ബൈബിളിന്റെ വീക്ഷണം
ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്താണ്?
“ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏററു, പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.”—ലൂക്കൊസ് 3:21, 22.
പുരാതന ഗ്രീസിൽ ഒരു കൂട്ടം തത്ത്വചിന്തകരോടു പ്രസംഗിക്കവേ, അപ്പൊസ്തലനായ പൗലൊസ് ദൈവത്തെ ‘സ്വർഗത്തിന്നും ഭൂമിക്കും നാഥൻ’ എന്നു വിളിച്ചു. ഈ ദൈവമാണ് ‘ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയതും എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നതും’ എന്ന് പൗലൊസ് പറയുകയുണ്ടായി. (പ്രവൃത്തികൾ 17:24-28) ദൈവം ഇതെല്ലാം ചെയ്യുന്നത് എങ്ങനെയാണ്? തന്റെ പരിശുദ്ധാത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തി മുഖാന്തരം.
‘ചലനാത്മക ഊർജത്തിന്റെ സമൃദ്ധിയും ശക്തിയിൽ വീര്യവും’ ഉള്ളവനായി ബൈബിൾ ദൈവത്തെ വർണിക്കുന്നു. (യെശയ്യാവു 40:26, NW) അതേ, മുഴു പ്രപഞ്ചവും സൃഷ്ടിച്ചതു ദൈവമാണ്. അത് അവന്റെ ചലനാത്മക ഊർജത്തെയും ശക്തിയെയും വെളിപ്പെടുത്തുന്നു.
പ്രവർത്തനനിരതമായ ശക്തി
പരിശുദ്ധാത്മാവ് കേവലം ദൈവത്തിന്റെ ശക്തിയാണ് എന്നു പറയുന്നത് അത്ര കൃത്യമായിരിക്കില്ല. കാരണം, ചാർജു ചെയ്യപ്പെട്ടതെങ്കിലും ഉപയോഗിക്കാത്ത ഒരു ബാറ്ററിയിൽ അടങ്ങിയിരിക്കുന്ന ശക്തി പോലെ ആരിലെങ്കിലും അല്ലെങ്കിൽ എന്തിലെങ്കിലും, പ്രകടമല്ലാത്ത രീതിയിലോ നിഷ്ക്രിയമായ അവസ്ഥയിലോ ശക്തി സ്ഥിതി ചെയ്തേക്കാം. എന്നാൽ, ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു ബാറ്ററിയിലൂടെ പ്രവഹിക്കുന്ന വൈദ്യുതി പോലെ ചലനാത്മകമായ ഒന്നായിട്ടാണു തിരുവെഴുത്തുകൾ ദൈവത്തിന്റെ ആത്മാവിനെ വിശേഷിപ്പിക്കുന്നത്. (ഉല്പത്തി 1:2) അതുകൊണ്ട് ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവന്റെ പ്രേഷിത ഊർജം, അവന്റെ പ്രവർത്തനനിരതമായ ശക്തി ആണ്.
പരിശുദ്ധാത്മാവ് ഏതെങ്കിലും ഒരു പ്രത്യേക ദൗത്യം നിർവഹിക്കുന്നതായോ ദൈവത്തിൽനിന്ന് അകലെ വേറൊരു സ്ഥലത്ത് ആയിരിക്കുന്നതായോ ബൈബിളിന്റെ ചില ഭാഗങ്ങളിൽ പറയുന്നുണ്ട്. (മത്തായി 28:19, 20; ലൂക്കൊസ് 3:21, 22; പ്രവൃത്തികൾ 8:39; 13:4; 15:28, 29) ആ വാക്യങ്ങൾ വായിച്ചിട്ടുള്ള ചിലർ പരിശുദ്ധാത്മാവിനു ദൈവത്തിൽ നിന്ന് വേറിട്ട് തനതായ ഒരു വ്യക്തിത്വം ഉള്ളതായി കരുതുന്നു. എന്തുകൊണ്ടാണ് തിരുവെഴുത്തുകളിൽ അത്തരം ഒരു ഭാഷാപ്രയോഗം നടത്തിയിരിക്കുന്നത്? ദൈവത്തിൽ നിന്ന് വേറിട്ട് ഒരു വ്യക്തിയായി നിലകൊള്ളുന്ന ഒന്നാണോ പരിശുദ്ധാത്മാവ്?
ജഡിക സൃഷ്ടികളുടേതിൽ നിന്നു തികച്ചും വ്യത്യസ്തമായ ഒരു മണ്ഡലത്തിലാണു സർവശക്തനായ ദൈവം നിവസിക്കുന്നത്. പരിമിത പ്രാപ്തികളുള്ള നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ദൃശ്യമല്ലാത്ത ഒരു ആത്മവ്യക്തിയാണ് അവൻ. (യോഹന്നാൻ 4:24) യഹോവയാം ദൈവം സ്വർഗത്തിൽ വസിക്കുന്നതായും അവിടെ നിന്ന് അവൻ മനുഷ്യവർഗത്തെ നോക്കുന്നതായും ബൈബിൾ പറയുന്നു. (സങ്കീർത്തനം 33:13, 14) ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. സൃഷ്ടിക്രിയകളിൽ ഉപയോഗിക്കുന്ന മൂലകങ്ങളെക്കാൾ ശ്രേഷ്ഠനായിരിക്കണം സ്രഷ്ടാവ്. അവൻ അവയുടെ മേൽ അധികാരം ചെലുത്തുന്നു, അവയെ അധീനതയിലാക്കുന്നു, രൂപപ്പെടുത്തുന്നു, നിയന്ത്രിക്കുന്നു.—ഉല്പത്തി 1:1.
