നമ്മുടെ ഭൂമിയെ ആർ ശുചീകരിക്കും?
“രണ്ടായിരത്തിരുപത്തഞ്ചാമാണ്ടോടെ നമ്മുടെ രാഷ്ട്രത്തിന്റെ പദസഞ്ചയത്തിൽനിന്ന് ‘മലിനീകരണം’—വ്യവസായം മൂലമുള്ള മലിനീകരണം—എന്ന പദം മിക്കവാറും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുമെന്നു ഞാൻ പ്രവചിക്കുകയാണ്.” ഒരു കെമിക്കൽ കോർപ്പറേഷൻ പ്രസിഡന്റ് അടുത്തയിടെ നടത്തിയ പ്രസ്താവനയാണ് അത്. അതു സംഭവിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും അതു സംഭവിക്കുക?
സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനു പിന്നിൽ പലപ്പോഴും ലാഭേച്ഛയാണ് ഉള്ളത്. ഉദാഹരണത്തിന്, തങ്ങളുടെ ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ “നിഷ്ക്രിയം” എന്നു പരാമർശിച്ചുകൊണ്ട് ലാഭം കൊയ്യാൻ തങ്ങളെ സഹായിക്കുന്ന ചില രാസവാക്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ വ്യാപാര രഹസ്യ നിയമങ്ങൾ കീടനാശിനി കമ്പനികൾക്ക് അനുമതി നൽകുന്നു. “നിഷ്ക്രിയം” എന്നു കാണുമ്പോൾ അവ “നിരുപദ്രവകരം” ആയിരിക്കാം എന്ന് വേഗം തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. എങ്കിലും “നിഷ്ക്രിയമായ 394 ഘടകങ്ങൾ എങ്കിലും ക്രിയാശീലതയുള്ള കീടനാശിനികളായി ഉപയോഗിച്ചു വരുന്നുണ്ട്” എന്ന് കെമിക്കൽ വീക്ക് എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ഈ ഘടകങ്ങളിൽ 209 എണ്ണം ആപത്കരമായ മാലിന്യകാരികളാണ്, 21 എണ്ണം കാൻസർജനകങ്ങളായി ഔദ്യോഗികമായി തരംതിരിക്കപ്പെട്ടിട്ടുള്ളവയാണ്, 127 എണ്ണം തൊഴിൽ മേഖലയിൽ അപകടങ്ങൾ ഉയർത്തുന്നവയാണ്!
ഗവൺമെന്റു വെക്കുന്ന സുരക്ഷാ നിയന്ത്രണങ്ങൾ പലപ്പോഴും പ്രയോജനകരം ആയിരുന്നിട്ടുണ്ട് എന്നു സമ്മതിക്കുന്നു. എന്നാൽ ഒരു ലേഖകൻ പറയുന്നതുപോലെ, ഗവൺമെന്റുകളുടെ മുഖ്യ താത്പര്യം “സാമ്പത്തിക വളർച്ചയിലും വ്യാവസായിക നേട്ടങ്ങളിലും” ആണ്. അതുകൊണ്ട്, നേട്ടങ്ങളെയും അപകടസാധ്യതകളെയും സമനിലയിൽ നിർത്തേണ്ടതിന്റെ വെല്ലുവിളിയെ അവർ നിരന്തരം അഭിമുഖീകരിക്കുന്നു. തത്ഫലമായി അവർക്ക് മലിനീകരണത്തെ നിയന്ത്രിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
അതുകൊണ്ട് പരിഹാരത്തിനായി നമുക്ക് എങ്ങോട്ടാണു തിരിയാനാകുക? ഒരു യഹോവയുടെ സാക്ഷി സൗഹൃദ ഭാവം കാണിച്ച ഒരു വീട്ടുകാരിയോട് ഈ ചോദ്യം ചോദിക്കുകയുണ്ടായി. മാനവ നേതാക്കന്മാരിലും ശാസ്ത്രജ്ഞന്മാരിലും ആശ്രയം പ്രകടമാക്കിക്കൊണ്ട് ആ സ്ത്രീ ഇങ്ങനെ മറുപടി പറഞ്ഞു: “ഒരു നാൾ അവർ കാര്യങ്ങളെല്ലാം നേരെയാക്കും.”
