വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • fy അധ്യാ. 2 പേ. 13-26
  • വിജയപ്രദമായ വിവാഹത്തിനുവേണ്ടി ഒരുങ്ങൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിജയപ്രദമായ വിവാഹത്തിനുവേണ്ടി ഒരുങ്ങൽ
  • കുടുംബ സന്തുഷ്ടിയുടെ രഹസ്യം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നിങ്ങൾ വിവാഹത്തിനു സജ്ജനാണോ?
  • ആദ്യം നിങ്ങളെത്തന്നെ അറിയുക
  • ഒരു ഇണയിൽ ശ്രദ്ധിക്കേണ്ട സംഗതികൾ
  • മുൻകൂട്ടി മനസ്സിലാക്കുക
  • നിങ്ങളുടെ കോർട്ടിങ്ങിനെ മാന്യമായി സൂക്ഷിക്കുക
  • വിവാഹത്തിനപ്പുറത്തേക്കു നോക്കൽ
  • നിങ്ങളുടെ വിവാഹത്തിന്‌ ഒരു നല്ല അടിസ്ഥാനമിടുക
    നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ
  • വിവാഹം​—ദൈവത്തിന്റെ സമ്മാനം
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • ദാമ്പത്യം—ദൈവത്തിന്റെ ഒരു സ്‌നേഹസമ്മാനം
    “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • വിവാഹജീവിതം വിജയിപ്പിക്കാൻ എന്ത്‌ ആവശ്യമാണ്‌?
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
കുടുംബ സന്തുഷ്ടിയുടെ രഹസ്യം
fy അധ്യാ. 2 പേ. 13-26

അധ്യായം രണ്ട്‌

വിജയപ്രദമായ വിവാഹത്തിനുവേണ്ടി ഒരുങ്ങൽ

13-ാം പേജിലെ ചിത്രം

1, 2. (എ) ആസൂത്രണം ചെയ്യേണ്ടതിന്റെ പ്രാധാന്യം യേശു ഊന്നിപ്പറഞ്ഞതെങ്ങനെ? (ബി) ഏതു പ്രവർത്തനമേഖലയിലാണ്‌ ആസൂത്രണം വിശേഷാൽ മർമപ്രധാനമായിരിക്കുന്നത്‌?

ഒരു കെട്ടിടം നിർമിക്കുന്നതിനു ശ്രദ്ധാപൂർവകമായ തയ്യാറെടുപ്പ്‌ ആവശ്യമാണ്‌. അടിത്തറയിടുന്നതിനു മുമ്പായി സ്ഥലം വാങ്ങണം, രൂപരേഖ തയ്യാറാക്കണം. എന്നാൽ മറ്റൊന്നുകൂടെ മർമപ്രധാനമാണ്‌. യേശു ഇങ്ങനെ പറഞ്ഞു: “ഗോപുരം പണിയാൻ ഇച്‌ഛിക്കുമ്പോൾ, അതു പൂർത്തിയാക്കാൻവേണ്ട വക തനിക്കുണ്ടോ എന്ന്‌ അതിന്റെ ചെലവ്‌ ആദ്യമേതന്നെ കണക്കുകൂട്ടിനോക്കാത്തവൻ നിങ്ങളിൽ ആരുണ്ട്‌?”—ലൂക്കാ 14:28, പി.ഒ.സി. ബൈബിൾ.

2 ഒരു കെട്ടിടം നിർമിക്കുന്ന കാര്യത്തിൽ സത്യമായിരിക്കുന്നത്‌ വിജയപ്രദമായ ഒരു വിവാഹം പടുത്തുയർത്തുന്ന കാര്യത്തിനും ബാധകമാണ്‌. “എനിക്കു വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്‌” എന്ന്‌ അനേകരും പറയുന്നു. എന്നാൽ എത്ര പേരാണ്‌ അതിന്‌ ഒടുക്കേണ്ടിവരുന്ന വില കണക്കാക്കുന്നത്‌? വിവാഹത്തെക്കുറിച്ച്‌ അനുകൂലമായി പറയുമ്പോൾതന്നെ, വിവാഹത്താലുള്ള വെല്ലുവിളികളിലേക്കും ബൈബിൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്‌. (സദൃശവാക്യങ്ങൾ 18:22; 1 കൊരിന്ത്യർ 7:28) അതുകൊണ്ട്‌, വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നവർക്കു വിവാഹിതരാകുന്നതിന്റെ അനുഗ്രഹങ്ങളെയും അതിന്‌ ഒടുക്കേണ്ടിവരുന്ന വിലയെയും കുറിച്ചു യാഥാർഥ്യബോധത്തിലധിഷ്‌ഠിതമായ ഒരു കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കണം.

3. വിവാഹം കഴിക്കാൻ ആസൂത്രണംചെയ്യുന്നവർക്കു ബൈബിൾ മൂല്യവത്തായ ഒരു സഹായമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, ഏതു മൂന്നു ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ അതു നമ്മെ സഹായിക്കും?

3 ബൈബിളിനു സഹായിക്കാൻ കഴിയും. വിവാഹത്തിന്റെ കാരണഭൂതനായ യഹോവയാം ദൈവം നിശ്വസ്‌തമാക്കിയതാണ്‌ അതിലെ ബുദ്ധ്യുപദേശം. (എഫെസ്യർ 3:14, 15; 2 തിമൊഥെയൊസ്‌ 3:16) പുരാതനമെങ്കിലും നൂതനമായ ഈ മാർഗദർശകപുസ്‌തകത്തിൽ കാണുന്ന തത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ട്‌, നമുക്ക്‌ പിൻവരുന്ന സംഗതികൾ നിശ്ചയിക്കാം: (1) താൻ വിവാഹത്തിനു സജ്ജൻ അഥവാ സജ്ജ ആണോ എന്ന്‌ ഒരു വ്യക്തിക്ക്‌ എങ്ങനെ പറയാൻ കഴിയും? (2) ഒരു ഇണയുടെ കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം? (3) കോർട്ടിങ്‌ എങ്ങനെയാണു മാന്യമായി നടത്താനാവുക?

നിങ്ങൾ വിവാഹത്തിനു സജ്ജനാണോ?

4. വിജയപ്രദമായ വിവാഹം നിലനിർത്തുന്നതിലെ മർമപ്രധാനമായ ഘടകമെന്ത്‌, എന്തുകൊണ്ട്‌?

4 ഒരു കെട്ടിടം നിർമിക്കുന്നതു ചെലവേറിയ സംഗതിയാവാം. എന്നാൽ അതുപോലെതന്നെ ചെലവേറിയ സംഗതിയാണ്‌ അതിന്റെ ദീർഘനാളത്തെ സംരക്ഷണവും. വിവാഹത്തിന്റെ കാര്യവും അങ്ങനെതന്നെ. വിവാഹം കഴിക്കുന്നത്‌ ഒട്ടൊക്കെ വെല്ലുവിളി നിറഞ്ഞതായി കാണപ്പെടുന്നു. എന്നിരുന്നാലും, വർഷങ്ങളിലൂടെ വൈവാഹിക ബന്ധം നിലനിർത്തിക്കൊണ്ടുപോകുന്ന സംഗതിയും പരിചിന്തിക്കണം. അത്തരം ബന്ധം നിലനിർത്തുന്നതിന്‌ എന്താണ്‌ അത്യാവശ്യമായിരിക്കുന്നത്‌? മുഴുഹൃദയത്തോടെയുള്ള ഒരു പ്രതിബദ്ധത മർമപ്രധാനമായ ഒരു ഘടകമാണ്‌. ബൈബിൾ വിവാഹബന്ധത്തെ വർണിക്കുന്നത്‌ ഇങ്ങനെയാണ്‌: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്‌പത്തി 2:24) പുനർവിവാഹസാധ്യതയുള്ള വിവാഹമോചനത്തിന്‌ ഒരൊറ്റ തിരുവെഴുത്ത്‌ അടിസ്ഥാനമേ യേശുക്രിസ്‌തു നൽകിയിട്ടുള്ളൂ—“പരസംഗം,” അതായത്‌ വിവാഹത്തിനു പുറത്തുള്ള അവിഹിത ലൈംഗികബന്ധങ്ങൾ. (മത്തായി 19:9) നിങ്ങൾ വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നുണ്ടെങ്കിൽ, ഈ തിരുവെഴുത്തു നിലവാരങ്ങൾ മനസ്സിൽപ്പിടിക്കുക. ഉത്‌കൃഷ്ടമായ ഈ പ്രതിബദ്ധതയ്‌ക്കു നിങ്ങൾ സജ്ജനല്ലെങ്കിൽ, നിങ്ങൾ വിവാഹത്തിനും സജ്ജനല്ല.—ആവർത്തനപുസ്‌തകം 23:21; സഭാപ്രസംഗി 5:4, 5.

