എയ്ഡ്സ്—തേർവാഴ്ച തുടരുന്നു
കാരൻ വളർന്നുവന്നത് ഐക്യനാടുകളുടെ പശ്ചിമ ഭാഗത്താണ്.a ഒരു യഹോവയുടെ സാക്ഷി എന്ന നിലയിൽ അവൾ ചെറുപ്പം മുതലേ ഉയർന്ന ധാർമിക നിലവാരം പുലർത്തിയിരുന്നു. 1984-ൽ, 23 വയസ്സുള്ളപ്പോൾ അവൾ ബില്ലിന്റെ ഭാര്യയായി. അദ്ദേഹം ഒരു സാക്ഷി ആയിട്ട് വെറും രണ്ടു വർഷമേ ആയിരുന്നുള്ളൂ. അവർക്കു രണ്ടു കുട്ടികൾ ജനിച്ചു, ഒരു ആണും ഒരു പെണ്ണും.
1991 ആയപ്പോഴേക്കും അവർക്കിടയിൽ സ്നേഹം ആഴത്തിൽ വേരുറച്ചിരുന്നു. അവർ സംതൃപ്തരും സന്തുഷ്ടരും ആയിരുന്നു. ആ വർഷം അവസാനം ബില്ലിന്റെ നാക്കിൽ ഒരു വെളുത്ത പാടു പ്രത്യക്ഷപ്പെട്ടു, അതു മാറുന്ന ലക്ഷണമൊന്നും കണ്ടില്ല. ഒടുവിൽ അദ്ദേഹം ഒരു ഡോക്ടറെ കണ്ടു.
അങ്ങനെയിരിക്കെ ഒരു ദിവസം, കാരനും കുട്ടികളും വീട്ടു വളപ്പിൽ കരിയില അടിച്ചുകൂട്ടുന്ന നേരത്ത് ബിൽ പോർട്ടിക്കോയുടെ പടിയിൽ വന്ന് ഇരുന്നു. എന്നിട്ട്, കാരനെ വിളിച്ച് തന്റെ അടുത്തിരിക്കാൻ ആവശ്യപ്പെട്ടു. അവളുടെ തോളിൽ കയ്യിട്ടുകൊണ്ട്, അവളെ ജീവനു തുല്യം സ്നേഹിക്കുന്നു എന്നും നിത്യം അവളോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നും നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. അപ്പോൾ അദ്ദേഹം കരഞ്ഞതിന്റെ കാരണം? ബില്ലിനെ എച്ച്ഐവി—എയ്ഡ്സിനു കാരണമായ രോഗാണു—ബാധിച്ചിരിക്കുന്നതായി ഡോക്ടർ സംശയിക്കുന്നത്രേ.
മുഴു കുടുംബവും പരിശോധനയ്ക്കു വിധേയമായി. ബില്ലിനും കാരനും രോഗാണു ബാധിച്ചിരിക്കുന്നതായി പരിശോധനയിൽ തെളിഞ്ഞു. യഹോവയുടെ സാക്ഷി ആകുന്നതിനു മുമ്പുതന്നെ ബിൽ രോഗാണു ബാധിതൻ ആയിരുന്നു. അദ്ദേഹത്തിൽ നിന്ന് രോഗാണു കാരനിൽ കടന്നുകൂടി. എന്നാൽ, കുട്ടികൾക്കു കുഴപ്പമൊന്നും ഇല്ലായിരുന്നു. മൂന്നു വർഷത്തിനകം ബിൽ മരിച്ചു. കാരൻ പറയുന്നു: “ഒരാൾ ജീവനുതുല്യം സ്നേഹിക്കുന്ന, എന്നെന്നും ഒരുമിച്ചു ജീവിതം പങ്കിടാൻ ആഗ്രഹിക്കുന്ന, ഒരിക്കൽ സുമുഖൻ ആയിരുന്ന വ്യക്തി ദിവസം ചെല്ലുന്തോറും ക്ഷീണിച്ച്, എല്ലും തോലുമായി മാറുന്നതു കാണുമ്പോഴത്തെ വികാരം എങ്ങനെ വിവരിക്കണമെന്ന് എനിക്ക് അറിയില്ല. മിക്ക രാത്രികളും ഞാൻ കണ്ണീരോടെ തള്ളിനീക്കി. ഞങ്ങളുടെ പത്താമത്തെ വിവാഹ വാർഷികത്തിനു മൂന്നു മാസം ഉള്ളപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. അദ്ദേഹം ഒരു നല്ല പിതാവും നല്ല ഭർത്താവും ആയിരുന്നു.”