“എന്നാൽ അവർ ആരാണ്?” സാക്ഷി ചോദിച്ചു. “എന്നെപ്പോലെയും നിങ്ങളെപ്പോലെയും ഉള്ള ആളുകളല്ലേ അവരും? ഒരുപക്ഷേ അവർക്കു കൂടുതൽ വിദ്യാഭ്യാസം ഉണ്ടായിരിക്കാം, എന്നാൽ അവർക്കും തങ്ങളുടേതായ പരിമിതികളും ബലഹീനതകളും ഉണ്ട്. അവർക്കും അബദ്ധങ്ങൾ പറ്റുന്നു.” അനവധി പ്രശ്നങ്ങൾ അവരെയും വേട്ടയാടുന്നു. അതിനെല്ലാം പുറമേ അത്യാഗ്രഹവും അഴിമതിയും മനുഷ്യ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു.
നിങ്ങളും അങ്ങനെയാണോ വിശ്വസിക്കുന്നത്, അതായത് അവർ കാര്യങ്ങളെല്ലാം നേരെയാക്കും എന്ന്? അപ്രകാരം ചെയ്യുന്നതിലുള്ള മനുഷ്യന്റെ പരാജയത്തിന്റെ ദീർഘകാല ചരിത്രം ആശയ്ക്കു വകനൽകുന്നില്ല. “ശാസ്ത്രജ്ഞന്മാർക്കും അവരുടെ ഏജൻസികൾക്കും മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വളരെയേറെ മിടുക്ക് അവയെക്കുറിച്ചു പഠിക്കുന്നതിലാണ്” എന്ന് ഔട്ട്ഡോർ ലൈഫ് എന്ന മാഗസിൻ പറയുകയുണ്ടായി. മനുഷ്യർക്ക് ഗുരുതരമായ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നതു സംബന്ധിച്ച് എന്തു പ്രത്യാശയുണ്ട്?
മനുഷ്യന് ഒറ്റയ്ക്ക് അതിനു കഴിയുമോ?
രാസ മലിനീകരണം നിയന്ത്രിക്കുന്നത് പ്രാദേശിക അധികാരികൾ മാത്രം നേരിടുന്ന ഒരു പ്രശ്നമല്ല. ഒരു രാജ്യത്ത് ഉപയോഗിക്കുന്ന രാസവസ്തുക്കൾ അയൽ രാജ്യങ്ങളിൽ ഉള്ളവരെയും ലോകമെമ്പാടുമുള്ള ആളുകളെയും പോലും ബാധിക്കുന്നു എന്നതാണ് അതിനു കാരണം! ഇത്തരത്തിലുള്ള ലോക പ്രശ്നങ്ങൾ പരിഹരിക്കാനായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ മനുഷ്യർ പരാജയമടയുകയും ചെയ്തിരിക്കുന്നു. അത് എന്തുകൊണ്ടെന്ന് ബൈബിൾ സൂചിപ്പിക്കുന്നുണ്ട്. അത് ഇപ്രകാരം പറയുന്നു: ‘മനുഷ്യൻ മമനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം നടത്തിയിരിക്കുന്നു.’ (സഭാപ്രസംഗി 8:9) മനുഷ്യർക്കു തങ്ങളെത്തന്നെ വിജയപ്രദമായി ഭരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? അതിന്റെ കാരണവും ബൈബിൾ വിശദീകരിക്കുന്നു: ‘നടക്കുന്നവന്നു [“നടക്കുന്ന മനുഷ്യന്,” NW] തന്റെ കാലടികളെ നേരെ ആക്കുന്നതു സ്വാധീനമല്ല.’ (യിരെമ്യാവു 10:23) അതു കാണിക്കുന്നത് എന്താണ്?