5. വിവാഹത്തിലെ ഉത്‌കൃഷ്ടമായ പ്രതിബദ്ധത എന്ന ആശയം ചിലരിൽ ഭീതിയുണർത്തുന്നുവെങ്കിലും, വിവാഹം കഴിക്കാനുദ്ദേശിക്കുന്നവർ അതിനെ അങ്ങേയറ്റം വിലമതിക്കേണ്ടത്‌ എന്തുകൊണ്ട്‌?

5 ഉത്‌കൃഷ്ടമായ പ്രതിബദ്ധത എന്ന ആശയംതന്നെ അനേകരിലും ഭീതിയുണർത്തുന്നു. “ഞങ്ങൾ രണ്ടുപേരും ആജീവനാന്തം പ്രതിബദ്ധതയുള്ളവരായിരിക്കുമെന്ന തിരിച്ചറിവ്‌, എന്നെ ഒരു കോണിൽ ഒതുക്കിനിർത്തുന്നതുപോലെ, പൂർണമായും ബന്ധനസ്ഥനാക്കുന്നതുപോലെ, എനിക്കു തോന്നി,” ഒരു യുവാവ്‌ സമ്മതിച്ചുപറഞ്ഞു. എന്നാൽ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന വ്യക്തിയെ നിങ്ങൾ വാസ്‌തവമായും സ്‌നേഹിക്കുന്നെങ്കിൽ, പ്രതിബദ്ധത ഒരു ഭാരമായി തോന്നുകയില്ല. പകരം, അതു സുരക്ഷിതത്വത്തിന്റെ ഒരു ഉറവായി വീക്ഷിക്കപ്പെടും. വിവാഹത്തിൽ അന്തർലീനമായിരിക്കുന്ന പ്രതിബദ്ധതാബോധം നിമിത്തം നല്ല സമയത്തും മോശമായ സമയത്തും ഒരുമിച്ചുനിൽക്കാനും എന്തുതന്നെ സംഭവിച്ചാലും പരസ്‌പരം പിന്തുണയ്‌ക്കുന്നവരാകാനും ദമ്പതികൾ ആഗ്രഹിക്കും. യഥാർഥ സ്‌നേഹം “ദീർഘമായി ക്ഷമിക്കയും” “എല്ലാം പൊറുക്കു”കയും ചെയ്യുന്നുവെന്നു ക്രിസ്‌തീയ അപ്പോസ്‌തലനായ പൗലോസ്‌ എഴുതി. (1 കൊരിന്ത്യർ 13:4, 7) ഒരു സ്‌ത്രീ ഇങ്ങനെ പറയുന്നു: “വിവാഹത്തിലെ പ്രതിബദ്ധതയിൽ എനിക്കു കൂടുതൽ സുരക്ഷിതത്വമാണു തോന്നുന്നത്‌. ഒരുമിച്ചുകഴിയാൻ ഉദ്ദേശിച്ചിരിക്കുന്നതായി പരസ്‌പരവും മറ്റുള്ളവരുടെ മുമ്പാകെയും അംഗീകരിച്ചിരിക്കുന്ന പ്രതിബദ്ധതയിലുള്ള സുഖം എനിക്കിഷ്ടമാണ്‌.”—സഭാപ്രസംഗി 4:9-12.

6. യുവപ്രായത്തിൽ വിവാഹത്തിലേക്ക്‌ എടുത്തുചാടാതിരിക്കുന്നത്‌ ഏറ്റവും നല്ലതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 അത്തരമൊരു പ്രതിബദ്ധതയ്‌ക്കു ചേർച്ചയിൽ ജീവിക്കുന്നതിനു പക്വത ആവശ്യമാണ്‌. ലൈംഗിക വികാരങ്ങൾ തിളച്ചുമറിഞ്ഞ്‌ ഒരുവന്റെ തീരുമാനശേഷിയെ വികലമാക്കുന്ന കാലഘട്ടമായ “നവ യൗവ്വനം കഴിയുന്നതു”വരെ, ക്രിസ്‌ത്യാനികൾ വിവാഹം കഴിക്കാതിരിക്കുന്നതാണു നല്ലതെന്നു പൗലോസ്‌ ബുദ്ധ്യുപദേശിക്കുന്നു. (1 കൊരിന്ത്യർ 7:36, NW) യുവജനങ്ങൾ വളരുന്നതോടെ അവർക്കു വളരെ വേഗം മാറ്റങ്ങൾ സംഭവിക്കുന്നു. നന്നേ ചെറുപ്പത്തിൽ വിവാഹം കഴിക്കുന്ന അനേകരും ഏതാനും വർഷങ്ങൾ പിന്നിടുന്നതോടെ തന്റെ മാത്രമല്ല, ഇണയുടെയും ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മാറ്റംവന്നിരിക്കുന്നുവെന്നു മനസ്സിലാക്കുന്നു. അൽപ്പം താമസിച്ചു വിവാഹം കഴിക്കുന്നവരെ അപേക്ഷിച്ച്‌, അസന്തുഷ്ടരായിരിക്കാനും വിവാഹമോചനം തേടാനും കൂടുതൽ സാധ്യതയുള്ളതു കൗമാരപ്രായത്തിൽ വിവാഹം കഴിക്കുന്നവരാണെന്നു സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. അതുകൊണ്ട്‌ തിടുക്കത്തിൽ വിവാഹത്തിലേക്ക്‌ എടുത്തുചാടരുത്‌. യുവാവും ഏകാകിയുമായ പ്രായപൂർത്തിയെത്തിയ വ്യക്തി എന്നനിലയിൽ ചെലവഴിക്കുന്ന ഏതാനും വർഷത്തെ ജീവിതത്തിനു മൂല്യവത്തായ അനുഭവം നിങ്ങൾക്കു നൽകാനാവും. ആ അനുഭവം നിങ്ങളെ നല്ല ചേർച്ചയുള്ള ഒരു ഇണയായിത്തീരുന്നതിനു കൂടുതൽ പക്വതയും യോഗ്യതയും ഉള്ളവനാക്കിത്തീർക്കും. വിവാഹം കഴിക്കാൻ കാത്തിരിക്കുന്നതു നിങ്ങളെത്തന്നെ മെച്ചമായി മനസ്സിലാക്കാൻ സഹായിക്കും. നിങ്ങളുടെ വിവാഹത്തിൽ വിജയപ്രദമായ ഒരു ബന്ധമുണ്ടാക്കിയെടുക്കാൻ അത്‌ അത്യാവശ്യമാണുതാനും.

