‘ഞങ്ങൾ ഇനി ഞങ്ങൾക്കായിട്ടല്ല ജീവിക്കുന്നത്’
ജാക്ക് യോഹാൻസൻ പറഞ്ഞ പ്രകാരം
മലാവിയിലെ ആ ആഫ്രിക്കൻ പടയാളി എന്നോട് ലാൻഡ് റോവറിന്റെ ഹെഡ്ലൈറ്റുകളുടെ വെളിച്ചത്തിൽ, നദിയോരത്തായി നിൽക്കാൻ ആജ്ഞാപിച്ചു. അയാൾ തോക്ക് ഉയർത്തി ഉന്നം പിടിക്കവേ, ലോയിഡ് ലിക്വിഡെ നദിയോരത്തേക്ക് ഓടിവന്ന് എന്റെ മുന്നിലായി നിന്നു കേണപേക്ഷിച്ചു: “കൊല്ലല്ലേ, അദ്ദേഹത്തെ കൊല്ലല്ലേ! യാതൊരു തെറ്റും ചെയ്യാത്ത ഈ വിദേശിയെ കൊല്ലുന്നതിനു പകരം എന്നെ കൊന്നോളൂ!” യൂറോപ്യനായ എനിക്കു വേണ്ടി ഒരു ആഫ്രിക്കക്കാരൻ ജീവൻ ബലികഴിക്കാൻ സന്നദ്ധനായത് എന്തുകൊണ്ട്? ഏറെക്കുറെ 40 വർഷം മുമ്പ് ഒരു മിഷനറിയായി ഞാൻ ആഫ്രിക്കയിൽ എത്തിച്ചേർന്നത് എങ്ങനെ എന്നു വിശദീകരിക്കട്ടെ.
എനിക്ക് വെറും ഒമ്പതു വയസ്സുള്ളപ്പോൾ, 1942-ൽ, അഞ്ചു മക്കളെയും പിതാവിനെയും തനിച്ചാക്കിയിട്ട് അമ്മ മരിച്ചു. ഞാനായിരുന്നു ഏറ്റവും ഇളയത്. നാലു മാസത്തിനു ശേഷം പിതാവും ഒരു അപകടത്തിൽപ്പെട്ട് മുങ്ങി മരിച്ചു. എന്റെ പിതാവ് ഫിൻലൻഡിലെ ആദ്യത്തെ യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് എന്റെ മൂത്ത പെങ്ങൾ മായാ ഞങ്ങളുടെ പരിപാലനം ഏറ്റെടുത്തു. ഞങ്ങൾ ഒരുവിധത്തിൽ കൃഷികാര്യങ്ങൾ ഒക്കെ നോക്കി നടത്തി. ആത്മീയ കാര്യങ്ങളിലും മായാ നേതൃത്വം വഹിച്ചു. പിതാവു മരിച്ച് ഒരു വർഷം തികയുന്നതിനു മുമ്പ് മായായും എന്റെ ഒരു സഹോദരനും യഹോവയാം ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണം ജല സ്നാപനത്താൽ പ്രതീകപ്പെടുത്തി. ഒരു വർഷത്തിനു ശേഷം, 11-ാം വയസ്സിൽ, ഞാനും സ്നാപനമേറ്റു.
നിർണായകമായ ഒരു തീരുമാനം
1951-ൽ ഒരു വാണിജ്യ കോളെജിൽ പഠനം പൂർത്തിയാക്കിയ ശേഷം ഞാൻ ഫിൻലൻഡിലെ ഫോർഡ് മോട്ടോർ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങി. ആറു മാസത്തിനു ശേഷം എനിക്ക് ആശ്ചര്യകരമായ ഒരു അനുഭവം ഉണ്ടായി. യഹോവയുടെ സാക്ഷികളുടെ വിവേകമതിയായ ഒരു സഞ്ചാര ശുശ്രൂഷകൻ പയനിയറിങ്ങിന്റെ അഥവാ മുഴുസമയ ശുശ്രൂഷയുടെ അനുഗ്രഹങ്ങളെ കുറിച്ച് ഒരു സമ്മേളനത്തിൽ പ്രസംഗം നടത്താൻ എന്നെ ക്ഷണിച്ചു. അങ്ങനെ ഒരു പ്രസംഗം നടത്താൻ എനിക്കു ലജ്ജ തോന്നി. കാരണം, മുഴുസമയ ലൗകിക തൊഴിൽ ചെയ്തിരുന്നതിനാൽ ഹൃദയത്തിൽ നിന്ന് അതേ കുറിച്ചു സംസാരിക്കാൻ സാധിക്കില്ല എന്ന് എന്റെ മനസ്സു പറഞ്ഞു. ഞാൻ യഹോവയോടു പ്രാർഥിച്ചു. ക്രിസ്ത്യാനികൾ ‘ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചവന്നായിട്ടു തന്നേ ജീവിക്കണം’ എന്നു ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്, ഒരു പയനിയർ ആയി സേവിക്കേണ്ടതിനു മുൻഗണനകൾക്കു മാറ്റം വരുത്താൻ ഞാൻ തീരുമാനിച്ചു.—2 കൊരിന്ത്യർ 5:15.
കമ്പനി വിടാതിരുന്നാൽ ശമ്പളം ഇരട്ടിയാക്കാം എന്നു സൂപ്പർവൈസർ വാഗ്ദാനം ചെയ്തു. എന്നാൽ എന്റെ തീരുമാനത്തിനു മാറ്റമില്ല എന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: “താങ്കൾ ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നത്. ആയുഷ്കാലം മുഴുവൻ ഈ ഓഫീസിൽ ചെലവഴിച്ചിട്ടും ഞാൻ വാസ്തവത്തിൽ ആളുകളെ എത്രകണ്ടു സഹായിച്ചിട്ടുണ്ട്?” അങ്ങനെ, 1952 മേയ് മാസത്തിൽ ഞാൻ പയനിയറിങ് തുടങ്ങി. ഏതാനും വാരങ്ങൾക്കു ശേഷം, പൂർണ ബോധ്യത്തോടെ എനിക്കു പയനിയർ ശുശ്രൂഷയെ കുറിച്ചു പ്രസംഗം നടത്താൻ കഴിഞ്ഞു.