ദൈവത്തിന്റെ മാർഗനിർദേശം കൂടാതെ മനുഷ്യർ തങ്ങളെത്തന്നെ ഭരിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലായിരുന്നു എന്ന്. മനുഷ്യർ അത്ഭുതകരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്—അവർ മണിമാളികകൾ പണിതിരിക്കുന്നു, വിദഗ്ധോപകരണങ്ങൾ ഉണ്ടാക്കിയിരിക്കുന്നു, എന്തിന് ചന്ദ്രനിൽ പോലും കാലുകുത്തിയിരിക്കുന്നു. എങ്കിലും ദിവ്യ മാർഗനിർദേശം കൂടാതെ തങ്ങളെത്തന്നെ ഭരിക്കാൻ അവർ അപ്രാപ്തരാണ്. അതാണ് ബൈബിൾ പഠിപ്പിക്കുന്നത്. ചരിത്രം ബൈബിൾ പറയുന്നതു സത്യമാണെന്നു തെളിയിക്കുന്നു.
ശുചീകരിക്കപ്പെട്ട ഒരു ഭൂമി—എന്തു മുഖാന്തരം?
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം മനുഷ്യവർഗത്തിലും താൻ അവർക്കുവേണ്ടി തയ്യാറാക്കിയ ഭൂമിയിലും എല്ലായ്പോഴും തത്പരനായിരുന്നിട്ടുണ്ട്. മനുഷ്യരെ സൃഷ്ടിച്ചശേഷം, ഭൂമിയെയും അതിലെ ജീവജാലങ്ങളെയും കാത്തുപരിപാലിക്കാൻ ദൈവം അവർക്കു നിർദേശം നൽകി. (ഉല്പത്തി 1:27, 28; 2:15) പിന്നീട് ആദ്യ ദമ്പതികൾ അവന്റെ മാർഗനിർദേശങ്ങളോട് അനുസരണക്കേടു കാട്ടിയപ്പോൾ ദേശത്തെ കാത്തുപരിപാലിക്കുന്നതു സംബന്ധിച്ച് അവൻ പുരാതന ഇസ്രായേൽ ജനതയ്ക്ക് നിർദേശങ്ങൾ കൊടുത്തു. ഏഴു വർഷം കൂടുമ്പോൾ ഒരു വർഷത്തേക്ക് നിലം വെറുതെ ഇട്ടേക്കാനുള്ള നിർദേശവും ഇതിൽ ഉൾപ്പെടുന്നു. അത് നിലത്തിന്റെ ഉത്പാദനശേഷി വർധിക്കാൻ ഇടവരുത്തുമായിരുന്നു. (പുറപ്പാടു 23:11; ലേവ്യപുസ്തകം 25:4-6) എന്നാൽ ജനങ്ങൾ അത്യാർത്തിപൂണ്ട് ദൈവത്തോട് അനുസരണക്കേടു കാണിച്ചു. അതുമൂലം അവരും ദേശവും വളരെയേറെ ബുദ്ധിമുട്ടി.
ഇന്നത്തേതുപോലുള്ള രാസമലിനീകരണം അന്നില്ലായിരുന്നു. എങ്കിലും, ദൈവോദ്ദേശ്യപ്രകാരം ഇസ്രായേല്യർ ദേശത്തിനു വിശ്രമം കൊടുക്കാഞ്ഞതുകൊണ്ട് ആ ദേശം നശിച്ചു. നിരപരാധികൾ യാതന അനുഭവിക്കുകയും ചെയ്തു. അതുകൊണ്ട്, ഇസ്രായേലിനെ ജയിച്ചടക്കാനും ആ ജനതയെ 70 വർഷത്തേക്ക് ബാബിലോനിലെ പ്രവാസികളായി കൊണ്ടുപോകാനും ദൈവം ബാബിലോന്യരെ അനുവദിച്ചു. ഈ ശിക്ഷാ നടപടിയും പൂർവസ്ഥിതിയിൽ ആകാൻ തക്കവണ്ണം ദേശത്തിനു വിശ്രമം പ്രദാനം ചെയ്തു.—ലേവ്യപുസ്തകം 26:27, 28, 34, 35, 43; 2 ദിനവൃത്താന്തം 36:20, 21.
