്ദർഭത്തിൽ യേശു “ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്കു കയറി. രാത്രിയായപ്പോഴും അവൻ അവിടെ തനിച്ച് ആയിരുന്നു.” (മത്തായി 14:23, പി.ഒ.സി. ബൈബിൾ) മറ്റൊരു സന്ദർഭത്തിൽ, “നേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തേക്കു പോയി.” (ലൂക്കൊസ് 4:42) യേശുക്രിസ്തു ചിലപ്പോഴൊക്കെ ഏകാന്ത വേളകൾ തേടുകയും അവയുടെ മൂല്യം മനസ്സിലാക്കുകയും ചെയ്തു എന്ന് ഈ തിരുവെഴുത്തുകൾ പ്രകടമാക്കുന്നു.
യേശുവിനെ പോലെ ഏകാന്തതയുടെ മൂല്യം തിരിച്ചറിഞ്ഞ മറ്റാളുകളുടെ ദൃഷ്ടാന്തങ്ങളും ബൈബിളിലുണ്ട്. സങ്കീർത്തനക്കാരൻ തന്റെ മഹാ സ്രഷ്ടാവിന്റെ മാഹാത്മ്യത്തെക്കുറിച്ചു ധ്യാനിച്ചിരുന്നത് ഏകാന്തമായ രാത്രി യാമങ്ങളിൽ ആയിരുന്നു. യേശുക്രിസ്തുവിന്റെ കാര്യത്തിൽ, യോഹന്നാൻ സ്നാപകന്റെ മരണവാർത്ത കേട്ട ഉടനെ അവൻ “നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി” എന്നു ബൈബിൾ പറയുന്നു.—മത്തായി 14:13; സങ്കീർത്തനം 63:5.
ആധുനിക ജീവിതത്തിന്റെ ബഹളങ്ങൾക്കിടയിൽ ഏകാന്തമായി ചെലവഴിക്കാൻ ആർക്കുംതന്നെ സമയം കിട്ടാറില്ല, അതിനുവേണ്ടി സമയം കണ്ടെത്താൻ ആരും അത്ര മിനക്കെടാറുമില്ല. ഏറ്റവും അവസാനമായി നിങ്ങൾ ഒറ്റയ്ക്കു സമയം ചെലവിട്ടത് എപ്പോഴാണെന്ന് ഓർമിക്കുന്നുണ്ടോ? വിവാഹിതയായ ഒരു യുവതി ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും തനിച്ചായിരുന്നിട്ടില്ല.”
എന്നാൽ, ഏകാന്തത യഥാർഥത്തിൽ ആവശ്യമാണോ? ആണെങ്കിൽ, സ്വസ്ഥമായിരിക്കുന്ന സമയം പ്രയോജനപ്രദമായും ഫലകരമായും എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും? ഏകാന്തത തേടുന്നതിൽ സമനില എന്തു പങ്കാണു വഹിക്കുന്നത്?
ഏകാന്തത—അതു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
പുരാതന കാലത്തെ ഒരു ദൈവഭക്തനായിരുന്ന യിസ്ഹാക്ക് ഏകാന്ത വേള തേടി “വൈകുന്നേരത്തു . . . വെളിമ്പ്രദേശത്തു” പോയതായി ബൈബിൾ നമ്മോടു പറയുന്നു. എന്തിന്? “ധ്യാനിപ്പാൻ,” അതു പറയുന്നു. (ഉല്പത്തി 24:63) ഒരു നിഘണ്ടു അനുസരിച്ച്, ധ്യാനിക്കുക എന്നതിന്റെ അർഥം “അവധാനപൂർവം അല്ലെങ്കിൽ സ്വസ്ഥമായി ചിന്തിക്കുക” എന്നാണ്. അത് “ദീർഘനേരത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ അർഥമാക്കുന്നു.” ശ്രദ്ധാശൈഥില്യം കൂടാതെയുള്ള അത്തരം ധ്യാനം, ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പോകുകയായിരുന്ന യിസ്ഹാക്കിനെ വ്യക്തമായി ചിന്തിക്കാനും ചിന്തകൾ ക്രമപ്പെടുത്താനും മുൻഗണനകൾ വിലയിരുത്താനും സഹായിക്കുമായിരുന്നു.
