ലോകത്തെ വീക്ഷിക്കൽ
കുട്ടികളെ ദ്രോഹിക്കൽ സർവസാധാരണം
“കൗമാരപ്രായക്കാരായ ആൺകുട്ടികളെ കുറിച്ച് അടുത്തയിടെ നടത്തിയ ഒരു [യു.എസ്.] പഠനം, ഹൈസ്കൂൾ പ്രായത്തിലുള്ള 8 കുട്ടികളിൽ ഒരാൾ വീതം തങ്ങൾ ശാരീരികമായോ ലൈംഗികമായോ ദ്രോഹിക്കപ്പെടുന്നുണ്ട് എന്നു പറഞ്ഞതായി കണ്ടെത്തി,” ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “ലൈംഗിക ദ്രോഹത്തെ അപേക്ഷിച്ച് ശാരീരിക ദ്രോഹം സർവസാധാരണം ആണെന്നും ശാരീരിക ദ്രോഹത്തിന്റെ മൂന്നിൽ രണ്ടു ഭാഗത്തിന്റെയും കാരണക്കാർ കുടുംബാംഗങ്ങളാണെന്നും അതു നടക്കുന്നതു വീട്ടിൽ വെച്ചാണെന്നും” പഠനം കണ്ടെത്തി. ഏഷ്യയിലെയും അമേരിക്കയിലെയും ആൺകുട്ടികളാണ് ഏറ്റവുമധികം ലൈംഗിക ദ്രോഹത്തിനു വിധേയരായത്. അവിടെയുള്ള കുട്ടികളിൽ 9 ശതമാനം തങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടതായി പറഞ്ഞു. സ്പെയിൻകാരും പോട്ടുഗീസുകാരും ലാറ്റിൻ അമേരിക്കക്കാരുമായ കുട്ടികളിൽ 7 ശതമാനം തങ്ങൾ ലൈംഗിക ദ്രോഹത്തിനു വിധേയരായതായി പറഞ്ഞപ്പോൾ കറുത്തവർഗക്കാരും വെള്ളക്കാരുമായ 3 ശതമാനം തങ്ങൾ ദ്രോഹിക്കപ്പെട്ടതായി റിപ്പോർട്ടു ചെയ്തു. ചോദ്യാവലി, ദ്രോഹം എന്നതിനാൽ എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കിയിരുന്നില്ല. പകരം, പങ്കെടുത്തവർ ശാരീരികമായോ ലൈംഗികമായോ ഏതെങ്കിലും വിധത്തിലുള്ള ദ്രോഹത്തിനു വിധേയരായിട്ടുണ്ടോ എന്നു ചോദിക്കുക മാത്രമേ ചെയ്തുള്ളൂ.
‘പൂർവികരിൽ പൂർവികനോ?’
ഏഷ്യൻ രാജ്യങ്ങളിൽ കത്തോലിക്കാ മതം പ്രചരിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനായി അടുത്തയിടെ ഏഷ്യയിലെങ്ങുമുള്ള ബിഷപ്പുമാർ വത്തിക്കാൻ സിറ്റിയിൽ കൂടിവന്നു. “മിക്ക ഏഷ്യൻ രാജ്യങ്ങളിലും, കോളനി ശക്തികൾ കൊണ്ടുവന്ന ഒരു പാശ്ചാത്യ മതമാണു ക്രിസ്ത്യാനിത്വം എന്ന വീക്ഷണമാണ് ഉള്ളത്,” ശ്രീലങ്കയിൽ നിന്നുള്ള മോൺസിഞ്ഞോർ ഓസ്വാൾഡ് ഗോമിസ് പറയുന്നു. അതുകൊണ്ട്, വെല്ലുവിളിപരമായ സംഗതി “ഏഷ്യൻ ശൈലിയിൽ യേശുവിനെ അവതരിപ്പിക്കുക” എന്നതാണ് എന്ന് അസ്സോസിയേറ്റഡ് പ്രസ് റിപ്പോർട്ടു ചെയ്തു. “പ്രാദേശിക ആചാരങ്ങളോടും ഭാഷകളോടും റോമൻ സഭയെ അനുരൂപപ്പെടുത്തുന്നതിനെ സംബന്ധിച്ചും—മറിച്ചും—ബിഷപ്പുമാർ ചർച്ച ചെയ്തു.” നൽകപ്പെട്ട ഒരു ഉദാഹരണം പൂർവിക ആരാധനയായിരുന്നു. ഈ പഴയ ആചാരം പിന്തുടരുന്നവരെ ആകർഷിക്കുന്നതിന്, “ക്രിസ്തീയ” ദൈവം “പൂർവികരിൽ പൂർവികൻ” ആണ് എന്ന ആശയം ക്രമേണ അവതരിപ്പിക്കാൻ ഹോങ്കോംഗിൽ നിന്നുള്ള മോൺസിഞ്ഞോർ ജോൺ ടോങ് ഹോൺ നിർദേശിച്ചു.