ഭൂമിയോട് മനുഷ്യർ ചെയ്യുന്നതിനൊക്കെയും ദൈവം അവരോടു കണക്കുചോദിക്കും എന്ന് ഈ ചരിത്രം കാണിക്കുന്നു. (റോമർ 15:4) “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കും എന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. (വെളിപ്പാടു 11:18) ഭൂമിയെ ‘നശിപ്പിക്കുന്നത്’ ഏതു തരത്തിലുള്ള ആളുകളാണ് എന്നതിനെ കുറിച്ച് ബൈബിൾ വർണിക്കുന്നതു ശ്രദ്ധേയമാണ്. ബൈബിളിൽ 2 തിമൊഥെയൊസ് 3:1-5-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന അവരുടെ പ്രമുഖ സ്വഭാവവിശേഷതകളിൽ പണത്തിലും സ്വന്തം കാര്യങ്ങളിലുമുള്ള അമിത താത്പര്യം ഉൾപ്പെടുന്നു. ദൈവത്തിലും സഹമനുഷ്യർ ഉൾപ്പെടെയുള്ള ദൈവത്തിന്റെ സൃഷ്ടിയിലും തീരെ കുറച്ചു മാത്രം താത്പര്യം കാട്ടുന്ന അളവോളം പ്രബലമാണ് ഇവ.
അതുകൊണ്ട്, ഈ രണ്ട് ബൈബിൾ ഭാഗങ്ങളും—2 തിമൊഥെയൊസ് 3:1-5-ഉം വെളിപ്പാടു 11:18-ഉം—രണ്ട് ഉറച്ച നിഗമനങ്ങളിൽ നമ്മെ കൊണ്ടെത്തിക്കുന്നു. ഒന്ന്, മലിനമായ മനസ്സുകൾ ഭൂമിയെയും മലിനീകരിക്കുന്നു. രണ്ട്, ഈ രണ്ടു തരത്തിലുള്ള മലിനീകരണങ്ങളും മൂർധന്യാവസ്ഥയിൽ എത്തുമ്പോൾ ഭൂമിയെയും ദൈവഭക്തിയുള്ള മനുഷ്യരെയും രക്ഷിക്കുന്നതിനായി ദൈവം ഇടപെടും. എന്നാൽ ദൈവം എങ്ങനെയായിരിക്കും ഇടപെടുന്നത്?
ദാനീയേൽ പ്രവാചകനിലൂടെ ദൈവം ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “ഈ രാജാക്കന്മാരുടെ [ഇത് വ്യക്തമായും ഇന്നത്തെ ഗവൺമെന്റുകളെ പരാമർശിക്കുന്നു] കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം . . . ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം . . . ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീയേൽ 2:44) ആ രാജ്യം ഒരു യഥാർഥ ലോക ഗവൺമെന്റാണ്. ആ ഗവൺമെന്റിനു വേണ്ടി പ്രാർഥിക്കാൻ യേശുക്രിസ്തു തന്റെ അനുഗാമികളെ പഠിപ്പിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, . . . നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:9, 10.
ദൈവരാജ്യത്തിന്റെ സ്നേഹപുരസ്സരമായ മേൽനോട്ടത്തിൻ കീഴിൽ, ഭൂവാസികൾ മുഴു ഭൂമിയെയും ഒരു പറുദീസയാക്കി മാറ്റുക എന്ന അതിവിശിഷ്ടമായ പദവി ആസ്വദിക്കും. ശുദ്ധവും സുഖശീതളവുമായ വായു, മലിനമുക്തമായ തെളിനീർ അരുവികൾ, മലിനീകരണം ലവലേശം ബാധിക്കാത്ത സസ്യജാലങ്ങൾ വളരുന്ന ഫലഭൂയിഷ്ടമായ മണ്ണ്. (സങ്കീർത്തനം 72:16; യെശയ്യാവു 35:1-10; ലൂക്കൊസ് 23:43) ബൈബിൾ വാഗ്ദാനം ചെയ്യുന്നത് അനുസരിച്ച്, അതിനുശേഷം “മുമ്പിലെത്തവ [ഇന്നത്തെ രോഗവും കഷ്ടപ്പാടും മലിനീകരണവും മറ്റനേകം ദുരിതങ്ങളും] ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.”—യെശയ്യാവു 65:17.
[10-ാം പേജിലെ ചിത്രം]
ശുചീകരിക്കപ്പെട്ട ഒരു ഭൂമി—അതു കാണാൻ നിങ്ങൾ ജീവിച്ചിരിക്കുമോ?