“ആകാശം എന്തായാലും തുറന്നുകിടക്കുകയാണല്ലോ”!
“പറക്കുക എന്നത് മനുഷ്യന്റെ എന്നത്തെയും ഒരു മോഹമായിരുന്നു,” വ്യോമഗതാഗതത്തിന്റെ പൂർവ ചരിത്രം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ ചരിത്രകാരനായ ബെർട്ടൊൾട്ട് ലൗഫർ പറയുകയുണ്ടായി. ഗ്രീക്കുകാരുടെയും ഈജിപ്തുകാരുടെയും അസീറിയക്കാരുടെയും പൗരസ്ത്യദേശക്കാരുടെയും ഐതിഹ്യരേഖകളിൽ രാജാക്കന്മാരും ദേവന്മാരും വീരപുരുഷന്മാരും പറക്കാൻ ശ്രമം നടത്തിയതായുള്ള നിരവധി കഥകൾ ഉണ്ട്. പക്ഷികളുടെ പറക്കലിനെ അനുകരിച്ച മനുഷ്യരെ കുറിച്ചുള്ളവയായിരുന്നു ഇവയിൽ മിക്കതും.
ഉദാഹരണത്തിന്, ബുദ്ധിമാനും ധീരനും ആയിരുന്ന ഷൂൺ ചക്രവർത്തിയെ കുറിച്ചുള്ള ഒരു കഥ ചൈനക്കാരുടെ ഇടയിലുണ്ട്. യേശുക്രിസ്തുവിന്റെ ജനനത്തിന് 2,000-ത്തിൽ അധികം വർഷം മുമ്പാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു കരുതപ്പെടുന്നു. കത്തുന്ന ഒരു പത്തായപ്പുരയ്ക്കു മുകളിൽ കുടുങ്ങിപ്പോയ അദ്ദേഹം തന്റെ ശരീരം തൂവലുകൾകൊണ്ടു പൊതിഞ്ഞ് പറന്നു രക്ഷപ്പെട്ടതായാണ് ഐതിഹ്യം. രണ്ടു വലിയ ഞാങ്ങണത്തൊപ്പികളുടെ സഹായത്തോടെ അദ്ദേഹം ഒരു ഗോപുരത്തിനു മുകളിൽനിന്നു താഴേക്കു സുരക്ഷിതമായി പറന്നിറങ്ങിയതായി മറ്റൊരു വിവരണം പറയുന്നു.
ഗ്രീക്കുകാരുടെ ഇടയിൽ 3,000 വർഷം പഴക്കമുള്ള ഒരു കഥയുണ്ട്. ഒരു വലിയ കലാകാരനും കണ്ടുപിടിത്തക്കാരനുമായിരുന്ന ഡെഡലുസിനെ കുറിച്ചുള്ളതാണ് അത്. അദ്ദേഹത്തെയും പുത്രനായ ഇകാരസിനെയും ക്രിറ്റ് എന്ന സ്ഥലത്തേക്കു പിടിച്ചുകൊണ്ടുപോയതായും അവിടെനിന്നു രക്ഷപ്പെടാൻ തൂവലുകളും പിരിച്ചരടും മെഴുകും ഉപയോഗിച്ച് അദ്ദേഹം തനിക്കും മകനും ചിറകുകൾ നിർമിച്ചതായും പറയപ്പെടുന്നു. “ആകാശം എന്തായാലും തുറന്നുകിടക്കുകയാണല്ലോ, നമുക്ക് അതിലേ പോകാം” എന്നു ഡെഡലുസ് പറഞ്ഞത്രേ. ആദ്യമൊക്കെ ചിറകുകൾ നന്നായി പ്രവർത്തിച്ചു. എന്നാൽ ആകാശത്തുകൂടെ പറക്കാനുള്ള കഴിവിൽ മതിമറന്ന് ഇകാരസ് കൂടുതൽ കൂടുതൽ പൊങ്ങിപ്പറന്നു. ഒടുവിൽ സൂര്യന്റെ ചൂടേറ്റ്, ചിറകുകൾ ഒട്ടിക്കാൻ ഉപയോഗിച്ചിരുന്ന മെഴുക് ഉരുകിപ്പോയി. അവൻ കടലിൽ വീണു മരിക്കുകയും ചെയ്തു.
