ഞങ്ങളുടെ വായനക്കാരിൽനിന്ന്
ശാസ്ത്രം ആശ്രയയോഗ്യമോ? “ശാസ്ത്രത്തെ എത്രത്തോളം ആശ്രയിക്കാം?” (മാർച്ച് 8, 1998) എന്ന നിങ്ങളുടെ ലേഖനപരമ്പര കാലോചിതമായ ഒരു മുന്നറിയിപ്പ് ആയിരുന്നു. ശാസ്ത്രീയ അന്വേഷണങ്ങളെയും കണ്ടെത്തലുകളെയും സംബന്ധിച്ച് കുറെക്കൂടെ യാഥാർഥ്യബോധം ഉള്ളവനായിരിക്കാൻ അത് എന്നെ സഹായിച്ചു. കാരണം അവയിൽ പലതും മനുഷ്യനും അവന്റെ പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന പാർശ്വഫലങ്ങൾ ഉളവാക്കുന്നവയാണ്. അതേസമയം, നിങ്ങളുടെ ലേഖനപരമ്പര ബൈബിളിലേക്ക്—തികച്ചും ആശ്രയയോഗ്യമായ ഒന്നിലേക്ക്—വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചു.
എ. ഐ. ബി., ബ്രസീൽ
അപ്പാച്ചി അമേരിക്കൻ ഇന്ത്യക്കാരുടെ ചരിത്രം അറിയാൻ അതിയായ താത്പര്യമുള്ളവരാണ് ഞങ്ങൾ, അവരെപ്പറ്റിയുള്ള ഒട്ടേറെ പുസ്തകങ്ങൾ ഞങ്ങൾ വായിച്ചിട്ടുണ്ട്. അതുകൊണ്ട് “അപ്പാച്ചിക്ക് എന്തൊക്കെ സംഭവിച്ചെന്നോ?” (മാർച്ച് 8, 1998) എന്ന നിങ്ങളുടെ ലേഖനത്തിനായി നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് വ്യക്തമായ, ബോധ്യം വരുത്തുന്ന രീതിയിലാണ് നിങ്ങൾ എഴുതിയത്.
ജി. സി., ആർ. എസ്., ഇറ്റലി
ജാതിവ്യവസ്ഥ എനിക്കു 12 വയസ്സ് ഉണ്ട്. ഇന്നലെ സ്കൂളിൽനിന്നു തന്ന ഗൃഹപാഠം ജാതിവ്യവസ്ഥയെ സംബന്ധിച്ചുള്ളതായിരുന്നു. ഞാൻ പകുതി അമേരിക്കൻ ഇന്ത്യക്കാരിയാണ്. “ക്രിസ്ത്യാനികളും ജാതിവ്യവസ്ഥയും” (മാർച്ച് 8, 1998) എന്ന നിങ്ങളുടെ ലേഖനം എനിക്ക് ഇന്നു ലഭിച്ചു. ഈ വിഷയത്തെ കുറിച്ചു നിങ്ങൾ വിവരിച്ചത്ര നന്നായി എന്റെ പാഠപുസ്തകങ്ങൾ വിവരിക്കുന്നില്ല.
എസ്. എസ്. എൻ., ഐക്യനാടുകൾ
സമ്മർദത്തെ നിയന്ത്രിക്കൽ ക്ഷീണം, തളർച്ച, നാഡീതളർച്ച എന്നിവ തരണം ചെയ്യുന്നതിനെ സംബന്ധിച്ച് പ്രചാരമേറിയ മാസികകളിലെ ലേഖനങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ അവ പലപ്പോഴും എനിക്ക് എന്റെ പ്രവർത്തനങ്ങൾ തുടരാനാകുമോ എന്ന ആശങ്ക ഉളവാക്കുകയാണ് ചെയ്തത്! എന്നാൽ, സന്തോഷകരമെന്നു പറയട്ടെ സമ്മർദത്തെ നിയന്ത്രിക്കുന്നതു സംബന്ധിച്ച് നിങ്ങൾ നൽകിയിരുന്ന 15 നിർദേശങ്ങളിൽ ഒന്നുപോലും തോറ്റു പിന്മാറാനും പ്രവർത്തനങ്ങളിൽ നിന്നു വിരമിക്കാനും പറഞ്ഞില്ല. (മാർച്ച് 22, 1998 ലക്കത്തിലെ “നിങ്ങൾക്കു സമ്മർദത്തെ നിയന്ത്രിക്കാൻ കഴിയും!” എന്ന ലേഖനപരമ്പര) പകരം, ജീവിതവുമായി മുന്നോട്ടു പോകവേ എങ്ങനെ സമ്മർദം കുറയ്ക്കാൻ കഴിയും എന്ന് അവ കാട്ടിത്തന്നു.