ആദ്യം നിങ്ങളെത്തന്നെ അറിയുക

7. വിവാഹം കഴിക്കാൻ ആസൂത്രണംചെയ്യുന്നവർ ആദ്യം തങ്ങളെത്തന്നെ പരിശോധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

7 ഒരു ഇണയിൽ ഉണ്ടായിരിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന ഗുണങ്ങൾ പട്ടികപ്പെടുത്താൻ എളുപ്പമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? മിക്കവർക്കും അത്‌ എളുപ്പമായി തോന്നുന്നു. എന്നാൽ നിങ്ങളുടെ ഗുണങ്ങളുടെ കാര്യമോ? വിജയപ്രദമായ ഒരു വിവാഹത്തിനു സംഭാവന ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന എന്തു സ്വഭാവവിശേഷങ്ങളാണു നിങ്ങൾക്കുള്ളത്‌? നിങ്ങൾ ഏതുതരം ഭർത്താവ്‌ അല്ലെങ്കിൽ ഭാര്യ ആയിരിക്കും? ഉദാഹരണത്തിന്‌, നിങ്ങൾ നിങ്ങളുടെ തെറ്റുകൾ തുറന്നു സമ്മതിക്കുകയും ഉപദേശം സ്വീകരിക്കുകയും ചെയ്യാറുണ്ടോ, അതോ തിരുത്തപ്പെടുമ്പോൾ നിങ്ങൾ എല്ലായ്‌പോഴും ന്യായീകരണത്തിനു തുനിയാറുണ്ടോ? നിങ്ങൾ പൊതുവേ പ്രസന്നവദനനും ശുഭാപ്‌തിവിശ്വാസമുള്ളവനുമാണോ, അതോ വിഷണ്ണനും കൂടെക്കൂടെ പരാതിപറയുന്നവനും ആയിരിക്കാനുള്ള പ്രവണതയുള്ളവനാണോ? (സദൃശവാക്യങ്ങൾ 8:33; 15:15) ഓർക്കുക, വിവാഹം നിങ്ങളുടെ വ്യക്തിത്വത്തിനു മാറ്റംവരുത്തുകയില്ല. ഏകാകിയായിരിക്കുമ്പോൾ, നിങ്ങൾ അഹങ്കാരിയോ, അതിലോലമാനസനോ, അമിതമായ അശുഭാപ്‌തിവിശ്വാസിയോ ആണെങ്കിൽ, വിവാഹത്തിനുശേഷവും നിങ്ങൾ അങ്ങനെതന്നെയായിരിക്കും. മറ്റുള്ളവർ നമ്മെ കാണുന്നതുപോലെ നമ്മെത്തന്നെ കാണുക ബുദ്ധിമുട്ടായതുകൊണ്ട്‌, ആത്മാർഥമായ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കുംവേണ്ടി മാതാപിതാക്കളിൽ ആരോടെങ്കിലുമോ ഒരു വിശ്വസ്‌ത സ്‌നേഹിതനോടോ ചോദിക്കരുതോ? വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു നിങ്ങൾ മനസ്സിലാക്കുന്നപക്ഷം, വിവാഹത്തിനുള്ള പടികൾ സ്വീകരിക്കുന്നതിനുമുമ്പ്‌ അക്കാര്യത്തിൽ പുരോഗതി നേടിയെടുക്കുക.

19-ാം പേജിലെ ചിത്രങ്ങൾ

ഏകാകിയായിരിക്കുമ്പോൾത്തന്നെ, വിവാഹത്തിൽ നിങ്ങൾക്കു പ്രയോജനം ചെയ്യുന്ന ഗുണങ്ങൾ, ശീലങ്ങൾ, കഴിവുകൾ എന്നിവ വികസിപ്പിച്ചെടുക്കുക

8-10. വിവാഹത്തിനായി ഒരു വ്യക്തിയെ ഒരുക്കാൻ സഹായിക്കുന്ന എന്തു ബുദ്ധ്യുപദേശമാണു ബൈബിൾ നൽകുന്നത്‌?

8 “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിങ്ങനെയുള്ള ഗുണങ്ങൾ പുറപ്പെടുവിച്ചുകൊണ്ട്‌, നമ്മിൽ പ്രവർത്തിക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നതിനു ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “[നമ്മുടെ] ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപി”ക്കുവാനും “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചുകൊ”ള്ളുവാനും അതു നമ്മോടു പറയുന്നു. (ഗലാത്യർ 5:22, 23, NW; എഫെസ്യർ 4:23, 24) നിങ്ങൾ ഏകാകിയായിരിക്കുമ്പോൾത്തന്നെ ഈ ബുദ്ധ്യുപദേശം ബാധകമാക്കുന്നതു ബാങ്കിൽ പണം നിക്ഷേപിക്കുന്നതുപോലെയാണ്‌. ഭാവിയിൽ നിങ്ങൾ വിവാഹം കഴിക്കുന്ന സമയത്ത്‌ അതു വളരെ മൂല്യവത്താണെന്നു തെളിയും.

9 ഉദാഹരണത്തിന്‌, സ്‌ത്രീയെങ്കിൽ, നിങ്ങളുടെ ശാരീരിക ആകാരത്തെക്കാളും “ഹൃദയത്തിന്റെ ഗൂഢവ്യക്തി”ക്കു കൂടുതൽ ശ്രദ്ധകൊടുക്കാൻ പഠിക്കുക. (1 പത്രോസ്‌ 3:3, 4, NW) വിനയവും സുബോധമുള്ള മനസ്സും ഒരു യഥാർഥ “മഹത്വകിരീട”മായ ജ്ഞാനം ഉണ്ടാവാൻ നിങ്ങളെ സഹായിക്കും. (സദൃശവാക്യങ്ങൾ 4:9; 31:10, 30; 1 തിമൊഥെയൊസ്‌ 2:9, 10) പുരുഷനെങ്കിൽ, ദയാപുരസ്സരവും ആദരപൂർവകവുമായ വിധത്തിൽ സ്‌ത്രീകളോട്‌ ഇടപെടാൻ പഠിക്കുക. (1 തിമൊഥെയൊസ്‌ 5:1, 2) തീരുമാനങ്ങൾ എടുക്കാനും ഉത്തരവാദിത്വങ്ങൾ വഹിക്കാനും പഠിക്കുമ്പോൾതന്നെ, വിനയവും താഴ്‌മയും ഉള്ളവരാകാനും പഠിക്കുക. ആധിപത്യ മനോഭാവം വിവാഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും.—സദൃശവാക്യങ്ങൾ 29:23; മീഖാ 6:8; എഫെസ്യർ 5:28, 29.

10 ഈ രംഗത്തു മനസ്സിനെ ചൊൽപ്പടിയിൽ നിർത്തുന്നത്‌ എളുപ്പമല്ലെങ്കിലും, എല്ലാ ക്രിസ്‌ത്യാനികളും പുരോഗതി കൈവരിക്കേണ്ട ഒരു സംഗതിയാണത്‌. തന്നെയുമല്ല, ഒരു ഭേദപ്പെട്ട വിവാഹപങ്കാളിയായിരിക്കാൻ അതു നിങ്ങളെ സഹായിക്കുകയും ചെയ്യും.

ഒരു ഇണയിൽ ശ്രദ്ധിക്കേണ്ട സംഗതികൾ

11, 12. തങ്ങൾക്കു പൊരുത്തമുണ്ടോ ഇല്ലയോ എന്നു രണ്ടുപേർക്ക്‌ എങ്ങനെ കണ്ടുപിടിക്കാനാവും?