പറക്കുക എന്നത് ഒരു യാഥാർഥ്യമാക്കി മാറ്റാൻ അതിയായി ആഗ്രഹിച്ച കണ്ടുപിടിത്തക്കാരുടെയും തത്ത്വചിന്തകരുടെയും ഭാവനകൾക്കു ചിറകു മുളയ്ക്കുന്നതിന് ഇത്തരം കഥകൾ ഇടയാക്കി. പൊ.യു. മൂന്നാം നൂറ്റാണ്ടിൽ ചൈനക്കാർ പട്ടങ്ങൾ ഉണ്ടാക്കുകയും അവ ഉപയോഗിച്ചു പരീക്ഷണങ്ങൾ നടത്തിനോക്കുകയും ചെയ്തിരുന്നു. പറക്കൽ പരീക്ഷണങ്ങൾ യൂറോപ്പിൽ ആരംഭിക്കുന്നതിനു വളരെ മുമ്പുതന്നെ അതുമായി ബന്ധപ്പെട്ട ചില തത്ത്വങ്ങൾ ചൈനക്കാർ മനസ്സിലാക്കിയിരുന്നതായി ഇതു തെളിയിക്കുന്നു. 15-ാം നൂറ്റാണ്ടിൽ വെനെസ്വേലക്കാരനായ ജോവാന്നി ദാ ഫോണ്ടാനാ എന്ന വൈദ്യൻ വെറും തടിയും കടലാസും കൊണ്ട് ഉണ്ടാക്കിയ റോക്കറ്റുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുകയുണ്ടായി. വെടിമരുന്ന് വിസ്ഫോടനം ചെയ്യിച്ചാണ് അദ്ദേഹം അതു വിക്ഷേപിച്ചത്. ഏതാണ്ട് 1420-ൽ ദാ ഫോണ്ടാനാ ഇപ്രകാരം എഴുതി: “കൃത്രിമമായി ചലിപ്പിക്കാൻ കഴിയുന്ന ചിറകുകൾ ഒരു മനുഷ്യന്റെ ശരീരത്തിൽ വെച്ചു കെട്ടാനും അങ്ങനെ അയാൾക്കു വായുവിൽ പറന്നുയരാനും ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കാനും ഗോപുരങ്ങൾക്കും ജലാശയങ്ങൾക്കും മുകളിലൂടെ പറക്കാനും കഴിയും എന്നുള്ളതിൽ എനിക്കു യാതൊരു സംശയവുമില്ല.”
16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചിത്രകാരനും ശിൽപ്പിയും വിദഗ്ധനായ മെക്കാനിക്കൽ എഞ്ചിനീയറുമായ ലിയൊണാർഡോ ഡാവിഞ്ചി ഹെലിക്കോപ്റ്ററുകളുടെയും പാരച്ച്യൂട്ടുകളുടെയും ചലിക്കുന്ന ചിറകഗ്രങ്ങളുള്ള ഗ്ലൈഡറുകളുടെയും പ്രാകൃത രൂപങ്ങൾ വരച്ചുണ്ടാക്കി. തെളിവനുസരിച്ച് അദ്ദേഹം വരച്ച ഈ പറക്കൽ യന്ത്രങ്ങളിൽ ചിലതിന്റെയെങ്കിലും മാതൃകകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. എന്നിരുന്നാലും ഡാവിഞ്ചി വരച്ച രൂപമാതൃകകൾ ഒന്നും വാസ്തവത്തിൽ പ്രായോഗികമായിരുന്നില്ല.
തുടർന്നു വന്ന രണ്ടു നൂറ്റാണ്ടുകളിലെ വിവിധ വിവരണങ്ങളിൽ, ധീരരായ ചില പുരുഷന്മാർ ശരീരത്തിൽ കൃത്രിമ ചിറകുകൾ വെച്ചുകെട്ടുകയും കുന്നിൻ ചെരുവുകളിൽനിന്നും ഗോപുരങ്ങളുടെ മുകളിൽനിന്നും ചിറകടിച്ചു പറന്നിറങ്ങുകയും ചെയ്തതായി കാണാവുന്നതാണ്. ഈ ആദ്യകാല ‘പരീക്ഷക വൈമാനികർ’ ധീരരും സാഹസികരും ആയിരുന്നെങ്കിലും അവരുടെ ശ്രമങ്ങൾ അമ്പേ പരാജയപ്പെടുകയാണുണ്ടായത്.
അഗ്നി ബലൂണുകളും ‘കത്തുന്ന വാതകവും’
1783-ൽ വിസ്മയാവഹമായ ഒരു വൈമാനിക മുന്നേറ്റത്തെ കുറിച്ചുള്ള വാർത്ത പാരീസിലും ഫ്രാൻസിലെ പ്രവിശ്യകളിലും പരന്നു. ഷോസെഫ് മിഷെൽ, ഷാക്ക് ഏറ്റ്യെൻ മൊണ്ട്ഗോൾഫിയർ എന്ന രണ്ടു സഹോദരന്മാർ ചൂടുള്ള വാതകം നിറച്ചാൽ ചെറിയ കടലാസു ബലൂണുകൾ ആകാശത്ത് അതിവേഗം സുഗമമായി പറക്കും എന്നു കണ്ടെത്തി. അവരുടെ ആദ്യത്തെ വലിയ അഗ്നി ബലൂൺ—അത് അങ്ങനെയാണു വിളിക്കപ്പെട്ടത്—കടലാസും തുണിയും കൊണ്ടുള്ളതായിരുന്നു. ഒരു വലിയ തീകുണ്ഡത്തിൽനിന്നുയർന്ന മനംമടുപ്പിക്കുന്ന ഗന്ധമുള്ള പുക അവർ അതിൽ നിറച്ചു. കന്നിയാത്രയിൽ 1,800 മീറ്ററിലധികം ഉയരത്തിൽ പൊങ്ങിയ ആ ബലൂണിനകത്ത് ആരും ഉണ്ടായിരുന്നില്ല. എന്നാൽ 1783 നവംബർ 21-ന് ബലൂൺ രണ്ടു യാത്രികരെ—പൊതുജനം അവരെ വ്യോമസഞ്ചാരികർ എന്നാണു വിളിച്ചത്—വഹിച്ചുകൊണ്ട് പാരീസിനു മുകളിലൂടെ 25 മിനിറ്റ് പറന്നു. അതേ വർഷം തന്നെ, ഷാക്ക് ഷൾ എന്ന മറ്റൊരു കണ്ടുപിടിത്തക്കാരൻ വാതകം നിറച്ച ആദ്യത്തെ ബലൂൺ പുറത്തിറക്കി. “കത്തുന്ന വാതകം” എന്ന പേരിൽ അന്ന് അറിയപ്പെട്ടിരുന്ന ഹൈഡ്രജൻ ആയിരുന്നു അതിൽ നിറച്ചത്.