ഏതാനും മാസങ്ങൾ പയനിയറായി സേവിച്ചു കഴിഞ്ഞപ്പോൾ ക്രിസ്തീയ നിഷ്പക്ഷത നിമിത്തം എന്നെ ആറു മാസം തടവിലാക്കി. അതേത്തുടർന്നു വീണ്ടും, മറ്റു യുവ സാക്ഷികളോടൊപ്പം ഞാൻ ഫിൻലൻഡ് ഉൾക്കടലിലുള്ള ഹാസ്റ്റോ ബൂസോ ദ്വീപിൽ എട്ടു മാസം തടവിൽ കഴിഞ്ഞു. അവിടെ ഞങ്ങൾക്കുവേണ്ടി ഞങ്ങൾ തന്നെ ഒരു സമഗ്രമായ ബൈബിൾ പഠന പരിപാടി ഏർപ്പെടുത്തി. അതുകൊണ്ട്, ആ ദ്വീപിനെ കൊച്ചു ഗിലെയാദ് എന്നാണു ഞങ്ങൾ വിളിച്ചിരുന്നത്. എന്നാൽ, ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിന് അടുത്തുള്ള യഥാർഥ ഗിലെയാദ് ആയ വാച്ച്ടവർ ഗിലെയാദ് സ്കൂളിൽ പങ്കെടുക്കുക ആയിരുന്നു എന്റെ ലക്ഷ്യം.
ദ്വീപിൽ തടവിലായിരിക്കെ എനിക്ക് വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിൽ നിന്ന് ഒരു കത്തു കിട്ടി. യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാര ശുശ്രൂഷകനായി സേവിക്കാനുള്ള ക്ഷണക്കത്ത് ആയിരുന്നു അത്. തടവിൽ നിന്നു മോചിപ്പിക്കപ്പെട്ട ശേഷം ഫിൻലൻഡിലെ സ്വീഡിഷ് ഭാഷ സംസാരിക്കുന്ന പ്രദേശത്തെ സഭകൾ ഞാൻ സന്ദർശിക്കണമായിരുന്നു. അന്ന് എനിക്ക് വെറും 20 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആ വേലയ്ക്ക് അയോഗ്യനാണെന്ന് എനിക്കു തോന്നി. എങ്കിലും, ഞാൻ യഹോവയിൽ ദൃഢമായി ആശ്രയിച്ചു. (ഫിലിപ്പിയർ 4:13) ഞാൻ സന്ദർശിച്ച സഭകളിലെ സാക്ഷികൾ വളരെ നല്ലവരായിരുന്നു. ഞാൻ വെറും “ബാലൻ” ആയിരുന്നു എന്നതുകൊണ്ട് അവർ ഒരിക്കലും എന്നെ അനാദരവോടെ വീക്ഷിച്ചില്ല.—യിരെമ്യാവു 1:7.
പിറ്റേ വർഷം ഒരു സഭ സന്ദർശിക്കവേ ഞാൻ ലിൻഡയെ കണ്ടുമുട്ടി. അവൾ ഐക്യനാടുകളിൽ നിന്ന് ഫിൻലൻഡിൽ അവധിക്കാലം ചെലവഴിക്കാൻ വന്നതായിരുന്നു. ഐക്യനാടുകളിൽ തിരിച്ചെത്തിയ ശേഷം അവൾ ത്വരിതഗതിയിൽ ആത്മീയമായി പുരോഗതി കൈവരിച്ചു, താമസിയാതെ സ്നാപനവുമേറ്റു. 1957 ജൂണിൽ ഞങ്ങൾ വിവാഹിതരായി. പിന്നീട്, 1958 സെപ്റ്റംബറിൽ ഞങ്ങൾക്കു ഗിലെയാദ് സ്കൂളിന്റെ 32-ാമത്തെ ക്ലാസ്സിലേക്കു ക്ഷണം ലഭിച്ചു. ബിരുദാനന്തരം, പിറ്റേ ഫെബ്രുവരിയിൽ തെക്കുകിഴക്കൻ ആഫ്രിക്കയിലെ ന്യാസാലാൻഡിലേക്ക്—ഇപ്പോൾ മലാവി എന്നു വിളിക്കപ്പെടുന്നു—ഞങ്ങൾക്കു നിയമനം ലഭിച്ചു.
ആഫ്രിക്കയിലെ ഞങ്ങളുടെ ശുശ്രൂഷ
അന്ന് ന്യാസാലാൻഡിൽ 14,000-ത്തിലധികം സാക്ഷികൾ ഉണ്ടായിരുന്നു. ഞങ്ങളുടെ ആഫ്രിക്കൻ സഹോദരങ്ങളോട് ഒപ്പം പരസ്യ ശുശ്രൂഷയിൽ പങ്കുപറ്റുന്നത് ഞങ്ങൾക്കു വളരെ ഇഷ്ടമായിരുന്നു. ചിലപ്പോഴൊക്കെ ഞങ്ങൾ അവശ്യം വേണ്ട സാധനങ്ങളുമായി ലാൻഡ് റോവറിൽ യാത്ര ചെയ്തിരുന്നു. വെള്ളക്കാർ കാലു കുത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിൽ ഞങ്ങൾ താമസിച്ചു. ഞങ്ങളെ ആളുകൾ എല്ലായ്പോഴും ഹൃദ്യമായി വരവേറ്റിരുന്നു. ഒരു ഗ്രാമത്തിൽ എത്തുന്ന ഉടനെ ഗ്രാമത്തിലെ മുഴുവൻ ആളുകളും ഞങ്ങളെ കാണാൻ വന്നെത്തുമായിരുന്നു. വിനയപൂർവം അഭിവാദ്യം ചെയ്തശേഷം അവർ നിലത്തിരിക്കും, യാതൊന്നും ഉരിയാടാതെ. എന്നാൽ, അവരുടെ കണ്ണുകൾ ഞങ്ങളെ ചികഞ്ഞു പരിശോധിക്കുന്നുണ്ടാകും!