11 ഓരോരുത്തരും സ്വന്തം വിവാഹ ഇണയെ തിരഞ്ഞെടുക്കുന്നതു നിങ്ങൾ പാർക്കുന്നിടത്തു പതിവുണ്ടോ? അങ്ങനെയെങ്കിൽ, വിപരീത ലിംഗവർഗത്തിൽപ്പെട്ട ഒരാളോടു നിങ്ങൾക്ക്‌ ഇഷ്ടംതോന്നുമ്പോൾ, തുടർന്നു നിങ്ങൾ എന്തു ചെയ്യണം? ആദ്യം, നിങ്ങളോടുതന്നെ ചോദിക്കുക, ‘ഞാൻ വാസ്‌തവത്തിൽ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?’ വ്യാജ പ്രതീക്ഷകളുണർത്തി മറ്റൊരു വ്യക്തിയുടെ വികാരങ്ങളെ കളിപ്പാട്ടമാക്കുന്നതു ക്രൂരതയാണ്‌. (സദൃശവാക്യങ്ങൾ 13:12) പിന്നെ, നിങ്ങളോടുതന്നെ ചോദിക്കുക, ‘വിവാഹം കഴിക്കാൻ പറ്റിയ നിലയിലാണോ ഞാൻ?’ ഈ രണ്ടു ചോദ്യങ്ങൾക്കുമുള്ള ഉത്തരം അനുകൂലമാണെങ്കിൽ, നിങ്ങൾ തുടർന്നു സ്വീകരിക്കുന്ന നടപടികൾക്കു പ്രാദേശിക ആചാരങ്ങളനുസരിച്ചു വ്യത്യാസമുണ്ടായിരിക്കും. ചില രാജ്യങ്ങളിൽ, കുറച്ചുനാൾ വ്യക്തിയെ നിരീക്ഷിച്ചിട്ട്‌, വ്യക്തിയെ നേരിട്ടു സമീപിച്ചു കൂടുതൽ അടുത്ത്‌ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. പ്രതികരണം പ്രതികൂലമാണെങ്കിൽ, പിന്നെ നിർബന്ധിച്ചു മറ്റേയാളുടെ എതിർപ്പു സമ്പാദിക്കാൻ നിൽക്കരുത്‌. പ്രസ്‌തുത സംഗതിയിൽ ഒരു തീരുമാനം കൈക്കൊള്ളാനുള്ള അവകാശം അയാൾക്കും ഉണ്ടെന്ന കാര്യം ഓർക്കുക. എന്നാൽ, പ്രതികരണം അനുകൂലമാണെങ്കിൽ, ആരോഗ്യാവഹമായ പ്രവർത്തനങ്ങളിലേർപ്പെട്ടു സമയം ചെലവിടാൻ പാകത്തിനു നിങ്ങൾക്കു കാര്യാദികൾ ക്രമീകരിക്കാവുന്നതാണ്‌. ഈ വ്യക്തിയുമായുള്ള വിവാഹം ജ്ഞാനപൂർവകമായിരിക്കുമോ എന്നു മനസ്സിലാക്കാൻ ഇത്‌ ഉപകരിക്കും.a ഈ ഘട്ടത്തിൽ നിങ്ങൾ എന്താണു ശ്രദ്ധിക്കേണ്ടത്‌?

12 ആ ചോദ്യത്തിന്‌ ഉത്തരം ലഭിക്കാൻ, രണ്ടു സംഗീതോപകരണങ്ങൾ വിഭാവന ചെയ്യുക. ഒരു പിയാനോയും ഒരു ഗിത്താറും. അവ ശരിയാംവണ്ണം സ്വരൈക്യം വരുത്തിയതാണെങ്കിൽ, അവയിൽ ഏതിനും സ്വരമാധുര്യമേറിയ ഏകവാദ്യം പുറപ്പെടുവിക്കാൻ സാധിക്കും. എന്നിരുന്നാലും, ഈ ഉപകരണങ്ങൾ ഒരുമിച്ചു വായിക്കുമ്പോഴോ? അപ്പോൾ അവ പരസ്‌പരം സ്വരൈക്യത്തിലായിരുന്നേ പറ്റൂ. അതുപോലെതന്നെയാണു നിങ്ങളുടെയും നിങ്ങളുടെ പ്രതിശ്രുത ഇണയുടെയും കാര്യം. വ്യക്തികൾ എന്നനിലയിൽ, നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ വ്യക്തിത്വസവിശേഷതകൾ “സ്വരൈക്യം” വരുത്താൻ കഠിനമായി ശ്രമിച്ചിരിക്കാം. എന്നാൽ ഇപ്പോഴത്തെ പ്രശ്‌നം ഇതാണ്‌: നിങ്ങൾക്കു പരസ്‌പരം സ്വരൈക്യമുണ്ടോ? മറ്റു വാക്കുകളിൽ പറഞ്ഞാൽ, തമ്മിൽ പൊരുത്തമുണ്ടോ?

13. നിങ്ങളുടെ വിശ്വാസം പങ്കുവെക്കാത്ത ഒരാളുമായി കോർട്ടിങ്ങിലേർപ്പെടുന്നതു വളരെ ബുദ്ധിശൂന്യമായ ഒരു പ്രവൃത്തിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ഇരുവർക്കും പൊതുവായ വിശ്വാസങ്ങളും തത്ത്വങ്ങളുമുണ്ടായിരിക്കണമെന്നതു പ്രധാനമാണ്‌. പൗലോസ്‌ അപ്പോസ്‌തലൻ ഇങ്ങനെ എഴുതി: “അവിശ്വാസികളുമായി അസമമായി കൂട്ടിയോജിപ്പിക്കപ്പെടരുത്‌.” (2 കൊരിന്ത്യർ 6:14, NW; 1 കൊരിന്ത്യർ 7:39) ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം പങ്കുവെക്കാത്ത ഒരാളുമായുള്ള വിവാഹത്തിൽ കടുത്ത പൊരുത്തക്കേട്‌ ഉണ്ടാകാൻ ഏറെ സാധ്യതയുണ്ട്‌. നേരേമറിച്ച്‌, രണ്ടുകൂട്ടർക്കും യഹോവയാം ദൈവത്തോടുള്ള സംയുക്തഭക്തി ഐക്യത്തിനുള്ള ഏറ്റവും ശക്തമായ അടിത്തറയാണ്‌. നിങ്ങൾ സന്തുഷ്ടരായിരിക്കാനും നിങ്ങൾ വിവാഹം കഴിക്കുന്ന വ്യക്തിയുമായി സാധ്യമായ ഏറ്റവും ഉറ്റ സ്‌നേഹബന്ധം ആസ്വദിക്കാനും യഹോവ ആഗ്രഹിക്കുന്നു. തന്നോടും അന്യോന്യവും സ്‌നേഹബന്ധത്തിന്റെ മുപ്പിരിച്ചരടിനാൽ ബന്ധിതരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു.—സഭാപ്രസംഗി 4:12.

14, 15. വിവാഹത്തിലെ ഐക്യത്തിനുള്ള ഒരൊറ്റ സംഗതി ഒരേ വിശ്വാസമുണ്ടായിരിക്കുന്നതു മാത്രമാണോ? വിശദീകരിക്കുക.

