യുവജനങ്ങൾ ചോദിക്കുന്നു . . .
മാതാപിതാക്കൾ ഇല്ലെങ്കിൽ എനിക്ക് എങ്ങനെ ജീവിക്കാനാകും?
“ഞങ്ങളുടെ പപ്പായും മമ്മിയും വിവാഹ മോചനം നേടിയപ്പോൾ എനിക്കു മൂന്നു വയസ്സും ചേച്ചിക്കു നാലു വയസ്സും ആയിരുന്നു. ഞങ്ങളുടെ സംരക്ഷണാവകാശത്തിനായി അവർ കോടതി കയറി. ഞങ്ങൾ മമ്മിയോടൊപ്പം കഴിയാനായിരുന്നു കോടതി വിധി. എന്നാൽ എനിക്ക് ഏഴു വയസ്സായപ്പോൾ ഞാനും ചേച്ചിയും പപ്പായോടൊപ്പം താമസിക്കാൻ തീരുമാനിച്ചു.”—ഒറാസ്യോ.
ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒറാസ്യോയെയും അവന്റെ പെങ്ങളെയും ഉപേക്ഷിച്ച് അവന്റെ പപ്പായും കൂടെത്താമസിച്ചിരുന്ന കാമുകിയും കടന്നുകളഞ്ഞു. ഒറാസ്യോ അനുസ്മരിക്കുന്നു: “അങ്ങനെയാണ് ഞാൻ 18-ാം വയസ്സിൽ, 19 വയസ്സുള്ള എന്റെ ചേച്ചിയും ഞങ്ങളോടൊപ്പം താമസിക്കാൻ ഇഷ്ടപ്പെട്ട 12 വയസ്സുള്ള എന്റെ അർധ സഹോദരിയും ഞാനും അടങ്ങിയ കുടുംബത്തിന്റെ നാഥനായത്.”
ഒരു മുൻ ലേഖനം വ്യക്തമാക്കിയതുപോലെ, മാതാപിതാക്കൾ ഇല്ലാതെയാണ് ലോകമെമ്പാടും ദശലക്ഷക്കണക്കിനു യുവജനങ്ങൾ കഴിഞ്ഞുകൂടുന്നത്.a ഒറാസ്യോയെ പോലെ ചില യുവജനങ്ങളെ അവരുടെ മാതാപിതാക്കൾ ഉപേക്ഷിച്ചതാണ്. ചിലരുടെ മാതാപിതാക്കൾ മരണമടഞ്ഞിരിക്കുന്നു. മറ്റു ചിലരെയാകട്ടെ, യുദ്ധങ്ങളോ പ്രകൃതി വിപത്തുകളോ മാതാപിതാക്കളിൽ നിന്ന് അകറ്റിയിരിക്കുന്നു. സാഹചര്യം എന്തുതന്നെ ആയിരുന്നാലും, മാതാപിതാക്കളെ കൂടാതെയുള്ള ജീവിതം പ്രയാസകരവും മുറിപ്പെടുത്തുന്നതും ആണ്. അതു നിങ്ങളുടെ തലയിൽ ഭാരിച്ച ഉത്തരവാദിത്വം കെട്ടിവെച്ചേക്കാം.
‘എന്റെ കാര്യം ആരു നോക്കും?’
നിങ്ങൾക്ക് എത്ര മെച്ചമായി സാഹചര്യത്തെ നേരിടാനാകും എന്നത് ഒരളവോളം നിങ്ങളുടെ പ്രായത്തെയും ചുറ്റുപാടുകളെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഒരു കുട്ടിയോ കൗമാരപ്രായക്കാരനോ ആണെങ്കിൽ സാഹചര്യം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും എന്നു വ്യക്തമാണ്. എന്നാൽ അപ്പോൾപോലും നിങ്ങളെ എല്ലാവരും കൈവിടുന്നു എന്നു വരില്ല. ഒരുപക്ഷേ, അമ്മാവനോ അമ്മായിയോ ജ്യേഷ്ഠനോ ജ്യേഷ്ഠത്തിയോ നിങ്ങൾക്ക് അഭയം നൽകിയേക്കാം.