മിക്കപ്പോഴും ഗ്രാമീണർ ദയാപുരസ്സരം ഞങ്ങൾക്കായി പ്രത്യേകം കുടിൽ ഉണ്ടാക്കിയിരുന്നു. ചിലപ്പോഴൊക്കെ അതു മണ്ണുകൊണ്ട് ഉള്ളതായിരിക്കും, മറ്റു ചിലപ്പോൾ ഒരിനം കോരപ്പുല്ലുകൊണ്ടും. കഷ്ടിച്ച് ഒരു കട്ടിൽ ഇടാനുള്ള വലിപ്പമേ അതിന് ഉണ്ടായിരുന്നുള്ളൂ. രാത്രിയിൽ കഴുതപ്പുലികൾ കുടിലിനടുത്തുകൂടെ, ഞങ്ങളുടെ തലയ്ക്കലൂടെ, ഭയപ്പെടുത്തും വിധം ഓരിയിട്ടുകൊണ്ടു പാഞ്ഞു പോകുമായിരുന്നു. എന്നാൽ ന്യാസാലാൻഡിലെ സാക്ഷികൾ വന്യ മൃഗങ്ങളെക്കാൾ അപകടകാരികൾ ആയവരെ നേരിടാൻ പോകുകയായിരുന്നു.
ദേശീയവാദം വിവാദ വിഷയമാകുന്നു
ആഫ്രിക്കയിൽ ഉടനീളം, സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ പ്രക്ഷോഭം ഇളക്കിവിടുകയായിരുന്നു. ന്യാസാലാൻഡിൽ സകലരും അവിടെ നിലവിൽ ഉണ്ടായിരുന്ന ഏക രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പെട്ടെന്നുതന്നെ, ഞങ്ങളുടെ നിഷ്പക്ഷത കത്തിക്കാളുന്ന ഒരു ദേശീയ വിഷയമായി. ഞങ്ങളുടെ ബ്രാഞ്ച് മേൽവിചാരകൻ ആയിരുന്ന മാൽക്കൊം വൈഗോ സ്ഥലത്ത് ഇല്ലായിരുന്നതിനാൽ ഞാനായിരുന്നു അപ്പോൾ ഓഫീസ് കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. ന്യാസാലാൻഡിലെ അന്നത്തെ പ്രധാനമന്ത്രി ഡോ. ഹേസ്റ്റിങ്സ് കാമൂസൂ ബാൻഡായുമായി ഒരു കൂടിക്കാഴ്ചയ്ക്കു ഞാൻ അഭ്യർഥിച്ചു. ഞാനും മറ്റു രണ്ടു ക്രിസ്തീയ മൂപ്പന്മാരും ചേർന്ന് അദ്ദേഹത്തോടു ഞങ്ങളുടെ നിഷ്പക്ഷ നിലപാടു വ്യക്തമാക്കി. യോഗം സമാധാനപരമായി അവസാനിച്ചു. എന്നിട്ടും, ഏതാണ്ട് ഒരു മാസത്തിനു ശേഷം, 1964 ഫെബ്രുവരിയിൽ എലട്ടൻ മ്വാച്ചാൻഡെ പീഡനത്തിന്റെ ആദ്യത്തെ ഇരയായി—ക്രുദ്ധരായ ജനക്കൂട്ടം അദ്ദേഹത്തെ കുത്തിക്കൊന്നു. അദ്ദേഹത്തിന്റെ ഗ്രാമത്തിലെ മറ്റു സാക്ഷികൾ പലായനം ചെയ്യാൻ നിർബന്ധിതരായി.
അത്തരം അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു നടപടി സ്വീകരിക്കാൻ അപേക്ഷിച്ചുകൊണ്ടു ഞങ്ങൾ ബാൻഡായ്ക്കു ടെലഗ്രാം അയച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടു പെട്ടെന്നുതന്നെ എനിക്കൊരു ഫോൺ കോൾ കിട്ടി. ഹാരൊൾഡ് ഗൈ എന്ന മറ്റൊരു മിഷനറിയോടും പ്രാദേശിക സാക്ഷിയായിരുന്ന അലക്സാണ്ടർ മാഫാമ്പാനായോടും ഒപ്പം ഞാൻ ഡോ. ബാൻഡായെ കാണാൻ ചെന്നു. അദ്ദേഹത്തോടൊപ്പം രണ്ടു മന്ത്രിമാരും സന്നിഹിതരായിരുന്നു.