യന്ത്ര ശസ്ത്രക്രിയാ വിദഗ്ധൻ
പാരീസ് ഹോസ്പിറ്റലിലെ രണ്ടു ശസ്ത്രക്രിയാ വിദഗ്ധർ ഒരു കമ്പ്യൂട്ടർ നിയന്ത്രിത യന്ത്രമനുഷ്യനെ ഉപയോഗിച്ച് ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഫ്രഞ്ച് പത്രമായ ല ഫിഗാറോ റിപ്പോർട്ടു ചെയ്തു. ഒരു കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ ഉൾപ്പെടെ ആറു ശസ്ത്രക്രിയകളാണു നടത്തിയത്. 4 സെന്റിമീറ്റർ വലിപ്പമുള്ള ഒരു കീറൽ വഴിയാണു ശസ്ത്രക്രിയ നടത്തുന്നത്. രോഗി കിടക്കുന്നതിന് ഏതാനും മീറ്റർ അകലെ സ്ഥാപിച്ച എല്ലാവിധ യന്ത്രസജ്ജീകരണങ്ങളോടും കൂടിയ ഒരു കാബിനിൽ ഇരുന്നുകൊണ്ട് ഒരു ക്യാമറയുടെ സഹായത്താൽ ശസ്ത്രക്രിയാ വിദഗ്ധർ രോഗിയെ നിരീക്ഷിക്കുന്നു. യന്ത്രമനുഷ്യന്റെ കൈകളെ നിയന്ത്രിക്കുന്നത് രണ്ടു ലിവർ ഉപയോഗിച്ചാണ്. കമ്പ്യൂട്ടർ, ശസ്ത്രക്രിയാ വിദഗ്ധന്റെ ചലനങ്ങളെ 33 മുതൽ 20 വരെ ശതമാനമായി കുറയ്ക്കുന്നതിനാൽ ശസ്ത്രക്രിയ കൂടുതൽ സൂക്ഷ്മതയുള്ളതാണെന്നു മാത്രമല്ല, രോഗി പരിമിതമായ കീറിമുറിക്കലുകൾക്കേ വിധേയനാകേണ്ടിയും വരുന്നുള്ളൂ. സുഖം പ്രാപിക്കവേ രോഗിക്ക് ഏറെ വേദന തിന്നേണ്ടി വരുന്നില്ല എന്നതും മറ്റൊരു നല്ല വശമാണ്.
റോഡ് അപകടങ്ങൾ വർധിക്കുന്നു
ലോകത്തെമ്പാടുമായി ഹൈവേകളിൽ വർഷംതോറും 5,00,000 പേർ കൊല്ലപ്പെടുന്നുണ്ടെന്നും എല്ലായിടത്തും റോഡ് അപകടങ്ങൾ വർധിച്ചുവരുകയാണെന്നും ഫ്ളീറ്റ് മെയ്ന്റനൻസ് & സേഫ്റ്റി റിപ്പോർട്ട് പ്രസ്താവിച്ചു. നിങ്ങൾ ഗുരുതരമായ ഒരു റോഡ് അപകടത്തിൽ ഉൾപ്പെടാനുള്ള സാധ്യത എത്രത്തോളമാണ്? റിപ്പോർട്ടു പറയുന്നത് അനുസരിച്ച് “‘യന്ത്രവത്കൃത രാജ്യങ്ങളിൽ’ പ്രതിവർഷം 20 പേരിൽ ഒരാൾക്കു വീതം ഹൈവേ അപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്യുന്നു. രണ്ടു പേരിൽ ഒരാൾ വീതം ജീവിതത്തിൽ ഒരിക്കലെങ്കിലും റോഡപകടത്തിൽ പെട്ട് ആശുപത്രിയിലും ആകുന്നുണ്ട്.”