യഹോവയുടെ സാക്ഷികൾ, അനാഥർക്കും വിധവമാർക്കും വേണ്ടി കരുതുന്നതിനെ തങ്ങളുടെ ആരാധനയുടെ ഭാഗമായാണു വീക്ഷിക്കുന്നത്. (യാക്കോബ് 1:27; 2:15-17) അതുകൊണ്ട് മിക്കപ്പോഴും സഭയിലെ അംഗങ്ങൾ സഹായമേകും. ഉദാഹരണത്തിന്, ഒറാസ്യോയും പെങ്ങന്മാരും യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്തിരുന്നു. ഒരു ക്രിസ്തീയ കുടുംബം അവരെ സഹായിച്ചു. “അനുദിനം മാർഗനിർദേശവും സ്നേഹപുരസ്സരമായ പരിപാലനവും പ്രദാനം ചെയ്തതിന് ഞാൻ യഹോവയോട് എത്രമാത്രം നന്ദിയുള്ളവനാണെന്നോ!” ഒറാസ്യോ പറയുന്നു. “സഭയിലെ ആത്മീയമായി ബലിഷ്ഠമായ ഒരു കുടുംബമാണ് ഞങ്ങളെ സഹായിച്ചിരുന്നത്. ആ വീട്ടിൽ ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികളും ഉണ്ടായിരുന്നു. അവർ ഞങ്ങളെ ദത്തെടുത്തെന്നു തന്നെ പറയാം. ജീവിതത്തിൽ ആദ്യമായി, പിന്തുണയ്ക്കും സഹായത്തിനുമായി ആശ്രയിക്കാൻ കഴിയുന്ന ഒരു കുടുംബത്തിന്റെ ഭാഗമായതുപോലെ തോന്നി.”
എന്നാൽ ചില യുവജനങ്ങളുടെ കാര്യത്തിൽ സംഗതി വ്യത്യസ്തമാണ്. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ ഒരു റിപ്പോർട്ടു പ്രസ്താവിക്കുന്നു: “നിരാലംബരായ കുട്ടികളെ ഏറ്റെടുക്കുന്ന ചില കുടുംബങ്ങൾ അവരെ ശാരീരികമായി ദ്രോഹിക്കുന്നു, കൂലിയോ അഭിവൃദ്ധിപ്പെടാൻ യാതൊരു അവസരമോ കൊടുക്കാതെ പണിയെടുക്കാൻ നിർബന്ധിക്കുന്നു, അവരെ വ്യഭിചാരത്തിലേക്കു തള്ളിവിടുകയോ അടിമകൾ ആക്കുക പോലുമോ ചെയ്യുന്നു.” ആ സ്ഥിതിക്ക് ആരെങ്കിലും ഒരുവിധം നന്നായി നിങ്ങളുടെ കാര്യം നോക്കിനടത്തുന്നുണ്ടെങ്കിൽ നന്ദിയുള്ളവർ ആയിരിക്കുക.
മാതാപിതാക്കളെ കൂടാതെയുള്ള ജീവിതം ഒരു വലിയ നഷ്ടമാണെന്നതു ശരിതന്നെ. നിങ്ങൾക്കായി കരുതാൻ അച്ഛനും അമ്മയും ഇല്ലാത്തതിൽ സ്വാഭാവികമായും അമർഷം തോന്നിയേക്കാം. ഒരു ബന്ധുവോ, ചേട്ടനോ ചേച്ചിയോ നിങ്ങളോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുന്നത് കോപത്തെ ആളിക്കത്തിച്ചേക്കാം. എന്നാൽ നിങ്ങൾക്കായി കരുതാൻ ശ്രമിക്കുന്നവരോട് അമർഷം വെച്ചുപുലർത്തരുത്. ബൈബിൾ പറയുന്നു: “കോപം നിന്നെ പരിഹാസ [പ്രവൃത്തികൾക്കായി] വശീകരിക്കരുതു; . . . സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു.” (ഇയ്യോബ് 36:18, 21) ബൈബിൾ കഥാപാത്രമായ എസ്ഥേർ എന്ന യുവതിയുടെ കാര്യമെടുക്കുക. അവളുടെ മൂത്ത മച്ചുനനായിരുന്ന മൊർദെഖായി ആണ് അനാഥയായിരുന്ന അവളെ പരിപാലിച്ചിരുന്നത്. തന്റെ യഥാർഥ പിതാവല്ലാഞ്ഞിട്ടു കൂടി അവൾ മൊർദ്ദെഖായി ‘കല്പിച്ചത്’ അനുസരിച്ചു, ഒരു മുതിർന്ന വ്യക്തി ആയശേഷവും! (എസ്ഥേർ 2:7, 15, 20) അനുസരണവും സഹകരണവും ഉള്ളവരായിരിക്കുക. അതു പിരിമുറുക്കത്തെ അയവുള്ളതാക്കുകയും നിങ്ങളുടെയും നിങ്ങൾക്കായി കരുതുന്നവരുടെയും ജീവിതത്തെ ആയാസ രഹിതമാക്കുകയും ചെയ്യും.