ഞങ്ങൾ ഇരുന്ന ഉടനെ, ഒരക്ഷരം മിണ്ടാതെ ഡോ. ബാൻഡാ, ഞാൻ അയച്ച ടെലഗ്രാം എടുത്ത് തലയ്ക്കു മുകളിലൂടെ വീശാൻ തുടങ്ങി. ഒടുവിൽ, അദ്ദേഹം നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ടു ചോദിച്ചു: “മിസ്റ്റർ യോഹാൻസൻ, എന്തർഥത്തിലാണു താങ്കൾ ഇങ്ങനെ ഒരു ടെലഗ്രാം അയച്ചത്?” വീണ്ടും ഞങ്ങൾ അദ്ദേഹത്തോടു രാഷ്ട്രീയ കാര്യങ്ങളിലുള്ള ഞങ്ങളുടെ നിഷ്പക്ഷ നിലപാടു വിശദീകരിച്ചു. ഒപ്പം ഇങ്ങനെയും പറഞ്ഞു: “എലട്ടൻ മ്വാച്ചാൻഡെയെ കൊലപ്പെടുത്തിയ സ്ഥിതിക്ക്, ഇപ്പോൾ താങ്കൾക്കു മാത്രമേ ഞങ്ങളെ സഹായിക്കാനാകൂ.” അത് ഡോ. ബാൻഡായെ തൃപ്തിപ്പെടുത്തിയതായി തോന്നി. അദ്ദേഹത്തിന്റെ ക്രോധവും കുറച്ചൊന്ന് അടങ്ങി.
എന്നാൽ, അവിടെ സന്നിഹിതരായിരുന്ന മന്ത്രിമാരിൽ ഒരാൾ ദൂരെ ഒരു ഗ്രാമത്തിൽ സാക്ഷികൾ പ്രാദേശിക അധികാരികളുമായി സഹകരിച്ചില്ലെന്നു പറഞ്ഞു. മറ്റൊരു ഉൾഗ്രാമത്തിൽ സാക്ഷികൾ ഡോ. ബാൻഡായെ കുറിച്ച് അനാദരവോടെ സംസാരിച്ചു എന്നു മറ്റേ മന്ത്രിയും പറഞ്ഞു. എന്നാൽ, അവ്വണ്ണം പെരുമാറിയെന്നു പറയപ്പെട്ട ഒറ്റ വ്യക്തിയുടെയും പേരു നൽകാൻ അവർക്കു കഴിഞ്ഞില്ല. യഹോവയുടെ സാക്ഷികൾ എല്ലായ്പോഴും ഗവൺമെന്റ് അധികാരികളെ ആദരിക്കാൻ പഠിപ്പിക്കപ്പെടുന്നതായി ഞങ്ങൾ വിശദീകരിച്ചു. ദുഃഖകരമെന്നു പറയട്ടെ, ഡോ. ബാൻഡായുടെയും അദ്ദേഹത്തിന്റെ മന്ത്രിമാരുടെയും തെറ്റിദ്ധാരണകൾ അകറ്റാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ വൃഥാവിലായി.
ഞങ്ങളുടെ ജീവൻ അപകടത്തിലായിരുന്നു
1964-ൽ ന്യാസാലാൻഡിനു സ്വാതന്ത്ര്യം കിട്ടി. പിന്നീട് അത് മലാവി റിപ്പബ്ലിക് ആയി. ഞങ്ങളുടെ പ്രസംഗവേല വലിയ പ്രശ്നമൊന്നും കൂടാതെ തുടർന്നെങ്കിലും സമ്മർദം വർധിച്ചുവന്നു. അതേ സമയം രാജ്യത്തിന്റെ തെക്കേ ഭാഗത്തുള്ള സാക്ഷികൾ അവിടെ രാഷ്ട്രീയ കലാപം പൊട്ടിപ്പുറപ്പെട്ടു എന്ന് ഫോൺ ചെയ്ത് അറിയിച്ചു. ആരെങ്കിലും ഉടൻതന്നെ പോയി സാക്ഷികളുടെ സ്ഥിതിഗതികൾ വിലയിരുത്തേണ്ടതിന്റെയും ധാർമിക പിന്തുണ നൽകേണ്ടതിന്റെയും ആവശ്യം ഞങ്ങൾ തിരിച്ചറിഞ്ഞു. ഞാൻ അതിനു മുമ്പ് വനത്തിലൂടെ തനിയെ യാത്ര ചെയ്തിട്ടുണ്ട്, ലിൻഡയ്ക്കും എന്നെ ഒറ്റയ്ക്കു വിടാൻ ഭയമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഇത്തവണ ലോയിഡ് ലിക്വിഡെ എന്ന യുവ പ്രാദേശിക സാക്ഷിയെയും കൂടെ കൊണ്ടുപോകാൻ അവൾ നിർബന്ധം പിടിച്ചു. ഒടുവിൽ ഞാൻ അതിനു സമ്മതിച്ചു. ‘അത് അവളെ സന്തുഷ്ടയാക്കുന്നു എങ്കിൽ, അങ്ങനെയാകട്ടെ,’ ഞാൻ ചിന്തിച്ചു.
വൈകുന്നേരം 6 മണിക്ക് കർഫ്യൂ തുടങ്ങുന്നതിനു മുമ്പ് കടത്തു കടന്നിരിക്കണം എന്നു ഞങ്ങളോടു പറഞ്ഞിരുന്നു. സമയത്ത് എത്തിച്ചേരാൻ ഞങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും റോഡുകളുടെ പരിതാപകരമായ അവസ്ഥ നിമിത്തം ഞങ്ങൾ താമസിച്ചുപോയി. ആറു മണിക്കു ശേഷം നദിക്കിപ്പുറം കാണുന്ന ആരെയും വെടിവെക്കാൻ ഉത്തരവിട്ടിരുന്ന കാര്യം പിന്നീടേ ഞങ്ങൾ അറിഞ്ഞുള്ളൂ. നദിക്കരയിലേക്ക് അടുക്കവേ കടത്തുവള്ളം അക്കരയ്ക്കു പോകുന്നതു ഞങ്ങൾ കണ്ടു. ഞങ്ങളെയും കയറ്റിക്കൊണ്ടു പോകാൻ ലിക്വിഡെ സഹോദരൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അതു വന്നെങ്കിലും വള്ളത്തിൽ നിന്ന പടയാളി ആക്രോശിച്ചു: “എനിക്ക് ആ വെള്ളക്കാരനെ വെടിവെക്കണം!”