‘ഏകാന്തതയെ പരിധിക്കുള്ളിൽ നിറുത്തുന്നിട’ത്തോളം ‘മറ്റുള്ളവരുടെ അഭാവം ചിന്തകളെ ക്രമപ്പെടുത്താനും കൂടുതൽ നന്നായി ശ്രദ്ധകേന്ദ്രീകരിക്കാനും സഹായിക്കും’ എന്ന് ഒരു മാനസികാരോഗ്യ വിദഗ്ധൻ പ്രസ്താവിക്കുന്നു. അതു നവോന്മേഷപ്രദവും ശക്തിപ്പെടുത്തുന്നതും ആരോഗ്യദായകവും ആണെന്നു പലരും സാക്ഷ്യപ്പെടുത്തും.
ധ്യാനത്തിന്റെ അഭികാമ്യ ഫലങ്ങളാണ് ഉൾക്കാഴ്ചയും ശാന്തമായ, നിയന്ത്രിത പെരുമാറ്റവും. ഈ ഗുണങ്ങൾ വിവേകപൂർവം സംസാരിക്കാനും പ്രവർത്തിക്കാനും സഹായിക്കുന്നു. അങ്ങനെ അവ പരസ്പരം ഐക്യത്തിൽ പ്രവർത്തിക്കുന്നതിന് ആളുകളെ സഹായിക്കുന്നു. ഉദാഹരണത്തിന്, ധ്യാനിക്കാൻ പഠിക്കുന്ന ഒരു വ്യക്തിക്കു നിശ്ശബ്ദനായിരിക്കേണ്ടത് എപ്പോഴെന്നും പഠിക്കാൻ കഴിയും. എടുത്തുചാടി സംസാരിക്കുന്നതിനു പകരം അയാൾ തന്റെ വാക്കുകൾ ഉളവാക്കിയേക്കാവുന്ന ഫലത്തെക്കുറിച്ചു മുൻകൂട്ടി ചിന്തിക്കുന്നു. “വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ?” എന്ന് നിശ്വസ്ത ബൈബിൾ എഴുത്തുകാരൻ ചോദിക്കുന്നു. അവൻ തുടർന്ന് ഇങ്ങനെ പറയുന്നു: “അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.” (സദൃശവാക്യങ്ങൾ 29:20) നാവിന്റെ അത്തരം ചിന്താശൂന്യമായ ഉപയോഗത്തിനുള്ള മറുമരുന്ന് എന്താണ്? ബൈബിൾ ഇങ്ങനെ പറയുന്നു: “നീതിമാൻ മനസ്സിൽ ആലോചിച്ചു [“ധ്യാനിച്ചു,” NW] ഉത്തരം പറയുന്നു.”—സദൃശവാക്യങ്ങൾ 15:28; സങ്കീർത്തനം 49:3 താരതമ്യം ചെയ്യുക.
ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഏകാന്തതയിൽ ശാന്തമായിരുന്നു ധ്യാനിക്കുന്നത് ആത്മീയ പക്വതയിലേക്കു വളരുന്നതിലെ ഒരു മർമപ്രധാന ഘടകമാണ്. അപ്പൊസ്തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ ഇതിനോടുള്ള ബന്ധത്തിൽ പ്രസക്തമാണ്: “ഈ സംഗതികളെക്കുറിച്ചു ധ്യാനിച്ച് ഇവയിൽ ആമഗ്നനായിരിക്കുക, അങ്ങനെ നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രകടമാകട്ടെ.”—1 തിമൊഥെയൊസ് 4:15, NW.
ദൈവത്തോടു കൂടുതൽ അടുക്കുന്നതിനായി ഏകാന്ത വേളകൾ ഉപയോഗപ്പെടുത്തുക
“ഏകാന്തത ദൈവത്തെ മുഖംകാണിക്കാനുള്ള മുറിയാണ്” എന്ന് ഒരു ഇംഗ്ലീഷ് ഗ്രന്ഥകാരൻ പറയുകയുണ്ടായി. സഹമനുഷ്യരിൽനിന്ന് അകന്നു മാറി ഏകാന്തമായിരുന്നു ദൈവത്തോടു പ്രാർഥിക്കേണ്ടതിന്റെ ആവശ്യം ചിലപ്പോഴൊക്കെ യേശുവിനു തോന്നിയിരുന്നു. ഇത്തരം ഒരു സന്ദർഭം ബൈബിളിൽ വിവരിക്കുന്നുണ്ട്: “അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേററു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.”—മർക്കൊസ് 1:35.