ശുചിത്വമില്ലാത്ത കട്ടിങ് ബോർഡുകൾ
നിങ്ങളുടെ വീട്ടിലെ ടോയ്ലറ്റ് സീറ്റ് അടുക്കളയിലെ കട്ടിങ് ബോർഡിനെക്കാൾ ശുചിത്വമുള്ളത് ആയിരുന്നേക്കാം എന്ന വസ്തുത നിങ്ങളെ അതിശയിപ്പിച്ചേക്കാം. അരിസോണാ സർവകലാശാലയിലെ ഗവേഷകർ 15 വീടുകളിൽ നടത്തിയ 30 വാരം നീണ്ടുനിന്ന ബാക്ടീരിയ നിരീക്ഷണ പരിപാടി അതാണു വെളിപ്പെടുത്തിയത്. ടാപ്പുകളുടെ പിടികൾ, സിങ്കുകൾ, കട്ടിങ് ബോർഡുകൾ, പാത്രം തുടയ്ക്കുന്ന തുണികൾ, ടോയ്ലറ്റ് സീറ്റുകൾ എന്നിങ്ങനെ ഓരോ വീട്ടിലെയും 14 ഇടങ്ങളിൽ നിന്ന് സംഘം സാമ്പിളുകൾ ശേഖരിച്ചിരുന്നു. അവരുടെ കണ്ടെത്തലുകൾ? “പാത്രം തുടയ്ക്കുന്ന തുണി പിഴിഞ്ഞ വെള്ളത്തിൽ ടോയ്ലറ്റ് സീറ്റിൽ ഉള്ളതിനെ അപേക്ഷിച്ച് പത്തു ലക്ഷം മടങ്ങ് ബാക്ടീരിയ ഉള്ളതായി ഗവേഷകർ കണ്ടെത്തി” എന്ന് ന്യൂ സയന്റിസ്റ്റ് മാഗസിൻ പറയുന്നു. “കട്ടിങ് ബോർഡുകളിൽ പോലും താരതമ്യേന മൂന്നു മടങ്ങ് ബാക്ടീരിയ ഉണ്ടായിരുന്നത്രേ.” പ്രസ്തുത മാഗസിൻ റിപ്പോർട്ടു ചെയ്ത പ്രകാരം, പഠന സംഘത്തിന്റെ ഒരു പ്രതിനിധിയായ പാറ്റ് റസിൻ അതിനു നൽകിയ വിശദീകരണം, “ടോയ്ലറ്റ് സീറ്റുകൾ ഉണങ്ങിയത് ആയതുകൊണ്ട് ബാക്ടീരിയ പെരുകുന്നില്ല, പൊതുവേ നനവുള്ള ചുറ്റുപാടുകളിലാണ് അവ പെരുകുന്നത്” എന്നായിരുന്നു. ശുചിത്വം മെച്ചപ്പെടുത്തുന്നതിന് പാത്രം തുടയ്ക്കുന്ന തുണികൾ ആഴ്ചതോറും കഴുകാൻ റസിൻ ശുപാർശ ചെയ്യുന്നു. “സിങ്കിൽ വെള്ളം നിറച്ച് അതിൽ ഒരു കപ്പു ബ്ലീച്ചു ചേർക്കുക. എന്നിട്ട് 10 മിനിറ്റു നേരത്തേക്ക് തുണികൾ അതിൽ കുതിർത്തു വെക്കുക,” അവർ പറയുന്നു.
വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കൽ
ഐക്യനാടുകളിൽ നിന്നുള്ള 80,000-ത്തിൽ അധികം നേഴ്സുമാരുടെ ആഹാരക്രമത്തെ കുറിച്ച് 1986-നും 1994-നും മധ്യേ നടത്തിയ ഒരു പഠനത്തിൽനിന്ന്, ചില പാനീയങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയതായി ശാസ്ത്ര വാർത്ത (ഇംഗ്ലീഷ്) റിപ്പോർട്ടു ചെയ്യുന്നു. പഠന വിധേയമാക്കിയ 17 പാനീയങ്ങളിൽ ചായ, വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യതയെ 8 ശതമാനം കുറയ്ക്കുമ്പോൾ സാധാരണ കാപ്പി അല്ലെങ്കിൽ കഫീൻ നീക്കം ചെയ്ത കാപ്പി 9 ശതമാനം അപകട ഭീഷണി കുറയ്ക്കുന്നു. വീഞ്ഞിന്റെ മിതമായ ഉപയോഗം വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യതയെ 20-ഓ അതിലധികമോ ശതമാനം കുറയ്ക്കുന്നു. “അതിശയകരമെന്നു പറയട്ടെ, 8 ഔൺസ് മുന്തിരി ജ്യൂസ് ദിവസവും കുടിക്കുന്നത് വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത 44 ശതമാനം വർധിക്കാൻ ഇടയാക്കുന്നതായി” പഠനം കാണിച്ചു. “മറ്റൊരു പാനീയവും ഇത്രയധികം മോശമായ ഫലം ഉളവാക്കിയില്ല.” വൃക്കരോഗ ചികിത്സകനും സാംക്രമികരോഗ ശാസ്ത്രജ്ഞനുമായ ബോസ്റ്റൺകാരനായ ഡോ. ഗാരി കർഹൻ, വിവിധ വശങ്ങളുള്ള ചികിത്സാ പദ്ധതിയുടെ ഒരു ഭാഗം എന്നനിലയിൽ “ഉപയോഗിക്കുന്ന പാനീയങ്ങളിൽ അൽപ്പസ്വൽപ്പം മാറ്റങ്ങൾ വരുത്തുന്നതു വ്യത്യാസം ഉളവാക്കിയേക്കാം,” എന്നു പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു.
ഓസ്ട്രേലിയക്കാർക്ക് ഈസ്റ്റർ എന്നാൽ. . . .
ഓസ്ട്രേലിയയിലെ സൺ-ഹെറാൾഡ് പത്രം നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ, ഈസ്റ്റർ എന്നു കേൾക്കുമ്പോൾ തങ്ങളുടെ മനസ്സിലേക്കു വരുന്നത് എന്തെന്ന് ആളുകളോടു ചോദിച്ചു. പ്രസിദ്ധീകരിക്കപ്പെട്ട ഫലം പിൻവരുന്ന ക്രമത്തിൽ ആയിരുന്നു: ചോക്ലേറ്റ് ഈസ്റ്റർ മുട്ടകൾ (54 ശതമാനം), നീണ്ട വാരാന്ത അവധിദിനങ്ങൾ (39 ശതമാനം), റോയൽ ഈസ്റ്റർ പ്രദർശനം (21 ശതമാനം), ഒരു മത ആഘോഷം (20 ശതമാനം). യുണൈറ്റിങ് സഭയിലെ ഒരു ശുശ്രൂഷകനായ ഡേവിഡ് മിലികൻ, സിഡ്നിയിലെ ജനങ്ങൾ ഈസ്റ്ററിനെ മതവുമായി ബന്ധിപ്പിക്കാത്തതിൽ തനിക്ക് അത്ഭുതമില്ലെന്നു പറഞ്ഞു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “സഭകൾ മരിച്ചുകൊണ്ടിരിക്കുകയാണ് . . . എല്ലാ മുഖ്യധാരാ മതവിഭാഗങ്ങളിലെയും അംഗസംഖ്യ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു.” സിഡ്നിയിലെ റോമൻ കത്തോലിക്കാ ആർച്ചുബിഷപ്പ് ഇങ്ങനെ വിലപിച്ചു: “അനേകരെ സംബന്ധിച്ചിടത്തോളം ഈസ്റ്ററിനു മതപരമായി യാതൊരു പ്രാധാന്യവും ഇല്ല; മറ്റേതൊരു മതേതര ആഘോഷവും പോലെയാണ് അത് അവർക്ക്.”
