ഒരു ദുരന്തത്തിന്റെ രണ്ടു മുഖങ്ങൾ
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
പൊളിൻ ചുഴലിക്കൊടുങ്കാറ്റ് മെക്സിക്കോയിലെ വഹാക്ക തീരത്ത് ആഞ്ഞടിച്ചപ്പോൾ ഗോഡോഫ്രേഡോയും ജിസെലായും—അവർ യഹോവയുടെ സാക്ഷികളായ ദമ്പതികളാണ്—തങ്ങളുടെ കൊച്ചു കുട്ടികളോടൊപ്പം ടാറു പൂശിയ പ്രെസ്ബോർഡുകൊണ്ട് ഉണ്ടാക്കിയ വീടിനുള്ളിലായിരുന്നു. കാറ്റിന്റെ ശക്തികൊണ്ട് ആ ഷീറ്റുകൾ ഓരോന്നായി കീറിപ്പറിഞ്ഞു. ഒടുവിൽ ചട്ടക്കൂടിന്റെ ഒരു ഭാഗം മാത്രം അവശേഷിച്ചു. അങ്ങനെ അവർക്കു പാർപ്പിടം ഇല്ലാതായി.
എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ജിസെലാ കൈകളിലേന്തിക്കൊണ്ടും മറ്റു മൂന്നു കുട്ടികളെ രണ്ടുപേരുംകൂടെ ചേർത്തുപിടിച്ചുകൊണ്ടും രണ്ടു മണിക്കൂറിൽ അധികം അവർ ശക്തമായ കാറ്റിനോട് മല്ലിട്ടു. ചില സമയങ്ങളിൽ ശക്തമായ ചുഴലിക്കൊടുങ്കാറ്റ് അവരെ മറിച്ചിടുകയും തറയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു. എങ്കിലും, ഒടുവിൽ അവർ എല്ലാവരും അതിജീവിച്ചു.
ആക്കപൂൾക്കോയിൽ താമസിച്ചിരുന്ന നെല്ലി എന്നു പേരുള്ള ഒരു യഹോവയുടെ സാക്ഷി തന്റെ വീട്ടിലേക്ക് വെള്ളം ഒഴുകിവരുന്നതു കണ്ട് കുടുംബാംഗങ്ങളെ വിളിച്ചുണർത്തി. ജലനിരപ്പ് അവിശ്വസനീയമാം വിധം വേഗത്തിൽ ഉയർന്നു. ഒഴുക്കിന്റെ ശക്തികൊണ്ട് നെല്ലി മുങ്ങിപ്പോയി; എന്നാൽ അവരുടെ പുത്രി അവരെ വലിച്ചു പൊക്കി. വെള്ളം കഴുത്തറ്റം വരെ ഉയരവേ അവർ ജനലഴിയിൽ പിടിച്ചുകൊണ്ട് നിസ്സഹായരായി നോക്കി നിന്നു. അപ്പോൾ അവർ ഒരു മനുഷ്യൻ തങ്ങളെ വിളിക്കുന്ന ശബ്ദം കേട്ടു. അത് അവരുടെ അയൽക്കാരനായിരുന്നു; അദ്ദേഹം അവരെ പുറത്തു കടക്കാൻ സഹായിക്കുകയും തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ നിന്നുകൊണ്ട് അവർ, ഒഴുകി എത്തിയ ഒരു കാർ ഇടിച്ച് തങ്ങൾ ഏതാനും മിനിറ്റു മുമ്പ് നിന്നിരുന്ന വീട് പൂർണമായി തകരുന്നത് നടുക്കത്തോടെ നോക്കിനിന്നു.