ബലൂൺ സാങ്കേതികവിദ്യ പുരോഗമിച്ചതോടെ സാഹസികരായ വ്യോമസഞ്ചാരികളുടെ മുമ്പാകെ ആകാശം പെട്ടെന്നുപെട്ടെന്നു ‘തുറക്കപ്പെടാൻ’ തുടങ്ങി. 1784-ഓടെ 3,400-ൽ അധികം മീറ്റർ ഉയരത്തിൽ പറക്കാൻ കഴിവുള്ള ബലൂണുകൾ നിർമിക്കപ്പെട്ടു. വെറും ഒരു വർഷത്തിനു ശേഷം ലോകത്തിലെ ആദ്യത്തെ എയർമെയ്ൽ വഹിച്ചുകൊണ്ട് ഒരു ഹൈഡ്രജൻ ബലൂണിൽ ഷാൻ-പ്യെർ-ഫ്രാൻസ്വ ബ്ലാൻഷർ വിജയകരമായി ഇംഗ്ലീഷ് ചാനൽ കുറുകെ കടന്നു. 1862-ഓടെ വ്യോമസഞ്ചാരികൾ യൂറോപ്പിനു കുറുകെയും ഐക്യനാടുകളിൽ ഉടനീളവും യാത്ര ചെയ്യുകയുണ്ടായി. എട്ടു കിലോമീറ്ററിൽ അധികം ഉയരത്തിൽ പറക്കാൻ അവർക്കു കഴിഞ്ഞു.
എന്നാൽ ആദ്യകാല വ്യോമയാത്രകൾ പൂർണമായും കാറ്റിനെ ആശ്രയിച്ചുള്ളതായിരുന്നു; ബലൂൺ യാത്രയുടെ ദിശയോ വേഗമോ നിയന്ത്രിക്കാൻ യാതൊരു വഴിയും ഇല്ലായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ കണ്ടുപിടിക്കപ്പെട്ട, പെട്രോളും വൈദ്യുതിയും ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന വ്യോമയാനങ്ങൾ വ്യോമഗതാഗതം ഏറിയ അളവിൽ സാധ്യമാക്കിത്തീർത്തു. എങ്കിലും സോസേജിന്റെ ആകൃതിയിൽ നീണ്ട് ഉരുണ്ട, വായുവിനെക്കാൾ ഭാരം കുറഞ്ഞ വ്യോമയാനങ്ങൾ സാവധാനത്തിൽ, സാധാരണഗതിയിൽ മണിക്കൂറിൽ പത്തിനും മുപ്പതിനും ഇടയ്ക്ക് കിലോമീറ്റർ വേഗത്തിൽ മാത്രമേ സഞ്ചരിക്കുമായിരുന്നുള്ളൂ. ദാ ഫോണ്ടാനാ മുൻകൂട്ടി പറഞ്ഞതുപോലെ “വായുവിൽ പറന്നുയരാനും ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കാനും” മനുഷ്യനു കഴിയണമെങ്കിൽ പുതിയ ഒരു സമീപനം ആവശ്യമായിരുന്നു.
[4-ാം പേജിലെ ചിത്രം]
ഐതിഹാസിക കഥാപാത്രങ്ങളായ ഡെഡലുസും ഇകാരസും
[4-ാം പേജിലെ ചിത്രം]
ലിയൊണാർഡോ ഡാവിഞ്ചി
[കടപ്പാട്]
ലിയൊണാർഡോ ഡാവിഞ്ചി എന്ന പുസ്തകത്തിൽനിന്ന്, 1898
[4-ാം പേജിലെ ചിത്രം]
മൊണ്ട്ഗോൾഫിയർ സഹോദരന്മാർ ചൂടു വാതകം നിറച്ച ആദ്യത്തെ യാത്രാ വിമാനം രൂപകൽപ്പന ചെയ്തു