14 ഒരുമിച്ചു ദൈവത്തെ ആരാധിക്കുന്നതാണ്‌ ഐക്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശമെങ്കിലും അതിൽ വേറെ സംഗതികളും ഉൾപ്പെടുന്നുണ്ട്‌. പരസ്‌പരം സ്വരൈക്യത്തിലായിരിക്കാൻ, നിങ്ങൾക്കും നിങ്ങളുടെ പ്രതിശ്രുത ഇണയ്‌ക്കും ഒരേ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തെല്ലാമാണ്‌? ഉദാഹരണത്തിന്‌, കുട്ടികൾ ഉണ്ടാകുന്നതു സംബന്ധിച്ചു നിങ്ങൾക്കു രണ്ടുകൂട്ടർക്കും എന്താണ്‌ അഭിപ്രായം? നിങ്ങളുടെ ജീവിതത്തിൽ ഏതു സംഗതികൾക്കാണ്‌ ഒന്നാം സ്ഥാനം?b (മത്തായി 6:33) വാസ്‌തവത്തിൽ വിജയപ്രദമായ ഒരു വിവാഹത്തിൽ, ദമ്പതികൾ പരസ്‌പരമുള്ള കൂട്ടുകെട്ട്‌ ആസ്വദിക്കുന്ന നല്ല സുഹൃത്തുക്കളായിരിക്കും. (സദൃശവാക്യങ്ങൾ 17:17) ഇതിന്‌, അവർക്കിടയിൽ പൊതുവായ താത്‌പര്യങ്ങൾ ഉണ്ടായിരിക്കേണ്ടയാവശ്യമുണ്ട്‌. സംഗതി ഇതിൽനിന്നു വ്യത്യസ്‌തമായിരിക്കുമ്പോൾ, ഉറ്റ സൗഹൃദം നിലനിർത്തുക പ്രയാസമായിരിക്കും. അപ്പോൾപ്പിന്നെ വിവാഹത്തിന്റെ കാര്യം ഒട്ടു പറയാനുമില്ല. എന്നാൽ, ദീർഘദൂരനടത്തം പോലുള്ള ഒരു പ്രത്യേക പരിപാടി നിങ്ങളുടെ പ്രതിശ്രുത ഇണയ്‌ക്ക്‌ ഇഷ്ടമാണ്‌, പക്ഷേ നിങ്ങൾക്കതിൽ താത്‌പര്യമില്ലെന്നിരിക്കട്ടെ. എന്നാൽ ഇക്കാരണത്താൽ നിങ്ങൾ രണ്ടുപേരും വിവാഹം കഴിക്കരുതെന്ന്‌ അതിന്‌ അർഥമുണ്ടോ? നിർബന്ധമില്ല. ഒരുപക്ഷേ കൂടുതൽ പ്രധാനപ്പെട്ട മറ്റു കാര്യങ്ങളിലാവാം നിങ്ങൾക്കു താത്‌പര്യം. കൂടാതെ, മറ്റേയാൾക്ക്‌ ഇഷ്ടമാണെന്ന കാരണത്താൽ, നിങ്ങൾക്ക്‌ ആരോഗ്യാവഹമായ പ്രവർത്തനങ്ങളിൽ പങ്കുപറ്റി നിങ്ങളുടെ പ്രതിശ്രുത പങ്കാളിയെ സന്തോഷിപ്പിക്കാവുന്നതാണ്‌.—പ്രവൃത്തികൾ 20:35.

15 തീർച്ചയായും, താദാത്മ്യത്തെക്കാളുപരി, നിങ്ങൾ രണ്ടുകൂട്ടരും എത്രമാത്രം അനുരൂപപ്പെടുന്നവരാണ്‌ എന്നതിനെ ആശ്രയിച്ചാണ്‌ ഏറിയകൂറും പൊരുത്തം നിശ്ചയിക്കപ്പെടുന്നത്‌. “സകല സംഗതികളെക്കുറിച്ചും ഞങ്ങൾക്ക്‌ ഒരേ അഭിപ്രായമാണോ ഉള്ളത്‌?” എന്നു ചോദിക്കുന്നതിനെക്കാൾ ഭേദപ്പെട്ട ചോദ്യങ്ങൾ ഇവയായിരിക്കാം: “ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉടലെടുക്കുമ്പോൾ എന്തു സംഭവിക്കുന്നു? പരസ്‌പരം ആദരവും മാന്യതയും നൽകി, ശാന്തമായി സംഗതികൾ ചർച്ചചെയ്യാൻ ഞങ്ങൾക്കു കഴിയുമോ? അതോ ചർച്ചകൾ പലപ്പോഴും ചൂടുപിടിച്ച വാദഗതികളായി വഷളാവുകയാണോ?” (എഫെസ്യർ 4:29, 31) നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അഹങ്കാരിയും സ്വാഭിപ്രായശാഠ്യവുമുള്ള, ഒരിക്കലും വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാകാത്ത വ്യക്തിയുടെ, അഥവാ എന്നും തന്റേതായ വിധത്തിൽ കാര്യങ്ങൾ നടക്കണമെന്നു വാശിപിടിക്കുന്നവനും കാര്യാദികൾ ആസൂത്രണം ചെയ്യുന്നവനുമായ വ്യക്തിയുടെ കാര്യത്തിൽ ജാഗ്രതയുണ്ടായിരിക്കണം.

മുൻകൂട്ടി മനസ്സിലാക്കുക

16, 17. ഒരു പ്രതിശ്രുത ഇണയുടെ കാര്യം പരിചിന്തിക്കുമ്പോൾ പുരുഷനോ സ്‌ത്രീയോ എന്തെല്ലാം സംഗതികൾ ശ്രദ്ധിക്കണം?

16 ക്രിസ്‌തീയ സഭയിൽ, ഉത്തരവാദിത്വം ഭരമേൽപ്പിക്കപ്പെടുന്നവർ “ആദ്യം പരീക്ഷി”ക്കപ്പെടേണ്ടതാകുന്നു. (1 തിമൊഥെയൊസ്‌ 3:10) ഈ തത്ത്വം നിങ്ങൾക്കും ഉപയോഗപ്പെടുത്താം. ഉദാഹരണത്തിന്‌, ഒരു സ്‌ത്രീക്ക്‌ ഇങ്ങനെ ചോദിക്കാം, “ഈ മനുഷ്യന്‌ എന്തു ഖ്യാതിയാണുള്ളത്‌? അയാളുടെ സുഹൃത്തുക്കൾ ആരെല്ലാമാണ്‌? അയാൾ ആത്മനിയന്ത്രണം പ്രകടിപ്പിക്കുന്നുണ്ടോ? പ്രായമേറിയ വ്യക്തികളോട്‌ അയാളുടെ ഇടപെടൽ എങ്ങനെ? അയാളുടെ കുടുംബപശ്ചാത്തലം എന്ത്‌? കുടുംബാംഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടൽ എങ്ങനെ? പണത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവമെങ്ങനെ? അയാൾ ലഹരിപാനീയങ്ങൾ ദുരുപയോഗിക്കുന്നുണ്ടോ? അയാൾ ലോലമാനസനും അക്രമാസക്തനുംപോലുമാണോ? അയാൾക്കുള്ള സഭാ ഉത്തരവാദിത്വങ്ങൾ എന്തെല്ലാം, അതെല്ലാം അയാൾ കൈകാര്യം ചെയ്യുന്നതെങ്ങനെ? എനിക്ക്‌ അയാളെ ആഴമായി ആദരിക്കാൻ സാധിക്കുമോ?”—ലേവ്യപുസ്‌തകം 19:32; സദൃശവാക്യങ്ങൾ 22:29; 31:23; എഫെസ്യർ 5:3-5, 33; 1 തിമൊഥെയൊസ്‌ 5:8; 6:10; തീത്തൊസ്‌ 2:6, 7.