1997 ഒക്ടോബർ 8-ാം തീയതി ബുധനാഴ്ച ഉച്ചതിരിഞ്ഞപ്പോഴാണ് പൊളിൻ ചുഴലിക്കൊടുങ്കാറ്റ് വഹാക്ക സംസ്ഥാനത്തിന്റെ തീരത്ത് ആഞ്ഞടിച്ചത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 200-ലധികം കിലോമീറ്ററായിരുന്നു. പിന്നീട്, ഒക്ടോബർ 9-ാം തീയതി വ്യാഴാഴ്ച അതിരാവിലെ ആ ചുഴലിക്കൊടുങ്കാറ്റ് ഗരെരോ സംസ്ഥാനത്തിൽ വിനാശം വിതച്ചു, പ്രത്യേകിച്ചും അവിടുത്തെ ആക്കപൂൾക്കോ നഗരത്തിൽ. കാറ്റിന്റെ ശക്തികൊണ്ട് തിരമാലകൾ 10 മീറ്റർ വരെ ഉയരുകയും വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തു. പ്രളയജലം വീടുകളെയും കാറുകളെയും മൃഗങ്ങളെയും ആളുകളെയും ഒക്കെ അടിച്ചൊഴുക്കിക്കൊണ്ടു പോയി. കൊടുങ്കാറ്റ് അടങ്ങിയപ്പോഴേക്കും മുമ്പ് തെരുവുകൾ ആയിരുന്നിടത്ത് 10 മീറ്ററിലേറെ ആഴമുള്ള കുഴികൾ രൂപം കൊണ്ടിരുന്നു. രണ്ടു സംസ്ഥാനങ്ങളിലും കൂടി കുറഞ്ഞത് 400 പേരെങ്കിലും മരിച്ചതായും 20,000 മുതൽ 25,000 വരെ ആളുകൾ ഭവനരഹിതർ ആയിത്തീർന്നതായും മെക്സിക്കോയിലെ റെഡ് ക്രോസ് കണക്കാക്കുന്നതായി ദ ന്യൂസ് എന്ന പത്രം റിപ്പോർട്ടു ചെയ്തു. എന്നാൽ, ദുരന്തത്തിനു നടുവിലും ക്രിസ്തീയ സ്നേഹത്തിന്റെ ഹൃദയസ്പർശിയായ പ്രകടനങ്ങൾ കാണാമായിരുന്നു.
യഹോവയുടെ ജനം പ്രതികരിക്കുന്നു
പൊളിൻ ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള വാർത്ത പരന്ന ഉടൻ തന്നെ, രാജ്യത്തെമ്പാടുമുള്ള സാക്ഷികൾ, തങ്ങൾക്ക് എന്തു സഹായമാണ് ചെയ്യാൻ കഴിയുന്നത് എന്ന് അറിയുന്നതിനായി മെക്സിക്കോയിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്ക് ഫോൺ വിളിക്കാൻ തുടങ്ങി. മറ്റു രാജ്യങ്ങളിലുള്ള സഹോദരങ്ങളും സഹായഹസ്തം നീട്ടി. പെട്ടെന്നു തന്നെ ഒരു ദുരിതാശ്വാസ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ടൺകണക്കിന് ഭക്ഷണസാധനങ്ങളും വസ്ത്രവും മറ്റു വസ്തുക്കളും വിതരണം ചെയ്യപ്പെട്ടു.
അതു കൂടാതെ നിർമാണ വസ്തുക്കൾ വാങ്ങിക്കുകയും കേടു സംഭവിക്കുകയോ നശിക്കുകയോ ചെയ്ത 360 വീടുകളുടെയും അനവധി രാജ്യഹാളുകളുടെയും കേടുപോക്കൽ ഉടൻതന്നെ ആരംഭിക്കുകയും ചെയ്തു. ദുരിതാശ്വാസ സാധനങ്ങൾ സംഭാവന ചെയ്യുന്നതിലും തരംതിരിക്കുന്നതിലും പായ്ക്കു ചെയ്യുന്നതിലും നിശ്ചിത സ്ഥാനങ്ങളിൽ കൊണ്ടെത്തിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കേടു പോക്കുന്നതിലും ഒക്കെ ആയിരക്കണക്കിന് ക്രിസ്തീയ സഹോദരീസഹോദരന്മാർ തിരക്കുള്ളവരായിരുന്നു.
