പാമ്പുകളെ സംബന്ധിച്ചു പൊതുവേയുള്ള അബദ്ധ ധാരണകൾ
ഇന്ത്യയിലെ ഉണരുക! ലേഖകൻ
വഴുവഴുപ്പുള്ള ആ മൂർഖൻ പാമ്പ് പെൺകുട്ടിയുടെ നേർക്ക് ഇഴഞ്ഞുനീങ്ങി. അവളുടെ മുടിയിൽ ചൂടിയിരുന്ന മുല്ലപ്പൂവിന്റെ സുഗന്ധമാണ് അതിനെ അവളിലേക്ക് ആകർഷിച്ചത്. അത് നീളമുള്ള ഉടൽ തരംഗാകൃതിയിൽ ഉയർത്തിയും താഴ്ത്തിയുമാണു നീങ്ങിയത്. അതിന്റെ തലയിൽ രത്നം പോലെ എന്തോ ഒന്നു വെട്ടിത്തിളങ്ങുന്നത് അവൾ കണ്ടു. അതിന്റെ മാസ്മര ദൃഷ്ടി അവളിൽ തറഞ്ഞു നിന്നു. പെട്ടെന്ന്, അതു ചാടിവീണു വിഷപ്പല്ലുകൾ അവളുടെ കയ്യിൽ ആഴ്ത്തി.
സത്യമോ മിഥ്യയോ? മുകളിൽ കൊടുത്തിരിക്കുന്ന മുഴു വിവരണവും അടിസ്ഥാനരഹിതമാണ്. ആളുകൾ പൊതുവേ വെച്ചുപുലർത്തുന്ന അബദ്ധ ധാരണകളിൽ അധിഷ്ഠിതമാണ് അത്. അവയിൽ ചിലതു പരിചിന്തിക്കുക:
1. മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും മറ്റും സുഗന്ധം പാമ്പുകളെ ആകർഷിക്കുന്നു. തെറ്റ്. സുഗന്ധം കീടങ്ങളെ ആകർഷിക്കുന്നു, കീടങ്ങൾ തവളകളെയും. തവളകളെ തിന്നാനായി പാമ്പുകളും വന്നെത്തുന്നു.
2. പാമ്പുകൾ ഉടൽ തരംഗാകൃതിയിൽ ഉയർത്തിയും താഴ്ത്തിയുമാണു നീങ്ങുന്നത്. തെറ്റ്. വലിയ കല്ലുകൾക്കു മീതെ ഇഴഞ്ഞു നീങ്ങുമ്പോഴാണ് അങ്ങനെ തോന്നിക്കുന്നത്. സാധാരണഗതിയിൽ, മൂർഖനും കരയിൽ ജീവിക്കുന്ന മറ്റു പാമ്പുകളും അവയുടെ ഉടൽ ഉയർത്താതെ പ്രതലത്തോടു പറ്റിച്ചേർന്നു നേർരേഖയിലാണു നീങ്ങുന്നത്. അവ ഒന്നുകിൽ തലഭാഗം മുന്നോട്ട് ആഞ്ഞ്, വാൽഭാഗം വലിച്ചെടുത്തു നീങ്ങുന്നു. അല്ലെങ്കിൽ പൊന്തി നിൽക്കുന്ന എന്തിന്റെയെങ്കിലും സഹായത്താൽ ഉടൽ വശങ്ങളിലേക്കും മുന്നോട്ടും തള്ളി നീങ്ങുന്നു. അപ്പോൾ അതിന് ട ആകാരം കൈവരുന്നു.
3. ചില പാമ്പുകളുടെ തലയിൽ രത്നമുണ്ട്. തെറ്റ്. ഇത് ഒരു ഐതിഹ്യം ആണ്. മൂർഖൻ പാമ്പുകൾ പുരാതന ഇന്ത്യയിൽ മഹാന്മാരുടെ ജീവൻ സംരക്ഷിച്ചിട്ടുണ്ട് എന്ന വിശ്വാസം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
4. മൂർഖൻ ഇരയെ മാസ്മര വലയത്തിൽ ആക്കുന്നു. തെറ്റ്. പാമ്പു സാധാരണ ഭ്രമിച്ചുപോകുമ്പോഴാണു തുറിച്ചു നോക്കുന്നത്. ആ നോട്ടം കാണുമ്പോൾ അതു തങ്ങളെ മാസ്മര വലയത്തിൽ ആക്കുന്നതായി ആളുകൾ ധരിക്കുന്നു. എന്നാൽ ഈ രീതിയിൽ അത് ഇരയെ പിടിക്കുന്നില്ല.
5. മൂർഖൻ പാമ്പുകൾ ഇരയുടെ നേരെ ചാടിവീഴുന്നു. തെറ്റ്. മൂർഖൻ മുൻഭാഗം കൊണ്ട് ആഞ്ഞ് ഇരയെ പിടിക്കുന്നു. എന്നാൽ, ഉടലിന്റെ അധിക ഭാഗവും അതു താങ്ങായി തറയിൽ ഉറപ്പിച്ചു നിർത്തുന്നു. കൂടിവന്നാൽ, ഉടലിന്റെ മൂന്നിലൊരു ഭാഗമേ ഇരയെ ആക്രമിക്കാനായി ഉയർത്തുന്നുള്ളൂ.
6. മൂർഖന്റേത് ഉൾപ്പെടെ പാമ്പുകളുടെ ത്വക്ക് വഴുവഴുപ്പ് ഉള്ളതാണ്, എല്ലായ്പോഴും തണുത്തും ഇരിക്കുന്നു. തെറ്റ്. ഒന്നിനുമേൽ ഒന്നായി ക്രമീകരിച്ചിരിക്കുന്ന ചെതുമ്പലുകളോടു കൂടിയ അവയുടെ ത്വക്ക് വരണ്ടതാണ്, തൊട്ടാൽ മൃദുവായ തുകൽ പോലെയിരിക്കും. പാമ്പുകൾ ശീതരക്ത ജീവികളാണ്; ചുറ്റുപാടിലെ താപനില അനുസരിച്ച് അവയുടെ ശരീര ഊഷ്മാവിനു മാറ്റം വരുന്നു.
7. മൂർഖൻ പാമ്പുകൾക്കു കേൾവിശക്തി ഇല്ല. തെറ്റ്. നിലത്തെ കമ്പനങ്ങൾ ഉടലിലൂടെ സ്വീകരിച്ചു മാത്രമാണു പാമ്പുകൾ ശ്രവിക്കുന്നത് എന്നു വിശ്വസിക്കുന്ന അനേകരും ഈ അബദ്ധ ധാരണ വെച്ചുപുലർത്തുന്നു. മൂർഖൻ പാമ്പുകൾക്കു കേൾവിശക്തി ഉണ്ട് എന്നു സങ്കീർത്തനം 58:4, 5-ൽ ബൈബിൾ [NW] ശരിയായിത്തന്നെ സൂചിപ്പിക്കുന്നു. മൂർഖൻ പാമ്പുകൾക്കു വായുവിലെ ശബ്ദം കേൾക്കാനുള്ള കഴിവുണ്ട് എന്നും അവ പാമ്പാട്ടിയുടെ സംഗീതത്തോടു പ്രതികരിക്കുന്നു എന്നും സമീപകാലത്തു നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു.—1993 നവംബർ 8 ലക്കം ഉണരുക!യുടെ 19-ാം പേജു കാണുക.
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
മുകളിലുള്ള പാമ്പിന്റെ ചിത്രം: Animals/Jim Harter/Dover Publications, Inc.