അശ്ലീലവും സ്ത്രീകളും
“ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും മറ്റും ലഭിക്കുന്ന അതിരുകളില്ലാത്ത ലൈംഗികോത്തേജക വിവരങ്ങളിൽ സ്ത്രീകൾക്കുള്ള താത്പര്യം പുരുഷന്മാരുടേതിന് ഒപ്പത്തിനൊപ്പം ആയിക്കൊണ്ടിരിക്കുകയാണ്,” ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. സ്ത്രീകൾക്കു വേണ്ടിയുള്ള അത്തരം നിരവധി വെബ് സൈറ്റുകളിൽ “മിതമായിട്ടുള്ള അശ്ലീല ചിത്രങ്ങളും . . . ഷോപ്പിങ് സംവിധാനങ്ങളും” ഇടകലർത്തിയിരിക്കുന്നു. ഉഭയഭോഗ തത്പരരായ സ്ത്രീകൾക്കു വേണ്ടിയുള്ള ഒരു സൈറ്റിന്റെ രംഗപ്രവേശത്തിനു ശേഷം ടൈംസ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “മുഖ്യധാരാ വിവരവിനിമയ ലോകത്തിന്റെ നിഴലിൽ പ്രചരിക്കുന്ന മറയില്ലാത്ത ലൈംഗികോത്തേജക വിവരങ്ങളുടെ ആഴമേറിയ കിണറ്റിലെ വെറുമൊരു തുള്ളി മാത്രമാണ് ഈ സൈറ്റ്.”
“ഷോപ്പിങ് ആസക്തി
“ജർമനിയിൽ കൂടുതൽ കൂടുതൽ ആളുകൾ ഷോപ്പിങ് ആസക്തി നിമിത്തം ദുരിതം അനുഭവിക്കുന്നു,” ഗ്രാഫ്ഷാഫ്റ്റർ നാച്ച്റിച്ച്റ്റൺ പത്രം റിപ്പോർട്ടു ചെയ്യുന്നു. സാധനം വാങ്ങി പണം കൊടുത്തു കഴിഞ്ഞാൽ, പെട്ടെന്നുതന്നെ അപ്രത്യക്ഷമാകുന്ന ഒരു പ്രത്യേക സുഖാനുഭൂതി ഷോപ്പിങ് ആസക്തർക്ക് ഉണ്ടാകുന്നതായി ബിസിനസ് മനശ്ശാസ്ത്രജ്ഞനായ ആൽഫ്രേത് ഗേബേർത് പറയുന്നു. ഷോപ്പിങ് നിർത്തുമ്പോൾ അവർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ പോലും ഉണ്ടാകുന്നു എന്ന് അദ്ദേഹം പറഞ്ഞു. “വിറയലും വിയർക്കലും വയറുവേദനയും മറ്റും.” സാധാരണമായി, ഉയർന്ന വരുമാനവും സമൂഹത്തിൽ സ്ഥാനവും ഉള്ളവരാണ് പാവപ്പെട്ടവരെക്കാൾ കൂടുതൽ അപകടത്തിൽ. ‘ഏകാന്തത, ആത്മാഭിമാനക്കുറവ്, സമ്മർദം, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ’ എന്നിങ്ങനെ പല സംഗതികളായിരിക്കാം കാരണം എന്നു പറയപ്പെടുന്നു. ആസക്തി തരണം ചെയ്യുന്നതിന് ഏതെങ്കിലും ഹോബി നട്ടുവളർത്താൻ ഗേബേർത് ശുപാർശ ചെയ്യുന്നു. സാമൂഹിക ബന്ധങ്ങൾ പ്രത്യേകാൽ പ്രാധാന്യം അർഹിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “മറ്റുള്ളവരുടെ സഹായം ലഭിക്കാത്തപക്ഷം, കടക്കെണിയിൽ അകപ്പെടുമ്പോഴേ ഒരു വ്യക്തി തനിക്ക് ആസക്തിയുണ്ടെന്നു തിരിച്ചറിയൂ. അപ്പോഴേക്കും ബാങ്ക് നിക്ഷേപത്തിലെ അവസാനത്തെ ചില്ലിയും ഉപയോഗിച്ചു തീർന്നിരിക്കും,” അദ്ദേഹം പറയുന്നു.