കുടുംബ ഉത്തരവാദിത്വം
നിങ്ങൾക്ക് ഒരു മൂത്ത കൂടപ്പിറപ്പ് ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ നിങ്ങൾ തന്നെ ഒരു മുതിർന്ന വ്യക്തി ആയിരിക്കുകയോ ആണെങ്കിൽ, മറ്റാരെയും ആശ്രയിക്കാതെ നിങ്ങൾക്കു കഴിഞ്ഞു കൂടാൻ സാധിച്ചേക്കും. ചിലപ്പോൾ നിങ്ങൾ കുടുംബ നാഥന്റെ റോൾ ഏറ്റെടുക്കേണ്ടിവന്നേക്കാം. അത് ഒരു ഭാരിച്ച ഉത്തരവാദിത്വമാണെന്നു തോന്നിച്ചേക്കാം! എന്നാൽ, അത്തരം സാഹചര്യങ്ങളിൽ നിരവധി യുവജനങ്ങൾ തങ്ങളുടെ കൂടപ്പിറപ്പുകളെ പ്രശംസനീയമായ വിധത്തിൽ വളർത്തിക്കൊണ്ടു വന്നിരിക്കുന്നു.
നിങ്ങൾക്കു നീരസവുമായി മല്ലിടേണ്ടിവന്നേക്കാം എന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. നിങ്ങൾ കൂടപ്പിറപ്പുകളെ സ്നേഹിക്കുന്നുവെന്നും അവർക്കു വേണ്ടിയാണു കരുതുന്നതെന്നും ചിന്തിക്കുന്നത് ക്രിയാത്മകമായ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ സഹായിക്കും. അവർക്കായി കരുതുന്നതിനെ ഒരു ദൈവ നിയുക്ത ഉത്തരവാദിത്വമായി കാണുന്നതും സഹായകമായിരുന്നേക്കാം. എന്തായാലും, സ്വന്തക്കാർക്കുവേണ്ടി കരുതാൻ ക്രിസ്ത്യാനികളോടു കൽപ്പിച്ചിരിക്കുന്നു. (1 തിമൊഥെയൊസ് 5:8) എത്ര കഠിനമായി പ്രവർത്തിച്ചാലും നിങ്ങൾക്ക് കൂടപ്പിറപ്പുകളുടെ അച്ഛന്റെയോ അമ്മയുടെയോ സ്ഥാനത്ത് ആയിത്തീരാൻ സാധിക്കുകയില്ല.
സ്വന്തം മാതാപിതാക്കളോട് ഇടപെട്ടിരുന്നതുപോലെ അവർ നിങ്ങളോടും ഇടപെടും എന്നു കരുതുന്നത് ബുദ്ധിശൂന്യമാണ്. വാസ്തവത്തിൽ, അവരുടെ വിഷമമൊക്കെ മാറി നിങ്ങളുടെ സ്ഥാനം അംഗീകരിക്കുന്നതിന് നല്ലൊരു സമയം വേണ്ടിവന്നേക്കാം. അതുകൊണ്ട്, അതിനിടയിൽ നിരാശപ്പെടരുത്. “കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും” ഒഴിവാക്കുക. സ്വന്തം മാതൃകയിലൂടെ നിങ്ങളുടെ കൂടപ്പിറപ്പുകളെ “തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി . . . അന്യോന്യം ക്ഷമി”ക്കുന്നവർ ആയിരിക്കാൻ പഠിപ്പിക്കുക.—എഫെസ്യർ 4:31, 32.
താൻ പിശകുകൾ വരുത്തിയിരുന്നതായി ഒറാസ്യോ സമ്മതിക്കുന്നു: “ചില സമയത്ത് ഞാൻ അവരോടു വളരെ കർക്കശമായി പെരുമാറിയിരുന്നു. എന്നാൽ അത് ഒരളവോളം സംരക്ഷണം ആയിരുന്നു. ഞങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ നല്ല നടത്ത ഉള്ളവർ ആയിരുന്നു.”