17 ഒരു പുരുഷന്‌ ഇങ്ങനെ ചോദിക്കാം, “ദൈവത്തോടു സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നവളാണോ ഈ സ്‌ത്രീ? ഒരു ഭവനം നോക്കിനടത്താനുള്ള പ്രാപ്‌തിയുണ്ടോ അവൾക്ക്‌? ഞങ്ങളിൽനിന്ന്‌ അവളുടെ കുടുംബം പ്രതീക്ഷിക്കുന്നത്‌ എന്തായിരിക്കും? അവൾ ജ്ഞാനമുള്ളവളും പരിശ്രമശാലിയും മിതവ്യയശീലമുള്ളവളുമാണോ? എന്തിനെക്കുറിച്ചാണ്‌ അവളുടെ സംസാരം? മറ്റുള്ളവരുടെ ക്ഷേമത്തിൽ അവൾക്കു യഥാർഥ താത്‌പര്യമുണ്ടോ, അതോ അവൾ തൻകാര്യതത്‌പരയും മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുന്നവളുമാണോ? അവൾ ആശ്രയയോഗ്യയാണോ? ശിരഃസ്ഥാനത്തിനു കീഴ്‌പെടാൻ അവൾക്കു മനസ്സൊരുക്കമുണ്ടോ, അതോ പിടിവാശിക്കാരിയും ഒരുപക്ഷേ മത്സരിയുംപോലുമാണോ?”—സദൃശവാക്യങ്ങൾ 31:10-31; ലൂക്കൊസ്‌ 6:45; എഫെസ്യർ 5:22, 23; 1 തിമൊഥെയൊസ്‌ 5:13; 1 പത്രൊസ്‌ 4:15.

18. കോർട്ടിങ്ങിനിടയിൽ നിസ്സാര ബലഹീനതകളെക്കുറിച്ചു മനസ്സിലാക്കുന്നെങ്കിൽ എന്തു പരിഗണിക്കണം?

18 ഒരു പ്രേമനോവലിലെ ആദർശവൽക്കരിക്കപ്പെട്ട നായകനോ നായികയോ ആയിട്ടല്ല, ആദാമിന്റെ ഒരു അപൂർണ പിൻഗാമിയുമായിട്ടാണു നിങ്ങൾ ഇടപെടുന്നതെന്ന കാര്യം മറക്കരുത്‌. സകലർക്കും കുറവുകളുണ്ട്‌; അവയിൽ ചിലത്‌—നിങ്ങളുടേതും നിങ്ങളുടെ ഭാവി പങ്കാളിയുടേതും—കണ്ടില്ലെന്നുവെക്കേണ്ടിവരും. (റോമർ 3:23; യാക്കോബ്‌ 3:2) കൂടാതെ, ഒരു ബലഹീനത സംബന്ധിച്ചുള്ള ബോധം പുരോഗമിക്കുന്നതിനുള്ള അവസരം പ്രദാനം ചെയ്‌തേക്കാം. ഉദാഹരണത്തിന്‌, നിങ്ങളുടെ കോർട്ടിങ്ങിനിടയിൽ ഒരു തർക്കമുണ്ടായെന്നിരിക്കട്ടെ. ഇതു പരിചിന്തിക്കുക: പരസ്‌പരം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആളുകൾപോലും ചിലപ്പോഴൊക്കെ വിയോജിക്കാറുണ്ട്‌. (ഉല്‌പത്തി 30:2; പ്രവൃത്തികൾ 15:38 താരതമ്യം ചെയ്യുക.) ഒരുപക്ഷേ നിങ്ങൾ ചെയ്യേണ്ടതു കുറച്ചുകൂടെ ‘ആത്മസംയമനം’ കാട്ടി കൂടുതൽ സമാധാനപരമായി സംഗതികൾ പരിഹരിക്കേണ്ടത്‌ എങ്ങനെയെന്നു പഠിക്കുകയായിരിക്കുമോ? (സദൃശവാക്യങ്ങൾ 25:28) നിങ്ങളുടെ പ്രതിശ്രുത ഇണ പുരോഗതി വരുത്താനുള്ള ഒരാഗ്രഹം പ്രകടമാക്കുന്നുണ്ടോ? നിങ്ങളോ? പെട്ടെന്നു വികാരതരളിതനും തൊട്ടാവാടിയുമാകാതിരിക്കാൻ നിങ്ങൾക്കു പഠിക്കാമോ? (സഭാപ്രസംഗി 7:9) പ്രശ്‌നങ്ങൾ പരിഹരിക്കാൻ പഠിക്കുന്നതു സത്യസന്ധമായ ആശയവിനിമയത്തിന്റെ ഒരു മാതൃക സ്ഥാപിച്ചെടുക്കുന്നതിനു സഹായകമാകും. നിങ്ങൾ രണ്ടുപേരും വിവാഹിതരാകുന്നപക്ഷം അത്തരം ആശയവിനിയമം അത്യന്താപേക്ഷിതമാണുതാനും.—കൊലൊസ്സ്യർ 3:13.

19. കോർട്ടിങ്ങിനിടയിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നെങ്കിൽ, ഏതു പ്രവർത്തനഗതി പിന്തുടരുന്നതു ബുദ്ധിപൂർവകമായിരിക്കും?

19 എന്നാൽ, നിങ്ങളെ കാര്യമായി വിഷമിപ്പിക്കുന്ന സംഗതികൾ നിങ്ങൾ ശ്രദ്ധിക്കാനിടവരുന്നെങ്കിലോ? അത്തരം സംശയങ്ങൾ ശ്രദ്ധാപൂർവം പരിചിന്തിക്കണം. നിങ്ങൾക്ക്‌ എത്രതന്നെ അനുരാഗം തോന്നിയാലും, വിവാഹം കഴിക്കാൻ എത്രതന്നെ തത്‌പരരായിരുന്നാലും, ഗുരുതരമായ പിഴവുകളുടെനേർക്കു കണ്ണടയ്‌ക്കരുത്‌. (സദൃശവാക്യങ്ങൾ 22:3; സഭാപ്രസംഗി 2:14) തീരെ യോജിക്കാനാവാത്ത ഒരാളുമായി നിങ്ങൾക്കു ബന്ധമുണ്ടെങ്കിൽ, ഗൗരവമായ പ്രതിബദ്ധതയിൽ ഏർപ്പെടാതെ ആ ബന്ധം നിറുത്തുന്നതാണു ബുദ്ധി.

നിങ്ങളുടെ കോർട്ടിങ്ങിനെ മാന്യമായി സൂക്ഷിക്കുക

20. കോർട്ടിങ്ങിലേർപ്പെടുന്ന ദമ്പതികൾക്കു തങ്ങളുടെ ധാർമിക നടത്ത അപവാദത്തിന്‌ അതീതമായി സൂക്ഷിക്കാവുന്നതെങ്ങനെ?