ദൈവത്തെക്കുറിച്ച് ആളുകൾ ധ്യാനിക്കുന്നതായി സങ്കീർത്തനങ്ങൾ ആവർത്തിച്ചു പരാമർശിക്കുന്നു. യഹോവയെ സംബോധന ചെയ്തുകൊണ്ട് ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞു: ‘ഞാൻ നിന്നെ ധ്യാനിക്കുന്നു.’ ആസാഫിന്റെ വാക്കുകളും ഇതിനോടു സമാനമാണ്: “ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.” (സങ്കീർത്തനം 63:5; 77:12) ഇപ്രകാരം, ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും വിചിന്തനം ചെയ്യുന്നതു സമൃദ്ധമായ ഫലങ്ങൾ കൈവരുത്തുന്നു. അതു ദൈവത്തോടുള്ള നമ്മുടെ വിലമതിപ്പിനെ വർധിപ്പിക്കുന്നു. അങ്ങനെ നമുക്ക് അവനോടു കൂടുതൽ അടുക്കാൻ കഴിയുന്നു.—യാക്കോബ് 4:8.
മിതത്വം ആവശ്യമാണ്
തീർച്ചയായും, ഏകാന്തതയുടെ കാര്യത്തിൽ മിതത്വം ആവശ്യമാണ്. ഏകാന്തതയെ, സന്ദർശിക്കാൻ പറ്റിയതും തങ്ങുന്നത് അപകടകരവും ആയ സ്ഥലം എന്നു വർണിക്കാൻ കഴിയും. സ്വയം വളരെയധികം ഒറ്റപ്പെടുത്തുന്നത് സഹവാസം, ആശയവിനിമയം, സ്നേഹ പ്രകടനങ്ങൾ എന്നിങ്ങനെയുള്ള മനുഷ്യസഹജമായ അടിസ്ഥാന ആവശ്യങ്ങൾക്ക് എതിരാണ്. കൂടാതെ, ഒറ്റപ്പെടലിനെ വിഡ്ഢിത്തത്തിന്റെയും സ്വാർഥതയുടെയും കളകൾ വളരുന്ന മണ്ണായി വർണിക്കാവുന്നതാണ്. ബൈബിൾ സദൃശവാക്യം ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” (സദൃശവാക്യങ്ങൾ 18:1) ഏകാന്തത തേടുന്നതിൽ സമനില ഉള്ളവരായിരിക്കുന്നതിനു നാം ഒറ്റപ്പെടലിന്റെ അപകടങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
യേശുവിനെയും ബൈബിൾ കാലങ്ങളിലെ ആത്മീയരായ മറ്റു പുരുഷന്മാരെയും പോലെ ക്രിസ്ത്യാനികളും ഇന്നു തങ്ങളുടെ ഏകാന്ത നിമിഷങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നു. വളരെയധികം ഉത്തരവാദിത്വങ്ങളും ഉത്കണ്ഠകളും ഉള്ളപ്പോൾ ഏകാന്തമായിരുന്നു ധ്യാനിക്കുന്നതിനു സമയവും അവസരവും കണ്ടെത്തുന്നത് ഒരു വെല്ലുവിളി ആയിരുന്നേക്കാം എന്നത് ശരിതന്നെ. എങ്കിലും, യഥാർഥ മൂല്യമുള്ള എല്ലാ സംഗതികളുടെയും കാര്യത്തിലെന്ന പോലെ നാം “അവസരോചിത സമയം വിലയ്ക്കു വാങ്ങണം.” (എഫെസ്യർ 5:15, 16, NW) അപ്പോൾ, സങ്കീർത്തനക്കാരനെപ്പോലെ നമുക്കു പറയാൻ കഴിയും: “യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.”—സങ്കീർത്തനം 19:14.