വംശനാശഭീഷണി നേരിടുന്ന ഓർക്കിഡുകളോ?
ഓർക്കിഡുകൾ അനുകൂലന സ്വഭാവം ഉള്ളവയാണ്. അവയ്ക്ക് മണ്ണിലും മരത്തിലും പാറപ്പുറത്തു പോലും വളരാൻ കഴിയും. എന്നാൽ അവയുടെ ആവാസത്തിൽ തുടർച്ചയായി കൈകടത്തുന്ന പക്ഷം ഈ പ്രൗഢിയാർന്ന സസ്യങ്ങളുടെ പല ഇനങ്ങളും സ്വാഭാവിക പരിതഃസ്ഥിതിയിൽ അതിജീവിക്കുകയില്ലെന്ന് പ്രകൃതി-പ്രകൃതിവിഭവ സംരക്ഷണ അന്തർദേശീയ യൂണിയൻ (ഐയുസിഎൻ) മുന്നറിയിപ്പു നൽകുന്നു. “ആവാസങ്ങളിൽ മാറ്റം വരുക എന്നതിന്റെ അർഥം പരാഗണത്തിന് അനിവാര്യമായ പ്രാണികൾക്ക് വംശനാശം സംഭവിക്കുന്നുവെന്നോ അവ മറ്റെങ്ങോട്ടെങ്കിലും പോകുന്നുവെന്നോ ആണ്” എന്ന് ഐയുസിഎൻ-ലെ വെൻഡി സ്ട്രാം പറയുന്നു. “അതു സംഭവിച്ചാൽ പിന്നെ ഓർക്കിഡിന് പുനരുത്പാദനം നടത്താൻ കഴിയില്ല,” അവർ കൂട്ടിച്ചേർക്കുന്നു.
ലോകമെമ്പാടും ഓരോ വർഷവും വിൽക്കപ്പെടുന്ന അമ്പതു ലക്ഷം ഓർക്കിഡുകളുടെ 20 ശതമാനത്തോളവും ശേഖരിക്കപ്പെടുന്നത് അവയുടെ സ്വാഭാവിക പരിതഃസ്ഥിതിയിൽ നിന്നാണ്. ഇത് ഈ മനോഹര സസ്യത്തിന്റെ സംരക്ഷണത്തിന് ഇടങ്കോലിടുന്നുവെന്ന് ഐയുസിഎൻ പറയുന്നു. അതുകൊണ്ട് ഓർക്കിഡുകൾ വേണ്ടിയവർ അവ സ്വാഭാവിക പരിതഃസ്ഥിതിയിൽനിന്ന് പിഴുതെടുക്കുന്നതിനു പകരം ഹരിതഗൃഹങ്ങളിൽനിന്ന് വാങ്ങാൻ ഐയുസിഎൻ ശുപാർശ ചെയ്യുന്നു.
ഓർക്കിഡുകളുടെ അറിയപ്പെടുന്ന 20,000 ഇനങ്ങൾ എങ്കിലുമുണ്ട്. ചിലത് 0.6 സെന്റിമീറ്റർ മാത്രം ഉയരമുള്ള ചെടികളാണ്; മറ്റു ചിലവ 30 മീറ്റർ നീളത്തിൽ വളരുന്ന വള്ളികളാണ്. ഓർക്കിഡുകളുടെ മിക്ക ഇനങ്ങളും ധാരാളം മഴയും ഇളം ചൂടും ഉള്ള ഉഷ്ണമേഖലകളിലാണ് തഴച്ചു വളരുന്നത്. എന്നാൽ അവ അതിജീവനത്തിന് പ്രകൃതിയുടെ ലോലമായ സന്തുലനത്തെയാണ് ആശ്രയിക്കുന്നത്.
സങ്കടകരമെന്നു പറയട്ടെ, മനുഷ്യന്റെ അവഗണനയും അശ്രദ്ധയും പരിസ്ഥിതിയെ തുടർച്ചയായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അത് ഓർക്കിഡുകൾ ഉൾപ്പെടെയുള്ള കൂടുതൽ കൂടുതൽ സസ്യങ്ങൾക്ക് ഭീഷണി ഉയർത്തുന്നു. എന്നാൽ ഇത് അധികം കാലം തുടരില്ല. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ മനുഷ്യൻ പ്രകൃതിയുമായി പൊരുത്തത്തിൽ ജീവിക്കും. അന്ന് സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ നിവൃത്തിയാകും: “വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.”—സങ്കീർത്തനം 96:12.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Jardinería Juan Bourguignon
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Jardinería Juan Bourguignon