രഹസ്യ രേഖകൾ വെളിപ്പെടുത്തുന്നു
ഇറ്റലിയിലെ ഉണരുക! ലേഖകൻ
“മതവിചാരണ രേഖകൾ വെളിപ്പെടുത്തുന്നു.” 1965 വരെ ഹോളി ഓഫീസ് എന്ന് അറിയപ്പെട്ടിരുന്ന ‘വിശ്വാസപ്രമാണത്തിനായി നിലകൊള്ളുന്ന സഭ’യുടെ രേഖകൾ പണ്ഡിതന്മാർക്കു വത്തിക്കാൻ ലഭ്യമാക്കിയതിനെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് അങ്ങനെയാണ്.
“ജോൺ പോൾ രണ്ടാമൻ പാപ്പാ 2000-ാമാണ്ടിനു മുമ്പ് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ദീർഘവും സുസംഘടിതവുമായ ചരിത്ര ഭേദഗതിയുടെ പശ്ചാത്തലത്തിൽ” വേണം ഈ നീക്കത്തെ കാണാൻ എന്നു പ്രസ്താവിക്കപ്പെട്ടു.a ഈ രേഖകൾ ഇത്രയധികം താത്പര്യം ഉണർത്തുന്നത് എന്തുകൊണ്ട്? അവയിൽ എന്തെല്ലാം രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണു കരുതപ്പെടുന്നത്?
പോൾ മൂന്നാമൻ പാപ്പാ 1542-ൽ ഹോളി ഓഫീസ് സ്ഥാപിച്ചു. “മതവിരോധ”ത്തെ അടിച്ചമർത്താനുള്ള പാപ്പായുടെ ഈ ഏജൻസി ‘റോമൻ മതവിചാരണ സമിതി’ എന്നും വിളിക്കപ്പെട്ടിരുന്നു. 1478-ൽ സ്ഥാപിക്കപ്പെട്ട ‘സ്പാനീഷ് മതവിചാരണ സമിതി’യിൽ നിന്ന് അതിനെ വേർതിരിച്ചു കാണിക്കാനായിരുന്നു ആ പേര് നൽകപ്പെട്ടത്.b 1542-ൽ അസ്തിത്വത്തിൽ വന്ന കർദിനാൾസഭ “ക്രൈസ്തവലോകത്തിൽ എങ്ങുമുള്ള മതവിരോധം കൈകാര്യം ചെയ്യാൻ” ഉദ്ദേശിച്ചുള്ളത് ആയിരുന്നു എന്ന് പ്രസ്തുത വിഷയത്തിൽ പ്രാമാണികനായ ആഡ്രിയാനോ പ്രൊസ്പെറി വിശദീകരിക്കുന്നു. 16-ാം നൂറ്റാണ്ടിൽ നിലവിലിരുന്ന അത്തരം മതവിചാരണ സമിതികളിൽ ‘റോമൻ മതവിചാരണ സമിതി’ മാത്രമേ ഇപ്പോൾ നിലവിലുള്ളൂ, അതിന്റെ പേരും ചുമതലകളും വ്യത്യസ്തമാണെന്നു മാത്രം.
മതവിചാരണയുടെ രേഖകൾ ശേഖരിക്കപ്പെട്ടു. കാലക്രമത്തിൽ, ഇവയാണ് ഹോളി ഓഫീസിന്റെ രഹസ്യ രേഖകൾ ആയിത്തീർന്നത്. ‘റോമൻ മതവിചാരണ’ സമ്പ്രദായത്തിന്റെ മുഖ്യ വക്താവ് എന്നു കരുതപ്പെട്ടിരുന്ന പോൾ നാലാമൻ പാപ്പായുടെ മരണം “ആഘോഷിച്ചുകൊണ്ട്” വിപ്ലവം അഴിച്ചുവിട്ട റോമിലെ ജനങ്ങളിൽ ചിലർ 1559-ൽ ഈ രേഖകൾ അപഹരിക്കുകയുണ്ടായി. 1810-ൽ റോം പിടിച്ചെടുത്തപ്പോൾ, നെപ്പോളിയൻ ഒന്നാമൻ പ്രസ്തുത രേഖകൾ പാരീസിലേക്കു മാറ്റി. ആ രേഖകളിൽ പലതും, അക്കാലത്തും തുടർന്ന് അവ പാപ്പായ്ക്കു തിരിച്ചു കൊടുത്ത സമയത്തും, നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ഉണ്ടായി.
അവയിൽ എന്ത് അടങ്ങിയിരിക്കുന്നു?
സെന്റ് പീറ്റേഴ്സ് ബെസിലിക്കയോടു ചേർന്നുള്ള രണ്ടു മുറികളിലാണ് 4,300-ലധികം വരുന്ന ഈ രേഖകൾ സൂക്ഷിച്ചിട്ടുള്ളത്. ‘വിശ്വാസപ്രമാണത്തിനായി നിലകൊള്ളുന്ന സഭ’യുടെ തലവനായ കർദിനാൾ യോസഫ് റാറ്റ്സിംഗർ പറയുന്നത് അനുസരിച്ച്, ഈ രേഖകളിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ചരിത്ര വിഷയങ്ങളോടു പരോക്ഷമായി ബന്ധമുള്ളത് ആണെങ്കിൽത്തന്നെയും “മുഖ്യമായും ദൈവശാസ്ത്ര സ്വഭാവം ഉള്ളവയാണ്.”
ഈ രേഖകളിൽനിന്നു കൂടുതലായ വിവരങ്ങൾ എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട എന്നാണ് ചരിത്രകാരന്മാർക്കു പൊതുവേ ഉള്ള അഭിപ്രായം. റോമൻ മതവിചാരണ സമിതി നടത്തിയ യോഗങ്ങളുടെ നടപടിക്കുറിപ്പുകൾ ലഭ്യമാണെങ്കിലും, “നിവേദനങ്ങളും നിയമരേഖകളും അതുപോലെതന്നെ മിക്ക വിചാരണ പത്രങ്ങളും അക്കൂട്ടത്തിൽ ഇല്ല. നെപ്പോളിയൻ നീക്കം ചെയ്ത രേഖകൾ തിരികെ കൊണ്ടുവരാൻ റോമിൽനിന്ന് അയയ്ക്കപ്പെട്ട മോൺസിഞ്ഞോർ മാരിനോ മാരിനിയുടെ കൽപ്പന പ്രകാരം 1815-നും 1817-നും ഇടയ്ക്കുള്ള കാലത്ത് അവ മിക്കതും പാരീസിൽ വെച്ച് നശിപ്പിക്കപ്പെട്ടു” എന്ന് പ്രൊഫസർ പ്രൊസ്പെറി വിശദീകരിക്കുന്നു.
1903 ജൂലൈയിലെ ലിയോ പതിമൂന്നാമന്റെ മരണത്തിനു മുമ്പ് ശേഖരിക്കപ്പെട്ട രേഖകൾ പരിശോധിക്കാനുള്ള അനുമതിയാണു പണ്ഡിതന്മാർക്കു വത്തിക്കാൻ നൽകിയിരിക്കുന്നത്. അവ പരിശോധിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിന്, ഗവേഷകർ മത അധികാരികളിൽ നിന്നോ കലാലയ അധികൃതരിൽ നിന്നോ ഉള്ള ശുപാർശക്കത്തുകൾ സമർപ്പിക്കേണ്ടതുണ്ട്.
വിമർശനം
രേഖകൾ വെളിപ്പെടുത്തുന്നു എന്ന വാർത്ത പൊതുവേ പ്രശംസിക്കപ്പെട്ടുവെങ്കിലും, വിമർശനത്തിന്റെ സ്വരങ്ങളും ഉയരുകയുണ്ടായി. 1903-ന് മുമ്പുള്ള രേഖകൾ മാത്രം ലഭ്യമാക്കുന്നതിന്റെ കാരണത്തെക്കുറിച്ച് പരിചിന്തിക്കവേ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ഹാൻസ് ക്യൂങ് ഇങ്ങനെ ചോദിക്കുന്നു: “പാപ്പാസ്ഥാനത്ത് എത്തിയിട്ട് അധികം നാളാകാത്ത പീയൂസ് പത്താമൻ പാപ്പാ, പുരോഗമന വാദികൾക്ക് എതിരെ പോരാട്ടം—അത് ദൈവശാസ്ത്രജ്ഞരെ ഇരകളാക്കുകയും ഇറ്റലിയിലെയും ഫ്രാൻസിലെയും ജർമനിയിലെയും ബിഷപ്പുമാരെ ബുദ്ധിമുട്ടിക്കുകയും അനേകരെ സഭയിൽനിന്ന് അകറ്റുകയും ചെയ്തു—അഴിച്ചുവിട്ട 1903 എന്ന വർഷത്തിൽ ചരിത്രം കൂടുതൽ രസകരമായിത്തീരുന്നതു കൊണ്ടായിരിക്കുമോ അത്?”