അതു വെറും ഭീഷണി ആണെന്നേ ഞാൻ ആദ്യം കരുതിയുള്ളൂ. എന്നാൽ വള്ളം തീരത്ത് അടുക്കവേ അയാൾ എന്നോടു വണ്ടിയുടെ വെളിച്ചത്തിൽ നിൽക്കാൻ ആജ്ഞാപിച്ചു. അന്നേരമാണ് എന്റെ ആഫ്രിക്കൻ സുഹൃത്ത് ഓടിവന്ന്, എനിക്കു പകരം തന്നെ കൊന്നുകൊള്ളാൻ കേണപേക്ഷിച്ചുകൊണ്ട് ഞങ്ങൾക്ക് ഇടയിലായി നിന്നത്. എനിക്കു വേണ്ടി മരിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത പടയാളിയെ സ്പർശിച്ചെന്നു തോന്നുന്നു. അയാൾ തോക്കു താഴ്ത്തി. ഞാൻ അപ്പോൾ യേശുവിന്റെ പിൻവരുന്ന വാക്കുകൾ ഓർത്തു: “സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.” (യോഹന്നാൻ 15:13, 14) ആ പ്രിയ സഹോദരനെ കൂടെ കൊണ്ടുപോകാനുള്ള ലിൻഡയുടെ ഉപദേശത്തിനു ചെവികൊടുത്തതിൽ ഞാൻ എത്രമാത്രം സന്തോഷിച്ചെന്നോ!
പിറ്റേന്ന്, ഞങ്ങൾ ബ്ലാന്റയറിലേക്കു മടങ്ങവേ, വഴി തടഞ്ഞുകൊണ്ട് കുറെ ചെറുപ്പക്കാർ നിലയുറപ്പിച്ചിരുന്നു. അവർ ലിക്വിഡെ സഹോദരനോടു പാർട്ടി അംഗത്വത്തിന്റെ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ഒരേ ഒരു മാർഗമേ ഉണ്ടായിരുന്നുള്ളൂ—ജനക്കൂട്ടത്തിന് ഇടയിലൂടെ കാർ അതിവേഗം ഓടിച്ചു പോകുക! ഞാൻ ഗിയർ വലിച്ചിട്ടു കാർ പെട്ടെന്നു മുന്നിലേക്ക് എടുത്തു. പരിഭ്രാന്തരായ ജനക്കൂട്ടം വഴിയിൽ നിന്നു മാറിക്കിട്ടാൻ അതു മതിയായിരുന്നു. ലിക്വിഡെ സഹോദരൻ അവരുടെ കയ്യിൽ അകപ്പെട്ടിരുന്നു എങ്കിൽ അത് അദ്ദേഹത്തിന്റെ അവസാനം ആയിരുന്നേനെ. വളരെ അസ്വസ്ഥരായിട്ടാണു ഞങ്ങൾ ബ്രാഞ്ച് ഓഫീസിൽ തിരിച്ചെത്തിയത്. എങ്കിലും, യഹോവയുടെ സംരക്ഷണത്തിന് ഞങ്ങൾ അവനോടു നന്ദി ഉള്ളവരായിരുന്നു.
അവരുടെ വിശ്വാസം നിമിത്തം തടവിലാക്കപ്പെട്ടു
1967 ഒക്ടോബറിൽ ഞങ്ങളുടെ വേല മലാവിയിൽ ഔദ്യോഗികമായി നിരോധിക്കപ്പെട്ടു. അന്ന് ആ രാജ്യത്ത് 18,000-ത്തോളം സാക്ഷികൾ ഉണ്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ്, തലസ്ഥാന നഗരിയായ ലിലോംഗ്വെയിൽ 3,000 സാക്ഷികളെ തടവിൽ ആക്കിയതായി ഞങ്ങൾക്കു വിവരം ലഭിച്ചു. സഹോദരങ്ങൾക്കു കുറഞ്ഞപക്ഷം ധാർമിക പിന്തുണ എങ്കിലും നൽകുന്നതിനായി അന്നു രാത്രിയിൽ തന്നെ അങ്ങോട്ട്, 300 കിലോമീറ്റർ ദൂരം വണ്ടി ഓടിച്ചു പോകാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ ലാൻഡ് റോവറിൽ വാച്ച്ടവർ പ്രസിദ്ധീകരണങ്ങൾ നിറച്ചു. യഹോവയുടെ സഹായത്താൽ പരിശോധനകൾ ഒന്നും കൂടാതെ പല മാർഗ തടസ്സങ്ങളും പിന്നിട്ട് യാത്ര തുടർന്നു. സമയോചിതമായ ആത്മീയ ആഹാരം നിറച്ച കാർട്ടനുകൾ വഴിയിൽ ഉടനീളമുള്ള സഭകളിൽ ഇറക്കിക്കൊണ്ട് ആയിരുന്നു ഞങ്ങളുടെ യാത്ര.
രാവിലെ ഞങ്ങൾ സഹോദരങ്ങളെ തടവിൽ ഇട്ടിരുന്നിടത്ത് എത്തി. എന്തൊരു ദൃശ്യം! രാത്രി മുഴുവൻ മഴ പെയ്തിരുന്നു. വേലി കെട്ടിയ, തുറന്ന വളപ്പിലാണു ഞങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരെ തടവിൽ ആക്കിയിരുന്നത്. അവർ നനഞ്ഞു കുതിർന്നിരുന്നു. ചിലർ കമ്പിളികൾ വേലിയിലിട്ട് ഉണക്കാൻ ശ്രമിക്കുകയായിരുന്നു. അവരിൽ ഏതാനും പേരോട് ഒരുവിധത്തിൽ വേലിക്ക് ഇപ്പുറം നിന്നു സംസാരിക്കാൻ ഞങ്ങൾക്കു സാധിച്ചു.