തന്റെ അദൃശ്യ വാസസ്ഥലത്ത് ഇരുന്നുകൊണ്ട് എവിടെ, എപ്പോൾ വേണമെങ്കിലും കാര്യങ്ങൾ നടത്താൻ ദൈവത്തിനു കഴിയും. അതുകൊണ്ട് തന്റെ കർമോദ്യുക്ത ശക്തി പ്രവർത്തിക്കുന്നിടത്ത് ദൈവം ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. ഒരു ദൗത്യം നിർവഹിക്കുന്നതിന് തന്റെ ആത്മാവിനെ അയയ്ക്കാൻ അവനു സാധിക്കും. (സങ്കീർത്തനം 104:30, NW) റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ടെലിവിഷനും മറ്റും പ്രവർത്തിപ്പിക്കുന്ന ആധുനിക കാലത്തെ ആളുകൾക്ക് ഇത് എളുപ്പം മനസ്സിലാകും. അദൃശ്യമായിരിക്കുന്ന വൈദ്യുതി അല്ലെങ്കിൽ ഇൻഫ്രാറെഡ് തരംഗങ്ങൾ പോലുള്ളവയുടെ ശക്തിയെ കുറിച്ച് ഇന്ന് നമുക്ക് അറിയാം. സമാനമായി, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു പോകാതെ തന്നെ തന്റെ അദൃശ്യ പരിശുദ്ധ ശക്തിയെ അഥവാ ആത്മാവിനെ ഉപയോഗിച്ച് താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിവർത്തിക്കാൻ ദൈവത്തിനു കഴിയും.—യെശയ്യാവു 55:11.
ബൈബിൾ കാലങ്ങളിൽ ഈ ആശയം ഗ്രഹിക്കുക ബുദ്ധിമുട്ട് ആയിരുന്നിരിക്കാം. വേറിട്ടുള്ള ഒരു ശക്തിയായി പരിശുദ്ധാത്മാവിനെ പ്രതിപാദിച്ചത്, തന്റെ ശക്തി പ്രവർത്തിക്കുന്നിടത്ത് വ്യക്തിപരമായി സന്നിഹിതനാകാതെ തന്നെ ദൈവം ആ ശക്തി എങ്ങനെ ഉപയോഗിക്കുന്നു എന്നു മനസ്സിലാക്കാൻ നിസ്സംശയമായും വായനക്കാരെ സഹായിച്ചു. പരിശുദ്ധാത്മാവ് ഏതെങ്കിലും ഒരു പ്രത്യേക കാര്യം ചെയ്തതായി പരാമർശിക്കുമ്പോൾ വാസ്തവത്തിൽ തിരുഹിതം നിവർത്തിക്കാൻ ദൈവംതന്നെ വ്യക്തികളുടെയോ വസ്തുക്കളുടെയോ മേൽ തന്റെ ശക്തിയെ അയച്ചു അല്ലെങ്കിൽ ഉപയോഗിച്ചു എന്നാണു ബൈബിൾ അർഥമാക്കുന്നത്.
പരിശുദ്ധാത്മാവിലൂടെയുള്ള വിവിധ പ്രവർത്തനങ്ങൾ
പരിശുദ്ധാത്മാവിനെ ഉപയോഗിച്ചാണു ദൈവം സകല ചരാചരങ്ങളെയും സൃഷ്ടിച്ചത്. (സങ്കീർത്തനം 33:6, NW) അക്രമാസക്തവും അനുതാപരഹിതവുമായ ആളുകളുടെ ഒരു തലമുറയെ നശിപ്പിക്കാനും ദൈവം തന്റെ ആത്മാവിനെ ഉപയോഗിച്ചു. (ഉല്പത്തി 6:1-22) തന്റെ പുത്രന്റെ അമൂല്യ ജീവൻ യഹൂദ കന്യകയായ മറിയയുടെ ഗർഭാശയത്തിലേക്കു മാറ്റാൻ ദൈവം ഉപയോഗിച്ചതും പ്രവർത്തനനിരതമായ ഇതേ ശക്തിയെ തന്നെയാണ്.—ലൂക്കൊസ് 1:35.
ജീവൻ പണയപ്പെടുത്തിക്കൊണ്ട് ശത്രുക്കളുടെ മുമ്പാകെ നിർഭയരായി, സധൈര്യം സത്യം പ്രസ്താവിക്കാൻ പരിശുദ്ധാത്മാവ് ആളുകളെ ചിലപ്പോഴൊക്കെ ശക്തീകരിച്ചിട്ടുണ്ട്. (മീഖാ 3:8) ഈ ശക്തി മുഖാന്തരം സ്ത്രീപുരുഷന്മാർക്കു പ്രത്യേക ഉൾക്കാഴ്ചയോ ഗ്രാഹ്യമോ നൽകിയിട്ടുള്ള അനേകം സന്ദർഭങ്ങൾ—വിശേഷിച്ചും പ്രവചനത്തോടുള്ള ബന്ധത്തിൽ—ബൈബിളിൽ കാണാം. ഭാവിയിൽ എന്തു സംഭവിക്കും എന്ന് കൃത്യമായി പറയാൻ ഒരു മനുഷ്യനും സാധിക്കാത്തതിനാൽ അത് പരിശുദ്ധാത്മാവിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്.—2 പത്രൊസ് 1:20, 21.
വ്യക്തികൾക്ക് അത്ഭുതകരമായ ശക്തി നൽകാനും പരിശുദ്ധാത്മാവിനു കഴിയും. ഉദാഹരണത്തിന്, പ്രകൃതി ശക്തികളെ നിയന്ത്രിക്കാനും രോഗങ്ങൾ സൗഖ്യമാക്കാനും എന്തിന്, മരിച്ചവരെ ഉയിർപ്പിക്കാൻ പോലും ഈ ശക്തി യേശുവിനെ പ്രാപ്തനാക്കി. (ലൂക്കൊസ് 4:18-21; 8:22-26, 49-56; 9:11) മുഴു ഭൂമിയിലും ദൈവത്തിന്റെ സാക്ഷികളായി സേവിക്കാൻ ആദിമ ക്രിസ്ത്യാനികളെ സംഘടിപ്പിച്ചതും ശക്തീകരിച്ചതും പരിശുദ്ധാത്മാവ് ആയിരുന്നു.—പ്രവൃത്തികൾ 1:8; 2:1-47; റോമർ 15:18, 19; 1 കൊരിന്ത്യർ 12:4-11.
നമ്മുടെ മേൽ ചൊരിയപ്പെടുന്ന ദൈവത്തിന്റെ ശക്തി
അപരിമേയമായ ഈ ഊർജം പകർന്നെടുക്കാൻ ഇന്നത്തെ ഭൗമിക ദൈവദാസന്മാർക്കു കഴിയുമോ? കഴിയും! തന്റെ ഹിതം മനസ്സിലാക്കാനും നിവർത്തിക്കാനുമായി ദൈവം ഒരളവുവരെ ആളുകൾക്കു പരിശുദ്ധാത്മാവിനെ നൽകുന്നുണ്ട്. പ്രാർഥനയിലൂടെ ആത്മാർഥമായി യാചിക്കുന്ന, ശരിയായ ഹൃദയനില ഉള്ള, തന്റെ വ്യവസ്ഥകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കാണു ദൈവം പരിശുദ്ധാത്മാവിനെ നൽകുന്നത്. (1 കൊരിന്ത്യർ 2:10-16) “അത്യന്തശക്തി” നൽകിക്കൊണ്ട്, തടസ്സങ്ങളുണ്ടെങ്കിലും ദൈവത്തെ വിശ്വസ്തതയോടെ സേവിക്കാൻ അപൂർണ മനുഷ്യരെ പ്രാപ്തരാക്കുന്നതിനു പരിശുദ്ധാത്മാവിനു കഴിയും. അതുകൊണ്ട്, ദൈവാത്മാവിനെ സ്വീകരിക്കാനും അത് സദാ തങ്ങളിൽ വ്യാപരിക്കാനും ദൈവഭയമുള്ള എല്ലാ ആളുകളും ആഗ്രഹിക്കുന്നു.—2 കൊരിന്ത്യർ 4:7; ലൂക്കൊസ് 11:13; പ്രവൃത്തികൾ 15:8; എഫെസ്യർ 4:30.
താമസിയാതെ, ഈ ദുഷ്ടലോകത്തിലെ അനീതിക്കും കഷ്ടപ്പാടിനും അറുതി വരുത്താനും അങ്ങനെ തന്റെ ഉന്നതമായ പരിശുദ്ധ നാമത്തെ വിശുദ്ധീകരിക്കാനും ദൈവം ഈ ചലനാത്മക ശക്തിയെ ഉപയോഗിക്കും. ദൈവാത്മാവിന്റെ പ്രവർത്തനത്തിൽ നിന്ന് മുഴു ലോകവും പ്രയോജനം അനുഭവിക്കും. അതിന്റെ ഫലങ്ങൾ എല്ലാവർക്കും ദൃശ്യമായിരിക്കും, അതിന്റെ സ്രോതസ്സിനു മഹത്ത്വം കരേറ്റിക്കൊണ്ടു തന്നേ.—ഗലാത്യർ 5:22, 23; വെളിപ്പാടു 21:3-5എ.