20 നിങ്ങളുടെ കോർട്ടിങ്ങിനെ നിങ്ങൾക്കെങ്ങനെ മാന്യമായി സൂക്ഷിക്കാം? ആദ്യംതന്നെ, നിങ്ങളുടെ ധാർമിക നടത്ത അപവാദത്തിന്‌ അതീതമാണെന്ന്‌ ഉറപ്പുവരുത്തുക. നിങ്ങൾ പാർക്കുന്നിടത്ത്‌, വിവാഹിതരല്ലാത്ത ദമ്പതികൾ കൈകോർക്കുന്നതും ചുംബിക്കുന്നതും, അല്ലെങ്കിൽ ആലിംഗനം ചെയ്യുന്നതും ഉചിതമായ പെരുമാറ്റമായി കരുതപ്പെടുന്നുണ്ടോ? അത്തരം സ്‌നേഹപ്രകടനങ്ങൾ മറ്റുള്ളവർ പ്രശ്‌നമാക്കുന്നില്ലെങ്കിൽപ്പോലും, വിവാഹം ഉറപ്പായും നിശ്ചയിച്ചിരിക്കുന്ന ഘട്ടത്തോളം ബന്ധം വളർന്നതിനുശേഷമേ അവ ആകാവൂ. സ്‌നേഹപ്രകടനങ്ങൾ ദുർന്നടത്തയിലേക്കോ പരസംഗത്തിലേക്കുപോലുമോ എത്തിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. (എഫെസ്യർ 4:18, 19; ഉത്തമഗീതം 1:2-ഉം 2:6-ഉം 8:5, 9, 10-ഉം താരതമ്യം ചെയ്യുക.) ഹൃദയം വഞ്ചനാത്മകമായതിനാൽ, നിങ്ങൾ രണ്ടുപേരും ഒരു വീട്ടിലോ, അപ്പാർട്ടുമെൻറിലോ പാർക്കുചെയ്‌തിരിക്കുന്ന വാഹനത്തിലോ, അല്ലെങ്കിൽ തെറ്റായ പ്രവൃത്തിക്ക്‌ അവസരമൊരുക്കുന്ന വേറെ എവിടെയെങ്കിലുമോ തനിച്ചായിരിക്കുന്നത്‌ ഒഴിവാക്കുന്നതു ജ്ഞാനപൂർവമായിരിക്കും. (യിരെമ്യാവു 17:9) കോർട്ടിങ്ങിനെ ധാർമികശുദ്ധിയുള്ളതായി സൂക്ഷിക്കുന്നതു നിങ്ങൾക്ക്‌ ആത്മനിയന്ത്രണം ഉണ്ടെന്നതിനും നിങ്ങളുടെ ആഗ്രഹങ്ങളെക്കാളുപരി മറ്റേ വ്യക്തിയുടെ ക്ഷേമത്തെക്കുറിച്ചു നിങ്ങൾക്കു നിസ്വാർഥമായ താത്‌പര്യം ഉണ്ടെന്നതിനുമുള്ള വ്യക്തമായ തെളിവാണ്‌. ഏറ്റവും പ്രധാനമായി, ശുദ്ധിയുള്ള ഒരു കോർട്ടിങ്‌ അശുദ്ധിയിൽനിന്നും പരസംഗത്തിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ തന്റെ ദാസരോടു കൽപ്പിക്കുന്ന യഹോവയാം ദൈവത്തെ പ്രീതിപ്പെടുത്തുകയും ചെയ്യും.—ഗലാത്യർ 5:19-21.

21. കോർട്ടിങ്ങിനെ മാന്യമായി സൂക്ഷിക്കാൻ സത്യസന്ധമായ ഏത്‌ ആശയവിനിയമം ആവശ്യമായേക്കാം?

21 രണ്ടാമതായി, സത്യസന്ധമായ ആശയവിനിമയവും മാന്യമായ ഒരു കോർട്ടിങ്ങിൽ ഉൾപ്പെടുന്നുണ്ട്‌. നിങ്ങളുടെ കോർട്ടിങ്‌ വിവാഹത്തോട്‌ അടുക്കുന്നതോടെ, തുറന്നു ചർച്ചചെയ്യേണ്ടതായ ചില സംഗതികൾ ഉണ്ടായിരിക്കും. നിങ്ങൾ എവിടെ പാർക്കും? രണ്ടുകൂട്ടരും ലൗകിക ജോലി ചെയ്യുമോ? കുട്ടികൾ വേണമെന്നുണ്ടോ? ഒരുപക്ഷേ കഴിഞ്ഞകാലത്തു സംഭവിച്ച, വിവാഹത്തെ ബാധിക്കുന്ന സംഗതികളുണ്ടെങ്കിൽ, അവ തുറന്നുപറയുന്നതു നന്നായിരിക്കും. ഇവയിൽ വൻകടങ്ങളോ ബാധ്യതകളോ, നിങ്ങൾക്കുണ്ടായിരിക്കാവുന്ന ഗുരുതരമായ ഏതെങ്കിലും അസുഖമോ അവസ്ഥയോ പോലുള്ള ആരോഗ്യസംഗതികളോ ഉൾപ്പെട്ടേക്കാം. എച്ച്‌ഐവി (എയ്‌ഡ്‌സിനു കാരണമായ വൈറസ്‌) വാഹകരായ അനേകരിലും ഉടനടി യാതൊരു ലക്ഷണവും കാണാത്തതുകൊണ്ട്‌, മുമ്പു കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിച്ചിരുന്ന, അല്ലെങ്കിൽ ഞരമ്പിലൂടെ മയക്കുമരുന്ന്‌ ഉപയോഗിച്ചിരുന്ന ഒരാളോട്‌ എയ്‌ഡ്‌സ്‌ രക്തപരിശോധന നടത്താൻ ഒരു വ്യക്തിയോ പരിപാലനമേകുന്ന മാതാപിതാക്കളോ അഭ്യർഥിക്കുന്നതിൽ തെറ്റൊന്നുമില്ല. പരിശോധനാഫലം പ്രതികൂലമാണെങ്കിൽ, എച്ച്‌ഐവി വാഹകൻ, താൻ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന വ്യക്തിയുടെ ആഗ്രഹം ഇപ്പോൾ ബന്ധം അവസാനിപ്പിക്കാനാണെങ്കിൽ, ബന്ധം തുടരുന്നതിനു നിർബന്ധിക്കരുത്‌. വാസ്‌തവത്തിൽ, ഉയർന്ന അപകടസാധ്യതയുള്ള ജീവിതശൈലിയിലേർപ്പെട്ടിരുന്ന ഏതൊരാളും കോർട്ടിങ്ങിലേർപ്പെടുന്നതിനുമുമ്പ്‌ സ്വമനസ്സാലെ എയ്‌ഡ്‌സ്‌ രക്തപരിശോധനയ്‌ക്കു വിധേയരാകുന്നതു നല്ലതായിരിക്കും.

വിവാഹത്തിനപ്പുറത്തേക്കു നോക്കൽ

22, 23. (എ) വിവാഹ ഒരുക്കത്തിൽ, സമനില നഷ്ടപ്പെടാവുന്നതെങ്ങനെ? (ബി) വിവാഹ ചടങ്ങും വിവാഹവും കണക്കിലെടുക്കുമ്പോൾ സമനിലയുള്ള ഏതു കാഴ്‌ചപ്പാടു നിലനിർത്തണം?

22 വിവാഹത്തിനുമുമ്പുള്ള അവസാന മാസങ്ങളിൽ, വിവാഹത്തോടു ബന്ധപ്പെട്ടു നിങ്ങൾ രണ്ടുപേരും നല്ല തിരക്കിലായിരിക്കാൻ സാധ്യതയുണ്ട്‌. മിതമായ രീതിയിൽ നടത്താൻ പരിപാടിയിട്ടുകൊണ്ട്‌ പിരിമുറുക്കം ഏറിയകൂറും ലഘൂകരിക്കാനാവും. വിപുലമായ വിധത്തിലുള്ള ഒരു വിവാഹം നിങ്ങളുടെ ബന്ധുക്കളെയും സമുദായത്തെയും പ്രീണിപ്പിച്ചേക്കാം. എന്നാൽ അതു നവദമ്പതികൾക്കും അവരുടെ കുടുംബങ്ങൾക്കും ശാരീരിക ക്ഷീണവും സാമ്പത്തിക ഞെരുക്കവും വരുത്തിവെച്ചേക്കാം. ചില സംഗതികളിൽ പ്രാദേശിക ആചാരങ്ങൾക്കൊത്തു നീങ്ങുന്നതു ന്യായയുക്തമായിരിക്കാം. എന്നാൽ മറ്റുള്ളവരുമായി അന്ധമായി, ഒരുപക്ഷേ മത്സരാത്മകചിന്തയോടെ അനുരൂപപ്പെടുന്നതു പ്രസ്‌തുത സന്ദർഭത്തിന്റെ ഉദ്ദേശ്യത്തിനുമേൽ നിഴൽപരത്താനും നിങ്ങൾക്കുണ്ടായിരിക്കേണ്ട സന്തോഷത്തെ നിങ്ങളിൽനിന്നു കവർന്നെടുക്കാനും ഇടയാക്കാം. മറ്റുള്ളവരുടെ വികാരങ്ങളെ കണക്കിലെടുക്കേണ്ടതുണ്ടെങ്കിലും, വിവാഹാഘോഷത്തിൽ എന്തെല്ലാം നടക്കണം എന്നു തീരുമാനിക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം വരന്റേതാണ്‌.—യോഹന്നാൻ 2:9.

