ഗംഭീര നഭോദൃശ്യങ്ങൾ
ആകാശത്തിലെ ഏറ്റവും ഗംഭീര ദൃശ്യങ്ങളിൽ ഒന്നാണ് ഗോളാകാര താരാഗണങ്ങൾ. ഓരോ ഗണത്തിലും പതിനായിരം മുതൽ ലക്ഷക്കണക്കിനു വരെ നക്ഷത്രങ്ങൾ ഉണ്ടായിരിക്കും. നമ്മുടെ ക്ഷീരപഥ ഗാലക്സിയിൽ, അറിയപ്പെടുന്ന ഏതാണ്ട് 100 ഗോളാകാര താരാഗണങ്ങൾ ഉണ്ട്.
ക്ഷീരപഥത്തിൽ നമ്മുടെ അയലത്തു സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങൾ തമ്മിലുള്ള ശരാശരി അകലം, നാലു മുതൽ അഞ്ചു വരെ പ്രകാശവർഷങ്ങളാണ്.a എന്നാൽ, ഒരു ഗോളാകാര താരാഗണത്തിൽ നക്ഷത്രങ്ങൾ ഇടതിങ്ങിയാണു കാണപ്പെടുന്നത്, നക്ഷത്രങ്ങൾ തമ്മിലുള്ള അകലം ഒരു പ്രകാശവർഷത്തിന്റെ ഏതാണ്ട് പത്തിലൊന്ന് ആയിരിക്കും.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന താരാഗണം ഒമേഗ സെന്റൊറൈ ആണ്. നഗ്നനേത്രംകൊണ്ടു നോക്കിയാൽ അത് ഒരൊറ്റ നക്ഷത്രമാണെന്നേ തോന്നൂ. എന്നാൽ വലിയ ഒരു ദൂരദർശനിയിലൂടെ നോക്കുകയാണെങ്കിൽ മൊത്തം ഏതാണ്ട് പത്തു ലക്ഷം നക്ഷത്രങ്ങളുള്ള കണ്ണഞ്ചിക്കുന്ന ഒരു താരാഗണം ആണ് അതെന്നു മനസ്സിലാകും. ഒമേഗ സെന്റൊറൈയെ ഏറ്റവും നന്നായി കാണാൻ കഴിയുന്നതു ദക്ഷിണാർധഗോളത്തിൽ നിന്നാണ്. എങ്കിലും, വസന്തകാലത്തും വേനൽക്കാലത്തും വൈകുന്നേരങ്ങളിൽ ഉത്തരാർധഗോളത്തിലെ മധ്യ അക്ഷാംശങ്ങൾ വരെയുള്ള ഭാഗങ്ങളിൽ നിന്നുനോക്കിയാലും അതു കാണാം. ദക്ഷിണ ചക്രവാളത്തിലാണ് അപ്പോൾ അത് ദൃശ്യമാകുക.
ഒമേഗ സെന്റൊറൈയുടെ വ്യാസം ഏതാണ്ട് 150 പ്രകാശവർഷമാണ്; ഇവിടെ കൊടുത്തിരിക്കുന്ന താരാഗണത്തിന്റെ ചിത്രത്തിന്റെ മുകളിൽനിന്നു താഴെ വരെ സഞ്ചരിക്കാൻ പ്രകാശത്തിന് ഏതാണ്ട് 150 വർഷം വേണ്ടിവരും! ഭൂമിയിൽനിന്ന് ഒമേഗ സെന്റൊറൈയിലേക്കുള്ള ദൂരം 17,000 പ്രകാശവർഷമാണ് എന്നു കണക്കാക്കപ്പെടുന്നു.
ഒമേഗ ഒരൊറ്റ നക്ഷത്രം ആണെന്നാണു യുഗങ്ങളായി കരുതിപ്പോന്നത്. 17-ാം നൂറ്റാണ്ടിൽ ജർമൻകാരനായ അമച്ച്വർ ബഹിരാകാശ ശാസ്ത്രജ്ഞൻ യോഹാൻ ബൈയർ അതിന് ഒമേഗ (ω) എന്നു പേരിട്ടു. ഗ്രീക്ക് അക്ഷരമാലയിലെ ഒരു അക്ഷരമാണ് ഇത്. എന്നാൽ 1677-ൽ, ഇംഗ്ലീഷുകാരനായ ബഹിരാകാശ ശാസ്ത്രജ്ഞൻ എഡ്മണ്ട് ഹാലിയാണ് അത് ഒരു ഗോളാകാര താരാഗണം ആണെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്.
ഉത്തരാർധഗോളത്തിൽ, നിരീക്ഷിക്കാൻ പറ്റിയ ഏറ്റവും നല്ല ഒരു താരാഗണം ഹെർക്കുലിസ് നക്ഷത്രമണ്ഡലത്തിലെ എം13 ആണ്. അതിൽ ഏതാണ്ട് പത്തു ലക്ഷം നക്ഷത്രങ്ങൾ ഉണ്ട്. ഇത് ഭൂമിയിൽനിന്ന് ഒമേഗ സെന്റൊറൈയെക്കാൾ 4,000 പ്രകാശവർഷം അകലെയാണ്. അതുകൊണ്ടാണ് അതു ചെറുതായി കാണപ്പെടുന്നത്.
എപ്പോഴെങ്കിലും, ഒരുവിധം വലിയ ദൂരദർശിനിയിലൂടെ ഒരു ഗോളാകാര താരാഗണത്തെ നിരീക്ഷിക്കാൻ അവസരം ലഭിച്ചാൽ യാതൊരു കാരണവശാലും അതു പാഴാക്കരുത്. നിശാനഭസ്സിൽ ദൃശ്യമാകുന്ന അതിഗംഭീര സൃഷ്ടികളിൽ ഒന്നാണ് അത്.
[അടിക്കുറിപ്പ്]
a ഒരു പ്രകാശവർഷം 9,46,053,00,00,000 കിലോമീറ്ററിനു തുല്യമാണ്.
[31-ാം പേജിലെ ചിത്രങ്ങൾ]
ഒമേഗ സെന്റൊറൈ
[കടപ്പാട്]
National Optical Astronomy Observatories
[31-ാം പേജിലെ ചിത്രങ്ങൾ]
എം13
[കടപ്പാട്]
ക്ഷീരപഥ ഗാലക്സിയും എം13-ഉം: Courtesy United States Naval Observatory