ഉച്ചയ്ക്ക് ആയിരുന്നു അവരുടെ കോടതി വിചാരണ. സാക്ഷികളെന്ന് അവകാശപ്പെട്ട കുറേ പേർ പ്രതിക്കൂട്ടിൽ വന്നു നിന്നു. അവരുമായി ദൃഷ്ടി സമ്പർക്കം പുലർത്താൻ ഞങ്ങൾ ശ്രമിച്ചു. എന്നാൽ, അവരുടെ മുഖം തികച്ചും ഭാവശൂന്യം ആയിരുന്നു. പ്രതിക്കൂട്ടിൽ നിന്ന എല്ലാവരും തങ്ങളുടെ വിശ്വാസം തള്ളിപ്പറഞ്ഞതു ഞങ്ങളെ അമ്പരപ്പിച്ചു! എന്നാൽ, വിശ്വാസം തള്ളിപ്പറഞ്ഞവരിൽ ആരെയും പ്രാദേശിക സാക്ഷികൾക്ക് അറിയില്ലായിരുന്നു എന്നു ഞാൻ മനസ്സിലാക്കി. വ്യക്തമായും, യഥാർഥ സാക്ഷികളെ നിരുത്സാഹപ്പെടുത്തുന്നതിന് ഉള്ള അടവായിരുന്നു അതെല്ലാം.
അതിനിടയിൽ, ഞങ്ങളെ നാടു കടത്താൻ ഉത്തരവായി. ബ്ലാന്റയറിൽ ഉള്ള ഞങ്ങളുടെ ബ്രാഞ്ച് ഓഫീസ് കണ്ടുകെട്ടി. രാജ്യം വിടാൻ മിഷനറിമാർക്ക് 24 മണിക്കൂർ സമയം നൽകിയിരുന്നു. ഞങ്ങൾ ബ്രാഞ്ചിൽ മടങ്ങിയെത്തിയപ്പോൾ വിചിത്രമെന്നു പറയട്ടെ, ഒരു പൊലീസ് ഓഫീസറാണു ഞങ്ങൾക്കു ഗേറ്റു തുറന്നു തന്നത്! പിറ്റേന്ന് ഉച്ച തിരിഞ്ഞപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്നു മനസ്സില്ലാ മനസ്സോടെ ഞങ്ങളെ അറസ്റ്റുചെയ്ത് ഒരു വണ്ടിയിൽ വിമാനത്താവളത്തിലേക്കു കൊണ്ടുപോയി.
1967 നവംബർ 8-നു ഞങ്ങൾ മലാവി വിട്ടു. അവിടുത്തെ ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങൾ ഘോരമായ പീഡനം അനുഭവിക്കാൻ പോകുകയാണ് എന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. അവരെ കുറിച്ച് ഓർത്തപ്പോൾ ഞങ്ങളുടെ ഹൃദയം പിടഞ്ഞു. ഡസൻ കണക്കിനു സഹോദരങ്ങൾക്കു ജീവൻ നഷ്ടമായി; നൂറു കണക്കിനു സഹോദരങ്ങൾ കൊടിയ പീഡനത്തിന് ഇരകളായി; ആയിരക്കണക്കിനു സഹോദരങ്ങൾക്കു തൊഴിലും വീടും വസ്തുവകകളും എല്ലാം നഷ്ടമായി. എന്നുവരികിലും, എല്ലാവരുംതന്നെ നിർമലത കാത്തു.
പുതിയ നിയമനങ്ങളിലേക്ക്
വളരെ ദുഷ്കരമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ഞങ്ങൾക്കു മിഷനറി വേല നിർത്തേണ്ടി വന്നില്ല. മറിച്ച്, ഞങ്ങൾ ഒരു പുതിയ നിയമനം സ്വീകരിച്ചു. വൈവിധ്യമാർന്ന ഭൂപ്രകൃതിയും ജനങ്ങളും ഉള്ള കെനിയയിലേക്ക് ആയിരുന്നു നിയമനം. മാസൈ ജനതയെ ലിൻഡയ്ക്കു നന്നേ ഇഷ്ടമായി. അന്ന് യഹോവയുടെ സാക്ഷിയായി ഒറ്റ മാസൈയും ഉണ്ടായിരുന്നില്ല. എന്നാൽ ഡോർക്കാസ് എന്ന ഒരു മാസൈ സ്ത്രീയെ കണ്ടുമുട്ടി അവരുമൊത്തു ലിൻഡ ബൈബിൾ അധ്യയനം തുടങ്ങി.
ദൈവത്തെ സന്തോഷിപ്പിക്കുന്നതിനു തന്റെ വിവാഹം നിയമാനുസൃതമാക്കണം എന്ന് ഡോർക്കാസ് മനസ്സിലാക്കി. അവരുടെ രണ്ടു കുട്ടികളുടെ പിതാവ് അതിനു വിസമ്മതിച്ചു. അതുകൊണ്ട്, മക്കളെ തനിയെ പോറ്റിപ്പുലർത്താൻ ഡോർക്കാസ് തീരുമാനിച്ചു. അദ്ദേഹത്തിനു സാക്ഷികളോടു ഭയങ്കര ദേഷ്യമായിരുന്നു. അതേസമയം, സ്വന്തം കുടുംബത്തിൽ നിന്നു വേർപെട്ടു പോകാനും അദ്ദേഹം ആഗ്രഹിച്ചില്ല. ഒടുവിൽ ഡോർക്കാസിന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. അദ്ദേഹം തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി, സാക്ഷിയായി, ഡോർക്കാസിനെ വിവാഹം കഴിച്ചു. ഡോർക്കാസ് പയനിയർ ആയി. അവരുടെ ഭർത്താവും മൂത്ത മകനും ഇപ്പോൾ സഭാ മൂപ്പന്മാർ ആണ്.