23 വിവാഹ ചടങ്ങ്‌ കേവലം ഒരു ദിവസം നിലനിൽക്കുന്ന കാര്യമാണെന്ന്‌ ഓർക്കുക. എന്നാൽ വിവാഹമാകട്ടെ, ആയുഷ്‌കാലം നിലനിൽക്കുന്ന സംഗതിയും. വിവാഹത്തിലേക്കു പ്രവേശിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക്‌ അങ്ങേയറ്റം ശ്രദ്ധകൊടുക്കുന്നത്‌ ഒഴിവാക്കുക. പകരം, മാർഗനിർദേശത്തിനായി യഹോവയാം ദൈവത്തിലേക്കു നോക്കുക. വിവാഹിത ജീവിതത്തിനായി കാലേക്കൂട്ടി ആസൂത്രണം ചെയ്യുക. അതോടെ വിജയപ്രദമായ ഒരു വിവാഹത്തിനുവേണ്ടി നിങ്ങൾ ഒരുങ്ങിയിട്ടുണ്ടായിരിക്കും.

a ക്രിസ്‌ത്യാനികൾക്കു ഡേറ്റിങ്‌ ഉചിതമാണെന്നു കരുതപ്പെടുന്ന രാജ്യങ്ങളിലാണ്‌ ഇതു ബാധകമായിരിക്കുന്നത്‌.

b ക്രിസ്‌തീയ സഭയിൽപ്പോലും, ഒരുതരം തണുപ്പൻമട്ടിലുള്ളവർ ഉണ്ടായിരുന്നേക്കാം. മുഴു ഹൃദയത്തോടെ പ്രവർത്തിക്കുന്ന ദൈവദാസർ ആയിരിക്കുന്നതിനുപകരം, അവർ ലോകത്തിന്റെ മനോഭാവം, നടത്ത എന്നിവയാൽ സ്വാധീനിക്കപ്പെടുന്നുവെന്നുവരാം.—യോഹന്നാൻ 17:16; യാക്കോബ്‌ 4:4.

ഈ ബൈബിൾ തത്ത്വങ്ങൾക്ക്‌ . . . വിജയപ്രദമായ ഒരു വിവാഹജീവിതത്തിനായി ഒരുങ്ങാൻ ഒരു വ്യക്തിയെ എങ്ങനെ സഹായിക്കാനാവും?

ഭാര്യയും ഭർത്താവും പരസ്‌പരം കടപ്പാടിൻ കീഴിലായിരിക്കണം.—ഉല്‌പത്തി 2:24.

ബാഹ്യാകാരത്തെക്കാൾ പ്രാധാന്യം ആന്തരിക വ്യക്തിക്കാണ്‌.—1 പത്രൊസ്‌ 3:3, 4.

“അസമമായി കൂട്ടിയോജിപ്പിക്കപ്പെടരുത്‌.”—2 കൊരിന്ത്യർ 6:14, NW.

ധാർമിക ശുദ്ധിയില്ലാത്തവർ ദൈവത്തിൽനിന്ന്‌ അന്യപ്പെട്ടവരാണ്‌.—എഫെസ്യർ 4:18, 19.

ആചാരങ്ങളും ബൈബിളും

വധുവിലയും സ്‌ത്രീധനവും: ചില രാജ്യങ്ങളിൽ വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിനു പണം നൽകാൻ പ്രതീക്ഷിക്കപ്പെടുന്നു (വധുവില). മറ്റുള്ളവരുടെ കാര്യത്തിൽ, വധുവിന്റെ കുടുംബം വരനു പണം കൊടുക്കുന്നു (സ്‌ത്രീധനം). അവ നിയമപരമായിരിക്കുന്നിടത്തോളംകാലം ഈ ആചാരം തെറ്റല്ലായിരിക്കാം. (റോമർ 13:1) എന്നിരുന്നാലും, രണ്ടു സമ്പ്രദായത്തിലും, പണം ലഭിക്കുന്ന കുടുംബം ന്യായമായിരിക്കുന്നതിനെക്കാൾ കൂടുതൽ പണമോ സാധനങ്ങളോ അത്യാർത്തിയോടെ ആവശ്യപ്പെടുന്നത്‌ ഒഴിവാക്കണം. (സദൃശവാക്യങ്ങൾ 20:21; 1 കൊരിന്ത്യർ 6:10) കേവലം വിലകൊടുത്തു വാങ്ങിയ സ്വത്താണു ഭാര്യയെന്നു ധ്വനിക്കത്തക്കവണ്ണം വധുവില നൽകലിനെ ഒരിക്കലും വ്യാഖ്യാനിക്കരുത്‌. കൂടാതെ തന്റെ ഭാര്യയോടും ഭാര്യാബന്ധുക്കളോടുമുള്ള ഏക ഉത്തരവാദിത്വം സാമ്പത്തികമായ ഒന്നാണെന്നും ഭർത്താവിനു തോന്നരുത്‌.

ബഹുഭാര്യത്വം: ചില സംസ്‌കാരങ്ങളിൽ പുരുഷന്മാർ ഒന്നിൽക്കൂടുതൽ ഭാര്യമാരെ എടുക്കുന്നത്‌ അനുവദനീയമാണ്‌. അത്തരം സാഹചര്യങ്ങളിൽ, ഭർത്താവോ പിതാവോ ആയിരിക്കുന്നതിനുപകരം പുരുഷൻ ഒരു യജമാനൻ ആയിത്തീർന്നേക്കാം. മാത്രവുമല്ല, ബഹുഭാര്യത്വ വിവാഹം പലപ്പോഴും ഭാര്യമാർക്കിടയിൽ മത്സരം ഊട്ടിവളർത്തുന്നു. ക്രിസ്‌ത്യാനികൾക്ക്‌, ബൈബിൾ അനുവദിക്കുന്നത്‌ ഏകാകിത്വം അല്ലെങ്കിൽ ഏകഭാര്യത്വം മാത്രമാണ്‌.—1 കൊരിന്ത്യർ 7:2.

പരീക്ഷണാർഥ വിവാഹം: വിവാഹത്തിനുമുമ്പ്‌ ഒന്നിച്ചുപാർക്കുന്നതു പൊരുത്തം പരിശോധിച്ചറിയാൻ തങ്ങളെ സഹായിക്കുമെന്ന്‌ അനേകം ദമ്പതികൾ അവകാശപ്പെടുന്നു. എന്നിരുന്നാലും, വിവാഹത്തിലെ ഏറ്റവും നിർണായക ഘടകങ്ങളിൽ ഒന്നായ പ്രതിബദ്ധതയെ പരീക്ഷണാർഥ വിവാഹം പരിശോധിച്ചുനോക്കുന്നില്ല. ഒരുമിച്ചതിന്റെ ഫലമായി ഉണ്ടായേക്കാവുന്ന കുട്ടികൾ ഉൾപ്പെടെ സകലർക്കും സംരക്ഷണവും സുരക്ഷിതത്വവും വിവാഹമല്ലാതെ മറ്റൊരു ക്രമീകരണവും തരുന്നില്ല. വിവാഹം കഴിക്കാതെ പരസ്‌പര സമ്മതത്തോടെ ഒരുമിച്ചുപാർക്കുന്നതു യഹോവയാം ദൈവത്തിന്റെ ദൃഷ്ടിയിൽ പരസംഗമാണ്‌.—1 കൊരിന്ത്യർ 6:18; എബ്രായർ 13:4.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക