യുവജനങ്ങൾ ചോദിക്കുന്നു . . .
ദൂരെയുള്ള ഒരാളുമായി എനിക്ക് എങ്ങനെ കോർട്ടിങ്ങിൽ ഏർപ്പെടാൻ കഴിയും?
“യഹോവയുടെ സാക്ഷികളുടെ ഒരു സാർവദേശീയ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ ഒരു സംഘത്തെ ഹോട്ടലിൽ എത്തിച്ചശേഷം ഞാൻ വീട്ടിലേക്കു മടങ്ങാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് കൺവെൻഷന് എത്തിയ മറ്റൊരു സംഘത്തെ കണ്ടത്. ഞാൻ അവരോടു സംസാരിക്കാനായി നിന്നു. അങ്ങനെയാണ് ഞാൻ ഓഡെറ്റിനെ കണ്ടുമുട്ടിയത്. ആ ആഴ്ചയിൽത്തന്നെ വീണ്ടും കണ്ടുമുട്ടാൻ ഇടയായ ഞങ്ങൾ പരസ്പരം കത്തുകൾ എഴുതാം എന്നു സമ്മതിച്ചു. കത്തുകളിലൂടെയുള്ള ഏതാനും വർഷത്തെ പരിചയം ഞങ്ങളെ പ്രണയബന്ധത്തിൽ കൊണ്ടെത്തിച്ചു.”—ടോണി.
ലോകം ചെറുതായിത്തീർന്നിരിക്കുന്നു. ഏതാനും ദശകങ്ങളായുള്ള പുരോഗതികൾ, പ്രത്യേകിച്ച് വിമാനയാത്രയുടെ ചെലവു കുറഞ്ഞതും ലോകത്തിന്റെ ഏതു ഭാഗത്തേക്കും ഫോൺ വിളിക്കാം എന്നതും കത്തുകൾ എളുപ്പം എത്തിക്കാനുള്ള സംവിധാനങ്ങളും ഇന്റർനെറ്റും എല്ലാം പ്രണയത്തിന്റെ മേഖലയിൽ പുതിയ മാനങ്ങൾ തുറന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, നൂറുകണക്കിന്, ആയിരക്കണക്കിനുപോലും കിലോമീറ്റർ അകലെയുള്ള ഒരു വ്യക്തിയുമായി കോർട്ടിങ് നടത്തുക എന്ന ആശയം ആകർഷകമായി തോന്നിയേക്കാം—പ്രത്യേകിച്ച് സ്വന്തം നാട്ടിൽ ഒരു ഇണയെ കണ്ടെത്താനുള്ള സാധ്യതകൾ പരിമിതമാണെങ്കിൽ.
ദൂരദേശത്തുള്ള ആളുമായി കോർട്ടിങ് നടത്തുന്നത് ചിലരുടെ കാര്യത്തിൽ അനുഗ്രഹകരമെന്നു തെളിഞ്ഞിട്ടുണ്ട്. “16 വർഷമായി ഞങ്ങൾ സന്തുഷ്ട വിവാഹ ജീവിതം നയിക്കുന്നു,” ടോണി പറഞ്ഞു. കോർട്ടിങ് ദൂരെയുള്ളവർ തമ്മിലാകുമ്പോൾ, പ്രേമത്തെ കണ്ണില്ലാത്തത് ആക്കിത്തീർക്കുന്ന ശാരീരിക ആകർഷണത്തിന്റെ വലയത്തിനു വെളിയിൽ നിന്നുകൊണ്ട് അവർക്കു പരസ്പരം അടുത്തറിയാനാകും എന്നുപോലും ചിലർ വാദിച്ചേക്കാം. എന്നാൽ, എന്തൊക്കെ നല്ല വശങ്ങൾ ഉണ്ടായിരുന്നാലും ദൂരദേശത്തെ വ്യക്തിയുമായുള്ള കോർട്ടിങ്ങിന് അസാധാരണമായ ചില വെല്ലുവിളികളുണ്ട്.
പരസ്പരം അറിയൽ
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളെ പരമാവധി അടുത്തറിയുന്നതു വളരെ നല്ലതാണ്. എന്നാൽ, വിവാഹിതനായ ഫ്രാങ്ക് സ്വന്തം അനുഭവത്തിൽ നിന്നു പറയുന്നതുപോലെ “ഒരു വ്യക്തി എങ്ങനെയുള്ള ആളാണെന്ന് അറിയുന്നത്, ‘ഹൃദയത്തിന്റെ ഗൂഢമനുഷ്യനെ’ അറിയുന്നത്, അത്ര എളുപ്പമല്ല.” (1 പത്രൊസ് 3:4) ഒരു ദൂരദേശക്കാരിയുമായി ഡേറ്റിങ് നടത്തിയ ഡഗ് എന്ന മറ്റൊരു ക്രിസ്ത്യാനി ഇങ്ങനെ സമ്മതിച്ചു പറയുന്നു: “പിന്തിരിഞ്ഞു നോക്കുമ്പോൾ, ഞങ്ങൾ പരസ്പരം അത്ര നന്നായി അറിഞ്ഞിരുന്നില്ല എന്നു ഞാൻ മനസ്സിലാക്കുന്നു.”
നൂറുകണക്കിനോ ആയിരക്കണക്കിനോ കിലോമീറ്റർ അകലെയുള്ള ഒരാളെ അടുത്തറിയുക സാധ്യമാണോ? അതേ, പക്ഷേ അതിന് അസാധാരണ ശ്രമംതന്നെ വേണ്ടിവരും. “ഫോൺ ചെയ്യാൻ ഞങ്ങൾക്കു പണമില്ലായിരുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരിക്കൽ കത്തുകൾ എഴുതി,” ഡഗ് പറയുന്നു. എന്നാൽ, കത്ത് എഴുതുന്നതുകൊണ്ടു മാത്രം മതിയാകില്ല എന്ന് ജോവാനും ഫ്രാങ്കും കണ്ടെത്തി. “ആദ്യം ഞങ്ങൾ കത്ത് എഴുതുകയും ഫോൺ വിളിക്കുകയുമൊക്കെ ചെയ്തിരുന്നു,” ജോവാൻ പറയുന്നു. “പിന്നീട് ഫ്രാങ്ക് എനിക്ക് ഒരു ചെറിയ ടേപ് റെക്കോർഡർ അയച്ചുതന്നു. ഞങ്ങൾ ആഴ്ചയിൽ ഒരു കാസറ്റു വീതം റെക്കോർഡ് ചെയ്ത് അയയ്ക്കുമായിരുന്നു.”
സത്യസന്ധത, ഒരേയൊരു മാർഗം
ആശയവിനിമയ മാധ്യമം ഏതായിരുന്നാലും, സത്യസന്ധർ ആയിരിക്കുന്നതു പ്രധാനമാണ്. “നുണ പറഞ്ഞാൽ എന്നെങ്കിലും വെളിച്ചത്തുവരും, അതു ബന്ധത്തെ ബാധിക്കുകയും ചെയ്യും,” ഒരു ക്രിസ്തീയ ഭാര്യയായ എസ്തെർ നിരീക്ഷിക്കുന്നു. “പരസ്പരം സത്യസന്ധർ ആയിരിക്കുക. അവനവനോടുതന്നെ സത്യസന്ധത പുലർത്തുക. നിങ്ങൾക്കു യോജിക്കാൻ കഴിയാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവഗണിക്കരുത്. അതിനെ കുറിച്ചു ചർച്ച ചെയ്യുക.” അപ്പൊസ്തലനായ പൗലൊസ് ഈ നല്ല ബുദ്ധ്യുപദേശം നൽകുന്നു: “ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.”—എഫെസ്യർ 4:25; എബ്രായർ 13:18 താരതമ്യം ചെയ്യുക.
നിങ്ങൾ നിശ്ചയമായും ചർച്ച ചെയ്തിരിക്കേണ്ട ചില വിഷയങ്ങൾ ഏതൊക്കെയാണ്? കോർട്ടിങ് നടത്തുന്നവരെല്ലാം ലക്ഷ്യങ്ങൾ, കുട്ടികൾ, സാമ്പത്തിക കാര്യങ്ങൾ, ആരോഗ്യം എന്നിവ സംബന്ധിച്ച് ഉറപ്പായും സംസാരിക്കേണ്ടതാണ്. എന്നാൽ പ്രത്യേക പരിഗണന അർഹിക്കുന്ന സംഗതികളുമുണ്ട്. ഉദാഹരണത്തിന്, വിവാഹിതരാകണമെങ്കിൽ ആരെങ്കിലും ഒരാൾ—ചിലപ്പോൾ രണ്ടുപേരും—താമസം മാറേണ്ടതായി വരും. മാനസികമായും വൈകാരികമായും നിങ്ങൾ അതിനു തയ്യാറാണോ, അതിനു പ്രാപ്തനാണോ? ആണെന്നു നിങ്ങൾക്ക് എങ്ങനെ അറിയാം? മുമ്പ് എപ്പോഴെങ്കിലും നിങ്ങൾ ദീർഘനാൾ കുടുംബത്തെ വിട്ടു നിന്നിട്ടുണ്ടോ? ഈ മാസികയുടെ പ്രസാധകരായ വാച്ച് ടവർ സൊസൈറ്റിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ സ്വമേധയാ സേവനം നടത്തണം എന്നതായിരുന്നു ജോവാന്റെ പ്രതിശ്രുത വരന്റെ ആഗ്രഹം. “കുറഞ്ഞ വരുമാനവും ചെറിയൊരു മുറിയിലെ ജീവിതവുമായി ഒത്തുപോകാനാകുമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു,” ജോവാൻ ഓർമിക്കുന്നു. “ഞങ്ങൾ അതു സംബന്ധിച്ച് ഗൗരവമായി ചർച്ച ചെയ്യേണ്ടിയിരുന്നു.”
മറ്റൊരു രാജ്യത്തുള്ള ആളുമായിട്ടാണു കോർട്ടിങ്ങെങ്കിൽ, പുതിയൊരു സംസ്കാരവുമായി അനുരൂപപ്പെടാൻ നിങ്ങൾ തയ്യാറാണോ? “നിങ്ങൾക്ക് ഇപ്പോൾത്തന്നെ മറ്റേയാളിന്റെ സംസ്കാരവുമായി പൊരുത്തപ്പെട്ടുപോകാൻ സാധിക്കുന്നുണ്ടോ?” ഫ്രാങ്ക് ചോദിക്കുന്നു. “ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ച് ബന്ധത്തിന്റെ ആരംഭത്തിൽതന്നെ സംസാരിക്കുക. എത്രയും നേരത്തേ അറിയുന്നുവോ അത്രയും നന്ന്—വൈകാരികമായി ആഴത്തിൽ ഉൾപ്പെടുന്നതിനും ഏറെ പണം ചെലവഴിക്കുന്നതിനുമൊക്കെ മുമ്പ്.” ഒരു വിനോദസഞ്ചാരി എന്ന നിലയിൽ ഏതാനും ദിവസം ചെലവഴിക്കുന്നതും എന്നേക്കുമായി മറ്റൊരു സംസ്കാരത്തിന്റെ ഭാഗം ആയിത്തീരുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. നിങ്ങൾക്ക് ഒരു പുതിയ ഭാഷ പഠിക്കേണ്ടി വരുമോ? ജീവിത സാഹചര്യങ്ങളിൽ വരുന്ന വലിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ നിങ്ങൾക്കു കഴിയുമോ? ഇനി, മറ്റൊരു വശം പരിചിന്തിക്കുകയാണെങ്കിൽ, നിങ്ങൾക്കു വാസ്തവത്തിൽ ആകർഷണം തോന്നിയത് ആ വ്യക്തിയോടല്ല, സംസ്കാരത്തോടാണ് എങ്കിലോ? അത്തരം ഒരു ആകർഷണത്തിനു കാലക്രമേണ തേയ്മാനം സംഭവിച്ചേക്കാം. എന്നാൽ വിവാഹം രണ്ടുപേരെ തമ്മിൽ ശാശ്വതമായി യോജിപ്പിക്കുകയാണു ചെയ്യുന്നത്.—മത്തായി 19:6.
ടോണി ഇപ്രകാരം വിശദീകരിക്കുന്നു: “മറ്റൊരു രാജ്യത്തുനിന്നുള്ള എന്റെ ഒരു പരിചയക്കാരി കരീബിയൻ ദ്വീപിൽ നിന്നുള്ള ഒരാളെ വിവാഹം കഴിച്ചു. എന്നാൽ ദ്വീപിലെ ജീവിതവുമായി ഒത്തുപോകാൻ അവൾക്കു ബുദ്ധിമുട്ടു തോന്നി. അവിടുത്തെ കടുത്ത ചൂടു നിമിത്തം അവൾക്കു രോഗം പിടിപെട്ടു. ആഹാരരീതി വളരെ വ്യത്യസ്തമായിരുന്നു. കൂടാതെ, വീട്ടുകാരെ വിട്ടു ജീവിക്കുന്നതിന്റെ വിഷമവും. അങ്ങനെ അവർ അവളുടെ രാജ്യത്തേക്കു കുടിയേറി. പക്ഷേ അവിടം അവളുടെ ഭർത്താവിനും പിടിച്ചില്ല. അവിടുത്തെ ജീവിതരീതി ഭൗതികത്വം നിറഞ്ഞതാണെന്ന് അദ്ദേഹത്തിനു തോന്നി. സ്വന്തം കുടുംബാംഗങ്ങളും അയൽക്കാരുമായി താൻ ആസ്വദിച്ചിരുന്ന അടുപ്പവും നഷ്ടമാകുന്നതുപോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇപ്പോൾ അവർ വേർപിരിഞ്ഞിരിക്കുന്നു, അദ്ദേഹം അദ്ദേഹത്തിന്റെ നാട്ടിലും അവൾ അവളുടെ നാട്ടിലുമാണ്. അവരുടെ രണ്ടു മക്കൾക്കാകട്ടെ അച്ഛനമ്മമാരുടെ രണ്ടുപേരുടെയും സ്നേഹവും ശ്രദ്ധയും കിട്ടാതായി.”
ഒരുപാടു ദൂരെയുള്ള, ഒരുപക്ഷേ മറ്റൊരു സംസ്കാരത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കുന്നത് വേറെയും വെല്ലുവിളികൾ ഉയർത്തുന്നു. യാത്രയ്ക്കും ആശയവിനിമയത്തിനും വേണ്ടിവരുന്ന ചെലവു താങ്ങാൻ നിങ്ങൾ ഒരുക്കമാണോ? ലിഡിയ ഓർമിക്കുന്നു: “ഫിൽ തമാശയായി പറയാറുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ഫോൺ ബിൽ വളരെ കൂടിയതുകൊണ്ടാണ് ഞങ്ങൾ വിവാഹിതരായതെന്ന്. പക്ഷേ, ഇപ്പോൾ ഞാൻ അമ്മയെ വിളിക്കുന്നതിന്റെ ബിൽ ഞങ്ങൾക്ക് അടയ്ക്കേണ്ടി വരുന്നു!” കുട്ടികൾ ജനിച്ചാലോ? ചില കുട്ടികൾ ബന്ധുക്കളെക്കുറിച്ചു യാതൊന്നും അറിയാത്തവരായി വളർന്നു വരുന്നു. ഭാഷാപ്രശ്നം നിമിത്തം അവർക്ക് അവരോടു ഫോണിലൂടെ പോലും സംസാരിക്കാൻ കഴിഞ്ഞെന്നുവരില്ല! ഇത്തരം പ്രശ്നങ്ങൾ തരണം ചെയ്യാൻ സാധിക്കാത്തവയാണെന്നല്ല പറയാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, അങ്ങനെയുള്ള ഒരു വിവാഹബന്ധത്തിലേക്കു കടക്കുന്നതിനുമുമ്പ് വ്യക്തി വരുംവരായ്കകൾ എല്ലാം വിലയിരുത്തേണ്ടതാണ്.—ലൂക്കൊസ് 14:28 താരതമ്യം ചെയ്യുക.
യഥാർഥത്തിൽ എങ്ങനെയുള്ള ആൾ?
നിങ്ങളുടെ സുഹൃത്ത് തുറന്ന മനസ്സും ആത്മാർഥതയും ഉള്ള ആളാണെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും? “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു” എന്നു മത്തായി 7:17 പറയുന്നു. അങ്ങനെയെങ്കിൽ, അദ്ദേഹത്തിന്റെ പ്രവൃത്തികൾ എങ്ങനെയുള്ളതാണ്? വാക്കുകൾക്കു ചേർച്ചയിലാണോ അദ്ദേഹത്തിന്റെ പ്രവൃത്തികൾ? അദ്ദേഹത്തിന്റെ ഗതകാല ജീവിതം ഭാവിയിൽ ചെയ്യുമെന്ന് അവകാശപ്പെടുന്ന കാര്യങ്ങൾക്കു ചേർച്ചയിലാണോ? “ഞങ്ങൾ പരസ്പരം ആദ്യം ചോദിച്ചറിഞ്ഞത് ആത്മീയ ലക്ഷ്യങ്ങളെപ്പറ്റി ആയിരുന്നു,” എസ്തെർ വിശദീകരിക്കുന്നു, “അദ്ദേഹം എട്ടു വർഷമായി മുഴുസമയ സുവിശേഷകൻ ആയിരുന്നു. അതുകൊണ്ടുതന്നെ ആ വേലയിൽ തുടരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സത്യസന്ധമാണെന്ന് എനിക്ക് ഉറപ്പായിരുന്നു.”
എന്നാൽ, നിങ്ങൾ കോർട്ടിങ് നടത്തുന്ന വ്യക്തി തുറന്നു സംസാരിക്കാൻ മടിയുള്ള ആളാണെങ്കിലോ? ഭാവിയിൽ എല്ലാം ശരിയാകും എന്നു പ്രതീക്ഷിച്ച് അതിനെ അവഗണിച്ചു കളയരുത്. കാര്യങ്ങൾ വ്യക്തമായി ചോദിച്ചറിയുക. കാരണം ആരായുക. ഒരു സദൃശവാക്യം പറയുന്നു: “മമനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.” (സദൃശവാക്യങ്ങൾ 20:5) “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” എന്നു മറ്റൊരു സദൃശവാക്യം മുന്നറിയിപ്പുതരുന്നു.—സദൃശവാക്യങ്ങൾ 14:15.
മുഖാമുഖം
കത്തിലൂടെയോ ഫോണിലൂടെയോ ഒക്കെ ഒരു വ്യക്തിയെ പരിമിതമായേ അറിയാൻ സാധിക്കൂ. രസകരമെന്നു പറയട്ടെ, അപ്പൊസ്തലനായ യോഹന്നാൻ തന്റെ ക്രിസ്തീയ സഹോദരങ്ങൾക്കു നിരവധി കത്തുകൾ എഴുതിയിരുന്നു. ഈ കത്തുകൾ അവർ തമ്മിലുള്ള സ്നേഹബന്ധത്തെ ബലിഷ്ഠമാക്കുന്നതിൽ ഒരു വലിയ പങ്കു വഹിച്ചിരുന്നു എങ്കിലും അവൻ ഇപ്രകാരം പറഞ്ഞു: “നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു: എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. . . . നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു.” (2 യോഹന്നാൻ 12) സമാനമായി, ഒത്തൊരുമിച്ചു സമയം ചെലവഴിക്കുന്നതിനെക്കാൾ മെച്ചമായി യാതൊന്നുമില്ല. പരസ്പരം അടുത്തറിയാൻ വേണ്ടി ഒരാൾ മറ്റേയാളുടെ സ്ഥലത്തേക്കു താത്കാലികമായി താമസം മാറുന്നതുപോലും പ്രായോഗികം ആയിരുന്നേക്കാം. ഭാവിയിൽ അവനോ അവളോ താമസിക്കാൻ പോകുന്ന സ്ഥലത്തെ കാലാവസ്ഥയും ജീവിത സാഹചര്യങ്ങളുമായി പരിചയത്തിലാകാനുള്ള അവസരവും അതു പ്രദാനം ചെയ്തേക്കാം.