നിയമ ചരിത്രകാരനായ ഇത്താലോ മെരേയൂവിന്റെ അഭിപ്രായത്തിൽ, സമിതിയുടെ പേരു മാറ്റുകയും രേഖകൾ വെളിപ്പെടുത്തുകയും ചെയ്തിട്ടു കൂടി, “പഴയ മതവിചാരണ സമിതി ചെയ്ത വേല തന്നെയാണ് ഈ സമിതിയും [വിശ്വാസപ്രമാണത്തിനായി നിലകൊള്ളുന്ന സഭയും] ചെയ്യുന്നത്. അവലംബിക്കുന്ന രീതികളും പഴയതുതന്നെ.” അതിന്റെ ഒരു ഉദാഹരണമാണ്, ആരെക്കുറിച്ചെല്ലാം അന്വേഷണം നടക്കുന്നുവോ അവരെ പരാമർശിക്കുന്ന രേഖകൾ കാണാൻ അനുമതി നൽകാത്തത്.
‘മറച്ചുവെച്ചത് ഒന്നും വെളിപ്പെടാതിരിക്കില്ല’
“മതവിചാരണ സമിതിയുടെ രേഖക”ളിൽ തങ്ങൾ എന്തെങ്കിലും വലിയ കണ്ടുപിടിത്തം നടത്തുമെന്ന വിശ്വാസമൊന്നും പൊതുവേ ചരിത്രകാരന്മാർക്ക് ഇല്ല. എന്നിരുന്നാലും, വിധി പൊതുജനങ്ങൾക്കു വിട്ടുകൊടുക്കാനുള്ള ബാധ്യസ്ഥത കത്തോലിക്കാ സഭയ്ക്കു തോന്നിയതുതന്നെ വലിയ കാര്യം.
എന്നാൽ, ജനങ്ങളുടേതിനെക്കാൾ വളരെ പ്രധാനമാണ് അതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം. ക്രിസ്തീയമെന്ന് അവകാശപ്പെടുകയും അതേസമയം നൂറ്റാണ്ടുകളോളം ദൈവകൽപ്പനകൾ ലംഘിക്കുകയും യേശുവിന്റെ പഠിപ്പിക്കലിന്റെ അന്തഃസത്തയെ ആദരിക്കാതെ നീചമായ മതവിചാരണകൾ നടത്തുകയും ചെയ്ത ഒരു മതത്തിന്റെ മേൽ ദൈവം യഥാസമയം ന്യായവിധി നടപ്പാക്കും. സഭയുടെ ഉപദേശങ്ങളോ ആചാരങ്ങളോ സ്വീകരിച്ചില്ല എന്നതുകൊണ്ടു മാത്രം നിർദോഷികളായ അനവധി ആളുകൾ അത്തരം മതവിചാരണകളിൽ അതിഭയങ്കരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.—മത്തായി 26:52; യോഹന്നാൻ 14:15; റോമർ 14:12.
ഈ രേഖകൾ സംബന്ധിച്ചു പണ്ഡിതന്മാർ നടത്തുന്ന വിശകലനം എത്ര ആഴത്തിലുള്ളത് ആയിരുന്നാലും, അത് എന്നെന്നും അപൂർണമായിത്തന്നെ അവശേഷിക്കും. നേരേമറിച്ച്, “[ദൈവത്തിന്] മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.” (എബ്രായർ 4:13) അതുകൊണ്ടാണ് തന്നെ എതിർത്ത മതനേതാക്കന്മാരെ പരാമർശിച്ചുകൊണ്ട് യേശുവിനു തന്റെ ശിഷ്യന്മാരോട് “അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല” എന്നു പറയാൻ കഴിഞ്ഞത്.—മത്തായി 10:26.
[അടിക്കുറിപ്പുകൾ]
b രീതികളിലും ഫലങ്ങളിലും ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഈ രണ്ടു സമിതികളും, 1231-ൽ ഇറ്റലിയിലും ഫ്രാൻസിലും ആരംഭിച്ച മധ്യകാല മതവിചാരണ സമിതികളെ അപേക്ഷിച്ച് പുതിയതായിരുന്നു.
[12-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ഇറ്റലിയിലെ റോമിലുള്ള ഹോളി ഓഫീസ് മന്ദിരം
ചിത്രങ്ങൾ: From the book Bildersaal deutscher Geschichte