കുട്ടികളുടെ മേൽ ചാരപ്രവർത്തനം
ജപ്പാനിൽ ചില മാതാപിതാക്കൾ സ്കൂളിലെ മുഷ്കരന്മാരായ കുട്ടികളിൽ നിന്നു തങ്ങളുടെ മക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി അവരെ നിരീക്ഷിക്കാൻ സ്വകാര്യ കുറ്റാന്വേഷകരെ വാടകയ്ക്കെടുക്കാൻ തുടങ്ങിയിരിക്കുന്നു. 6,000 വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സർവേ നടത്തിയ ഒസാക്കാ സിറ്റി സർവകലാശാലയിലെ ഒരു പ്രൊഫസർ ഇങ്ങനെ പ്രസ്താവിച്ചതായി ദ ഡെയ്ലി യോമിയൂരി റിപ്പോർട്ടു ചെയ്തു: “ഉപദ്രവത്തിനു വിധേയരാകുന്ന കുട്ടികൾ, തിരിച്ചു പോരാടാനോ ഉപദ്രവം നിർത്തിക്കാനോ കഴിയാത്തതിനു തങ്ങൾ കുടുംബാംഗങ്ങളുടെ ശകാരത്തിനു വിധേയരാകും എന്ന ഭയം നിമിത്തം പൊതുവേ വസ്തുതകൾ മറച്ചുവെക്കാൻ പ്രവണതയുള്ളവരാണ്.” മക്കൾക്ക് ഉപദ്രവം ഏൽക്കുന്നുണ്ടോ എന്നു ഭയപ്പെടുന്ന ചില മാതാപിതാക്കൾ സംസാരം പിടിച്ചെടുക്കാനുള്ള ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അവരുടെ മേൽ ഘടിപ്പിക്കുന്നു. മറ്റു ചിലർ, “ഉപദ്രവിക്കുന്നവർക്ക് എതിരെ തെളിവുകൾ ശേഖരിച്ചുകൊണ്ട് ഒരു നിശ്ചിത അകലത്തിൽ പിന്തുടരുന്നതിനും കുട്ടിയുടെ ജീവൻ അപകടത്തിൽ ആയേക്കാവുന്ന ഘട്ടങ്ങളിൽ ഒരു കാവൽ മാലാഖയെപ്പോലെ പെട്ടെന്നു കടന്നു ചെല്ലുന്നതിനും” സ്വകാര്യ കുറ്റാന്വേഷകരെ വാടകയ്ക്ക് എടുത്തിരിക്കുന്നു. എന്നാൽ കുട്ടികൾക്കുവേണ്ടി വാദിക്കുന്നവർ, “മുതിർന്ന വ്യക്തിയിൽ വിശ്വാസം അർപ്പിച്ച് കാര്യങ്ങൾ തുറന്നു പറയേണ്ട കുട്ടികളെ കൂടുതൽ അകറ്റിക്കളയുന്ന വളരെ മോശമായ ഒരു നടപടി എന്ന നിലയിൽ മാതാപിതാക്കളുടെ ഈ ചാരപ്രവർത്തനത്തെ എതിർക്കുന്നു” എന്നു പത്രം റിപ്പോർട്ടു ചെയ്തു. എങ്കിലും, ദുരിതം അനുഭവിക്കുന്ന തങ്ങളുടെ മക്കളെ, അവർ കാര്യങ്ങൾ തുറന്നു പറയാത്തിടത്തോളം കാലം സഹായിക്കാനുള്ള ഒരു മാർഗമാണ് ഇതെന്നു മാതാപിതാക്കൾ അവകാശപ്പെടുന്നു.