1973-ൽ, പെട്ടെന്ന് ഒരു നാൾ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം കെനിയയിൽ നിരോധിക്കപ്പെട്ടു. അതുകൊണ്ടു ഞങ്ങൾക്ക് അവിടം വിടേണ്ടി വന്നു. ഏതാനും മാസങ്ങൾക്കു ശേഷം നിരോധനം നീക്കപ്പെട്ടു. അതിനോടകം ഞങ്ങൾക്കു മൂന്നാമത്തെ നിയമനം ലഭിച്ചിരുന്നു—കോംഗോയിലേക്ക് (ബ്രാസവിൽ). 1974 ഏപ്രിലിൽ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. ഏതാണ്ടു മൂന്നു വർഷത്തിനു ശേഷം മിഷനറിമാരായ ഞങ്ങൾ ചാരന്മാർ ആണെന്നു കള്ളക്കുറ്റം ചുമത്തി, ഞങ്ങളുടെ വേല നിരോധിച്ചു. അതിനു പുറമേ, ആ രാജ്യത്തെ പ്രസിഡന്റിന്റെ വധത്തെ തുടർന്ന് ബ്രാസവില്ലിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. മറ്റു മിഷനറിമാർക്കെല്ലാം വ്യത്യസ്ത രാജ്യങ്ങളിലേക്കു നിയമനം ലഭിച്ചു. എന്നാൽ, ഞങ്ങളോട് കഴിയുന്നത്രയും കാലം അവിടെ തങ്ങാൻ ആവശ്യപ്പെട്ടു. ഓരോ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ പിറ്റേന്നു വെളിച്ചം കാണുമെന്നു ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു—അങ്ങനെ ആഴ്ചകൾ പിന്നിട്ടു. എങ്കിലും, യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ടു ഞങ്ങൾ നന്നായി ഉറങ്ങി. ബ്രാഞ്ച് ഓഫീസിൽ ഒറ്റയ്ക്കു ചെലവഴിച്ച ആ ഏതാനും മാസങ്ങളായിരുന്നു ഒരുപക്ഷേ ഞങ്ങളുടെ മിഷനറി സേവനത്തിലെ ഏറ്റവും അധികം വിശ്വാസത്തെ പരിശോധിക്കുകയും ബലിഷ്ഠമാക്കുകയും ചെയ്ത കാലഘട്ടം.
1977 ഏപ്രിലിൽ ഞങ്ങൾക്കു ബ്രാസവിൽ വിടേണ്ടിവന്നു. അങ്ങനെയിരിക്കെ, തികച്ചും ആശ്ചര്യപ്പെടുത്തുന്ന ഒരു നിയമനം ഞങ്ങൾക്കു ലഭിച്ചു—ഇറാനിൽ പുതിയ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കുക. ഞങ്ങൾ അഭിമുഖീകരിച്ച ആദ്യത്തെ വെല്ലുവിളി പേർഷ്യൻ ഭാഷയായ ഫാർസി പഠിക്കുക എന്നതായിരുന്നു. ഭാഷ പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഞങ്ങൾക്കു സഭാ യോഗങ്ങളിൽ, കൊച്ചു കുട്ടികൾ പറയുന്നതുപോലെ, വളരെ ലളിതമായ ഉത്തരങ്ങളേ പറയാൻ കഴിഞ്ഞിരുന്നുള്ളൂ! 1978-ൽ ഇറാനിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. അതിഘോരമായ പോരാട്ടങ്ങൾ നടക്കുമ്പോഴെല്ലാം ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. പിന്നീട്, 1980 ജൂലൈ മാസത്തിൽ ഞങ്ങളെ ഉൾപ്പെടെ എല്ലാ മിഷനറിമാരെയും നാടുകടത്തി.
ഞങ്ങളുടെ അഞ്ചാമത്തെ നിയമനം ആഫ്രിക്കയുടെ മധ്യത്തിലേക്ക്, സയറിലേക്ക്—ഇപ്പോഴത്തെ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലേക്ക്—ആയിരുന്നു. നിരോധനം ഏർപ്പെടുത്തിയിരുന്ന കുറച്ചു കാലം ഉൾപ്പെടെ 15 വർഷം ഞങ്ങൾ സയറിൽ സേവനം അനുഷ്ഠിച്ചു. ഞങ്ങൾ ആ ദേശത്ത് എത്തുമ്പോൾ 22,000-ത്തോളം സജീവ സാക്ഷികളാണ് അവിടെ ഉണ്ടായിരുന്നത്. ഇപ്പോൾ അവിടെ 1,00,000-ത്തിലധികം സാക്ഷികൾ ഉണ്ട്!
വേല തുടങ്ങിയിടത്തേക്കു തന്നെ വീണ്ടും!