സാക്ഷികളുടെ പ്രവർത്തനത്തിൽ മതിപ്പു തോന്നിയ ചില കടക്കാർ ഭക്ഷണവും നിർമാണ വസ്തുക്കളും മറ്റു സാധനങ്ങളും ദയാപുരസ്സരം സംഭാവന ചെയ്തു. വേറെ ചിലർ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നൽകി. മറ്റുള്ളവർ തങ്ങളോട് പ്രകടമാക്കിയ സ്നേഹം—പ്രത്യേകിച്ചും ദുരിതാശ്വാസ സാധനങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പ്രോത്സാഹജനകമായ കത്തുകൾ—ദുരിതബാധിതരായ സാക്ഷികളെ ആഴത്തിൽ സ്പർശിച്ചു.
ദുഃഖകരമെന്നു പറയട്ടെ, ഹോസേ ഫൗസ്റ്റിനോ എന്ന 18 വയസ്സുകാരനായ ഒരു സാക്ഷിയും സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന മറ്റു മൂന്നു പേരും ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായി മരണമടഞ്ഞു. അവരുടെ ബന്ധുക്കൾ—പ്രത്യേകിച്ചും ഹോസേയുടെ മാതാപിതാക്കൾ—തങ്ങൾക്കു വേണ്ടിയുള്ള മറ്റുള്ളവരുടെ പ്രാർഥനകളെയും സഭ നൽകിയ പ്രോത്സാഹനത്തെയും വിലമതിച്ചു.
ചില നല്ല ഫലങ്ങൾ
പൊളിൻ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് അനേകം ആളുകൾ ബൈബിൾ അധ്യയനം ആവശ്യപ്പെട്ടു വരികയുണ്ടായി. ഇവരിൽ സാക്ഷികളുടെ അവിശ്വാസികളായ ബന്ധുക്കളും പെടും. കൂടാതെ, പല അയൽക്കാരും പ്രത്യാശയെക്കുറിച്ചുള്ള സാക്ഷികളുടെ സന്ദേശത്തിനു ചെവികൊടുക്കാൻ കൂടുതൽ മനസ്സൊരുക്കം കാണിച്ചു. സാക്ഷികൾ ദുരിതാശ്വാസ ഭക്ഷണസാധനങ്ങളുടെ പൊതു വിതരണത്തിലും പങ്കെടുത്തു. ഒരിക്കൽ, തന്റെ കമ്പനി സംഭാവന ചെയ്യുന്ന ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിന് യഹോവയുടെ സാക്ഷികളെ തിരഞ്ഞെടുക്കാൻ കാരണമെന്തെന്ന് ഒരു സാക്ഷി ഒരാളോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “നിങ്ങൾ സംഘടിതരും സത്യസന്ധരുമാണെന്ന് എനിക്കറിയാം. മാത്രമല്ല, ഈ സഹായം ഏറ്റവുമധികം ആവശ്യമുള്ളത് ആർക്കാണെന്ന് നിങ്ങൾക്കാണ് ശരിക്കും അറിയാവുന്നത്, എന്തെന്നാൽ നിങ്ങൾക്ക് നിങ്ങളുടെ പ്രദേശത്തുള്ള ആളുകളെ അറിയാം.”
അന്ത്യം അടുത്തുവരുകയും ലോകമെമ്പാടും കൂടുതൽ കൂടുതൽ ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുമളവിൽ പ്രതികൂല സന്ദർഭങ്ങളിൽ പോലും ബൈബിൾ തത്ത്വങ്ങൾ പ്രവർത്തന പഥത്തിൽ കൊണ്ടുവരുന്നതു കാണുന്നത് എല്ലായ്പോഴും പ്രോത്സാഹജനകമാണ്.
[26-ാം പേജിലെ ചിത്രം]
കൊച്ചുകുട്ടികൾ പുനർനിർമാണത്തിൽ സഹായിക്കുന്നു
[27-ാം പേജിലെ ചിത്രം]
പൊളിൻ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് സാക്ഷികൾ വഹാക്കയിൽ ഒരു പുതിയ രാജ്യഹാൾ പണിയുന്നു