കാരനും താമസിയാതെ മരിക്കും എന്ന് ഒരു ഡോക്ടർ പറഞ്ഞെങ്കിലും അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അണുബാധ എയ്ഡ്സിന്റെ പ്രാരംഭ ഘട്ടങ്ങളിലേക്കു കടന്നിരിക്കുന്നു.
കാരനെ പോലെ, എച്ച്ഐവി/എയ്ഡ്സ് ബാധിതരായ 3 കോടിയോളം ആളുകളുണ്ട്. ആ സംഖ്യ ഓസ്ട്രേലിയ, അയർലൻഡ്, പരാഗ്വേ എന്നീ ദേശങ്ങളിലെ മൊത്തം ജനസംഖ്യയിലും അധികമാണ്. ആഫ്രിക്കയിൽ മാത്രം 2 കോടി 10 ലക്ഷം പേർ എച്ച്ഐവി/എയ്ഡ്സ് ബാധിതരായി ഉണ്ടെന്നു കണക്കുകൾ കാണിക്കുന്നു. അടുത്ത നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആ സംഖ്യ 4 കോടിയായി കുതിച്ചുയർന്നേക്കും എന്നാണ് ഐക്യരാഷ്ട്രങ്ങളുടെ കണക്കുകൾ കാണിക്കുന്നത്. എയ്ഡ്സ്, ചരിത്രത്തിലെ ഏതൊരു കൊടിയ പകർച്ചവ്യാധിയോടും കിടപിടിക്കുന്ന ഒന്നാണ് എന്ന് ഒരു യുഎൻ റിപ്പോർട്ട് പറയുന്നു. ലോകത്തിൽ 15-നും 49-നും ഇടയ്ക്കു പ്രായമുള്ള, ലൈംഗികമായി പ്രവർത്തനക്ഷമർ ആയ 100-ൽ ഒരാളെ വീതം എച്ച്ഐവി ബാധിച്ചിട്ടുണ്ട്. എന്നാൽ, 10-ൽ ഒരാൾ മാത്രമേ തന്നെ രോഗാണു ബാധിച്ചിട്ടുള്ളതായി തിരിച്ചറിയുന്നുള്ളൂ. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ പ്രായപൂർത്തി ആയവരിൽ 25 ശതമാനവും എച്ച്ഐവി ബാധിതരാണ്.
1981-ൽ ആയിരുന്നു എയ്ഡ്സ് മഹാവ്യാധിയുടെ രംഗപ്രവേശം. അന്നു മുതൽ അത് ഏറെക്കുറെ 1.17 കോടി ആളുകളുടെ ജീവൻ അപഹരിച്ചിരിക്കുന്നു. 1997-ൽ മാത്രം ഏകദേശം 23 ലക്ഷം പേരെ അതു കൊന്നൊടുക്കിയതായി കണക്കാക്കപ്പെടുന്നു. എന്നുവരികിലും, എയ്ഡ്സിന് എതിരെയുള്ള പോരാട്ടത്തിൽ ശുഭപ്രതീക്ഷയ്ക്കു പുതിയ കാരണങ്ങൾ ഉണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, സമ്പന്ന രാഷ്ട്രങ്ങളിൽ എയ്ഡ്സ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അതിനു പുറമേ, ഫലപ്രദമെന്നു തെളിഞ്ഞേക്കാവുന്ന മരുന്നുകൾ മെച്ചപ്പെട്ട ആരോഗ്യത്തിനും ദീർഘായുസ്സിനും ഉള്ള പ്രത്യാശ വാഗ്ദാനം ചെയ്യുന്നു.
നിങ്ങൾക്ക് എയ്ഡ്സിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാം? ചികിത്സ, വാക്സിനുകൾ എന്നിവയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും പുതിയ പുരോഗതികൾ എന്തെല്ലാമാണ്? ആ മഹാവ്യാധിയെ എന്നെങ്കിലും കീഴടക്കാൻ സാധിക്കുമോ? തുടർന്നുള്ള ലേഖനങ്ങളിൽ നിന്ന് ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതാണ്.
[അടിക്കുറിപ്പ്]
a പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.