1993 ആഗസ്റ്റ് 12-ന് മലാവിയിൽ യഹോവയുടെ സാക്ഷികളുടെ മേലുള്ള നിരോധനം നീക്കം ചെയ്യപ്പെട്ടു. രണ്ടു വർഷത്തിനു ശേഷം എനിക്കും ലിൻഡയ്ക്കും ഞങ്ങൾ തുടക്കം ഇട്ടിടത്തേക്കു തന്നെ വീണ്ടും നിയമനം ലഭിച്ചു—സൗന്ദര്യം വഴിഞ്ഞൊഴുകുന്ന, സൗഹാർദ മനോഭാവത്തോടുകൂടിയ ആളുകളുള്ള, ആഫ്രിക്കയുടെ ഊഷ്മള ഹൃദയം എന്ന് അറിയപ്പെടുന്ന മലാവിയിലേക്കു തന്നെ. 1996 ജനുവരി മുതൽ ഞങ്ങൾ മലാവിയിലെ സന്തുഷ്ടരും സമാധാന പ്രേമികളും ആയ ആളുകൾക്ക് ഇടയിൽ വേല ചെയ്യുന്നത് ആസ്വദിച്ചു വരുന്നു. മലാവിയിലെ ഞങ്ങളുടെ വിശ്വസ്ത സഹോദരന്മാരോട് ഒപ്പം വീണ്ടും സേവനം അനുഷ്ഠിക്കാൻ ലഭിച്ച അവസരത്തെ ഞങ്ങൾ നിധിപോലെ വിലപ്പെട്ടതായി കണക്കാക്കുന്നു. അവരിൽ പലരും മൂന്നു ദശകങ്ങളോളം പീഡനങ്ങൾ സഹിച്ചവരാണ്. ഞങ്ങളുടെ ആഫ്രിക്കൻ സഹോദരങ്ങൾ എപ്പോഴും പ്രചോദനത്തിന് ഉറവിടം ആയിരുന്നിട്ടുണ്ട്. ഞങ്ങൾ അവരെ ആഴമായി സ്നേഹിക്കുന്നു. അവർ തീർച്ചയായും പൗലൊസിന്റെ വാക്കുകൾക്കു ചേർച്ചയിൽ ജീവിച്ചിരിക്കുന്നു: “നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു.” (പ്രവൃത്തികൾ 14:22) മലാവിയിലെ 41,000-ത്തോളം സാക്ഷികൾക്ക് ഇപ്പോൾ പരസ്യമായി പ്രസംഗിക്കാനും വലിയ കൺവെൻഷനുകൾ നടത്താനും ഉള്ള സ്വാതന്ത്ര്യമുണ്ട്.
ഞങ്ങളുടെ എല്ലാ നിയമനങ്ങളും ഞങ്ങൾ അങ്ങേയറ്റം ആസ്വദിച്ചിരിക്കുന്നു. ഏതൊരു അനുഭവത്തിനും, അത് എത്രതന്നെ പരിശോധന ഉളവാക്കുന്നത് ആയിരുന്നാലും, നമ്മെ മെച്ചപ്പെട്ട വ്യക്തികളായി വാർത്തെടുക്കാൻ സാധിക്കും എന്നു ഞാനും ലിൻഡയും പഠിച്ചിരിക്കുന്നു—നാം “യഹോവയിങ്കലെ സന്തോഷം” മുറുകെ പിടിക്കണം എന്നു മാത്രം. (നെഹെമ്യാവു 8:10) നിയമനങ്ങൾ വിട്ടു പോകേണ്ടി വന്നപ്പോൾ എനിക്ക് അതുമായി പൊരുത്തപ്പെടാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ലിൻഡയുടെ മനസ്സൊരുക്കം—പ്രത്യേകിച്ചും യഹോവയിലുള്ള അവളുടെ ഉറച്ച വിശ്വാസം—എന്നെ സഹായിച്ചു. “ഉത്തമയായ ഭാര്യ” ഉണ്ടായിരിക്കുന്നതിന്റെ അനുഗ്രഹം വിലമതിക്കാനും അത് ഇടയാക്കിയിരിക്കുന്നു.—സദൃശവാക്യങ്ങൾ 18:22, പി.ഒ.സി. ബൈ.
എത്രമാത്രം സന്തുഷ്ടവും ആവേശഭരിതവും ആയ ജീവിതമാണു ഞങ്ങൾ നയിച്ചിരിക്കുന്നത്! യഹോവയുടെ സംരക്ഷണ കരങ്ങൾക്കു ഞങ്ങൾ വീണ്ടും വീണ്ടും അവനു നന്ദി പറയുന്നു. (റോമർ 8:31) മുഴുസമയ ശുശ്രൂഷയുടെ അനുഗ്രഹങ്ങളെ കുറിച്ച് ആ പ്രസംഗം നടത്തിയിട്ട് ഇപ്പോൾ നാലു ദശകങ്ങൾ കഴിഞ്ഞിരിക്കുന്നു. ‘യഹോവയെ പരീക്ഷിച്ച് അവൻ നല്ലവൻ എന്നു രുചിച്ചറിഞ്ഞ’തിൽ ഞങ്ങൾ സന്തുഷ്ടരാണ്. (സങ്കീർത്തനം 34:8; മലാഖി 3:10) ‘ഞങ്ങൾക്കായി ജിവിക്കാതിരിക്കുന്നത്’ ആണ് സാധിക്കുന്നതിലേക്കും ഏറ്റവും നല്ല ജീവിതരീതി എന്നു ഞങ്ങൾക്കു ബോധ്യമായിരിക്കുന്നു.
[24-ാം പേജിലെ ഭൂപടം/ചിത്രം]
ഞങ്ങൾ സേവനം അനുഷ്ഠിച്ച രാജ്യങ്ങൾ
ഇറാൻ
കോംഗോ റിപ്പബ്ലിക്
കോംഗോ ജനാധിപത്യ റിപ്പബ്ലിക്
കെനിയ
മലാവി
[21-ാം പേജിലെ ചിത്രം]
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലൂടെ മലാവിയിലേക്കുള്ള ഞങ്ങളുടെ യാത്ര
[23-ാം പേജിലെ ചിത്രം]
ഞങ്ങളെ അറസ്റ്റു ചെയ്ത് മലാവിയിൽ നിന്നു നാടുകടത്തിയപ്പോൾ
[25-ാം പേജിലെ ചിത്രം]
ഒരു മാസൈ ആയ ഡോർക്കാസ് ഭർത്താവിനോടൊപ്പം