നിങ്ങൾക്കു വേണ്ടി കരുതൽ
മാതാപിതാക്കളുടെ അഭാവത്തിൽ ഭൗതിക കാര്യാദികൾ നോക്കിനടത്തുക വളരെ പ്രയാസമായിരിക്കും എന്നതിൽ തർക്കമില്ല. പാചകവും ശുചിയാക്കലും മറ്റു വീട്ടുജോലികളും പഠിച്ചെടുക്കാൻ നിങ്ങളെയും കൂടപ്പിറപ്പുകൾ ഉണ്ടെങ്കിൽ അവരെയും സഹായിക്കുന്നതിനു ക്രിസ്തീയ സഭയിലെ ചില മുതിർന്ന അംഗങ്ങൾക്കു സാധിച്ചേക്കും. എന്നാൽ നിങ്ങൾ എങ്ങനെ പണമുണ്ടാക്കും? ചിലപ്പോൾ തൊഴിൽ കണ്ടെത്തുക ആയിരിക്കും ഒരേയൊരു വഴി.
എന്നാൽ വിദ്യാഭ്യാസവും അനുഭവ പരിചയവും തൊഴിൽ വൈദഗ്ധ്യവും കുറവുള്ള യുവജനങ്ങൾക്കു ജോലി കിട്ടുക വളരെ പ്രയാസമാണ്. അതുകൊണ്ട് എങ്ങനെയെങ്കിലും നിങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കുക. തുടർന്ന് അനുബന്ധ തൊഴിൽ പരിശീലനം അൽപ്പമെങ്കിലും നേടാനും ശ്രമിക്കുക. ഒറാസ്യോ അനുസ്മരിക്കുന്നു: “ഞാനും ചേച്ചിയും പണിയെടുത്താണ് എന്റെയും എന്റെ അർധ സഹോദരിയുടെയും വിദ്യാഭ്യാസം പൂർത്തിയാക്കിയത്.” നിങ്ങളുടേത് ഒരു വികസ്വര രാജ്യമാണെങ്കിൽ, തൊഴിൽ കിട്ടുന്നതിന് പ്രത്യേക വൈദഗ്ധ്യം തന്നെ വേണ്ടിവന്നേക്കാം.—ഉണരുക!യുടെ 1994 ഒക്ടോബർ 22 ലക്കത്തിലെ “വികസ്വരരാജ്യങ്ങളിൽ തൊഴിൽ സൃഷ്ടിക്കൽ” എന്ന ലേഖനം കാണുക.
ഉയർന്ന സാമ്പത്തിക നിലവാരമുള്ള രാജ്യങ്ങളിൽ, ഗവൺമെന്റിൽനിന്നു ധനസഹായം ലഭിച്ചേക്കാം. മാതാപിതാക്കൾ ഇല്ലാത്തവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ കുട്ടികളെ സഹായിക്കുന്നതു മുഖ്യലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗവൺമെന്റ്/സ്വകാര്യ സ്ഥാപനങ്ങൾ ഉണ്ടായിരുന്നേക്കാം. ഉദാഹരണത്തിന് ചില സ്ഥാപനങ്ങൾ, ഭക്ഷണമോ പാർപ്പിടമോ കണ്ടെത്തുന്നതിനു നിങ്ങളെ സഹായിച്ചേക്കാം. ലഭിക്കുന്ന ഏതൊരു ധന സഹായവും നിങ്ങൾ ബുദ്ധിപൂർവം ഉപയോഗിക്കേണ്ടതുണ്ട്. ‘പണം ഒരു സംരക്ഷണം’ ആണെന്നു ബൈബിൾ പ്രസ്താവിക്കുന്നു. (സഭാപ്രസംഗി 7:12, NW) നിങ്ങൾ പണം വേണ്ടവിധത്തിൽ വകകൊള്ളിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നില്ലെങ്കിൽ “കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകള”ഞ്ഞേക്കാം.—സദൃശവാക്യങ്ങൾ 23:4, 5.
നിങ്ങൾ ഒരു മുതിർന്നയാളുടെ സംരക്ഷണത്തിൽ ആണെങ്കിൽ ഭൗതികമായി കരുതുന്നത് ഒരു വലിയ പ്രശ്നം ആയിരിക്കുകയില്ല. എന്നാൽ ഭാവിയിൽ നിങ്ങളുടെ ചെലവുകൾക്കുള്ള പണം നിങ്ങൾതന്നെ കണ്ടെത്തേണ്ടി വരും. പഠനത്തിൽ നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾ ഇല്ലാത്തതിനാൽ, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ നല്ല ശ്രമം തന്നെ നടത്തേണ്ടിവന്നേക്കാം. ആത്മീയ പുരോഗതിയോടുള്ള ബന്ധത്തിൽ തിമൊഥെയൊസിനുള്ള അപ്പൊസ്തലനായ പൗലൊസിന്റെ ബുദ്ധ്യുപദേശം, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നിങ്ങൾക്കും ബാധകമാക്കാം: “നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.” (1 തിമൊഥെയൊസ് 4:15) അങ്ങനെ ചെയ്യുകവഴി, നിങ്ങൾ മറ്റുള്ളവർക്ക് ഒരു നല്ല മാതൃക വെക്കുക ആയിരിക്കും. മാത്രമല്ല, അതു നിങ്ങൾക്കും പ്രയോജനങ്ങൾ കൈവരുത്തും.