ജെ. ബി., ബൊളീവിയ
ഉത്കണ്ഠ നിമിത്തം കഷ്ടപ്പെട്ടിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ആ ലേഖനം തക്ക സമയത്താണ് വന്നത്. ഞാൻ ഒരു മുഴുസമയ സുവിശേഷകയാണ്. എനിക്ക് ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകരുതാത്തതാണ് എന്നാണു ഞാൻ കരുതിയിരുന്നത്. ഈ ലേഖനങ്ങൾ വായിച്ച് എന്റെ കണ്ണു നിറഞ്ഞുപോയി. യഹോവയ്ക്കു തന്റെ ദാസന്മാരോട് ആർദ്രമായ പരിഗണനയുണ്ടെന്നും നാം അനുഭവിക്കുന്ന വേദനകൾ അവൻ മനസ്സിലാക്കുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു.
ഡി. എം., ഇറ്റലി
ഞാൻ വായിക്കാൻ ആഗ്രഹിച്ചത് അതുതന്നെയായിരുന്നു. കാരണം സോറിയാസിസ്—സമ്മർദത്തിന്റെ ഒരു രൂപം—നിമിത്തം ഞാൻ കഷ്ടപ്പെടുകയായിരുന്നു. യഹോവയുടെ മുമ്പിൽ എനിക്കു പ്രാധാന്യമില്ലെന്ന് ചിലപ്പോൾ എനിക്കു തോന്നാറുണ്ട്. എന്നാൽ ആ തോന്നൽ ശരിയല്ലെന്നു നിങ്ങളുടെ ലേഖനം കാട്ടിത്തന്നു. അവൻ വാസ്തവമായും എന്നെ കുറിച്ച് കരുതലുള്ളവനാണ്—അതുകൊണ്ടാണ് സമ്മർദത്തെക്കുറിച്ചു ഞാൻ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും അവൻ പ്രദാനം ചെയ്തിരിക്കുന്നത്.
എസ്. എസ്., ബ്രസീൽ
“പിറ്റിഎസ്ഡി—ഒരു അസാധാരണ അനുഭവത്തോടുള്ള സാധാരണ പ്രതികരണം” എന്ന ചതുരത്തിനായി ഞാൻ ഹൃദയംഗമമായ നന്ദി പറയുന്നു. വേദന നിറഞ്ഞതായിരുന്നു എന്റെ ബാല്യകാലം. കഴിഞ്ഞകാല സ്മരണകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിലും ആ ലേഖനം എനിക്ക് യഥാർഥ ആശ്വാസം പകർന്നുതന്നു.
ആർ. എൻ., ഐക്യനാടുകൾ
ആ ലേഖനങ്ങൾ വളരെ വിജ്ഞാനപ്രദം ആയിരുന്നു. സാത്താനിൽ നിന്നുള്ള സമ്മർദങ്ങൾ വർധിച്ചുവരുന്നതുകൊണ്ട് വിശ്വാസത്തിൽ നിലനിൽക്കാൻ ഇത്തരം അറിവുകൾ നമുക്ക് ആവശ്യമാണ്. ഞങ്ങളുടെ പ്രശ്നങ്ങളിൽ നിങ്ങൾക്കു വളരെയേറെ താത്പര്യം ഉണ്ടെന്നും അവ കൈകാര്യം ചെയ്യാൻ ആവശ്യമായ സഹായം നിങ്ങൾ നൽകുന്നുവെന്നും തിരിച്ചറിയാൻ അത് എന്നെ സഹായിച്ചു.
വി. റ്റി., ഫിജി