നിങ്ങൾ ഒരുമിച്ച് ആയിരിക്കുന്ന സമയം എങ്ങനെ നന്നായി പ്രയോജനപ്പെടുത്താനാകും? വ്യക്തിത്വ ഗുണങ്ങൾ വെളിവാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക. സഭായോഗങ്ങളിലും ശുശ്രൂഷയിലും പങ്കെടുക്കവേ അന്യോന്യം നിരീക്ഷിക്കുക. തിരക്കേറിയ ജീവിതത്തിന്റെ സമ്മർദത്തിൻ കീഴിൽ വ്യക്തി എങ്ങനെ പെരുമാറുന്നു എന്നു നിരീക്ഷിക്കുന്നത് വളരെയേറെ കാര്യങ്ങൾ വെളിപ്പെടുത്തും.a
ഭാവി ഇണയുടെ മാതാപിതാക്കളുടെ കൂടെയും സമയം ചെലവഴിക്കേണ്ടതാണ്. അവരുമായി ഒരു നല്ല ബന്ധം കെട്ടിപ്പടുക്കാൻ ശ്രമിക്കുക. നിങ്ങൾ വിവാഹിതർ ആകുകയാണെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങൾ ആയിത്തീരേണ്ടവരാണല്ലോ അവർ. നിങ്ങൾക്ക് അവരെ അറിയാമോ? അവരുമായി യോജിച്ചുപോകാൻ കഴിയുന്നുണ്ടോ? “സാധ്യമെങ്കിൽ, രണ്ടു കുടുംബങ്ങളും പരസ്പരം സന്ധിക്കുന്നതു വളരെ നല്ലതാണ്,” ജോവാൻ നിർദേശിക്കുന്നു. ടോണി കൂടുതലായി ഇങ്ങനെ അഭിപ്രായപ്പെട്ടു: “നിങ്ങളുടെ പ്രതിശ്രുത ഇണ സ്വന്തം കുടുംബാംഗങ്ങളോട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ ആയിരിക്കും നിങ്ങളോടും പെരുമാറുക.”
കോർട്ടിങ് നടത്തുന്നതു നേരിട്ടായാലും ഫോണിലൂടെയോ കത്തിലൂടെയോ ആയാലും തീരുമാനങ്ങൾ എടുക്കാൻ ബദ്ധപ്പെടരുത്. (സദൃശവാക്യങ്ങൾ 21:5) നിങ്ങളുടെ വിവാഹം വിജയിക്കുകയില്ല എന്നു തെളിയുന്നെങ്കിൽ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചു ചർച്ച ചെയ്യുന്നതാണു ജ്ഞാനം. (സദൃശവാക്യങ്ങൾ 22:3) അതേസമയം, കുറച്ചുകൂടി സമയമെടുത്ത് തുറന്നു ചർച്ചചെയ്യുകയാണെങ്കിൽ ഒരുപക്ഷേ പരിഹരിക്കാവുന്ന പ്രശ്നമേ ഉണ്ടായിരിക്കുകയുള്ളൂ താനും.
ദൂരെയുള്ള ഒരാളുമായി കോർട്ടിങ് നടത്തുന്നതു ബുദ്ധിമുട്ടായിരിക്കാം, എന്നാൽ അതു പ്രതിഫലദായകവും ആയിരിക്കാവുന്നതാണ്. എന്തുതന്നെ ആയിരുന്നാലും, അതു ഗൗരവമേറിയ ഒരു സംഗതിയാണ്. വേണ്ടത്ര സമയമെടുക്കുക. പരസ്പരം അറിയാൻ ശ്രമിക്കുക. അങ്ങനെയാകുമ്പോൾ, അതു നിങ്ങളെ വിവാഹത്തിൽ എത്തിക്കുന്നെങ്കിൽ, നിങ്ങളുടെ പ്രണയകാല സ്മരണകൾ മനസ്സിന്റെ മണിച്ചെപ്പിൽ നിധിപോലെ സൂക്ഷിക്കാവുന്ന മുത്തുകൾ ആയിരിക്കും. പശ്ചാത്താപം ജനിപ്പിക്കുന്നവ ആയിരിക്കില്ല.
[അടിക്കുറിപ്പുകൾ]
a കോർട്ടിങ്ങിനെ പറ്റിയുള്ള കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 255-60 പേജുകൾ കാണുക.
[15-ാം പേജിലെ ചിത്രം]
ലക്ഷ്യങ്ങൾ, കുട്ടികൾ, സാമ്പത്തിക കാര്യങ്ങൾ, ആരോഗ്യം എന്നിവ സംബന്ധിച്ച് ബന്ധത്തിന്റെ തുടക്കത്തിൽത്തന്നെ ഉറപ്പായും സംസാരിക്കുക