ആത്മീയമായി സ്വയം കരുതുന്നതാണ് പരമപ്രധാന സംഗതി. ആത്മീയ പ്രവർത്തനങ്ങൾക്കായി സമനിലയുള്ള ഒരു ദിനചര്യ ഉണ്ടായിരിക്കാൻ ശ്രമിക്കുക. (ഫിലിപ്പിയർ 3:16, NW) ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികളുടെ കുടുംബങ്ങളിൽ ദിവസവും ഓരോ ബൈബിൾ വാക്യം വീതം ചർച്ചചെയ്യുന്നതു പതിവാണ്. നിങ്ങൾക്കും അപ്രകാരം ചെയ്യരുതോ? ബൈബിൾ പഠനവും ക്രിസ്തീയ യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നതും ദിനചര്യ ആക്കുന്നത് ആത്മീയമായി ശക്തരായിരിക്കാൻ നിങ്ങളെ സഹായിക്കും.—എബ്രായർ 10:24, 25.
വെല്ലുവിളി നേരിടൽ
മാതാപിതാക്കൾ ഇല്ലാതെ ജീവിക്കുന്നതു പ്രയാസകരമാണെങ്കിലും അതു നിങ്ങളുടെ ജീവിതത്തെ ഇരുളടഞ്ഞതാക്കുന്നില്ല. ഇരുപതു വയസ്സുള്ള പവോളയുടെ അമ്മ മരിച്ചപ്പോൾ അവൾക്ക് വെറും ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവൾക്കു പത്തു വയസ്സായപ്പോൾ അച്ഛനും മരിച്ചു. ദയാലുവായ ഒരു സ്ത്രീ അവൾക്കും അവളുടെ നാലു സഹോദരിമാർക്കും അഭയം കൊടുത്തു. അവളുടെ ജീവിതം തികച്ചും ദുരിത പൂർണമായിരുന്നുവോ? ഒരിക്കലുമല്ല. പവോള പറയുന്നു: “ഞങ്ങളുടേത് ഒരു മാതൃകാ കുടുംബമൊന്നും അല്ലായിരിക്കാം. എങ്കിലും, ഞങ്ങളുടെ ജീവിതം ഒരളവോളം സന്തുഷ്ടമാണ്. വാസ്തവം പറഞ്ഞാൽ, മിക്ക കുടുംബങ്ങളിലെക്കാളും ദൃഢമായ സ്നേഹം ഞങ്ങൾക്കിടയിലുണ്ട്.”
പവോളയുടെ സഹോദരിയായ ഈറേനി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മാതാപിതാക്കൾ ഇല്ലെങ്കിലും ഞങ്ങൾ മറ്റു യുവജനങ്ങളെ പോലെതന്നെയാണ്.” ഇത്തരം സാഹചര്യങ്ങളിലുള്ള മറ്റുള്ളവരോട് അവൾക്കു പറയാനുള്ളതോ? “നിങ്ങൾക്കു തീരാനഷ്ടം സംഭവിച്ചതായി കരുതരുത്.” ഒറാസ്യോയുടെ അഭിപ്രായവും സമാനമാണ്: “ആ സാഹചര്യം എന്നെ വളരെ പെട്ടെന്നു പക്വത ഉള്ളവനാക്കി.”
മാതാപിതാക്കളെ നഷ്ടപ്പെടുന്നത് സങ്കൽപ്പിക്കാവുന്നതിൽവെച്ച് ഏറ്റവും വേദനാകരമായ സംഭവങ്ങളിൽ ഒന്നാണ്. എന്നാൽ, യഹോവയുടെ സഹായത്താൽ നിങ്ങൾക്ക് അതു തരണം ചെയ്ത് അവന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകുമെന്ന് ഉറപ്പുള്ളവർ ആയിരിക്കുക.
[അടിക്കുറിപ്പ്]
a ഉണരുക!യുടെ 1998 നവംബർ 22 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . അച്ഛനും അമ്മയും ഇല്ലാതെ ഞാൻ എന്തിനു ജീവിക്കണം?” എന്ന ലേഖനം കാണുക.
[26-ാം പേജിലെ ചിത്രം]
ക്രിസ്തീയ മൂപ്പന്മാരിൽനിന്നു പിന്തുണ നേടാനാകും